Jump to content

നഴ്‌സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെഴ്സ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നർസ്
A British nurse caring for a baby
തൊഴിൽ / ജോലി
ഔദ്യോഗിക നാമം Nurse
തരം / രീതി Healthcare professional
പ്രവൃത്തന മേഖല Health Care
വിവരണം
അഭിരുചികൾ Caring for general well-being of patients, treatment of patients
വിദ്യാഭ്യാസ യോഗ്യത Qualifications in terms of statutory regulations according to national, state, or provincial legislation in each country
തൊഴിൽ മേഘലകൾ *Hospital

ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും പ്രധാനപെട്ട ഒരു വിദഗ്ധ തൊഴിലാണ് നർസിംഗ് അഥവാ ആധുനിക നർസിംഗ്. ഇംഗ്ലീഷ്: Nursing. ഇതൊരു പ്രൊഫഷണൽ വൈദഗ്ദ്യവും പരിശീലനവും വേണ്ടുന്ന ജോലിയാണ്. മലയാളികൾ ധാരാളമായി കടന്നു വരുന്ന ഒരു തൊഴിൽ കൂടിയാണ് നർസിംഗ്. വിദേശ രാജ്യങ്ങളിൽ വളരെയേറെ വളർച്ച പ്രാപിച്ച ആധുനിക നർസിംഗ് ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്ന ഇംഗ്ലീഷ് വനിതയുടെ നേതൃത്വത്തിൽ വികസിച്ചു വന്നതാണ്. രോഗികളെ ചികിത്സിക്കുന്നതിനും, അവരെ പരിചരിക്കുന്നതിനും, ആതുര ശുഷ്രൂഷയിലും, ശസ്ത്രക്രിയയിലും ഭാഗമാകുന്നതിലും, മറ്റ് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനും ആവശ്യമായ ശാസ്ത്രീയ പരിശീലനം നേടിയ വിദഗ്ധരാണ് രജിസ്റ്റർഡ് നർസിംഗ് അഥവാ രജിസ്റ്റർഡ് നർസിംഗ് ഓഫീസർമാർ.

ഒരു ആശുപത്രിയിൽ അല്ലെങ്കിൽ നഴ്സിംഗ് ഹോമിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വിഭാഗം ജീവനക്കാരാണ് നഴ്സുമാർ എന്നും പറയാം. വളരെയധികം ക്ഷമയും കാരുണ്യവും വൈദഗ്ദ്യവും ആവശ്യമുള്ള ഒരു തൊഴിൽ മേഖല കൂടിയാണിത്. പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത് തികച്ചും വെല്ലുവിളിയും ഉത്തരവാദിത്വവും കഠിനാധ്വാനവും നിറഞ്ഞ ജോലിയാണ്. അതിനാൽ ഡോക്ടർമാരെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഭാഗമാണ് നർസിംഗ്.

വിദേശ രാജ്യങ്ങളിൽ നർസിംഗ് മേഖലയിൽ മലയാളികളുടെ സാന്നിധ്യം വളരെ ശക്തമാണ്. ധാരാളം ഒഴിവുകളാണ് പല രാജ്യങ്ങളിലും നഴ്സിംഗ് മേഖലയിൽ കാണപ്പെടുന്നത്. പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച നർസിംഗ് പ്രാക്ടീഷണർമാർ എന്ന പദവി കേരളീയരെ തേടി എത്താറുണ്ട്. സ്ത്രീകൾ മാത്രമല്ല, ഇന്ന് പുരുഷന്മാരും ധാരാളമായി കടന്നുവരുന്ന ഒരു തൊഴിൽ മേഖലയായി നർസിംഗ് മാറിയിട്ടുണ്ട്. [1][2] [3]

ആധുനിക വൈദ്യശാസ്ത്രരംഗത്ത് ഡോക്ടർമാരെപോലെ ഉത്തരവാദിത്വമുള്ള ശുശ്രൂഷകൾ ഒരു ആധുനിക നഴ്സിംഗ് പ്രൊഫഷണൽ ചെയ്യേണ്ടതുണ്ട്, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്ത്രം വളരെയധികം മുന്നേറുന്ന ഈ കാലഘട്ടത്തിൽ. നേഴ്സ് എന്നാൽ ഡോക്ടരുടെ അസിസ്റ്റന്റ് എന്ന അർത്ഥമില്ല. ഇത് ആരോഗ്യ രംഗത്തെ തികച്ചും സ്വതന്ത്രമായ ഒരു തൊഴിൽ ആണ്. ആരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും വ്യക്തികളെയോ, കുടുംബങ്ങളേയോ, സമൂഹത്തെയോ സഹായിക്കുക, ശാക്തീകരിക്കുക എന്നിവയാണ് നഴ്സിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിശാല ചുമതലകൾ. രോഗിയുടെ ആവശ്യം നിർണയിച്ച് വളരെ ശാസ്ത്രീയമായാണ് അവർ ശുശ്രൂഷാ-ചികിത്സ പദ്ധതികൾ ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. ഡോക്ടറുടെ നിർദ്ദേശാനുസരണം രോഗിക്ക് ചികിത്സ നല്കുകയും, പരിചരിക്കുകയും ചെയ്യുന്നതിനു പുറമേ ആരോഗ്യം നിലനിർത്തുകയോ വീണ്ടെടുക്കുകയോ ചെയ്യുന്നതിനുവേണ്ട മാർഗങ്ങളെക്കുറിച്ച് രോഗിയെ ബോധവത്കരിക്കുകയും ചെയ്യേണ്ടത് നഴ്സിങ്ങിന്റെ ഭാഗമാണ്.

അത്യാഹിത വിഭാഗത്തിൽ, മാനസികാരോഗ്യ രംഗത്ത്, പകർച്ചവ്യാധികൾ തടയുന്നതിൽ, സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിൽ, കുടുംബാസൂത്രണം അഥവാ ഗർഭനിരോധനം, വാക്‌സിനേഷൻ, ലൈംഗികവും പ്രത്യുൽപാദനപരവുമായ ആരോഗ്യം, സാന്ത്വന ചികിത്സ തുടങ്ങിയ വിവിധ സാമൂഹിക ആരോഗ്യ പ്രവർത്തനത്തിൽ, സ്കൂൾ ഹെൽത്ത്, നഴ്സിംഗ് ഹോം‌, കെയർ ഹോം, വയോജന പരിപാലനം, ആരോഗ്യ ബോധവൽക്കരണ വിദ്യാഭ്യാസം തുടങ്ങിയ എല്ലാ ആരോഗ്യപരിപാലനരംഗത്തും അനുബന്ധ മേഖലകളിലും നഴ്സുമാരുടെ സമഗ്രമായ സേവനം അത്യാവശ്യമാണ്.

ചരിത്രം

[തിരുത്തുക]

പ്രാചീന സംസ്കാരങ്ങളിൽ മന്ത്രവാദിയും പുരോഹിതനും ഭിഷഗ്വരൻ എന്ന നിലയ്ക്ക് ബഹുമാനിതരായിരുന്നു. എന്നാൽ അക്കാലത്ത് ഭിഷഗ്വരധർമത്തിൽനിന്ന് ഭിന്നമായ നഴ്സിങ് എന്ന സങ്കല്പം രൂപം കൊണ്ടിരുന്നില്ല. ക്രിസ്തുമതത്തിന്റെ പ്രചാരത്തോടെ വ്യക്തിഗതശ്രദ്ധ, ദയ, കാരുണ്യം, പരിചരണം തുടങ്ങിയ മൂല്യങ്ങൾ പ്രചരിക്കുകയും സമ്പന്നവിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സന്നദ്ധരാവുകയും ചെയ്തു. കുടുംബങ്ങൾ കേന്ദ്രീകരിച്ചു നടന്ന ആതുരശൂശ്രൂഷാ പ്രവർത്തനങ്ങളിൽ അക്കാലത്തെ സാമൂഹിക പരിഷ്കർത്താക്കളും പങ്കെടുത്തു. പശ്ചാത്യ രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ മതേതരവത്കരണത്തിന്റെ ഫലമായി രാഷ്ട്രീയാധികാരം ഉപേക്ഷിക്കേണ്ടിവന്ന ക്രിസ്തുമതം ആതുര സേവാപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി. വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചുകൊണ്ട് സ്വാധീനം നിലനിർത്താനാണ് ക്രിസ്തുമതം ശ്രമിച്ചത്. ഇത് വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്ക് പ്രോത്സാഹജനകമായിരുന്നു. ഭിഷഗ്വരർക്കു പുറമേ ശുശ്രൂഷാ പ്രവർത്തകർ അഥവാ നഴ്സുമാരുടെ വലിയൊരു വിഭാഗത്തെത്തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാവശ്യമായിത്തീർന്നു. ക്രമേണ, നഴ്സിങ് ഒരു സ്വതന്ത്ര പ്രവർത്തന മേഖലയും വിജ്ഞാനശാഖയുമായി വികസിക്കുകയാണുണ്ടായത്.

