Jump to content

ശ്രീമൂലം പ്രജാസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1888 ഓഗസ്റ്റ് 23-ആം തീയതി നടന്ന ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ യോഗത്തിന്റെ നടപടിരേഖയുടെ അവസാന പേജ്. കോഡ് ഓഫ് സിവിൽ പ്രൊസീജ്യർ, റിക്കവറി ഓഫ് അരിയേഴ്സ് ഓഫ് ലോക്കൽ റെവന്യൂ ബിൽ, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, ബിൽ റ്റു റെഗുലേറ്റ് ദി റിലേഷൻസ് ബിറ്റ്‌വീൻ ജന്മീസ് ആൻഡ് ദെയർ ടെനന്റ്സ് ബിൽ എന്നിവയാണ് കൗൺസിൽ ഈ ദിവസം ചർച്ച ചെയ്തത്[1].

ഇന്ത്യയിലെ ആദ്യത്തെ നിയമനിർമ്മാണസഭയാണ്[2] ശ്രീമൂലം തിരുനാൾ പ്രജാസഭ എന്നും ശ്രീമൂലം പോപ്പുലർ അസംബ്ലി എന്നും അറിയപ്പെടുന്ന ശ്രീമൂലം പ്രജാസഭ.

1888 മാർച്ച് 30-നാണ് ശ്രീമൂലം കൗൺസിൽ (ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിൽ) നിലവിൽ വന്നത്[3]. 1904-ൽ [4]ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിലിനു പുറമേ മഹാരാജാവിന്റെ ഒരു പുതിയ ഉത്തരവ് വഴി ശ്രീമൂലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ നിലവിൽ വന്നു. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ജനപ്രാതിനിധ്യം ഉള്ള ഭരണസമിതി ആയിരുന്നു ഈ സഭ. 1904 ഒക്റ്റോബർ 22-നു കൂടിയ ആദ്യസഭയിൽ ആകെ 85 അംഗങ്ങളുണ്ടായിരുന്നു. [5][6]. ഏതാണ്ട് 100 അംഗങ്ങളുള്ള സമിതിയിൽ 77 തെരഞ്ഞെടുത്ത അംഗങ്ങളും[അവലംബം ആവശ്യമാണ്] 23 നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ആയി ഈ സമിതി നിലവിൽ വന്നു. പ്രതിവർഷം 100 ഉറുപ്പിക കരം ഒടുക്കുന്നവരും, 6000 ഉറുപ്പികയോ അതിൽ കൂടുതലോ വാർഷിക വരുമാനം ഉള്ള പ്രമാണിമാർക്കും, പൗരപ്രമുഖർക്കും സഭയിൽ പങ്കെടുക്കാമായിരുന്നു. വിക്ടോറിയ ജൂബിലി ടൗൺ ഹാളിലാണ് (വി ജെ റ്റി ഹാൾ) ആദ്യ യോഗം കൂടിയത്[7]. 1905 ഓടു കൂടി അസ്സംബ്ലി പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ പുതിയ ഉത്തരവുകൾ നിലവിൽ വന്നു.[8]

ചരിത്രം

[തിരുത്തുക]

ലെജിസ്ലേറ്റീവ് കൗൺസിലും ശ്രീമൂലം പ്രജാസഭയും

[തിരുത്തുക]

തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് 1888 മാർച്ച്‌ 30നു പാസാക്കിയ ഒരു നിയമം മുലം 6 ഔദ്യോഗിക അംഗങ്ങളും 2 അനൌദ്യോഗിക അംഗങ്ങളുമായി മൊത്തം 8 അംഗങ്ങളുമായി ശ്രീ മൂലം കൗൺസിൽ നിലവിൽ വന്നു. ഇത് ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ആദ്യ നിയമനിർമ്മാണസഭയായിരുന്നു. ദിവാനായിരുന്നു ഇതിന്റെ അദ്ധ്യക്ഷൻ. നിയമ നിർമ്മാണം, മറ്റു ഭരണ കാര്യങ്ങളിൽ പൊതു പ്രാതിനിധ്യം എന്നിവ ഉറപ്പാക്കാൻ മഹാരാജാവിന്റെ ഒരു ഉത്തരവു വഴി ഈ സംവിധാനം നിലവിൽ വരികയും 1888 ആഗസ്റ്റ് 23-ന് കൗൺസിലിന്റെ ആദ്യത്തെ യോഗം ദിവാന്റെ മുറിയിൽ കൂടുകയും ചെയ്തു[9]. ഒരു ഉപദേശക സമിതി എന്ന നിലയിലാണ് ലെജിസ്ലേറ്റീവ് കൗൺസിൽ തുടങ്ങിയത്. [10]

ഏതാനും വർഷം തികയുന്ന വേളയിൽ ജനാവശ്യം പ്രമാണിച്ച് മഹാരാജാവ് മാർച്ച്‌ 21 1898-ൽ മറ്റൊരു ഉത്തരവ് വഴി കൗൺസിലിന്റെ അംഗസംഖ്യ 15 ആയി വർധിപ്പിച്ചു[10]. 9 ഔദ്യോഗിക അംഗങ്ങളും 6 അനൗദ്യോഗിക അംഗങ്ങളുമായി മൊത്തം 15 അംഗങ്ങളുമായി പുതിയ സംവിധാനം നിലവിൽ വന്നു.

1904-ൽ [4]ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൌൺസിലിനു പുറമേ മഹാരാജാവിന്റെ ഒരു പുതിയ ഉത്തരവിലൂടെ ശ്രീ മുലം പോപ്പുലർ അസംബ്ലി ഓഫ് ട്രാവൻകൂർ നിലവിൽ വന്നു, ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ തെരഞ്ഞെടുത്ത ആദ്യത്തെ ജനപ്രാതിനിധ്യം ഉള്ള ഒരു ഭരണ സമിതിയായിരുന്നു ഇത്.

1921-ൽ ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അംഗസംഖ്യ 50 ആയി ഉയർത്തി. ഇതിൽ 21 അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നവരായിരുന്നു. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കാലത്ത് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ പേര് ശ്രീ ചിത്രാ സ്റ്റേറ്റ് കൗൺസിൽ എന്നാക്കി മാറ്റി. ഇതോടെ സ്റ്റേറ്റ് കൗൺസിൽ ഉപരിസഭയും പ്രജാസഭ അധോസഭയുമായി മാറി. [10] അഞ്ചു രൂപ കരമടയ്ക്കുന്ന ആൾക്കാർക്കായിരുന്നു ഇതിനുശേഷം വോട്ടവകാശം[5]

1947 സെപ്തംബർ 4ന് മഹാരാജാവ് പുറപ്പെടുവിച്ച വിളംബരത്തിൻ പ്രകാരം തിരുവിതാംകൂറിൽ ഉത്തരവാദ സർക്കാരും പ്രായപൂർത്തി വോട്ടവകാശവും നിലവിൽ വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 120 അംഗങ്ങളുള്ള തിരുവിതാംകൂർ കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി രൂപവത്കൃതമായി. ഇതോടെ ശ്രീചിത്രാ സ്‌റ്റേറ്റ് കൗൺസിലും പ്രജാസഭയും ഇല്ലാതായി.[10]

തെരഞ്ഞെടുപ്പ്

[തിരുത്തുക]

സമ്മതിദാനാവകാശം ലഭിക്കുവാനുള്ള യോഗ്യതകൾ

[തിരുത്തുക]
ഭൂവുടമകളെയും വ്യാപാരികളെയും ഉൾപ്പെടുത്തി ശ്രീ മൂലം പോപ്പുലാർ അസംബ്ലി ഓഫ് ട്രാവൻകൂറിന്റെ സ്ഥാപനത്തിനായി ദിവാൻ 1904 ഒക്റ്റോബർ 1-ന് പുറത്തിറക്കിയ ഉത്തരവ്

