ബ്ലാക്ക് ജൂലൈ
ബ്ലാക്ക് ജൂലൈ | |
---|---|
ശ്രീലങ്കയിലെ കലാപങ്ങൾ എന്നതിന്റെ ഭാഗം | |
സ്ഥലം | ശ്രീലങ്ക |
തീയതി | 24 ജൂലൈ 1983 30 ജൂലൈ 1983 (UTC+6) | –
ആക്രമണലക്ഷ്യം | ശ്രീലങ്കൻ തമിഴർ |
ആക്രമണത്തിന്റെ തരം | അഗ്നിക്കിരയാക്കൽ, ശിരച്ഛേദം, വെടിവെപ്പ് |
ആയുധങ്ങൾ | മഴു, തോക്കുകൾ, വെടിമരുന്ന്, കത്തികൾ, മറ്റു ആയുധങ്ങൾ |
മരിച്ചവർ | 400-3,000 |
മുറിവേറ്റവർ | 25,000+ |
ഇര(കൾ) | തമിഴ് പൗരന്മാർ |
ആക്രമണം നടത്തിയത് | സിംഹള വംശജർ |
പങ്കെടുത്തവർ | ആയിരക്കണക്കിനാളുകൾ |
1983 ജൂലൈയിൽ ശ്രീലങ്കയിലെ തമിഴർക്കു നേരെ നടന്ന വംശഹത്യയും, അതിനെത്തുടർന്നുണ്ടായ കലാപങ്ങളുമാണ് ബ്ലാക്ക് ജൂലൈ എന്ന പേരിലറിയപ്പെടുന്നത്. ശ്രീലങ്കയിലെ തമിഴ് തീവ്രവാദി സംഘടനയായ എൽ.ടി.ടി.ഇ ശ്രീലങ്കൻ സൈന്യത്തിലെ 13 പട്ടാളക്കാരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു പകരമായിട്ടാണ് ശ്രീലങ്കൻ തമിഴർക്കുനേരെ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയത്. 1983 ജൂലൈ 24നു രാത്രി തലസ്ഥാന നഗരമായ കൊളംബോയിൽ പൊട്ടിപ്പുറപ്പെട്ട കലാപം പിന്നീട് രാജ്യമൊട്ടാകെ കത്തിപ്പടരുകയായിരുന്നു. സിംഹള പൗരന്മാർ, തമിഴരെ എവിടെ കണ്ടാലും അക്രമിക്കാൻ തുടങ്ങി. ഏഴു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിൽ 3000 ആളുകൾ മരിച്ചു എന്നു കണക്കാക്കുന്നു.[1][2] എണ്ണായിരത്തോളം വീടുകളും, അയ്യായിരത്തോളം വ്യാപാരസ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. 150000 ത്തോളം ആളുകൾ ഭവനരഹിതരായി. കലാപത്തിൽ 300 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനെത്തുടർന്ന് ധാരാളം ശ്രീലങ്കൻ തമിഴ് വംശജർ മറ്റു രാജ്യങ്ങളിലേക്കു കുടിയേറാൻ തുടങ്ങി. നിരവധി ചെറുപ്പക്കാർ, എൽ.ടി.ടി.ഇ പോലുള്ള തീവ്രവാദി സംഘടനകളിൽ ചേർന്നു.
വർഷങ്ങളോളം, ശ്രീലങ്കയിൽ നടന്ന ആഭ്യന്തര കലാപത്തിന്റെ ഒരു തുടക്കമായിരുന്നു ബ്ലാക്ക് ജൂലൈ.[3][4]
പശ്ചാത്തലം
[തിരുത്തുക]ശ്രീലങ്ക ബ്രിട്ടന്റെ കോളനി ആയിരുന്ന കാലത്ത് 60 ശതമാനത്തോളം, സർക്കാർ ജോലികളും, ന്യൂനപക്ഷമായ ശ്രീലങ്കൻ തമിഴ് വംശജർക്കായിരുന്നു. ശ്രീലങ്കൻ ജനസംഖ്യയുടെ 15 ശതമാനത്തോളം മാത്രമേ ഈ സമൂഹം ഉണ്ടായിരുന്നുള്ളു. തമിഴർക്ക് ഏറെ പ്രാതിനിധ്യമുള്ള പ്രദേശമായ ജാഫ്നയിൽ ക്രിസ്ത്യൻ മിഷണറിമാരുടേയും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനത്തിന്റേയും ഒക്കെ കൊണ്ട് ലഭ്യമായ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സഹായം കൊണ്ടായിരുന്നു ഇത്.
1956 ൽ ശ്രീലങ്കയിൽ ഔദ്യോഗിക ഭാഷാ നിയമം പ്രഖ്യാപിച്ചു. ഇതിനെതിരേ തമിഴ് വംശജരും, ഇടതുപക്ഷ പാർട്ടികളും നടത്തിയ പ്രക്ഷോഭങ്ങൾ ഒരു വലിയ കലാപത്തിലേക്കു നയിച്ചു. സിംഹള ഭാഷ ശ്രീലങ്കയിലെ ഔദ്യോഗിക ഭാഷയാക്കിയ സർക്കാരിന്റെ തീരുമാനം, തമിഴ് ന്യൂനപക്ഷത്തെ വല്ലാത്തൊരു നിരാശയിലേക്കു നയിച്ചു.
1960കളിൽ ഒറ്റപ്പെട്ട പ്രക്ഷോഭങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ടിരുന്നു. സർവ്വകലാശാല പ്രവേശനത്തിനുള്ള സംവരണവും, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുള്ള ആനുപാതികമായ ശതമാനവും എല്ലാം വീണ്ടും പ്രശ്നങ്ങളിലേക്കു വഴിവെച്ചു. യുണൈറ്റഡ് നാഷണൽ പാർട്ടി അധികാരത്തിലെത്തിയതിനെ തുടർന്ന് 1977ൽ വീണ്ടും കലാപമുണ്ടായി.[5] 1981ൽ ജാഫ്നയിലെ പബ്ലിക്ക് ലൈബ്രറി രോഷാകുലരായ ജനക്കൂട്ടം തീവെച്ചു നശിപ്പിച്ചു.[6][7] 1983 വരെ ശ്രീലങ്കൻ സർക്കാരും, തമിഴ് വംശജരുടെ രക്ഷക്കെന്ന പേരിൽ മുളച്ചു പൊങ്ങിയ തീവ്രവാദി സംഘടനകളും തമ്മിൽ ചെറിയ തോതിലുള്ള പ്രശ്നങ്ങൾ നിലനിന്നിരുന്നു.
