Jump to content

മുജാഹിദ് പ്രസ്ഥാനം (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുജാഹിദ് പ്രസ്ഥാനം എന്നും ഇസ്‌ലാഹി പ്രസ്ഥാനം എന്നും അറിയപ്പെടുന്ന കേരള നദ്‌വത്തുൽ മുജാഹിദീൻ കേരളത്തിലെ ഒരു മതസംഘടനയാണ്. സലഫുകളായ മുൻകാല പണ്ഡിതന്മാരുടെ പാത സ്വീകരിച്ചുവെന്ന് വാദിച്ചു കൊണ്ടാണിത്അ വകാശപ്പെടുന്നത് .കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരേ പൊരുതുകയാണു പ്രഖ്യാപിത ലക്ഷ്യം. കേരള ജം‌ഇയ്യത്തുൽ ഉലമ (KJU), കേരള നദ്‌വത്തുൽ‌ മുജാഹിദീൻ‌‍ (KNM) എന്നീ മാതൃസംഘടനകളുടെ നേതൃത്വത്തിൽ മൂന്ന് കീഴ്ഘടകങ്ങളും ചേർന്ന് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നു.

സലഫ് എന്നാൽ പുർവ്വഗാമികൾ എന്നാണർഥം. ഇസ്‌ലാമിലെ മാതൃകാ സമൂഹമായ ആദ്യ തലമുറകളെ കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. അവരുടെ മാർഗവും മാതൃകയും അനുധാവനം ചെയ്യുന്നവർ എന്ന അർത്ഥത്തിലാണ് സലഫികൾ എന്ന പേര്. കേരളത്തിലും ഈ പേര് ഉപയോഗിക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]

കേരളത്തിൽ ഇസ്‌ലാഹി പ്രവർത്തനങ്ങളുടെ തുടക്കം സംഘടിതമായിരുന്നു. വക്കം അബ്ദുൽ ഖാദർ മൗലവിയും, ശൈഖ് ഹമദാനി തങ്ങളുമെല്ലാം ഈ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. 1922 ൽ നിഷ്പക്ഷ സംഘം എന്ന പേരിലും തുടർന്ന് കേരള മുസ്‌ലിം ഐക്യ സംഘം[1][2] എന്ന പേരിലും കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് സംഘടിത പ്രവർത്തനങ്ങളാരംഭിച്ചത്[3]. ഈജിപ്ഷ്യൻ ചിന്തകനായിരുന്ന റഷീദ് രിദയുടെ ' അൽമനാർ' എന്ന അറബി മാസിക വഴിയാണ് വക്കം മൗലവി നവോത്ഥാന രംഗത്ത് കൂടുതൽ ആകൃഷ്ടനായത്[4]. അദ്ദേഹം റശീദ് രിദയുമായി നേരിട്ട് ബന്ധപ്പെടുകയും അൽ മനാറിൻറെ സ്ഥിരം വായനക്കാരനാവുകയും ചെയ്തു.

1924ൽ ആലുവയിൽ വെച്ച് നടന്ന ഐക്യസംഘത്തിൻറെ വാർഷിക സമ്മേളനത്തിൽ വെച്ച് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പണ്ഡിത സംഘടന - കേരള ജംഇയ്യത്തുൽ ഉലമ(KJU) [1][5] രൂപവത്കരിക്കപ്പെട്ടു[2]. സാധാരണജനങ്ങൾക്കിടയിൽ ഖുർആനിന്റേയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഇസ്‌ലാമിക പ്രബോധനം നടത്തിക്കൊണ്ടിരിക്കുന്ന ഐക്യസംഘത്തിലെ ഉപദേശകസമിതി എന്ന നിലയിൽ പത്തുവർഷം കേരള ജംഇയത്തുൽ ഉലമ പ്രവർത്തിച്ചു. 1934-ൽ കേരള മുസ്‌ലിം ഐക്യസംഘം പിരിച്ചുവിടപ്പെട്ടതോടെ കർമരംഗത്ത്‌ ജംഇയത്തുൽ ഉലമ മാത്രമായി.

പ്രബോധന സംസ്കരണ യജ്ഞങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി 1950[1] ഏപ്രിൽ 20-ന് കേരള നദ്‌വത്തുൽ മുജാഹിദീൻ (KNM) [6]എന്ന ബഹുജന സംഘടനക്ക് രൂപം നൽകി[2]. കെ.എം. മൗലവി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. എൻ.വി.അബ്ദുസ്സലാം മൗലവി ജനറൽ സെക്രട്ടറിയും

പ്രമുഖനേതാക്കൾ

[തിരുത്തുക]
കെ.എം മൗലവി

ആദ്യകാല KJU, KNM നേതാക്കൾ

[തിരുത്തുക]

പോഷക സംഘടനകൾ

[തിരുത്തുക]

പിൽകാലത്ത് ഇത്തിഹാദു ശുബ്ബാനിൽ മുജാഹിദീൻ (ISM) യുവഘടകം, മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻറ് (MSM) വിദ്യാത്ഥി ഘടകം, മുസ്‌ലിം ഗേൾസ് & വിമൺസ് മൂവ്മെൻറ് (MGM) വനിതാ ഘടകം എന്നിവ നിലവിൽ വന്നു. KJU, KNM നേതൃത്വത്തിൽ മൂന്ന് കീഴ്ഘടകങ്ങളും ചേർന്ന് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്നു.

