Jump to content

മിസ്‌രി പള്ളി

Coordinates: 10°46′40″N 75°55′21″E / 10.7778491°N 75.9225759°E / 10.7778491; 75.9225759
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിസ്‌രി പള്ളി
മിസ്‌രി പള്ളി is located in Kerala
മിസ്‌രി പള്ളി
Location in present-day Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംപൊന്നാനി, മലപ്പുറം ജില്ല, ഇന്ത്യ
നിർദ്ദേശാങ്കം10°46′40″N 75°55′21″E / 10.7778491°N 75.9225759°E / 10.7778491; 75.9225759
മതവിഭാഗംIslam
Branch/traditionഇസ്ലാം
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംജുമുഅ മസ്ജിദ്
വാസ്‌തുവിദ്യാ മാതൃകകേരളീയ വാസ്തുവിദ്യ
സ്ഥാപിത തീയതി16 ആം നൂറ്റാണ്ട്
Specifications
മകുടം0
മിനാരം0

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതി ചെയ്യുന്ന പതിനാറാം നൂറ്റാണ്ടിലെ ഒരു ജുമുഅ മസ്ജിദ് ആണ് ഈജിപ്ഷ്യൻ പള്ളി എന്നും അറിയപ്പെടുന്ന മിസ്‌രി പള്ളി. പോർച്ചുഗീസുകാർക്കെതിരായ യുദ്ധത്തിൽ സാമൂതിരി രാജാവിന്റെ സൈന്യത്തെ സഹായിക്കാൻ ഈജിപ്തിൽ നിന്ന് വന്ന സൈനുദ്ദീൻ മഖ്ദൂമിന്റെ സൈന്യത്തിനു വേണ്ടി നിർമ്മിച്ച പള്ളിയാണ് ഇത് എന്നാണ് ചരിത്രം. കേരളത്തിലെ പ്രധാന സാംസ്കാരിക, ചരിത്ര, വാസ്തുവിദ്യാ സ്മാരകങ്ങളിലൊന്നായ ഈ പള്ളി, ഈജിപ്തും മലബാർ തീരവും തമ്മിലുള്ള മധ്യകാല വ്യാപാര ബന്ധത്തിന്റെ അവശിഷ്ടം കൂടിയാണ്.

പദോൽപ്പത്തി[തിരുത്തുക]

ഈജിപ്തുകാരെ പ്രാദേശികമായി മിസ്രി എന്ന് വിളിച്ചിരുന്നതിനാൽ, അവർ തമ്പടിച്ച പ്രദേശത്ത് നിർമ്മിച്ച പള്ളിയെ മിസ്രി മസ്ജിദ് എന്ന് ആളുകൾ വിളിക്കാൻ തുടങ്ങി.[1]

ചരിത്രം[തിരുത്തുക]

സാമൂതിരിയുടെ പോർച്ചുഗീസുകാർക്കെതിരായ യുദ്ധത്തിൽ സാമൂതിരി കുഞ്ഞാലി മരക്കാറിന്റെ നേതൃത്വത്തിലുള്ള നാവികസേനയെ സഹായിക്കാൻ ഈജിപ്തിൽ നിന്ന് സൈനുദ്ദീൻ മഖ്ദൂമിന്റെ സൈന്യം നാവിക ആസ്ഥാനമായ പൊന്നാനിയിൽ വന്നിരുന്നു.[2] ഈജിപ്റ്റിൽ നിന്നും വന്ന ഈ സൈന്യത്തിന് വേണ്ടിയാണ് മിസ്രി മസ്ജിദ് നിർമ്മിച്ചത്.[2] സൈനുദ്ദീൻ മഖ്ദൂം എഴുതിയ തുഹ്ഫത്ത് ഉൽ മുജാഹിദ്ദീൻ എന്ന കൃതിയിൽ ഇത് പരാമർശിക്കപ്പെടുന്നു.[3] ഈജിപ്ഷ്യൻ സൈനികർക്കുള്ള ആദരസൂചകമായി പൊന്നാനിയിലെ കമ്മാലികനകം കുടുംബം പള്ളി നിർമ്മിക്കാൻ ഭൂമി സംഭാവന ചെയ്യുകയും അതിന് മിസ്രി [ഈജിപ്ഷിയൻ] മസ്ജിദ് എന്ന് പേരിടുകയും ചെയ്തതായി പറയുന്നു.[4] പൊന്നാനിയിലെ ഒരു ചരിത്രകാരനായ ടി. വി. അബ്ദുറഹിമാൻ കുട്ടി പറയുന്നത്, സാമൂതിരി, സൈനുദ്ദീൻ, മരക്കാർ എന്നിവർ ഒരു സൈന്യം രൂപീകരിക്കാൻ കൈകോർക്കുകയും പോർച്ചുഗീസുകാരിൽ നിന്നുള്ള ഒന്നിലധികം ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു എന്നാണ്.[5]

