Jump to content

വേങ്ങാക്കോട്ടു ഭഗവതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാവൃത്തം

[തിരുത്തുക]

ആര്യരാജാവിന്റെ പൊന്മകൾ പൂരം നോറ്റ് പൂങ്കാവിൽ പൂവിറുക്കവേ ജഗദംബിക ആവേശിച്ച് മോഹാലസ്യപ്പെട്ടു വീണു. രാജാവ് പ്രാശ്നികനെ വരുത്തി പ്രശ്ന ചിന്ത നടത്തി. ദേവിക്ക് മലനാട് കാണാൻ ആഗ്രഹം. ആര്യനാട്ടിൽ നിന്നും മലനാട്ടിലെത്താൻ കടൽ മാർഗം യാത്ര ചെയ്യേണ്ടതുണ്ട്. ഇതിനായി ഒരു മരക്കലം (കപ്പൽ) ഒരുക്കാൻ രാജാവ് നിർദ്ദേശം നൽകി. വിശ്വകർമ്മജനെ വിളിച്ചുവരുത്തി വിശുദ്ധമായ മരങ്ങൾ മുറിപ്പിച്ചു. 30 നാഴിക കൊണ്ട് മരക്കലം പണിതു. ദിവ്യ കന്യക ആയിരം തോഴിമാരോടൊപ്പം മരക്കലത്തിലേറി. നാന്തകം, ശൂലം, മുത്ത്, രത്നം തുടങ്ങിയവ മരക്കപ്പലിൽ കയറ്റിവെച്ച് ദേവിയേയും തോഴിമാരേയും രാജാവ് യാത്രയാക്കി.

യാത്രയിൽ മരക്കലത്തിന്റെ നിയന്ത്രണത്തിനായി ഏകധർമ്മ രാജാവിനെ (ഗുളികൻ) കൂടെ കൂട്ടി. നേരെ വൈരാപുരത്ത് കോട്ടയിൽ ചെന്ന് ആൺ ചങ്ങാത്തത്തിനായി വൈരാപുരത്ത് വടക്കൻകോടിയേയും കൂടെ കൂട്ടി. നൂറ്റേഴ് അഴിമുഖങ്ങളും എടത്തൂരഴിയും കടന്ന് ഒരിയരയിലെത്തി. ഭാഷയില്ലാത്തവൻ (ഗുളികൻ) കല്ലായി (നങ്കൂരം) ഉറപ്പിച്ചു. ദേവിയേയും പരിവാരങ്ങളേയും ലോകനാഥൻ വിഷ്ണുമൂർത്തി ഒരിയരക്കാവിലേക്ക് സ്വീകരിച്ചു. (മരക്കലമേറി വന്ന ദേവിയേയും പരിവാരങ്ങളേയും വരവേൽക്കാനായി ലോകനാഥൻ ശ്രീ വിഷ്ണുമൂർത്തി അറബിക്കടലിലേക്ക് പാഞ്ഞടുക്കുന്ന ചടങ്ങ് ഒരിയരക്കാവ് കളിയാട്ട സമാപന ദിവസം പുരാവൃത്ത ത്തിന്റെ ഓർമ്മപ്പെടുത്തലായി ഇന്നും നട ക്കുന്നു). അന്ന് നങ്കുരമുറപ്പിച്ച കല്ലായി ആണ് വേങ്ങക്കോട്ട് ക്ഷേത്രത്തിൽ ഗുളികന്റെ പള്ളിയറക്ക് മുമ്പിൽ കാണുന്ന പ്രതിഷ്ഠയെന്നാണ് വിശ്വാസം.കാവിലെത്തിയ ദേവിയെ നെല്ലിക്കാ തീയ്യനും ആക്കിൽ മുകയനും ചേർന്ന് സ്വീകരിച്ചു. ഒരിയരയിലെത്തിയ ദേവിയും പരിവാരങ്ങളും ഒരു വ്യാഴവട്ടക്കാലം അവിടെ കഴിഞ്ഞു. ഈ കാലമത്രയും ദേവി ഒറ്റക്കാലിൽ തപസിലായിരുന്നുവത്രേ.

