Jump to content

പാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഥേരവാദ ബുദ്ധമതത്തിന്റെ പാലിഭാഷയിലുള്ള ത്രിപിഠകസംഹിതയത്രയും, മ്യാന്മാറിൽ മൻഡലേയിലെ കുഥോഡാ പഗോഡയിൽ 729 മാർബിൾ പാളികളുടെ ഇരുപുറങ്ങളിലുമായി എഴുതിവച്ചിരിക്കുന്നു. ഓരോപുറത്തും 80 മുതൽ 100 വരെ വരികളുണ്ട്.

മദ്ധ്യ ഇൻഡോ-ആര്യൻ ഭാഷകൾ അഥവാ പ്രാകൃതങ്ങൾ എന്ന വർഗ്ഗത്തിലെ ഒരു ഭാഷയാണ് പാലി. ബുദ്ധമതത്തിന്റെ പവിത്രഗ്രന്ഥങ്ങളുടെ ലഭ്യമായതിൽ ഏറ്റവും പഴയ സംഹിതയായ ത്രിപിഠകങ്ങളുടെ ഭാഷ,[1] ഥേരവാദ-ബുദ്ധമതത്തിന്റെ അനുഷ്ഠാനഭാഷ[2] എന്നീ നിലകളിൽ അത് പ്രധാനമാണ്. മലയാളത്തിനു പാലി ഭാഷയുമായി അവഗണിക്കാനാവാത്ത ബന്ധമുണ്ട്. പാലിയിൽ നിന്ന് കടംകൊണ്ട അനേകം വാക്കുകൾ പിന്നീടുണ്ടായ സംസ്കൃതത്തിന്റെ പ്രഭാവത്തേയും അതിജീവിച്ച് മലയാളത്തിൽ നിലനിൽക്കുന്നു.[3]

പാലി എന്ന വാക്ക് പവിത്രലിഖിതങ്ങളിലെ വചനങ്ങളെ അല്ലെങ്കിൽ വരികളെ സൂചിപ്പിക്കുന്നു. ഭാഷയ്ക്ക് ഈ പേര് കിട്ടിയത് ബുദ്ധമതഗ്രന്ഥങ്ങളുടെ വ്യാഖ്യാനപാരമ്പര്യത്തിൽ നിന്നാണ് എന്നു കരുതപ്പെടുന്നു. പവിത്രരചനയുടെ മൂലത്തിൽ നിന്ന് ഒരു വരി അല്ലെങ്കിൽ 'പാലി' അവതരിപ്പിച്ചിട്ട് പ്രാദേശികഭാഷയിൽ അതിന്റെ അർത്ഥം വ്യക്തമാക്കുകയായിരുന്നു വ്യാഖ്യാനരീതി. പ്രാദേശികഭാഷയിലുള്ള അർത്ഥത്തിൽ നിന്ന് ഭിന്നമായി നിന്ന മൂലഗ്രന്ഥഭാഗം 'പാലി' എന്നു വിളിക്കപ്പെടാൻ ഇതു കാരണമായി. ക്രമേണ അത് പവിത്രരചനയുടെ മൂലഭാഷയുടെ തന്നെ പേരായി. ഭാഷക്ക് ഇങ്ങനെ വന്നുചേർന്ന ഈ പേരുതന്നെ എക്കാലത്തും പണ്ഡിതന്മാർക്കിടയിൽ ചർച്ചാവിഷയമായിരുന്നു. പേരിന്റെ ശരിയായി ഉച്ചാരണത്തെക്കുറിച്ചും അഭിപ്രായൈക്യമില്ല. അതിലെ രണ്ടു വ്യഞ്ജനങ്ങൾക്കിടയിലുള്ള സ്വരം ഹ്രസ്വമായും ദീർഘമായും(പ, പാ) ഉച്ചരിക്കുന്നവരുണ്ട്. രണ്ടാമത്തെ വ്യഞ്ജനത്തിന്റെ കാര്യത്തിലും തർക്കമുണ്ട്. ചിലർക്ക് അത് 'ല'യും മറ്റുള്ളവർക്ക് 'ള'യും ആണ്. ('L' with retroflex or non-retroflex sound). ഭാഷയുടെ പേര് നാലുവിധത്തിൽ എഴുതപ്പെടാൻ ഈ തർക്കങ്ങൾ ഇടയാക്കുന്നു. പേരിന് പാലി നിഘണ്ടുകാരനായ ആർ.സി. ചൈൽഡേഴ്സ് നൽകുന്ന പരിഭാഷ 'ശ്രേണി'(series-പരമ്പര) എന്നാണ്. ഭാഷയുടെ വ്യാകരണഘടനയുടെ തികവിനെയാണ് ആ പേര് സൂചിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ മതം.[4]

ചരിത്രം

[തിരുത്തുക]
തായ്‌ലൻഡിലെ ഒരു ത്രിപിഠകശേഖരം

പശ്ചാത്തലം

[തിരുത്തുക]