മധ്യയുഗത്തിലെ കുരിശുയുദ്ധങ്ങൾ സൈനിക നഴ്സിങ് വിഭാഗത്തിനു ജന്മം നല്കി. വ്യാവസായികവിപ്ളവവും നഗരവത്കരണവും നഴ്സിങ്ങിന്റെ വളർച്ചയ്ക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. വൈദ്യശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളും രോഗനിർണയ-ശുശ്രൂഷോപകരണങ്ങളുടെ നിർമ്മാണവും അവ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ആളുകളുടെ സേവനം ആവശ്യമാക്കിത്തീർത്തു. ഈ പരിവർത്തനങ്ങൾ നഴ്സിങ്ങിനെ വൈദ്യശാസ്ത്രമേഖലയുടെ അവിഭാജ്യഘടകമാക്കുകയും നഴ്സുമാർ ഡോക്ടർമാരുടെ സഹപ്രവർത്തകർ എന്ന നിലയ്ക്ക് അംഗീകരിക്കപ്പെടുകയും ചെയ്തു.

അസാധാരണ വൈഭവവും സമർപ്പണബോധവും കൊണ്ട് നഴ്സിങ്ങിനെ ഒരു സ്വതന്ത്രശാഖയാക്കുന്നതിൽ ഫ്ളോറൻസ് നൈറ്റിങ്ഗേൽ എന്ന ഇംഗ്ളീഷ് വനിത വഹിച്ച പങ്ക് സ്തുത്യർഹമാണ്. ഇവർ രചിച്ച നോട്സ് ഓൺ ഹോസ്പിറ്റൽസ്, നോട്സ് ഓൺ നഴ്സിങ് എന്നീ കൃതികൾ നഴ്സിങ്ങിന്റെ അടിസ്ഥാന മാർഗനിർദ്ദേശ രേഖകളായി ദീർഘകാലം പരിഗണിക്കപ്പെട്ടിരുന്നു. ഈ രംഗത്തെ സംഭാവനകളെ പുരസ്കരിച്ചുകൊണ്ട് 1907-ൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ രാജകീയ ബഹുമതിയായ 'ഓർഡർ ഒഫ് മെറിറ്റ്' ഇവർക്കു ലഭിച്ചു. ഇത് നഴ്സിങ്ങിന്റെ പൊതുജനസമ്മതിക്കും പ്രചാരത്തിനും വളരെയേറെ സഹായിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ആരോഗ്യ രഹസ്യം കുടുംബങ്ങളിലാണ് എന്ന് ആഹ്വാനം ചെയ്തത് ഫ്ളോറൻസ് നൈറ്റിങ്ഗേൽ ആണ്. ഇന്ന് അമേരിക്കൻ ഐക്യനാടുകൾ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക), കാനഡ, യുകെ, ജർമ്മനി, അയർലന്റ്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ബെൽജിയം, നോർവേ, മാൾട്ട, ഓസ്ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പൂർ, ജപ്പാൻ മുതലായ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് മേഖല വളരെയേറെ വികസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്‌സ്‌ സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷക്കായി സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌, തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് വേണ്ടി ഒക്കുപെഷണൽ ഹെൽത്ത്‌ നഴ്‌സ്‌, വ്യവസായരംഗത്ത് ഇൻഡസ്ട്രിയൽ നഴ്‌സ്‌ തുടങ്ങിയ വിദഗ്ദ നഴ്സിംഗ് സേവനങ്ങൾ ഇവിടെ വ്യാപകമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗം കാര്യക്ഷമമായി ഇടപെടാൻ സാധിക്കുന്നു. ആദ്യമായി ആംബുലൻസുകളിൽ വിദഗ്ദ നഴ്സുമാരെ നിയമിച്ചുകൊണ്ട് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകിതുടങ്ങിയതും ഈ രാജ്യങ്ങളിൽ തന്നെ. ഇവിടങ്ങളിൽ മതിയായ വിദ്യാഭ്യാസം, മിക്കപ്പോഴും ബിരുദവും പ്രൊഫഷണൽ രെജിസ്ട്രേഷനുമാണ് ഒരു രജിസ്റ്റർഡ് നഴ്സ് അഥവാ നഴ്സിംഗ് ഓഫീസർ ആകാനുള്ള അടിസ്ഥാന യോഗ്യത. ഇന്ത്യയിൽ കാണപ്പെടുന്ന ഹോം നഴ്സ്, ഡൌമെസ്റ്റിക് നഴ്‌സ്‌ തുടങ്ങിയ തൊഴിലുകൾ പൊതുവേ ഇവിടങ്ങളിൽ കാണാൻ സാധിക്കുകയില്ല, പകരം കെയർ അസിസ്റ്റന്റ്, ഹെൽത്ത്കെയർ അസിസ്റ്റന്റ്, ഹോം കെയറർ, ഡോമിസിലറി കെയർ വർക്കർ, സപ്പോർട്ട് വർക്കർ തുടങ്ങിയ പരിചരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ ഇംഗ്ലണ്ട് പോലെയുള്ള ചില രാജ്യങ്ങളിൽ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയറിന്റെ ഭാഗമായി കാണപ്പെടുന്നു. അതിനുവേണ്ടി പ്രത്യേകമായി വിഭാവനം ചെയ്ത ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ പ്രൊഫഷണൽ രജിസ്ട്രെഷൻ തുടങ്ങിയവ കെയർ ജോലി ചെയ്യുന്നവർക്ക് നിലവിലുണ്ട്. നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, ഹോസ്പൈസുകൾ എന്നിവ നഴ്സുമാരുടെ നേതൃത്വത്തിൽ ഇത്തരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ജർമ്മനി പോലെയുള്ള ചില രാജ്യങ്ങളിൽ നഴ്സിംഗ് പഠനം സ്റ്റൈപെൻടോടുകൂടി സൗജന്യമാണ്.[4][5]

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിൽ ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പ്രാചീന കാലത്തെ നഴ്സിങ്ങിനെക്കുറിച്ചു ചർച്ച ചെയ്യുന്നുണ്ട്. ഭിഷഗ്വരൻ, രോഗി, ശുശ്രൂഷകൻ അഥവാ നഴ്സ് എന്നിവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, ശുശ്രുതൻ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 19-ാം ശതകത്തിലാണ് ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ആശുപത്രികൾ സ്ഥാപിതമാകുന്നത്. സിവിലിയൻ ആശുപത്രികളിൽ നഴ്സിങ് ജോലികൾ നിർവഹിച്ചിരുന്നത് മിക്കവാറും യൂറോപ്യൻ മിഷണറിമാരായിരുന്നു. രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികൾ നിലവിൽവന്നതോടെ സൂതികാ (midvives) പരിശീലനം ആവശ്യമായിത്തീർന്നു.

കൊൽക്കത്തയിലും മദ്രാസിലും ആരംഭിച്ച പരിശീലന കേന്ദ്രങ്ങളിൽ വിദേശ ക്രൈസ്തവ മിഷണറി പ്രവർത്തകരാണ് ആദ്യമൊക്കെ അഭ്യസിച്ചത്. വേദനയും ദുരിതവും അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കുന്നത് ഒരു പുണ്യ പ്രവർത്തിയായി അവർ കണ്ടു. ക്രമേണ സ്വദേശികളും ഈ സ്ഥാപനത്തിൽനിന്ന് പരിശീലനം നേടിത്തുടങ്ങി. ഗ്രാമപ്രദേശങ്ങളിൽ പോലും ആരോഗ്യരംഗത്ത് ശാസ്ത്രീയ പരിജ്ഞാനമുള്ള നഴ്സുമാർ ഉണ്ടായിവന്നു. ദക്ഷിണേന്ത്യൻ മെഡിക്കൽ മിഷണറി അസോസിയേഷൻ 1911-ൽ ഒരു നഴ്സിങ് കമ്മിറ്റിക്കു രൂപം നല്കി. പരിശീലന കാലയളവും പാഠ്യപദ്ധതിയും നിർണയിക്കുന്നത് ഈ കമ്മിറ്റിയുടെ ചുമതലയായിരുന്നു. ക്രമേണ ആധുനിക വൈദ്യശാസ്ത്രം വളർച്ച പ്രാപിക്കുകയും, ധാരാളം ആശുപത്രികൾ സ്ഥാപിതമാകുകയും, നഴ്സിംഗ് ഒരു വലിയ തൊഴിൽ സേവന മേഖലയായി വികസിക്കുകയും ചെയ്തു.

