Jump to content

വൃത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അണുക്കൾ, അഴുക്ക്, പൊടി അല്ലെങ്കിൽ മാലിന്യങ്ങൾ എന്നിവയിൽ നിന്ന് വിമുക്തമായ അവസ്ഥയാണ് വൃത്തി എന്ന് അറിയപ്പെടുന്നത്. വൃത്തിയാക്കൽ അഥവാ ശുചീകരണത്തിലൂടെയാണ് പലപ്പോഴും വൃത്തി കൈവരിക്കുന്നത്. സാംസ്കാരികമായി പറയുമ്പോൾ ശുചിത്വവും വൃത്തിയും സാധാരണയായി ഒരു നല്ല ഗുണമാണ്. "ശുദ്ധി ദൈവഭക്തിയുടെ അടുത്താണ്"എന്നൊരു ആപ്തവാക്യം തന്നെയുണ്ട്.[1] ശുചിത്വം ആരോഗ്യം, സൗന്ദര്യം തുടങ്ങിയവക്ക് സംഭാവന നൽകുന്നതായി കണക്കാക്കാം.

ഒരു തുടർച്ചയായ നടപടിക്രമം അല്ലെങ്കിൽ ശീലങ്ങളുടെ ഒരു കൂട്ടം എന്ന നിലയിൽ പറയുമ്പോൾ, ശുചിത്വം എന്ന ആശയം പരിശുദ്ധിയിൽ നിന്ന് വ്യത്യസ്തമാണ്. പരിശുദ്ധി എന്നത് ശാരീരികമോ ധാർമ്മികമോ ആചാരപരമോ ആയ ശുചിത്വ അവസ്ഥയാണ്. ശുദ്ധി സാധാരണയായി ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ഒരു ഗുണമാണെങ്കിലും, ശുചിത്വത്തിന് ഒരു സാമൂഹിക മാനവും ദിശയും ഉണ്ട്.[2] "ശുചിത്വം, സാമൂഹിക പൂർണതയെക്കുറിച്ചുള്ള നമ്മുടെ ആധുനിക സങ്കൽപ്പത്തിന് അത്യന്താപേക്ഷിതമാണ്" എന്ന് ജേക്കബ് ബുർകാർഡ് നിരീക്ഷിച്ചിട്ടുണ്ട്.[3] ഒരു വീടോ ജോലിസ്ഥലമോ വൃത്തിയുള്ളത് എന്ന് പറയാറുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ പരിശുദ്ധമെന്ന് പറയാറില്ല.

അതുകൊണ്ട് തന്നെ പ്രായോഗിക തലത്തിൽ, വൃത്തി എന്നത് ശുചിത്വവും രോഗ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക ശുദ്ധി കൈവരിക്കുന്നതിനുള്ള ഒരു മാർഗമാണ് കഴുകൽ. സാധാരണയായി വെള്ളവും പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള സോപ്പ് അല്ലെങ്കിൽ ഡിറ്റർജന്റും ഉപയോഗിച്ച് കഴുകുന്നു. നിർമ്മാണത്തിന്റെ പല രൂപങ്ങളിലും ക്ലീനിംഗ് നടപടിക്രമങ്ങൾ വളരെ പ്രധാനമാണ്.

ധാർമ്മിക ശ്രേഷ്ഠതയുടെയോ ബഹുമാനത്തിന്റെയോ അവകാശവാദമെന്ന നിലയിൽ, സാമൂഹിക വർഗം, മാനവികത, സാംസ്കാരിക സാമ്രാജ്യത്വം എന്നിവയുമായി ബന്ധപ്പെട്ട് സാംസ്കാരിക മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ശുചിത്വം ഒരു പങ്കുവഹിച്ചിട്ടുണ്ട്.[4]

വൃത്തി ശരിയായ ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃത്തിയുള്ളയാളെണെന്ന് പറയപ്പെടുന്ന ഒരു വ്യക്തി സാധാരണയായി ശുചിത്വത്തെ ചിത്രീകരിക്കുന്നു.