പ്രാകൃതഭാഷാകുടുംബത്തിലെ ഒരു സാഹിത്യഭാഷയാണ് പാലി. ക്രിസ്തുവിന് മുൻപ് ഒന്നാം നൂറ്റാണ്ടിൽ ബുദ്ധമതത്തിന്റെ പവിത്രലിഖിതങ്ങൾ ശ്രീലങ്കയിൽവച്ച് ആ ഭാഷയിൽ എഴുതപ്പെട്ടപ്പോൾ, പാലി ജീവഭാഷയോട് അടുത്തുനിന്നിരുന്നു; എന്നാൽ പവിത്രരചനകളുടെ വ്യാഖ്യാനങ്ങളുടെ സമയമായപ്പോൾ ഈ നിലമാറി.[5] ഈ വിഷയത്തിൽ ഏറെ പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും, പാലിയും പുരാതനമഗധാരാജ്യത്തിലെ സംസാരഭാഷയും തമ്മിലുള്ള ബന്ധം എന്നായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി നിൽക്കുന്നു. പഴയ മഗധ പുരാതനഭാരതത്തിന്റെ വടക്കുപടിഞ്ഞാറ് ബലൂചിസ്ഥാനോടുചേർന്ന ഭാഗത്തായിരുന്നെന്നും കിഴക്കോട്ടുമാറിയുള്ള പ്രദേശം ആ പേരിൽ അറിയപ്പെടാൻ തുടങ്ങിയത് അശോകന്റെ കാലത്താണെന്നും അടുത്ത കാലത്ത് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും[6][7][8]മഗധ ഇപ്പോഴത്തെ ബിഹാറിനടുത്തായിരുന്നെന്നാണ് മിക്കവാറും പണ്ഡിതന്മാർ കരുതുന്നത്.

ആദ്യകാലബുദ്ധമതക്കാർ പാലിയെ, പഴയ മാഗധിക്ക് സമാനമായതോ അതിന്റെ പിന്തുടർച്ചയിൽ ഉത്ഭവിച്ചതോ ആയ ഭാഷയായി കരുതി. ഥേരവാദബുദ്ധമതത്തിന്റെ പുരാതനരേഖകളിൽ പലതിലും പാലി പരാമർശിക്കപ്പെടുന്നത് 'മാഗധൻ' അല്ലെങ്കിൽ "മഗധത്തിലെ ഭാഷ" എന്നാണ്. എന്നാൽ, ക്രി.മു. മൂന്നാം നൂറ്റാണ്ടിലെ അശോകശാസനങ്ങളിൽ കാണപ്പെടുന്ന പിൽക്കാലമാഗധി, കിഴക്കൻ ഭാരതത്തിലെ ഭാഷയായിരുന്നെങ്കിൽ പാലിക്ക് പശ്ചിമേന്ത്യയിൽ കാണപ്പെടുന്ന ലിഖിതങ്ങളോടാണ് സമാനത എന്നത് ഈ പ്രശ്നത്തെ സങ്കീർണ്ണമാക്കുന്നു. പുരാതനമഗധ വടക്കുപടിഞ്ഞാറൻ ഭാരതത്തിലായിരുന്നു എന്നാവാം ഒരുപക്ഷേ ഇതിലേയും സൂചന.[9] ജൈനമതഗ്രന്ഥങ്ങളിൽ സംരക്ഷിക്കപ്പെട്ട് ഇന്ന് ലഭ്യമായ മാഗധിയുടെ പഴയരൂപങ്ങളിലൊന്നായ അർദ്ധമാഗധിയും പാലിയും തമ്മിൽ ശ്രദ്ധേയമായ സമാനതകളുണ്ട്. അശോകശാസനങ്ങളിലെ കിഴക്കൻ പ്രാകൃതത്തിൽ നിന്ന് അർദ്ധമാഗധിക്കും പാലിക്കും ഒരേതരം വ്യത്യാസങ്ങളാണുള്ളത്. ജൈനമതത്തിലെ ഇരുപത്തിനാലാം തീർഥങ്കരനായിരുന്ന മഹാവീരന്റേയും ഗൗതമബുദ്ധന്റേയും സന്ദേശങ്ങളുടെ പ്രഘോഷണവേദിയായിരുന്നു മഗധം എന്നറിയുമ്പോൾ പാലിയും അർദ്ധമാഗധിയും തമ്മിലുള്ള സമാനതകൾ ആകസ്മികമല്ലെന്ന് വ്യക്തമാവും.


മദ്ധ്യ ഇൻഡോ ആര്യൻ ഭാഷയായ പാലി, സംസ്കൃതത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നത് അതിന്റെ ഉത്ഭവത്തിലേക്ക് നയിച്ച സംസാരഭാഷാപാരമ്പര്യം(dialectal base) വ്യത്യസ്തമായതുകൊണ്ടാണ്. ഇരുഭാഷകളിലേയും പദോല്പത്തിനിയമങ്ങളേയും പദസമ്പത്തിനേയും അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിൽ നിന്ന് സാധ്യമായ അനുമാനം, വൈദികസംസ്കൃതത്തിന്റെ നേർപാരമ്പര്യത്തിൽ നിന്ന് വേറിട്ട് വികസിച്ച ഭാഷയാണ് പാലി എന്നാണ്. ഋഗ്വൈദിക ഭാഷയുമായി സമാനതകൾ പുലർത്തിയിരുന്നെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായിരുന്ന സംസാരഭാഷാപാരമ്പര്യത്തിലോ പാരമ്പര്യങ്ങളിലോ ആണ് പാലിയുടെ അടിത്തറ.[10]

