ലാൻസിയം ഡൊമെസ്റ്റിക്കം
ലാൻസിയം ഡൊമെസ്റ്റിക്കം (ലൻസോണിസ്) | |
---|---|
ഫിലിപ്പീൻസിലെ കിഴക്കൻ നെഗ്രോസ് ദ്വീപിൽ ഫലമേന്തി നിൽക്കുന്ന ലാൻസോണിസ് മരം | |
ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിലെ ലാൻസോണിസ് പഴം | |
കൃഷിചെയ്യപ്പെടുന്നത്
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | റോസിഡുകൾ
|
Order: | സാപ്പിയെൻഡേലുകൾ
|
Family: | മീലിയേസി
|
Genus: | ലാൻസിയം
|
Species: | L. ഡൊമെസ്റ്റിക്കം
|
Binomial name | |
ലാൻസിയം ഡൊമെസ്റ്റിക്കം | |
Synonyms | |
|
'ലാങ്സാത്', 'ലൻസോണിസ്' എന്നീ പേരുകളിൽ അറിയപ്പെടുന്നതും മെലിയേസീ കുടുംബത്തിൽ പെടുന്നതുമായ ഒരു ഫലവൃക്ഷമാണ് ലാൻസിയം ഡൊമെസ്റ്റിക്കം. തെക്കുകിഴക്കൻ ഏഷ്യയുടെ പടിഞ്ഞാറൻ പ്രദേശത്താണ് ഈ ചെടിയുടെ ഉത്ഭവം. ഇന്തോനേഷ്യയിലെ തെക്കൻ സുമാത്ര പ്രവിശ്യയുടെ ഔദ്യോഗികപുഷ്പം ഈ ചെടിയുടേതാണ്.
പേരുകൾ
[തിരുത്തുക]ലാൻസിയം ഡൊമെസ്റ്റിക്കം എന്നു ശാസ്ത്രീയനാമമുള്ള ഈ ചെടി ഇംഗ്ലീഷിൽ 'ലാങ്സാത്' എന്നും 'ലൻസോണിസ്' എന്നും അറിയപ്പെടുന്നു. തെക്കുകിഴക്കേ ഏഷ്യയിൽ ഇതിന് പല പേരുകളും പ്രചാരത്തിലുണ്ട്. മലേഷ്യയിൽ അത് 'ലങ്സാത്', 'ലങ്സേ', 'ലങ്സെപ്', 'ലൻസാ' എന്നീ പേരുകളിൽ അറിയപ്പെടുമ്പോൾ ഫിലിപ്പീൻസിൽ അതിന് 'ലൻസോണിസ്', 'ലൻസോൺ', 'ബുവാഹാൻ' എന്നീ പേരുകളാണ്. തായലന്റിൽ ഈ പഴത്തിന് 'ലങ്സാദ്', 'ലോങ്കോങ്ങ്' എന്നീ പേരുകളും വിയറ്റ്നാമിൽ 'ലോൻബോൺ', 'ബോൺബോൺ' എന്നീ പേരുകളുമാണ്. ബർമ്മയിൽ അത് 'ലാങ്സാക്' എന്നും 'ദുക്കു' എന്നും അറിയപ്പെടുമ്പോൾ ശ്രീലങ്കയിൽ അത് 'ഗുഡുഗുഡാ' എന്ന പേരാണ്.[1] ഇന്തോനേഷ്യയിൽ അതു പ്രധാനമായും 'ലാങ്സാത്', 'ദുക്കു' എന്നീ പേരുകളിലാണറിയപ്പെടുന്നതെങ്കിലും വേറെ പല പ്രാദേശികനാമങ്ങളും അവിടെ അതിനുണ്ട്.
വിവരണം
[തിരുത്തുക]ഈ മരത്തിന് 30 മീറ്റർ വരെ ഉയരവും അതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെ വ്യാസവും ഉണ്ടാകാം. തടിയുടെ വളർച്ച ക്രമമില്ലാത്തതാണ്. അതിന്റെ താങ്ങുവേരുകൾ മണ്ണിനു വെളിയിൽ കാണാം. ചാരനിറമുള്ള തൊലിയിൽ ഇളം കറുപ്പുനിറത്തിൽ കുത്തുകൾ ഉണ്ടാകും. അതിന്റെ ചുന കൊഴുത്ത് പാൽനിറമുള്ളതാണ്.[2]
ഇതിൽ ഇലകളുടെ വിന്യാസം തെങ്ങോലയിലേതു പോലെ, ഇലത്തണ്ടിനിരുവശത്തും നിരന്നു നിൽക്കുന്ന ഇലക്കുഞ്ഞുകളായാണ്.
