മിശ്രഭാഷാവാദം
മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് മിശ്രഭാഷാവാദം. ചെന്തമിഴിൽ സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ്[1] ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികൻ.
കോവുണ്ണി നെടുങ്ങാടിയുടെ നിലപാട്
[തിരുത്തുക]ഇളംകുളത്തിന്റെ സിദ്ധാന്തത്തിനു മുൻപുതന്നെ തമിഴും മലയാളവും ചേർന്ന വെങ്കലഭാഷയാണ് മലയാളമായി പരിണമിച്ചത് എന്ന വാദം നിലവിലുണ്ട്. കേരളകൗമുദിയിലെ ആമുഖശ്ലോകം പരിഗണിച്ച് ഭാഷോല്പത്തി സംബന്ധിച്ച കോവുണ്ണി നെടുങ്ങാടിയുടെ കാഴ്ചപ്പാടിനെ സംസ്കൃതജന്യവാദമായി തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ അദ്ദേഹം സംസ്കൃത-തമിഴ് ഭാഷകളുടെ സംഗമത്തിൽനിന്നാണ് മലയാളത്തിന്റെ ഉദ്ഭവമെന്ന അഭിപ്രായക്കാരനാണ്. കേരളകൗമുദിയിൽ അദ്ദേഹം "ആര്യദ്രാവിഡ വാഗ്ജാതാ കേരളീയോക്തികന്യകാ" എന്ന് ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. “നമ്പൂതിരിമാരുടെ സംസ്കൃതവും ദ്രാവിഡരുടെ തമിഴും കലർന്ന് നമ്മുടെ ഈ മണിപ്രവാളം ഉണ്ടായി.” എന്ന് അദ്ദേഹം ഇക്കാര്യം വ്യാഖ്യാനിക്കുകയും ചെയ്യുന്നു. "സംസ്കൃതോച്ചാരണം പ്രായഃ സംസ്കൃതം കേരളീയോക്തിയിൽ എങ്കിലും താവഴിക്കത്രേ തങ്കലേ രീതിയൊക്കയും" എന്നും, അതായത്, "ഉച്ചാരണംകൊണ്ട് സംസ്കൃതത്തോട് അധികം ചേർച്ചയുണ്ടായാലും ഭാഷയുടെ രീതിയും മറ്റും തമിഴ്‌മുറയ്ക്കുതന്നെയെന്നതിന് യാതൊരു സംശയവും ഇല്ലതാനും" എന്നും അദ്ദേഹം പറയുന്നു. സംസ്കൃതത്തെ മലയാളഭാഷയുടെ പിതാവും ദ്രാവിഡത്തെ മാതാവുമായാണ് അദ്ദേഹം കല്പിക്കുന്നത്.[2]
ഇളംകുളം കുഞ്ഞൻപിള്ളയുടെ വാദങ്ങൾ
[തിരുത്തുക]‘കേരളഭാഷയുടെ വികാസപരിണാമങ്ങൾ’ എന്ന കൃതിയിലാണ് ഇളംകുളം തന്റെ സിദ്ധാന്തം അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പഴയ തമിഴകത്തെ പന്ത്രണ്ടുദേശങ്ങളിലെയും ഭാഷ ചെന്തമിഴ് തന്നെയായിരുന്നു, കേരളത്തിലെ തമിഴിന് കിഴക്കൻ നാടുകളിലെ തമിഴിൽനിന്ന് നേരിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും. “കേരളത്തിലെ സാമാന്യവ്യവഹാരഭാഷയായിരുന്ന മലനാട്ടുതമിഴ് ദ്രാവിഡഭവം