ബുദ്ധനും പാലിയും

[തിരുത്തുക]

ബുദ്ധന്റെ കാലത്തെ ഉത്തരേന്ത്യയിൽ വ്യത്യസ്തഭാഷകൾ സംസാരിച്ചിരുന്നവർക്കിടയിൽ സംസ്കാരിക സംസർഗ്ഗത്തിനുള്ള ഉപാധിയായി ബുദ്ധൻ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ച കണ്ണിഭാഷ(Lungua Franca) ആയാണ് പാലിയുടെ തുടക്കം എന്ന് പ്രഖ്യാത ഥേരാവാദബുദ്ധമതഗവേഷകനും പാലിപണ്ഡിതനുമായി റിസ് ഡേവിഡ്സിന്റെ ബൗദ്ധഭാരതം, വിൽഹെം ഗൈഗറുടെ പാലി സാഹിത്യവും ഭാഷയും എന്നീ കൃതികളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അക്കാലത്ത് "ആര്യൻ ഭാഷകൾ സംസാരിച്ചിരുന്ന ജനതകളുടെ സംസ്കൃതവും ഉദാത്തവുമായ പൊതുഭാഷയായിരുന്നു പാലി" എന്ന് മറ്റൊരുപണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ട്.[11] ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ പരസ്പരം പോരടിക്കുന്ന ഒട്ടേറെ സിദ്ധാന്തങ്ങളല്ലാതെ അഭിപ്രായൈക്യമില്ല. പുരാതനമഗധ ഉത്തരപൂർവഭാരതത്തിലായിരുന്നുവെന്ന സങ്കല്പമാണ് ഈ സിദ്ധാന്തങ്ങൾക്കെല്ലാം പൊതുവായുള്ളത്.[12] ബുദ്ധന്റെ നിർവാണത്തിനുശേഷം അദ്ദേഹത്തിന്റെ അനുയായികൾടയിൽ അദ്ദേഹം ഉപയോഗിച്ച ഭാഷയിൽ നിന്ന്, കൃത്രിമമായ ഒരു പുതുഭാഷയായി പാലി വികസിച്ചിരിക്കാം.[13] ഇക്കാര്യത്തിൽ ഇപ്പോൾ പണ്ഡിതന്മാർക്കിടയിലുള്ള നിലപാടുകളെ സംഗ്രഹിച്ച് ബോധിഭിക്ഷു പറയുന്നത്, "ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷയോ ഭാഷകളോ ആയി അടുത്തബന്ധമുള്ള ഭാഷയാണ് പാലി" എന്നാണ്. അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതുന്നു:

മൂന്നാം നൂറ്റാണ്ടിൽ നിലവിലുരുന്ന പല പ്രാകൃതഭാഷകളുടേയും സങ്കരത്തിൽ നിന്ന് ഭാഗികമായ സംസ്കൃതവൽക്കരണത്തിലൂടെ രൂപപ്പെട്ട ഭാഷയായാണ് പണ്ഡിതന്മാർ അതിനെ കണുന്നത്. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷകളിൽ ഏതെങ്കിലും ഒന്നല്ല അതെങ്കിലും, ആ ഭാഷകളുടെ ബൃഹദ്കുടുംബത്തിൽ പെടുന്നതും അവയുടെ ഭാവനാപശ്ചാത്തലം(conceptual matrix) പങ്കിടുന്നതുമാണത്. വിശാലമായ ഭാരതീയസംസ്കൃതിയിൽ നിന്ന് ബുദ്ധന് പൈതൃകമായി കിട്ടിയ ലോകവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന ഭാഷ എന്ന നിലയിൽ അതിലെ വാക്കുകൾ അദ്ദേഹത്തിന്റെ ചിന്താലോകത്തിന്റെ സൂക്ഷ്മഭാവത്തെ സംവഹിക്കുന്നു.[14]

ബുദ്ധന്റെ ഭാഷയും പാലിയുമായുള്ള ബന്ധം എന്തുതന്നെയായിരുന്നാലും, അദ്ദേഹത്തിന്റെ വചനങ്ങൾ കാലക്രമത്തിൽ രേഖപ്പെടുത്തപ്പെട്ടതും സം‌രക്ഷിക്കപ്പെട്ടതും ആ ഭാഷയിലാണ്. ആ വചനങ്ങളെ പിന്തുടർന്ന വ്യാഖ്യാനപാരമ്പര്യം അവയുടെ സിംഹളഭാഷാമൊഴിമാറ്റത്തിലൂടെയാണ് ബുദ്ധഘോഷന്റെ കാലം‌വരെയുള്ള തലമുറകളിൽ നിലനിന്നത്. പഴയ മാഗധി തന്നെയാണ് പാലി എന്നുവിശ്വസിച്ച ആർ സി. ചൈൽഡേഴ്സ് ഇങ്ങനെ പറയുന്നു: "ഗൗതമന്റെ പ്രഘോഷണങ്ങൾ നടക്കാതിരുന്നെങ്കിൽ, പുരാതനഭാരതത്തിലെ ഭാഷകൾക്കിടയിൽ ഏറെ മേന്മയുള്ള സ്ഥാനമൊന്നും മാഗധിക്ക് കിട്ടുമായിരുന്നില്ല. അതിന്റെ സ്വാഭാവികഭംഗിയുടേയും ശക്തിയുടേയും ബലത്തിൽ, അനേകം പ്രാകൃതങ്ങൾക്കിടയിൽ പുരാതന ഇറ്റയിലെ നാട്ടുഭാഷകൾക്കിടയിൽ ടസ്ക്കനിയിലെ നാട്ടുഭാഷക്ക് ഉണ്ടായിരുന്ന സ്ഥാന്മാണ് പരമാവധി അതിന് കിട്ടുമായിരുന്നത്."[15]

