Jump to content

പുതുപ്പള്ളി രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഖാവ്

പുതുപ്പള്ളി രാഘവൻ
ജനനം(1910-01-10)ജനുവരി 10, 1910
മരണംഏപ്രിൽ 27, 2000(2000-04-27) (പ്രായം 90)
പൗരത്വം ഇന്ത്യ
സജീവ കാലം1924 - 1964
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്,
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
മാതാപിതാക്ക(ൾ)മനയ്ക്കൽ നാരായണപിള്ള,
ലക്ഷ്മിയമ്മ
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി അവാർഡ്

പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവൻ (ജീവിതകാലം: 10 ജനുവരി 1910 - 27 ഏപ്രിൽ 2000). മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പുതുപ്പള്ളിയിൽ`, മനയ്ക്കൽ നാരായണപിള്ളയുടെയും ലക്ഷ്മി അമ്മയുടെയും മകനായി ജനിച്ചു. പ്രയാർ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ പതിന്നാലാം വയസ്സിൽവൈക്കം സത്യഗ്രഹജാഥയ്ക്ക് പണം പിരിച്ചു. സൈമൺ കമ്മിഷനെ ബഹിഷ്ക്കരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിയമംലംഘിച്ച് ഉപ്പുവാരാൻ പയ്യന്നൂർക്കുപോയ ജാഥയോടൊപ്പം കൂടി. കോഴിക്കോട്ടെ കോൺഗ്രസ് വാളണ്ടിയർ ക്യാമ്പിൽ പങ്കെടുത്ത് കള്ളുഷാപ്പ് പിക്കറ്റിംഗിൽ അറസ്റ്റ് വരിച്ചു. നാലു വർഷം ഒളിവിലും പന്ത്രണ്ടുവർഷം പല ലോക്കപ്പുകളിലും ജയിലിലും കഴിഞ്ഞു. ഗാന്ധിജിയെ നേരിൽക്കണ്ട് വാർധാ ആശ്രമത്തിൽ അന്തേവാസിയായി. പിന്നീട് ഭാരതമെമ്പാടും സഞ്ചരിച്ചു.

തിരിച്ച് തിരുവിതാംകൂറിലെത്തി പൊന്നറ ശ്രീധർ, എൻ.പി. കുരുക്കൾ, പി. കൃഷ്ണപിള്ള, ആർ. ശങ്കരനാരായണൻ തമ്പി എന്നീ യൂത്ത്ലീഗ് നേതാക്കളുമായി ചേർന്ന് തിരുവനന്തപുരത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചു. സ്റ്റേറ്റ് കോൺഗ്രസിലും 1942ൽ കമ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി. വള്ളിക്കുന്നത്തെ കർഷകത്തൊഴിലാളികളെയും ഇടത്തരം കൃഷിക്കാരെയും സംഘടിപ്പിച്ചു. ധനികരുടെ മുഷ്ക്കിനെതിരെ ചെറുത്തുനിൽപ്പുകൾ ആരംഭിച്ചതോടെ പുതുപ്പള്ളി രാഘവൻ പ്രമാണിമാരുടെ നോട്ടപ്പുള്ളിയായി. ധാരാളം കള്ളക്കേസുകളിൽ കുടുങ്ങിയതോടെ ഒളിവിൽ കഴിഞ്ഞു. ശൂരനാട്ട് നാലു പോലീസുകാർ നാട്ടുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായി 1950ൽ അറസ്റ്റിലായി. ലോക്കപ്പിൽ മൃഗീയ മർദ്ദനത്തിന് ഇരയായി. പോലീസ് അറസ്റ്റിനെത്തുടർന്ന് ദീർഘകാലം പൂജപ്പുര സെൻട്രൽ ജയിലിലും നാഗർകോവിൽ ക്ഷയരോഗാശുപത്രിയിലും കഴിഞ്ഞു. 1964ൽ കമ്യൂണിസ്റ്റ്പാർട്ടി പിളർന്നതോടെ സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങി.[1] 2000 എപ്രിൽ 27നു 90ആം വയസ്സിൽ മരണപ്പെട്ട അദ്ദേഹം ജ്നമദേശമായ പുതുപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു

കൃതികൾ

[തിരുത്തുക]
  • കേരള പത്രപ്രവർത്തനചരിത്രം[2]
  • എന്റെ വിപ്ലവ സ്മരണകൾ (4 ഭാഗം)
  • മോപ്പസാങിന്റെ ചെറുകഥകൾ
  • ടോൾസ്റ്റോയിയുടെ ചെറുകഥകൾ
  • പാസ്പോർട്ടില്ലാത്ത പാന്ഥൻ
  • ഗോഖലെ (ജീവചരിത്രം)
  • തിലകൻ (ജീവചരിത്രം)
  • ചോരയും കണ്ണീരും
  • ഇന്ത്യൻ  വിപ്ലവത്തിന്റെ ഇതിഹാസം (വിവർത്തനം)
  • സ്വദേശാഭിമാനിയുടെ പത്രപ്രവർത്തനം - രാജവാഴ്ചയുടെ ദൃഷ്ടിയിൽ
  • റോബിൻ ജെഫ്രിയുടെ   നായർ മേധാവിത്വത്തിന്റെ പതനം  (വിവർത്തനം)
  •  ബാലഗംഗാധരതിലകൻ
  • ഗോപാലകൃഷ്ണഗോഖലെ
  • ആർ.സുഗതൻ (ജീവചരിത്രങ്ങൾ)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി അവാർഡ് (എന്റെ വിപ്ലവ സ്മരണകൾ - ഒന്നാം ഭാഗം)

അവലംബം

[തിരുത്തുക]
  1. പുതുശ്ശേരി രാമചന്ദ്രൻ (2013-04-27). "പുതുപ്പള്ളി രാഘവൻ: ചില ഓർമക്കുറിപ്പുകൾ". ജനയുഗം. Retrieved 2013 ജൂലൈ 8. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 375. ISBN 81-7690-042-7.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പുതുപ്പള്ളി_രാഘവൻ&oldid=3637314" എന്ന താളിൽനിന്ന് ശേഖരിച്ചത്