ശബരി ആശ്രമം
അയിത്തോച്ചാടനം ലക്ഷ്യമിട്ട്[1], സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യർ പാലക്കാട് അകത്തേത്തറ നടക്കാവിൽ സ്ഥാപിച്ച ആശ്രമമാണ് ശബരി ആശ്രമം. ഈ ആശ്രമം തെക്കേ ഇന്ത്യയിലെ സബർമതി എന്നാണ് അറിയപ്പെടുന്നത്.[2]
ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണ് ശബരി ആശ്രമം.[3] 1925 ലും 1927 ലും പിന്നീട് കസ്തൂർബാ ഗാന്ധിക്കൊപ്പം 1934 ജനുവരി 10നും അദ്ദേഹം ആശ്രമം സന്ദർശിച്ചു.[4] ആശ്രമത്തിന്റെ ക്ഷണം ഇല്ലാതെ തന്നെ, ഇവിടുത്തെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാണ് ഗാന്ധിജി ആശ്രമം സന്ദർശിച്ചത്.[5] 1927 ലെ സന്ദർശന സമയത്ത് ആശ്രമത്തിൽ ഗാന്ധിജി നട്ട തെങ്ങ്, ഗാന്ധിജിയും കസ്തൂർബ ഗാന്ധിയും വിശ്രമിച്ച കുടിൽ എന്നിവ ഇവിടെ ഇപ്പോഴും സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്.[5] ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി ആശ്രമത്തിൽ കേരള സർക്കാർ നേതൃത്വത്തിൽ ഒരു രക്തസാക്ഷി സ്മൃതിമണ്ഡപം നിർമ്മിക്കുന്നുണ്ട്.[6][7]
ഗാന്ധിജിയെക്കൂടാതെ ശ്രീനാരായണഗുരു, സരോജിനി നായിഡു, സി. രാജഗോപാലാചാരി, രാജേന്ദ്ര പ്രസാദ്, ഇ.എം.എസ്. നമ്പൂതിരിപ്പാട് എന്നിവർ ഉൾപ്പടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ആശ്രമം സന്ദർശിച്ചിട്ടുണ്ട്.[4][1] ആശ്രമത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി ആശ്രമത്തിൽ താമസിച്ച അനന്ത ഷേണായിയെന്ന ഗൗഡസാരസ്വത ബ്രാഹ്മണൻ താഴ്ന്നജാതിയിലെ കുട്ടികളെക്കൂട്ടി കല്ലേക്കുളങ്ങര അമ്പലത്തിൽ ഉൽസവം കാണാൻ പോയതിന്റെ പേരിൽ സവർണ്ണരുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്.[2] ആശ്രമം സന്ദർശിച്ച വേളയിൽ, ഈ അനന്ത ഷേണായിക്ക് സന്യാസ ദീക്ഷയും ആനന്ദതീർത്ഥൻ എന്ന പേരും നൽകുന്നത് ശ്രീനാരായണഗുരുവാണ്.[2]
ഹരിജൻ സേവാ സംഘത്തിന്റെ ഉടമസ്ഥതയിലും നേതൃത്വത്തിലുമാണ് നിലവിൽ ആശ്രമം നടത്തുന്നത്.[8] ആശ്രമത്തിലെ കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നതിനു പുറമേ, സമുച്ചയത്തിനുള്ളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കാനും സർക്കാർ ഒരുങ്ങുന്നുണ്ട്.[9]
ചരിത്രം
[തിരുത്തുക]സരോജിനി നായിഡുവിൻ്റെ നേതൃത്വത്തിൽ 1922 മെയ് ആറ് മുതൽ പാലക്കാട് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ നടത്തിയ പന്തിഭോജനത്തിന് മുഖ്യ സംഘാടകത്വം വഹിച്ചതിനെത്തുടർന്ന് കൽപാത്തി യിലെ യാഥാസ്തിക ബ്രാഹ്മണ സമൂഹം ഭ്രഷ്ട് കൽപ്പിച്ച് അഗ്രഹാരത്തിൽ നിന്ന് പുറത്താക്കിയ ടി.ആർ കൃഷ്ണസ്വാമി അയ്യരും ഭാര്യ ഈശ്വരി അമ്മാളും ചേർന്ന് 1922 ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ആണ് ശബരി ആശ്രമം ആരംഭിക്കുന്നത്.[2] അയിത്തോച്ചാടനവും ഹരിജനോദ്ധാരണവും ലക്ഷ്യമാക്കി, അയിത്തജാതിക്കാരായി കണ്ട് അകറ്റിനിർത്തിയിരുന്ന കുട്ടികളെ മുന്നോക്ക വിഭാഗത്തിനൊപ്പം ഒന്നിച്ചിരുത്തി വിദ്യാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടിയുള്ള വിദ്യാലയം എന്ന നിലയ്ക്ക് ആണ് ആശ്രമം പ്രവർത്തനം ആരംഭിക്കുന്നത്.[2] 1923 ൽ അകത്തേത്തറ മക്കൾവീട്ടിലെ അപ്പു യജമാനൻ സംഭാവന നൽകിയ മൂന്നേക്കർ ഭൂമിയിലേക്ക് ആശ്രമം മാറ്റി സ്ഥാപിച്ചു.[2]
പുറം കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "ശബരി ആശ്രമത്തിൽ 'രക്തസാക്ഷ്യം' സ്മൃതിമണ്ഡപം: ടി.ആർ.കൃഷ്ണസ്വാമി അയ്യർക്കും അപ്പു യജമാനനുമുള്ള ആദരം | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2020-10-16.
{{cite web}}
: no-break space character in|title=
at position 46 (help) - ↑ 2.0 2.1 2.2 2.3 2.4 2.5 ബാലൻ, എ കെ. "ടി.ആർ. കൃഷ്ണസ്വാമി അയ്യർ നാം മറക്കരുത് ആ പേര്" (in ഇംഗ്ലീഷ്). Archived from the original on 2020-06-18. Retrieved 2020-10-16.
- ↑ "ഗാന്ധിജിയുടെ ഹാട്രിക് സന്ദർശന ഓർമയിൽ ശബരി ആശ്രമം". Retrieved 2020-10-16.
- ↑ 4.0 4.1 "ഗാന്ധി സ്‌മൃതിയിൽ തലയെടുപ്പോടെ ശബരി ആശ്രമം". Retrieved 2020-10-16.
- ↑ 5.0 5.1 "ശബരി ആശ്രമത്തിലെ 'രക്തസാക്ഷ്യം' സ്മൃതിമന്ദിരം: വാക്കു പാലിച്ച് സർക്കാർ | I&PRD : Official Website of Information Public Relations Department of Kerala". Retrieved 2020-10-16.
{{cite web}}
: no-break space character in|title=
at position 47 (help) - ↑ "ഹാത്മാ ഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തിൽ നിർമ്മിക്കുന്ന രക്തസാക്ഷ്യി സ്മൃതിമണ്ഡപം ശിലാസ്ഥാപനം – കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ്" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2020-10-19. Retrieved 2020-10-16.
- ↑ "ADDRESS AT THE INAUGURATION OF RAKTHA SAAKSHYAM AT SABARI ASHRAM, PALAKAD – AT 1130 HRS ON 14-01-2019". Retrieved 2020-10-16.
- ↑ "നവീകരണത്തിനൊരുങ്ങി ശബരി ആശ്രമം". Retrieved 2020-10-16.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sabari Ashram on recovery mode". https://www.thehindu.com/.
{{cite web}}
: External link in
(help)|website=