ക്രിസ്തുമതത്തിൽ

[തിരുത്തുക]

ആർത്തവം, പ്രസവം, ലൈംഗികബന്ധം, ത്വക്ക് രോഗം, മരണം, മൃഗബലി എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശുദ്ധീകരണ ചടങ്ങുകൾ ബൈബിളിലുണ്ട്. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ ചർച്ച് പല തരത്തിലുള്ള കൈകഴുകൽ നിർദ്ദേശിക്കുന്നു, ഉദാഹരണത്തിന് ശൗചാലയം അല്ലെങ്കിൽ കുളിമുറിയിൽ പോയ ശേഷം, അല്ലെങ്കിൽ പ്രാർത്ഥനയ്ക്ക് മുമ്പോ ഭക്ഷണം കഴിച്ചതിന് ശേഷമോ.[5] എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെഡോ പള്ളിയിലെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് പള്ളിയിൽ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നു; അതുപോലെ പുരുഷന്മാർ തങ്ങളുടെ ഭാര്യമാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ പിറ്റേന്ന് പള്ളിയിൽ പ്രവേശിക്കുന്നില്ല.[6]

ക്രിസ്തുമതം എല്ലായ്പ്പോഴും ശുചിത്വത്തിന് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്.[7] ആദ്യകാല ക്രിസ്ത്യൻ പുരോഹിതന്മാർ റോമൻ കുളങ്ങളിൽ മിശ്രിതമായി കുളിക്കുന്ന രീതിയെ അപലപിച്ചിട്ടുണ്ട്, അതുപോലെ തന്നെ പുരുഷന്മാർക്ക് മുന്നിൽ സ്ത്രീകൾ നഗ്നരായി കുളിക്കുന്ന പാഗൻ ആചാരവും സഭ വിലക്കുന്നുണ്ട്.[8] ഇത് ശുചിത്വത്തിനും നല്ല ആരോഗ്യത്തിനും സഹായകമായതായി ചർച്ച് ഫാദർ, അലക്സാണ്ട്രിയയിലെ ക്ലെമന്റ് പറയുന്നു. ആശ്രമങ്ങൾക്കും തീർഥാടന സ്ഥലങ്ങൾക്കും സമീപം ഇരുലിംഗക്കാർക്കും പ്രത്യേകമായി പൊതു കുളി സൗകര്യങ്ങളും സഭ നിർമ്മിച്ചു; കൂടാതെ, മധ്യകാലഘട്ടത്തിന്റെ ആരംഭം മുതൽ മാർപ്പാപ്പമാർ പള്ളി ബസിലിക്കകളിലും ആശ്രമങ്ങളിലും കുളിക്കാറുണ്ട്.[9] ശാരീരിക ആവശ്യമെന്ന നിലയിൽ കുളിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ഗ്രിഗറി മാർപ്പാപ്പ തന്റെ അനുയായികളെ ഉദ്ബോധിപ്പിച്ചു.[10]

ഹിന്ദുമതത്തിൽ

[തിരുത്തുക]