1983 ജൂലൈ 23ആം തീയതി, നഗരത്തിൽ പട്രോൾ നടത്തിയിരുന്ന ശ്രീലങ്കൻ സൈനികർക്കു നേരേ എൽ.ടി.ടി.ഇ യന്ത്രവത്കൃത തോക്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഒരു ഓഫീസർ ഉൾപ്പെട്ടെ പതിമൂന്നു പട്ടാളക്കാർ തൽക്ഷണം മരണമടഞ്ഞു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണമടഞ്ഞ വിമതരുൾപ്പടെ മൊത്തം മരണസംഖ്യ പതിനഞ്ചായിരുന്നു.[8] എൽ.ടി.ടി.ഇയുടെ പ്രാദേശിക കമാൻഡറായിരുന്ന കിട്ടുവിന്റെ നേതൃത്വത്തിലായിരുന്നു ഈ ആക്രമണം.[9] എൽ.ടി.ടി.ഇയുടെ മുതിർന്ന നേതാവായിരുന്ന ചാൾസ് ആന്റണിയെ ശ്രീലങ്കൻ സൈന്യം വധിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു ഈ ആക്രമണം.[10]
ജൂലൈ 24, ഞായർ
[തിരുത്തുക]ആക്രമണത്തിൽ മരിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാനോ, ശവസംസ്കാരം ജാഫ്നയിൽ വച്ചു നടത്താനോ, സൈനിക തലവനായിരുന്ന തിസ്സ വീരതുംഗ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ടു പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന കലാപങ്ങളെ തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.[11][12] കൊളംബോയിലെ കനാട്ടെയിലുള്ള പൊതു ശ്മശാനത്തിൽ പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹങ്ങൾ സംസ്കരിക്കുവാനായിരുന്നു ഉന്നതതല തീരുമാനം.[13] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന ആർ. പ്രേമദാസ ഈ തീരുമാനത്തെ എതിർത്തെങ്കിലും, ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനെ പ്രധാനമന്ത്രിയുടെ അഭിപ്രായത്തെ മറികടന്ന്, സൈനികരുടെ തീരുമാനം നടപ്പിലാക്കാൻ ഉത്തരവിടുകയായിരുന്നു.[14] 24നു വൈകീട്ടു നടന്ന ശവസംസ്കാര ചടങ്ങിൽ പ്രധാനമന്ത്രിയും, പ്രസിഡന്റും ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്നു അറിയിച്ചിരുന്നു. യുദ്ധത്തിൽ മരണമടയുന്ന സൈനികരുടെ മൃതദേഹങ്ങൾ അവരുടെ സ്വന്തം ഗ്രാമത്തിൽ സംസ്കരിക്കുക എന്ന കീഴ്വഴക്കത്തിനെതിരായിരുന്നു ഇത്.[15]
ശവസംസ്കാരചടങ്ങുകൾ നിശ്ചയിച്ചിരുന്നത് അഞ്ചു മണിക്കാണെങ്കിലും, മൃതദേഹങ്ങൾ കൊളംബോയിൽ ആ സമയത്ത് എത്തിയിട്ടുണ്ടായിരുന്നില്ല.[16] ജാഫ്നക്കടുത്തുള്ള പലാലി സൈനിക ക്യാംപിൽ നിന്നും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഇത് മരിച്ച സൈനികരുടെ ബന്ധുക്കളെ ക്ഷുഭിതരാക്കി. ചടങ്ങുകൾ വീക്ഷിക്കാൻ കാനാട്ടെ സെമിത്തേരിയിൽ വൻജനക്കൂട്ടം തന്നെ എത്തിച്ചേർന്നിരുന്നു. 7.20 ഓടെ വിമാനം കൊളംബോയിൽ എത്തിച്ചേർന്നപ്പോഴേക്കും, വിവരം അറിഞ്ഞ് അവിടെ ഏതാണ്ട് 8000 ഓളം ആളുകൾ തടിച്ചു കൂടിയിരുന്നു. മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ ജനക്കൂട്ടം ആവശ്യപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം, പോലീസിനെ ആക്രമിക്കുകയും ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.[17] സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ, അവസാനം മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാൻ പ്രസിഡന്റ് ഉത്തരവിട്ടു.[18] പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം, അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി.
ജനക്കൂട്ടത്തിലെ ഒരു വിഭാഗം, കൊളംബോയിലെ പട്ടണമായ ബൊറെല്ലോയിലേക്കു ജാഥയായി പോവുകയും, അവിടെയുള്ള തമിഴ് വംശജരുടെ സ്ഥാപനങ്ങൾ തല്ലി തകർക്കുകയും ചെയ്തു. ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു, പതിനായിരത്തിനടുത്തെത്തി. തമിഴ് വംശജരുടേതെന്നു സംശയിക്കുന്ന വീടുകളും, കടകളും എല്ലാം അഗ്നിക്കിരയാക്കുകയോ, നശിപ്പിക്കുകയോ ചെയ്തു. തമിഴ് യൂണിയൻ ക്രിക്കറ്റ് ആന്റ് അത്ലറ്റിക്ക് ക്ലബ്ബും അവർ അഗ്നിക്കിരയാക്കി. സ്ഥലത്തെത്തിയ പോലീസ്, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചുവെങ്കിലും, ജനക്കൂട്ടം പിരിഞ്ഞു പോവാൻ തയ്യാറായില്ല. പോലീസ് പിന്നീട് ആകാശത്തേക്കു വെടിവെച്ചു.[19] അതോടെ, ചിന്നിച്ചിതറിയ ജനക്കൂട്ടം, സമീപപ്രദേശങ്ങളിലെ തമിഴ് വംശജരെ ലക്ഷ്യമാക്കി നീങ്ങി. തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു. ചില കുറ്റവാളികളും, ഈ അക്രമത്തിൽ പങ്കുചേർന്നു.[20]
ജൂലൈ 25, തിങ്കൾ
[തിരുത്തുക]ജൂലൈ 25 തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ജയവർദ്ധനെ രാജ്യത്തിന്റെ സുരക്ഷാ കൗൺസിലുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിലുള്ള ബൈയ്ലീ തെരുവിലെ തമിഴ് വംശജരുടേതായ എല്ലാ സ്ഥാപനങ്ങളും അപ്പോഴേക്കും അഗ്നിക്കിരയായിരുന്നു.[21] വൈകീട്ട് ആറു മണിമുതൽ രാജ്യത്ത് കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു.[22] അക്രമകാരികൾ അപ്പോഴേക്കും ഓൾക്കോട്ട് മവാത്ത എന്ന പ്രദേശത്തേക്കു നീങ്ങുകയും, അവിടെയുള്ള സ്ഥാപനങ്ങൾ നശിപ്പിക്കാനാരംഭിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെ, ഗ്രാൻഡ് പാസ്സ്, കനാൽ റോഡ് എന്നിവിടങ്ങളിലേക്കു കൂടി അക്രമം വ്യാപിക്കാൻ തുടങ്ങി. ആയുധങ്ങളുമായി തെരുവിൽ ജാഥ നടത്തിയ സിംഹളീസ് വംശജർ തമിഴരെ കണ്ടാലുടൻ ആക്രമിക്കാൻ തുടങ്ങി.[23] മധ്യവർഗ്ഗക്കാരായ തമിഴ് വംശജർ തിങ്ങി പാർക്കുന്ന സിന്നമോൺ ഗാർഡൻസ് പോലുള്ള സ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇന്ത്യൻ ഹൈക്കമ്മീഷണറുടെ വസതി ആക്രമിച്ചു കൊള്ളയടിച്ചു. കലുതരയിൽ അഗ്നിക്കിരയായ ഒരു കടയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഉടമസ്ഥനെ, അക്രമികൾ തിരികെ തീയിലേക്കു തന്നെ എറിഞ്ഞു. കർഫ്യൂ നടപ്പാക്കാൻ പോലീസിനു കഴിയാതെ വന്നു. [24] സ്ഥിതികഗതികൾ നിയന്ത്രണത്തിലാക്കാൻ പട്ടാളത്തെ വിളിക്കേണ്ടി വന്നു.
