നൂൽമാല
സൂഫി സന്യാസികളിൽ പ്രമുഖനായ അബ്ദുൽ ഖാദിർ കൈലാനിയെ പ്രകീർത്തിച്ചു അറബി മലയാളത്തിൽ എഴുതപ്പെട്ട സ്തുതിഗീതമാണ് നൂൽമാല (നൂൽ நூல் +മാല = കൃതി + പ്രകീർത്തനം). 1785ൽ കോലത്ത് നാട്ടിലെ തലക്കത്തെ ചേരിയിലാണ് (തലശ്ശേരി) ഈ കൃതി രചിക്കപ്പെടുന്നത്. മലയാളത്തിലെ നസറുദ്ദീൻ ഹോജ എന്ന് വിശേഷിപ്പിക്കപ്പെട്ട[അവലംബം ആവശ്യമാണ്] സരസനായ കുഞ്ഞായിൻ മുസ്ലിയാർ ആണ് ഈ കൃതിയുടെ രചയിതാവ്. [1]
പിന്നാമ്പുറം
[തിരുത്തുക]ഖാദിരിയ്യ സരണിയിലെ ഖലീഫയായിരുന്ന കുഞ്ഞായിൻ മുസ്ലിയാർ സരണി സ്ഥാപകൻ അബ്ദുൽ ഖാദിർ കൈലാനിയെ പ്രകീർത്തിച്ചു എഴുതിയ ഈ കീർത്തന കാവ്യം അറബി മലയാളത്തിലാണെങ്കിലും അന്നത്തെ ബഹുഭൂരിഭക്ഷം ജനങ്ങളുടെയും വാമൊഴി ഭാഷയായ ദ്രാവിഡിയൻ ഭാഷാ ശൈലിയാണ് കവി തൻറെ രചനയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നത്.[2] യമൻ കെട്ട് എന്ന സാമ്പ്രദായിക ഇശൽ ശൈലിയാണ് സാധാരണ ഗതിയിൽ മാല പാട്ടുകൾ അനുവർത്തിക്കാറുള്ളതെങ്കിൽ നൂൽമാലയിൽ അത് പൂർണ്ണമായും തമിഴ് ശൈലികളിലുള്ള ഇശലുകളായി മാറുന്നു. മാലപ്പാട്ടുകളിൽ കാണാറുള്ള ഇരവുകൾ എന്ന പ്രാർത്ഥന ഭാഗവും ഇതിലില്ല. ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന എൺപത് ശതമാനത്തിലേറെ വാക്കുകളും തമിഴ് പദങ്ങൾ ആണെന്ന് സാഹിത്യ പണ്ഡിതർ നിരൂപണം ചെയ്യുന്നു.[3] തമിഴ് , മലയാളം തുടങ്ങിയ ദ്രവീഡിയൻ ഭാഷകൾക്ക് പുറമെ അറബി, ഉറുദു, പേർഷ്യൻ പദങ്ങളും കവി ഈ കൃതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിലെ മേൽത്തട്ടുകാരുടെ ഭാഷയായ സംസ്കൃതം അശേഷം മൊഴികളിലെവിടെയും കടന്നു വരുന്നില്ല എന്നത് പ്രസ്ത്യാവ്യമാണ്. ദക്ഷിണേന്ത്യയിലെ ഖാദിരിയ്യ സൂഫി സന്യാസികൾ അവരുടെ സാഹിത്യ രചനകൾക്ക് അറബിത്തമിഴ് ഉപയോഗപ്പെടുത്തിയതിനാലും , ഇത്തരം സൂഫി സന്യാസികളുടെ ആവാസസ്ഥാനം തമിഴ്നാട്ടിലെ കായൽപട്ടണമായതുമെല്ലാം നൂൽമാല രചനകളിലും സ്വാധീനിക്കപ്പെട്ടിരിക്കാം. മാത്രമല്ല ന്യൂനാൽ ന്യൂന പക്ഷമായ മേൽത്തട്ടുകാരേക്കാൾ ബഹുഭൂരിപക്ഷമായ കീഴ്ത്തട്ടുകാരെയായിരിക്കാം തൻറെ ശ്രോതാക്കളായി കവി ഉദ്ദേശിച്ചിരിക്കുക. നൂൽമാലയിൽ കാണുന്ന ദ്രവീഡിയൻ ഭാഷാ സ്വാധീനം ഇവകളുടെ സമ്മർദ്ദ ഫലമായിരിക്കാനാണ് സാധ്യത. [4]