ഹിന്ദുമതത്തിൽ, ശുദ്ധി ഒരു പ്രധാന പുണ്യമാണ്, ഭഗവദ്ഗീത അതിനെ വിശേഷിപ്പിക്കുന്നത് ഒരാൾ പരിശീലിക്കേണ്ട ദൈവിക ഗുണങ്ങളിലൊന്നായാണ്. സംസ്കൃതത്തിൽ ശുചിത്വം എന്നതിനെ സൂചിപ്പിക്കുന്ന പദമാണ് സൗകം. ഭഗവദ്ഗീത 13.8, 16.3, 16.7, 17.14, 18.42 എന്നീ അഞ്ച് ശ്ലോകങ്ങളിൽ ഈ വാക്ക് ആവർത്തിക്കുന്നു. ശ്രീമദ് ഭാഗവതം 1.16.26, 1.17.24 (സത്യയുഗത്തിന്റെ നാല് പാദങ്ങളിൽ ഒന്നായി), 1.17.42, 3.28.4 (ആത്മീയ പരിശീലനമായി), 3.31.33 (ലൈംഗികതയ്ക്ക് അടിമപ്പെട്ടവർക്ക് ശുദ്ധി മനസ്സിലാകില്ല), 4.29.84 (ആത്മശുദ്ധി), 7.11.8-12 (സ്വീകരിക്കേണ്ട മുപ്പത് ഗുണങ്ങളിൽ ഒന്ന്), 7.11.21 (ഒരു ബ്രാഹ്മണന്റെ സ്വഭാവമായ ശുചിത്വം), 7.11.24 (ശുദ്ധി മികച്ച തൊഴിലാളിയുടെ ഗുണമാണ്), 11.3.24 (ഒരാൾ തന്റെ ഗുരുവിനെ സേവിക്കാൻ ശുചിത്വം പഠിക്കണം), 11.17.16 (വൃത്തി എന്നത് ബ്രാഹ്മണന്റെ സ്വാഭാവിക ഗുണമാണ്), 11.18.36 (വൃത്തി ഒരു പുണ്യമാണ്), 11.18.43 (ഒരു ഗൃഹനാഥൻ അനുഷ്ഠിക്കേണ്ട ഗുണം), 11.21.14 (ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതിനുള്ള മാർഗം), 11.19.36-39 (ശുദ്ധി എന്നാൽ ആഗ്രഹം പ്രേരിപ്പിച്ച പ്രവർത്തനങ്ങളിൽ നിന്നുള്ള അകൽച്ചയാണ്) 12.2.1 (കലിയുഗത്തിന്റെ ഫലങ്ങൾ ശുചിത്വത്തിൽ) എന്നീ ശ്ലോകങ്ങളിൽ ശുദ്ധി പരമാർശിക്കുന്നു.

ശ്രീമദ് ഭാഗവതം ഈശ്വരകൃപ പ്രാപിക്കാൻ[11] നേടേണ്ട മുപ്പത് ഗുണങ്ങളിൽ ഒന്നായി ശുചിത്വത്തെ അംഗീകരിക്കുകയും പന്ത്രണ്ട് പതിവ് കർത്തവ്യങ്ങളിൽ ആന്തരികവും ബാഹ്യവുമായ ശുദ്ധി ഉൾപ്പെടുത്തുകയും ചെയ്യുന്നു.[12] ഹിന്ദുമതത്തിലെ സത്യയുഗത്തിന്റെ സവിശേഷതയായ ഒരു ഉന്നതമായ ഗുണം കൂടിയാണ് ശുചിത്വം. പല ഹൈന്ദവ ഗ്രന്ഥങ്ങളും പറയുന്നത് പോലെ, ശുചിത്വം ദൈവവുമായി ബന്ധപ്പെട്ട ഒരു മാർഗമാണ്.

ഹിന്ദുമതം ബാഹ്യമായ വൃത്തിയെ മാത്രമല്ല, ആന്തരിക വൃത്തിയെയോ പരിശുദ്ധിയെയോയും പ്രകീർത്തിക്കുന്നു. അവരുടെ മനസ്സ് സർവ്വശുദ്ധമായ ഭഗവാനിൽ നിരന്തരം ലയിച്ചിരിക്കുന്നതിനാൽ, ഭക്തർ കാമം, ക്രോധം, അത്യാഗ്രഹം, അസൂയ, അഹംഭാവം തുടങ്ങിയ വൈകല്യങ്ങളിൽ നിന്ന് ആന്തരികമായി ശുദ്ധീകരിക്കപ്പെടുന്നു. ഈ മാനസികാവസ്ഥയിൽ, അവർ സ്വാഭാവികമായും ബാഹ്യ ശരീരത്തെയും പരിസ്ഥിതിയെയും ശുദ്ധമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. അങ്ങനെ, "ദൈവഭക്തിയുടെ അടുത്താണ് ശുചിത്വം" എന്ന പഴഞ്ചൊല്ലിന് അനുസൃതമായി, അവ ബാഹ്യമായും ശുദ്ധമാവും.