വളരെ ആസൂത്രിതമായ അക്രമങ്ങളാണ് പിന്നീട് അരങ്ങേറിയത്. വോട്ടേഴ്സ് പട്ടിക നോക്കി തമിഴ് വംശജരെ തിരഞ്ഞു പിടിക്കാൻ ഇവർ ശ്രമിച്ചു. സർക്കാരിലെ തന്നെ ചില വിഭാഗങ്ങൾ ഇതിനായി കൂട്ടുനിന്നുവെന്ന് പ്രസിഡന്റ് ജയവർദ്ധനെ പിന്നീടു സമ്മതിക്കുകയുണ്ടായി. രത്മലനയിലെ വ്യവസായങ്ങളായി പിന്നീട് അക്രമികളുടെ ലക്ഷ്യം. തമിഴരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ജെട്രോ ഗാർമെന്റ്സ്, ടാറ്റാ ഗാർമെന്റ്സ് എന്നിവ ചുട്ടെരിക്കപ്പെട്ടു.[25] ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുണ്ടായിരുന്നു ചില ഫാക്ടറികൾ അക്രമികൾ നശിപ്പിച്ചതേയില്ല, അവരുടെ ലക്ഷ്യം ശ്രീലങ്കൻ തമിഴരുടെ വസ്തുവകകളായിരുന്നു.[26] രത്നമലയിലെ പതിനേഴു ഫാക്ടറികൾ നശിപ്പിക്കപ്പെട്ടു. ശ്രീലങ്കയിലെ ഒരു വൻകിട വ്യവസായഗ്രൂപ്പുകളിലൊന്നായ ക്യാപിറ്റൽ മഹാരാജ എന്ന കമ്പനിയുടെ ഫാക്ടറികളും, ബംഗ്ഷാൽ തെരുവിലുള്ള അവരുടെ ഹെഡ്ക്വാർട്ടേഴ്സും പൂർണ്ണമായും നശിപ്പിച്ചു.[27]
വെലിക്കട ജയിലിൽ തീവ്രവാദപ്രവർത്തനത്തിനു തടവിലാക്കപ്പെട്ട 37 തമിഴ് വംശജരെ, ജയിലിലുള്ള മറ്റ് സിംഹളപൗരന്മാർ ചേർന്ന് കുത്തി കൊലപ്പെടുത്തി.[28][29] ജയിലിൽ കൊല്ലപ്പെട്ടവർ താമസിച്ചിരുന്ന മുറികളുടെ താക്കോലുകൾ ജയിൽ അധികാരികൾ അക്രമികൾക്കു കൈമാറുകയായിരുന്നുവെന്ന് അന്ന് രക്ഷപ്പെട്ടവർ കുറ്റപ്പെടുത്തി. എന്നാൽ താക്കോലുകൾ തങ്ങളുടെ കയ്യിൽ നിന്നും അക്രമികൾ മോഷ്ടിച്ചതാവമെന്ന് അധികാരികളും പറയുന്നു.[30]
അക്രമത്തിൽ നിന്നും രക്ഷപ്പെട്ട് ഓടിയ തമിഴർക്ക് അഭയമൊരുക്കിയത്, സമീപത്തുള്ള മുസ്ലീം കുടുംബങ്ങളും, ഒറ്റപ്പെട്ട സിംഹളീസ് കുടുംബങ്ങളുമാണ്. സർക്കാർ കെട്ടിടങ്ങളിലും, ക്ഷേത്രങ്ങളിലുമായാണ് രക്ഷപ്പെട്ടവർ അക്രമികളുടെ കണ്ണിൽപ്പെടാതെ ഒളിച്ചിരുന്നത്.[31]
ജൂലൈ 26, ചൊവ്വ
[തിരുത്തുക]അക്രമസാക്തരാ ജനക്കൂട്ടം 26 ആം തീയതിയും നശീകരണപ്രവർത്തനങ്ങൾ തുടർന്നു. രത്നാകര തെരുവിലുള്ള അമ്പതിലധികം വീടുകൾ ഇവർ അഗ്നിക്കിരയാക്കി. ഈ തെരുവിലെ മൂന്നു വീടുകളുടെ ഉടമസ്ഥർ സിംഹള വംശജരായിരുന്നു, പക്ഷേ അതിൽ വാടകക്കു താമസിച്ചിരുന്നത് തമിഴ് വംശജരും. ഈ മൂന്നു വീടുകളിലെ സാധന സാമഗ്രികൾ തെരുവിലേക്കു കൊണ്ടു വന്നു കത്തിച്ചുവെങ്കിലും, വീടുകൾക്ക് യാതൊരു നാശനഷ്ടവരും വരുത്തിയില്ല.[32] രാജ്യത്തൊട്ടാകെ അക്രമം അരങ്ങേറുമ്പോൾ, ക്രമസമാധാന സംവിധാനം കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാൻഡിയിലേക്കും അക്രമം വ്യാപിച്ചു. ഉച്ചകഴിഞ്ഞ്, പേരദെനിയ തെരുവിലെ ഡെൽറ്റാ ഫാർമസിക്കു തീവച്ചു. വൈകാതെ ജനക്കൂട്ടം, കാസിൽ തെരുവിലേക്കും, കൊളംബോ തെരുവിലേക്കും മുദ്രാവാക്യം വിളികളുമായി എത്തി.