Jump to content

പരിയാനമ്പറ്റ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പരിയാനമ്പറ്റ പൂരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലബാറിലെ[1] ഒരു പ്രസിദ്ധ ഭഗവതി ക്ഷേത്രമാണ് ശ്രീ പരിയാനമ്പററ ഭഗവതി ക്ഷേത്രം. ആദിപരാശക്തിയും ജഗദീശ്വരിയുമായ ഭഗവതി ആണ് പ്രധാന പ്രതിഷ്ഠ. കൊല്ലൂർ മൂകാംബിക ചൈതന്യം തന്നെയാണ് ഇവിടുത്തെ ഭഗവതി എന്നാണ് വിശ്വാസം. മൂത്തേടത്തു മാടമ്പ് അംശം, കാട്ടുകുളം ദേശം.[2] ഇന്ന് പാലക്കാട് ജില്ല, ഒററപ്പാലം താലൂക്ക്. സിനിമ രംഗത്തെ ഒരു പ്രധാന ലൊക്കേഷൻ കൂടിയാണ് ഈ ക്ഷേത്രം.

നാമോല്പത്തി

[തിരുത്തുക]

പരിയാനി എന്നത് പാർവ്വതി എന്നതിൻറെ ഭാഷാ രൂപമാണെന്ന് കരുതാം.[3] ഈ പേര് ഇപ്രദേശത്തെ ദ്രാവിഡ വിഭാഗത്തിൽ സാധാരണയായി കണ്ടുവരുന്ന വ്യക്തിനാമമാകുന്നു.പൊററ ഭൂമിയുടെ സവിശേഷതയെ കാണിക്കുന്നു. പ്രാചീന കാലം തൊട്ടുള്ള ഒരു ആദിമവിഭാഗങ്ങളുടെ കാവാണ് എന്ന് കരുതുന്നതാണ് യുക്തം. ഇന്നും പൂരത്തിന് പറയവേലക്ക് കാവിൽ പ്രാധാന്യമുണ്ട്.

ചരിത്രം

[തിരുത്തുക]

പ്രാചീന നെടുങ്ങനാട്ടിലെ ഒരു പ്രഭുവായിരുന്നു മാമ്പററക്കാട്ട് നായർ എന്ന തൃക്കടീരി നായർ. ഇവർക്ക് നെയ്തിലൻ കണ്ടൻ എന്നാണ് സ്ഥാനാനാമമെന്ന് തോററം പാടുന്നു.

ഐതിഹ്യം

[തിരുത്തുക]

ഉദ്ദേശം 1400 വർഷങ്ങൾക്കു മുൻപ് പരിയാനംപറ്റ മനയ്ക്കലെ പരാശക്തിയുടെ ഉപാസകനായ ഒരു താപസ ശ്രേഷ്ഠൻ ഭൃത്യനോടൊപ്പം സാക്ഷാൽ ആദിപരാശക്തിയുടെ മൂലകേന്ദ്രമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ പോയി ഭജന നടത്തുകയും ദേവിയുടെ അനുഗ്രഹം വാങ്ങി, ശേക്ഷിച്ചകാലം നാട്ടിൽ വന്നു ഭജന നടത്താം എന്ന തീരുമാനത്തോടെ തിരിച്ചു പോരുകയുണ്ടായി. യാത്രാമദ്ധ്യേ ഒരരുവിയുടെ തീരത്ത് ക്ഷീണം തീർക്കാനായി ഇരുന്ന ആ താപസ ശ്രേഷ്ഠൻ സ്വന്തം സാധനങ്ങളടങ്ങിയ ഭാണ്ടം തുറന്നു നോക്കിയപ്പോൾ ഭഗവതിയുടെ ഒരു തിടമ്പ് കാണുകയും തപ:ശക്തിയാൽ കാര്യം ഗ്രഹിച്ച് ആ താപസ്വി തിടമ്പ് അവിടെതന്നെ പ്രതിഷ്ഠിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. പഴയ വള്ളുവനാട്ടിലെ 14 ദേശക്കാരെയും വരുത്തി അന്നത്തെ ദേശപ്രമാണിമാരായ കൊല്ലം, നല്ലൂർ, പൊറ്റക്കാട് മൂത്ത പണിക്കന്മാരുടെ നേത്രുത്യത്തിൽ പ്രസിദ്ധമായ ഈക്കാട്ടു മനയ്ക്കലെ തന്ത്രിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു. പരിയാനമ്പറ്റ മനയ്ക്കലെ താപസ ശ്രേഷ്ഠൻ കൊണ്ടുവന്ന തിടമ്പായതിനാൽ പരിയാനമ്പറ്റ ഭഗവതി എന്നു നാമകരണം ചെയ്തു. മൂകാംബികാക്ഷേത്രത്തിലെ പോലെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഐക്യരൂപത്തിൽ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