ആയിരത്തി തൊള്ളായിരത്തി നാലിലെ ഉത്തരവനുസരിച്ച് ഭൂനികുതി 100 രൂപ അടയ്ക്കുന്നവർക്കും 6000 രൂപ വാർഷികവരുമാനമുള്ളവർക്കുമായിരുന്നു സമ്മതിദാനാവകാശമുണ്ടായിരുന്നത്[7]. ഇത് 1905-ൽ സമൂലം മാറ്റുകയുണ്ടായി. പുതുക്കിയ യോഗ്യതകൾ താഴെക്കൊടുത്തിരിക്കുന്നു[11].

  1. ഭൂനികുതിയായി വർഷം 50 രൂപ അടയ്ക്കുന്നയാളുകൾ (ഒരാൾ ഒന്നിൽ കൂടുതൽ താലൂക്കുകളിലായി മൊത്തം 50 രൂപയിലധികം ഭൂനികുതിയടയ്ക്കുന്നുണ്ടെങ്കിൽ ഏതെങ്കിലുമൊരു താലൂക്കിൽ വോട്ടവകാശം ലഭിക്കുമായിരുന്നു).
  2. വർഷം 2000 രൂപയിൽ കുറയാത്ത വരുമാനമുള്ളവർ
  3. തിരഞ്ഞെടുപ്പ് നടക്കുന്ന താലൂക്കിലെ സ്ഥിരതാമസക്കാരും അംഗീകാരമുള്ള സർവ്വകലാശാലയിൽ നിന്ന് ബിരുദം ലഭിച്ചിട്ടുള്ളവരുമായവർ (വിദ്യാർത്ഥികൾക്ക് ഈ വ്യവസ്ഥയനുസരിച്ച് സമ്മതിദാനാവകാശം ലഭിക്കുമായിരുന്നില്ല).[11]

അയോഗ്യതകൾ

[തിരുത്തുക]
  • പതിനെട്ടുവയസ്സിൽ താഴെ പ്രായമുള്ളവർ
  • മാനസികരോഗമു‌ള്ളവർ
  • ക്രിമിനൽ കുറ്റത്തിൽ ശിക്ഷിക്കപ്പെട്ടതിനാൽ നൈതികച്യുതി ബാധിച്ചവർ എന്ന സൂചനയു‌ള്ളവർ[11]

തിരഞ്ഞെടുപ്പ് പ്രക്രീയ

[തിരുത്തുക]

താലൂക്കുകൾ

[തിരുത്തുക]

എല്ലാ വർഷവും ചിങ്ങമാസം സമ്മതിദാനാവകാശമുള്ളവർ താലൂക്ക് ആസ്ഥാനത്ത് കൂടിച്ചേരുവാനായി ഒരു മാസം മുൻപേ നോട്ടീസ് നൽകേണ്ടതാണ് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇവരിൽ നിന്ന് ഉത്തരവിന്റെ ഷെഡ്യൂൾ എ പ്രകാരമുള്ള എണ്ണം അംഗങ്ങ‌ളെ ഓരോ താലൂക്കിലും തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. [11]

മുനിസിപ്പാലിറ്റികൾ

[തിരുത്തുക]

താലൂക്കുകളിൽ നിന്നുള്ള അംഗങ്ങളെ കൂടാതെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, നാഗർകോവിൽ, ആലപ്പുഴ എന്നീ മുനിസിപ്പാലിറ്റികളിൽ നിന്ന് ഓരോ അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെടുമായിരുന്നു. [11]

സംഘടനകൾ

[തിരുത്തുക]