[33] ശക്തമായി ഇടപെട്ട അവിടുത്തെ പോലീസ്, സ്ഥിതിഗതികൾ തൽക്കാലത്തേക്കു ശാന്തമാക്കിയെങ്കിലും, പെട്രോൾ ക്യാനുകളും. പെട്രോൾ ബോംബുകളുമായി എത്തിയ അക്രമി സംഘം, കിങ്സ് തെരുവ്, ട്രിങ്കോമാലീ തെരുവ്, കാസിൽ തെരുവ്, എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിച്ച ശേഷം, തീവെച്ചു. ജനക്കൂട്ടം പിന്നീട് പരിസര പട്ടണമായ ഗംപോലയിലേക്കു തിരിച്ചു. അന്നു വെകീട്ട് കാൻഡിയിൽ നിശാനിയമം പ്രഖ്യാപിച്ചു.[34]
ജൂലൈ 26 വൈകീട്ടായപ്പോഴേക്കും, ഒരു മുൻകരുതൽ എന്ന നിലയിൽ രാജ്യത്തൊട്ടാകെ നിശാനിയമം പ്രഖ്യാപിച്ചു. സംഘർഷ ഭരിത മേഖലകളിലും, പട്ടാളവും, പോലീസും സംയുക്തമായി മാർച്ചു നടത്തി.[35] തിരുനെൽവേലിയിലെ തീവ്രവാദി ആക്രമണത്തിൽ മരിച്ച പട്ടാളക്കാരുടെ ശവസംസ്കാരം ഇതിനിടയിൽ നടത്തിയിരുന്നു.[36]
ജൂലൈ 27, ബുധൻ
[തിരുത്തുക]മധ്യശ്രീലങ്കൻ നഗരങ്ങളായ നവാൽപെട്ടിയിലേക്കും, ഹാട്ടണിലേക്കും കലാപം കത്തി പടർന്നു. താരതമ്യേന ശാന്തമായിരുന്ന ബദുല്ല എന്ന പ്രദേശത്ത് രാവിലെ ഒരു തമിഴ് വംശജന്റെ മോട്ടോർസൈക്കിൾ ആരോ അഗ്നിക്കിരയാക്കി.[37] അതൊരു തുടക്കം മാത്രമായിരുന്നു, മധ്യാഹ്നത്തോടെ ആസൂത്രിതമായി ഇരച്ചെത്തിയ ജനക്കൂട്ടം സിറ്റി ബസാർ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾക്കു തീവെച്ചു. പിന്നീട് കലാപം, ആലുകൾ താമസിക്കുന്ന ഇടങ്ങളിലേക്കു കൂടി കത്തിപടർന്നു. അവിടെയുള്ള വീടുകൾക്കു തീവെച്ചശേഷം, ജനം കിട്ടിയ ബസ്സുകളിലും, വാനുകളിലുമായി സമീപപ്രദേശങ്ങളിലേക്കു കുതിച്ചു. രാത്രിയോടെ, ലുനുഗാലയിലും അക്രമം ആരംഭിച്ചിരുന്നു.[38]
കൊളംബോയിൽ പകൽസമയത്തും ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചു. കൊളംബോ നഗരം പതുക്കെ സമാധാന അന്തരീക്ഷത്തിലേക്കു തിരിച്ചു വന്നു. ഇതിനിടെ ജാഫ്നക്കു പോവുകയായിരുന്ന ഒരു തീവണ്ടിയിലെ തമിഴ് വംശജരായ ആളുകളെ കുറേയേറെപേർ ചേർന്ന് കൊലപ്പെടുത്തി. പന്ത്രണ്ടുപേർകൊല്ലപ്പെട്ടു.[39] വെലിക്കട ജയിലിലെ അക്രമത്തെ തുടർന്ന്, അവിടെയുള്ള തമിഴ് കുറ്റവാളികളെ മറ്റൊരു വാർഡിലേക്കു മാറ്റി. 27നു വൈകീട്ടോടെ, സംഘടിച്ചെത്തിയ സിംഹള തടവുകാർ, ഓഫീസർമാരെ അവഗണിച്ച് ആയുധങ്ങളുമായി തമിഴ് വംശജരെ ആക്രമിച്ചു പതിനഞ്ച് തമിഴ് വംശജരായ തടവുകാർ കൊല്ലപ്പെട്ടു.[40][41] ജാഫ്ന ജയിലിലും, ഇതേ സമയത്ത് രണ്ടു തമിഴ് തടവുകാർ കൊല്ലപ്പെട്ടു.