പ്രതിഷ്ഠ

[തിരുത്തുക]

ചതുർബാഹുവും സാക്ഷാൽ ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. കൊല്ലൂർ മൂകാംബിക ചൈതന്യം ആണെന്ന് വിശ്വാസം. എങ്കിലും മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ ഭഗവതിയുടെ മറ്റു പ്രധാന ഭാവങ്ങളിലും ആരാധിക്കപ്പെടുന്നു. ഭൈരവനാണ് പ്രധാന ഉപപ്രതിഷ്ഠ. മഹാദേവന്റെ രൗദ്ര രൂപമാണ് ഭൈരവൻ. കാശിയിലുള്ള കാലഭൈരവ ക്ഷേത്രം പ്രസിദ്ധമാണ്. കൂടാതെ മഹാഗണപതിയും വാഴുന്നു.

പ്രധാന വഴിപാടുവിവരങ്ങൾ

[തിരുത്തുക]

മുട്ടറുക്കൽ അഥവാ നാളികേരം മുട്ടൽ

[തിരുത്തുക]

പരിയാനം മ്പറ്റ ഭഗവതി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മുട്ടറുക്കൽ അഥവാ നാളികേരം മുട്ടൽ. കേരളത്തിൽത്തന്നെ കാടാമ്പുഴ ഭഗവതി ക്ഷേത്രം കഴിഞ്ഞാൽ മുട്ടറുക്കൽ പ്രധാന ഒരു വഴിപാടായി നടത്തുന്നത് ഇവിടെയാണ്.[അവലംബം ആവശ്യമാണ്] പ്രധാനമായി ദേഹമുട്ട്, ശത്രുമുട്ട്, കർമ്മമുട്ട്, തൊഴിൽമുട്ട് എന്നിവ നടത്തിവരുന്നു.

ഗുരുതി പൂജ

[തിരുത്തുക]

ക്ഷേത്രത്തിലെ ഉപദേവക്ഷേത്രമായ ഭൈരവ ക്ഷേത്രത്തിൽ എല്ലാ ചൊവാഴ്ചയും ഗുരുതി പൂജ നടക്കുന്നു. ഉദ്ദിഷ്ടകാര്യസാധ്യത്തിനും കാലദോഷശാന്തിക്കും ശത്രുതാദോഷത്തിനും ദുരിതമുക്തിക്കും ഈ പൂജകഴിക്കുന്നത് വളരെ നല്ലതാണ് എന്ന് വിശ്വാസം. Kalvilakku.jpg

വെളിച്ചപ്പാട് രാമൻ നായർ

[തിരുത്തുക]

53 വർക്ഷക്കാലം പരിയാനം മ്പറ്റ ക്ഷേത്രത്തിലെ വെളിച്ചപ്പാടായിരുന്നു പാറോല രാമൻ നായരുടെ മരുമകനായ രാമൻ നായർ. ഇദ്ദേഹത്തിന്റെ കാലത്തെ ക്ഷേത്രത്തിന്റെ സുവർണ്ണകാലമായി ഭക്തജനങ്ങൾ കരുതുന്നു.[അവലംബം ആവശ്യമാണ്] 15 മത്തെ വയസ്സിൽ വെളിച്ചപ്പാടായ രാമൻ നായർ , നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഈ കാലഘട്ടത്തിൽ ക്ഷേത്രത്തിന്റെ കീഴേടമായ കല്ലുവഴി അയ്യപ്പൻ കാവിലെ വെളിച്ചപ്പാട് പത്മനാഭൻ നായരും നാരായണൻ വെളിച്ചപ്പാടിന്റെ ശിക്ഷ്യനായിരുന്നു. ഇരുവരും ഗുരുവിനെപ്പോലെത്തന്നെ പാന , പള്ളിപ്പാന , കളം പാട്ട് , ക്ഷേത്രാചാരങ്ങൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുള്ളവരായിരുന്നു. 1977 ൽ രാമൻ നായർ അന്തരിച്ചു. പാറോല തറവാട്ടുകാരാണ് പാരമ്പര്യമായിവിടെ വെളിച്ചപ്പാടായിവരുന്നത്.[അവലംബം ആവശ്യമാണ്]

ക്ഷേത്രം ആന പരമേശ്വരൻ

[തിരുത്തുക]

പരിയാനമ്പറ്റ ദേവസം ആനയാണ് ശ്രീ പരമേശ്വരൻ. 2006 ലാണ് ശ്രീ പരമേശ്വരനെ ക്ഷേത്രത്തിലേക്ക് നടയിരുത്തിയത്. മംഗലാംകുന്നിലെ ശകുന്ദള അമ്മാളും മക്കള്ളായ പരമേശ്വരനും സഹേദരങ്ങളുമാണ് ആനയെ നടയിരുത്തിയത്.[അവലംബം ആവശ്യമാണ്] മുമ്പും ക്ഷേത്രത്തില് ആനയുണ്ടായുരുന്നു. സിന്ദൂരച്ചെപ്പ് എന്ന മലയാളചലച്ചിത്രത്തിൽ ഗോപിയായി അഭിനയിചച ആന ഈ ക്ഷേത്രത്തിലെ വിശ്വകുമാർ എന്ന ഗജവീരനായിരുന്നു.