അപചയം, അതിജീവനം

[തിരുത്തുക]

പാണിനിയുടെ വ്യാകരണത്തിന്റെ ബലത്തിൽ ആധിപത്യം പരത്തിയ ക്ലാസ്സിക്കൽ സംസ്കൃതം മത-സാസ്കാരികഭാഷയെന്ന നിലയിൽ പാലിക്ക് ഭാരതത്തിലുണ്ടായിരുന്ന സ്ഥാനം ക്രമേണ കയ്യടക്കി. ശ്രീലങ്കയിലും സംസ്കൃതം പ്രബലമാകാനും പാലി ക്ഷയിക്കാനും തുടങ്ങിയെങ്കിലും ഈ പ്രവണതക്ക് ക്രി.വ. നാല്-അഞ്ച് നൂറ്റാണ്ടുകൾകളോടെ വിരാമമാവുകയും പാലി അതിന്റെ പ്രാധാന്യം നിലനിർത്തുകയും ചെയ്തു. ബുദ്ധമതചിന്തയുടേയും പാണ്ഡിത്യത്തിന്റേയും ഭാഷയെന്ന നിലയിലുള്ള അതിന്റെ പ്രാധാന്യം പുന:സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഉത്തരേന്ത്യയിൽ ബുദ്ധഗയക്കടുത്ത് ജനിച്ച് ശ്രീലങ്കയിലെത്തിയ ബുദ്ധഘോഷനാണ്. അദ്ദേഹത്തിന്റെ വിശുദ്ധിമാർഗ്ഗം എന്ന കൃതിയും മറ്റുവ്യാഖ്യാനരചനകളും മൂന്നാം നൂറ്റാണ്ടുമുതൽ ശ്രീലങ്കയിൽ വികസിച്ചുവന്ന സിംഹളഭാഷയിലെ വ്യാഖ്യാനപാരമ്പര്യത്തിന്റെ നേട്ടങ്ങളെ സംഗ്രഹിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.


ആധുനികകാലത്ത് പാലി പഠിക്കുന്നവരുടെ ലക്‌ഷ്യം പ്രധാനമായും ബുദ്ധമതസംഹിതകളിൽ അറിവുനേടുകയെന്നതാണ്. ബുദ്ധമതാനുഷ്ടാനങ്ങളിലെ ആലാപനഭാഷ എന്ന പ്രാധാന്യവും അതിനുണ്ട്. ചരിത്രരേഖകൾ, വൈദ്യസംഹിതകൾ, ശിലാലിഖിതങ്ങൾ, എന്നിവയടങ്ങിയ പാലിയിലെ മതേതരസാഹിത്യവും ഏറെ ചരിത്രപ്രാധാന്യമുള്ളതാണ്. ഇന്ന് പാലിപഠനത്തിന്റെ മുഖ്യകേന്ദ്രങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിൽ ഥേരവാദബുദ്ധമതത്തിന് പ്രാബല്യമുള്ള രാഷ്ട്രങ്ങളായ മ്യാന്മാർ, ശ്രീലങ്ക, തായ്‌ലൻഡ്, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലാണ്. പാലിപഠനത്തിന്റെ പുനരുദ്ധാരണത്തിനായി പത്തൊൻപതാം നൂറ്റാണ്ടുമുതൽ രൂപം കൊണ്ട സഭകൾ ഇൻഡ്യയിലും ആ ഭാഷയുടേയും അതിന്റെ സാഹിത്യത്തിന്റേയും പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്. അങ്കരിക ധർമ്മപാലന്റെ മഹാബോധിസഭ ഈ സഭകളിൽ പ്രധാനമാണ്.

പാലി, ബുദ്ധവചനങ്ങളുടെ മാത്രം ഭാഷയായിരുന്നില്ലെന്ന് വൈദ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആ ഭാഷയിൽ എഴുതപ്പെട്ട അനേകം മതേതര രചനകൾ തെളിയിക്കുന്നു. എന്നാൽ പണ്ഡിതലോകത്തിന് ആ ഭാഷയിലുള്ള താത്പര്യത്തിന്റെ പ്രധാനകാരണം അതിലെ മത-ദാർശനിക സാഹിത്യങ്ങളും ബുദ്ധമതത്തിന്റെ വികാസത്തിന്റെ ഒരുഘട്ടത്തിലേക്ക് അവയിലൂടെ സാധ്യമാകുന്ന ജാലകക്കാഴ്ചയുമാണ്.

