Jump to content

ഫറോക്ക്‌ എഞ്ചിനീയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫറോക്ക്‌ മനേക്‌ഷാ എഞ്ചിനീയർ (ജനനം ഫെബ്രുവരി 25, 1938, ബോംബെയിൽ) ഒരു പഴയ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനാണ്‌. 1961-നും 1976-നും ഇടയ്ക്കു 46 ടെസ്റ്റ്‌ മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ്‌ കീപ്പർമാരിലൊരാളായി കണക്കാക്കുന്നു .മികച്ച ഒരു ബാറ്റ്സ്‌മാനും കൂടിയായിരുന്ന ഇദ്ദേഹം ഈ മൽസരങ്ങളിൽ 2661 റൺസും രണ്ടു ശതകങ്ങളും നേടി. ആഭ്യന്തര മൽസരങ്ങിൽ ബോംബെക്കു വേണ്ടിയും ഇംഗ്ലണ്ടിൽ ലങ്കാഷയറിനു വേണ്ടിയും കളിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിൽ തുണി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ്‌ കളിയുടെ ദൃക്‌സാക്ഷിവിവരണക്കാരനായും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്‌.

ചെറുപ്പകാലം

[തിരുത്തുക]

ബോംബെയിലെ ഒരു മധ്യവർഗ പാഴ്സി കുടുംബത്തിൽ മനേക്‌ഷാ എഞ്ചിനീയരുടേയും പത്നി മിന്നിയുടേയും മകനായി ജനിച്ചു. ഇവർക്കു ഡാരിയസ്‌ എന്ന ഒരു മൂത്ത മകനും ഉണ്ടായിരുന്നു.[1] ടാറ്റാ കമ്പനിയിൽ ഒരു ഡോക്ടറായിരുന്ന മനേക്‌ഷായുടെ സ്ഥലം മാറ്റം മൂലം മഹാരാഷ്ട്രയിലെ ഉൾപ്രദേശമായ ഭിവ്പുരിയിലാണു[2] നാലഞ്ചു വർഷം ഫറോക്ക്‌ വളർന്നത്‌. കുടുംബം അതിനു ശേഷം ബോംബെയിലെ ദാദറിലെക്കു തിരിച്ചു വന്നു സ്ഥിരതാമസമാക്കി. ഒരു ബാറ്റ്സ്‌മാനായാണു ഫറോക്ക്‌ തന്റെ ക്രിക്കറ്റ്‌ ജീവിതം തുടങ്ങിയതു. ജ്യേഷ്ഠനായ ഡാരിയസ്‌ ഒരു നല്ല ഓഫ്‌ സ്പിന്നർ ആയിരുന്നു. ഇദ്ദേഹത്തിന്റെ ബൗളിംഗ്‌ അവിടുത്തെ വിക്കറ്റ്‌-കീപ്പർമാരെയെല്ലാം വളരെ ബുദ്ധിമുട്ടിച്ചിരുന്നതിനാലാണു ഫറോക്ക്‌ അതിൽ താൽപര്യമെടുത്തു തുടങ്ങിയതു.

രണ്ടു വർഷം അന്റോണിയൊ ഡി സിൽവാ സ്കൂളിലും, പിന്നെ പൂനയിലെ ശിവാജി പ്രിപ്പറേറ്ററി മിലിറ്ററി സ്കൂളിലും, പതിനൊന്നാം വയസ്സിൽ നിന്നും ദാദറിലെ ഡോൺ ബോസ്കോ ഹൈസ്കൂളിലും പഠിച്ചു.[3] സ്കൂളിൽ ഫൂട്ബോളും ഹോക്കിയും സ്ക്വാഷും ബാഡ്മിന്റണും കളിച്ചിരുന്നു. ഇതേ സമയം ഒരു നല്ല ക്രിക്കറ്റ്‌ ടീമായിരുന്ന ദാദർ കോളനി സ്പോർട്സ്‌ ക്ലബ്ബിലും അദ്ദേഹം കളിച്ചു തുടങ്ങി.

