പ്രാണായാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യോഗാഭ്യാസത്തിന്റെ പ്രധാനമായ വിഷയമാണ് പ്രാണായാമം. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസത്തിനേയാണ് ഇതുകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. സ്വാഭാവികമായി നടന്നുകൊണ്ടിരിയ്ക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ ശ്വാസകോശങ്ങളെ വികാസ-സങ്കോചങ്ങൾക്ക് വിധേയമാക്കാൻ മാത്രമുള്ള പ്രക്രിയ നടക്കുന്നില്ല എന്ന കാരണത്താൽ ഈ കുറവ് പരിഹരിയ്ക്കാനായാണ് യോഗയിൽ പ്രാണായാമം എന്ന അഭ്യാസം ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ബോധപൂർവം ചില നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇവിടെ ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു. യോഗശാസ്ത്രപ്രകാരം മനോനിയന്ത്രണമില്ലായ്മ രോഗങ്ങളായി പരിണമിയ്ക്കുന്നു. മനസ്സും ശ്വാസവും പരസ്പരപൂരകങ്ങളാണ്. അന്യോന്യം രഥസാരഥി എന്നാണ് പറയുന്നത്. വികാരതീവ്രത മനസ്സിനെ വികലമാക്കുക വഴി ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗതയേയും മാറ്റുന്നു. നിയന്ത്രണവിധേയമായ ശ്വാസോച്ഛ്വാസം പ്രാണായാമം കൊണ്ട് സാധ്യമാക്കുന്നു.
നിശ്ചിത സമയംകൊണ്ട്(മാത്ര) ശ്വാസം ഉള്ളിലെടുക്കുകയും (പൂരകം) നിശ്ചിത സമയം ഉള്ളിലോ (അന്തർകുംഭകം) പുറത്തോ (ബാഹ്യകുംഭകം) നിറുത്തുകയും ചെയ്ത് ക്രമമായി ശ്വാസം പുറത്ത് വിടുകയും (രേചകം) ചെയ്യുമ്പോൾ പ്രാണസ്പന്ദനങ്ങളെ തിരിച്ചറിയുന്ന "പ്രാണാധാരണ" പ്രാണായാമം ചെയ്യുന്ന ആൾക്ക് (സാധകനു്) ഉണ്ടാകും.
മനസ്സിനേയും ശരീരത്തേയും ഒരുപോലെ സുസജ്ജമാക്കുന്ന, ഏറ്റവും പ്രധാനപ്പെട്ട യോഗാഭ്യാസമാണ് പ്രാണായാമം. ശരീരത്തിന്റെ പ്രവർത്തനങ്ങളേയും ചിന്തകളേയും നിയന്ത്രിക്കുന്നത് പ്രാണവായുവാകയാൽ അതിനെ സ്വാധീനിക്കുമ്പോൾ രണ്ടും-ശരീരവും ചിന്തകളും-സ്വായത്തമായിത്തീരുന്നു. ഇതിൽ ആദ്യം അഭ്യസിക്കേണ്ടത് നാഡിശുദ്ധി എന്ന പ്രാണായാമം ആണ്.
നാഡിശുദ്ധി പ്രാണായാമം
[തിരുത്തുക]മനുഷ്യശരീരത്തിൽ 72,000 നാഡികളാണുള്ളത്. ഇവയെല്ലാം ഇഡ, പിംഗള എന്നീ രണ്ടു നാഡികളായി ബന്ധപ്പെട്ടുകിടക്കുന്നു. ഇവയിൽ ഇഡാനാഡിയുടെ മുഖം ഇടത്തെ നാസാദ്വാരവും പിംഗള നാഡിയുടേത് വലത്തെ നാസാദ്വാരവും ആകുന്നു. ഈ നാഡികളുടെ ശുദ്ധി അതിനോടു ബന്ധപ്പെട്ട എല്ലാ നാഡികളേയും ശുദ്ധിചെയ്യുന്നു. വായുവിനെക്കൊണ്ട് പൊടിപടലങ്ങൾ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെക്കൊണ്ട് നാഡികളിലുള്ള മാലിന്യങ്ങൾ നിർഹരിക്കപ്പെടുന്നു എന്നതാണ് യോഗശാസ്ത്രസിദ്ധാന്തം. രണ്ടു നാസാദ്വാ രങ്ങളിലൂടേയും മാറി മാറി ചെയ്യുന്നതുകൊണ്ട് ഇതിനു 'അനുലോമവിലോമം' എന്നും പേരുണ്ട്.