വിദ്യാഭ്യാസ യോഗ്യത

[തിരുത്തുക]

‌നഴ്സിങ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് എക്കാലവും സാധ്യതകൾ നിരവധിയാണ്. ലോകത്ത് മിക്ക രാജ്യങ്ങളിലും നഴ്സിങ് ബിരുദധാരികൾക്ക് അവസരങ്ങളുണ്ടെന്നാണ് ഇന്റർനാഷണൽ കൌൺസിൽ ഫോർ നഴ്സസിന്റേയും, ഫ്ലോറെൻസ് നൈറ്റിംഗേൽ ഇൻസ്റ്റിട്യൂട്ടിന്റെയും പഠനങ്ങൾ വ്യക്തമാക്കുന്നത്. നാല് വർഷത്തെ ബി എസ് സി നഴ്സിങ്ങിനാണ് അവസരങ്ങളേറെയും. പ്ലസ്ടു സയൻസ് ബയോളജി ഗ്രൂപ്പെടുത്ത വിദ്യാർത്ഥികൾക്ക് ബിഎസ്സി നഴ്സിങ്ങിന് അപേക്ഷിക്കാം. ആൺകുട്ടികളും, പെൺകുട്ടികളും ഇന്ന് നഴ്സിങ്ങിന് ചേരാൻ താത്പര്യപ്പെടുന്നുണ്ട്. താത്പര്യം, മനോഭാവം, ലക്ഷ്യം, സാധ്യതകൾ എന്നിവ വിലയിരുത്തി മാത്രമേ നഴ്സിങ്ങിന് ചേരാവൂ. നഴ്സിങ് തൊഴിലായി സ്വീകരിക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച അർപ്പണബോധം, ആത്മാർത്ഥത, സഹാനുഭൂതി എന്നിവ ആവശ്യമാണ്.

ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറി (GNM)

[തിരുത്തുക]

ഇന്ത്യയിൽ, ഒരു വ്യക്തിക്ക് നേഴ്സ് ആകാൻ വേണ്ട കുറഞ്ഞ യോഗ്യത അടിസ്ഥാന നഴ്സിങ് പഠനപദ്ധതിയായ 'ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി' (Diploma in General Nursing & Midwifery Course or GNM) എന്നത് ഒരു മൂന്നരവർഷത്തെ ഡിപ്ലോമ കോഴ്‌സ് ആണ്. ഇത് പൂർത്തിയാക്കി നഴ്സിംഗ് കൌൺസിൽ രജിസ്ട്രേഷൻ നേടുക എന്നുള്ളതാണ് നേഴ്സ് ആകാനുള്ള ഒരു യോഗ്യത. ആദ്യകാലത്ത്‌ കോളജ് ഓഫ് നഴ്സിങ്; ന്യൂഡൽഹി, ക്രിസ്റ്റ്യൻ മെഡിക്കൽ കോളജ്; വെല്ലൂർ എന്നിവിടങ്ങളിലാണ് നഴ്സിങ്-ഭരണനിർവഹണം, മേൽനോട്ടം, അധ്യാപനം എന്നീ വിഷയങ്ങളിൽ പോസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ചത്. രണ്ടായിരത്തി ഇരുപതോടെ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ നിർത്തലാക്കുവാനും നഴ്സിന്റെ അടിസ്ഥാന യോഗ്യത ഡോക്ടർമാരെപ്പോലെ ബിരുദം ആക്കുവാനും തീരുമാനം ഉണ്ടായെങ്കിലും പിന്നീട് കേന്ദ്രസർക്കാർ അതിൽ നിന്നും പിന്നോട്ട് പോവുകയായിരുന്നു.

ബി എസ് സി നർസിംഗ് (BSc Nursing)

[തിരുത്തുക]

അന്താരാഷ്ട്ര നിലവാരത്തോട് കിടപിടിക്കുന്ന രീതിയിൽ നാല് വർഷത്തെ പ്രൊഫഷണൽ കോഴ്സായ ബിഎസ്‌സി നഴ്സിംഗ് ബിരുദം (Bachelor of Science in Nursing or BSc Nursing) ആദ്യമായി തുടങ്ങിയതും ന്യൂഡൽഹി, വെല്ലൂർ എന്നീ നഴ്സിങ് കോളജുകളിൽത്തന്നെ. അമേരിക്കൻ ഐക്യനാടുകൾ (USA) പോലെയുള്ള വികസിത രാജ്യങ്ങളിൽ ഇത്തരം 4 വർഷത്തെ ബിരുദങ്ങൾ നിലവിലുണ്ടായിരുന്നു. ആ മാതൃകയാണ് ഇവിടെയും സ്വീകരിച്ചത്. ഇന്ന് കേരളത്തിൽ പല ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകളോടൊപ്പം തന്നെ നഴ്സിംഗ് കോളേജുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, പരിയാരം സർക്കാർ നഴ്സിംഗ് കോളേജുകളിലായി ബിഎസ്‌സി നഴ്സിംഗ് ബിരുദം കുറഞ്ഞ ചിലവിൽ പഠിക്കുവാൻ സാധിക്കും. അഖിലേന്ത്യ തലത്തിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള എയിംസിൽ (AIIMS ) നഴ്സിംഗ് കോളേജുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ബിഎസ്സി നഴ്സിംഗ് പഠിക്കാൻ സാധ്യതകളുണ്ട്.

നാല് വർഷ നഴ്സിംഗ് ബിരുദധാരികൾക്ക് വിദേശ രാജ്യങ്ങളിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) പോലുള്ള രാജ്യത്തെ മുൻനിര ആശുപത്രികളിലും തൊഴിൽ സാധ്യത വർധിച്ചത് ഈ കോഴ്സിന്റെ സ്വീകാര്യത വർധിക്കാൻ കാരണമായി. എന്നിരുന്നാലും ഇന്ത്യയിലെ സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനം ഇന്നും ഒരു പ്രശ്നമായി തുടരുന്നുണ്ട്. അതുമായി ബന്ധപെട്ടു ധാരാളം സമരങ്ങളും നടന്നിട്ടുണ്ട്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, രാജ്കുമാരി അമിത് കൗർ കോളേജ് ഓഫ് നഴ്സിങ് ന്യൂഡൽഹി, കോളേജ് ഓഫ് നഴ്സിങ് ബനാറസ് ഹിന്ദു സർവകലാശാല വാരാണസി, ഭോപാൽ നഴ്സിങ് കോളേജ്, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് പുണെ എന്നിവിടങ്ങളിലേത് ഉൾപ്പെടെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ കീഴിലുള്ള നഴ്സിങ് കോളേജുകൾ, നിമ്ഹാൻസ് ബാംഗ്ലൂർ തുടങ്ങിയവ നഴ്സിങ് മേഖലയിലെ മുൻനിര സ്ഥാപനങ്ങളാണ്.

എം എസ് സി നർസിംഗ് (MSc Nursing)

[തിരുത്തുക]

1960-ൽ ഇവിടെ ദ്വിവത്സര നഴ്സിങ് ബിരുദാനന്തര ബിരുദം അഥവാ എംഎസ്സി നഴ്സിംഗ് (Master of Science in Nursing or MSc Nursing) ആരംഭിച്ചു. 1963-ൽ കേരളത്തിൽ തിരുവനന്തപുരത്ത് സ്കൂൾ ഒഫ് നഴ്സിങ് സ്ഥാപിതമായി. മെഡിക്കൽ സർജിക്കൽ നഴ്സിംഗ്, മറ്റെർണൽ നഴ്സിങ്, ചൈൽഡ് ഹെൽത്ത്‌ നഴ്സിങ്, കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിങ്, മെന്റൽ ഹെൽത്ത്‌ നഴ്സിങ് തുടങ്ങിയവ എംഎസ്സി നഴ്സിങ് സ്പെഷ്യാലിറ്റികളാണ്.

പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് (ഡിപ്ലോമ)

[തിരുത്തുക]

ധാരാളം പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ പൊതുജനാരോഗ്യം അഥവാ സാമൂഹികാരോഗ്യ‌ രംഗത്തും (Public Health Nursing) ശോഭിച്ചു വരുന്നു. ഇതിനുവേണ്ടി പബ്ലിക് ഹെൽത്ത്‌ നർസിംഗ് ഡിപ്ലോമ കോഴ്സ് നിലവിലുണ്ട്.

തൊഴിൽ സാധ്യതകൾ

[തിരുത്തുക]

പഠനം കഴിഞ്ഞാൽ സർക്കാർ സ്വകാര്യ മേഖലകളിലെ സാധാരണ ക്ലിനിക്കുകൾ, പബ്ലിക് ഹെൽത്ത് സെന്ററുകൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാം.

പ്രതിരോധമേഖല, വ്യവസായ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലും അവസരമുണ്ട്. ഹെൽത്ത് ക്ലിനിക്കുകൾ, ഫിറ്റ്നസ് സെന്ററുകൾ എന്നിവയും ചില മേഖലകളിലുള്ളവർക്ക് അവസരങ്ങൾ ഒരുക്കുന്നു [6].

രജിസ്ട്രേഷൻ

[തിരുത്തുക]

ഇന്ത്യയിൽ 1926-ൽ മദ്രാസിലാണ് ആദ്യമായി ഒരു രജിസ്ട്രേഷൻ കൗൺസിൽ രൂപീകൃതമായത്. 1947-ൽ നിലവിൽവന്ന ഇന്ത്യൻ നഴ്സിങ് കൗൺസിലാണ് സംസ്ഥാനങ്ങളിലെ നഴ്സിങ് വിദ്യാഭ്യാസ-പരിശീലന സ്ഥാപനങ്ങളെ ഏകീകരിക്കുകയും മാനകീകൃതമായ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്നത്. ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും നഴ്സിങ് കൌൺസിലുകൾ നിലവിൽ വന്നിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാന നഴ്സിങ് സ്ഥാപനങ്ങൾ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാൻ ബാധ്യസ്ഥമാണ്. കൂടാതെ ട്രെയ്ൻഡ് നഴ്സസ് അസോസിയേഷനും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. പ്രസ്തുത സംഘടന നഴ്സിങ് ജേർണൽ ഒഫ് ഇന്ത്യ എന്ന ഒരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി നഴ്സിങ് മേഖലയിലും വൻതോതിലുള്ള വിശേഷവത്കരണം നടക്കുന്നുണ്ട്.