ഈജിപ്തിൽ നിന്നുള്ള വ്യാപാരികളുടെ സന്ദർശനത്തെ തുടർന്നാണ് മിസ്രി മസ്ജിദ് നിർമ്മിച്ചതെന്ന് മറ്റൊരു അവകാശവാദവും നിലനിൽക്കുന്നു.[3] കപ്പൽ തകർന്നതിന് ശേഷം അവർ കരയിലെത്തുകയും നന്ദി സൂചകമായി ഒരു മസ്ജിദ് നിർമ്മിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി പറയപ്പെടുന്നു.[3][5]

അക്കാലത്തെ കേരളീയ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന മിസ്രി പള്ളി രണ്ട് നിലകളുള്ള മിഹ്റാബ്, മിമ്പാർ, പ്രാർത്ഥനാ ഹാൾ, ദർ എന്നിവ ഉൾക്കൊള്ളുന്നു.[2] അക്കാലത്തെ പ്രാദേശിക സാങ്കേതികവിദ്യയും വാസ്തുവിദ്യയും ഉപയോഗിച്ചാണ് പള്ളി നിർമ്മിച്ചതെന്ന് ജാമിയ മില്ലിയ ഇസ്ലാമിയയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഹബീബുൽ റഹ്മാൻ പറയുന്നു.[4] പള്ളിയുടെ രൂപീകരണത്തിന് ശേഷം മസ്ജിദുമായി ബന്ധപ്പെട്ട് പൊന്നാനിയിൽ നിരവധി ചെറിയ പള്ളികളും മദ്രസകളും പൂർവ്വിക ഭവനങ്ങളും രൂപീകരിക്കപ്പെടുകയും അവ പൊന്നാനിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു.[2]

പ്രാധാന്യം[തിരുത്തുക]

കേരളത്തിന്റെ ചരിത്രത്തിൽ സാംസ്കാരികവും ചരിത്രപരവും വാസ്തുവിദ്യാപരവുമായ പ്രാധാന്യമുള്ള പതിനാറാം നൂറ്റാണ്ടിലെ ഒരു മുസ്ലീം പള്ളിയാണ് മിസ്രി മസ്ജിദ്. കേരളത്തിലെ മധ്യകാലഘട്ട വാസ്തുവിദ്യാ ശൈലിയിലാണ് പള്ളി നിർമ്മിച്ചിട്ടുള്ളത്. അവിടത്തെ വാസ്തുവിദ്യ അറബി കാലിഗ്രാഫിയാൽ സമ്പന്നമാണ്.[3] പോർച്ചുഗീസുകാർക്കെതിരായ യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ശവകുടീരങ്ങൾ മിസ്രി പള്ളിയിലും അടുത്തുള്ള പള്ളിയിലുമുണ്ട്.[6] ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിരവധി രക്തസാക്ഷികളുടെ ശവകുടീരങ്ങൾ നിലകൊള്ളുന്ന സ്ഥലം കൂടിയാണ് മിസ്രി മസ്ജിദ്.[6]

ഈജിപ്തും മലബാർ തീരവും തമ്മിലുള്ള മധ്യകാല വ്യാപാര ബന്ധത്തിന്റെ അവശിഷ്ടം കൂടിയാണ് മിസ്രി പള്ളി.[2]

നവീകരണം[തിരുത്തുക]