എന്നുള്ളതിൽ തർക്കമില്ല” എന്നും അദ്ദേഹം പറയുന്നു. നമ്പൂതിരിമാരുടെ തള്ളിക്കയറ്റവും അതിനുശേഷം അവർക്ക് സമുദായത്തിൽ ലഭിച്ച അധീശസ്ഥാനവും ആണ് പക്ഷേ, മലയാളഭാഷയുടെ ഉദയത്തിന് കാരണമായത്. കേരളത്തിൽ പ്രവേശിച്ച ആര്യന്മാർ സംസ്കൃതമോ പ്രാകൃതമോ സംസാരിച്ചിരിക്കണം. സ്വദേശികളുമായി ഇടപഴകേണ്ടിവന്നപ്പോൾ അവർ തങ്ങളുടെ മാതൃഭാഷയായ സംസ്കൃതവും തദ്ദേശീയരുടെ തായ്മൊഴിയായ ചെന്തമിഴും കൂട്ടിക്കലർത്തിയ സങ്കരഭാഷയിലാണ് അവർ ആശയവിനിമയം നടത്തിയിരുന്നത്. സംസ്കൃതവും ഭാഷയും ഒന്നെന്നപോലെ യാതൊരു നിയമവും കൂടാതെ ഇടകലർത്തി നമ്പൂതിരിമാർ വ്യവഹരിച്ചുവന്നതിന് ഭാഷാമിശ്രമെന്നും മിശ്രഭാഷയെന്നും പറഞ്ഞുവന്നു. മണിപ്രവാളം അതിന്റെ മനോഹരമായ സാഹിത്യരൂപമാണ്. നമ്പൂതിരിമാരുടെ മിശ്രഭാഷ മലനാട്ടുതമിഴിനെയും സ്വാധീനിച്ചിരിക്കണമെന്നും ആദ്യകാലങ്ങളിൽ ഈ മിശ്രഭാഷയിൽ സംസ്കൃതത്തിന്റെ ആധിക്യം ഉണ്ടായിരുന്നിരിക്കാമെന്നും ക്രമേണ സംസ്കൃതാംശങ്ങൾ കുറഞ്ഞ് തമിഴിന്റെ ഭാഷാസ്വഭാവങ്ങൾക്ക് പ്രാമാണ്യം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. വാമൊഴി മാത്രമായിരുന്ന ഈ മിശ്രഭാഷയുടെ ആദ്യസ്വഭാവങ്ങൾ എന്തെല്ലാമായിരുന്നു എന്ന് ഗ്രഹിക്കാൻ പ്രയാസമാണ്. പക്ഷേ ശാസനങ്ങളിൽനിന്ന് ഈ മിശ്രഭാഷയുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കും. അങ്ങനെ കൊല്ലം ഒന്നാം ശതകത്തിൽത്തന്നെ മലനാട്ടുതമിൾ പ്രത്യേകം ഒരു ഭാഷയായിത്തീരാനുള്ള ലക്ഷണങ്ങൾ സ്വീകരിച്ചുകഴിഞ്ഞുവെന്ന് മനസ്സിലാക്കാമെന്ന് ഇളംകുളം അഭിപ്രായപ്പെടുന്നു. മിശ്രഭാഷയുടെ വികാസപരിണാമങ്ങളിൽ കൂടിയാട്ടവും പ്രധാനപങ്കു വഹിച്ചിരിക്കണം.
മലയാളം തമിഴിനെക്കാൾ മുൻപ് പൂർവ്വദ്രാവിഡത്തിൽനിന്ന് പിരിഞ്ഞുവെന്ന വാദത്തെ ഇളംകുളം കുഞ്ഞൻപിള്ള എതിർക്കുന്നു. തമിഴിനും മലയാളത്തിനും ഒരു പൊതുപൂർവ്വദശയുണ്ടായിരുന്നു എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്. മലനാട്ടുതമിഴ് ആധുനികമലയാളമായി പരിണമിച്ചതിന് നമ്പൂതിരിമാരുടെ മിശ്രഭാഷയോട് കടപ്പെട്ടിരിക്കുന്നു എന്ന് എടുത്തുകാട്ടുകയാണ് അദ്ദേഹം മിശ്രഭാഷാവാദത്തിലൂടെ.
