ബെയൊവുൾഫ്
ബെയൊവുൾഫ്(Beowulf) പുരാതന ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പുരാതനമായ വീരേതിഹാസകാവ്യമാണ്. കൃതിയുടെ അവശേഷിക്കുന്ന ഒരേയൊരു പുരാതന കൈയെഴുത്തുപ്രതിയിലെ സൂചനവച്ച്, എട്ടും പതിനൊന്നും നൂറ്റാണ്ടുകൾക്കിടയിലാണ് രചനാകാലം എന്ന് മനസ്സിലാക്കാമെങ്കിലും ബെയൊവുൾഫിന്റെ കർത്തൃത്വം അജ്ഞാതമായിരിക്കുന്നു. ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ മെർസിയയിൽ വസിച്ചിരുന്ന ഒരാളാണ് ഇതെഴുതിയതെന്നു കരുതപ്പെടുന്നു. ജെഫ്രി ചോസറുടെ കാൻറർബറി കഥകളേക്കാൾ വളരെ പഴക്കമുള്ള കൃതിയാണിത്. അതുകൊണ്ടുതന്നെ ലോകസാഹിത്യത്തിൽ ഗണനീയമായ സ്ഥാനം ബേവുൾഫിനുണ്ട്. തെക്കൻ സ്വീഡനിലെ ഗീറ്റ് വംശത്തിൽപ്പെട്ട ഒരു യോദ്ധാവായ ബേവുൾഫിൻറെ വീര പരാക്രമങ്ങളാണ് പ്രതിപാദ്യം. പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ മഹാകഥയുടെ കൈയെഴുത്തു പ്രതി ലഭിച്ചത്. ആംഗ്ലോസാക്സൺ ഭാഷയായ പഴയ ഇംഗ്ലീഷിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
അതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾക്ക് പശ്ചാത്തലമായത് ഇപ്പോൾ സ്വീഡനിലും ഡെന്മാർക്കിലും ഉൾപ്പെട്ട നാടുകളാണ്. ആംഗ്ലോ-സാക്സൺ സാഹിത്യത്തിലെ ഏറ്റവും പ്രധാനരചനയായി പൊതുവേ കണക്കാക്കപ്പെടുന്ന ബെയൊവുൾഫ്, ഏറെ ചർച്ചകൾക്കും, പഠനങ്ങൾക്കും, ഊഹാപോഹങ്ങൾക്കും, സിദ്ധാന്തങ്ങൾക്കും കാരണമായിട്ടുണ്ട്. 3182 വരികൾ ചേർന്ന്, താരതമ്യേന ദീർഘമായ രചനയാണത്. 2003-ൽ ബേവുൾഫിൻറെ കഥ മലയാളത്തിൽ ഡോ. എ. രാജഗോപാല കമ്മത്ത് അവതരിപ്പിച്ചു. 2007-ൽ ഈ വീരകഥ ഹോളിവുഡ് സിനിമയുമായി.
കഥ
[തിരുത്തുക]ആമുഖം
[തിരുത്തുക]ഉപേക്ഷിക്കപ്പെട്ട കുട്ടിയായി ഒരു വള്ളത്തിൽ ഒഴുകിയെത്തി ഒടുവിൽ ഡെന്മാർക്കിലെ രാജാവായിത്തീർന്ന ഷിൽഡിന്റെ (Scyld) മഹത്ത്വം വർണ്ണിക്കുന്ന ചെറിയൊരാമുഖത്തോടെയാണ് ബെയൊവുൾഫ് തുടങ്ങുന്നത്. ആമുഖത്തിന്റെ പ്രധാനഭാഗം പെരുമയോടെയുള്ള രാജവാഴ്ചക്കൊടുവിൽ മരിച്ച ഷിൽഡിന്റെ ശവസംസ്കാരം വർണ്ണിക്കുന്നു. ഒരു കപ്പലിൽ ആഭരണങ്ങളും ആയുധങ്ങളും കൊണ്ട് പൊതിഞ്ഞ് ബഹുമാനപൂർവം മൃതദേഹം ഒഴുക്കിവിടുകയാണ് ചെയ്തത്.