സർക്കാരുദ്യോഗസ്ഥർ അംഗങ്ങളല്ലാത്തതും നൂറംഗങ്ങളെങ്കിലുമുള്ളതുമായ സംഘടനകൾക്ക് ഇതിൽ എഴുപത്തഞ്ച് അംഗങ്ങളെങ്കിലും കൂടിച്ചേരുന്ന യോഗ‌ത്തിൽ വച്ച് ഒരാളെ പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടു‌ത്തയയ്ക്കാവുന്നതാണ് എന്ന് വ്യവസ്ഥയുണ്ടായിരുന്നു. വേണ്ടിവന്നാൽ നൂറംഗങ്ങളിൽ കുറവുള്ള സംഘടനകളിൽ നിന്നും ഇത്തരം തെരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം നൽകാൻ സർക്കാരിന് സാധിക്കും എന്നും വ്യവസ്ഥയുണ്ടായിരുന്നു. [11]

നാമനിർദ്ദേശം ചെയ്യപ്പെടുന്ന അംഗങ്ങൾ

[തിരുത്തുക]

തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെക്കൂടാതെ പരമാവധി പത്തംഗങ്ങളെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാനധികാരമുണ്ടായിരുന്നു. ഇവർ സഭയിൽ പ്രാതിനിദ്ധ്യം ലഭിക്കാത്ത സമുദായങ്ങളിൽ നിന്നുള്ളവരായിരിക്കും എന്നായിരുന്നു വ്യവസ്ഥ. [11] 1905-ലെ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ കതിരരു നാരായണൻ നമ്പൂതിരിപ്പാട്, കണ്ടൻ പരമേശ്വരൻ തന്ത്രി, ചിത്രം നാൾ തമ്പുരാൻ, നീലകണ്ഠൻ നമ്പൂതിരിപ്പാട്, ഊശൻ പിള്ള കുലമൈതീൻ പിള്ള, ഡബ്ല്യൂ. ഇ. സോയർ, നാഗേന്ദ്ര പൈ കൃഷ്ണ പട്ടർ, പൊന്നയ്യാ നാടാർ, ശങ്കരൻ കൊച്ചുകുഞ്ഞു ചാന്നാർ, ബി.എസ്. ഗണേശ്വരൻ എന്നിവരായിരുന്നു. [12]

സഭയുടെ ഘടന

[തിരുത്തുക]

1905 മേയ് 1-ന് മഹാരാജാവിനുവേണ്ടി ദിവാൻ വി.പി. മാധവറാവു പുറത്തിറക്കിയ സർക്കാരുത്തരവിന്റെ ഷെഡ്യൂൾ എ. പ്രജാസഭയിലെ അംഗസംഖ്യ വിശദീകരിക്കുന്നുണ്ട്. അംഗങ്ങളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരിക്കുന്നു (സംഘടനകളുടെ പ്രാതിനിദ്ധ്യം കുറവാണെങ്കിൽ അംഗസംഖ്യ നൂറിൽ കുറയാനും സാദ്ധ്യതയുണ്ട്). [13]

ഡിസ്ട്രിക്റ്റ് താലൂക്കുകൾ പ്രതിനിധികളുടെ എണ്ണം ആകെ പ്രാതിനിദ്ധ്യം
A AAA A AAA A AAA
ZZZപദ്മനാഭപുരം
  1. തോവാള
  2. അഗസ്തിശ്വരം
  3. എരണിയൽ
  4. കൽക്കുളം
  5. വിളവൻകോട്

2
3
2
2
2

11
ZZZട്രിവാൻഡ്രം
  1. നെയ്യാറ്റിൻകര
  2. ട്രിവാൻഡ്രം
  3. നെടുമങ്ങാട്
  4. ചിറയിൻകീൾ

2
3
2
2

9
ZZZക്വയിലോൺ
  1. ക്വയിലോൺ
  2. കുന്നത്തൂർ
  3. കാർത്തികപ്പള്ളി
  4. കരുനാഗപ്പള്ളി
  5. മാവേലിക്കര
  6. ചെങ്ങന്നൂർ
  7. തിരുവല്ല
  8. അമ്പലപ്പുഴ
  9. കൊട്ടാരക്കര
  10. പത്തനാപുരം
  11. ചെങ്കോട്ട