സൂഫി രചനകളിൽ കാണപ്പെടാറുള്ള പ്രണയം,വിരഹം , വിരക്തി, ഗാനാത്മകത,ധ്യാനാത്മകത, മൊഴിച്ചിട്ട, പ്രാസദീക്ഷ, ഗൂഢാന്തരികാർത്ഥങ്ങൾ എന്നിവയെല്ലാം നൂൽമാലയിലും കടന്നു വരുന്നുണ്ട്. ഒരു ബമ്പും (ഗദ്യവർണ്ണന), 14 ഇശലുകളും, 600ൽ അധികം മൊഴികളും ചേർന്ന ഘടനയിലാണ് ഇവ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഇശലിൽ ദൈവത്തോട് അനുഗ്രഹം ചൊരിയാനുള്ള പ്രാർത്ഥന , അന്ത്യപ്രവാചകനും, കുടുംബത്തിനും നാല് പ്രവാചക അനുചരന്മാർക്കും വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥന, അവരെ സ്തുതിച്ചു കൊണ്ട് ആശംസകൾ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും ഇശലുകൾ അനുരാഗവും സ്നേഹവായ്പ്പും ബഹുമാനവും ഇടകലർത്തി ആചാര്യനായ ശൈഖ് ജീലാനിയുടെ മഹത്ത്വങ്ങളും അപദാനങ്ങളും വാഴ്ത്തുന്നവയാണ്. തുടർന്നുള്ള ഇശലുകൾ ജീലാനിയുടെ ജീവചരിത്രത്തെയും അത്ഭുതസിദ്ധികളെയും അനാവരണം ചെയ്യുന്നവയുമായി മാറുന്നു. [5]
കൈയെഴുത്ത് പ്രതിയായി രചിക്കപ്പെട്ട ഈ പുരാതന കൃതിയുടെ അച്ചടി ഭാഷ്യം 1883 ലും [6], മലയാള വിവർത്തനം 2015 ലും പുറത്തിറങ്ങിയിട്ടുണ്ട്. [7]
ഇശലുകൾ
[തിരുത്തുക]
- മുളക്കും വിതക്കും മുരട് ആണോരെ
- മിളിക്കും ഒളിക്കും മണിതാര് അവരെ
- വെളിക്കും മറക്കും അബ്ദുൽ ഖാദിർ തമൈ
- വിളി നെഞ്ച് കുതിർത്ത് കണ്ടുയെത്തും നാൾ
- ഈരേഴ് വാൻ ഉരുവി ഉലകത്തുക്കും
- മുസ്ഥഫാ ഉൻ കൺമണി നാഇബ്
- അബ്ദുൽ ഖാദിർ എൻ കണ്ണാൽ കാണ്മതുക്ക്
- ആശ കമലം ചാടി പുകള് നുവൽ ചെയ്ത്
- ഇടുവതുക്കും തുണ തന്നരുള് മന്നവാ യാ റഹ്മാനേ’
മൊഴി 8, ഇശൽ 3
[തിരുത്തുക]
- കാര് ഇരുൾകളിലും കതിരാനോരേ —
- കാണും ഖൽബ് ഖവാരീർ അകം ഉടയോർ
- പൂർണപ്പരിശ് ആണ്ടു അബ്ദുൽ ഖാദിർ തമൈ
- പേശും നെഞ്ച് കുളിർത്ത് കണ്ട് യെത്തും നാൾ
അവലംബം
[തിരുത്തുക]- ↑ മലയാള സാഹിത്യം1 -അദ്ധ്യായം 3 മാപ്പിളപ്പാട്ട്- പേജ് 19- ബി എ ആദ്യപാദുകം- കോഴിക്കോട് സർവ്വകലാശാല 2014 -
- ↑ ഡോ. കെ.കെ. മുഹമ്മദ് അബ്ദുസ്സത്താര്,കുഞ്ഞായിൻ മുസ്ലിയാരുടെ നൂല്മാല, ഇശല് പൈതൃകം, ത്രൈമാസിക, മാര്ച്ച് 2013, പേജ് : 32
- ↑ ബാലകൃഷ്ണന് വള്ളിക്കുന്ന്, മാപ്പിളപ്പാട്ടുകളുടെ തമിഴ്പ്പെരുമ, ചന്ദ്രിക വാരാന്തപ്പതിപ്പ്, സെപ്തംബര് 2, 2000
- ↑ കുഞ്ഞായിന് മുസ്ലിയാരുടെ നൂല്മാല, പേജ് : 32–35
- ↑ നൂല്മാല മൊഴിയും പൊരുളും-ഡോ. പി. സക്കീര്ഹുസൈൻ - കെ.കെ മുഹമ്മദ് അബ്ദുല്കരീം ഫൗണ്ടേഷൻ - കൊണ്ടോട്ടി
- ↑ ഹിജ്റ 1301 (1883)അരയാല്പുറത്ത് കുഞ്ഞിമുഹമ്മദ് നൂൽമാല തലശ്ശേരിയിൽ നിന്നും അച്ചടിച്ചു.
- ↑ നൂല്മാല മൊഴിയും പൊരുളും-ഡോ. പി. സക്കീര്ഹുസൈൻ - കെ.കെ മുഹമ്മദ് അബ്ദുല്കരീം ഫൗണ്ടേഷൻ - കൊണ്ടോട്ടി