പരിപാലനത്തിന്റെ അഭാവം മൂലം കാലപ്പഴക്കത്താൽ പള്ളിയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി അതിന്റെ മുൻവശവും മേൽക്കൂരയും തകർന്നിരുന്നു.[7] ഇതിനെത്തുടർന്ന്, 2019 ൽ, പള്ളി കമ്മിറ്റിയിലെ കുറച്ച് അംഗങ്ങൾ പഴയ പള്ളി കെട്ടിടം പൊളിച്ചുമാറ്റാനും പകരം കോൺക്രീറ്റ് ഘടന നിർമ്മിക്കാനും ശ്രമിച്ചു.[5] എന്നാൽ ഇത് പ്രദേശവാസികളുടെ എതിർപ്പിന് കാരണമായി. തുടർന്ന്, പള്ളി സംരക്ഷിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് മുൻ കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഇടപെടലിനെത്തുടർന്ന് കേരള സർക്കാർ പള്ളി ഏറ്റെടുത്തു.[8] അന്ന് പൊന്നാനി നിയമസഭാ മണ്ഡലത്തിലെ എംഎൽഎ കൂടിയായിരുന്ന പി. ശ്രീരാമകൃഷ്ണൻ പിന്നീട് സ്മാരകത്തിന്റെ സംരക്ഷണത്തിനായി ഒരു പദ്ധതി സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി.[4]

തുടർന്ന് കേരള സർക്കാർ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്ക് കീഴിൽ 85 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.[2] പള്ളിയുടെ സവിശേഷമായ കേരള വാസ്തുവിദ്യാ ശൈലിക്ക് അനുയോജ്യമായ രീതിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.[9] നവീകരണം പൂർത്തിയായ പള്ളി 2023 ജൂൺ 10 ന് പൊതുമരാമത്ത് വകുപ്പ്, ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ്, പൈതൃക സംരക്ഷണ ഭവനം എന്ന നിലയിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.[10]

അവലംബം[തിരുത്തുക]

  1. ലേഖകൻ, സ്വന്തം (19 February 2020). "മിസ്‍രി പള്ളിയുടെ പ്രതാപം തിരികെയെത്തുന്നു; പുനരുദ്ധാരണത്തിന് 85 ലക്ഷം". Manoramanews. Malayala Manorama.
  2. 2.0 2.1 2.2 2.3 2.4 2.5 "മിസ്‌രി പള്ളി പുനരുദ്ധാരണം: പുനരുദ്ധീകരിച്ചത് മലബാറിന്റെ സംസ്കാരിക ചരിത്രം". kerala.gov.in. Government of Kerala.
  3. 3.0 3.1 3.2 3.3 "Speaker intervenes to stop demolition work of 500-year-old mosque at Ponnani". Onmanorama. Malayala Manorama.
  4. 4.0 4.1 4.2 "India: Joint efforts to preserve 16th century mosque". www.aa.com.tr. Anadolu Agency.
  5. 5.0 5.1 5.2 KP, Vishnu Prasad (30 June 2023). "500-year-old symbol of Kerala's fight against Portuguese gets Rs 85 lakh facelift". The New Indian Express (in ഇംഗ്ലീഷ്).
  6. 6.0 6.1 "മിസ്രി പള്ളിയിൽ പുനരുദ്ധാരണപ്രവർത്തനങ്ങൾ ആരംഭിച്ചു". keralanews.gov.in. Government of Kerala.
  7. "നവീകരണം പൂർത്തിയായി; മിസ്‌രി പള്ളി ഇനി പൈതൃക ഭവനം". www.manoramaonline.com. Malayala Manorama.
  8. Bureau, The Hindu (8 June 2023). "Kerala govt. renovates historic Misri Masjid of Ponnani". The Hindu (in Indian English).
  9. Daily, Keralakaumudi. "പുനരുദ്ധാരണം പൂർത്തിയായി; പൊന്നാനി മിസ്‌രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം". Keralakaumudi Daily.
  10. ലേഖകൻ, മാധ്യമം (8 June 2023). "പുനരുദ്ധാരണം പൂർത്തിയായി; മിസ്രി പള്ളി ഇനി പൈതൃക സംരക്ഷണ ഭവനം | Madhyamam". www.madhyamam.com.
"https://ml.wikipedia.org/w/index.php?title=മിസ്‌രി_പള്ളി&oldid=4093714" എന്ന താളിൽനിന്ന് ശേഖരിച്ചത്