മുജാഹിദ് പ്രസ്ഥാനത്തിന് കേരളത്തിലെ എല്ലാ ജില്ലകളിലും പുറമെ ലക്ഷദ്വീപിലും കമ്മറ്റികളും പ്രാദേശികഘടകങ്ങളും ഉണ്ട്. സംസ്ഥാനത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും മലയാളികളായ സംഘടനാപ്രവർത്തകർ ഇസ്‌ലാഹി/സലഫി സെൻററുകൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നു(ഡൽഹി, മുംബൈ, ബാംഗ്ലൂർ, മൈസൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ) പുറമെ പ്രമുഖ കാമ്പസുകളിൽ (അലിഗഡ്, ജാമിഅ മില്ലിയ്യ, ഹംദർദ്.)വിദ്യാർത്ഥിഘടകങ്ങളും പ്രവർത്തിക്കുന്നു.

ഗൾഫ് നാടുകളിൽ അവിടങ്ങളിലെ സലഫി സംഘടനകളുമായി സഹകരിച്ച് ഗവൺമെൻറിൻറെ അനുവാദത്തോടെ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിൻറെ ഔദ്യോഗിക പോഷകഘടകങ്ങൾ എന്ന നിലക്കു തന്നെ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. പൊതുവെ ഇസ്‌ലാഹി സെൻറർ എന്നും ചില നാടുകളിൽ സലഫി സെൻറർ എന്നും അറിയപ്പെടുന്നു.

മറ്റു ഉപഘടകങ്ങൾ

[തിരുത്തുക]

ബിസ്മി

[തിരുത്തുക]

വൈവാഹിക രംഗത്ത് സമൂഹത്തിന് ഭീഷണിയായി നിൽക്കുന്ന സ്ത്രീധനം,ധൂർത്ത്,ആഭരണ ഭ്രമം തുടങ്ങിയ ദുഷിച്ച പ്രവണതകൾക്കെതിരെ ശക്തമായ ബോധവൽക്കരണം നടത്തുവാനും സ്ത്രീധന രഹിത വിവാഹങ്ങൾ സംഘടിപ്പിക്കുവാനുമായി ബിസ്മി[8] എന്ന ഉപഘടകം വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു.

ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (IMB)

[തിരുത്തുക]

ആരോഗ്യ പരിപാലന മേഖലയിലും ജീവകാരുണ്യ രംഗത്തും അനിവാര്യമായ ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ വൈദ്യശാസ്ത്ര രംഗത്തെ പ്രഗദ്ഭരെ പ്രയോജനപ്പെടുത്തി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന കെഎൻഎമ്മിന്റെ ഉപഘടകമാണ് ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് (IMB)[8]. പെയ്ൻ ആൻഡ്‌ പാലിയേറ്റീവ് രംഗത്തെ മാതൃകാപരമായ സംരംഭങ്ങൾ സവിശേഷതയായി സ്വീകരിച്ചിട്ടുള്ള ഐഎംബിയുടെ കർമ്മപരിപാടികൾ കേരളത്തിലെ എല്ലാ മേഖലകളിലേക്കും വ്യാപിച്ചുവരികയാണ്.

ഇ.സി.ജി.സി

[തിരുത്തുക]

മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യസപരവും തൊഴിൽപരവുമായ മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന ,കേരള നദ്‌വത്തുൽ മുജാഹിദീനിന്റെ കീഴിലുള്ള മറ്റൊരു ഘടകമാണ്‌ ഇ.സി.ജി.സി (Educational & Career Guidance Centre).