പാലി യൂറോപ്പിൽ

[തിരുത്തുക]

1881-ൽ സ്ഥാപിതമായ പാലിപാഠസമിതി യൂറോപ്യൻ പണ്ഡിതന്മാർക്കിടയിൽ ആ ഭാഷ പ്രചരിക്കാൻ ഏറെ സഹായിച്ചു. ബ്രിട്ടൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആ സമിതി പാലികൃതികളുടെ റോമൻലിപിയിലുള്ള പതിപ്പുകളും പരിഭാഷകളും പ്രസിദ്ധീകരിക്കുന്നു. സമിതിയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ റോബർട്ട് സീസർ ചൈൽഡേഴ്സിന്റെ ഗവേഷണത്തിന്റെ ഫലമായി, 1869-ൽ ആദ്യത്തെ പാലി നിഘണ്ടു പ്രസിദ്ധീകരിക്കപ്പെട്ടു. 1876-ൽ ആ നിഘണ്ടുവിന് താരതമ്യഭാഷാശാസ്ത്രത്തിന്റെ രംഗത്തെ ഫ്രഞ്ച് പുരസ്കാരമായ വോൾനി സമ്മാനം ലഭിച്ചു.


പത്തൊൻപതാം നുറ്റാണ്ടിലെ ഇംഗ്ലണ്ട്ഇംഗ്ലണ്ടിൽ പൗരസ്ത്യവിജ്ഞാനവുമായി ബന്ധപ്പെട്ട മേഖലകൾക്ക് പരിമിതമായ ധനസഹായമേ ലഭ്യമായിരുന്നുള്ളു. ഈ കുറവ് നികത്തുകയെന്ന ലക്‌ഷ്യത്തോടെയാണ് പാലിപാഠസമിതി രൂപം കൊണ്ടത്. കോളനികൾ വഴി പൗരസ്ത്യനാടുകളുമായി പ്രത്യേകബന്ധം സ്ഥാപിക്കാതിരുന്നിട്ടും, ജർമ്മനി, റഷ്യ, ഡെന്മാർക്ക് തുടങ്ങിയ രാഷ്ട്രങ്ങൾ സംസ്കൃതത്തിന്റേയും പ്രാകൃതത്തിന്റേയും മറ്റും പഠനത്തിൽ ഇംഗ്ലണ്ടിനേക്കാൾ പുരോഗതി നേടി. ആ അവസ്ഥ ഒരളവുവരെ ഇന്നും നിലനിക്കുന്നുവെന്ന് പറയാം. ഡെന്മാർക്കിലെ രാജകീയ ഗ്രന്ഥാലയം പോലെയുള്ള സ്ഥാപനങ്ങൾ പാലി കൈയെഴുത്തുപ്രതികളുടെ പ്രധാനശേഖരങ്ങളും പാലിപഠനത്തിന്റെ ഉറച്ചപാരമ്പര്യങ്ങളും സൃഷ്ടിച്ചു.

സ്വരപദ്ധതിയും രൂപപ്രകൃതിയും

[തിരുത്തുക]

സ്വരപദ്ധതിയുടെ കാര്യത്തിൽ ആർ.സി. ചൈൽഡേഴ്സ് പാലിയെ ഇറ്റാലിയൻ ഭാഷയോട് താരതമ്യപ്പെടുത്തിയിട്ടുണ്ട്: "ഇറ്റാലിയനെപ്പോലെ പാലി, ഒരേസമയം ഒഴുക്കും മുഴക്കവും ഉള്ള ഭാഷയാണ്. മിക്കവാറും എല്ലാവാക്കുകളും സ്വരങ്ങളിൽ അവസാനിക്കുന്നെവെന്നത് രണ്ടുഭാഷകളുടേയും പ്രത്യേകതയാണ്. കഠിനസമാസങ്ങൾ ശബ്ദങ്ങളുടെ താദാത്മ്യ-ലോപ-സങ്കോചങ്ങളിലൂടെ മൃദുവാക്കപ്പെട്ടിരിക്കുന്നു. അതേസമയം രണ്ടുഭാഷയും ചടുലവും ഉദാത്തവുമായ ചിന്തയുടെ പ്രകടനത്തിന് ഉത്തമമാണ്."[16]


ഏറെ വിഭക്തീകൃതമായ(inflected) ഭാഷയാണ് പാലി. ഓരോവാക്കിനും അടിസ്ഥാനമായ അർത്ഥത്തെ സൂചിപ്പിക്കുന്ന മൂലപദത്തിനുപുറമേ, അർത്ഥവ്യതിയാനത്തോടുകുടിയ ഒന്നോ അതിലധികമോ വിഭക്തിരൂപങ്ങളുമുണ്ട്. നാമവിഭക്തികളിൽ ലിംഗ-വചനവ്യത്യാസങ്ങൾ അടങ്ങിയിരിക്കുന്നു. ക്രിയാവിഭക്തികൾ പുരുഷ-സംഖ്യാ-കാലവ്യതിയാനങ്ങളെ സൂചിപ്പിക്കുന്നു.