ഇന്ന് നഴ്സിങ് രംഗത്ത് തൊഴിൽ അവസരങ്ങൾ വളരെ കൂടുതലാണ്. ഹോസ്പിറ്റൽ നഴ്സിങ് സർവീസ്, ട്രെയിനിങ് ഇൻ നഴ്സിങ്, മിലിട്ടറി നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, നഴ്സിങ് ഇൻ റെഡ് ക്രോസ്, പ്രൈവറ്റ് ഡ്യൂട്ടി നഴ്സിങ് തുടങ്ങിയ വിവിധ ശാഖകളിലായി തൊഴിലവസരങ്ങൾ വ്യാപകമായിട്ടുണ്ട്. അടിസ്ഥാന യോഗ്യതയും പരിശീലനവും സിദ്ധിച്ച നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ധാരാളമുണ്ട്. വിദേശ ചോദനത്തിനനുസൃതമായി നഴ്സിങ് വിദ്യാഭ്യാസ മേഖല ത്വരിതഗതിയിലുള്ള മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് നർസിംഗ് കൌൺസിൽ ആണെന്ന് പറയാം[7].

ഉപരിപഠന സാധ്യതകൾ

[തിരുത്തുക]

ഇതര വൈജ്ഞാനിക മേഖലകളെപ്പോലെത്തന്നെ നഴ്സിങ്ങിലും വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (MSc Nursing), പിഎച്ച്ഡി ബിരുദങ്ങളും നിലവിലുണ്ട്. ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ (GNM) പഠിച്ചവർക്ക് പോസ്റ്റ്‌ ബേസിക് ബി എസ് സി നഴ്സിംഗ് (Post Basic BSc Nursing) കോഴ്സ് ചെയ്താൽ നഴ്സിങ്ങിൽ ബിരുദം ലഭിക്കും. ബിരുദാനന്തര ബിരുദധാരികൾ, പിഎച്ച്ഡിക്കാർ എന്നിവർ സ്പെഷ്യലിസ്റ്റ് നഴ്സുമാരായും അധ്യാപകരായും സേവനം ചെയ്തു വരുന്നു. ഏകദേശം ഇരുന്നൂലധികം സ്പെഷ്യാലിറ്റികൾ ഉള്ള ഒരു ആരോഗ്യമേഖലയാണ് നഴ്സിംഗ്. ഇതിൽ ഒരു പ്രത്യേക വിഭാഗത്തിൽ പരിശീലനം നേടാൻ കഴിയും. ഇത് പലപ്പോഴും ഉയർന്ന ശമ്പളം നേടുന്നതിനും വിദഗ്ദ സേവനങ്ങളുടെ ആവശ്യം വർധിപ്പിക്കുന്നതിനും ഇടയാക്കും. നഴ്സിംഗിൽ ഒരു വ്യക്തിയുടെ താൽപര്യം എന്തുതന്നെയായാലും അവർക്ക് താല്പര്യം ഉള്ള ഒരു പ്രത്യേക സ്പെഷ്യാലിറ്റി കണ്ടെത്താൻ സാധിക്കും. കൂടാതെ നഴ്സിംഗ് ബിരുദധാരികൾക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (MSc അല്ലെങ്കിൽ MBA), ഹെൽത്ത്‌ കെയർ മാനേജ്മെന്റ്(MSc അല്ലെങ്കിൽ MBA), ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ (MSc അല്ലെങ്കിൽ MBA), പബ്ലിക് ഹെൽത്ത് (MPH), ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയർ (MSc അല്ലെങ്കിൽ MBA), ക്ലിനിക്കൽ റിസർച്ച് (MSc), ഹെൽത്ത്‌ ഇൻഫർമാറ്റിക്‌സ്‌ (MSc), മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, സോഷ്യൽ വർക്ക്‌ (MSW) തുടങ്ങിയ വിവിധ ആരോഗ്യ അനുബന്ധ മേഖലകളിൽ തുടർപഠനം നടത്തുവാനും ബി എസ് സി നഴ്സിംഗ് ബിരുദധാരികൾക്ക് അവസരമുണ്ട്.

കേരളത്തിലെ തൊഴിൽ സാധ്യതകൾ

[തിരുത്തുക]

കേരളത്തിൽ നഴ്സിംഗ് രംഗത്ത് മികച്ച തൊഴിൽ സാധ്യതകൾ നിലനിൽക്കുന്നത് സർക്കാർ മേഖലയിൽ തന്നെയാണെന്ന് പറയാം. മെഡിക്കൽ കോളേജ് ആശുപത്രികൾ, ജില്ലാ -ജനറൽ -താലൂക്ക് ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ തുടങ്ങിയവ നഴ്സിംഗ് ഓഫീസർമാർക്ക് താരതമ്യേനെ മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ നൽകുന്നുണ്ട്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ തുടങ്ങിയവയും നഴ്സുമാർക് നല്ല അവസരം നൽകുന്നുണ്ട്. സ്വകാര്യ മേഖലയിൽ ധാരാളം മെഡിക്കൽ കോളേജ് ആശുപത്രികൾ, കോർപ്പറേറ്റ് ആശുപത്രികൾ, ചെറിയ ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, സ്പെഷ്യൽ സ്കൂളുകൾ തുടങ്ങിയവ കേരളത്തിൽ പ്രവർത്തിച്ചു വരുന്നു. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽ നഴ്സുമാരുടെ സംഘടനയുടെ നേതൃത്വത്തിൽ കൂടുതൽ സാലറിയും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും തേടി നഴ്സുമാർ സമരം ചെയ്തത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.

NORCET (നോർസറ്റ്)

[തിരുത്തുക]

കേന്ദ്രസർക്കാർ രാജ്യത്തെ മികച്ച മെഡിക്കൽ കോളേജ് ആശുപത്രികളായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ AIIMS (ഐയിംസ്), NITRD ന്യൂ ഡൽഹി, CNCI കൊൽക്കത്ത, AIIPMR മുംബൈ തുടങ്ങിയ മുൻനിര കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ നഴ്സിംഗ് ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വേണ്ടി അഖിലെൻഡ്യാ തലത്തിൽ നോർസറ്റ്- നഴ്സിംഗ് ഓഫീസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്‌ (Nursing Officer Recruitment Common Eligibility Test- NORCET) എന്ന പേരിൽ പരീക്ഷ നടത്തി വരുന്നു. 2020- ലാണ് ഇത്തരം ഒരു പരീക്ഷ ആദ്യമായി ആരംഭിച്ചത്. ഇന്ത്യയിൽ നഴ്സിംഗ് രംഗത്ത് മികച്ച വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്നത് എയിംസിൽ തന്നെയെന്ന് പറയാം. തുടക്കത്തിൽ തന്നെ മികച്ച ശമ്പളം നേടാനാകുന്നുവെന്ന ഗുണവുമുണ്ട്. ധാരാളം മലയാളികൾ ആണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നത്. പൊതുവെ ആയിരക്കണക്കിന് ഒഴിവുകളാണ് ഇവിടങ്ങളിൽ കാണപ്പെടുന്നത്. നഴ്സിങ് ബിരുദം അഥവാ നാല് വർഷത്തെ ബിഎസ്സി നഴ്സിങ് യോഗ്യതയുള്ളവർക്കാണ് ഇവിടങ്ങളിലേക്ക് അപേക്ഷിക്കാൻ കൂടുതൽ പരിഗണന ലഭ്യമാകുക. എന്നിരുന്നാലും നിശ്ചിത വർഷം പ്രവർത്തി പരിചയം ഉള്ള ഡിപ്ലോമധാരികളായ GNM നഴ്സുമാർക്കും അവസരം ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ ഈ പരീക്ഷയ്ക്ക് കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ AIIMS ആശുപത്രികൾ താഴെ കൊടുക്കുന്നു.