ഇ.സി.ജി.സി.യുടെ സേവനങ്ങൾ

[തിരുത്തുക]
  • വിദ്യാഭ്യാസ തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങൾ
  • മത്സര പരീക്ഷകൾക്കുള്ള പരിശീലനം
  • വ്യക്തിത്വ വികാസ പരിശീലനം
  • രക്ഷിതാക്കൾക്കുള്ള ഫലപ്രദമായ രക്ഷാകർതൃത്വത്തെ സംബന്ധിച്ച ക്ലാസുകൾ
  • അദ്ധ്യാപക കാര്യക്ഷമതാ പരിശീലനം
  • സാന്ത്വനം കൗൺസലിംഗ് സെന്റർ

സാന്ത്വനം കൗൺസലിംഗ് സെന്റർ

[തിരുത്തുക]

വിദ്യാർത്ഥികളിലുണ്ടാവുന്ന പഠന പ്രശ്നങ്ങൾ, സ്വഭാവ വ്യതിയാനങ്ങൾ, മാനസിക സദാചാരപ്രശ്നങ്ങൾ, ഉൽക്കണ്ഠ, ധൈര്യക്കുറവ്, നിരാശ, ദുഃഖം, പരീക്ഷാഭയം, മറ്റ് വ്യക്തിത്വ പ്രശ്നങ്ങൾ എന്നിവ ലഖൂകരിക്കുന്നതിനാവശ്യമായ കൗൺസലിംഗ് നടത്തുന്ന സാന്ത്വനം കൗൺസലിംഗ് സെന്റർ ഇസിജിസിക്കു കീഴിൽ പ്രവർത്തിച്ചു വരുന്നു.

കേരളത്തിനു പുറത്ത്

[തിരുത്തുക]

അഖിലേന്ത്യ തലത്തിൽ അഹ്‌ലെ ഹദീസ് എന്നാണ് പ്രസ്ഥാനം പ്രവർത്തിക്കുന്നത്. അഹ്‌ലെ ഹദീസിൻറെ കേരള ഘടകമാണ് KNM. ഇന്ത്യൻ ദേശീയ നേതാവായിരുന്ന മൗലാനാ അബുൽ കലാം ആസാദ് അഹ്‌ലെ ഹദീസ് നേതാവായിരുന്നു.[അവലംബം ആവശ്യമാണ്] "ഓൾ ഇന്ത്യ ഇസ് ലാഹി മൂവ്മെൻറ്" എന്നപേരിലും ഇസ് ലാഹി പ്രസ്ഥാനം കേരളത്തിനു പുറത്ത് പ്രവർത്തിക്കുന്നു.

ശൈഖുൽ ഇസ്ലാം ഇബിനു തൈമിയ, മുഹമ്മദ്‌ ബിനുൽ അബ്ദുൽ വഹാബ്, മുഹമ്മദ്‌ അബ്ദു ,ഷെയ്ഖ് റശീദു രിദ, തുടങ്ങിയവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ കൊണ്ട് കേരളക്കരയിൽ തുടങ്ങിയ സ്വതന്ത്ര സംഘടനയാണ് മുജാഹിദ് പ്രസ്ഥാനമെങ്കിലും ആദർശത്തിൽ സമാന ചിന്താഗതിയുള്ള, കേരളത്തിനു പുറത്തെ മറ്റു സംഘടനകളുമായി അത് ചേർന്ന് പ്രവർത്തിക്കുന്നു.

സമാന ആദർശക്കാരായ പ്രസ്ഥാനങ്ങളും സംഘടനകളും ലോകത്ത് സംഘടിത മുസ്‌ലിം സമൂഹങ്ങളുള്ള മിക്കവാറും എല്ലാ നാ‍ടുകളിലും പ്രവർത്തിച്ചു വരുന്നുണ്ട്. അറബ് നാടുകളിൽ പൊതുവെ സലഫി പ്രസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.

പ്രവർത്തന ലക്ഷ്യങ്ങൾ

[തിരുത്തുക]
  • ഇസ്‌ലാമിനെ അതിന്റെ തനതായ രൂപത്തിൽ സമൂഹത്തിൻറെ മുന്നിൽ അവതരിപ്പിക്കുക
  • ഖുറാനും സുന്നത്തും അറബി ഭാഷയും ജനങ്ങളെ പഠിപ്പിക്കുക.
  • മുസ്ലിം സമൂഹത്തിൽ നിലനിൽക്കിന്നതും ഇസ്‌ലാമിൻറെ അന്തഃസത്തക്ക് നിരക്കാത്തതുമായ വിശ്വാസജീർണതകളെയും ദുരാചാരങ്ങളെയും പൗരോഹിത്യത്തെപറ്റിയും ബോധവൽക്കരിക്കുക.
  • സംഘടിത സകാത്ത് പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക.
  • സ്ത്രീകൾക്ക് മത-ഭൌതിക വിദ്യാഭ്യാസത്തിനു പ്രോത്സാഹനവും പള്ളികളിൽ ആരാധാനാ സ്വാതന്ത്ര്യവും നൽകുകയും സൌകര്യമേർപ്പെടുത്തുകയും ചെയ്യുക.
  • എല്ലാ മത വിശ്വാസികൾക്കിടയിലും സൗഹാർദ്ദവും സഹിഷ്ണുതയും വളർത്തൊയെടുക്കാൻ യത്നിക്കുകയും ചെയ്യുക.
  • അഴിമതി, ധൂർത്ത്, സ്ത്രീധനം, പലിശ, തീവ്രവാദം, തുടങ്ങി എല്ലാ വിധ സാമൂഹിക തിന്മകൾക്കെതിരിലും സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ധാർമികസദാചാര മൂല്യങ്ങളെ പ്രചാരം നൽകുകയും ചെയ്യുക.