പദസമ്പത്ത്

[തിരുത്തുക]
പാലി ഭാഷയിലുള്ള മ്യാൻമാറിലെ മ്യാസേധി ശിലാലിഖിതം(ക്രി.വ.1113)

പാലിയിലെ മിക്കവാറും വാക്കുകൾക്ക് ജൈന-പ്രാകൃതങ്ങളെപ്പോലെയുള്ള മദ്ധ്യ ഇൻഡോ ആര്യൻ ഭാഷകളിൽ സമാനപദങ്ങളുണ്ട്. ആദ്യകാലത്തെ വൈദികസംസ്കൃതവും പാലിയുമായുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാണ്. ചരിത്രദൃഷ്ടിയിൽ നോക്കുമ്പോൾ പാലിക്കും സംസ്കൃതത്തിനും ഇടയിലുള്ള സ്വാധീനം ഇരുവഴിക്കുമുള്ളതാണ്. പാലിക്ക് സംസ്കൃതത്തോടുള്ള സമാനത പലപ്പോഴും പെരുപ്പിച്ചുകാട്ടാറുണ്ട്. സംസ്കൃതം ജീവഭാഷയല്ലാതായിത്തീർന്നതിനുശേഷം എഴുതപ്പെട്ട സംസ്കൃതരചനകളെ താരതമ്യത്തിനുപയോഗിക്കുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്. മദ്ധ്യ-ഇൻഡിക് ഭാഷകളുടെ സ്വാധീനം പ്രകടമാക്കുന്ന അത്തരം സംസ്കൃതരചനകൾ പലപ്പോഴും ആ ഭാഷകളുടെ പദസമ്പത്തിൽ നിന്ന് നേരിട്ട് കടമെടുക്കുന്നു. അതുപോലെ, പിൽക്കാലപാലിയിലെ സാങ്കേതികപദശേഖരത്തിന്റെ ഒരു വലിയ ഭാഗം സംസ്കൃതത്തിലെ സമാനവിജ്ഞാനശാഖകളിൽ നിന്ന് അതേപടിയോ, ശബ്ദസംബന്ധമായ നീക്കുപോക്കുകളോടെയോ സ്വീകരിച്ചവയാണ്.

വിശുദ്ധഗ്രന്ഥശേഖരത്തിന്റെ കാലത്തിനുശേഷമുള്ള പാലി അത് ഉപയോഗത്തിലിരുന്ന നാടുകളിലെ ഭാഷകളിൽ നിന്നും വാക്കുകൾ കടം കൊണ്ടിട്ടുണ്ട്. ശ്രീലങ്കയിലെ സിംഹളഭാഷയിൽ നിന്ന് പാലിയിൽ കടന്നുകൂടിയ പദങ്ങൾ ഇതിനുദാഹരണമാണ്. ഈ പ്രയോഗങ്ങൾ ത്രിപിഠകങ്ങളിൽ പെടുന്ന ശുദ്ധപീഠകത്തിലെയും മറ്റും പാലിയെ അതിന്റെ പിൽക്കാല വ്യാഖ്യാനങ്ങൾ, ജാതകങ്ങൾ പോലെയുള്ള കഥകൾ, എന്നിവയിലെ പാലിയിൽ നിന്ന് വ്യത്യസ്തമാക്കുന്നു. കടം കൊണ്ട അത്തരം വാക്കുകളെ ആധാരമാക്കി ഗ്രന്ഥപാഠങ്ങളുടെ കാലഗണന നടത്തുന്ന രീതി ഇപ്പോൾ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്.

മന്ത്രാനുഷ്ഠാനങ്ങളിൽ

[തിരുത്തുക]

ബ്രാഹ്മണപാരമ്പര്യം സംസ്കൃതത്തെ ദൈവങ്ങളുടെ മാറ്റമില്ലാത്ത ഭാഷയായി കരുതി. ഓരോ വാക്കിനേയും തനതും ഗുഹ്യവുമായ ശക്തിയുടെ വാഹനങ്ങളായി കണ്ട ഈ ഭാഷാവീക്ഷണത്തെ നിരസിച്ച ആദ്യകാലബുദ്ധചിന്ത, വാക്കുകളെ പാരമ്പര്യസിദ്ധവും മാറ്റത്തിനുവിധേയവുമായ ചിഹ്നങ്ങളായി മാത്രം കണ്ടു.[17] ബുദ്ധനോ അദ്ദേഹത്തിന്റെ ആദ്യകാലശിഷ്യന്മാരോ വൈദികസംസ്കൃതത്തെയോ വേദപാഠങ്ങളെയോ ബ്രാഹ്മണന്റെ ആരാധനാ ഭാവത്തോടെ സമീപിച്ചില്ല. ഭാഷയോടുള്ള ഈ സമീപനം പാലിക്കും ബാധകമായിരുന്നു. സംസ്കൃതത്തിനുപകരം, മദ്ധ്യ ഇൻഡിക് ഭാഷയുടെ ഒരു പ്രാദേശികരൂപമായ പാലി ഉപയോഗിക്കാൻ അവരെ പ്രേരിപ്പിച്ചതുതന്നെ ഈ ഭാഷാവീക്ഷണമായിരിക്കാം. എന്നാൽ ക്രി.വ. നാലും അഞ്ചും നൂറ്റാണ്ടുകളിൽ പാലിയിലെ വ്യാഖ്യാനരചനകളുടെ കാലമായപ്പോൾ, പാലി സ്വാഭാവികഭാഷയായും എല്ലാ പ്രണികളുടേയും ആധാരഭാഷയായും ഒക്കെ കണക്കാക്കപ്പെടാൻ തുടങ്ങി.[18]