തപസ്സിൽ നിന്നും ഉണർന്ന ദേവി കിഴക്ക് ഭാഗത്ത് തെളിഞ്ഞുകണ്ട ദീപം ലക്ഷ്യമാക്കി യാത്ര ചെയ്ത് കുളങ്ങാട്ട് മലയിലെത്തി. ശാസ്താവിനെ വണങ്ങിയശേഷം പുഴയരികിലൂടെ നടന്ന് തെക്ക് ഭാഗത്ത് വേങ്ങക്കോട്ട് കാവിലെത്തി. ഇതാണ് പടന്ന കാവുന്തലയിൽ ഇന്നും പരിപാലിച്ചുവരുന്ന ആരൂഢ സ്ഥാനം. (പെരുങ്കളി യാട്ടത്തിന്റെ ആദ്യ ദിവസം കൊടിയിലപിടി ചടങ് ഇവിടെ നിന്നാണ് തുടങ്ങുക). കാവിൽ നിന്നും കണ്ണങ്കൈ കോലാന്റെ കൂടെ പ്രസിദ്ധമാ യ ദയരമംഗലം ഭഗവതിയുടെ സവിധത്തിലെത്തി ഉള്ളം തുറന്നു. ദയരമംഗലത്ത് ഭഗവതിയുടെ നിർദ്ദേശപ്രകാരം ഇഷ്ടജനപരിപാലനത്തിനായി കണ്ണങ്കൈ ബ്രാഹ്മണന്റെ കന്നിക്കൊട്ടിൽ ആധാരമായി നിലയുറപ്പിച്ചു. (ഇന്ന് കാണുന്ന ക്ഷേത കഴകപ്പുര). ക്ഷേത്രം പണിത് ദേവിയേയും കൂടെ യുള്ളവരേയും പരിപാലിക്കാനുള്ള ചുമതല കണ്ണങ്കൈ കോലാനെ ഏൽപിച്ച് ബ്രാഹ്മണ കുടുംബം പലായനം ചെയ്തുവെന്നാണ് പുരാ വൃത്തം.

ദേവിക്കൊപ്പം ആൺ ചങ്ങാത്തം വന്ന വൈ രാപുരത്ത് വടക്കൻ കോടിക്ക് വാമഭാഗത്ത് ഇരിപിടം നൽകി. എന്നെ കാണാൻ വരുന്നവർ ആദ്യം ചങ്ങാതിയെ വന്ദിക്കുമെന്ന് ഉറപ്പും നൽകി. വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിൽ വടക്കേ പടിപ്പുര വഴിയാണ് പ്രവേശനം. ഈശ്വരനെ വലംവെച്ച് തൊഴുതശേഷം മാത്രമെ ഭഗവതിയുടെ പള്ളിയറക്ക് മുന്നിലേക്ക് ഇന്നും ഭക്തരെത്തുകയുള്ളു. അഗ്നി കോണിലായി ഭാഷയില്ലാത്തവനും (ഏകധർമ്മ രാജാവ്) ഇരിക്കാനിടം നൽകി. മറ്റു ദൈവങ്ങൾക്ക് വലതുഭാഗത്തായി അരികിലും ഇടരിപ്പിടം നൽകി. ആര്യക്കെട്ട്, അന്തക്കെട്ട്, അറബികെട്ട്, മലയാംകെട്ട് – ഈ നാല് കെട്ടുകളും നാലുകരയും നോക്കി പരിപാ ലിച്ചുപോരാനാണ് ദേവി കയ്യെടുത്തതെന്നാണ്