ശ്രീമദ് ഭാഗവതവും ആന്തരികവും ബാഹ്യവുമായ ശുദ്ധിയെക്കുറിച്ച് വിശദീകരിക്കുന്നു.[13] ഇത് ശുചിത്വത്തിന് ആഴത്തിലുള്ള അർത്ഥവും നൽകുന്നു. ശ്രീമദ് ഭാഗവതത്തിൽ 11.19.36-39, ശുചിത്വം എന്നത് ആഗ്രഹത്താൽ പ്രേരിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്നുള്ള വേർപിരിയൽ എന്നും നിർവചിക്കപ്പെടുന്നു. അതിനാൽ, ശുചിത്വം എന്നാൽ ഭൗതികമായ കെട്ടുപാടുകൾ ഉപേക്ഷിക്കുക എന്നാണ് അർത്ഥമാക്കുന്നത്, ഒരാളുടെ ചർമ്മം ഇടയ്ക്കിടെ വെള്ളത്തിൽ കഴുകുക എന്നല്ല.

ഏഴ് പുണ്യനദികളിൽ കുളിക്കുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും പുണ്യം വർദ്ധിപ്പിക്കുകയും ചെയ്യും എന്നൊരു വിശ്വാസം ഹിന്ദുക്കളക്കിടയിലുണ്ട്. അതിനാൽ, പുണ്യനദികളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നതിനായി ചിലർ ദിവസേന കുളിക്കുന്നതിന് മുമ്പ് "ഔം ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി|നർമ്മദേ സിദ്ധു കാവേരി ജലേസ്മിൻ സമ്നിധി കുരു" [ഈ ജലത്തിൽ, ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ നദികളിൽ നിന്നുള്ള പുണ്യജലത്തിന്റെ സാന്നിധ്യം ഞാൻ അനുഭവിക്കുന്നു] എന്ന ശ്ലോകം ചൊല്ലാറുണ്ട്.

എല്ലാ ഹിന്ദുക്കളും ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് കുളിച്ചിരിക്കണം. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് അവർ കാലുകൾ കഴുകുകയും ചെയ്യുന്നു. ചില യാഥാസ്ഥിതിക ഹിന്ദു വീടുകളിൽ, ഒരു ശവസംസ്കാരം സന്ദർശിച്ച ശേഷം കുളിക്കുന്നത് ആവശ്യമാണ്, കാരണം ഇത് ഒരു അശുഭകരമായ കാര്യമാണെന്ന് ചില ഹിന്ദുക്കൾ വിശ്വസിക്കുന്നു.

എല്ലാ വർഷവും ദീപാവലി ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഹിന്ദുക്കളും അവരുടെ വീടുകൾ നന്നായി വൃത്തിയാക്കുന്നു, അത് ഭാഗ്യം കൊണ്ടുവരുമെന്ന് അവർ വിശ്വസിക്കുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നതും വലിയ ഭക്തിയും ലക്ഷ്മി ദേവിയെ അവരുടെ വാസസ്ഥലത്തേക്ക് സ്വാഗതം ചെയ്യുന്നതിനുള്ള ആംഗ്യമാണെന്ന് മിക്ക ഹിന്ദുക്കളും വിശ്വസിക്കുന്നു. ചില യാഥാസ്ഥിതിക ഹിന്ദുക്കൾ വെള്ളിയാഴ്ച വീട് വൃത്തിയാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നു, കാരണം ഇത് ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്, ആ ദിവസം വീടുകൾ വൃത്തിയാക്കുന്നത് അശുഭകരമായി കണക്കാക്കുന്നു, അതിനാൽ ബാക്കിയുള്ള ദിവസങ്ങളിൽ അവർ വീട് വൃത്തിയാക്കുന്നു. ദീപാവലി, പൊങ്കൽ അല്ലെങ്കിൽ ഭോൽ എന്നിവയ്‌ക്ക് തയ്യാറെടുക്കുന്നതിനായി തമിഴ്‌ജനങ്ങളും അവരുടെ വീടുകൾ വൃത്തിയായി സൂക്ഷിക്കുന്നു.

