മത്സ്യകേരളം പദ്ധതി
ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് മത്സ്യകേരളം പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എഫ്.എഫ്.ഡി.എ., ബി.എഫ്.ഡി.എ., എ.ഡി.എ.കെ., മത്സ്യഫെഡ് എന്നീ സ്ഥാപനങ്ങളാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ കുളങ്ങൾ, പൊതുകുളങ്ങൾ, പൊതുതോടുകൾ, തടാകങ്ങൾ, പാടശേഖരങ്ങൾ എന്നിവയിൽ മത്സ്യകൃഷി നടത്തി ഉത്പാദനം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം[1].
ഘടന
[തിരുത്തുക]ഈ പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് തലത്തിൽ കർഷകസംഘങ്ങൾ രൂപവത്കരിക്കുന്നതാണ് ആദ്യപടിയായി ചെയ്യുന്നത്. ഓരോ സംഘങ്ങളും ഓരോ അക്വാകൾച്ചർ കോ-ഓർഡിനേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. കുളമൊരുക്കൽ, മത്സ്യക്കുഞ്ഞ് വിതരണം, അവയുടെ പരിപാലനം, മത്സ്യകൃഷി, തീറ്റനൽകൽ, വിപണനം, അവയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം ; എന്നിങ്ങനെ മത്സ്യകൃഷിക്കാവശ്യമായ സർവ്വവിധ പരിശീലനങ്ങളും സംസ്ഥാന ഫിഷറീസ് വകുപ്പും അനുബന്ധ ഏജൻസികളും ചേർന്ന് കർഷകർക്ക് നൽകുകയും ചെയ്യുന്നു. കർഷകസംഘങ്ങളുടെ രൂപവത്കരണത്തിലും പ്രവർത്തനങ്ങൾക്കും പ്രാഥമിക സൗകര്യങ്ങളായ കുളമൊരുക്കൽ, വിത്ത് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഫിഷറീസ് വകുപ്പിന്റെ ജില്ലാതല ഡെപ്യൂട്ടി ഡയറക്ടർമാർ കർഷകരെ സഹായിക്കും[1].
മത്സ്യക്കുഞ്ഞ് ഉത്പാദനകേന്ദ്രങ്ങൾ, മത്സ്യതീറ്റ നിർമ്മാണ യൂണീറ്റുകൾ, മത്സ്യവിതരണകേന്ദ്രങ്ങൾ എന്നിവ ഓരോ ഗ്രാമത്തിലും ആരംഭിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ പൊതുജലാശയങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നതിനും ഈ പദ്ധതിയിൽ അവസരം ലഭ്യമാണ്. ഒരു പഞ്ചായത്തിലോ, അടുത്തടുത്ത പഞ്ചായത്തുകളിലോ ഉള്ള കർഷകർക്ക് കൂട്ടായീ ചേർന്ന് കൃഷിക്കാവശ്യമുള്ള സാധനസാമഗ്രികൾ വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന വിധം സേവന സംവിധാനവും ഈ പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.[1][2]
കട്‌ല, രോഹു, മൃഗാൽ എന്നീ മത്സ്യങ്ങൾക്കു പുറമേ കരിമീൻ, നാടൻ മത്സ്യങ്ങളായ തിരുത, പൂമീൻ, കളാഞ്ചി എന്നീ മത്സ്യയിനങ്ങൾക്കാണ് മത്സ്യകേരളം പദ്ധതി മുൻഗണന നൽകുന്നത്. അതോടൊപ്പം തന്നെ ഞണ്ട്, തീൻ മുരിങ്ങ, കടൽപായൽ തുടങ്ങിയ ഇനങ്ങളും ഇതോടൊപ്പം കൃഷിചെയ്യും[1].[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 ഡോ. ഡി. ഷൈൻകുമാറിന്റെ ലേഖനം, കർഷകശ്രീ മാസിക. മെയ് 2009. താൾ 68
- ↑ 2.0 2.1 പി., സുരേഷ്ബാബു (30 ഓഗസ്റ്റ് 2011). "നെല്ലറയിൽ ചുവടുറപ്പിച്ച് 'മത്സ്യകേരളം'". മാതൃഭൂമി. Archived from the original on 2013-01-01. Retrieved 8 ഏപ്രിൽ 2013.