നൗപാക്തോസ്
കൊറിന്തോസ് ഉൾക്കടലിന്റെ വടക്കൻ ഓരത്ത് മൊർനോസ് ആറിന്റെ അഴിമുഖത്തിന് 3 കി. മി. പടിഞ്ഞാറായി പടിഞ്ഞാറൻ ഗ്രീസിലെ ഐത്തോലോ-അക്കർനാനിയ പ്രദേശത്തെ നൗപാക്തിയ മേഖലയിലുള്ള ഒരു പട്ടണമാണ് നൗപാക്തോസ് (ഗ്രീക്ക്: Ναύπακτος [nǎu̯.pak.tos]).
നൗപാക്തോസ്
Ναύπακτος | |
---|---|
Clockwise from top right: നൗപാക്തോസ് പഴയ തുറമുഖം, നൗപാക്തോസ് തുറമുഖത്തിന്റെ ശാക്തീകരണങ്ങൾ, വി. ദിമിത്രിയോസിന്റെ പള്ളി, ബോത്സാരിസ് ഗോപുര മ്യൂസിയം, അഗെലാവോസ് പ്രതിമ, മിഗ്വേൽ ദേ സെർവാന്തേസ് പ്രതിമ, നൗപാക്തോസ് കോട്ട | |
Coordinates: 38°23′38″N 21°49′50″E / 38.39389°N 21.83056°E | |
Country | Greece |
Administrative region | West Greece |
Regional unit | Aetolia-Akarnania |
Municipality | Nafpaktia |
• Municipal unit | 159.9 ച.കി.മീ. (61.7 ച മൈ) |
ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 15 മീ (49 അടി) |
ഏറ്റവും താഴ്ന്നത് | 0 മീ (0 അടി) |
ജനസംഖ്യ (2021) | |
• Municipal unit | 17,154 |
• Municipal unit density | 110/ച.കി.മീ. (280/ച മൈ) |
Community | |
• Population | 12,950 (2021) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
Postal code | 303 00 |
Area code(s) | 26340 |
Vehicle registration | ME |
വെബ്സൈറ്റ് | www |
പേരിന് പിന്നിൽ
[തിരുത്തുക]പ്രാചീന ഗ്രീക്കിലെ ναῦς (നാവുസ്, “കപ്പൽ”), πήγνῡμῐ (പേഗ്നൂമി, “വലിച്ചു കെട്ടുക”) എന്ന വാക്കുകളിൽ നിന്നാണ് ഈ പേരിന്റെ ഉറവ്. റോമൻ ഭരണകാലത്ത് ലത്തീനിൽ നൗപാക്തുസ് (Naupactus) എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പട്ടണം പിൽക്കാലങ്ങളിൽ നെപാഖ്തോസ് (Νεπαχτος) എന്ന പേരിലറിയപ്പെടാൻ തുടങ്ങി. ഇതിൽ നിന്നാണ് ഇത്താലിയനിൽ ഈ പട്ടണത്തിന് ലെപാന്തോ (Lepanto) എന്നും തുർക്കിഷിൽ ഇനെബെഹ്തി (İnebehti) എന്നും പേരുകൾ വന്നത്.
19-ആം നൂറ്റാണ്ടിൽ ഉസ്മാൻ കീഴാണ്മയിൽ നിന്ന് വിടുതൽ നേടിയതോടെ പട്ടണത്തിന്റെ പേര് അതിന്റെ പഴയ ഉരുവമായി നൗപാക്തോസിലേക്ക് മടങ്ങി.
ചരിത്രം
[തിരുത്തുക]പുരാതന ഗ്രീസ്
[തിരുത്തുക]പ്രാചീന കാലങ്ങളിൽ നൗപാക്തോസ് ലോക്രിയൻ ഗോത്രവിഭാഗത്തിന്റെ കീഴിലായിരുന്നു. തുറമുഖ പട്ടണമായ നൗപാക്തോസ് കൊറിന്തോസ് ഉൾക്കടലിലേക്കുള്ള കവാടം എന്ന നിലയിൽ സൈനിക പ്രാധാന്യമുള്ള പ്രദേശമായിരുന്നു.
ഗ്രീക്ക് - പേർഷ്യൻ യുദ്ധപരമ്പരയ്ക്ക് ശേഷം ഈ പട്ടണം ആതൻസിന്റെ അധീനതയിലാകുകയും, ആതൻസുകാർ ഇവിടെ മൂന്നാം മെസ്സേനിയൻ യുദ്ധത്തിൽ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട മെസ്സേനിയൻ വംശജരെ കൊണ്ടുവന്ന് പാർപ്പിക്കുകയും ചെയ്തു. പിന്നീട്, പെലൊപൊനേസ്യൻ യുദ്ധത്തിൽ പടിഞ്ഞാറൻ ഗ്രീസിലെ ആതൻസിന്റെ യുദ്ധനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും ഈ പട്ടണം ഒരു പ്രധാന പങ്ക് വഹിച്ചു. [1][2] കൂടാതെ മി. മു. 429-ആം ആണ്ടിൽ ഇവിടെ വച്ച് നടന്ന നൗപാക്തോസ് നാവികയുദ്ധത്തിൽ ആതൻസിന്റെ കപ്പൽപ്പട പെലൊപൊനേസ്യരെ തോൽപ്പിച്ച് തുരത്തുകയും ഉണ്ടായി.