*AIIMS ന്യൂ ഡൽഹി

*AIIMS ഗൊരഖ്പുർ, ഉത്തർ പ്രദേശ്

*AIIMS റേ ബറേലി, ഉത്തർ പ്രദേശ്

*AIIMS ഭോപ്പാൽ, മധ്യ പ്രദേശ്

*AIIMS ബാധിണ്ട, പഞ്ചാബ്

*AIIMS ഭുവനേശ്വർ, ഒറീസ്സ

*AIIMS മധുരൈ, തമിഴ് നാട്

*AIIMS ബിബിനഗർ, ഹൈദരാബാദ്, തെലങ്കാന

*AIIMS മംഗളാഗിരി, ആന്ധ്രാ പ്രദേശ്

*AIIMS നാഗ്പുർ, മഹാരാഷ്ട്ര

*AIIMS റായിപുർ, ചത്തിസ്ഗഡ്

*AIIMS ബിലാസ്പുർ, ചത്തിസ്ഗഡ്

*AIIMS ഗുവാഹത്തി, ആസ്സാം

*AIIMS രാജ്‌കോട്ട്, ഗുജറാത്ത്

*AIIMS പട്ന, ബീഹാർ

*AIIMS ജോദ്പുർ, രാജസ്ഥാൻ

*AIIMS ഋഷികേശ്, ഉത്തരാഖണ്ഡ്

*AIIMS ദിയോഖർ, ഉത്തരാഖണ്ഡ്

*AIIMS കല്യാണി, കൊൽക്കത്ത, വെസ്റ്റ് ബംഗാൾ

*AIIMS വിജയ്പുർ, ജമ്മു ആൻഡ് കശ്മീർ [8][9].

വിദേശ അവസരങ്ങൾ

[തിരുത്തുക]

വിദേശത്ത് മികച്ച ഒരു ജോലി ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഏറ്റവും അനുയോജ്യമായ തൊഴിൽ മേഖലയാണ് നഴ്സിംഗ്. ആഗോള തലത്തിൽ നഴ്സുമാർക്കുള്ള വർധിച്ച തൊഴിൽ സാധ്യതകൾ ഇതിന്റെ പ്രധാന കാരണമാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരായ നഴ്സുമാർക്കും വിദേശ രാജ്യങ്ങളിൽ വലിയ സാധ്യതകൾ തന്നെയാണ് ഉള്ളത്. പല രാജ്യങ്ങളിലും നഴ്സുമാർക്ക് ഉയർന്ന ശമ്പളം ലഭിക്കാനും, സ്ഥാനക്കയറ്റത്തിനും, സൗജന്യമായി ഉന്നത പഠനത്തിനും അവസരങ്ങളുണ്ട്. ധാരാളം മലയാളികളായ നഴ്സുമാർ ഇവിടങ്ങളിൽ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു വരുന്നു. പലപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച നഴ്സുമാർ എന്ന പദവി മലയാളി നഴ്സുമാരെ തേടിയെത്താറുണ്ട്.

അമേരിക്കൻ ഐക്യനാടുകൾ, കാനഡ, യുകെ, ജർമ്മനി, അയർലന്റ്, ഓസ്ട്രേലിയ, ന്യൂസീലൻഡ്, മാൾട്ട, ബെൽജിയം, യുഎഇ, കുവൈറ്റ്‌, ഖത്തർ, സൗദി അറേബ്യ, ഇസ്രയേൽ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ധാരാളം മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇവിടങ്ങളിലെ തൊഴിൽ റിക്രൂട്ട്മെന്റുകളെപ്പറ്റി ശരിയായ അറിവ് പലർക്കുമില്ല, അതുകാരണം പലവിധ ചതിക്കുഴികളിലും ആളുകൾ അകപ്പെടാറുണ്ട്, സാമ്പത്തികം നഷ്ടപ്പെടാറുമുണ്ട്. കേരള സർക്കാർ സ്ഥാപനങ്ങളായ നോർക്ക റൂട്സ് (Norka Roots), ODEPC, മറ്റു മികച്ച സ്വകാര്യ ഏജൻസികൾ തുടങ്ങിയവ നഴ്സുമാർക്ക് വേണ്ടി വിദേശത്തേക്ക് ജോലി അവസരവും പരിശീലനവും സൗജന്യമായോ അല്ലെങ്കിൽ ചിലവ് കുറഞ്ഞ രീതിയിലോ നൽകി വരുന്നുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഇംഗ്ലീഷ്, ജർമൻ, ഡച്ച് തുടങ്ങിയ ഭാഷാ പ്രാവീണ്യം ഇല്ലാത്തത് കൊണ്ട് ജോലി ലഭിക്കാത്തവരും അനേകമുണ്ട്. വിദേശ ജോലിക്ക് വേണ്ടി മാത്രമായി നാലു വർഷത്തെ ബിഎസ്‌സി നഴ്സിംഗ് പഠിക്കുന്നവരും ധാരാളം. ലോക നിലവാരത്തിലുള്ള നാലുവർഷത്തെ നഴ്സിംഗ് ബിരുദം വിദേശ രാജ്യങ്ങളിലും ഐയിംസ് പോലെയുള്ള ഇന്ത്യയിലെ മുൻനിര മെഡിക്കൽ കോളേജ് ആശുപത്രികളിലും ഏറെ സ്വീകാര്യമാണ് എന്നതാണ് കാരണം. സ്ത്രീകൾക്ക് മാത്രമല്ല, പുരുഷ നഴ്സുമാർക്കും (Male nurse) വിദേശ രാജ്യങ്ങളിൽ നല്ല അവസരങ്ങൾ ലഭ്യമാണ്.

പശ്ചാത്യ രാജ്യങ്ങളിൽ പൊതുവേ തൊഴിൽ സാധ്യതയുള്ള മെഡിസിൻ, ഐടി, സോഷ്യൽ വർക്ക് (സോഷ്യൽ വർക്കർ), ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ്, ഒക്യുപേഷണൽ തെറാപ്പി, എൻജിനീയറിങ്ങ്, ഫാർമസി തുടങ്ങിയവ പോലെതന്നെ മികച്ച ജോലി സാധ്യത ഉള്ള ഒരു മേഖലയാണ് നഴ്സിംഗ്. വടക്കേ അമേരിക്കയിലെ രാജ്യങ്ങളായ കാനഡ, യൂഎസ്എ, യൂറോപ്യൻ രാജ്യങ്ങളായ യുകെ, അയർലണ്ട്, ജർമ്മനി, ബെൽജിയം, ഇറ്റലി, മാൾട്ട, സ്വീഡൻ, ഡെന്മാർക്ക്, സ്വിറ്റ്സർലൻഡ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വികസിത പശ്ചാത്യ രാജ്യങ്ങളിലും, സിങ്കപ്പൂർ തുടങ്ങിയ പല രാജ്യങ്ങളിലും കേരളത്തിലെ നഴ്സുമാർക്ക് നല്ല അവസരങ്ങളുണ്ട്. ബിരുദാനന്തര ബിരുദധാരികളായ എം എസ്സി നഴ്സിംഗ് കഴിഞ്ഞവർക്ക് സ്പെഷ്യലിസ്റ്റ് നഴ്സുമാരോ അധ്യാപകരോ ഗവേഷകരോ ആകാം. ഇത്തരം രാജ്യങ്ങളിൽ നഴ്സുമാർക്ക് കുടുംബത്തോടൊപ്പം പോകാൻ സാധിക്കും; പ്രത്യേകിച്ച് നഴ്സിന്റെ പങ്കാളിക്ക് അവിടെ ജോലി ചെയ്യാൻ സാധിക്കുമെന്നത് ഇതിന്റെ ആകർഷണീയത വർധിപ്പിക്കുന്നു. ഇവിടങ്ങളിൽ ജോലി ലഭിക്കുന്നതിന് വേണ്ടി ഐഎൽട്സ് (IELTS), ഒഇടി (OET), പിടിഇ (PTE), ടോഫൽ (TOEFL), ജർമൻ ഭാഷ, ഡാനിഷ് ഭാഷ പോലെയുള്ള പരീക്ഷകൾ നിർദിഷ്ട സ്കോർ നേടി വിജയിക്കേണ്ടതുണ്ട്.

