Jump to content

സാക്ഷ്യപേടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്ഷ്യപേടകത്തിന്റെ അനുകരണം - വാഷിംഗ്ടൺ ഡി.സി.യിലെ ജോർജ്ജ് വാഷിംഗ്ടൺ ദേശീയ മസോണിക് സ്മാരകത്തിലെ റോയൽ ആർച്ച് മുറിയിൽ

ബൈബിളിലെ വിവരണം അനുസരിച്ച്, സിനായ് മലമുകളിൽ മോശെക്ക് ദൈവം എഴുതിക്കൊടുത്ത പത്തുകല്പനകളുടെ കല്പ്പലകകളും, മോശെയുടെ സഹോദരനും സഹചാരിയുമായിരുന്ന അഹറോന്റെ വടിയും, മരുഭൂമിയിലൂടെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേൽ ജനങ്ങൾക്ക് ദൈവം നൽകിയ മന്നാ എന്ന ഭക്ഷണത്തിന്റെ മാതൃകകളും സൂക്ഷിച്ചിരുന്ന വിശുദ്ധപേടകമായിരുന്നു സാക്ഷ്യപേടകം അല്ലെങ്കിൽ സാക്ഷ്യപെട്ടകം (ഇംഗ്ലീഷ്: Ark of the Covenant). മലമുകളിലെ ദർശനത്തിൽ മോശെക്ക് ദൈവം നൽകിയ നിർദ്ദേശം പിന്തുടർന്നാണ് ഈ പേടകം നിർമ്മിച്ചത്.[1] പേടകത്തിന്റെ അടപ്പിനുമുകളിലുണ്ടായിരുന്ന രണ്ട് ക്രോവേൻ മാലാഖമാരുടെ (കെരൂബ്) വിരിച്ച ചിറകുകൾ ചേർന്ന കൃപാസനത്തിലിരുന്നാണ് ദൈവം മോശെക്ക് ദർശനം ൽകിയിരുന്നത്.[2] പേടകവും അത് സൂക്ഷിക്കപ്പെട്ടിരുന്ന സ്ഥലവും "ഇസ്രായേലിന്റെ സൗന്ദര്യം" എന്നു വിശേഷിക്കപ്പെട്ടിരുന്നു. [3] സാക്‌ഷ്യപേടകത്തെ പരാമർശിക്കുന്ന 'അറോൻ' എന്ന എബ്രായ വാക്ക് മറ്റു പേടകങ്ങളുടേയും പെട്ടികളുടേയും സന്ദർഭത്തിലും ബൈബിൾ ഉപയോഗിക്കുന്നുണ്ട്. [4] അതിനാൽ സാക്‌ഷ്യപേടകം, വിശുദ്ധപേടകം, ദൈവപേടകം, ദൈവശക്തിയുടെ പേടകം, ഉടമ്പടിയുടെ പേടകം എന്നീ പേരുകളിൽ സവിശേഷമായി പരാമർശിക്കപ്പെടുന്നു.[5]


വിവരണം

[തിരുത്തുക]

നിർമ്മാണം, സമർപ്പണം

[തിരുത്തുക]
സാക്‌ഷ്യപേടകം സം‌വഹിക്കപ്പെടുന്നതിന്റെ ചിത്രീകരണം : ഫ്രാൻസിലെ ഔക്ക് കത്തീദ്രലിൽ നിന്ന്