ജൂലൈ 28, വ്യാഴം
[തിരുത്തുക]ബദുല്ലയിൽ അപ്പോഴും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ നടക്കുന്നുണ്ടായിരുന്നു. കലാപം, ലുനുഗാരയിൽ നിന്നും പസ്സാരയിലേക്കു വ്യാപിച്ചു. കൊളംബോ, കാൻഡി, ട്രിങ്കോമാലീ എന്നിവിടങ്ങൾ ശാന്തമായി തുടങ്ങി.[42] 28 നു രാവിലെ പ്രസിഡന്റ് ജയവർദ്ധനെ വിളിച്ചു കൂട്ടിയ അടിയന്തര മന്ത്രിസഭാ യോഗത്തിനുശേഷം, അക്രമം അവസാനിപ്പിക്കാൻ പ്രസിഡന്റ് ടെലിവിഷനിലൂടെ ജനങ്ങളോടു ആവശ്യപ്പെട്ടു.[43][44]
പ്രത്യേക തമിഴ് രാജ്യം വേണമെന്നു ആവശ്യമുന്നയിച്ച തമിഴ് സംഘടനകളെ, പ്രസിഡന്റ് തന്റെ പ്രസംഗത്തിലൂടെ കടുത്ത ഭാഷയിൽ വിമർശിക്കുകയുണ്ടായി. അക്രമത്തിനു കാരണഹേതുവായത് തമിഴ് വംശജരാണെന്നും, തങ്ങൾക്കു നേരെ നടന്ന കൈയ്യേറ്റത്തിനൊടുവിൽ പ്രതികരിക്കുക മാത്രമാണ് സിംഹള വംശജർ ചെയ്തതെന്നും ജയർവർദ്ധനെ കൂട്ടിച്ചേർത്തു. 2500 വർഷത്തിലേറെയായി ഐക്യമത്തായി തുടരുന്ന ശ്രീലങ്കയെ വിഭജിക്കുക എന്നത് ഒരു സിംഹള വശംജനും സഹിക്കില്ലെന്നും, അതിനു വേണ്ടി ആവശ്യമുന്നയിക്കുന്ന രാഷ്ട്രീയ സംഘടനകളെ രാജ്യത്തു നിരോധിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.[45]
28നു വൈകീട്ട് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചു, ശ്രീലങ്കൻ പ്രസിഡന്റ്, ഇന്ത്യയിൽ നിന്നുമുള്ള നയതന്ത്രപ്രതിനിധികളുടെ ഒരു സംഘത്തെ ശ്രീലങ്ക സന്ദർശിക്കുവാൻ അനുവദിച്ചു. കുറച്ചു മണിക്കൂറുകൾക്കു ശേഷം, ഇന്ത്യയുടെ വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്കയിലെത്തി.[46]
ജൂലൈ 29, വെള്ളി
[തിരുത്തുക]കൊളംബോ ശാന്തമായ അന്തരീക്ഷത്തിലേക്കു മടങ്ങിയെത്തി. തമിഴ് വംശജായ ആളുകൾ, കലാപത്തിനിടയിൽ കാണാതായ തങ്ങളുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും തേടിപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. രാവിലെ പത്തരയോടെ ഗ്യാസ് വർക്ക്സ് തെരുവിൽ വെച്ച് രണ്ടു സിംഹളീസ് പൗരന്മാരായ യുവാക്കൾ വെടിയേറ്റു മരിച്ചു. തമിഴ് പുലികളാണ് ഇവരെ വെടിവെച്ചു കൊന്നതെന്ന ഒരു കിംവദന്തി പെട്ടെന്നു പരക്കുകയും, അവിടെ ആളുകൾ തടിച്ചു കൂടുകയും ചെയ്തു. സമീപത്തുള്ള ആദം അലി കെട്ടിടത്തിൽ തമിഴ് പുലികൾ ഒളിച്ചിരുപ്പുണ്ടെന്ന വിവരം ലഭിച്ച പോലീസും പട്ടാളവും ആ കെട്ടിടം വളഞ്ഞു വെടിവെപ്പു തുടങ്ങി. സൈന്യത്തെ സഹായിക്കാനായി ഹെലികോപ്ടറിൽ നിന്നും യന്ത്രവത്കൃത തോക്കുകൾ ഉപയോഗിച്ച് കെട്ടിടത്തിലേക്കു വെടിവെച്ചു. കുറേ നേരത്തെ വെടിവെപ്പിനു ശേഷം കെട്ടിടത്തിൽ പരിശോധന നടത്തിയ പോലീസിനു അവിടെയെങ്ങും ആരും ഉണ്ടായതായി യാതൊരു തെളിവും ലഭിച്ചില്ലെന്നു മാത്രമല്ല, അവിടെ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ സൂചന പോലുമുണ്ടായിരുന്നില്ല.[47]
പട്ടാളവും, തമിഴ് പുലികളുമായി കനത്ത യുദ്ധം നടക്കുന്നുവെന്ന വാർത്ത പെട്ടെന്നു തന്നെ കൊളംബോയിലാകെ പരന്നു. ഇതറിഞ്ഞ തമിഴ് വംശജരായ ജോലിക്കാർ കിട്ടിയ വാഹനങ്ങളിലായി നഗരം വിടാൻ തുടങ്ങി. ഇതേ സമയം, സിംഹളീസ് വംശജർ കൈയ്യിൽ കിട്ടിയ ആയുധങ്ങളുമായി പുലികളെ നേരിടാൻ തയ്യാറെടുത്തു. അവർ അക്രമാസക്തരായി തെരുവിൽ പുലികളെ കാത്തിരുന്നു. എന്നാൽ തമിഴ് പുലികളെ കൈയ്യിൽ കിട്ടാതായപ്പോൾ അവർ ജോലിക്കാരുടെ നേരെ തിരിഞ്ഞു. വഴിയിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞു നിറുത്തിയ അവർ തമിഴരെ തിരഞ്ഞു കണ്ടുപിടിച്ചു വകവരുത്തി. കിരുള തെരുവിൽ ഒരു തമിഴ് പൗരനെ ജീവനോടെ അഗ്നിക്കിരയാക്കി. ആദിത്യ തെരുവിൽ പതിനൊന്നു തമിഴരെ ജീവനോടെ കത്തിച്ചു.[48] 15 അക്രമികളെ പോലീസ് വെടിവെച്ചു കൊന്നു. ഓഗസ്റ്റ ഒന്നാം തീയതി വരെ നഗരത്തിൽ കർഫ്യൂ നിയമം പ്രഖ്യാപിച്ചു.[49]
ബദുല്ല, കാൻഡി, ട്രിങ്കോമാലി എന്നീ പ്രദേശങ്ങൾ താരതമ്യേന ശാന്തമായി തീർന്നു. നുവാരയിൽ ഒന്നു രണ്ടു കടകൾ തീവെച്ചു നശിപ്പിച്ചു. നഗരത്തിലെ ബസ്സാർ തെരുവിലേക്കും, ലോസൺ തെരുവിലേക്കും സാവധാനം അക്രമം വ്യാപിച്ചു. മതാര ജില്ലയിലും, കേഗല്ല ജില്ലയിലും അക്രമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി പി.വി. നരസിംഹറാവു കലാപം നടന്ന കാൻഡി, ഹെലികോപ്ടറിൽ സന്ദർശിച്ചു. അതിനു മുമ്പായി, റാവു ശ്രീലങ്കൻ പ്രസിഡന്റുമായും, ശ്രീലങ്കൻ വിദേശകാര്യമന്ത്രിയുമായും സ്ഥിതിഗതികൾ സംബന്ധിച്ച് ചർച്ച നടത്തി.[50]