ഈജിപ്ഷ്യൻ, ലത്തീൻ, എബ്രായ തുടങ്ങിയ ഭാഷകളെക്കുറിച്ച് പുരാതന ഈജിപ്തിലേയും ഇസ്രായേലിലേയും, പാശ്ചാത്യലോകത്തെയും മിസ്റ്റിക് പാരമ്പര്യങ്ങൾ വിശ്വസിച്ചതുപോലെ, പാലി ജപങ്ങൾക്കും അത്ഭുതശക്തിയുണ്ടെന്ന വിശ്വാസം പരന്നു. ജപത്തിന്റെ അത്ഭുതശക്തിക്ക് കാരണമായി അതിന്റെ അർത്ഥവും, ജപിക്കുന്നയാളിന്റെ സ്വഭാവവും, ഭാഷയുടെ തന്നെ ശക്തിയും എല്ലാം പറയപ്പെട്ടു. ബുദ്ധമതസാഹിത്യത്തിന്റെ തുടക്കത്തിൽ തന്നെ, ധാരണികളെന്നറിയപ്പെട്ടിരുന്ന മന്ത്രങ്ങൾ സർപ്പവിഷത്തിനും മറ്റും എതിരായി പ്രയോഗിക്കപ്പെടുന്നത് കാണാം. ഥേരവാദസംസ്കൃതികളിൽ ഇപ്പോഴും പാലിയിലെ മന്ത്രജപം പ്രധാനമായി കരുതിപ്പോരുന്നു. ബുദ്ധന്റെ പ്രഭാവത്തിൽ വന്ന് അഹിംസാമാർഗ്ഗത്തിലേക്ക് പരിവർത്തിനായ അങ്കുലിമാലിന്റേതായി പറയപ്പെടുന്ന മന്ത്രം പ്രസവവേദന കുറക്കാൻ പ്രയോജനപ്പെടുമെന്ന വിശ്വാസം ശ്രീലങ്കയിൽ പ്രബലമാണ്. ത്രിപിഠകസംഹിതയുടെ അന്തിമഭാഗമായ അഭിധമ്മപിഠകത്തിന്റെ ഒരുഭാഗം ജപിക്കുന്നത് പരേതാത്മാക്കൾക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസം തായ്‌ലൻഡിലുമുണ്ട്. ഈ ചടങ്ങ് ഏഴുദിവസം നീണ്ടുനിൽക്കുന്നു. അഭിധമ്മപിഠകത്തിന്റെ പാഠത്തിൽ ഇതിനെക്കുറിച്ച് ഒരുപരാമർശവുമില്ലെന്നതാണ് രസകരമായുള്ളത്. ഈ അനുഷ്ടാനത്തിന്റെ ഉത്ഭവം അജ്ഞാതമായിരിക്കുന്നു.

പാലി മലയാളത്തിൽ

[തിരുത്തുക]

മലയാളം ഇന്തോ ഇറാനിയൻ ഉപകുലത്തിലെ ഭാഷകളുമായി ആദ്യം സമ്പർക്കത്തിൽ വന്നത് പ്രാകൃതഭാഷകളുമായാണ്‌. ഇതിലെ ഏറ്റവും പൗരാണികത്വമേറിയ പാലി കേരളത്തിലെത്തിയത് ബുദ്ധഭിക്ഷുക്കളിലൂടെയാണ്‌ ഇന്ന് കേരളത്തിൽ ബുദ്ധമതക്കാർ വിരലിലെണ്ണാവുന്നതേ ഉള്ളൂവെങ്കിലും ഒരുകാലത്ത് കേരളത്തിൽ നിർണ്ണായക സ്വാധിനം ചെലുത്തിയ ഭാഷ പാലിയാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. ജൈനപ്രാകൃതങ്ങൾ കേരളത്തിൽ പരിചയപ്പെടുത്തിയത് ജൈന സന്യാസിമാരാണ്‌. അർധമാഗധി,, ജൈനശൗരസേനി, ജൈനമഹാരാഷ്ട്രി, ജൈനാപഭ്രംശം എന്നീ ജൈനപ്രാകൃതങ്ങളാണ്‌ പാലിക്കൊപ്പം പ്രചരിച്ച മറ്റു പ്രാകൃതങ്ങൾ. ഇതിൽ അർധമാഗധിയൊഴിച്ച് മറ്റെല്ലാം ദക്ഷിണേന്ത്യയിൽ പുഷ്ടിപ്രാപിച്ചു.

മഹാവംശമ എന്ന പാലിഗ്രന്ഥത്തിൽ ബുദ്ധമതക്കാരുടെ ദക്ഷിണേന്ത്യാ സന്ന്യാസപ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതിൽ കേരളത്തിന്റെ പേർ കാണുന്നില്ല എങ്കിലും അശോകന്റെ ശിലാഭിലേഖയിൽ കേരളത്തിനെക്കുറിച്ച് പരാമർശമുണ്ട്. അതിൽ നേരത്തേ ഉണ്ടായിരുന്ന ബുദ്ധസന്യാസിമാരുടെ കേന്ദ്രങ്ങളിൽ ആതുരശുശ്രൂഷാ കേന്ദ്രങ്ങഅൾ ആരംഭിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. ആയതിനാൽ അശോകന്റെ കാലത്തിനു മുൻപേ തന്നെ സന്യാസിമാർ കേരളത്തിൽ കേന്ദ്രീകരിച്ചിരുന്നു എന്നും അന്നുമുതല്ലേക്കേ പാലി കേരളവുമായി ബന്ധപ്പെട്ടു എന്നു കരുതാം. ചില ഉദാഹരണങ്ങൾ താഴെക്കൊടുക്കുന്നു.