ഗ്രെൻഡൽ
[തിരുത്തുക]ഷിൽഡിന്റെ പേരക്കിടാവ് ഹീൽഫ്ഡേനിന്റെ മകനായിരുന്നു ഹ്രോത്‌ഗാർ ജനങ്ങൾക്ക് പ്രിയപ്പെട്ടവനും യുദ്ധവീരനുമായിരുന്നു. ദീർഘകാലത്തെ ഭരണത്തിനു ശേഷം, പ്രതാപിയായ അദ്ദേഹം തന്റേയും പരിജനങ്ങളുടേയും ഉല്ലാസത്തിനായി ഹിയൊറോട്ട് എന്ന മനോഹരമായ ഉത്സവശാല നിർമ്മിച്ചു. അവിടെനിന്നുയർന്ന സംഗീതവും ആർപ്പുവിളികളും അടുത്തുള്ള ഒരു ചളിപ്പൊയ്കയിൽ താമസിച്ചിരുന്ന ഗ്രെൻഡൽ എന്ന സത്വത്തെ കോപിഷ്ടനും അസൂയാലുവുമാക്കി. ഒരു രാത്രി ഉത്സവശാലയിലെത്തിയ ഗ്രെൻഡൽ ഹ്രോത്ഗാറിന്റെ മുപ്പത് യോദ്ധാക്കളെ കൊന്നൊടുക്കി. അടുത്ത പന്ത്രണ്ട് വർഷം ഉത്സവശാലക്കുനേരെയുള്ള ആക്രമണം തുടർന്ന അയാൾ ഹ്രോത്ഗാറിനെ പൊറുതുമുട്ടിച്ചു.
സ്വീഡനിലെ ഗീറ്റുകളുടെ വീരന്മാരിൽ പ്രമുഖനായിരുന്ന ബെയൊവുൾഫ് ഗ്രെൻഡലിന്റെ അതിക്രമങ്ങളെക്കുറിച്ചറിഞ്ഞ് ഹ്രോത്ഗാറിന്റെ രക്ഷക്കെത്താൻ തീരുമാനിച്ചു. പതിനാല് അനുയായികൾക്കൊപ്പം ഒരു കപ്പലിൽ ഡെന്മാർക്കിലെത്തിയ അയാളെ ഹ്രോത്ഗാർ സ്വീകരിച്ച് നന്ദിപൂർവം സൽക്കരിച്ചു. അന്നുരാത്രി ബെയൊവുൾഫ് അനുയായികൾക്കൊപ്പം ഉത്സവശാലയിൽ ഗ്രെൻഡലിനെ കാത്തുകിടന്നു. ആയുധങ്ങളൊന്നുമില്ലാതെ വന്ന ഗ്രെൻഡലിനെ ബെയൊവുൾഫ് നിരായുധനായിത്തന്നെ നേരിട്ടു. ഏറ്റുമുട്ടലിനിടെ ഗ്രെൻഡലിന്റെ ഒരു കയ്യിൽ പിടിമുറുക്കിയ ബെയൊവുൾഫ് പിടിവിട്ടില്ല. മല്പ്പിടിത്തത്തിൽ ബെയൊവുൾഫ് ആ കൈ പറിച്ചെടുത്തു. അങ്ങനെ മാരകമായി മുടിവേറ്റ ഗ്രെൻഡൽ ചളിപ്പൊയ്കയിലെ തന്റെ താവളത്തിലെത്തി മരിച്ചു.