പേടകത്തിന്റെ നിർമ്മാണച്ചുമതല യൂദായുടെ വംശത്തിൽ പെട്ട ഊറിയുടെ പുത്രൻ ബെസാലേലിനേയും ദാൻ വംശത്തിൽ പെട്ട അഹിസാമാക്കിന്റെ പുത്രൻ അഹോലിയാബിനേയും ഏല്പ്പിക്കാനായിരുന്നു കല്പന.[6] ഈ നിർദ്ദേശങ്ങൾ നടപ്പാക്കിയ മോശെ, ഇസ്രായേലിലെ സുമനസ്കരായ എല്ലാ മനുഷ്യരോടും ആ സം‌രംഭത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടു.[7]. ബെസാലേൽ നിർമ്മിച്ച പേടകം മോശെ അംഗീകരിച്ചു പ്രതിഷ്ടിച്ചു. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞ് വിശുദ്ധതൈലം കൊണ്ട് പേടകത്തെ അഭിക്ഷേകം ചെയ്യാൻ ദൈവം മോശെയോട് നിർദ്ദേശിച്ചു.[8] മോശെയുടെ സഹോദരനും മുഖ്യപുരോഹിതനുമായിരുന്ന അഹറോനുപോലും വർഷത്തിൽ ഒരു ദിവസമൊഴിച്ച് സാക്‌ഷ്യപേടകം സൂക്ഷിച്ചിരിക്കുന്ന അതിവിശുദ്ധസ്ഥലത്ത്(Holy of Holies) പ്രവേശനമില്ലായിരുന്നു. പ്രായശ്ചിത്തദിനമായി മാറ്റിവക്കപ്പെട്ടിരുന്ന ആ ദിവസം അദ്ദേഹം അവിടെ കടന്ന് ചില കർമ്മങ്ങൾ നടത്തിയിരുന്നു.[9] അനധികൃമായി അതിനെ സ്പർശിക്കുന്നത് മരണത്തിനുകാരണമാകാൻ മാത്രം ഭയാനകമായിരുന്നു അതിന്റെ വിശുദ്ധി.[10]

പതിനൊന്നാം നൂറ്റാണ്ടിലെ പ്രസിദ്ധ ഫ്രഞ്ച് യഹൂദപണ്ഡിതനായ റാശിയുടേയും മറ്റും അഭിപ്രായത്തിൽ രണ്ടു സാക്‌ഷ്യപേടകങ്ങൾ ഉണ്ടായിരുന്നു: താൽക്കാലികമായി മോശെ നിർമ്മിച്ച ആദ്യത്തെ പേടകവും ബെസാലേൽ എന്ന ശില്പി പിന്നീട് നിർമ്മിച്ച പേടകവും.


പൗരാണിക ഈജിപ്തിൽ ഏറെ അറിയപ്പെട്ടിരുന്നതും ഔഷധമൂല്യം ഉള്ളതെന്ന് കരുതപ്പെട്ടിരുന്നതുമായ ഷിറ്റിം (Acacia) മരത്തിന്റെ തടിയിലാണ് പേടകം നിർമ്മിച്ചിരുന്നത്. ഏതാണ്ട് ഒരു മീറ്റർ നീളവും എഴുപതു സെന്റിമീറ്റർ വീതിയുമുള്ള ദീർഘചതുരത്തിന്മേൽ 70 സെന്റിമീറ്റർ ഉയർന്ന പെട്ടിയായിരുന്നു അത്. [11] പുറമേ പേടകം തനിത്തങ്കം കൊണ്ട് പൊതിയപ്പെട്ടിരുന്നു. അതിന്റെ മൂടിയുടെ മുകൾ ഭാഗം കൃപയുടെ ഇരിപ്പിടം(കൃപാസനം)എന്നറിയപ്പെട്ടിരുന്നു. [ക]അതിനെ ചുറ്റി ഒരു സ്വർണ്ണവിളുമ്പ് ഉണ്ടായിരുന്നു.


റോമൻ ഭരണത്തിനെതിരെ ബാർ കോഖബായുടെ നേതൃത്വത്തിൽ യഹൂദർ നടത്തിയ കലാപത്തിന്റെ സമയത്തെ നാലുദ്രാക്മയുടെ വെള്ളിനാണയം(ക്രി.വ.132-135). ഒരുപുറത്ത് അതിവിശുദ്ധസ്ഥലത്തെ സാക്‌ഷ്യപേടകം ചിത്രീകരിച്ചിരിക്കുന്നു.