അരങ്ങ് വാചാലിലെ പുരാവൃത്തം ഇങ്ങനെ – “ആര്യക്കെട്ടിൽ നിന്നും മലയാംകെട്ടിലേക്ക് ശേ ഷിപ്പെട്ട് അന്ന് നല്ലൊരു ആൺ ചങ്ങാത്തം വേണമെന്ന് കരുതി. അന്ന് ഏകകുലധർമ്മ രാജാവായ ഭാഷയില്ലാത്തവനെ കണ്ണെറിഞ്ഞു, കയ്യിട്ടുമാടിവിളിച്ചു. എനിക്ക് ആയുധമില്ലെന്ന് കരുതി അന്നെന്റെ ആരിയപെരുകൊല്ലന്റെ ആയിരം ഭാരമുള്ള ദണ്ഡ് തട്ടിപ്പരത്തി മൂന്നിതളാക്കി ത്രിമൂർത്തി സങ്കൽപം ചെയ്തു. വലത്തും കൊടുത്തും എന്റെ ഭാഷയില്ലാത്തോൻ എന്റെ കൂടെ പുറപ്പെട്ടു. അതും പോരാത്ത അവസ്ഥ കണ്ടുകരുതി എന്റെ വൈരാപുരത്ത് വടക്കൻ കോടിയെ കയ്യിട്ട് മാടിവിളിച്ച് കരം ഗ്രഹിച്ചു. അന്ന് അഞ്ഞൂറ് വീരൻമാരും പടയും കൂടിപ്പിടിച്ച് ശ്രീ പാലഴിയിലുള്ള അനന്തന് ചെമ്പകപ്പൂ പെയ്ത് പുഷ്പാർച്ചന നടത്തി സ്തുതിച്ചു. അന്ന് എടത്തൂര് അഴിമുമ്പേതുവായി കയ്യെടുത്തു. ഒരു വ്യാഴവട്ടക്കാലം എരിഞ്ഞ മണൽ കൊഴുത്ത മണലാക്കി തപസ്സുചെയ്തു. അന്നു ഞാനും എന്റെ ചങ്ങതിയും നെല്ലിക്കാൽ തീയ്യൻ തന്ന നാലിളനീര് ചീന്തിവെച്ചു. അതും പോരാ എന്ന അവസ്ഥ കരുതി ദയരമംഗലത്ത് ഭഗവതിയുടെ തിരുവുള്ളം കണ്ട് വിശേഷിച്ചു. കണ്ണങ്കൈ ബ്രാഹ്മണന്റെ കന്നികൊട്ടിൽ ആധാരമായി നിലയുറപ്പിച്ചു…..”

അന്തിത്തിരിയൻ, അഞ്ച് കാരണവർ, മൂന്ന് കോമരങ്ങൾ (വേങ്ങക്കോട്ട് ഭഗവതി, വടക്കൻ കോടി, വിഷ്ണുമൂർത്തി), കൈവിളക്ക്, അടിച്ചുതെളി,കുട, കാക്കാണൻ അവകാശി,രണ്ട് കാൽവരക്കാർ എന്നീ സ്ഥാനങ്ങൾ ഉണ്ട്.

മുകയ സമുദായത്തിന്റെ കാടങ്കോട്ട് നെല്ലിക്കൽ ഭഗവതി ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുണ്ട്. രണ്ട് സ്ഥാനത്തേയും പെരുങ്കളിയാട്ടങ്ങളിൽ സ്ഥാനികർ പരസ്പരം ആദ്യാവസാനം പങ്കെടുക്കണം. കാടങ്കോട് പാട്ടുത്സവം കളത്തിൽ അരിയിടൽ ദിവസം വേങ്ങക്കോട്ട് സ്ഥാനികർ പങ്കെടുക്കണം.വേങ്ങക്കോട്ട് ഗുളികൻ സ്ഥാനം കാടങ്കോട്ടേക്ക് നോക്കിയിരിക്കുന്നതായാണ് സങ്കല്പം.

രയരമംഗലം ഭഗവതി ക്ഷേത്രവുമായും അഭേദ്യമായ ബന്ധമുണ്ട്. പെരുങ്കളിയാട്ടത്തിന് ദീപവും തിരിയും, കന്നിക്കലവറയിലേക്കുള്ള സാധനങ്ങളും രയരമംഗലത്ത് നിന്നും കൊണ്ടു വരുന്നു.കൂടാതെ രയരമംഗലത്തെ നിറ, പുത്തരി, പൂരം തുടങ്ങി ഒരുപാട് വിശേഷ വേളകളിൽ വേങ്ങക്കോട്ട് ക്ഷേത്രവുമായി അഭേദ്യമായ ബന്ധം പുലർത്തുന്നു.

"https://ml.wikipedia.org/w/index.php?title=വേങ്ങാക്കോട്ടു_ഭഗവതി&oldid=4081597" എന്ന താളിൽനിന്ന് ശേഖരിച്ചത്