3
2
2
2
2
2
2
2
2
2
2

23
ZZZകോട്ടയം
  1. ചേർത്തല
  2. വൈക്കം
  3. ഏറ്റുമാനൂർ
  4. കോട്ടയം
  5. ചങ്ങനാശ്ശേരി
  6. മീനച്ചിൽ
  7. മൂവാറ്റുപുഴ
  8. തൊടുപുഴ
  9. കുന്നത്തുനാട്
  10. ആലങ്ങാട്
  11. പരവൂർ

2
2
2
3
2
2
2
2
2
2
2

23
റൂൾ രണ്ടുപ്രകാരം എല്ലാ ജില്ലകളിലെയും പ്രതിനിധികളുടെ എണ്ണത്തിന്റെ തുക 66
റൂൾ 5 (എ) പ്രകാരം മുനിസിപ്പാലിറ്റികളിൽ നിന്ന് ഡെപ്യൂട്ട് ചെയ്യുന്നവരുടെ എണ്ണം 5
റൂൾ 5 (ബി) പ്രകാരം സംഘടനകൾക്ക് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം (സാദ്ധ്യത) 19
റൂൾ 13 പ്രകാരം ഭണകൂടത്തിന് നാമനിർദ്ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം 10
ആകെ അംഗസംഖ്യ 100

നടപടിക്രമങ്ങൾ

[തിരുത്തുക]

താലൂക്കുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും സംഘടനകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർ തമ്മിൽ ചർച്ച ചെയ്ത് പ്രജാസഭയിലെ അജണ്ടയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ ചിങ്ങമവസാനിക്കുന്നതിനു മുൻപ് ദിവാൻ പേഷ്കാരുടെ ആപ്പീസിലേയ്ക്ക‌യക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ആപ്പീസിൽ നിന്ന് ഇവ ക്രോഡീകരിച്ച് ദിവാന്റെ സമക്ഷം സമർപ്പിക്കേണ്ടതാണ്. [11]

ഇതു കൂടാതെ ഓരോ ഡിവിഷനിലെയും അംഗങ്ങൾ സഭയ്ക്കുമുൻപായി തിരുവനന്തപുരത്ത് കൂടിച്ചേർന്ന് പുതുതായി എന്തെങ്കിലും വിഷയം ഉന്നയിക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ സഭ കൂടുന്നതിന് രണ്ടു ദിവസം മുൻപായെങ്കിലും പുതിയ വിഷയം ദിവാനെ അറിയിക്കേണ്ടതാണ് എന്ന് വ്യവസ്ഥയുണ്ടായിരുന്നു.പക്ഷേ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് ഉന്നയിക്കാനുള്ള വിഷയങ്ങൾ ആറുദിവസം മുൻപുതന്നെ ദിവാനെ അറിയിക്കേണ്ടതുണ്ടായിരുന്നു.[11]

കുറിപ്പ്

[തിരുത്തുക]

കുറിപ്പ് (൧): കേരള നിയമ സഭയുടെ ശതാബ്ദി സ്മരണിക: പേജ് 964, 965, 966, 967, 968, 969, 970 മുതൽ പേജുകളിൽ അംഗങ്ങളുടെ [14]പേര് വിവരങ്ങൾ കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത അംഗങ്ങൾ. ആദ്യയോഗം ശ്രീ മുലം പ്രജാസഭ 1904