മി. മു. 405-ആം ആണ്ടിൽ ഐഗോസ്പൊത്താമി യുദ്ധത്തിൽ ആതൻസ് പരാജയപ്പെടുകയും ലോക്രിയൻ ഗോത്രക്കാർ മെസ്സേനിയരെ തുരത്തി തങ്ങളുടെ പട്ടണം തിരിച്ചുപിടിക്കുകയും ചെയ്തു. പിന്നീട് ഈ പട്ടണം പല കൈകളിലൂടെ കടന്നുപോയെങ്കിലും ഒടുവിൽ അത് മക്കെദോനിയാ രാജാവായ ഫിലിപ്പോസ് രണ്ടാമൻ ഐത്തോലിയരുടെ കൈകളിൽ ഏൽപ്പിച്ചു. [3][4]
മി. മു. 191-ആം ആണ്ടിൽ ഐത്തോലിയരിൽ നിന്ന് റോമാക്കാർ നൗപാക്തോസ് പിടിച്ചെടുക്കകയും പഴയ ഉടമകളായ ലോക്രിയൻ ഗോത്രവിഭാഗക്കാരെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. പിന്നീട് മി. ആ. 552-ൽ യുസ്തീനിയാനോസ് I-ആമൻ ചക്രവർത്തിയുടെ കാലത്ത് ഭൂകുലുക്കത്തിൽ നൗപാക്തോസ് തകരുകയുണ്ടായി.[5][6]
മധ്യകാല ഗ്രീസ്
[തിരുത്തുക]മി. ആ. 747-ൽ ഇത്താലിയയിൽ നിന്ന് വന്ന ഒരു പകർച്ചാവ്യാധി വൻ നാശനഷ്ടങ്ങൾക്ക് ഇടയായെങ്കിലും,[6] 9-10-ആം നൂറ്റാണ്ടുകളോടെ പട്ടണം അതിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിച്ചു. നിക്കൊപൊലിസ് പ്രവിശ്യയുടെ തലസ്ഥാനമായ നൗപാക്തോസ് കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ നാവികശക്തി ഊട്ടിയുറപ്പിച്ചു. [6]
കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ പതനത്തിന് ശേഷം വിവിധ പടിഞ്ഞാറൻ യൂറോപ്യൻ കുരിശുയുദ്ധരാജ്യങ്ങളുടെ കൈവശം കടന്നുപോയ നൗപാക്തോസ് ഒടുവിൽ 15-ആം നൂറ്റാണ്ടോടെ വെനേത്തിയയുടെ കീഴിൽ വന്നു. ഇക്കാലത്ത് പട്ടണം ലെപാന്തോ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
മി. ആ. 1499-ൽ ഉസ്മാൻ സാമ്രാജ്യം ലെപാന്തോ കീഴടക്കുകയും പട്ടണത്തെ തങ്ങളുടെ നാവികസേനാകേന്ദ്രങ്ങളിൽ ഒന്നായി ഉപയോഗിക്കുകയും ചെയ്തു. 1571-ൽ ഇവിടെ വച്ച് പടിഞ്ഞാറൻ യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളുടെ സഖ്യം ഉസ്മാൻ സൈന്യത്തെ പരിചയപ്പെടുത്തുകയും അവരുടെ തടങ്കലിൽ നിന്ന് 15,000 ക്രിസ്തീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. തന്മൂലം മുസ്ലീം സൈന്യങ്ങളുടെ പടിഞ്ഞാറോട്ടുള്ള കടന്നുകയറ്റത്തിന് തടയിടാനും അവർക്ക് കഴിഞ്ഞു.