പേടകത്തിന്റെ ഇരുവശത്തും ഈരണ്ട് സ്വർണ്ണവളകൾ ഉണ്ടായിരുന്നു. സ്വർണ്ണം പൊതിഞ്ഞ്, ചിത്രപ്പണികൾ ചെയ്ത രണ്ടു ദണ്ഡുകൾ വളയങ്ങളിലൂടെ കടത്തി അവയിന്മേലാണ് പേടകം സം‌വഹിച്ചിരുന്നത്. [12] പേടകത്തിനുമുകളിൽ രണ്ടറ്റത്തും രണ്ട് ക്രോവേൻ മാലാഖമാർ മുഖാമുഖം നിന്നിരുന്നു. [13]. പേടകത്തെ മറച്ചുനിന്ന അവയുടെ വിരിച്ച ചിറകുകൾ ദൈവത്തിന്റെ സിംഹാസനവും, പേടകം ദൈവത്തിന്റെ പാദപീഠവും ആയി കണക്കാക്കപ്പെട്ടിരുന്നു. [14] ദൈവകൂടാരത്തിലെ അതിവിശുദ്ധസ്ഥലത്ത്(Holy of Holies), കൂടാരത്തിന്റെ പകുതികളെ വേർതിരിക്കുന്ന തിരശ്ശീലയിൽ സം‌വഹനദണ്ഡുകളുടെ ഒരഗ്രം സ്പർശിക്കത്തക്കവിധമാണ് പേടകം വച്ചിരുന്നത്.[15]. നിയമാവർത്തനപ്പുസ്തകം പേടകത്തെ ചിത്രീകരിക്കുന്നത് അലങ്കാരങ്ങളോ, സ്വർണ്ണമോടിയോ ഇല്ലാത്തെ വെറും മരപ്പെട്ടിയായാണ്.

ഉള്ളടക്കം

[തിരുത്തുക]

ദൈവവുമായുള്ള ഇസ്രായേലിന്റെ ഉടമ്പടിയുടെ രേഖയായി കണക്കാക്കപ്പെട്ടിരുന്ന പത്തുകല്പനകളുടെ രണ്ടുകല്പ്പലകകൾ പേടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. മരുഭൂമിയിലെ യാത്രക്കിടെ ദൈവം ഇസ്രായേൽ ജനത്തിന് നലകിയതായി പറയപ്പെടുന്ന അത്ഭുതഭക്ഷണമായ മന്നായിൽ കുറേ അടങ്ങിയ ഒരു സ്വർണ്ണഭരണിയും, ഈജിപ്തിൽ വച്ച് അത്ഭുതകരമായി പുഷ്പിച്ച അഹറോന്റെ വടിയും പേടകത്തിൽ പിന്നീട് സൂക്ഷിക്കപ്പെട്ടുവെങ്കിലും [16] ഒടുവിൽ അവ അതിൽ നിന്ന് മറ്റപ്പെട്ടുവെന്നുകരുതണം. പേടകത്തിൽ കല്പ്പനകളുടെ കല്പ്പലകകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നുവെന്ന് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ പറയുന്നു. [17]ഈ വസ്തുക്കൾ പേടകത്തിനകത്തു വക്കപ്പെട്ടുവെന്ന് എബ്രായർക്കുള്ള ലേഖനത്തിൽ പറയുന്നുണ്ടെങ്കിലും അവ അതിനു മുൻപിൽ വക്കപ്പെട്ടുവെന്നാണ് മറ്റു ചിലയിടങ്ങളിൽ പറയുന്നത്. [18]ഒരു റാബൈനിക പാരമ്പര്യമനുസരിച്ചാണെങ്കിൽ, ദൈവത്തിൽ നിന്നു ലഭിച്ച കല്പ്പനകളുടെ ആദ്യത്തെ കല്പ്പലകകളുടെ പൊട്ടിയ കഷണങ്ങളും മോശെ പേടകത്തിൽ സൂക്ഷിച്ചിരുന്നു.


