Jump to content

വിക്കിപീഡിയ:ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതുസംബന്ധിച്ച ചർച്ച ഇവിടെ നടക്കുന്നുണ്ട്. 

വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ ഒരു വിഷയം കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ആ വിഷയത്തിനുണ്ട് എന്ന് അനുമാനിക്കാം.

  • "കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല. [1]
  • "വിശ്വസനീയം" എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത് സ്രോതസ്സുകൾക്ക് പരിശോധനായോഗ്യത നൽകാനുതകുന്ന എഡിറ്റോറിയ‌ൽ സത്യനിഷ്ഠ ഉണ്ടാകണമെന്നാണ്. സ്രോതസ്സുകൾ വിശ്വസനീയമായ സ്രോതസ്സുകൾക്കുള്ള മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നുണ്ടാവണം. ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ്. വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്ന ദ്വിതീയ സ്രോതസ്സുകൾ ശ്രദ്ധേയതയുണ്ടോ എന്ന് പരിശോധിക്കാനുള്ള നല്ല മാർഗ്ഗമാണ്.
  • "സ്രോതസ്സുകൾ":[2] ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്. ദ്വിതീയ സ്രോതസ്സുകളാണ് ശ്രദ്ധേയത നിർണയിക്കാനാവശ്യമായ ഏറ്റവും വസ്തുനിഷ്ടമായ തെളിവുകൾ നൽകുന്നത്. സ്രോതസ്സുകളിൽ എന്തുമാത്രം ആഴത്തിലാണ് വിഷയത്തെപ്പറ്റി പരാമർശിച്ചിരിക്കുന്നത് എന്നതും സ്രോതസ്സുകളുടെ ഗുണനിലവാരവുമനുസരിച്ച് ഉപയോഗിക്കേണ്ട സ്രോതസ്സുകളുടെ എണ്ണവും തരവും മാറിയെന്നിരിക്കാം. സാധാരണഗതിയിൽ ഒന്നിലധികം സ്രോതസ്സുകൾ സ്വീകരിക്കപ്പെടാറുണ്ട്.[3] സ്രോതസ്സുകൾ ഓൺലൈനിൽ ലഭ്യമാകണമെന്ന് നിർബന്ധമില്ല, മാത്രമല്ല അവ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം എന്ന് നിർബന്ധമില്ല. ഒരു എഴുത്തുകാരനോ ഓർഗനൈസേഷനോ പുറത്തിറക്കുന്ന ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ ശ്രദ്ധേയത നിർണയിക്കാൻ ഒറ്റ സ്രോതസ്സായാണ് പരിഗണിക്കുന്നത്.
  • "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക": ഈ തത്വമനുസരിച്ച് പ്രതിപാദ്യവിഷയവുമായോ അതിന്റെ സൃഷ്ടാവുമായോ ബന്ധമുള്ള സ്രോതസ്സുകൾ ശ്രദ്ധേയത നിർണയിക്കുന്നതിനായി പരിഗണിക്കാവുന്നതല്ല. ഉദാഹരണത്തിന് സ്വയം-പ്രചാരണം, പരസ്യം, പ്രതിപാദ്യവിഷയമായ വ്യക്തി സ്വയം പ്രസിദ്ധീകരിച്ച വിവരങ്ങൾ, പ്രതിപാദ്യവിഷയമായ വ്യക്തിയുടെ സ്വന്തം വെബ്സൈറ്റ്, ആത്മകഥകൾ, പത്രക്കുറിപ്പുകൾ എന്നിവ സ്വതന്ത്രമാണെന്ന് കണക്കാക്കപ്പെടുന്നില്ല.[4]
  • "അനുമാനിക്കാം": എന്നതിനർത്ഥം വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാം എന്ന് മാത്രമാണ്. ഇത് ഈ വിഷയം ഉൾപ്പെടുത്തത്തക്കതാണ് എന്ന് ഉറപ്പുനൽകുന്നില്ല. പ്രതിപാദ്യവിഷയം ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒറ്റയ്ക്കുനിൽക്കാവുന്ന ഒരു ലേഖനമുണ്ടാകേണ്ടതില്ല എന്ന തീരുമാനം ഉപയോക്താക്കൾക്ക് സമവായത്തിലൂടെ എടുക്കാവുന്നതാണ്. ഉദാഹരണത്തിന് ഇത്തരം ഒരു ലേഖനം വിക്കിപീഡിയ എന്തൊക്കെയല്ല എന്ന തത്ത്വം ലംഘിക്കുന്നുണ്ടാവാം. വിക്കിപീഡിയ ഒരു മിറർ ആയോ കലവറയായോ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാവാം സാധാരണഗതിയിൽ മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ അനുസരിക്കുന്ന ഒരു താളിന്റെ പ്രശ്നം.[5]

ഈ മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് സമവായമുള്ള വിഷയം സാധാരണഗതിയിൽ ശ്രദ്ധേയമാണെങ്കിലും ഇത് വിക്കിപീഡിയയിൽ ഒറ്റയ്ക്കുനിൽക്കാവുന്ന ലേഖനമുണ്ടാകാനുള്ള ഒരു പടവു മാത്രമാണ്. പരിശോധനായോഗ്യമായ ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകൾ ഉപോൽബലകമായി ലഭ്യമല്ലാത്ത ഉള്ളടക്കം മറ്റൊരു താളിനോട് കൂട്ടിച്ചേർക്കുന്നതാവും ഉചിതം.