ചെയ്യേണ്ട വിധം പത്മാസനത്തിലോ സിദ്ധാസനത്തിലോ സുഖാസനത്തിലോ ഇതു ചെയ്യാവുന്നതാണ്. ചമ്രംപടിഞ്ഞിരുന്നാൽ സുഖാസനമായി. നിവർന്നിരുന്ന് വലത്തെ നാസാദ്വാരം വലതു കൈയിന്റെ തള്ളവിരൽ (അംഗുഷ്ഠ)കൊണ്ടടച്ച് ഇടത്തെ നാസാദ്വാരത്തിൽക്കൂടെ ശക്തിയില്ലാതെ സുദീർഘമായി ശ്വാസമെടുക്കണം. പിന്നീട് മോതിരവിരൽകൊണ്ട് ഇടത്തെ നാസാദ്വാരം അടച്ച് അതുപോലെതന്നെ വലത്തെ നാസാദ്വാരത്തിൽക്കൂടെ പുറത്തുവിടണം. അപ്രകാരം വീണ്ടും വലതുഭാഗത്തുകൂടെ എടുത്ത് ഇടതുഭാഗത്തുകൂടെ പുറത്തുവിടണം. ഇങ്ങനെ നാലു തവണ ചെയ്യുമ്പോൾ ഒരു പ്രാണായാമമായി. ചുരുങ്ങിയത് 12 എണ്ണമെങ്കിലും അഭ്യസിക്കണം.
ഉള്ളിലേക്കെടുക്കുന്നതിന്റെ ഇരട്ടി സമയംകൊണ്ടു വേണം പുറത്തേക്കു വിടാൻ. അതായത് 1 : 2 എന്ന ക്രമത്തിലാണ് ഇത് ചെയ്യേണ്ടത്. 6 മാത്ര (ഒരു മാത്ര എന്നത് ഏതാണ്ട് ഒരു സെക്കന്റ്) ഉള്ളിലേക്കെടുക്കുമ്പോൾ 12 മാത്ര പുറത്തുവിടണം എന്നതാണ് നിയമം. 6 മാത്ര ഉള്ളിലേക്കെടുക്കുന്നത് കനിഷ്ഠിക പ്രാണായാമം (അധമം) എന്നും 12 മാത്ര ഉള്ളിലേക്കെടുക്കുന്നത് മധ്യമപ്രാണായാമം എന്നും 24 മാത്ര ഉള്ളിലേക്കെടുക്കുന്നത് ഉത്തമ പ്രാണായാമം എന്നും പറയുന്നു.
ശീതളി പ്രാണായാമം
[തിരുത്തുക]ശരീരത്തിനു ശൈത്യത്തെ ഉണ്ടാക്കുന്നതുകൊണ്ടാണ് ഇതിനു ശീതളി എന്ന പേരു സിദ്ധിച്ചിട്ടുള്ളത്. പത്മാസനത്തിലോ, സിദ്ധാസനത്തിലോ, സുഖാസനത്തിലോ ഇരുന്ന് ശീതളി അഭ്യസിക്കാം. നിവർന്നിരുന്ന് നാക്ക് ഒരു പ്രത്യേക രീതിയിൽ മടക്കി കാക്കയുടെ കൊക്കിന്റെ ആകൃതിയിലാക്കി (ഇതിനു കാകിമുദ്ര എന്നു പറയും) വായിലൂടെ സുദീർഘമായി ശ്വാസം ഉള്ളിലേക്കെടുക്കണം. അതിനുശേഷം കുറച്ചുനേരം ഉള്ളിൽനിർത്തി പിന്നീട് രണ്ടു നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇത് ഒരു പ്രാണായാമമാണ്. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിർത്തുന്നത് 24 മാത്രയും പുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്
ശശാങ്കാസനം
[തിരുത്തുക]വജ്രാസനത്തിലിരുന്ന് (കാൽമുട്ടുകൾ മടക്കി നിവർന്നിരുന്നാൽ വജ്രാസനമായി) ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കൈകൾ മേല്‌പോട്ടു പൊക്കി ശ്വാസം പുറത്തുവിട്ടുകൊണ്ട് മുന്നിലേക്കു കുനിഞ്ഞ് നെറ്റിയും കൈകളും തറയിൽ തൊടണം. സാധാരണ ശ്വാസത്തിൽ കുറച്ചുനേരം ഈ നിലയിൽ കിടന്നശേഷം ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് നിവർന്ന് പുറത്തുവിട്ടുകൊണ്ട് കൈകൾ താഴെക്കൊണ്ടുവരണം. ഇത് കൂടുതൽ സമയം ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കിൽ രണ്ടോ മൂന്നോ തവണ ആവർത്തിക്കുകയും ആവാം. നട്ടെല്ല്, തലച്ചോറ് എന്നീ ഭാഗങ്ങൾക്ക് വളരെയധികം വിശ്രമം കൊടുക്കുന്ന ഒന്നാണിത്.