പേടകത്തിന്റെ ചരിത്രം

[തിരുത്തുക]

മരുഭൂമി, യോർദ്ദാൻ, യെറീക്കോ

[തിരുത്തുക]
സാക്‌ഷ്യപേടകത്തിന്റെ യെരുശലേമിലേക്കുള്ള ആദ്യയാത്ര നയിക്കുന്ന ദാവീദ് രാജാവ് - ദൊമെനിക്കോ ഗാർഗിയൂലോയുടെ രചന - കാലം 1640

പഴയനിയമത്തിൽ സാക്‌ഷ്യപേടകം ഇരുനൂറോളം പ്രാവശ്യം പരാമർശിക്കപ്പെടുന്നുണ്ട്.[19] ഈജിപ്തിലെ സിനായ് മരുഭൂമിയിൽ മോശെക്ക് കിട്ടിയ ദൈവദർശനം അനുസരിച്ച് നിർമ്മിക്കപ്പെട്ട അത് വാഗ്ദത്ത ഭൂമിയിലേക്കുള്ള ജനത്തിന്റെ യാത്രയുടെ തുടർന്നുള്ള കഥയിൽ വലിയ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്നു. മരുഭൂമിയിലെ മുന്നേറ്റത്തിൽ ജനത്തിന് രണ്ടായിരം അടി മുന്നിലായി പേടകം സം‌വഹിച്ച പുരോഹിതന്മാർ നീങ്ങിയിരുന്നു. [20][21] പേടകവുമായി പുരോഹിതന്മാർ വാഗ്ദത്തെ ഭൂമിയുടെ അതിരിലെ യോർദ്ദാൻ നദിയിൽ ഇറങ്ങിയപ്പോൾ നദി ഒഴുക്കുപിരിഞ്ഞ് ജനങ്ങൾക്ക് കടന്നുപോകാൻ പാകത്തിന് വരണ്ട നിലം രൂപപ്പെട്ടു. നദിക്ക് മറുകരയിലെ യെറീക്കോ പട്ടണത്തിന്റെ മതിലിനുവെളിയിൽ ഏഴുപുരോഹിതന്മാർ പേടകവും സം‌വഹിച്ച് കാഹളധ്വനിയുടെ അകമ്പടിയോടെ ഏഴു ദിവസം ചുറ്റിക്കറങ്ങിക്കഴിഞ്ഞ് ഏഴാം ദിവസം മതിൽ നിലം‌പതിച്ചുവത്രെ. പേടകം സം‌വഹിക്കപ്പെട്ടിരുന്നത് തിരശീലയുടെ മറയിൽ സംവാഹകർക്കുപോലും അദൃശ്യമായിരിക്കത്തക്കവണ്ണമാണ്.

ഫിലിസ്ത്യർ, ദാവീദ്, സോളമൻ

[തിരുത്തുക]

പേടകത്തിന്റെ പിൽക്കാലചരിത്രം ഇസ്രായേലിന്റെ ചരിത്രത്തിന് സമാന്തരമായി നീങ്ങുന്നു. ഇടക്ക് അത് ഫിലിസ്തിയരുടെ പിടിയിൽ പെട്ടെങ്കിലും അതുമുലമുണ്ടായ ദൈവകോപം അവർക്കിടയിൽ വ്യാധികൾക്കു കാരണമായപ്പോൾ അതിനെ തിരികെ അയക്കാൻ അവർ നിർബ്ബന്ധിതരായി. യെരുശലേം ഇസ്രായേലിന്റെ അധീനത്തിലായപ്പോൾ, ദാവീദ് രാജാവ് അതിനെ അത്യാഘോഷപൂർവം അവിടേക്ക് കൊണ്ടുപോയി വിശുദ്ധകൂടാരത്തിൽ സൂക്ഷിച്ചു. പേടകം ആനയിക്കപ്പെടുമ്പോൾ അതിന്റെ മുൻപിൽ ഉന്മത്തനായി രാജകീയപ്രൗഢി മറന്ന് നൃത്തം ചെയ്യുന്ന ദാവീദിന്റെ ചിത്രം ബൈബിളിലെ സാമുവേലിന്റെ ഒന്നാം പുസ്തകത്തിൽ കാണാം. ദാവീദിന്റെ പുത്രൻ സോളമന്റെ കാലത്ത് യെരുശലേം ദേവാലയത്തിന്റെ നിർമ്മാണത്തെ തുടർന്ന്, പേടകം കൂടാരത്തിൽ നിന്ന് ദേവാലയത്തിലെ അതിവിശുദ്ധസ്ഥലത്തേക്ക് മാറ്റപ്പെട്ടു.