1957-ൽ എഞ്ചിനീയർ പൊദാർ കോളെജിൽ ബിസിനസ്സ്‌ ബിരുദത്തിനു ചേർന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബോംബെ സർവകലശാലയുടെയും കംബൈൻഡ്‌ യൂണിവേഴ്സിറ്റിയുടെയും ടീമുകളുടെ ഭാഗമായി. സർവകലാശാലാകൾക്കു വേണ്ടി 1958-59ൽ വെസ്റ്റ്‌ ഇൻഡീസിനെതിരെയും 1961-62ൽ ഇംഗ്ലണ്ടിനെതിരെയും കളിച്ചു. 1960-ൽ "ഇന്ത്യൻ സ്റ്റാർലെറ്റ്സ്‌" എന്ന ടീമിന്റെ ഭാഗമായി പാകിസ്താനിൽ പര്യടനം നടതി. ഈ ടീമിന്റെ മാനേജർ മുഖ്യ സെലക്റ്റർ ആയ ലാലാ അമർനാഥ്‌ ആയിരുന്നു. അമർനാഥിനു എഞ്ചിനീയറിൽ പ്രീതി തോന്നിയതു കൊണ്ടായിരിക്കാം, 1961-62ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മൽസരങ്ങളിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയ്ക്കു വേണ്ടി

[തിരുത്തുക]

ഫറോക്ക് എഞ്ചിനീയറുടെ അരങ്ങേറ്റം അശുഭമായാണു ആരംഭിച്ചത്. ഒന്നാം ടെസ്റ്റിൻറെ തലേദിവസം പരിശീലനത്തിനിടയിൽ അദ്ദേഹത്തിനു കണ്ണിനു മുകളിൽ പരിക്കേറ്റു. എഞ്ചിനീയർ‌ക്കു പകരം ബുദ്ധി കുന്ദെരനാണു [4] കളിച്ചതു. കുന്ദെരൻ എഞ്ചിനീയറുടെയത്രയും തന്നെ നല്ല ബാറ്റ്സ്‌മാൻ‌ ആയിരുന്നു. അറുപതുകളുടെ അവസാനം വരെ ഇവർ‌ ഇന്ത്യയുടെ വിക്കറ്റ്-കീപ്പർ‌ സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിച്ചു. ഒടുവിൽ‌ കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ എഞ്ചിനീയർ‌ ആദ്യമായി ഇന്ത്യക്കു വേണ്ടി കളത്തിലിറങ്ങി. ഈ പരന്പരയിലെ അവസാന കളിയിൽ‌ 65 റൺസ്‌ എടുത്തു, ഫാസ്റ്റ് ബൌളറായ ബാരി നൈറ്റിനെ ഒരോവറിൽ റൺസ് അടിക്കുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ഇന്ത്യൻ‌ ടീമിനൊപ്പം വെസ്റ്റ് ഇൻ‌ഡീസിൽ‌ പര്യടനം നടത്തി. ഇംഗ്ലണ്ട് വീണ്ടും ഇന്ത്യയിൽ വന്നപ്പോൾ ആ‍ദ്യ മത്സരത്തിൻറെ തലേദിവസം എഞ്ചിനീയർ‌ക്കു ഒരിക്കൽ‌ കൂടി പരുക്കേറ്റൂ. പകരമിറങ്ങിയ കുന്ദെരൻ ഇത്തവണ 192 റൺ നേടി തൻറെ സ്ഥാനം സുരക്ഷിതമാക്കി.

അടുത്ത മൂന്നു വർഷം എഞ്ചിനീയർ ടീമിനകത്തും പുറത്തുമായി കഴിഞ്ഞു കൂടി. 1966-67ൽ വെസ്റ്റ്‌ ഇൻഡീസിനെതിരെ മദ്രാസിലാണു അദ്ദേഹം തൻറെ തിരിച്ചുവരവു നടത്തിയത്. വെസ്‌ ഹാളും, ചാർളി ഗ്രിഫിത്തും, ലാൻസ്‌ ഗിബ്ബ്സും, ഗാരി സോബേഴ്സുമടങ്ങിയ ശക്തമായ ബൗളിംഗ്‌ നിരയായിരുന്നു വെസ്റ്റ്‌ ഇൻഡീസിൻറേത്. ഉജ്ജ്വലമായി ആക്രമിച്ചു കളിച്ച എഞ്ചിനീയർ ഒന്നാം ദിവസം ഉച്ചഭക്ഷണത്തിനു മുന്പുള്ള രണ്ടു മണിക്കൂറിൽ 94 റൺസ്‌ നേടി. അന്നേ വരേ ആകെ മൂന്നു കളിക്കാർ മാത്രമെ ഒന്നാം ദിവസം ആദ്യ സെഷണിൽ ശതകം നേടിയിരുന്നുള്ളു. എഞ്ചിനീയർ ഒടുവിൽ 109 റൺസ്‌ നേടി; ഇന്ത്യ വിജയത്തിനു വളരെ അടുത്തു എത്തുകയും ചെയ്തു. ഇവിടുന്നു അടുത്ത എട്ടു വർഷം എഞ്ചിനീയരായിരുന്നു ഇന്ത്യയുടെ പ്രഥമ വിക്കറ്റ്‌-കീപ്പർ. മറ്റു ടെസ്റ്റ് മത്സരങ്ങളിൽ 1967-ൽ ഇംഗ്ലണ്ടിൽ 87-ഉം ആ വർഷം അവസാനം ഓസ്ട്രേലിയക്കെതിരെ അഡിലെയ്ഡിൽ 89-ഉം റൺസ് എടുത്തു. ഈ കാലത്തു ബ്രിൽക്രീമിന്റെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടും അദ്ദെഹം പ്രസിദ്ധനായി.