അമ്മസത്വം
[തിരുത്തുക]ഗ്രെൻഡലിനെ വകവരുത്താനായതിൽ ഹ്രോത്ഗാറും ജനങ്ങളും ഏറെ സന്തോഷിച്ചു. അവർ ആ വിജയം ആഘോഷിക്കുകയും ബെയൊവുൾഫിനെ പാരിതോഷികങ്ങൾ കൊണ്ടുപൊതിയുകയും ചെയ്തു. എന്നാൽ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല. ഗ്രെൻഡലിന്റെ അമ്മ, മകന്റെ പരാജയത്തിന് പകരം വീട്ടാൻ നിശ്ചയിച്ചു. അടുത്ത രാത്രി ഉത്സവശാലയിൽ കടന്നുചെന്ന അവൾ ആഘോഷങ്ങൾ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഹ്രോത്ഗാറിന്റെ ആളുകൾക്കിടയിൽ നിന്ന് നിന്ന് അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സ്നേഹിതൻ ഈഷേറെ എടുത്ത് അവളുടെ താവളത്തിലേക്കു കൊണ്ടുപോയി. ബെയൊവുൾഫിന് ഇത്തവണ സത്വത്തെ തേടി ചളിപ്പൊയ്കയിലേക്ക് പോകേണ്ടിവന്നു. പൊയ്കയുടെ അരികിലെത്തിയ ബെയൊവുൾഫും മറ്റും ഹ്രോത്ഗാറിന്റെ സ്നേഹിതന്റെ ചോരയിൽ കുളിച്ച തല കണ്ടു. പൊയ്കയിൽ ചാടി മുങ്ങിയ ബെയൊവുൾഫിനെ ഗ്രെൻഡലിന്റെ അമ്മ പിടികൂടി ആഴത്തിലുള്ള അവളുടെ താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ അയാൾ അവളുമായി ഏറ്റുമുട്ടി. ബെയൊവുൾഫ് തോൽക്കുമെന്നായപ്പോൾ സത്വത്തിന്റെ താവളത്തിന്റെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ഒരു കൂറ്റൻ മന്ത്രവാൾ അയാളുടെ ശ്രദ്ധയിൽ പെട്ടു. സാധാരണക്കാർക്ക് എടുത്തുപൊക്കാൻ പറ്റാത്തത്ര കൂറ്റൻ വാളായിരുന്നു അതെങ്കിലും ബെയൊവുൾഫ് ആ വാളുപയോഗിച്ച് ഗ്രെൻഡലിന്റെ അമ്മയെ കൊന്നു. ഹ്രോത്ഗാറിന്റെ കൊട്ടാരത്തിൽ മടങ്ങിയെത്തിയ ബെയൊവുൾഫും അനുയായികളും വലിയ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഏറെ സമ്മാനങ്ങൾ വാങ്ങി ഗീറ്റുകൾ താമസിയാതെ അവരുടെ നാട്ടിലേക്ക് കപ്പൽ കയറി.
വ്യാളി
[തിരുത്തുക]ജന്മനാട്ടിൽ മടങ്ങിയെത്തിയ ബെയൊവുൾഫിനെ രാജാവ് ഹിഗ്ലാക്കും ജനങ്ങളും സന്തോഷപൂർവം സ്വീകരിച്ചു. ഹിഗ്ലാക്കിനെ പിന്തുടർന്ന് രാജാവായ പുത്രൻ ഹെർഡ്രഡിന്റെ മരണത്തിനുശേഷം ബെയൊവുൾഫ് ഗീറ്റുകളുടെ രാജാവായി. ബെയൊവുൾഫിന്റെ കഥയുടെ രണ്ടാം ഭാഗം അദ്ദേഹത്തിന്റെ രാജവാഴ്ച തുടങ്ങി അൻപതുവർഷം കഴിഞ്ഞപ്പോഴത്തെ കഥയാണ്. അന്നാട്ടിലെ ഒരടിമ യജമാനനിൽ നിന്ന് ഒളിച്ചോടുന്നതിനിടയിൽ ഒരു വ്യാളിയുടെ ഗുഹയിലെ നിധിശേഖരത്തിനിടയിൽ അബദ്ധത്തിൽ ചെന്നുപെട്ടു. നിധിയിൽ നിന്ന് രത്നഖചിചമായ ഒരു പാനപാത്രം എടുത്തുകൊണ്ടുപോയി യജമാനനു കാഴ്ചവച്ച അടിമക്ക് മാപ്പുകിട്ടി. എന്നാൽ ഉറക്കമുണർന്നപ്പോൾ ശേഖരത്തിലെ വിലയേറിയ പാനപാത്രം കാണാതായതു ശ്രദ്ധിച്ച വ്യാളി, ഗീറ്റുകളുടെ നാട്ടിലാകെ അക്രമം കാട്ടി. ബെയൊവുൾഫിന്റെ കൊട്ടാരവും സിംഹാസനവും വരെ വ്യാളിയുടെ ആക്രമണത്തിനിരയായി. അപ്പോഴേക്ക് ബെയൊവുൾഫ് വൃദ്ധനായിരുന്നു. എങ്കിലും അയാൾ വ്യാളിയെ നേരിടാൻ അതിന്റെ ഗുഹയിലെത്തി. ബെയൊവുൾഫിന്റെ അനുയായികളിൽ വിഗ്ലാഫ് എന്നുപേരുള്ള ഒരാളൊഴിച്ചുള്ളവരൊക്കെ വ്യാളിയെ ഭയന്ന് ഓടിപ്പോയി. വിഗ്ലാഫിന്റെ സഹായത്തോടെ വ്യാളിയെ ബെയൊവുൾഫ് കൊന്നു. എങ്കിലും അതിനിടെ അയാൾക്ക് മാരകമായി മുറിവേറ്റു.