ഇസ്ലാമിൽ

[തിരുത്തുക]

വൃത്തിയുടെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറയുന്നു.[14] ഖുർആനിൽ ശുചിത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന നിരവധി സൂക്തങ്ങളുണ്ട്. ഉദാഹരണത്തിന്, "...തീർച്ചയായും, തന്നിലേക്ക് നിരന്തരം തിരിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു, കൂടാതെ 'തങ്ങളെത്തന്നെ ശുദ്ധവും വൃത്തിയുള്ളതുമായി പാലിക്കുന്നവരെ അവൻ സ്നേഹിക്കുന്നു" (2:222). കൂടാതെ, "...പള്ളിയിൽ, ശുദ്ധവും വൃത്തിയുള്ളതുമായി ആയിരിക്കാൻ ഇഷ്ടപ്പെടുന്ന പുരുഷന്മാരുണ്ട്. സ്വയം ശുദ്ധവും വൃത്തിയുള്ളതുമായവരെ അല്ലാഹു ഇഷ്ടപ്പെടുന്നു" (9:108).

ഇസ്ലാമിക മതബോധനത്തിന്റെ ഗ്രന്ഥത്തിലെ ആദ്യ പാഠങ്ങൾ ശുചിത്വത്തിന്റെ വിഷയങ്ങളാണ്. ശുചിത്വ പുസ്തകത്തിൽ ആദ്യം പഠിപ്പിക്കുന്ന വിഷയങ്ങളിൽ എന്താണ് ശുദ്ധമായത്, ശുദ്ധത എന്നാലെന്താണ്, വൃത്തിയില്ലാത്തത് എന്താണ്, ആളുകൾ ശുദ്ധീകരിക്കേണ്ടത് എന്തിൽ നിന്നാണ്, എങ്ങനെ വൃത്തിയാക്കണം, ഏത് വെള്ളം വൃത്തിയാക്കാൻ ഉപയോഗിക്കണം എന്നെല്ലാം ഉൾപ്പെടുന്നു. എല്ലാ പ്രാർഥനയ്‌ക്കും മുമ്പായി മുസ്‌ലിംകൾ വുദു ചെയ്യേണ്ടതുണ്ട്, എല്ലായ്‌പ്പോഴും വുദു ചെയ്യുന്ന അവസ്ഥയിൽ തുടരാൻ ശുപാർശ ചെയ്യുന്നു. അതുപോലെ ഇസ്ലാമിക വിശ്വാസികൾ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് (ജുമാ) മുമ്പായി ഒരു ആചാരപരമായ കുളി (ഗുസ്ൽ) നടത്തുന്നു. പാപം ചെയ്തതിനു ശേഷവും ആത്മീയ വിശുദ്ധിക്ക് ആചാരപരമായ കുളി ശുപാർശ ചെയ്യപ്പെടുന്നു, കൂടാതെ ശവസംസ്കാരത്തിൽ മൃത ദേഹം കഴുകിയവർക്ക് ഇത് അത്യാവശ്യമാണ്. അതിഥികൾ വരുന്നതിന് മുമ്പോ വിരുന്നിന് മുമ്പോ (ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ), വിശുദ്ധ ദിനരാത്രങ്ങൾ എന്നിവയിൽ വീടുകൾ വൃത്തിയാക്കുന്നതിന് മുസ്ലീങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നു.