അവലംബം

[തിരുത്തുക]
  1. അബ്സ്ട്രാക്റ്റ് പ്രൊസീഡിംഗ്സ് ഓഫ് ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അവസാന പേജ് കാണുക
  2. ദി ടെറിട്ടറീസ് ആൻഡ് സ്റ്റേറ്റ്സ് ഓഫ് ഇൻഡ്യ 146-ആം പേജ് രണ്ടാം പാരഗ്രാഫ് (പ്രിവ്യൂ ലഭ്യമല്ല). "In 1888, the first Legislature of any state had been formed when the Legislative Council of Travancore first met, "
  3. കേരളനിയമനിർമ്മാണസഭയുടെ ശതോത്തരരജതജൂബിലി സ്മരണിക. Vol. വോള്യം -ഒന്നു്. തിരുവനന്തപുരം: കേരള നിയമസഭാസെക്രട്ടറിയേറ്റ്. 2014. p. 131.
  4. 4.0 4.1 Reservation Policy And Judicial Activism, By P. P. Vijayan, Page 60
  5. 5.0 5.1 മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി] ജനാധിപത്യത്തിന്റെ ഉദയം: മലയീൻകീഴ് ഗോപാലകൃഷ്ണൻ പ്രസിദ്ധീകരിച്ചത്: 2011 ഏപ്രിൽ 1; ശേഖരിച്ചത്: 2013 ഫെബ്രുവരി 17
  6. നിയമസഭ.ഓർഗ് ഡോക്യുമെന്റിന്റെ ഒൻപതും പത്തും പേജുകളിൽ പങ്കെടുത്ത അംഗങ്ങളുടെ പേരുവിവരമുണ്ട്.
  7. 7.0 7.1 നിയമസഭ.ഓർഗ് 1904 ഒക്റ്റോബർ 1-ന് മഹാരാജാവിനു വേണ്ടി ദിവാൻ വി.പി. മാധവറാവു പുറത്തിറക്കിയ ഉത്തരവ്. ഡോക്യുമെന്റിന്റെ എട്ടാം പേജ്
  8. എസ്, റെയ്മൺ (2005). തിരഞ്ഞെടുത്ത സർക്കാർ തീട്ടൂരങ്ങൾ. കൊച്ചി: സംസ്ഥാന പുരാരേഖാ വകുപ്പ്. p. 117.
  9. നിയമനിർമ്മാണ സഭാ രൂപീകരണത്തിന് നാളെ 125 വയസ്സ്, മലയാള മനോരമ ദിനപത്രം, 2013 മാർച്ച് 29, കൊച്ചി എഡിഷൻ, പേജ് 16, കോളം 2.
  10. 10.0 10.1 10.2 10.3 കേരള ടൂറിസം.ഓർഗ് Archived 2013-05-10 at the Wayback Machine. കേരള രാഷ്ട്രീയം - ഒരു വിഹഗവീക്ഷണം
  11. 11.0 11.1 11.2 11.3 11.4 11.5 11.6 11.7 11.8 ശ്രീമൂലം പൊതുസഭയുടെ നടത്തിപ്പു സംബന്ധിച്ച് തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ വി. പി. മാധവറാവു പുറത്തിറക്കിയ ഉത്തരവ് തീയതി 1905 മേയ് 1. അപ്പൻഡിക്സ് എ കാണുക
  12. നിയമസഭ.ഓർഗ് മെംബേഴ്സ് നോമിനേറ്റഡ് ബൈ ദി ഗവണ്മെന്റ് അണ്ടർ റൂൾ 13. അപെൻഡിക്സ് ബി. (പേജ് X കാണുക)
  13. 1905 ഒക്റ്റോബർ 26-ന് പ്രജാസഭകൂടിയതിന്റെ അഞ്ചാം ദിവസം പുറത്തിറക്കിയ നടപടിക്രമങ്ങളുടെ രേഖ ഡോക്യുമെന്റിന്റെ 31-ആം പേജ് കാണുക. 1905 മേയ് 1-ന് പുറത്തിറക്കിയ സർക്കാരുത്തരവിന്റെ ഷെഡ്യൂൾ എ.
  14. കേരള സർക്കാർ നിയമ സഭയുടെ നൂറാം വാർഷികത്തോടെ ഇറക്കിയ ശതാബ്ദി സ്മരണിക
"https://ml.wikipedia.org/w/index.php?title=ശ്രീമൂലം_പ്രജാസഭ&oldid=4110095" എന്ന താളിൽനിന്ന് ശേഖരിച്ചത്