അന്ത്യം
[തിരുത്തുക]മരിക്കാറായെന്നറിഞ്ഞ ബെയൊവുൾഫ്, വ്യാളിയുടെ നിധിശേഖരമത്രയും തന്റെ മുൻപിൽ കൊണ്ടുവരാൻ വിഗ്ലാഫിനോടാവശ്യപ്പെട്ടു. സ്വർണവും രത്നവുമൊക്കെ കണ്ട് അയാൾ സന്തോഷിച്ചു. കടൽത്തീരത്ത് "ബെയൊവുൾഫിന്റെ ഗോപുരം" എന്ന പേരിൽ ഒരു കുടീരമുണ്ടാക്കി അവിടെ തന്നെ സംസ്കരിക്കണമെന്ന് അയാൾ വിഗ്ലാഫിന് നിർദ്ദേശം നൽകി. ബെയൊവുൾഫിന് ചിതയൊരുക്കിയ വിഗ്ലാഫ്, അയാളുടെ ചിതാഭസ്മത്തിനൊപ്പം വ്യാളിയിൽ നിന്നുകിട്ടിയ നിധിയും ശവകുടീരത്തിൽ അടക്കം ചെയ്തു.
ഒരു ശവസംസ്കാരത്തിന്റെ വർണ്ണനയോടെ ആരംഭിക്കുന്ന ബെയൊവുൾഫിന്റെ കഥ, അവസാനിക്കുന്നത് മറ്റൊരു ശവസംസ്കാരവർണ്ണനയോടെയാണ്.
ആസ്വാദനചരിത്രം
[തിരുത്തുക]ചരിത്രം, ഭാഷാവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം എന്നിവയുടെ പഠനത്തെ സഹായിക്കുന്ന ആംഗ്ലോസാക്സൻ രചന എന്ന നിലയിലാണ് ഇരുപതാം നൂറ്റാണ്ടിനുമുൻപ് ബെയൊവുൾഫ് വിലമതിക്കപ്പെട്ടിരുന്നത്. കഥാശില്പമെന്ന നിലയിൽ അത് ഏറെ മാനിക്കപ്പെട്ടിരുന്നില്ല. ബെയൊവുൾഫിലെ കഥാപാത്രങ്ങളായ ഗ്രെൻഡൽ, അമ്മസത്വം, വ്യാളി എന്നിവരെ കൃതിയുടെ ചരിത്രമൂല്യത്തിൽ ശ്രദ്ധയൂന്നിയ പഴയ പഠനങ്ങൾ പൊതുവേ അവഗണിച്ചു.