ഇസ്‌ലാഹി പ്രവർത്തനങ്ങൾ കേരളത്തിൽ

[തിരുത്തുക]

മുജാഹിദ് പ്രസ്ഥാനം പ്രഥമമായും പ്രധാനമായും ഒരു ഇസ്‌ലാമികപ്രബോധന സംഘമാണ്. ഇസ്‌ലാമിക ദർശനത്തെ അതിന്റെ അർത്ഥത്തിലും പ്രയോഗത്തിലും അതേപടി നിലനിർത്താനും പ്രചരിപ്പിക്കാനുമുള്ള പരിശ്രമങ്ങളാണ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ അജണ്ട. ഖുർ‌ആനിനെയും സുന്നത്തിനെയും പ്രവാചകന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

  • മദ്രസകൾ
  • കോളേജുകൾ
  • മലയാളത്തിലുള്ള ജുമുഅ ഖുതുബ
  • സംഘടിത സകാത്ത്
  • ഖുർ‌ആൻ ഹദീഥ് ലേണിംഗ് സ്കൂൾ

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

പിളർപ്പും ഭിന്നതകളും

[തിരുത്തുക]

2002, 2012, 2018 വർഷങ്ങളിൽ ൽ ഈ പ്രസ്ഥാനം പിളർന്നിരുന്നു. 2002 ലെ ആദ്യ പിളർപ്പിന് ശേഷം ടി പി അബ്ദുല്ലക്കോയ മദാനിയുടെയും ഹുസൈൻ മടവൂരിന്റെയും നേതൃത്വത്തിൽ നിലവിൽ വന്ന വിഭാഗങ്ങൾ 14 വർഷത്തിന് ശേഷം 2016 ഡിസംബർ 20ന് വീണ്ടും ഐക്യത്തിലെത്തി[അവലംബം ആവശ്യമാണ്]. എങ്കിലും സിഹ്ർ വിഷയത്തിലെ അഭിപ്രായഭിന്നതകൾ മൂലവും ചില സംഘടനാ തർക്കങ്ങളാലും സി പി ഉമർ സുല്ലമിയുടെയും ഡോ. ഇ കെ അഹ്‌മദ് കുട്ടിയുടെയും നേതൃത്വത്തിൽ കെഎൻഎം മർക്കസുദ്ദഅവ എന്ന പേരിൽ 2018ൽ വീണ്ടും വേറിട്ട് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. മാത്രമല്ല, ജിന്ന് സിഹ്ർ വിഷയങ്ങളിൽ 2012 ൽ ഭിന്നിച്ച ഒരു വിഭാഗം കുഞ്ഞി മുഹമ്മദ്‌ മദനി പറപ്പൂർ ന്റെ നേതൃത്വത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എന്ന പേരിൽ വേറിട്ടു പ്രവർത്തിക്കുന്നുണ്ട്. [അവലംബം ആവശ്യമാണ്]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 സികന്ദ്, യോഗീന്ദർ. Bastions of The Believers: Madrasas and Islamic Education in India. Retrieved 28 ഓഗസ്റ്റ് 2019.
  2. 2.0 2.1 2.2 2.3 2.4 "റിപ്പോർട്ട്" (PDF). മലയാളം വാരിക. 2013 മാർച്ച് 22. Archived from the original (PDF) on 2016-03-06. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)
  3. കെ.എം.മൗലവി സാഹിബ്(ജീവചരിത്രം) -കെ.കെ. മുഹമ്മദ് അബ്ദുൽ കരീം
  4. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 462.
  5. മുജാഹിദ് പ്രസ്ഥാനം ഒരു ലഘുപരിചയം -മുജാഹിദ് സംസ്ഥാന സമ്മേളന ലഘുപുസ്തകം
  6. സാൽവേഷൻ ഇന്റർനാഷണൽ ഇസ്‌ലാമിക് എക്സിബിഷൻ (2006) ഉപഹാരം. പേജ് 117,118
  7. Filippo Osella & Caroline Osella. "Islamism and Social Reform in Kerala, South India" (PDF). Modern Asian Studies. 42 (2/3): 325. JSTOR 20488022. {{cite journal}}: Cite has empty unknown parameter: |1= (help)
  8. 8.0 8.1 മലയാള മനോരമ ദിനപത്രം 2008 ഫെബ്രുവരി 2- മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളന സപ്ലിമെന്റ്(മലപ്പുറം എഡിഷൻ)