മൂർത്തിയാട്ടം

[തിരുത്തുക]

പരിയാനമ്പറ്റ പൂരത്തിന്റെ വലിയാറാട്ടുദിവസം ഉച്ചപൂജ കഴിഞ്ഞാല് അത്താഴപൂജ വരെയുള്ള സമയം മാനസിക പ്രശ്നങ്ങളോ ബാധാ ദോഷങ്ങളോ ഉള്ള ആളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ ഉറഞ്ഞു തുള്ളി ക്ഷേത്രത്തിൽ വന്ന് ഉന്മാദ നൃത്തം ചെയ്യുന്നു. മൂർത്തിയാട്ടം എന്ന പേരിലാണിത് അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാരി ശംഖുതീർത്ഥം തളിച്ചാൽ മൂർത്തിയാട്ടം നിൽക്കുകയും പിന്നീട് അസുഖങ്ങൾ ഉണ്ടാവില്ല എന്നാണ് വിശ്വാസം. ചോറ്റാനിക്കര കഴിഞ്ഞാൽ പരിയാനമ്പറ്റയിൽ മാത്രമാണ് ഇത്തരത്തിൽ മൂർത്തിയാട്ടം ഉള്ളത്.[അവലംബം ആവശ്യമാണ്]

ഉത്സവങ്ങളും വിശേഷ ദിവസങ്ങളും

[തിരുത്തുക]

ഇന്ന് കേരളത്തിലെത്തന്നെ പ്രശസ്തമായ പൂരങ്ങളിൽ ഒന്നായിമാറിക്കഴിഞ്ഞ പരിയാനമ്പറ്റ പൂരം കേരളസർക്കാറിന്റെ ടൂറിസ്റ്റ് ഭൂപടത്തിലും സർക്കാർപട്ടികയിലും സ്ഥാനം പിടിച്ചിരിക്കുന്നു. [അവലംബം ആവശ്യമാണ്] കുംഭമാസത്തിലെ പൂരമാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. കുംഭം ഒന്നിന്ന് കൊടിയേറ്റവും ഏഴാം ദിവസം പൂരവുമാണ്. ഒന്നാം തീയതിയാണ് കൊടിയേറ്റം. തുടർന്ന് പതിനാലുദേശങ്ങളിൽ നിന്നും പറയെടുപ്പും ക്ഷേത്രത്തിൽ വിശേഷാൽ പരിപാടികളും ഉണ്ടായിരിക്കും. പൂരം ദിവസം രാവിലെ കാഴ്ച ശീവേലിയും ഉണ്ട്. വെക്കീട്ട് വടക്കൻ പൂരം, കിഴക്കൻ പൂരം, പടിഞ്ഞാറൻ പൂരം എന്നിവ നാലുമണിയോടുക്കൂടി ക്ഷേത്രാങ്കണത്തിൽ അണിനിരക്കുന്നു. ഇണക്കാളയും തേരും ഇവിടുത്തെ പ്രത്യേകതകളാണ്. ഉത്സവകാലത്ത് തോൽപ്പാവക്കൂത്തും കളം പാട്ടും വിശേഷാൽ പരിപാടികളായി നടന്നുവരുന്നു. ഇതുക്കൂടാതെ തിറ, പൂതൻ, കരിവേല , വേഷങ്ങൾ എന്നിവയും ഉത്സവത്തിന് മാറ്റുക്കൂട്ടുന്നു.

വടക്കൻ പൂരം

[തിരുത്തുക]

വടക്കൻ പൂരം ഈശ്വരമംഗലം ശ്രീ അയ്യംകുളങ്ങര ശിവക്ഷേത്രം, ശ്രീകൃഷ്ണപുരം ശ്രീ വടുകനാംകുർശി ദുർഗ്ഗാ ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് പെരുമാങ്ങോട് ശ്രീ മുടവനംകുന്ന് അയ്യപ്പക്ഷേത്രത്തിൽ ഒത്തുചേർന്ന് അവിടെനിന്ന് പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ മംഗലാംകുന്നു വഴി പരിയാനംമ്പറ്റ ക്ഷേത്രസന്നിധിയിലേക്ക് എത്തിചേരുന്നു.