ഈ നിലയ്ക്ക് മാറ്റം വന്നത്, ഫാന്റസി ഇതിഹാസമായ ലോർഡ് ഓഫ് ദ റിങ്സിന്റേയും മറ്റും സ്രഷ്ടാവെന്ന നിലയിൽ പിന്നീട് പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞൻ ജെ.ആർ.ആർ.റ്റോൾകീൻ, ഓക്സ്ഫോർഡ് സർവകലാശാലയിൽ നടത്തിയ പ്രഭാഷണപരമ്പരയുടെ സംഗ്രഹമായ "സത്വങ്ങളും വിമർശകരും" എന്ന പ്രബന്ധം 1936-ൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ്. സത്വങ്ങൾ ബെയൊവുൾഫിന്റെ ഘടനയിൽ ഒഴിവാക്കാനാവാത്തവയാണെന്നും അവയെ അവഗണിച്ച്, ചരിത്രമൂല്യമുള്ള കാവ്യമോ ദുരന്തകഥയോ മാത്രമായി വായിച്ചാൽ അത് വിലകുറഞ്ഞതും ദിശാരഹിതവുമായി അനുഭവപ്പെടുമെന്നും ടോൾകീൻ വാദിച്ചു. സാഹിത്യസൃഷ്ടിയെന്ന നിലയിലുള്ള ബെയൊവുൾഫിന്റെ വായന അങ്ങേയറ്റം പ്രയോജനപ്രദമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കവിതയെന്ന നിലയിലെ പ്രാധാന്യവുമായി താരതമ്യം ചെയ്താൽ, അതിനുണ്ടായിരിക്കാവുന്ന ചരിത്രമൂല്യം ആനുഷംഗികം മാത്രമാണെന്നും റ്റോൾകീൻ എഴുതി. കവിതയെ കവിതയായി പരിഗണിക്കാതിരുന്നതിന് ബെയൊവുൾഫിന്റെ പഴയ വിമർശകരെ റ്റോൾകീൻ കുറ്റപ്പെടുത്തുകയും ചെയ്തു.[1]
ക്രിസ്തീയ ഘടകങ്ങൾ
[തിരുത്തുക]വന്യമായ ശൗര്യത്തിന്റേയും സാഹസികതയുടേയും കഥയാണ് ബെയൊവുൾഫ്. അതിൽ കണ്ടേക്കാവുന്ന ചരിത്രാംശത്തിന്റേയും അതിന്റെ രചനയുടെ തന്നെയും പശ്ചാത്തലം കഥയുടെ രംഗവേദിയായി പറയപ്പെടുന്ന സ്കാൻഡിനേവിയൻ നാടുകളുടെയും കാവ്യം രചിക്കപ്പെട്ട ഇംഗ്ലണ്ടിന്റേയും ക്രൈസ്തവീകരണത്തിന് മുൻപായിരിക്കാനാണിട. അതിനാൽ ബെയൊവുൾഫിന്റെ പലഭാഗങ്ങളിലും കാണുന്ന ക്രിസ്തീയതയുടെ അംശങ്ങൾ വിമർശകരേയും ആസ്വാദകരേയും കുഴക്കിയിട്ടുണ്ട്. ഉദാഹരണമായി ഹ്രോത്ഗാറിന്റെ ഉത്സവശാലയിലെ പാട്ടുകാർ പാടിയിരുന്നത്,
“ | നമ്മുടെയൊക്കെ പുരാതനമായ തുടക്കത്തിൽ ദൈവം ഭൂമിയെ സൃഷ്ടിച്ച്, |
” |
ചെയ്തതിനെക്കുറിച്ചാണെന്ന് ബെയൊവുൾഫിന്റെ തുടക്കത്തിൽ തന്നെ പറയുന്നു.[2] തുടർന്നുള്ള വരികളിൽ ഭീകരസത്വമായ ഗ്രെൻഡലിനെ കായേന്റെ വംശത്തിൽ പിറന്നവൻ [3]എന്നു വിശേഷിപ്പിക്കന്നതുകൂടി വായിക്കുമ്പോൾ ഈ സൃഷ്ടിവർണ്ണനയ്ക്ക് ബൈബിളിലെ ഉല്പത്തിക്കഥയുമായുള്ള ബന്ധം വ്യക്തമാകും. ക്രൈസ്തവസംന്യാസാശ്രമങ്ങളിൽ പരിരക്ഷിക്കപ്പെട്ട ഈ കൃതിക്ക് ക്രിസ്തീയതയുടെ നിറം പകർന്നത് പകർത്തിയെഴുത്തുകാരായ സംന്യാസിമാരായിരിക്കണം.