മലയാളം അർത്ഥം ആദേശം ചെയ്യപ്പെട്ട വാക്ക് (പാലി) അർത്ഥം (പാലി) സംസ്കൃത സമാനം പരാമർശിത ഗ്രന്ഥം
അത്താണി ചുമടു താങ്ങി, സഹായകേന്ദ്രം അത്ഥാണി ആസ്ഥാനം അസ്ഥാനിൻ ഗോദവർമ്മ.പു. 193
ഓച്ഛാനം ആദരവിനായി വായ് മറക്കുക ഒച്ഛായണ മറയ്ക്കൽ അവച്ഛാദന
പണ്ടാരം രാജാവിന്റെ വക ഭൺഡാ ആര ഭൺഡാരം ഖജനാ
മോതിരം വിരലിലണിയുന്ന ആഭരണം മൊദിരാ മുദ്രയുള്ള അംഗുലീയം മുദ്രാ.
കഴകം കാര്യാലയം കളഗ കൂട്ടം, സമൂഹം കട, കടക

അവലംബം

[തിരുത്തുക]
  1. "Pali - the language of the oldest extant Buddhist Literature" - Will Durant, The Story of Civilization Part-I, Our Oriental Heritage പുറം 555
  2. What is Theravada Buddhism? - John Bullitt - [1][പ്രവർത്തിക്കാത്ത കണ്ണി]
  3. SN Sadasivan - A Social History of India പുറം 94 [2]
  4. Hazra, Kanai Lal. Pali Language and Literature; a systematic survey and historical study. D.K. Printworld Lrd., New Delhi, 1994, page 19.
  5. Students' Brittanica India, [3].
  6. See Ranajit Pal, "Non-Jonesian Indology and Alexander", New Delhi - 2002, or [4] Archived 2021-03-03 at the Wayback Machine
  7. Review of Pal's book by Monique Cardell, Université Aix-Marseille: [5]
  8. Review of Pal's book by Jan-Mathieu Carbon, Corpus Christi College, Oxford [6] Archived 2009-02-11 at the Wayback Machine
  9. See Ranajit Pal, "Non-Jonesian Indology and Alexander", New Delhi - 2002, or [7] Archived 2021-03-03 at the Wayback Machine
  10. Oberlies, Thomas Pali: A Grammar of the Language of the Theravāda Tipiṭaka, Walter de Gruyter, 2001.
  11. Hazra, Kanai Lal. Pali Language and Literature; a systematic survey and historical study. D.K. Printworld Lrd., New Delhi, 1994, page 11.
  12. Hazra, Kanai Lal. Pali Language and Literature; a systematic survey and historical study. D.K. Printworld Lrd., New Delhi, 1994, pages 1-44.
  13. Hazra, Kanai Lal. Pali Language and Literature; a systematic survey and historical study. D.K. Printworld Lrd., New Delhi, 1994, page 29.
  14. Bhikkhu Bodhi, In the Buddha's Words. Wisdom Publications, 2005, page 10.
  15. Hazra, Kanai Lal. Pali Language and Literature; a systematic survey and historical study. D.K. Printworld Lrd., New Delhi, 1994, page 20.
  16. Robert Caesar Childers, A Dictionary of the Pali Language. Published by Trübner, 1875, pages xii-xiv. Republished by Asian Educational Services, 1993.
  17. David Kalupahana, Nagarjuna: The Philosophy of the Middle Way. SUNY Press, 1986, page 19. The author refers specifically to the thought of early Buddhism here.
  18. Dispeller of Delusion, Pali Text Society, volume II, pages 127f


കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Gupta, K. M. (2006). Linguistic approach to meaning in Pali. New Delhi: Sundeep Prakashan. ISBN 81-7574-170-8
  • Müller, E. (2003). The Pali language: a simplified grammar. Trubner's collection of simplified grammars. London: Trubner. ISBN 1-84453-001-9
  • Oberlies, T., & Pischel, R. (2001). Pāli: a grammar of the language of the Theravāda Tipiṭaka. Indian philology and South Asian studies, v. 3. Berlin: Walter de Gruyter. ISBN 3-11-016763-8
  • Hazra, K. L. (1994). Pāli language and literature: a systematic survey and historical study. Emerging perceptions in Buddhist studies, no. 4-5. New Delhi: D.K. Printworld. ISBN 81-246-0004-X
  • American National Standards Institute. (1979). American National Standard system for the romanization of Lao, Khmer, and Pali. New York: The Institute.
  • Russell Webb (ed.) An Analysis of the Pali Canon, Buddhist Publication Society, Kandy; 1975, 1991 (see http://www.bps.lk/reference.asp Archived 2013-06-03 at the Wayback Machine)
  • Soothill, W. E., & Hodous, L. (1937). A dictionary of Chinese Buddhist terms: with Sanskrit and English equivalents and a Sanskrit-Pali index. London: K. Paul, Trench, Trubner & Co.


പുറത്തെക്കുള്ള കണ്ണികൾ

[തിരുത്തുക]
Wikipedia
Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ പാലി പതിപ്പ്
"https://ml.wikipedia.org/w/index.php?title=പാലി&oldid=4018128" എന്ന താളിൽനിന്ന് ശേഖരിച്ചത്