പിൽ‍ക്കാലചരിത്രം

[തിരുത്തുക]

പേടകത്തിന്റെ പിൽക്കാലചരിത്രം അവ്യക്തമായിരിക്കുന്നു. ക്രിസ്തുവർഷാരഭത്തിനു മുൻപ് 587-ൽ യെരുശലേം ബാബിലോണിയരുടെ പിടിയിലായപ്പോൾ പേടകം അവർ കൈവശപ്പെടുത്തി എന്നു കരുതപ്പെടുന്നു. ജെറമിയ പ്രവാചകൻ പേടകത്തെ ബാബിലോണിയരുടെ പിടിയിൽ പെടാതെ രക്ഷപെടുത്തി, ഇസ്രായേലിന്റെ അതിർത്തിയിലുള്ള നെബോ[ഖ] പർവതത്തിലെ ഒരു ഗുഹയിൽ വിശുദ്ധകൂടാരത്തോടൊപ്പം സൂക്ഷിച്ച് മുദ്രവച്ചന്നുള്ള ഒരു പിൽക്കാല കഥ, അപ്പോക്രിഫൽ രചനയായ മക്കബായരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[22]

ആധുനികകാലത്തെ അവകാശവാദങ്ങൾ

[തിരുത്തുക]
വടക്കൻ എത്യോപ്യയിലെ അക്സൂമിൽ സെഹിയോൻ മാതാവിന്റെ പള്ളിയോടുചേർന്നുള്ള കല്പ്പലകയുടെ കപ്പേളയിൽ, സാക്‌ഷ്യപേടകം ഇപ്പോഴുള്ളതായി അവകാശവാദമുണ്ട്.


സാക്‌ഷ്യപേടകം കൈവശമുള്ളതായി എത്യോപയിലെ ഓർത്തോഡോക്സ് സഭ അവകാശപ്പെടുന്നു. വടക്കൻ എത്യോപ്യയിലെ അക്സൂമിൽ സെഹിയോൻ മാതാവിന്റെ പള്ളിയോടുചേർന്നുള്ള കല്പ്പലകയുടെ കപ്പേളയാണ് സാക്‌ഷ്യപേടകത്തിന്റെ ഇപ്പോഴത്തെ ഇരിപ്പിടമായി പറയപ്പെടുന്നത്. ഒരു ഭണ്ഡാരത്തിൽ കാവലോടുകൂടി അവിടെ വച്ചിരിക്കുന്ന പേടകം ആഘോഷാവസരങ്ങളിൽ എഴുന്നെള്ളിക്കപ്പെടാറുണ്ട്. [23] അക്സൂമിലെ പേടകത്തിന്റെ ഏതെങ്കിലും വിശുദ്ധന് പ്രതിഷ്ടിക്കപ്പെട്ടിട്ടുള്ള പകർപ്പുകൾ, എത്യോപ്യൻ സഭയുടെ പള്ളികളിലെല്ലാം ഉണ്ട്. [24].