പവനമുക്താസനം
[തിരുത്തുക]മലർന്നുകിടന്ന് ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് കാൽമുട്ടുകൾ മടക്കി പുറത്തുവിട്ടുകൊണ്ട് തുടകൾ ദേഹത്തോട് ചേർത്തുവയ്ക്കണം. പിന്നീട് കൈകൾകൊണ്ട് കാലുകൾ മുറുകെ പിടിച്ച് സാധാരണ ശ്വാസത്തിൽ തലയുയർത്തിപ്പിടിച്ചു കിടക്കണം. ശ്വാസം ഉള്ളിലേക്കെടുത്ത് പാദങ്ങൾ താഴെവെച്ച് ശ്വാസം പുറത്തുവിട്ടുകൊണ്ട് കാലുകൾ നിവർത്തണം. ഇപ്രകാരം മൂന്നോ നാലോ തവണ ആവർത്തിക്കാം.
യോഗനിദ്ര
[തിരുത്തുക]ഇതിന് ശവാസനം എന്നും പറയും. മനസ്സിന്റെ ശാന്തതയ്ക്കും ഏകാഗ്രതയ്ക്കും വളരെ ഗുണം ചെയ്യും. മലർന്നുകിടന്ന് കൈകളും കാലുകളും കുറച്ചൊന്നകത്തി സാധാരണ ശ്വാസത്തിൽ അഞ്ചോ പത്തോ മിനുട്ടുവരെ കിടക്കാം. ശരീരത്തിന്റെ പാദം മുതൽ ശിരസ്സുവരേയുള്ള ഓരോരോ ഭാഗങ്ങളേയും മനസ്സുകൊണ്ട് സങ്കല്പിച്ച് അയവുവരുത്തണം. കുറച്ചുനേരം കിടന്നാൽ ശരീരത്തിന് ഘനം കുറവും മനസ്സിന് സ്വസ്ഥതയും ഉണ്ടാകും. നിവർത്തിക്കുമ്പോൾ കൈകൾ പിന്നിലേക്കു നീട്ടി കാലുകൾ ചേർത്തുവെച്ച് മൂന്നു തവണ ദീർഘശ്വാസം എടുത്ത് എഴുന്നേൽക്കാം.
ധ്യാനം
[തിരുത്തുക]പൂർണമായ ധ്യാനം സാധാരണക്കാരന് അപ്രാപ്യമാണ്. എന്നാലും ഏകാഗ്രതയ്ക്കുള്ള ഉപാധിയെന്നോണം ലഘുവായി ഇതിനെ അഭ്യസിക്കാം. പത്മാസനത്തിലോ സുഖാസനത്തിലോ ഇരുന്ന് കണ്ണടച്ച് മനസ്സിലുള്ള എല്ലാ വിചാരങ്ങളേയും മാറ്റിനിർത്തി സ്വസ്ഥമായി ഏതെങ്കിലും ഒരു വസ്തുവിൽമാത്രം കേന്ദ്രീകരിച്ച് മനസ്സിനെ നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. ഇഷ്ടമുള്ള ഏതെങ്കിലും വസ്തുവിനെ (ധ്യേയസങ്കല്പം) മനസ്സിൽ വിചാരിക്കാം.
ധ്യാനത്തിൽനിന്ന് നിവർത്തിക്കുമ്പോൾ മൂന്നുതവണ ദീർഘശ്വാസം ചെയ്ത് അവസാനിപ്പിക്കാവുന്നതാണ്. ചിലപ്പോൾ ആദ്യമൊന്നും ധ്യേയസങ്കല്പം ശരിയായിക്കൊള്ളണമെന്നില്ല. നിരന്തരമായ അഭ്യാസംകൊണ്ട് മാത്രമേ ഇത് സിദ്ധിക്കുകയുള്ളൂ. മാനസിക അസ്വാസ്ഥ്യത്തിൽ ഓരോന്നിനും വെവ്വേറെ യോഗമുറകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സാമാന്യമായ ചിലതുമാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. ദിവസവും ചുരുങ്ങിയത് അരമണിക്കൂറെങ്കിലും യോഗസാധന ചെയ്യേണ്ടതാണ്