പൂക്കൾ കുലകളായി കാണപ്പെടുന്നു. വലിയ ശാഖകളിലോ പ്രധാനതടിയിലോ അവ വളരുന്നു; ഒരിടത്ത് അഞ്ചു കുലകൾ വരെ ഉണ്ടാകം. പൂക്കൾ വലിപ്പം കുറഞ്ഞ്, ചെറിയ ഞെട്ടുള്ളവയും ഉഭയലിംഗികളുമാണ്. പച്ച കലർന്ന മഞ്ഞ നിറമുള്ള ബാഹ്യദളപുഞ്ജം, വിളുമ്പ് അഞ്ചായി പിരിഞ്ഞ കപ്പു പോലെയിരിക്കും. ദളങ്ങൾ ബലവും അണ്ഡാകൃതിയും ഉള്ളവയാണ്. പൂവിന് ഒരു കേസരം മാത്രമേ ഉണ്ടാവുകയുള്ളൂ. കേസരത്തിന്റെ അഗ്രഭാഗം വൃത്താകാരമാണ്.
അണ്ഡാകൃതിയോ ഗോളാകൃതിയോ ഉള്ള ഫലങ്ങൾ, 2 മുതൽ 7 വരെ സെന്റീമീറ്റർ വലിപ്പമുള്ളവയാകാം. അവയുടെ ബാഹ്യകവചം 6 മില്ലീമീറ്റർ വർ കനമുള്ളതാകാം. പഴത്തിൽ ഒന്നു മുതൽ മൂന്നുവരെ വിത്തുകൾ ഉണ്ടാകും. പരന്ന ആ വിത്തുകൾ കയ്പുള്ളവയാണ്. അവയെ പൊതിഞ്ഞിരിക്കുന്ന മാംസളഭാഗം അർത്ഥസുതാര്യവും അതിന്റെ രുചി മധുരപ്പുളിയും ആണ്.[2] രസപ്രദമായ മാംസളഭാഗം സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ അടങ്ങിയതാണ്.[3] വലിപ്പം കുറഞ്ഞ് വികസിക്കാത്ത വിത്തുകളും വികസിച്ച മാംസളഭാഗവും ഉള്ള പഴങ്ങളാണ് ഭക്ഷിക്കാൻ നല്ലത്.
ഉപയോഗം
[തിരുത്തുക]സ്വാഭാവികാവസ്ഥയിൽ ഭക്ഷിക്കാവുന്ന അതിന്റെ ഫലത്തിനു വേണ്ടിയാണ് ലൻസോണിസ് പ്രധാനമായും കൃഷിചെയ്യുന്നത്. പഴത്തിൽ നിന്ന് പഴച്ചാറും നിർമ്മിക്കാം.[2] മരത്തിന്റെ തടി കാഠിന്യവും ഉറപ്പും കനവും ഉള്ളതും പഴക്കം ചെയ്യുന്നതുമാണ്. ഗ്രാമപ്രദേശങ്ങളിൽ അത് നിർമ്മാണാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
ഈ മരത്തിന്റെ ചില ഭാഗങ്ങൾ പരമ്പരാഗതമായ വൈദ്യവിധികളിൽ ഉപയോഗിക്കപ്പെടുന്നു. ഇതിന്റെ കയ്പുള്ള വിത്തുകൾ ഉണക്കിപ്പൊടിച്ച് വെള്ളത്തിൽ ലയിപ്പിച്ച് കൃമിശൈല്യത്തിനും മുഴകൾക്കും മരുന്നാക്കുന്നു. തടിയുടെ തൊലി അതിസാരത്തിന്റേയും മലമ്പനിയുടെയും ചികിത്സക്കും പ്രയോജനപ്പെടുന്നു; തൊലി അരച്ചത് തേൾകടിക്ക് ഔഷധമാക്കാറുണ്ട്. ലൻസോണിസ് പഴത്തിന്റെ തൊലിയും അതിസാരചികിത്സയിൽ പ്രയോജനപ്പെടുന്നു. ഫിലിപ്പീൻസിൽ ഉണങ്ങിയ ലൻസോണിസ് പഴത്തൊലി കൊതുകുനിവാരണത്തിനായി കത്തിക്കാറുണ്ട്.[2] ചിലയിനങ്ങളുടെ തൊലി സുഗന്ധത്തിനായും കത്തിക്കാറുണ്ട്.
ലൻസോണിസ് പഴം ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്നത് മലേഷ്യ, തായ് ലന്റ്, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ്. മിക്കാവറും അതതുരാജ്യങ്ങളിൽ തന്നെയാണ് ഇതിന്റെ ഉപഭോഗം എങ്കിലും കുറേയൊക്കെ സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യാറുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Lansium domesticum". ICRAF AgroforestryTree Database. World Agroforestry Centre. Archived from the original on 2011-11-06. Retrieved 6 November 2011..
- ↑ 2.0 2.1 2.2 2.3 Verheij, E.W.M.; Coronel, R.E., eds. (1997). Sumber Daya Nabati Asia Tenggara 2: Buah-buahan yang dapat dimakan [Botanical Resources of South-East Asia 2: Edible Fruits] (in ഇന്തോനേഷ്യൻ). Jakarta: PROSEA – Gramedia. pp. 232–237. ISBN 979-511-672-2.
{{cite book}}
: Check|isbn=
value: checksum (help) - ↑ Morton, Julia F. (1987). Fruits of warm climates. Miami, FL.: Florida Flair Books. pp. 201–203. ISBN 0961018410.