വല്ലിടീച്ചർ
വല്ലിടീച്ചർ | |
---|---|
ജനനം | ജൂൺ 15, 1943 |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | പ്രാർത്ഥനടീച്ചർ |
തൊഴിൽ | അദ്ധ്യാപിക |
അറിയപ്പെടുന്നത് | നാടക നടി, |
കേരളത്തിൽ കണ്ണൂർ ജില്ലയിലെ അനേകം സാംസ്ക്കാരിക പരിപാടികളിൽ സ്വന്തമായി എഴുതി തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലുന്നതിനാൽ നാട്ടുകാർക്കിടയിൽ പ്രാർത്ഥനടീച്ചർ എന്ന പേരിൽ അറിയപ്പെടുന്ന വനിതയാണ് വല്ലിടീച്ചർ[1]. 2011-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്ക്കാരം വല്ലിടീച്ചർക്കു ലഭിച്ചു. സാമൂഹ്യപ്രവർത്തകയും അദ്ധ്യാപികയും നർത്തകിയും അഭിനേത്രിയും ഗായികയുമായ വനിതയാണ് വല്ലിടീച്ചർ.
ജീവിതരേഖ
[തിരുത്തുക]1943 ജൂൺ 15-ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ അപ്പാട്ടെവീട്ടിൽ കുഞ്ഞികൃഷ്ണൻ നായരുടെയും ചന്ദ്രോത്ത്‌വീട്ടിൽ മാധവിയമ്മയുടെയും മകളായി ജനിച്ചു. ടി. കുഞ്ഞിരാമൻ നായരാണ് ഭർത്താവ്. സുനേഷ് വളർത്തുമകൻ.
വിദ്യാഭ്യാസം ആരംഭിച്ചത് ഡൽഹിയിലാണെങ്കിലും കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് അക്കിപ്പറമ്പ് എൽ.പി. സ്ക്കൂൾ, തൃച്ഛംബരം യൂ.പി. സ്ക്കൂൾ, കാടാച്ചിറ ഹൈസ്ക്കൂൾ, മൂത്തേടത്ത് ഹൈസ്ക്കൂൾ, നീലേശ്വരം ശ്രീ നാരായണ ട്രെയിനിംഗ് സ്ക്കൂൾ എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. അദ്ധ്യാപിക ആയി കണ്ണൂർ ജില്ലയിലെ കല്ല്യാട് യൂ.പി. സ്ക്കൂൾ, ചാമക്കാല എൽ.പി. സ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തശേഷം വിരമിച്ചു. സ്ക്കൂൾ അദ്ധ്യാപനം കൂടാതെ സംഗീതം, നൃത്തം, നാടകം എന്നിവയും ടീച്ചർ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്.
ടീച്ചറുടെ അച്ഛൻ ഡൽഹി റെയിൽവെ ഇൻസ്‌പെക്ടറായിരുന്നതിനാൽ കുട്ടിക്കാലം ഡൽഹിലായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണനായി വേഷമിട്ട് വല്ലി ആദ്യമായി നൃത്തം ചെയ്തു. 12 വർഷം നൃത്തവും എട്ട് വർഷം സംഗീതവും പഠിച്ചു. ഇപ്പോഴും ആഡൂർ ബാലു മാസ്റ്ററുടെ കീഴിൽ സംഗീത പഠനം തുടരുന്നു. തൃച്ചംബരം യു.പി സ്‌കൂളിൽ ആറാംക്ലാസിൽ പഠിക്കുമ്പോൾ കുട്ടമത്തിന്റെ ബാലഗോപാലൻ എന്ന നാടകത്തിൽ, ബാലഗോപാലനായാണ് വല്ലി ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. പഴശ്ശിരാജയാണ്, ആദ്യത്തെ പ്രൊഫഷണൽ നാടകം.
1957-ൽ ആചാര്യ വിനോബാജി കേരളം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഏറ്റവും ചെറിയകുട്ടിയെന്ന നിലയിൽ വല്ലി ജനശ്രദ്ധ നേടിയിരുന്നു. അന്ന് ‘രഘുപതി രാഘവരാജാറാം’‘ എന്ന ഗാനം പാടി നൃത്തം ചെയ്ത വല്ലിയെ വിനോബാജി അനുഗ്രഹിച്ചിട്ടുണ്ട്.
1956 മുതൽ 72 വരെയായി 65 നാടകങ്ങളിൽ വല്ലിടീച്ചർ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച എല്ലാ നാടകങ്ങളുടെയും അതിലെ കഥാപാത്രങ്ങളുടെയും പേരുകൾ ടീച്ചർ ഒരു പുസ്തകത്തിൽ എഴുതിസൂക്ഷിച്ചിട്ടുണ്ട്. സി.എൽ. ജോസിന്റെ 14 നാടകങ്ങളിലും പ്രധാനവേഷത്തിൽ ടീച്ചർ അഭിനയിച്ചു. സംഗീത സംവിധായകൻ കെ. രാഘവൻ മാസ്റ്റർ ഈണംപകർന്ന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നാടകരംഗത്ത് വല്ലിടീച്ചറുടെ സംഭാവനകൾ കണക്കിലെടുത്താണ് കേരള സംഗീതനാടക അക്കാദമി ഗുരുപൂജ അവാർഡ് സമ്മാനിച്ചത്.
നാടകാഭിനയത്തിനൊപ്പം പഠനവും മുന്നോട്ടു കൊണ്ടുപോയി ടി.ടി.സി. പൂർത്തിയാക്കിയ വല്ലിടീച്ചർ, കല്ല്യാട് യു.പി സ്‌കൂളിൽ അധ്യാപിക ആയതോടെ നാടക വേദികളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. എന്നാൽ, ഇക്കാലയളവിലും കുട്ടികളെ യുവജനോത്സവങ്ങളിൽ പങ്കെടുപ്പിക്കാൻ നാടകവും പാട്ടും ഡാൻസും മോണോആക്ടും ടീച്ചർ അഭ്യസിപ്പിച്ചിരുന്നു. പ്രാർത്ഥനാഗാനങ്ങൾക്കൊപ്പം കഥ, കവിത, യാത്രാവിവരണം എന്നിവയും ടീച്ചർ എഴുതിയിട്ടുണ്ട്. അവർ എഴുതിയ 40കഥകളും 25കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരിലെ നിരവധി സംഘടനകളിലും സ്ഥാപനങ്ങളിലുമെല്ലാം ഭാരവാഹിത്വമുള്ളവരാണ് വല്ലിടീച്ചർ. ഇപ്പോഴും പാവപ്പെട്ട ധാരാളംകുട്ടികളെ അഭിനയവും സംഗീതവും നൃത്തവും പഠിപ്പിക്കുന്നുണ്ട്.
പുരസ്ക്കാരങ്ങൾ
[തിരുത്തുക]- 2011-ലെ കേരള സംഗീത നാടക അക്കാദമിയുടെ ‘ഗുരുപൂജ’ പുരസ്ക്കാരം
- 2010ലെ കേരള സംഗീത നാടക അക്കാദമിയുടെ മൊഴിയാട്ടം പുരസ്‌കാരം
- ഉത്തരകേരള കവിതാസാഹിത്യവേദിയുടെ മാരിവിൽ പുരസ്ക്കാരം
- കോഴിക്കോട് ശാന്താദേവി പുരസ്ക്കാരം
- മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വക സംഗീതം നൃത്തം നാടകം എന്നിവക്കുള്ള പുരസ്ക്കാരം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-04. Retrieved 2012-09-05.