അമേരിക്കൻ ഐക്യനാടുകൾ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ NCLEX RN പരീക്ഷ അവിടുത്തെ നഴ്സിംഗ് രംഗത്തേക്കുള്ള ചുവടുവയ്‌പ്പാണ്. യുകെയിൽ (സിബിടി) കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷയായ CBT, പ്രായോഗിക പരീക്ഷയായ OSCE എന്നിവ വിജയിക്കേണ്ടതുണ്ട്. യുകെയിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആരോഗ്യ സേവന ദാതാവായ ‘എൻ എച്ച് എസ് (NHS)’ കേരളത്തിൽ നിന്നും ധാരാളം നഴ്സുമാരെ നിയമിച്ചിരുന്നു. കൂടാതെ യുകെയിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് അല്ലെങ്കിൽ സീനിയർ കെയറർ ആയി കുറഞ്ഞത് ഒരു വർഷം എങ്കിലും ജോലി ചെയ്ത വിദേശ നഴ്സുമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള പരീക്ഷ ഇല്ലാതെ തന്നെ രജിസ്റ്റർഡ് നഴ്സ് ആകാൻ അവസരമുണ്ട്. ധാരാളം മലയാളി നഴ്സുമാരാണ് ഈ മാർഗത്തിലൂടെ യുകെയിൽ നഴ്സുമാരായി മാറിയത്. ജർമൻ ഭാഷയിലെ നിശ്ചിത സ്കോർ ജർമ്മനിയിലേക്കുള്ള വാതായനങ്ങൾ തുറക്കുന്നു. കേരള സർക്കാർ സ്ഥാപനമായ നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ചേർന്നു സൗജന്യമായി ജർമ്മനിയിലേക്ക് പ്രഗത്ഭരായ മലയാളി നഴ്സുമാർക്ക് നിയമനം നൽകുന്ന പദ്ധതിയാണ് ട്രിപ്പിൾ വിൻ. ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് പരിജ്ഞാനം IELTS/OET/TOEFL പോലെയുള്ള പരീക്ഷകൾ കൊണ്ട് വിലയിരുത്തപ്പെടുമ്പോൾ, നഴ്സിംഗ് വിജ്ഞാനം മറ്റ് പരീക്ഷകളിലൂടെ അളക്കപ്പെടുന്നു. സിങ്കപ്പൂരിൽ നഴ്സ് ആയി ജോലി നെടുവാൻ എസ്എൻബി പരീക്ഷ (SNB RN) വിജയിക്കേണ്ടത് അനിവാര്യമാണ്. യുഎഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ്‌, ബഹ്‌റൈൻ, ഇസ്രയേൽ തുടങ്ങിയ മിഡില് ഈസ്റ്റ്‌/ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ നഴ്സുമാർക്ക് അവസരമുണ്ട്. ഡിഎച്ച്എ (DHA), പ്രൊമെട്രിക് (Prometric), ഹാദ് (HAAD), എംഒഎച്ച് (MOH) തുടങ്ങിയ അതാത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം നടത്തുന്ന പരീക്ഷകളാണ് അതിന് വേണ്ടി എഴുതേണ്ടത്. മേല്പറഞ്ഞ നിയമങ്ങളിൽ കാലാനുശ്രുതമായി മാറ്റങ്ങൾ വരാറുണ്ട്. ഇത് അതാത് രാജ്യത്തെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്താറുണ്ട്. ശരിയായ പരിശീലനം നേടുക ആണെങ്കിൽ ആർക്കും നഴ്സിംഗ് മേഖലയിൽ മികച്ച ജോലിയും മെച്ചപ്പെട്ട ശമ്പളവും നേടാൻ സാധിക്കുമെന്നതിൽ സംശയം ഇല്ല [10].

അമേരിക്കൻ ഐക്യനാടുകൾ (USA), കാനഡ, ഓസ്ട്രേലിയ തുടങ്ങിയ ചില വികസിത രാജ്യങ്ങളിൽ രജിസ്റ്റർഡ് നേഴ്സ് (RN) ആയി ജോലി ചെയ്യാൻ ആവശ്യമായ പരീക്ഷയാണ് “The National Council Licensure Examination” അഥവാ NCLEX-RN. NCLEX-PN എന്നൊരു വകഭേദവും ഈ പരീക്ഷയ്ക്കുണ്ട്. നാല് വർഷത്തെ ബി എസ് സി നഴ്സിംഗ് യോഗ്യത ഉള്ളവർക്ക് മേല്പറഞ്ഞ രാജ്യങ്ങളിൽ നേഴ്സ് ആയി ജോലി ലഭിക്കാൻ സാധ്യതകൾ ഉണ്ട്. കേരളത്തിൽ NCLEX പരീക്ഷയ്ക്ക് പരിശീലനം നൽകുന്ന ധാരാളം സ്ഥാപനങ്ങൾ ഉണ്ട്. ഇന്ത്യയിൽ NCLEX-RN പരീക്ഷ എഴുതുവാൻ ധാരാളം കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചില NCLEX പരീക്ഷ കേന്ദ്രങ്ങൾ താഴെ കൊടുക്കുന്നു. കലാകാലങ്ങളിൽ ഇവയ്ക്ക് മാറ്റം വരാം.

  1. Bangalore
  2. Chennai
  3. Hyderabad
  4. Mumbai
  5. Ahmedabad
  6. Gurugram
  7. Noida
  8. New Delhi
  9. Chandigarh
  10. Amritsar

വിദേശ രാജ്യങ്ങളിലെ നഴ്സിംഗ് മേഖലയുടെ വളർച്ച

[തിരുത്തുക]

വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് പൂർണമായും സ്വതന്ത്രമായ ഒരു പ്രൊഫഷൻ ആണ്. ഡോക്ടർമാരെ പോലെയോ മറ്റു ആരോഗ്യ വിദഗ്ദരെ പോലെയോ തത്തുല്യമായ അംഗീകാരവും സ്ഥാനക്കയറ്റവും സ്പെഷ്യലിസ്റ്റ് നേഴ്സ് തസ്തികകളും വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ലഭ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും അവിടെ തുല്യമായ തൊഴിൽ സാധ്യതകളാണ് ഈ മേഖലയിൽ ഉള്ളത്. രോഗികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നഴ്സുമാർക്ക് തുല്യ പങ്കാളിത്തമുണ്ട്. അവിടെ ആശുപത്രികളിൽ രണ്ടു രീതിയിൽ ഉള്ള നഴ്സുമാരെ കാണാം. പുറമെക്കുള്ള ഏജൻസികളിൽ നിന്നുള്ള ഏജൻസി നഴ്സിംഗ് ഓഫീസറും, സ്ഥാപനത്തിൽ തന്നെയുള്ള സ്റ്റാഫ്‌ നഴ്സിംഗ് ഓഫീസറും. വിദേശ രാജ്യങ്ങളിൽ എല്ലാ പ്രൊഫഷണൽസും ഉൾപ്പെടുന്ന ഒരു ടീം വർക്ക്‌ ആണ് ആരോഗ്യമേഖലയിൽ നടക്കാറുള്ളത്. ഫാമിലി നഴ്സിങ്, ജറെന്റോളോജി, വുമൺ ഹെൽത്ത്, നേഴ്സ് അറ്റോണി, ഓൺകോളജി, ഗൈനക്കോളജിക്കൽ & നിയോനാറ്റൽ നഴ്‌സിംഗ്, ഇൻഫെക്ഷൻ കണ്ട്രോൾ, മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഓർത്തോപീഡിക് നഴ്സിംഗ്, നഴ്സിംഗ് അഡ്വക്കേറ്റ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ്, പീഡിയാട്രിക് നഴ്സിംഗ്, കോസ്മെറ്റിക് നഴ്സിംഗ്, ഫോറെൻസിക് നഴ്സിംഗ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത്‌ നഴ്സിംഗ്, സ്കൂൾ ഹെൽത്ത്‌ നഴ്സിംഗ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്സിംഗ്, ഒക്കുപെഷണൽ ഹെൽത്ത്‌ നഴ്സിംഗ് തുടങ്ങിയവ വിദേശ രാജ്യങ്ങളിൾ വളരെ നേരത്തെ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പ്രത്യേകം ബിരുദതലം മുതൽ തന്നെ കോഴ്സുകൾ അവിടെ ലഭ്യമാണ്. ആരോഗ്യ രംഗത്തെ ഓരോ തലത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകളും പിജി ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്. ഇവയിൽ പലതും നിലവിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സ്കോളർഷിപ്പോടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പലതും ഓൺലൈൻ ആയിട്ടും, പാർട്ട്‌ ടൈം ആയി പോലും ചെയ്യുവാൻ സാധിക്കും. ഇന്ന് കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യൂകെ, ജർമ്മനി, അയർലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ബെൽജിയം, നോർവേ, ഡെന്മാർക്ക്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, സിങ്കപ്പൂർ, ജപ്പാൻ മുതലായ ഒട്ടേറെ രാജ്യങ്ങളിൽ നഴ്സിംഗ് മേഖല വളരെയേറെ വികസിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ രജിസ്റ്റർഡ് നഴ്സിംഗ് ഓഫീസർ, മെന്റൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നേഴ്സ്, ചീഫ് നഴ്സിംഗ് ഓഫീസർ, പബ്ലിക് ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ, സെക്ഷ്വൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ, റിപ്രോഡക്റ്റീവ് സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ,‌ ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്‌സ്‌ സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ പ്രാക്ടീഷണർ, നേഴ്സ് പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ, ഒക്കുപെഷണൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സ്, ഹെൽത്ത്‌ ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് നഴ്സ്, സ്കൂൾ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നേഴ്സ്, ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്സിംഗ് ഓഫീസർ തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു. സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷക്കായി സ്കൂൾ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌, തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് വേണ്ടി ഒക്കുപെഷണൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌, വ്യവസായരംഗത്ത് ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌ തുടങ്ങിയ വിദഗ്ദ നഴ്സിംഗ് സേവനങ്ങൾ ഇവിടെ വ്യാപകമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗം കാര്യക്ഷമമായി ഇടപെടാൻ സാധിക്കുന്നു. ആദ്യമായി ആംബുലൻസുകളിൽ വിദഗ്ദ നഴ്സുമാരെ നിയമിച്ചുകൊണ്ട് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകി തുടങ്ങിയതും ഈ രാജ്യങ്ങളിൽ തന്നെ. ഇവിടങ്ങളിൽ മതിയായ വിദ്യാഭ്യാസം, മിക്കപ്പോഴും ബിരുദവും പ്രൊഫഷണൽ രെജിസ്ട്രേഷനുമാണ് ഒരു രജിസ്റ്റർഡ് നഴ്സ് അഥവാ നഴ്സിംഗ് ഓഫീസർ ആകാനുള്ള അടിസ്ഥാന യോഗ്യത. ഇന്ത്യയിൽ കാണപ്പെടുന്ന ഹോം നഴ്സ്, ഡോമസ്റ്റിക് നഴ്‌സ്‌ തുടങ്ങിയ തൊഴിലുകൾ പൊതുവേ ഇവിടങ്ങളിൽ കാണാൻ സാധിക്കുകയില്ല, പകരം ഹെൽത്ത്കെയർ അസിസ്റ്റന്റ്, സീനിയർ കെയറർ, ഹോം കെയർ, ഡോമിസിലറി കെയർ വർക്കർ, സപ്പോർട്ട് വർക്കർ തുടങ്ങിയ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ യുകെ പോലെയുള്ള ചില രാജ്യങ്ങളിൽ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയറിന്റെ ഭാഗമായി കാണപ്പെടുന്നു. നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, ഹോസ്പൈസുകൾ എന്നിവ നഴ്സുമാരുടെ നേതൃത്വത്തിൽ ഇത്തരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു. ജർമ്മനി പോലെയുള്ള ചില രാജ്യങ്ങളിൽ നഴ്സിംഗ് പഠനം സ്റ്റൈപെൻടോടുകൂടി സൗജന്യമാണ്[11][12][13].