എൻ. കൃഷ്ണപിള്ളയുടെ നിലപാട്
[തിരുത്തുക]ഇളംകുളത്തിന്റെ മിശ്രഭാഷാവാദത്തെ എൻ. കൃഷ്ണപിള്ള അതേപടി സ്വീകരിക്കുന്നു: "നമ്പൂതിരിമാർ കേരളത്തിലെ തമിഴിനെ തങ്ങളുടെ ആവശ്യം പ്രതി ദുഷിപ്പിച്ചതിന്റെ ഫലമായിട്ടുണ്ടായ രൂപാന്തരങ്ങളാണ് ഒരു പുതിയ ഭാഷക്ക് കളമൊരുക്കിയത്"... “സ്വന്തം നാട്ടുവഴക്കങ്ങളോടുകൂടിയ കേരളത്തമിഴ് 700-ആമാണിനുശേഷമുള്ള 500 വർഷത്തിനകം ആര്യഭാഷകളുടെ പ്രബലസമ്മർദ്ദംനിമിത്തം മറ്റൊരു ഭാഷയായി ഉരുത്തിരിയുകയും, ഉരുത്തിരിഞ്ഞതോടൊപ്പം ഒരു മിശ്രഭാഷയായിത്തീരുകയും ചെയ്ത് മലയാളമായി.” എന്ന് 'കൈരളിയുടെ കഥ'യിൽ അദ്ദേഹം വിവരിക്കുന്നു[3].
സി.എൽ. ആന്റണി
[തിരുത്തുക]സി.എൽ. ആന്റണി ഇളംകുളത്തിന്റെ നിഗമനത്തോട് സാമാന്യമായി യോജിക്കുന്നു. കേരളഭാഷയുടെ ഉദ്ഭവം കൊല്ലവർഷാരംഭത്തോടുകൂടിയാണെന്ന വാദത്തോട് അദ്ദേഹം വിയോജിക്കുന്നുണ്ട്. തമിഴ്-മലയാളങ്ങളുടെ പൂർവ്വദശ രണ്ടു ഭാഷകളിലും സാഹിത്യം രൂപംകൊള്ളുന്നതിനുമുൻപ് സംഭാഷണതലത്തിൽ നിലനിന്നിരിക്കാം എന്നാണ് ആന്റണി കരുതുന്നത്. [4]
വിമർശനങ്ങൾ
[തിരുത്തുക]മിശ്രഭാഷാവാദത്തിന് പ്രധാനമായും മൂന്ന് എതിർപ്പുകളാണുണ്ടായിട്ടുള്ളത്.
- രണ്ടു പരിനിഷ്ഠഭാഷകളുടെ - ചെന്തമിഴും സംസ്കൃതവും - സംഗമം മൂന്നാമതൊരു ഭാഷയുടെ പിറവിക്ക് കാരണമായി എന്ന വാദം ഭാഷാശാസ്ത്രസിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണ്[5][6].
- മിശ്രഭാഷ സാഹിത്യത്തിലല്ലാതെ സാമാന്യവ്യവഹാരത്തിൽ നിലനിന്നുവെന്ന വാദം വിശ്വാസയോഗ്യമല്ല[7][8].
- മലയാളത്തിന് ചെന്തമിഴിനോടല്ല ബന്ധം, കൊടുന്തമിഴിനോടാണ്[9].
അവലംബം
[തിരുത്തുക]- ↑ ഇളംകുളം കുഞ്ഞൻപിള്ള, മലയാള ഭാഷയുടെ വികാസപരിണാമങ്ങൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം
- ↑ കോവുണ്ണി നെടുങ്ങാടി, കേരളകൗമുദി
- ↑ എൻ. കൃഷ്ണപിള്ള, കൈരളിയുടെ കഥ (2002) പുറം 45,47 ഡി സി ബുക്സ് കോട്ടയം ആദ്യ പതിപ്പ് 1958
- ↑ സി.എൽ. ആന്റണി, ഭാഷാപഠനങ്ങൾ
- ↑ കെ.എം. ജോർജ്ജ്, സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1958), സാ.പ്ര.സ.സം, കോട്ടയം, 2008,പു.33
- ↑ എൻ.ആർ. ഗോപിനാഥപിള്ള, അന്വേഷണം, സാ.പ്ര.സ.സം,1974.
- ↑ കെ. കുഞ്ചുണ്ണിരാജാ, ഭാഷാഗവേഷണം
- ↑ Sukumar Azhicode, 'Creolization as a factor in the evolution of Malayalam', Preceeding of The Second All India Conference of Dravidian Linguistics, Thiruvanantapuram, DLA,1975
- ↑ എൻ.ആർ. ഗോപിനാഥപിള്ള, അന്വേഷണം, സാ.പ്ര.സ.സം,1974.