മി. ആ. 1687-ൽ വെനേത്തിയ ലെപാന്തോ തിരിച്ചുപിടിച്ചെങ്കിലും, 1699-ലെ കാർലോവിറ്റ്സ് ഉടമ്പടി പ്രകാരം ദാൽമാത്തിയ, മൊറെയാസ് പ്രദേശങ്ങൾക്ക് പകരം ഉസ്മാൻ സാമ്രാജ്യത്തിന് വിട്ടുകൊടുത്തു. [7]
ആധുനിക ഗ്രീസ്
[തിരുത്തുക]മി. ആ. 1829 മാർച്ചിൽ നൗപാക്തോസ് സ്വതന്ത്ര ഗ്രീസിന്റെ ഭാഗമായി. 1912-ൽ കമ്മ്യൂൺ ആയും 1946-ൽ സ്വതന്ത്ര നഗരസഭയായും ഉയർത്തപ്പെട്ടു. 1997-ൽ നൗപാക്തോസ് നഗരസഭ വിപുലീകരിക്കുകയും അതിലേക്ക് 13 കമ്മ്യൂണുകളെ കൂട്ടിച്ചേർക്കുകയും ചെയ്തെങ്കിലും,[8] 2010-ൽ വേറെ 5 നഗരസഭകളുടെ കൂടെ കൂട്ടിച്ചേർത്ത് നൗപാക്തിയ എന്നൊരൊറ്റ നഗരസഭയായി രൂപീകരിച്ചു.
2007-ലെ ഗ്രീസിലുടനീളം ഉണ്ടായ കാട്ടുതീയിൽ പട്ടണത്തിന് നാശനഷ്ടങ്ങൾ ഉണ്ടായി.
പ്രധാന കാഴ്ചകൾ
[തിരുത്തുക]- നൗപാക്തോസ് കോട്ട : കടലിനഭിമുഖമായി വെനേത്തിയക്കാർ പണികഴിപ്പിച്ചതാണ് ഈ കോട്ട.
- നൗപാക്തോസ് തുറമുഖം : ലെപാന്തോ യുദ്ധസ്മാരകങ്ങളും, ഈ യുദ്ധത്തിൽ മരിച്ച വിഖ്യാത സ്പാനിഷ് എഴുത്തുകാരനായ മിഗ്വേൽ ദേ സെർവാന്തെസിന്റെ പ്രതിമയുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ.

- നൗപാക്തോസ് മ്യൂസിയം
- വി. ദിമിത്രിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി

- ഫത്തീയെ പള്ളി മ്യൂസിയം
ശ്രദ്ധാർഹരായ വ്യക്തികൾ
[തിരുത്തുക]- അഗെലാവോസ് (മി.മു. മൂന്നാം നൂറ്റാണ്ട്), രാജ്യതന്ത്രജ്ഞൻ
- യൊവാന്നേസ് അപ്പോകൗക്കോസ് (1233-ൽ കാലം ചെയ്തു), നൗപാക്തോസ് മെത്രാപ്പോലീത്ത 1200 മുതൽ 1232 വരെ
- യോർയോസ് അഥനാസിയാദിസ്-നോവാസ് (1893–1987), അഭിഭാഷകൻ, രാജ്യതന്ത്രജ്ഞൻ, മുൻ ഗ്രീക്ക് പ്രധാനമന്ത്രി
- എവാൻഗേലിയ പ്ലാത്താനിയോത്തി (1994), ഒളിമ്പിക് നീന്തൽ താരം, റിയാലിറ്റി ഷോ മത്സരാർത്ഥി
- അലെക്കോസ് ഫോസിയാനോസ് (1935–2022), ഗ്രീക്ക് ചിത്രകാരൻ
അന്താരാഷ്ട്ര ബന്ധങ്ങൾ
[തിരുത്തുക]നൗപാക്തോസിന്റെ ഇരട്ടനഗരങ്ങളാണ്
ഇറ്റലിയിലെ ചിങ്ക്വെ തെറ്രെ.
ക്രോയേഷ്യയിലെ ദുബ്രോവ്നിക്ക്.
സ്പെയിനിലെ പോന്തെവെദ്ര.
അവലംബങ്ങൾ
[തിരുത്തുക]- ↑ Pausanias (1918). "24.7". Description of Greece. Vol. 4. Translated by W. H. S. Jones; H. A. Ormerod. Cambridge, Massachusetts; London: Harvard University Press; William Heinemann – via Perseus Digital Library.
- ↑ Thucydides. History of the Peloponnesian War. Vol. 1.103, 2.83, et seq.
- ↑ Strabo. Geographica. Vol. ix. p.427. Page numbers refer to those of Isaac Casaubon's edition.
- ↑ Dem. Phil. iii. p. 120.
- ↑ Procop. B. Goth. 4.25.
- ↑ 6.0 6.1 6.2 Veikou 2012, pp. 466–468.
- ↑ Gregory 1991, pp. 1442–1443.
- ↑ Κεντρική Ένωση Δήμων και Κοινοτήτων Ελλάδας (ΚΕΔΚΕ), Ελληνική Εταιρία Τοπικής Ανάπτυξης και Αυτοδιοίκησης (ΕΕΤΑΑ) (Hrsg.): Λεξικό Διοικητικών Μεταβολών των Δήμων και Κοινοτήτων (1912–2001). 2 (Τόμος Β', λ–ω), Athens 2002, p. 185.