മോത്തിലാൽ നെഹ്രു
പണ്ഡിറ്റ് മോത്തിലാൽ നെഹ്രു | |
---|---|
കോൺഗ്രസ്സ് പ്രസിഡന്റ് | |
ഓഫീസിൽ 1919–1920 | |
മുൻഗാമി | സയ്യിദ് ഹസ്സൻ ഇമാം |
പിൻഗാമി | ലാലാ ലജ്പത് റായ് |
കോൺഗ്രസ്സ് പ്രസിഡന്റ് | |
ഓഫീസിൽ 1928–1929 | |
മുൻഗാമി | മുക്താർ അഹമ്മദ് അൻസാരി |
പിൻഗാമി | ജവഹർലാൽ നെഹ്രു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആഗ്ര [1] | 6 മേയ് 1861
മരണം | 6 ഫെബ്രുവരി 1931 | (പ്രായം 69)
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
അൽമ മേറ്റർ | കേംബ്രിഡ്ജ് സർവകലാശാല |
ജോലി | സ്വാതന്ത്ര്യ സമരസേനാനി പൊതുപ്രവർത്തകൻ |
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്നു മോത്തിലാൽ നെഹ്രു (6 മെയ് 1861 – 6 ഫെബ്രുവരി 1931).[2] രണ്ടുതവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പിതാവ് കൂടിയായിരുന്നു അദ്ദേഹം.
ബാല്യം,വിദ്യാഭ്യാസം
[തിരുത്തുക]ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യത്തെ അഭിഭാഷകനായിരുന്നു മോത്തിലാലിന്റെ മുത്തച്ഛനായിരുന്ന ലക്ഷ്മീനാരായണൻ. മോത്തിലാലിന്റെ പിതാവ് ഗംഗാധർ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ജയ്പൂർ സംസ്ഥാനത്തിലെ ഖേത്രിയിലാണ് മോത്തിലാൽ തന്റെ ബാല്യകാലം ചിലവഴിച്ചത്. അദ്ദേഹത്തിന്റെ മുതിർന്ന സഹോദരനായിരുന്ന നന്ദലാൽ അവിടുത്തെ ദിവാൻ ആയിരുന്നു. 1870 ൽ നന്ദലാൽ തന്റെ പദവി രാജിവെച്ച് ആഗ്രയിൽ അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. അതോടെ അദ്ദേഹത്തിന്റെ കുടുംബവും ആഗ്രയിലേക്ക് കുടിയേറി. കുറേക്കാലങ്ങൾക്കു ശേഷം, ഹൈക്കോടതി അലഹബാദിൽ സ്ഥിരമായപ്പോൾ, നെഹ്രു കുടുംബം അവിടെ സ്ഥിരവാസമുറപ്പിച്ചു.[3]
പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ച ആദ്യകാല യുവാക്കളിൽ ഒരാളായിരുന്നു മോത്തിലാൽ. കാൺപൂരിൽ നിന്നുമാണ് മോത്തിലാൽ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഉപരിപഠനത്തിനായി അദ്ദേഹം അലഹബാദിലുള്ള മുയിർ സെൻട്രൽ കോളേജിൽ ചേർന്നുവെങ്കിലും ബി.എ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് മോത്തിലാൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ തുടർപഠനത്തിനായി ചേരുകയും ഒരു അഭിഭാഷകനായി ബ്രിട്ടനിലെ കോടതികളിൽ ജോലി നോക്കുകയും ചെയ്തു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]1883 ൽ മോത്തിലാൽ പരീക്ഷ ജയിക്കുകയും, കാൺപൂരിൽ അഭിഭാഷകനായി ജോലി തുടങ്ങുകയും ചെയ്തു. മൂന്നുകൊല്ലങ്ങൾക്കുശേഷം മോത്തിലാൽ ഉത്തർപ്രദേശിലെ അലഹബാദിലേക്ക് പുതിയ അവസരങ്ങൾ തേടി പോവുകയുണ്ടായി. മോത്തിലാലിന്റെ മുതിർന്ന സഹോദരൻ നന്ദലാൽ അലഹബാദ് ഹൈക്കോടതിയിലെ പേരെടുത്ത ഒരു അഭിഭാഷകനായിരുന്നു. മോത്തിലാൽ നഗരത്തിൽ തന്നെ സ്ഥിരതാമസമാക്കാൻ നിശ്ചയിച്ചു. 1887 ൽ നന്ദലാൽ മരണമടയുകയും, ആ കുടുംബത്തിന്റെ ബാദ്ധ്യത കൂടി മോത്തിലാലിന്റെ ചുമതലയിലാവുകയും ചെയ്തു. കഠിനാധ്വാനം കൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകനാകാൻ മോത്തിലാലിനു കഴിഞ്ഞു.[4]. 1900 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ എന്ന വലിയ വീട് സ്വന്തമാക്കുന്നത്. 1909 ൽ ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രൈവി കൗൺസിലിൽ അഭിഭാഷകനായി അദ്ദേഹത്തിനു ജോലി ചെയ്യാൻ അവസരം ലഭിച്ചു. യൂറോപ്പിലക്കുള്ള അദ്ദേഹത്തിന്റെ തുടർച്ചയായുള്ള യാത്രകൾ ബ്രാഹ്മണസമൂഹത്തിന്റെ അതൃപ്തിക്കു കാരണമായി. ബ്രാഹ്മണർ അന്നത്തെക്കാലത്ത് സമുദ്രം മുറിച്ചു കടന്ന് യാത്രചെയ്യാൻ പാടില്ലായിരുന്നു, അങ്ങനെ ചെയ്താൽ ബ്രാഹ്മണ്യം നഷ്ടപ്പെടുമെന്നും പിന്നീട് അത് തിരിച്ചുകിട്ടാൻ ധാരാളം കർമ്മങ്ങൾ അനുഷ്ഠിക്കേണമെന്നുമുള്ള അന്ധവിശ്വാസം വച്ചുപുലർത്തിയിരുന്നു.[5] അക്കാലത്ത് അഹമ്മദാബാദിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദ ലീഡർ എന്ന ദിനപത്രത്തിന്റെ ഭരണനിർവഹണകമ്മിറ്റിയിൽ മോത്തിലാൽ അംഗമായിരുന്നു.[6]