എഞ്ചിനീയർ 1968-ൽ ഇംഗ്ലണ്ടിലേക്കു താമസം മാറ്റി. ജോലി ചെയ്തിരുന്ന ടാറ്റാ കമ്പനിയിൽ നിന്നു മൂന്നു വർഷത്തെ അവധി വാങ്ങിയാണു പോയതെങ്കിലും അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി.

ആഭ്യന്തര ക്രിക്കറ്റും ലങ്കാഷയറും

[തിരുത്തുക]

ഇന്ത്യയിലെ ആഭ്യന്തരമൽ‌സരമായ രഞ്ജി ട്രോഫിയിൽ 1960-ൽ ആദ്യമാ‍യി, ബോംബേയ്ക്കു വേണ്ടി സൗരാ‍ഷ്ട്രയ്ക്കെതിരേ, കളിച്ചു. ഈ മത്സരം നടക്കുന്നതിനിടയിൽ എഞ്ചി്നീയറുടെ അമ്മ മരണമടഞ്ഞു.

1968-ൽ ഇംഗ്ലണ്ടിലെ കൗൺടി ക്രിക്കറ്റിൽ ടീമുകൾക്കു ഒരു വിദേശകളിക്കാരനെ വീതം ഉൾപ്പെടുത്തുവാനുള്ള അനുമതി ലഭിച്ചു. അതിനു മുമ്പത്തെ വർഷം ഇന്ത്യ അവിടെ പര്യടനം നടത്തിയപ്പോൾ പല ടീമുകളും എഞ്ചി്നീയറെ സമീപിച്ചിരുന്നു. ലങ്കാഷയർ ടീമിന്റെ ക്ഷണം സ്വീകരിച്ച അദ്ദേഹം 1976 വരെ അവർക്കു വേണ്ടി കളിച്ചു.

വ്യക്തി ജീവിതം

[തിരുത്തുക]

ബിരുദം എടുത്തു കഴിഞ്ഞു എഞ്ചിനീയർ ടാറ്റായുടെ കീഴിലുള്ള മേഴ്സിഡസ്‌-ബെൻസ്‌ കമ്പനിയിൽ ജോലി ചെയ്തു. ഇംഗ്ലണ്ടിലേക്കു താമസം മാറ്റുന്നതു വരെ ഇതു തുടർന്നു. അവിടെ കുറെക്കാലം പലതും ചെയ്തതിനു ശേഷം അദ്ദേഹം കഴിഞ്ഞ ഇരുപതു കൊല്ലത്തിലേറെയായി തുണി കമ്പനികളുടെ ഇടനിലക്കാരനായി ജോലി ചെയ്യുന്നു. എഞ്ചിനീയർ 1966-ൽ ഷെറിയെയും 1987-ൽ ജൂലി ക്ലാർക്കിനേയും വിവാഹം ചെയ്തു. രണ്ടു വിവാഹത്തിലും രണ്ടു പെൺകുട്ടികൾ വീതമുണ്ടു. ഇപ്പോൾ ലങ്കാഷയറിൽ "ഫാർ പവലിയൻ" എന്നു പേരിട്ട വീട്ടിൽ താമസിക്കുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  1. Manecksha, Minnie & Darius Engineer
  2. Bhivpuri
  3. Dr Antonio D'Silva School, Shri Shivaji Preparatory Military School & Don Bosco High School
  4. Budhi Kunderan

അവലംബം

[തിരുത്തുക]
  • ജോൺ കാൻട്രെൽ & ഫറോക്ക്‌ എഞ്ചിനീയർ, "ഫ്രം ദ ഫാർ പവലിയൺ", ടെമ്പസ്‌ പബ്ലിഷിംഗ്‌ (2005)
  • മിഹിർ ബോസ്‌, "ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം" (A History of Indian Cricket), ഒന്നാം പതിപ്പ്‌ (1990)
  • സുജിത്‌ മുക്കർജി, "മാച്ച്‌ഡ്‌ വിന്നേർസ്‌", ഓറിയന്റ്‌ ലോങ്മാൻ (1996)
"https://ml.wikipedia.org/w/index.php?title=ഫറോക്ക്‌_എഞ്ചിനീയർ&oldid=2673161" എന്ന താളിൽനിന്ന് ശേഖരിച്ചത്