[4] ദയാലുവായ ഏതോ സംന്യാസസംശോധകൻ ("some kindly monkish editor") 'അവിശ്വാസികളുടെ' ഈ നായകശില്പം ക്രൈസ്തവലോകത്ത് സ്വീകാര്യതകിട്ടി നിലനിൽക്കാനായി ഭക്തിയുടെ വരികൾ അങ്ങിങ്ങ് വിതറുകമൂലമാണ് ബെയൊവുൾഫിൽ ക്രിസ്തീയാംശങ്ങൾ കടന്നുവന്നതെന്ന് ചരിത്രകാരനായ വിൽ ഡുറാന്റ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബെയൊവുൾഫിന്റെ ചൈതന്യവും സംഭവങ്ങളും തീർത്തും അക്രൈസ്തവമാണെന്ന് അദ്ദേഹം പറയുന്നു. അതിലെ മനുഷ്യരെ ആകർഷിച്ചത് മരണത്തിനപ്പുറത്തെ ശാന്തിയുടെ പറുദീസയല്ല, ഭൂമിയിലെ ജീവിതവും, പ്രേമവും സമരവുമാണ്.[5]
എന്നാൽ പകർത്തിയെഴുത്തുകാരായ സംന്യാസികൾ നടത്തിയ സംശോധനത്തിലാണ് ബെയൊവുൾഫിൽ ക്രിസ്തീയാംശങ്ങൾ കടന്നുകൂടിയതെന്ന ഈ വാദം എല്ലാവരും അംഗീകരിക്കുന്നില്ല. കഥാബീജത്തിന്റേയും കാവ്യത്തിന്റെ വാമൊഴിരൂപത്തിന്റെയും പശ്ചാത്തലം അക്രൈസ്തവമായിരിക്കാമെങ്കിലും ക്രിസ്തീയാംശങ്ങൾ ബെയൊവുൾഫിന്റെ അദ്യത്തെ ലിഖിതിരൂപത്തിൽ തന്നെ ഉണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നവരുണ്ട്. സ്കാൻഡിനേവിയൻ നാടുകളിൽ നിന്ന് വൈക്കിങ് സാഹസികർ വഴിയോ ആംഗ്ലോ-സാക്സൻ യാത്രക്കാർ വഴിയോ ഇംഗ്ലണ്ടിലെത്തിയിരിക്കാവുന്ന ബെയൊവുൾഫിന്റെ കഥക്ക് ആ നാടിന്റെ ക്രൈസ്തവീകരണത്തിനുശേഷം കിട്ടിയ ആദ്യത്തെ ലിഖിതരൂപത്തിൽ തന്നെ ക്രിസ്തീയാംശങ്ങൾ കടന്നുകൂടിയെന്നാണ് അവർ വാദിക്കുന്നത്.[6]
കൈയെഴുത്തുപ്രതി
[തിരുത്തുക]പതിനാറാം നൂറ്റണ്ടിലെ ഇംഗ്ലീഷ് മതനവീകരണത്തിനിടെ, ഹെൻറി എട്ടാമൻ രാജാവ് ബ്രിട്ടണിലെ ക്രൈസ്തവ സംന്യാസാശ്രമങ്ങളെ അമർച്ച ചെയ്യുകയും അവയുടെ വസ്തുവകകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങളോടനുബന്ധിച്ചുള്ള വലിയ ഗ്രന്ഥശാലകൾ നശിപ്പിച്ചപ്പോൾ നഷ്ടപ്പെട്ടുപോയ അനേകം ഗ്രന്ഥങ്ങളിൽ ബെയൊവുൾഫിന്റെ കൈയെഴുത്തുപ്രതികളിൽ ഒന്നൊഴികെയുള്ളവയും ഉൾപ്പെട്ടിരുന്നുവെന്ന് കരുതപ്പെടുന്നു. ആ നശീകരണത്തെ അതിജീവിച്ച ബെയൊവുൾഫിന്റെ ഏക കൈയെഴുത്തു പ്രതി ഇപ്പോൾ ലണ്ടണിലെ ബ്രിട്ടീഷ് സംഗ്രഹാലയത്തിലാണ്. ആ പ്രതിയുടെ നിർമ്മാണകാലം ക്രിസ്തുവർഷം ആയിരാമാണ്ടിനടുത്താണ്. രണ്ടുതരം കൈയക്ഷരങ്ങളിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതൻ ലോറൻസ് നോവെലിന്റെ പേര് ആ കൈയെഴുത്തുപ്രതിയുടെ പുറങ്ങളിലൊന്നിൽ കാണുന്നതുകൊണ്ട്, അദ്ദേഹമാണ് അതിനെ നാശത്തിൽ നിന്നു കാത്ത് ബെയൊവുൾഫിന്റെ കഥയേയും അത് പ്രതിനിധാനം ചെയ്യുന്ന സാഹിത്യസംസ്കാരത്തെ തന്നെയും വിസ്മൃതിയിൽ നിന്ന് രക്ഷിച്ചതെന്ന് കരുതപ്പെടുന്നു. ആ പ്രതി അറിയപ്പെടുന്നതു തന്നെ നോവൽ കൈയെഴുത്തുപുസ്തകപാഠം (Novell Codex Manuscript) എന്നാണ്. 