ഏഴാം നൂറ്റാണ്ട് മുതൽ ഉള്ളതെന്ന് കരുതുന്ന ഇസ്‌ലാമിക ശുചിത്വ നിയമശാസ്ത്രത്തിന് നിരവധി വിപുലമായ നിയമങ്ങളുണ്ട്. തഹാറയിൽ (ആചാര ശുദ്ധി) അഞ്ച് ദൈനംദിന സ്വലാത്ത് പ്രാർത്ഥനകളിൽ വുദു ചെയ്യുന്നു, അതുപോലെ പതിവായി ഗുസ്ൽ (കുളി) നടത്തുന്നു, ഇത് ഇസ്ലാമിക ലോകത്തിലുടനീളം ബാത്ത്ഹൗസുകൾ നിർമ്മിക്കുന്നതിലേക്ക് നയിച്ചു.[15][16] ഇസ്‌ലാമിക ശുചിത്വത്തിന് ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകുക, ശുദ്ധി, രോഗാണുക്കൾ കുറയ്ക്കുക എന്നിവ ആവശ്യമാണ്.[17]

രോഗത്തിന്റെ പകർച്ചവ്യാധി / അണു സിദ്ധാന്തത്തിന്റെ ഒരു അടിസ്ഥാന രൂപം മധ്യകാല ഇസ്ലാമിക ലോകത്തിലെ വൈദ്യശാസ്ത്രത്തിൽ നിന്നാണ് വന്നത്. പേർഷ്യൻ വൈദ്യനായ ഇബ്നു സീന (അവിസെന്ന എന്നും അറിയപ്പെടുന്നു) അദ്ദേഹത്തിന്റെ ദി കാനൻ ഓഫ് മെഡിസിനിൽ (1025) വൃത്തിയുടെ പ്രാധാന്യം നിർദ്ദേശിച്ചു. ക്ഷയരോഗ പകർച്ചവ്യാധി ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ആളുകൾക്ക് ശ്വാസം വഴി രോഗം മറ്റുള്ളവരിലേക്ക് പകർത്താൻ കഴിയുമെന്ന് സൂചിപ്പിച്ചു, കൂടാതെ വെള്ളത്തിലൂടെയും അഴുക്കുകളിലൂടെയും രോഗം പകരുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു.[18] അദൃശ്യമായ പകർച്ചവ്യാധി എന്ന ആശയം ഒടുവിൽ ഇസ്ലാമിക പണ്ഡിതന്മാറാൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. അയ്യൂബിദ് സുൽത്താനേറ്റിൽ, അവർ അവരെ നജസത്ത് ("അശുദ്ധ പദാർത്ഥങ്ങൾ") എന്നാണ് വിളിച്ചിരുന്നത്. ഫിഖ്ഹ് പണ്ഡിതനായ ഇബ്‌നു അൽ-ഹാജ് അൽ- അബ്ദാരി (c. 1250-1336), ഇസ്ലാമിക ഭക്ഷണക്രമവും ശുചിത്വവും ചർച്ച ചെയ്യുന്നതിനിടയിൽ, പകർച്ചവ്യാധികൾ ജലം, ഭക്ഷണം, വസ്ത്രങ്ങൾ എന്നിവയെ എങ്ങനെ മലിനമാക്കുമെന്നും ജലവിതരണത്തിലൂടെ എങ്ങനെ വ്യാപിക്കാമെന്നും ഉപദേശവും മുന്നറിയിപ്പും നൽകി.[19]

ശുചിതപരിപാലനം

[തിരുത്തുക]