രാഷ്ട്രീയജീവിതം
[തിരുത്തുക]1918 ൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മോത്തിലാൽ രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ടു. 1922 ലെ ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് നിയമലംഘനസമരം നിറുത്തിവെച്ച ഗാന്ധിജിയുടെ നടപടിയെ തുറന്ന ഭാഷയിൽ മോത്തിലാൽ വിമർശിച്ചു. കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെ മോത്തിലാൽ സ്ഥാനമൊഴിഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ പുത്തൻ ആശയങ്ങൾക്കും, പ്രവർത്തനരീതികൾക്കും കോൺഗ്രസ്സിൽ ഏറെ പിന്തുണകിട്ടിയിരുന്നു. കോൺഗ്രസ്സിന്റെ നേതൃത്വം പിതാവിൽ നിന്നും പുത്രനിലേക്കു കൈമാറുന്നത് കുടുംബാംഗങ്ങൾ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് ഡൊമിനിയൻ സ്റ്റാറ്റസ് പദവി എന്ന നിർദ്ദേശത്തെ മോത്തിലാൽ സ്വാഗതം ചെയ്തിരുന്നുവെങ്കിലും, ജവഹർലാൽ അതിനെ എതിർത്തിരുന്നു.
വ്യക്തി ജീവിതം
[തിരുത്തുക]കാശ്മീരി ബ്രാഹ്മണസ്ത്രീയായിരുന്ന സ്വരൂപാ റാണിയെയാണ് മോത്തിലാൽ വിവാഹം കഴിച്ചത്. ജവഹർലാൽ നെഹ്രു മൂത്ത മകനായിരുന്നു. രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. സരൂപും കൃഷ്ണയും. സരൂപ് പിന്നീട് വിജയലക്ഷ്മി പണ്ഡിറ്റ് എന്ന പേരിൽ പ്രശസ്തയായി.[7] കൃഷ്ണ, കൃഷ്ണ ഹുതീസിംങ് എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരിയായി മാറി. പിൽക്കാലത്ത് സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രിയായി മാറിയ ഇന്ദിരാ ഗാന്ധി അദ്ദേഹത്തിന്റെ പൗത്രിയും മറ്റൊരു പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രപൗത്രനുമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ". കോൺഗ്രസ്സ്. Archived from the original on 2010-09-06. Retrieved 2013-06-16.
{{cite news}}
: Cite has empty unknown parameter:|4=
(help) - ↑ "മോത്തിലാൽ നെഹ്രു". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കോൺഗ്രസ്സിന്റെ പ്രസിഡന്റുമാർ". ഓൾഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി. Archived from the original on 2012-07-23. Retrieved 2013-06-16.
- ↑ "കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ". എ.ഐ.സി.സി (ദേശീയ കമ്മിറ്റി). Archived from the original on 2013-12-15. Retrieved 2013-07-21.
- ↑ "ക്രോസ്സിംഗ് ദ ഓഷ്യൻ". ഹിന്ദുയിസംടുഡേ. Archived from the original on 2013-09-22. Retrieved 2013-07-21.
- ↑ "റോൾ ഓഫ് പ്രസ്സ് ഇൻ ഫ്രീഡം സ്ട്രഗ്ഗിൾ". എ.ഐ.സി.സി (ദേശീയ കമ്മിറ്റി). Archived from the original on 2013-07-09. Retrieved 2013-07-21.
- ↑ "ഐക്യരാഷ്ട്രസഭ ജനറൽ അസ്സംബ്ലിയുടെ എട്ടാം സെഷന്റെ പ്രസിഡന്റ്". ഐക്യരാഷ്ട്രസഭ. Retrieved 21-ജൂലൈ-2013.
{{cite web}}
: Check date values in:|accessdate=
(help)
- Pages using the JsonConfig extension
- Articles with dead external links from ഒക്ടോബർ 2022
- സ്വാതന്ത്ര്യസമരസേനാനികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ
- നെഹ്രു–ഗാന്ധി കുടുംബം
- ഉത്തർപ്രദേശിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഉത്തർപ്രദേശിൽ നിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- ബ്രിട്ടീഷ് ഇന്ത്യയിലെ തടവുകാരും തടങ്കലിൽ വയ്ക്കപ്പെട്ടവരും