1731-ലെ ഒരഗ്നിബാധ ദുർബ്ബലമാക്കിയ കൈയെഴുത്തുപ്രതിയുടെ പല ഭാഗങ്ങളും കാലാന്തരത്തിൽ വായിക്കുക ബുദ്ധിമുട്ടായി. ഡെന്മാർക്കിലെ പണ്ഡിതനായ തോർക്കെലിൻ പതിനെട്ടാം നൂറ്റാണ്ടിൽ എടുത്ത രണ്ടു പകർപ്പുകളും നോവെൽ പ്രതിയുടെ അൾട്രാവയലറ്റ് ഛായാഗ്രഹണവും ഇപ്പോൾ ബെയൊവുൾഫിന്റെ പാഠനിർണ്ണയത്തെ സഹായിക്കുന്നു.[7]
അവലംബം
[തിരുത്തുക]- ↑ Medeival Forum - J. R. R. Tolkien, Beowulf and the Critics. Ed. Michael D. C. Drout [1] Archived 2009-07-16 at the Wayback Machine.
- ↑ ബെയൊവുൾഫ്, 91 മുതൽ 98 വരെ വരികൾ - അദ്ധ്യായം ഒന്ന്
- ↑ ബെയൊവുൾഫ്, 106-ആം വരി, അദ്ധ്യായം ഒന്ന്
- ↑ William J Long - English Literature, Its History and Its Significance for the Life of English-Speaking World(പന്ത്രണ്ടാം പുറത്തെ അടിക്കുറിപ്പ്)
- ↑ വിൽ ഡുറാന്റ് - സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം - വിശ്വാസത്തിന്റെ യുഗം - പുറം 490
- ↑ ബെയൊവുൾഫിന്റെ ബർട്ടൻ റാഫൽ പരിഭാഷക്ക് റോബർട്ട് പി. ക്രീഡ് എഴുതിയ Afterword
- ↑ തന്റെ ബെയൊവുൾഫ് പരിഭാഷക്ക്(1963) ബർട്ടൻ റാഫൽ എഴുതിയ ആമുഖം
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ബെയൊവുൾഫിന്റെ ആധുനിക ഇംഗ്ലീഷിലേക്കുള്ള പരിഭാഷകളുടെ താരതമ്യം Archived 2010-05-29 at the Wayback Machine.
- ബെയൊവുൾഫ് പഠന വിഭവങ്ങൾ, നെവാഡ സർവകലാശാല
- ഹിയോറോട്ട് - ബെയൊവുൾഫ് വിഭവങ്ങൾ
- ബെയൊവുൾഫിന്റെ കൈയെഴുത്തുപ്രതി, ബ്രിട്ടീഷ് ഗ്രന്ഥാലയത്തിന്റെ ഓൺലൈൻ ഗാലറിയിൽ Archived 2008-07-30 at the Wayback Machine.
- പബ്ലിക് ലിറ്ററേച്ചർ.ഓർഗിൽ ബെയൊവുൾഫിന്റെ സമ്പൂർണ്ണപാഠവും ഓഡിയോയും Archived 2008-05-09 at the Wayback Machine.
- "വിക്കി സമ്മറികളിൽ" ബെയൊവുൾഫ് സംഗ്രഹം Archived 2010-09-21 at the Wayback Machine.
- ബെയൊവുൾഫ് ലളിതകഥാസംഗ്രം - ലിറ്ററാപീഡിയായിൽ Archived 2018-07-02 at the Wayback Machine.