ജൂലൈ 30, ശനി
[തിരുത്തുക]നുവാര, കണ്ടപോല, മതാലെ എന്നിവിടങ്ങളിൽ നിന്നും ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ടു ചെയ്തതൊഴിച്ചാൽ രാജ്യം പൊതുവേ ശാന്തമായിരുന്നു. മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളെ സർക്കാർ നിരോധിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക, ജനത വിമുക്തി പെരുമന, നവ സമ സമാജ പാർട്ടി എന്നിവയായിരുന്നു സർക്കാർ നിരോധിച്ച രാഷ്ട്രീയ കക്ഷികൾ. രാജ്യത്തു നടന്ന കലാപങ്ങൾക്ക് ജനങ്ങളെ പ്രേരിപ്പിച്ചു എന്നതായിരുന്നു സർക്കാർ കണ്ടെത്തിയ കാരണം.[51]
സർക്കാരിന്റെ നിലപാടുകൾ
[തിരുത്തുക]കലാപത്തിനു മുമ്പു തന്നെ സിംഹളർക്ക് തമിഴരോടുള്ള വിരോധം നിലവിലുണ്ടായിരുന്നു. തമിഴ് വിമോചന സംഘടകളുടെ രൂപീകരണത്തോടെ, ഈ വിരുദ്ധ വികാരം കൂടുതലായി കാണപ്പെട്ടു. തിരുനെൽവേലി സംഭവത്തോടെ, അതു തെരുവിലേക്കു അണപൊട്ടിയൊഴുകി. പെട്ടെന്നുണ്ടായ കലാപമാണെങ്കിലും, അതിനു പുറകിൽ വളരെ കാലത്തെ ആസൂത്രണം ഉണ്ടായിരുന്നു. സിംഹള നേതാക്കളാണ് ഈ കലാപം മുന്നിൽ നിന്നും നയിച്ചത്.[52] കലാപത്തിന്റെ തുടക്കത്തിൽ പോലീസും പട്ടാളവും നിഷ്ക്രിയമായി നിന്നതാണ് കലാപം ഇത്രയും വ്യാപിക്കാൻ കാരണമായത്. മിക്കയിടങ്ങളിലും, പോലീസും, പട്ടാളവും കലാപകാരികളുടെ കൂടെ കൂട്ടു ചേർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴികൾ ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, പിന്നീട് പോലീസും പട്ടാളവും അക്രമികളെ തുരത്താൻ രംഗത്തിറങ്ങി. അതോടെ, കലാപം അമർച്ചചെയ്യപ്പെട്ടു. ജൂലൈ 29 ആം തീയതി 15 സിംഹളീസ് കലാപകാരികളെ പട്ടാളം വെടിവെച്ചു കൊല്ലുകയുണ്ടായി.
കലാപകാരികൾക്ക് നിശ്ശബ്ദമായി ഒത്താശ ചെയ്തുകൊടുത്തു എന്ന പേരിൽ ശ്രീലങ്കൻ സർക്കാരിനു ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.[53][54] പ്രസിഡന്റിന്റെ ടെലിവിഷൻ സംപ്രേഷണത്തിൽ അക്രമത്തിനിരയായവരെ സാന്ത്വനിപ്പിക്കുന്നതിനു പകരം, കലാപത്തിന്റെ ഉത്തരവാദിത്തം അവരുടെ മേൽ കെട്ടിവെക്കാനാണ് അദ്ദേഹം ശ്രമിച്ചത്.[55] കലാപത്തിനുത്തരവാദികളായ ആളുകളെ ശിക്ഷിക്കുന്നതിനു പകരം, അവരെ വീരപുരുഷന്മാരായി ചിത്രീകരിക്കാനാണു സർക്കാരുൾപ്പടെ ശ്രമിച്ചത്. കലാപം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ വേണ്ട നടപടികളെടുത്ത് അതു തടയാൻ ശ്രമിക്കാത്ത സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ചില ശ്രീലങ്കൻ രാഷ്ട്രീയപ്രവർത്തകരും രംഗത്തെത്തിയിരുന്നു.
കലാപം തുടങ്ങിയ ഉടൻ തന്നെ കർഫ്യൂ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചില്ല. കലാപം വ്യാപിച്ചതോട, തമിഴ് വംശജർക്കായി അഭയാർത്ഥികേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ സന്നദ്ധരായി. എന്നാൽ ഏതാണ്ട് 20000 പേരെ ഉൾക്കൊള്ളാനുള്ള സൗകര്യമേ അഭയാർത്ഥി കേന്ദ്രത്തിനുണ്ടായിരുന്നുള്ളു. ഏതാണ്ട് 50000 ഓളം ആളുകൾ ഇവിടേക്ക് എത്തിച്ചേർന്നിരുന്നു. ഭവനരഹിതരായവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ, ശ്രീലങ്കൻ സർക്കാർ കുറേ പേരെ ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലേക്കു മാറ്റി പാർപ്പിച്ചു.[56]
ദൃക്സാക്ഷി വിവരണങ്ങൾ
[തിരുത്തുക]കലാപത്തിന്റെ തുടക്കത്തിൽ സർക്കാർ വസ്തുവകകളാണ് കലാപകാരികൾ നശിപ്പിച്ചത്. തിരുനെൽവേലി സംഭവത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഇത്. എന്നാൽ പിന്നീട് കലാപം കൂടുതൽ ആസൂത്രിതവും, കലാപകാരികളുടെ ലക്ഷ്യം തമിഴ് വംശജരും ആയി മാറി. കൊള്ളയും, കൊലപാതകവും വളരെ ആസൂത്രിതമായിരുന്നു. വഴിയിലൂടെ കടന്നുപോയിരുന്ന ഇരുചക്ര വാഹനക്കാരുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചശേഷമായിരുന്നു കലാപകാരികൾ അവരെ ആക്രമിച്ചത്. സിംഹള വംശജരായ ആരും തന്നെ ആക്രമിക്കപ്പെട്ടിരുന്നില്ല.