രോഗത്തിന്റെ അണു സിദ്ധാന്തം (ജെം തിയറി) ആവിർഭവിച്ചത് മുതൽ, ശുചിത്വം എന്നതിനർത്ഥം രോഗാണുക്കളെയും മറ്റ് അപകടകരമായ വസ്തുക്കളെയും നീക്കം ചെയ്യുന്നതായി മാറിയിരിക്കുന്നു. 1989-ൽ ഡേവിഡ് സ്ട്രാച്ചൻ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ "ശുചിത്വ സിദ്ധാന്തം" അവതരിപ്പിച്ചപ്പോൾ, അണുവിമുക്തമായ അന്തരീക്ഷത്തിനായുള്ള അമിതമായ ആഗ്രഹത്തോടുള്ള പ്രതികരണം സംഭവിക്കാൻ തുടങ്ങി. സാരാംശത്തിൽ, ഈ സിദ്ധാന്തം പറയുന്നത് പരിസ്ഥിതിയിലെ സൂക്ഷ്മാണുക്കൾ രോഗപ്രതിരോധ സംവിധാനത്തെ വികസിപ്പിക്കുന്നതിൽ ഉപയോഗപ്രദമായ പങ്ക് വഹിക്കുന്നു എന്നാണ്. കുട്ടിക്കാലത്തുതന്നെ രോഗാണുക്കൾക്ക് വിധേയരാകുന്നത് കുറവായവർ, കുട്ടിക്കാലത്തും മുതിർന്നാലും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ശുചിത്വത്തിന്റെ മൂല്യനിർണ്ണയത്തിന് പ്രായോഗിക ആവശ്യങ്ങൾക്കായി ശുചിത്വത്തിന്റെ ആവശ്യകതകൾക്കപ്പുറം സാമൂഹികവും സാംസ്കാരികവുമായ ഒരു മാനമുണ്ട്.

വ്യവസായം

[തിരുത്തുക]

വ്യവസായത്തിൽ, ഇന്റഗ്രേറ്റഡ് സർക്യൂട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രക്രിയകൾക്ക്, വൃത്തിയുള്ള മുറികളിൽ ജോലി ചെയ്യുന്ന വ്യവസ്ഥകൾ ആവശ്യമാണ്. വിജയകരമായ ഇലക്‌ട്രോപ്ലേറ്റിംഗിന് ശുചിത്വം അത്യന്താപേക്ഷിതമാണ്, കാരണം എണ്ണയുടെ തന്മാത്ര പാളികൾക്ക് കോട്ടിംഗിന്റെ ഒട്ടിച്ചേരൽ തടയാൻ കഴിയും. വ്യവസായം പാർട്സ് ക്ലീനിംഗിനായി പ്രത്യേക സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതുപോലെ തന്നെ ശുചിത്വത്തിനായുള്ള പരിശോധനകളും. ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പരിശോധനകൾ വൃത്തിയുള്ള ഹൈഡ്രോഫിലിക് ലോഹ പ്രതലത്തിന്റെ നനവ് സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. വാക്വം സിസ്റ്റങ്ങൾക്ക് ഔട്ട് ഗ്യാസിംഗ് കുറയ്ക്കാൻ ശുചിത്വവും പ്രധാനമാണ്. അർദ്ധചാലക നിർമ്മാണത്തിനും ശുചിത്വം നിർണായകമാണ്.[20]

ഇതും കാണുക

[തിരുത്തുക]
  • ആന്റിസെപ്റ്റിക്
  • അസെപ്റ്റിക് ടെക്നിക്
  • ക്ലീനർ
  • വൃത്തിയാക്കൽ
  • വൃത്തിയുള്ള മുറി
  • മലിനീകരണ നിയന്ത്രണം
  • ഗ്രീൻ ക്ലീനിംഗ്
  • ശുചിതപരിപാലനം
  • ലേഡി മക്ബെത്ത് പ്രഭാവം
  • ദേശീയ ശുചീകരണ ദിനം
  • മലിനീകരണം
  • പാരിസ്ഥിതിക പരിഹാരം
  • ആചാരപരമായ ശുദ്ധീകരണം
  • മാലിന്യ സംസ്കരണം

