Jump to content

മാഹിം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാഹിം കോട്ട
माहीम किल्ला
മാഹിം കോട്ട
Map
അടിസ്ഥാന വിവരങ്ങൾ
തരംകോട്ട
സ്ഥാനംമാഹിം, മുംബൈ
ഉയരം1 മീ (3 അടി 3 ഇഞ്ച്)
Current tenantsഅനധികൃത കയ്യേറ്റക്കാർ
പദ്ധതി അവസാനിച്ച ദിവസംപതിനാറാം നൂറ്റാണ്ട്
ഇടപാടുകാരൻപോർച്ചുഗീസ്
ഉടമസ്ഥതമഹാരാഷ്ട്ര സർക്കാർ
സാങ്കേതിക വിവരങ്ങൾ
Structural systemഡക്കാൻ-ട്രാപ് ബാസാൾട്ട്

മുംബൈയിലെ മാഹിമിൽ ഉള്ള ഒരു കോട്ടയാണ് മാഹിം കോട്ട (മറാഠി: माहीम किल्ला)[1]. മാഹിം ഉൾക്കടലിനരികിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, തെക്ക് വർളി, വടക്ക് ബാന്ദ്ര, കിഴക്ക് മാഹിം എന്നീ പ്രദേശങ്ങളുടെ നിരീക്ഷണത്തിന് അനുയോജ്യമായിരുന്നു. തന്ത്രപ്രധാനമായൊരു കോട്ടയായതിനാൽ പലതവണ ആക്രമണത്തിന് വിധേയമായി.

ചരിത്രം

[തിരുത്തുക]

800 വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശത്തെ രാജാവായിരുന്ന പ്രതാപ് ബിംബ് ആണ് ഈ കോട്ട പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു[2]. 1516-ൽ പോർച്ചുഗീസ് കമാണ്ടർ ഡൊമാ ജോവോ ഡി മോനോയ് മാഹിം ക്രീക്കിൽ പ്രവേശിച്ച് മാഹിം കോട്ടയുടെ അധിപനെ തോൽപ്പിക്കുകയുണ്ടായി. പോർട്ടുഗീസുകാരും ഗുജറാത്തി ഭരണാധികാരിയായ അലി ഷായും തമ്മിൽ ഇവിടെ പതിവായി പോരാട്ടം നടന്നിരുന്നു. 1534 ൽ പോർട്ടുഗീസുകാർ ഗുജറാത്തിലെ ബഹദൂർ ഷായുടെ പക്കൽ നിന്നും മാഹിം ദ്വീപ് ഏറ്റെടുത്തു. 1661-ൽ പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെയിലെ മാഹിം ഉൾപ്പെടെയുള്ള ഏഴ് ദ്വീപുകൾ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. അതോടെ ബ്രിട്ടീഷുകാർ ഈ കോട്ടയുടെ നിയന്ത്രണം കരസ്ഥമാക്കി. 1684 ൽ സർ തോമസ് ഗ്രാന്ഥം ഇത് ശക്തിപ്പെടുത്തി. പോർട്ടുഗീസുകാരുടെ ആക്രമണത്തിനും പിന്നീട് മറാഠകൾക്കുമെതിരെ ഒരു തന്ത്രപ്രധാനമായ കോട്ട ആയിത്തീർന്നു. 1772 ൽ പോർട്ടുഗീസുകാർ ഈ കോട്ട ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും, ബ്രിട്ടീഷുകാർ പീരങ്കികൾ ഉപയോഗിച്ച് അവരെ പിന്തിരിപ്പിച്ചു. ഈ ഏറ്റുമുട്ടലിൽ ബാന്ദ്രയിലെ മൗണ്ട് മേരിയുടെ ബസിലിക്ക തകർന്നിരുന്നു. അക്കാലത്ത് കോട്ടയിൽ ഏകദേശം 100 പടയാളികളും 30 പീരങ്കികളും ഉണ്ടായിരുന്നു. 20-ആം നൂറ്റാണ്ടിന്റെ തുടക്കം വരെ ഇത് കസ്റ്റംസ് ഓഫീസ് ആയി പ്രവർത്തിച്ചു. പിന്നീട് 1960 വരെ ഉദ്യോഗസ്ഥഭവനമായും തുടർന്നു.

ഇന്ന് അനധികൃതമായ കൈയേറ്റവും ചേരിനിർമ്മാണവും മൂലം ശോചനീയാവസ്ഥയിലാണ് ഈ കോട്ട[3][4]. അധികൃതരുടെ അവഗണന, ചേരിപ്രദേശങ്ങളുടെ കടന്നുകയറ്റം, കടൽവെള്ളം മൂലമുള്ള മണ്ണൊലിപ്പ് തുടങ്ങിയവയാണ് ഈ കോട്ട നേരിടുന്ന പ്രധാന ഭീഷണികൾ. കോട്ടയുടെ മതിലുകളുടെ ചില ഭാഗങ്ങൾ തകർന്ന അവസ്ഥയിലാണ്. പലയിടത്തും വിള്ളലുകളും ഉണ്ട്. ഈ അവഗണന തുടരുകയാണെങ്കിൽ കോട്ട പൂർണ്ണമായും തകരുമെന്ന് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷൻ എന്ന സംഘടന ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ സമർപ്പിച്ച പഠനറിപ്പോർട്ട് പറയുന്നു[5].

അവലംബം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാഹിം_കോട്ട&oldid=3507226" എന്ന താളിൽനിന്ന് ശേഖരിച്ചത്