Jump to content

മംഗലാട്ട് രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മംഗലാട്ട് രാഘവൻ
മംഗലാട്ട് രാഘവൻ

മയ്യഴി വിമോചനസമരനേതാവും കവിയും പത്രപ്രവർത്തകനും(1921 സെപ്റ്റംബർ 20 - 2021 സെപ്റ്റംബർ 04). സോഷ്യലിസ്റ്റു നേതാവായ ഇദ്ദേഹം മയ്യഴി സ്വതന്ത്രമായതിനു ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്റ്റാഫായി പ്രവർത്തിച്ചു. ഔദ്യോഗിക ജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം സാഹിത്യരചനയിൽ സജീവമായി. ഫ്രഞ്ച് കവിതകൾ, ഫ്രഞ്ച് പ്രണയകവിതകൾ, വിക്റ്റർ ഹ്യൂഗൊയുടെ കവിതകൾ എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. ഫ്രഞ്ച് കവിതൾ എന്ന വിവർത്തനഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്[1][2].

ജീവചരിത്രം

[തിരുത്തുക]

ഫ്രഞ്ച് അധീന മയ്യഴിയിൽ 1921 സെപ്റ്റംബർ 20-ന് ജനനം. അച്ഛൻ: മംഗലാട്ട് ചന്തു. അമ്മ: കുഞ്ഞിപ്പുരയിൽ മാധവി. മയ്യഴിയിലെ എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേർ എന്ന ഫ്രഞ്ച് സെൻട്രൽ സ്കൂളിൽ ഫ്രഞ്ച് മാധ്യമത്തിൽ വിദ്യാഭ്യാസം. പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് മയ്യഴി വിമോചനപ്രസ്ഥാനത്തിൽ സജീവമായി. 1942-ൽ മയ്യഴിയിലെ മാതൃഭൂമി ലേഖകനായി പത്രപ്രവർത്തകജീവിതം ആരംഭിച്ചു. മയ്യഴി വിമോചനസമരത്തിന് നേതൃത്വം നല്കിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവ്. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ ചോമ്പാൽ റെയിൽവേ സ്റ്റേഷൻ തീവെച്ച കേസിൽ പ്രതി ചേർത്ത് ഫ്രഞ്ച് പോലീസ് തടവിലാക്കി ബ്രിട്ടീഷ് പോലീസിന് കൈമാറി. ചോമ്പാലിലെ എം.എസ്.പി. കേമ്പിൽ കഠിനമായ മർദ്ദനത്തിന് ഇരയായി.

വിമോചനസമരത്തിലേക്ക്

[തിരുത്തുക]
പ്രധാന ലേഖനം: മയ്യഴി വിമോചനസമരം

ബ്രിട്ടീഷ് ആധിപത്യത്തിന്റെ തകർച്ചയ്ക്കു ശേഷം ശക്തമായ മയ്യഴി വിമോചനസമരത്തിന്റെ നേതൃനിരയിൽ ഐ.കെ. കുമാരൻ, സി.ഇ. ഭരതൻ എന്നിവരോടൊപ്പം പ്രവർത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാൻ ജനഹിതപരിശോധന നടത്തണം എന്ന ഫ്രഞ്ച് നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ആശയപ്രചരണം നടത്തി. വോട്ടർ കാർഡ് നല്കുന്നതിലെ ക്രമക്കേടിനെതിരെ മയ്യഴി മെറിയിൽ (മേയറുടെ ആപ്പീസ്) നടന്ന സത്യാഗ്രഹസമരത്തിനു നേരെ ഫ്രഞ്ച് അനുകൂലികൾ അതിക്രമം നടത്തുകയും ഐ.കെ.കുമാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് നടന്ന മയ്യഴി പിടിച്ചെടുക്കലിന് നേതൃത്വം നല്കി. മയ്യഴിയിലെ ഫ്രഞ്ച് സ്ഥാപനങ്ങളെല്ലാം കീഴടക്കി മുന്നേറിയ സമരഭടന്മാർക്കെതിരെ നിറത്തോക്കുകളുമായി വന്ന ഫ്രഞ്ച് പട്ടാളത്തിനു നേരെ ഇത് ഇന്തോചൈനയല്ല, ഗാന്ധിജിയുടെ ഇന്ത്യയാണ്, വെടിവെക്കുന്നെങ്കിൽ ആദ്യം ഈ മാറിലേക്ക് വെടിവെക്കൂ എന്ന് വെല്ലുവിളിച്ചുകൊണ്ട് എടുത്തു ചാടി. സമരഭടന്മാരുടെ വീര്യം ഉത്തേജിപ്പിച്ച ഈ സാഹസിക നടപടിയെത്തുടർന്ന് പിൻവാങ്ങിയ ഫ്രഞ്ച് പോലീസിനെയും സൈന്യത്തേയും കീഴടക്കി, ഫ്രഞ്ച് അഡ്‌മിസ്‌ട്രേറ്ററെ തടവിലാക്കിയുമാണ് മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലാത്ത ഈ സമരം 1948 ഒക്ടോബർ 21-ന്‌ അവസാനിച്ചത്.