അവലംബം

[തിരുത്തുക]
  1. Suellen Hoy, Chasing Dirt: The American Pursuit of Cleanliness (Oxford University Press, 1995), p. 3.
  2. Elizabeth Shove, Comfort, Cleanliness, and Convenience: The Social Organization of Normality (Berg, 2003), p. 80.
  3. Jacob Burckhardt, The Civilization of the Renaissance in Italy, as quoted by Douglas Blow, The Culture of Cleanliness in Renaissance Italy (Cornell University Press, 2006), p. 1.
  4. Kathleen M. Brown, Foul Bodies: Cleanliness in Early America (Yale University Press, 2009), p. 327; Iris Marion Young, "The Scaling of Bodies and the Politics of Identity," as excerpted in From Modernism to Postmodernism: An Anthology, edited by Lawrence E. Cahoone (Blackwell, 2003, 2nd ed.), p. 372; Nancy Cook, Gender, Identity, and Imperialism: Women Development Workers in Pakistan (Macmillan, 2007), p. 141.
  5. "IS THE CHURCH OF ETHIOPIA A JUDAIC CHURCH ?" (PDF). Archived from the original (PDF) on 2016-03-04. Retrieved 2022-11-23.
  6. "The Liturgy of the Ethiopian Orthodox Tewahedo Church". Archived from the original on 2022-10-14. Retrieved 2022-11-23.
  7. Warsh, Cheryl Krasnick (2006). Children's Health Issues in Historical Perspective. Veronica Strong-Boag. Wilfrid Laurier Univ. Press. p. 315. ISBN 9780889209121. ... From Fleming's perspective, the transition to Christianity required a good dose of personal and public hygiene ...
  8. Warsh, Cheryl Krasnick (2006). Children's Health Issues in Historical Perspective. Veronica Strong-Boag. Wilfrid Laurier Univ. Press. p. 315. ISBN 9780889209121. ... Thus bathing also was considered a part of good health practice. For example, Tertullian attended the baths and believed them hygienic. Clement of Alexandria, while condemning excesses, had given guidelines for Christian] who wished to attend the baths ...
  9. Thurlkill, Mary (2016). Sacred Scents in Early Christianity and Islam: Studies in Body and Religion. Rowman & Littlefield. p. 6–11. ISBN 978-0739174531. ... Clement of Alexandria (d. c. 215 CE) allowed that bathing contributed to good health and hygiene ... Christian skeptics could not easily dissuade the baths' practical popularity, however; popes continued to build baths situated within church basilicas and monasteries throughout the early medieval period ...
  10. Squatriti, Paolo (2002). Water and Society in Early Medieval Italy, AD 400-1000, Parti 400-1000. Cambridge University Press. p. 54. ISBN 9780521522069. ... but baths were normally considered therapeutic until the days of Gregory the Great, who understood virtuous bathing to be bathing "on account of the needs of body" ...
  11. Srimad Bhagavatam 7.11.8-12
  12. Srimad Bhagavatam 11.19.33-35
  13. Srimad Bhagavatam 11.17.34-35
  14. Majeed, Azeem (22 December 2005). "How Islam changed medicine". BMJ (in ഇംഗ്ലീഷ്). 331 (7531): 1486–1487. doi:10.1136/bmj.331.7531.1486. ISSN 0959-8138. PMC 1322233. PMID 16373721.
  15. "Ṭahāra | Islam".
  16. "Ṭahāra". Encyclopedia Britannica.
  17. Israr Hasan (2006), Muslims in America, p. 144, ISBN 978-1-4259-4243-4
  18. Byrne, Joseph Patrick (2012). Encyclopedia of the Black Death. ABC-CLIO. p. 29. ISBN 9781598842531.
  19. Reid, Megan H. (2013). Law and Piety in Medieval Islam. Cambridge University Press. pp. 106, 114, 189–190. ISBN 9781107067110.
  20. C. Y. Chang and Francis Kai, GaAs High-Speed Devices: Physics, Technology, and Circuit Applications (John Wiley, 1994), p. 116.
"https://ml.wikipedia.org/w/index.php?title=വൃത്തി&oldid=3970001" എന്ന താളിൽനിന്ന് ശേഖരിച്ചത്