തങ്ങളുടെ പൂർവികർ യഹൂദരായിരുന്നെന്ന് അവകാശപ്പെടുന്ന സിംബാബ്വേയിലെ ലെംബാ ഗോത്രക്കാർ, ഇസ്രായേലിൽ നിന്നുവന്ന അവരുടെ പൂർവികർ പേടകം കൂടെക്കൊണ്ടുവന്ന് അവരുടെ ആത്മീയഭവനമായ ദുംഗെ പർവതത്തിൽ ഒളിച്ചുവച്ചതായി അവകാശപ്പെടുന്നു. [25][26][27]

കുറിപ്പുകൾ

[തിരുത്തുക]

ക.^ കപ്പോരെറ്റ് എന്ന എബ്രായ വാക്കിന്റെ അർത്ഥം വിശുദ്ധീകരിക്കുക, പരിഹാരം ചെയ്യുക എന്നൊക്കെയുള്ളതിന്റെ പര്യായമായ കിപ്പർ എന്ന വാക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. കപ്പോരെറ്റിനെ കൃപയുടെ ഇരിപ്പിടം എന്ന് ആദ്യമായി വിളിച്ചത് നവീകരണനേതാവായ മാർട്ടിൻ ലൂഥർ, ജർമ്മൻ ഭാഷയിലേക്കുള്ള അദ്ദേഹത്തിന്റെ ബൈബിൾ പരിഭാഷയിലാണ്.[11]


ഖ.^ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ഇസ്രായേലിന്റെ നേതാവായിരുന്നെങ്കിലും അവിടെ പ്രവേശിക്കാൻ ഭാഗ്യം കിട്ടാതിരുന്ന മോശെക്ക് ദൈവം ആ ദേശം കാട്ടിക്കൊടുത്തത് നെബോ പർവതത്തിലെ പിസ്ഗാ കൊടുമുടിയിൽ നിർത്തിയാണ്. [28]

അവലംബം

[തിരുത്തുക]
  1. പുറപ്പാട് 25:9-10
  2. പുറപ്പാട് 25:22
  3. വിലാപങ്ങൾ 2:1
  4. ഉല്പത്തി 50:26; 2 രാജാക്കന്മാർ 12:9,10
  5. സാമുവലിന്റെ പുസ്തകം 3:3; ജോഷ്വായുടെ പുസ്തകം 3:6; പുറപ്പാട് 25:22
  6. പുറപ്പാട് 31:2-7
  7. പുറപ്പാട് 35:10-12
  8. പുറപ്പാട് 30:23-26
  9. ലേവ്യർ 16
  10. 2 സാമുവേൽ 6:7
  11. 11.0 11.1 Oxford Companion to the Bible, പുറം 55
  12. സംഖ്യ 7:9; 10:21; 4:5,19, 20; 1 രാജാക്കന്മാർ 8:3, 6)
  13. ലേവ്യർ 16:2; സംഖ്യ 7:89
  14. പുറപ്പാട്. 25:10-22; 37:1-9
  15. 1 Kings 8:8
  16. 16:32-34; എബ്രായർക്കെഴുതിയ ലേഖനം 9:4
  17. 1 രാജാക്കന്മാർ 8:9
  18. പുറപ്പാട് 16:33-34; സംഖ്യ 17:10
  19. The Ark of the Covenant, Cambridge Companion to the Bible, പുറം 120
  20. സംഖ്യ - 35:5
  21. ജോഷ്വായുടെ പുസ്തകം 4:5
  22. 2 മക്കബായർ 2:4-8
  23. Smithsonian magazine investigates the Ark Archived 2015-10-10 at the Wayback Machine.; >Smithsonian Magazine | People & Places | Keepers of the Lost Ark?
  24. Stuart Munro-Hay, 2005, The Quest for the Ark of the Covenant, Tauris (reviewed in Times Literary Supplement 19 August 2005 p 36)
  25. The real Indiana Jones: Intrepid British don Tudor Parfitt's mission to find the Lord Ark By ZOE BRENNAN , Daily Mail, 22nd February 2008 [1]
  26. THE LOST ARK OF THE COVENANT by Tudor Parfitt, published by HarperCollins 2008.
  27. A Lead on the Ark of the Covenant Time.com http://www.time.com/time/health/article/0,8599,1715337,00.html Archived 2008-10-12 at the Wayback Machine.
  28. നിയമാവർത്തനം - 34:1
"https://ml.wikipedia.org/w/index.php?title=സാക്ഷ്യപേടകം&oldid=3800415" എന്ന താളിൽനിന്ന് ശേഖരിച്ചത്