നഴ്സിംഗ് കെയർ ഹോം

[തിരുത്തുക]

നഴ്സുമാരുടെ നേതൃത്വത്തിൽ പരിചരണവും ചികിത്സയും ആവശ്യമുള്ള രോഗികളെയും ചിലപ്പോൾ പ്രായമായവരെയും സ്ഥിരമായോ താൽക്കാലികമായോ താമസിപ്പിച്ചു ചികിത്സയും ശുശ്രൂഷയും നൽകുന്ന സ്ഥാപനങ്ങൾ ആണ് നഴ്സിംഗ് ഹോം അഥവാ നഴ്സിംഗ് കെയർ ഹോം എന്നറിയപ്പെടുന്നത്. മുഖ്യമായും വിദഗ്ദ നഴ്സിംഗ് പരിചരണവും ചികിത്സയും ആണ് ഇവിടങ്ങളിൽ നൽകി വരുന്നത്. ആശുപത്രികളോട് ചേർന്നോ സ്വതന്ത്രമായോ ഇവ പ്രവർത്തിച്ചു വരുന്നു. ദീർഘകാലവും ഹ്രസ്വകാലവും പരിചരണം ആവശ്യമുള്ളവർക്ക് ഇവിടങ്ങളിൽ താമസ സൗകര്യവും ഭക്ഷണവും ചികിത്സയും നൽകി വരുന്നു. ആളുകൾക്ക് വിനോദങ്ങൾക്ക് ഉള്ള സൗകര്യവും ഇവിടങ്ങളിൽ നൽകി കാണാറുണ്ട്. ലോകമെമ്പാടും നഴ്സിംഗ് ഹോമുകളിൽ നഴ്സിംഗ് മാനേജരുടെ നേതൃത്വത്തിൽ തന്നെയാണ് പരിചരണം നൽകി വരുന്നത്. നഴ്സുമാരെ സഹായിക്കാൻ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്മാരും ഇവിടെ ഉണ്ടാകാറുണ്ട്. അമേരിക്കൻ ഐക്യനാടുകൾ, യുകെ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വികസിത രാജ്യങ്ങളിൽ മെച്ചപ്പെട്ട നഴ്സിംഗ് ഹോമുകൾ സാധാരണമാണ്. വളരെ മികച്ച സേവനവും സൗകര്യവുമാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭ്യമാകുന്നത്. ഇന്ത്യയിൽ ചില നഗരങ്ങളിൽ നഴ്സിംഗ് ഹോമുകൾ കാണാമെങ്കിലും അത്ര കണ്ടു സാർവത്രികമല്ല.

അന്താരാഷ്ട്ര നേഴ്‍സിങ് ദിനം

[തിരുത്തുക]

മെയ് മാസം 12 ന് അന്താരാഷ്ട്ര നേഴ്‍സിങ് ദിനമായി ആചരിക്കുന്നു. ആധുനിക നഴ്‌സിങ്ങ് പ്രസ്ഥാനം ആരംഭിച്ച ഇംഗ്ലീഷ് വനിത ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് അന്ന്. സാമൂഹിക പ്രവർത്തകയും പ്രമുഖ സ്റ്റാറ്റിസ്റ്റീഷ്യനുമായ ഫ്‌ളോറൻസ് നൈറ്റിംഗേൽ ഇറ്റലിയിലെ ഫ്ളോറെൻസിലാണ് ജനിച്ചത്. 19ാം നൂറ്റാണ്ടിൽ ക്രിമിയൻ യുദ്ധത്തിൽ മുറിവേറ്റ ഭടൻമാരെ ശുശ്രൂഷിക്കുന്നതിന് സ്വന്തം ജീവൻപോലും പണയം വച്ച് ക്യാമ്പുകളിൽ പ്രവർത്തിച്ച ഫ്‌ലോറൻസ് നൈറ്റിംഗേൽ വിളക്കേന്തിയ വനിത എന്നാണ് അറിയപ്പെടുന്നത്. 1850 ൽ ആദ്യമായി ലോകത്ത് നഴ്‌സുമാർക്കായി ഒരു ട്രെയ്‌നിംഗ് സെന്റർ സ്ഥാപിച്ചതും ഫ്‌ലോറൻസ് നൈറ്റിംഗേലാണ്. ലണ്ടനിലെ കിങ്‌സ് കോളേജിന്റെ ഭാഗമാണ് ഇന്ന് ആ സ്ഥാപനം. ബ്രിട്ടീഷ് സൈനികരുടെ ആരോഗ്യത്തിൽ ശ്രദ്ധ ഊന്നിയ നൈറ്റിംഗേൽ പിന്നീട് ഇന്ത്യയിലെ മാലിന്യ സംസ്കരണം, ശുചിത്വം, ശുദ്ധജലലഭ്യത, ചികിത്സ, രോഗി പരിചരണം തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളിൽ പഠനങ്ങൾ നടത്തി. ഇന്ന് ആധുനിക രീതിയിലുള്ള ട്രെയ്‌നിംഗ് സംവിധാനവും കൂടുതൽ അറിവുകളും ലോകത്ത് നഴ്‌സുമാരെ കൂടുതൽ നൈപുണ്യമുള്ളവരാക്കി മാറ്റിയിട്ടുണ്ട്. നൈറ്റിംഗേലിന്റെ ത്യാഗത്തെ സ്മരിച്ചുകൊണ്ട് നഴ്‌സസ് ദിനാഘോഷം നടത്തുമ്പോൾ ഇന്നത്തെ കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് തയ്യാറാവുന്നതിനുള്ള സന്ദേശമാണ് നഴ്‌സിംഗ് സമൂഹം പ്രചരിപ്പിക്കുന്നത്[14][15].

കേരളത്തിലെ പ്രധാനപ്പെട്ട നഴ്സിംഗ് കോളേജുകൾ

[തിരുത്തുക]

കേരളത്തിൽ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും ധാരാളം നഴ്സിംഗ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. നഴ്സിംഗ് കൌൺസിൽ അംഗീകാരത്തോടെ ആയിരിക്കണം ഇവയുടെ പ്രവർത്തനം എന്ന് നിർബന്ധമുണ്ട്. മിക്കവാറും സർക്കാർ മെഡിക്കൽ കോളേജുകളോട് ചേർന്ന് നഴ്സിംഗ് കോളേജുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാർഥികൾക്ക് കുറഞ്ഞ ചിലവിൽ ഇവിടെ നഴ്സിംഗ് ബിരുദ (ബിഎസ്സി നഴ്സിംഗ്), പോസ്റ്റ്‌ ബേസിക് ബിഎസ്സി നഴ്സിംഗ്, സ്റ്റൈപെൻഡ് അല്ലെങ്കിൽ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദ കോഴ്സുകൾ (എംഎസ്സി നഴ്സിംഗ്) പഠിക്കുവാൻ സാധിക്കുന്നതാണ്.

സർക്കാർ നഴ്സിംഗ് കോളേജുകൾ

[തിരുത്തുക]

1. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം

2. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, പാരിപ്പള്ളി, കൊല്ലം

3. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, ആലപ്പുഴ

4. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോട്ടയം

5. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, എറണാകുളം

5. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, തൃശൂർ

6. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്

7. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, കണ്ണൂർ

8. ഗവ. കോളേജ് ഓഫ് നഴ്സിംഗ്, മഞ്ചേരി, മലപ്പുറം

സർക്കാർ ഏജൻസിയായ സിമെറ്റിന്റെ (SIMET) കീഴിലും ധാരാളം നഴ്സിംഗ് കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. അവ താഴെ കൊടുക്കുന്നു.