കുറിപ്പുകൾ

[തിരുത്തുക]
  1. ഉദാഹരണങ്ങൾ: ഐ.ബി.എമ്മിനെ പറ്റി സോബൽ എഴുതിയ 360-പേജുകളുള്ള പുസ്തകവും ബ്ലാക്ക് എഴുതിയ 528-പേജുകളുള്ള പുസ്തകവും നിസ്സാരമായ പരാമർശമല്ല എന്ന് വ്യക്തമാണ്. വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ് (മാർട്ടിൻ വാക്കർ (1992-01-06). "ടഫ് ലവ് ചൈൽഡ് ഓഫ് കെന്നഡി". ദി ഗാർഡിയൻ. ഹൈ സ്കൂളിൽ ഇദ്ദേഹം ത്രീ ബ്ലൈൻഡ് മൈസ് എന്ന ജാസ് ബാൻഡിൽ അംഗമായിരുന്നു.).
  2. സ്രോതസ്സുകൾ എന്നാൽ പത്രങ്ങളും, പുസ്തകങ്ങളും, ഇ-പുസ്തകങ്ങളും, മാഗസിനുകളും, ടെലിവിഷനും, റേഡിയോ ഡോക്യുമെന്ററികളും, സർക്കാർ ഏജൻസികളുടെ റിപ്പോർട്ടുകളും, അക്കാദമിക ജേണലുകളും ഒക്കെ ഉൾപ്പെടുമെങ്കിലും ഇവ മാത്രമല്ല സ്രോതസ്സുകൾ എന്നത് പ്രധാനമാണ്. ഒന്നിലധികം സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ലഭ്യമായ സ്രോതസ്സ് പക്ഷപാതരഹിതമായ നിലപാടാണ് എടുത്തത് എന്നും, വിശ്വസനീയമാണെന്നും, സുഗ്രഹമായ ഒരു ലേഖനമെഴുതാൻ തക്ക വിവരങ്ങൾ അതിലുണ്ട് എന്നും പരിശോധിച്ചുറപ്പിക്കാൻ സാധിക്കണം.
  3. ഒന്നിലധികം സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ലേഖനം കൂടുത‌ൽ വ്യാപ്തിയുള്ള ഒരു ലേഖനത്തിൽ ഒരു വിഭാഗമായി ഉൾപ്പെടുത്താവുന്നതാണ് എന്ന സൂചനയാണ് നൽകുന്നത്. ഒന്നിലധികം പത്രങ്ങളും ജേണലുകളും ഒരേ വാർത്ത പ്രസിദ്ധീകരിച്ചു എന്നു വരാം. ഇത് ചിലപ്പോൾ തലക്കെട്ടിലോ ഉള്ളടക്കത്തിലോ ചെറിയ മാറ്റങ്ങളോടെ മാത്രമായിരിക്കും. ഇത്തരത്തിൽ പല പത്രങ്ങൾ ഒരു വാർത്ത പ്രസിദ്ധീകരിച്ചു എന്നത് ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല. ഒന്നിലധികം ജേണലുകളിൽ ഒരു സംഭവത്തെപ്പറ്റിയോ വിഷയത്തെപ്പറ്റിയോ വാർത്ത വരുന്നത് എപ്പോഴും ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല (പ്രത്യേകിച്ചും ലേഖകർ ഒരേ സ്രോതസ്സിനെ അവലംബമാക്കി ലേഖനമെഴുതുകയും ഒരേ കാര്യം ആവർത്തിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ). ഇതുപോലെ തന്നെ ഒരു ലേഖകൻ ഒരു മാദ്ധ്യമത്തിൽ തന്നെ ഒന്നിലധികം തവണ ഒരു വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നത് ഒറ്റ സ്രോതസ്സായേ പരിഗണിക്കാൻ സാധിക്കൂ.
  4. പ്രതിപാദ്യവിഷയമായ വ്യക്തി സൃഷ്ടിച്ചതോ, ഇദ്ദേഹവുമായി ഗാഠമായ ബന്ധമുള്ളവർ സൃഷ്ടിച്ചതോ ആയ കൃതികൾ (Works) ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കുവാനുള്ള ശക്തമായ തെളിവുകളാണെന്ന് കണക്കാക്കാൻ സാദ്ധ്യതയില്ല. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ വിക്കിപീഡിയ:താല്പര്യവ്യത്യാസം എന്ന താൾ കാണുക.
  5. ഇതുതന്നെയല്ല, വിശ്വസനീയമായ സ്രോതസ്സുകളിലെ പരാമർശങ്ങളെല്ലാം ലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയത നൽകുന്നു എന്ന് കരുതാനാവില്ല. ഉദാഹരണത്തിന് ഡയറക്ടറികളും ഡേറ്റാബേസുകളും പരസ്യങ്ങളും പ്രസ്താവനകളും നുറുങ്ങുവാർത്തകളും വിശ്വസനീയമായ സ്രോതസ്സുകളിൽ ലഭ്യമാണെങ്കിലും ലേഖനമുണ്ടാക്കത്തക്ക ശ്രദ്ധേയതയില്ലാത്ത കാര്യങ്ങളാണ്.