വിപ്ലവത്തെത്തുടർന്ന് സ്വതന്ത്രമാക്കപ്പെട്ട മയ്യഴിയുടെ ഭരണത്തിനായി രൂപവത്കരിച്ച ജനകീയ ഗവൺമെന്റിൽ അംഗമായിരുന്നു. ഫ്രഞ്ച് സൈന്യം വന്ന് മയ്യഴി തിരിച്ചുപിടിച്ചതോടെ മഹാജനസഭാനേതാക്കളോടൊപ്പം രാഷ്ട്രീയാഭയാർത്ഥിയായി മയ്യഴിക്കു പുറത്തു കടന്നു. വിപ്ലവക്കേസിൽ ഫ്രഞ്ച് കോടതി ഇരുപതു വർഷം തടവും ആയിരം ഫ്രാങ്ക് പിഴയും വിധിച്ചു. ഫ്രഞ്ച് സർക്കാർ എക്സ്ട്രാഡിഷൻ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും പിടികൊടുക്കതെ ഫ്രഞ്ച് വിമോചനസമരത്തിന് നേതൃത്വം നല്കി.

1954-ൽ മയ്യഴി വിമോചിപ്പിക്കാനായി മാഹി പാലത്തിനരികിൽ നിന്ന് പുറപ്പെട്ട വിമോചനമാർച്ചിലും പങ്കെടുത്തു. വിമോചനസമരകാലത്ത് ഫ്രഞ്ച്ഭരണാധികാരികളുമായി ഇന്ത്യൻ നേതാക്കളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകളിൽ മഹാജനസഭയെ പ്രതിനിധീകരിച്ചും പരിഭാഷകനായും പങ്കാളിയായിരുന്നു. സ്വതന്ത്രമയ്യഴിയിൽ രൂപവത്കരിക്കപ്പെട്ട താത്കാലിക സർക്കാരിൽ അംഗമായിരുന്നു.

പത്രപ്രവർത്തനം

[തിരുത്തുക]

മയ്യഴി സ്വതന്ത്രമായതിനു ശേഷം മുഴുസമയ പത്രപ്രവർത്തകനായി കെ.പി. കേശവമേനോൻ, കെ. കേളപ്പൻ എന്നിവരുടെ സഹപ്രവർത്തകനായി മാതൃഭൂമിയിൽ പ്രവർത്തിച്ചു. അക്കാലത്ത് എം.ആർ., ആർ.എം. എന്നീ പേരുകളിൽ എഴുതിയ സാമൂഹിക-രാഷ്ട്രീയ ലേഖനങ്ങൾ മാതൃഭൂമിയിലെ ശ്രദ്ധേയമായ വായനാവിഭവങ്ങളായിരുന്നു. 1981-ൽ മാതൃഭൂമിയിൽ നിന്ന് പിരിഞ്ഞു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • വിവർത്തനത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്
  • അയ്യപ്പപണിക്കർ പുരസ്കാരം
  • എം.എൻ.സത്യാർത്ഥി പുരസ്കാരം
  • മയിൽപ്പീലി പുരസ്കാരം

2021 സെപ്റ്റംബർ 4 ന് മരിച്ചു.

കൂടുതൽ വായനയ്ക്ക്ക്

[തിരുത്തുക]
  • മാതൃഭൂമിയിൽ വന്ന അനുസ്മരണക്കുറിപ്പ് [1] Archived 2021-09-06 at the Wayback Machine
  • മനോരമയിൽ വന്ന അനുസ്മരണക്കുറിപ്പ് [2]
  • മനോരമയിൽ മാഹി വിമോചനത്തെക്കുറിച്ച് വന്ന ലേഖനം [3]
  • ദേശാഭിമാനിയിൽ വന്ന അനുസ്മരണക്കുറിപ്പ് [4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-26. Retrieved 2012-07-31.
  2. സാഹിത്യവിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.

മയ്യഴി, സി.എച്ച്.ഗംഗാധരൻ, ബുക് സ്ക്വയർ, മയ്യഴി

ഗ്രന്ഥകാരനെക്കുറിച്ചുള്ള കുറിപ്പ്, ഫ്രഞ്ച് കവിതകൾ, മംഗലാട്ട് രാഘവൻ, സുമംഗല പബ്ലിക്കേഷൻസ്, തലശ്ശേരി.

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മംഗലാട്ട്_രാഘവൻ&oldid=4111542" എന്ന താളിൽനിന്ന് ശേഖരിച്ചത്