  1. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, നെയ്യാറ്റിൻകര, തിരുവനന്തപുരം ജില്ല
  2. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, മുട്ടത്തറ, തിരുവനന്തപുരം ജില്ല
  3. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, വർക്കല, തിരുവനന്തപുരം ജില്ല
  4. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, കോന്നി, പത്തനംതിട്ട ജില്ല
  5. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, നൂറനാട്, ആലപ്പുഴ ജില്ല
  6. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, പള്ളുരുത്തി, എറണാകുളം ജില്ല
  7. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, മലമ്പുഴ, പാലക്കാട്‌ ജില്ല
  8. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, ധർമ്മടം, കണ്ണൂർ ജില്ല
  9. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, തളിപ്പറമ്പ്, കണ്ണൂർ ജില്ല
  10. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ്, ഉദുമ, കാസർകോട് ജില്ല

സർക്കാർ ഏജൻസിയായ സിപാസിന്റെ മേൽനോട്ടത്തിൽ കൊട്ടാരക്കരയിൽ നഴ്സിംഗ് കോളേജ് പ്രവർത്തിക്കുന്നുണ്ട്.

11. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻ, SME, സിപാസ്, കൊട്ടാരക്കര, കൊല്ലം ജില്ല

CAPEന്റെ കീഴിൽ

12. CAPE കോളേജ് ഓഫ് നഴ്സിംഗ്, പുന്നപ്ര, ആലപ്പുഴ ജില്ല

സ്വകാര്യ നഴ്സിംഗ് കോളേജുകൾ

[തിരുത്തുക]
  1. അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
  2. കിംസ് കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം
  3. അമൃത കോളേജ് ഓഫ് നഴ്സിംഗ്, എറണാകുളം
  4. അൽ ശിഫ കോളേജ് ഓഫ് നഴ്സിംഗ്, മലപ്പുറം
  5. സരസ്വതി കോളേജ് ഓഫ് നഴ്സിംഗ്, പാറശാല
  6. ഉപാസന കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം
  7. ബേബി മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്
  8. വിജയ കോളേജ് ഓഫ് നഴ്സിംഗ്, കൊട്ടാരക്കര
  9. സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ, കോട്ടയം
  10. ചിത്ര കോളേജ് ഓഫ് നഴ്സിംഗ്, പന്തളം, പത്തനംതിട്ട
  11. എൻ എസ് മെമ്മോറിയൽ കോളേജ് ഓഫ് നഴ്സിംഗ്, പാലത്തറ, കൊല്ലം
  12. മെഡിക്കൽ ട്രസ്റ്റ്‌ കോളേജ് ഓഫ് നഴ്സിംഗ്, എറണാകുളം
  13. പരബ്രഹ്മ കോളേജ് ഓഫ് നഴ്സിംഗ്, ഓച്ചിറ
  14. വിഎൻഎസ്എസ് കോളേജ് ഓഫ് നഴ്സിംഗ്, കൊല്ലം
  15. പിആർഎസ് കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം
  16. ശിവഗിരി മെഡിക്കൽ മിഷൻ കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം
  17. എസ്പി ഫോർട്ട്‌ കോളേജ് ഓഫ് നഴ്സിംഗ്, തിരുവനന്തപുരം
  18. അഹല്യ കോളേജ് ഓഫ് നഴ്സിംഗ്, എലപുള്ളി, പാലക്കാട്‌
  19. ഇന്ദിരാ ഗാന്ധി കോളേജ് ഓഫ് നഴ്സിംഗ്, എറണാകുളം
  20. ഇഎംഎസ് കോളേജ് ഓഫ് നഴ്സിംഗ്, പെരിന്തൽമണ്ണ, മലപ്പുറം
  21. ബിസിഎഫ് കോളേജ് ഓഫ് നഴ്സിംഗ്, വൈക്കം, കോട്ടയം
  22. ശ്രീ ഗോകുലം നഴ്സിംഗ് കോളേജ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
  23. ശ്രീ ആഞ്ജനേയ കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്

ദേശീയ തലത്തിലെ പ്രധാനപ്പെട്ട നഴ്സിംഗ് കോളേജുകൾ

[തിരുത്തുക]

ദേശീയ തലത്തിൽ മികവുറ്റ സ്ഥാപനങ്ങളായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അഥവാ ഐയിംസ് (AIIMS) മെഡിക്കൽ കോളേജ് ആശുപത്രികളോട് ചേർന്നും, പോണ്ടിച്ചേരിയിലെ ജിപ്മർ (JIPMER), ബാംഗ്ലൂരിലെ നിംഹാൻസ് (NIMHANS), സൈന്യത്തിന്റെ കീഴിലുള്ള AFMC പൂനെ തുടങ്ങിയ പേരുകേട്ട കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നഴ്സിംഗ് കോളേജുകൾ പ്രവർത്തിച്ചു വരുന്നു. ഇവിടങ്ങളിൽ എംബിബിഎസ്, ബിഎസ്സി നഴ്സിംഗ്, എംസ്സി നഴ്സിംഗ് തുടങ്ങിയ കോഴ്സുകൾ ഉയർന്ന നിലവാരത്തിലും കുറഞ്ഞ ഫീസിലും ലഭ്യമാക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെ ധാരാളം വിദ്യാർഥികളാണ് ഇവിടങ്ങളിൽ പഠിച്ചു വരുന്നത്. കർണാടക (ഉഡുപ്പി) കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മണിപാൽ യൂണിവേഴ്സിറ്റി ഉൾപ്പെടെ പേരുകേട്ട ധാരാളം സ്വകാര്യ യൂണിവേഴ്സിറ്റികളിലും, ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും നഴ്സിംഗ് കോളേജുകൾ പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ പ്രസിദ്ധമായ AIIMS നഴ്സിംഗ് കോളേജുകൾ താഴെ കൊടുക്കുന്നു.

*AIIMS New Delhi

*AIIMS Gorakhpur, UP

*AIIMS Rae Bareli, UP

*AIIMS Bhopal, Madhya Pradesh

*AIIMS Bathinda, Punjab

*AIIMS Bhubaneswar, Orissa

*AIIMS Madurai, Tamil Nadu

*AIIMS Bibinagar, Hyderabad, Telangana

*AIIMS Mangalagiri, Andhra Pradesh

*AIIMS Nagpur, Maharashtra

*AIIMS Raipur, Chattisgarh

*AIIMS Bilaspur, Chattisgarh

*AIIMS Guwahati, Assam

*AIIMS Rajkot, Gujarat

*AIIMS Patna, Bihar

*AIIMS Jodhpur, Rajasthan

*AIIMS Rishikesh, Uttarakhand

*AIIMS Deoghar, Uttarakhand

*AIIMS Kalyani, Kolkota, West Bengal

*AIIMS Vijaypur, Jammu and Kashmir

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  • Parks Text Book of Preventive and Social Medicine,19th Ed, Page:534 ( "The secret of national health lies in the homes of the people")
  1. "Nursing - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Nursing and Midwifery - World Health Organization (WHO)". www.who.int.[പ്രവർത്തിക്കാത്ത കണ്ണി]
  3. "The Nursing & Midwifery Council". www.nmc.org.uk.
  4. "History of Nursing | Subject Guide | Royal College of Nursing".[പ്രവർത്തിക്കാത്ത കണ്ണി]
  5. "Nursing | History, Education, & Practices | Britannica". www.britannica.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "International Nurses Day 2021 Best Courses". malayalam.samayam.com.[പ്രവർത്തിക്കാത്ത കണ്ണി]
  7. https://web.archive.org/web/20220825124044/https://nursingjobsindia.in/. Archived from the original on 2022-08-25. Retrieved 2022-08-04. {{cite web}}: Missing or empty |title= (help)
  8. "ALL ABOUT AIIMS NORCET – NURSING OFFICER EXAM - Nurseasy". nurseasy.com.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Notification - norcet5.aiimsexams.ac.in". norcet5.aiimsexams.ac.in.
  10. "വരും വർഷങ്ങളിൽ നഴ്‌സുമാർക്കു വൻ അവസരങ്ങൾ". ukmalayalee.com.[പ്രവർത്തിക്കാത്ത കണ്ണി]
  11. "Nursing in the United States - Wikipedia". en.wikipedia.org.
  12. "8 Steps To Work As a Nurse in the US as a Foreign Nurse". nurse.org.[പ്രവർത്തിക്കാത്ത കണ്ണി]
  13. "How to become a nurse | Health Careers". www.healthcareers.nhs.uk.[പ്രവർത്തിക്കാത്ത കണ്ണി]
  14. "International Nurses Day - Wikipedia". en.wikipedia.org.
  15. "International Nurses Day | ICN - International Council of Nurses". www.icn.ch.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ %E0%B4%A8%E0%B4%B4%E0%B5%8D_%E0%B4%B8%E0%B4%BF%E0%B4%99%E0%B5%8D എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നഴ്‌സിങ്&oldid=4360029" എന്ന താളിൽനിന്ന് ശേഖരിച്ചത്