അക്രമകാരികൾ ഒരു ചെറിയ ബസ് തടഞ്ഞു നിർത്തി, അതിലുണ്ടായ ഏകദേശം ഇരുപതോളം പേരുൾപ്പടെ ബസ്സ് അഗ്നിക്കിരയാക്കിയതായി, സംഭവം കണ്ട ഒരു നോർവീജിയക്കാരനായ വിനോദസഞ്ചാരി രേഖപ്പെടുത്തിയിരിക്കുന്നു.[57][58] കലാപകാരികളിൽ ബുദ്ധസന്യാസിമാരും ഉൾപ്പെട്ടിരുന്നുവെന്ന് കലാപത്തിൽ നിന്നും രക്ഷപ്പെട്ട സുദർശന രാജസിംഹം എന്ന വനിത ഒരു മാസികക്കു കൊടുത്ത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.[59] തമിൾ ഗാർഡിയൻ എന്ന ദിനപത്രം കൂടുതൽ ദൃക്സാക്ഷികളുടെ വിവരണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.[60]
കലാപത്തിന്റെ നാളുകളിൽ സിംഹള യുവത്വം തെരുവുകളിൽ അക്രമം വിതക്കുകയായിരുന്നു. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ഒരു ബസ്സ് തടഞ്ഞു നിറുത്തി അതിലുള്ള തമിഴ് വംശജരെ കാണിച്ചുകൊടുക്കാൻ അക്രമികൾ ബസ്സ് ഡ്രൈവറോടു ആവശ്യപ്പെട്ടു. യാത്രക്കാരിയായ ഒരു തമിഴ് സ്ത്രീയെ അയാൾ കാണിച്ചുകൊടുത്തു, ജീവനിലുള്ള ഭയം കൊണ്ട് ആ സ്ത്രീ നെറ്റിയിലുള്ള കുങ്കുമം മായ്കാൻ ശ്രമിച്ചുവെങ്കിലും, അതിനു മുമ്പ് അക്രമികൾ അവരെ പിടിച്ചു ബസ്സിനു പുറത്തേക്കു കൊണ്ടു വന്നു. പൊട്ടിയ ഒരു കുപ്പി കഷണം കൊണ്ട്, കലാപകാരികൾ ആ സ്ത്രീയുടെ വയർ കീറി മുറിച്ചു. ഇതെല്ലാ നടക്കുമ്പോൾ ചുറ്റുപാടും അക്രമികൾ കൈകൊട്ടി നൃത്തം ചെയ്യുകയായിരുന്നു. മറ്റൊരു സംഭവത്തിൽ പതിനെട്ടും, പതിനൊന്നും വയസ്സുള്ള സഹോദരിമാരായ രണ്ടു പെൺകുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി, പിന്നീട് മൃതദേഹം കത്തിച്ചു. കലാപം നടക്കുന്ന സ്ഥലത്തേക്ക്, ബുദ്ധസന്യാസിമാർ, തമിഴരെ കൊല്ലുവാൻ സിംഹളജനതയോടു ആഹ്വാനം ചെയ്തുകൊണ്ട് കൊടികളും വീശി ഉന്മാദാവസ്ഥയിൽ വരുന്നതും കാണാമായിരുന്നു
— ദ ട്രാജഡി ഓഫ് ശ്രീലങ്ക - വില്യം മക്ഗോവൻ [61]
നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ഒരു മിനി ബസ്സ് അക്രമികൾ തടഞ്ഞു നിർത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. യാത്രക്കാർ രക്ഷപ്പെടാതിരിക്കാൻ വാഹനത്തിന്റെ വാതിലുകളും, ജനലുകളും അവർ കൊട്ടിയടച്ചു. ഇരുപതോളം വരുന്ന യാത്രക്കാർ തീയിൽ വെന്തുമരിക്കുന്നതു കണ്ട്, ഇവർ കൈയ്യടിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിനു ഔദ്യോഗികമായി യാതൊരു കണക്കുമില്ല. അക്രമികൾ തെരുവിൽ സംഹാരതാണ്ഡവം ആടുമ്പോൾ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുകയായിരുന്നു.
മരണപ്പെട്ടവരുടെ കണക്കുകൾ
[തിരുത്തുക]കലാപത്തിൽ 250 തമിഴർ മാത്രമാണ് കൊല്ലപ്പെട്ടത് എന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂവായിരത്തിനടത്തു വരുമെന്ന് മറ്റു പല സംഘടനകളും നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. വെലിക്കെട ജയിലിൽ നടന്ന കൂട്ടക്കൊലയിൽ മാത്രമ 50 ഓളം ആളുകൾ കൊല്ലപ്പെട്ടിരുന്നു.[64][65]
18000 ഓളം വരുന്ന വീടുകളും, വ്യാപാരസ്ഥാപനങ്ങളും തീവെച്ചു നശിപ്പിച്ചു. വീടും, സ്വത്തും നഷ്ടപ്പെട്ട ആയിരക്കണക്കിനു തമിഴർ യൂറോപ്പ്, ഓസ്ട്രേലിയ, ക്യാനഡ എന്നിവടങ്ങളിലേക്കു കുടിയേറി. തമിഴ് യുവാക്കൾ എൽ.ടി.ടി.ഇ പോലുള്ള തീവ്രവാദ സംഘടനകളിൽ അംഗമായി ചേർന്നു.
കേസും, നഷ്ടപരിഹാരവും
[തിരുത്തുക]പിന്നീട് അധികാരത്തിലെത്തിയ പീപ്പിൾ അലയൻസ് എന്ന രാഷ്ട്രീയ പാർട്ടി, ജൂലൈ കലാപത്തെക്കുറിച്ചു അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ പ്രകാരം, കലാപത്തിൽ 300 തമിഴ് വംശജർ മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളു, എന്നും 18000 ഓളം വരുന്ന വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു എന്നും പറയുന്നു. കലാപത്തിനിരയായവർക്ക് നഷ്ടപരിഹാരം കൊടുക്കുവാനും, സംഭവത്തിനു ഉത്തരവാദികളായവർക്കെതിരേ കേസെടുക്കാനും സർക്കാർ ഉത്തരവിട്ടു. ഇക്കാലയളവു വരേയും, ഇരകൾക്ക് നഷ്ടപരിഹാരം ഒന്നും തന്നെ ലഭിച്ചിട്ടില്ല, കലാപവുമായി ബന്ധപ്പെട്ട് ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല.
അവലംബം
[തിരുത്തുക]- Dissanayake, T. D. S. A. (2004). War or Peace in Sri Lanka. Popular Prakshan. ISBN 81-7991-199-3.
{{cite book}}
: Invalid|ref=harv
(help) - O'Ballance, Edgar (1989). The Cyanide War: Tamil Insurrection in Sri Lanka, 1973–88. London: Brassey's (UK). ISBN 978-0-08-036695-1.
- Wilson, A. Jeyaratnam (2001). Sri Lankan Tamil Nationalism: Its Origins and Development in the 19th and 20th Centuries. Penguin Books India. ISBN 0-14-302789-1.