കിഴക്കൻ പൂരം

[തിരുത്തുക]

കിഴക്കൻ പൂരം കാട്ടുകുളം ശിവക്ഷേത്രം, താനായ്ക്കൽ ക്ഷേത്രം, എടമന മഹാവിഷ്ണുക്ഷേത്രം, പുഞ്ചപ്പാടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട് അമ്മയുടെ കിഴക്കേ മുറ്റത്ത് പഞ്ചവാദ്യത്തിന്റെയും ഗജവീരൻ മാരുടെയും അകമ്പടിയോടെ ക്ഷേത്രമുറ്റത്ത് അണിനിരക്കുന്നു.ആലവട്ടവും വെൻ ചാമരവും കുടമാറ്റവും കിഴക്കൻ പൂരത്തിന് മാറ്റുകൂട്ടുന്നു.

പടിഞ്ഞാറൻ പൂരം

[തിരുത്തുക]

അടക്കാപുത്തൂർ ശേഖരപുരം ധന്വന്തരി ക്ഷേത്രം, ഹെസ്ക്കൂൾ, കുളക്കാട് ശിവക്ഷേത്രം , കല്ലുവഴി മേക്കാംകാവിൽ നിന്നും പുറപ്പെട്ട് കല്ലുവഴി വള്ളൂർമന ജംഗഷനിൽ സംഗമിച്ച് പടിഞ്ഞാറെ ആൽത്തറ വഴി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരുന്നു. പഞ്ചവാദ്യവും ഗജവീരൻ മാരും പടിഞ്ഞാറൻ പൂരത്തിന് നിറപ്പൊലിമയേകുന്നു.

നവരാത്രി

[തിരുത്തുക]

കൊല്ലൂർ മൂകാംബിക സങ്കല്പമുള്ള ഈ ക്ഷേത്രത്തിൽ നവരാത്രി ഉത്സവം അതിപ്രധാനമാണ്‌. ഇവിടുത്തെ വിദ്യാരംഭം അതിവിശേഷവും മൂകാംബികയിലെ മഹാസരസ്വതി സന്നിധിയിൽ നടത്തുന്നതിന് തുല്യവുമാണ് എന്നാണ് വിശ്വാസം. ധാരാളം കുട്ടികളാണ് ഇവിടെ ഓരോ വർഷവും വിദ്യാരംഭം കുറിക്കുവാൻ എത്താറുള്ളത്. ഒൻപത് ദിവസങ്ങളിൽ ഭഗവതിയെ വ്യത്യസ്ത ഭാവങ്ങളിൽ ആരാധിക്കുന്ന ഈ ഉത്സവത്തിന് സംഗീതം, നൃത്തം, അക്ഷരം, വാക്ക്, അറിവ്, വിദ്യ തുടങ്ങിയവയുടെ ദൈവീകതയ്ക്കും പ്രാധാന്യം നൽകുന്നു.

തൃക്കാർത്തിക

[തിരുത്തുക]

വൃശ്ചിക മാസത്തിലെ തൃക്കാർത്തിക മറ്റൊരു വിശേഷ ദിവസമാണ്‌.

കുറിപ്പുകൾ

[തിരുത്തുക]

കേരളത്തിലെ സിനിമാക്കാരുടെ വള്ളുവനാട്ടിലെ പ്രധാനപ്പെട്ട ഒരു ചിത്രീകരണസ്ഥലമായി ശ്രീ പരിയാനമ്പറ്റ ക്ഷേത്രം അടുത്തലകാലത്തായി മാറിക്കഴിഞ്ഞു. [1]

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
  • ഒറ്റപ്പാലത്തുനിന്ന് 15 കി.മി ( ഒറ്റപ്പാലം – മണ്ണാർക്കാട് റൂട്ടിൽ) വടക്കുമാറി പാലക്കാട് –ചെർപ്പുള്ളശ്ശേരി റൂട്ടിൽ (33 കി.മി ) മംഗലാംകുന്ന് ബസ്സിറങ്ങി 1 കി. മി. ദൂരം വന്നാൽ പരിയാനമ്പറ്റ ക്ഷേത്രത്തിലെത്താം.

അവലംബം

[തിരുത്തുക]
  1. Logan (1887). Malabar (2 vols). Madras.{{cite book}}: CS1 maint: location missing publisher (link)
  2. Lts. Ward & Conner (1995). A Descriptive Memoir of Malabar, Reprint. Trivandrum.{{cite book}}: CS1 maint: location missing publisher (link)
  3. എസ് രാജേന്ദു (2012). നെടുങ്ങനാട് ചരിത്രം, പ്രാചീന കാലം മുതൽ എ.ഡി.1860 വരെ. പെരിന്തൽമണ്ണ.{{cite book}}: CS1 maint: location missing publisher (link)