മാ മിങ്‌സിൻ
Part of a series on Islam in China |
---|
Islam കവാടം • |
ചൈനയിലെ ഗൻസു പ്രവിശ്യയിൽ 1719–1781 കാലയളവിൽ ജീവിച്ചിരുന്ന നക്ഷബന്ദി സൂഫി ഗുരുവും വിപ്ലവ പോരാളിയുമാണ് മാ മിങ്‌സിൻ (ചൈനീസ് : 马明心, 马明新; 馬明心、馬明新; pinyin: Mǎ Míngxīn; Wade–Giles: Ma Ming-hsin). ഇബ്രാഹിം, അസീസ്, മുഹമ്മദ് അമീൻ എന്നീ നാമധേയങ്ങളിലൊക്കെ വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം ജഹ്‌റിയ്യ സൂഫികൾക്കിടയിൽ "ദൈവത്താൽ സംരക്ഷിക്കപ്പെട്ടവൻ" എന്നർത്ഥം വരുന്ന വിഖായത്തുള്ള (അറബിക് : وقاية الله) എന്നാണ് വിശേഷിക്കപ്പെട്ടിരുന്നത്. മാ മിങ്‌സിൻറെ അനുയായികൾ പിൽകാലത്ത് ജഹ്‌റിയ്യ സൂഫികൾ എന്നറിയപ്പെട്ടു.[1] [2]
ജീവിതരേഖ
[തിരുത്തുക]ഗൻസു പ്രവിശ്യയിൽ ജനിച്ച ഇദ്ദേഹം പ്രാഥമിക പഠനത്തിന് ശേഷം മക്ക, യമൻ എന്നിവിടങ്ങളിൽ 16 വർഷം നീണ്ടു നിന്ന മതപഠനത്തിലേർപ്പെട്ടു.[3] പ്രസിദ്ധ നക്ഷബന്ദി സൂഫിയായ അബ്ദുൽ ഖാലിഖിൽ നിന്ന് ത്വരീഖത്ത് നേടി.[4] തുടർന്ന് മദീനയിൽ വെച്ച് വിഖ്യാതനായ കുർദിഷ് സൂഫി ഗുരു ഇബ്രാഹിം ഇബ്ൻ ഹസ്സൻ അൽ കുറാനിയുടെ കീഴിൽ പഠനം തുടർന്നശേഷം ചൈനയിൽ തിരിച്ചെത്തി.[5] സ്വദേശം കേന്ദ്രമാക്കി പർണ്ണശാല സ്ഥാപിക്കുകയും അദ്ധ്യാത്മിക വിദ്യാഭ്യാസം പകർന്നു നൽകുകയും ചെയ്തു.
ചൈനയിലെ മുൻകാല നക്ഷബന്ദി സൂഫികളുടെ താവഴി ഖുഫിയ്യ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. റാത്തീബ്, ദിക്ർ ഹൽഖ സദസ്സുകൾ പതിഞ്ഞ ശബ്ദത്തിൽ നടത്തുന്നവരായിരുന്നു ഇവർ. എന്നാൽ ഗുരുവായ കുറാനി പിന്തുടർന്നിരുന്ന പൊതു ശൈലി പിന്തുടർന്ന് ശബ്ദം ഉയർത്തി ആയിരുന്നു മാ മിങ്‌സിൻറെ ജപസദസ്സുകൾ. അതിനാൽ "ഉറക്കെ" എന്നർത്ഥമുള്ള അറബി പദം "ജഹ്ർ" ഉപയോഗിച്ചുള്ള ജഹ്‌റിയ്യ സൂഫികൾ എന്ന് ഇദ്ദേഹത്തിൻറെ ശിഷ്യവലയം പിന്നീട് അറിയപ്പെട്ടു.[6] [7]
ഭരണത്തിലും, സാമൂഹിക ഘടനയിലും ഇടപെടുന്ന സ്വഭാവമായിരുന്നു മാ മിങ്‌സിൻറെത്. ക്വിങ് ഭരണകൂട നിലപാടിനെതിരെ പലപ്പോഴും വിപ്ലവക്കൊടി ഉയർത്തിയ ജഹ്‌റിയ്യ സൂഫികളുമായി ക്വിങ് പട്ടാളം നിരവധി തവണ ഏറ്റുമുട്ടി. പോരാട്ടങ്ങൾക്കൊടുവിൽ വിജയം നേടിയ പട്ടാളം മാ മിങ്‌സിനെ പിടികൂടുകയും വധശിക്ഷയ്ക്ക് വിധേയമാക്കുകയും കുടുംബത്തെ നാടുകടത്തുകയും ചെയ്തു.[8] താടി രോമങ്ങൾ പിഴുതെടുത്ത് അതിക്രൂരമായായി പീഡിപ്പിച്ചായിരുന്നു ഇദ്ദേഹത്തെ ക്വിങ് ഭരണകൂടം കൊലപ്പെടുത്തിയത്.[9]
ഗുരുവിൻറെ മരണശേഷം നൂറ്റാണ്ടുകൾക്കിടയിൽ പലപ്പോഴായി ജഹ്‌റിയ്യ സൂഫികൾ ക്വിങ് രാജവംശത്തിനെതിരെ പോരാട്ടങ്ങൾ തുടർന്നുപോന്നു.[10]
അവലംബം
[തിരുത്തുക]- ↑ Dru C. Gladney (1996). Muslim Chinese: ethnic nationalism in the People's Republic. Volume 149 of Harvard East Asian monographs (2 ed.). Harvard Univ Asia Center. pp. 48–50. ISBN 0-674-59497-5.
- ↑ Journal of Asian Studies, August 1987, Vol. 46 (3): 495-532; pp. 48-49
- ↑ Gladney (1996), p. 50
- ↑ Lipman (1998), p.202.
- ↑ Lipman (1998), p. 90
- ↑ Lipman (1998),
- ↑ Muslim Chinese: ethnic nationalism in the People's Republic. Volume 149
- ↑ Lipman, p. 112
- ↑ Gladney (1996), pp. 52-53
- ↑ Muslim Chinese: ethnic nationalism in the People's Republic. Volume 149