- Hoole, Rajan; Somasundaram, Daya; Sritharan, Kopalasingham; Thiranagama, Rajini (1990). Broken Palmyra. University Teachers for Human Rights.
- ↑ "Twenty years on - riots that led to war". BBC. 2003-07-23. Archived from the original on 2016-08-30. Retrieved 2016-08-30.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Sri Lankan families count cost of war". BBC. 2008-07-23. Archived from the original on 2016-08-30. Retrieved 2016-08-30.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Tambiah, Stanley (1984). Sri Lanka: Ethnic Fratricide and the Dismantling of Democracy. University of Chicago Press. ISBN 0-226-78952-7.
- ↑ "Sri Lanka's Week of Shame". Sangam. Archived from the original on 2016-08-30. Retrieved 2016-08-30.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Dysfuctional democracy and dirty war in Sri lanka" (PDF). Eastwestcenter. Archived from the original on 2016-08-31. Retrieved 2016-08-31.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Burning Memories – Jaffna Library- 31st May 1981". Colombotelegraph. 2012-05-31. Archived from the original on 2016-08-31. Retrieved 2016-08-31.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Sri Lanka's historic Jaffna library 'vandalised'". BBC. 2010-11-01. Archived from the original on 2016-08-31. Retrieved 2016-08-31.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 21
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 21,22
- ↑ Anita, Pratap (2002). Island of Blood: Frontline Reports from Sri Lanka and Other South Asian Flashpoints. Penguin Books. ASIN B01HC0XE08.
- ↑ War or Peace in Sri Lanka- Dissanayake Page - 66
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 21
- ↑ War or Peace in Sri Lanka- Dissanayake Page - 66
- ↑ Cooray, B. Sirisena (2002). President Premadasa and I: Our Story. Dayawansa Jayakody & Company. pp. 60–63. ISBN 955-551-280-9.
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 21
- ↑ War or Peace in Sri Lanka- Dissanayake Page - 67
- ↑ War or Peace in Sri Lanka- Dissanayake Page - 67
- ↑ War or Peace in Sri Lanka- Dissanayake Page - 68
- ↑ War or Peace in Sri Lanka- Dissanayake Page - 69
- ↑ War or Peace in Sri Lanka- Dissanayake Page - 69,70
- ↑ War or Peace in Sri Lanka- Dissanayake Page - 69
- ↑ "Carfew in Srilanka". Google news. Retrieved 2016-09-01.
- ↑ War or Peace in Sri Lanka- Dissanayake Page - 69
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 23
- ↑ War or Peace in Sri Lanka- Dissanayake Page - 71
- ↑ War or Peace in Sri Lanka- Dissanayake Page - 71
- ↑ War or Peace in Sri Lanka- Dissanayake Page - 72
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 23
- ↑ "Riots in Srilanka". The Telegraph. Retrieved 2016-09-01.
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 23,24
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 23
- ↑ War or Peace in Sri Lanka- Dissanayake Page - 72
- ↑ War or Peace in Sri Lanka- Dissanayake Page - 74
- ↑ War or Peace in Sri Lanka- Dissanayake Page - 74
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 24
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 24
- ↑ War or Peace in Sri Lanka- Dissanayake Page - 75
- ↑ War or Peace in Sri Lanka- Dissanayake Page - 76
- ↑ War or Peace in Sri Lanka- Dissanayake Page - 76
- ↑ War or Peace in Sri Lanka- Dissanayake Page - 76
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 25
- ↑ War or Peace in Sri Lanka- Dissanayake Page - 77
- ↑ War or Peace in Sri Lanka- Dissanayake Page - 77
- ↑ Sri Lankan Tamil Nationalism: Its Origins and Development in the 19th and 20th Centuries - Wilson Page 111-114
- ↑ War or Peace in Sri Lanka- Dissanayake Page - 78-79
- ↑ "Indo-Sri Lankan Agreement: Evolution and its Aftermath Chapter I - Sri Lankan Ethnic issue & Role of India". Tamilnation. Archived from the original on 2016-09-02. Retrieved 2016-09-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ War or Peace in Sri Lanka- Dissanayake Page - 80-81
- ↑ War or Peace in Sri Lanka- Dissanayake Page - 80-81
- ↑ War or Peace in Sri Lanka- Dissanayake Page - 82
- ↑ War or Peace in Sri Lanka- Dissanayake Page - 82
- ↑ War or Peace in Sri Lanka- Dissanayake Page - 82
- ↑ Broken Palmyra - Rajan, Hoole
- ↑ "Remembering Sri Lanka's Black July". BBC. 2013-07-23. Archived from the original on 2016-09-02. Retrieved 2016-09-02.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "USTPAC Remembers 30th Anniversary of "Black July"- A State-abetted Pogrom Against Tamils in Sri Lanka". prnewswire. 2013-07-25. Archived from the original on 2016-09-02. Retrieved 2016-09-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Bose, Sumantra (2007). Contested lands: Israel-Palestine, Kashmir, Bosnia, Cyprus, and Sri Lanka. Cambridge, Massachusetts: Harvard University Press. p. 28. ISBN 978-0-674-02447-2.
- ↑ The Cyanide War: Tamil Insurrection in Sri Lanka, 1973–88 O'Ballance Page - 24
- ↑ "1983 - ACTS OF GENOCIDE". Sangam. Archived from the original on 2016-09-02. Retrieved 2016-09-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Broken Palmyra - Rajan, Hoole
- ↑ "Remembering silenced voices". Archived from the original on 2016-09-02. Retrieved 2016-09-02.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Anatomy of a pogrom". TamilGuardian. 2006-07-29. Retrieved 2016-09-03.
- ↑ William, Mcgowan (1993). Only Man is Vile The Tragedy of Srilanka. Picador. ISBN 978-0330326797.
- ↑ "State Terror". Sangam. Archived from the original on 2016-09-03. Retrieved 2016-09-03.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Widespread anti-Tamil communal violence, remembered as 'Black July'". Peace and Conflict Timeline. Archived from the original on 2016-09-03. Retrieved 2016-09-03.
- ↑ "We must search for unity in diversity – President". Daily News (Sri Lanka). 26 July 2004. Archived from the original on 2005-02-20. Retrieved 2016-09-03.
- ↑ Grant, Patrick (2008). Buddhism and Ethnic Conflict in Sri Lanka. State University of New York Press. p. 132. ISBN 0-7914-9353-9.