Jump to content

സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
Санкт-Петербургский государственный университет
ലത്തീൻ: Universitas Petropolitana
ആദർശസൂക്തംHic tuta perennat
(Here all in safety lasts)
തരംPublic
സ്ഥാപിതം1724
റെക്ടർNikolai M. Kropachev
കാര്യനിർവ്വാഹകർ
13,000
വിദ്യാർത്ഥികൾ32,400
ബിരുദവിദ്യാർത്ഥികൾ26,872
5,566
മേൽവിലാസം7/9 Universitetskaya Emb., 199034, Saint Petersburg, Russia
ക്യാമ്പസ്Both urban and suburban
നിറ(ങ്ങൾ)          Terracotta and gray[1]
അഫിലിയേഷനുകൾBRICS Universities League, Campus Europae, Association of Professional Schools of International Affairs
വെബ്‌സൈറ്റ്http://english.spbu.ru

സെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി (SPbSU, Russian: Санкт-Петербургский государственный университет, СПбГУ) ഒരു ഫെഡറൽ സർക്കാർ ഉടമസ്ഥതയിലുള്ളതും റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗ്ഗിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. റഷ്യയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ സർവകലാശാലകളിൽ ഒന്നാണിത്. മിലിറ്ററി സ്റ്റഡീസ് ഫാക്കൽറ്റി, അക്കാദമിക് ജിംനേഷ്യം, മെഡിക്കൽ കോളജ്, കോളേജ് ഓഫ് ഫിസിക്കൽ കൾച്ചർ ആൻഡ് സ്പോർട്സ്, ഇക്കണോമിക് ആന്റ് ടെക്നോളജി, ഫിസിക്കൽ കൾച്ചർ ആൻറ് സ്പോർട്സ് വകുപ്പ് എന്നിവയുൾപ്പെടെ 24 പ്രത്യേക ഫാക്കൽട്ടികളും സ്ഥാപനങ്ങളും ഉൾപ്പെട്ടതാണ് ഈ സർവ്വകലാശാല. ഈ സർവ്വകലാശാലയ്ക്ക് പ്രാഥമികമായി രണ്ടു കാമ്പസുകളാണുള്ളത്. വാസിലിയേവ്സ്കി ദ്വീപിലും പീറ്റർഹോഫിലുമായി ഈ രണ്ടു കാമ്പസുകൾ സ്ഥിതിചെയ്യുന്നു. സോവിയറ്റ് കാലഘട്ടത്തിൽ ഇത് ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നാണറിയപ്പെട്ടിരുന്നത്. (റഷ്യൻ: Ленинградский государственный университет) 1948 ൽ സോവിയറ്റ് രാഷ്ട്രീയ നേതാവായിരുന്ന ആന്ദ്രേ അലക്സാണ്ട്രോവിച്ച് ഷ്ഡാനോവിനെ അനുസ്മരിച്ച് 1948 ൽ പേരുമാറ്റം നടത്തിയിരുന്നു.

പ്രശസ്തിയും അന്താരാഷ്ട്ര റാങ്കിംഗും

[തിരുത്തുക]

സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി, മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിക്ക് ശേഷം റഷ്യയിലെ രണ്ടാമത്തെ മികച്ച വിവിധ വൈജ്ഞാനികശാഖകളുള്ള സർവകലാശാലയാണ്. 2013/2014 ലെ QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് അനുസരിച്ച്, അന്താരാഷ്ട്ര റാങ്കിങ്ങിൽ ഈ സർവ്വകലാശാലയ്ക്ക് 240 ആം സ്ഥാനമുണ്ട്. ടൈസ് ഹൈയർ എജ്യൂക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ് അനുസരിച്ച്, ഈ സർവ്വകലാശാലയ്ക്ക് 351-400 വരെയുള്ള സ്ഥാനമാണ്. അക്കാദമിക് റാങ്കിങ് ഓഫ് വേൾഡ് യൂണിവേഴ്സിറ്റീസിന്റെ റാങ്കിങിൽ 301 നും 400 നുമിടയിലേയ്ക്കു സ്ഥാനം ഉയരുകയും മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഴികെയുള്ള മറ്റു റഷ്യൻ സർവ്വകലാശാലകളെ ഇതു പുറത്താക്കുകയും ചെയ്തു.  റഷ്യയിലെ രാഷ്ട്രീയ പ്രമാണിമാരിലെ ഭൂരിപക്ഷവും വിദ്യാഭ്യാസം നിർവ്വഹിച്ചതെന്ന നിലയിൽ ഇതു സർവ്വകലാശാലയുടെ ഖ്യാതിയുയർത്തുന്നു. ഇവരിൽ പ്രസിഡന്റുമാരായിരുന്ന വ്ലാഡിമിർ പുട്ടിൻ, ദിമിത്രി മെദ്വെദേവ് എന്നിവരും ഉൾപ്പെടുന്നു. ഇവർ രണ്ടുപേരും ഈ സർവ്വകലാശാലയിൽ നിയമം പഠിച്ചവരാണ്.

പീറ്റർ ദ ഗ്രേറ്റ് 1724 ൽ സ്ഥാപിച്ച ഈ സർവ്വകലാശാല റഷ്യയിലെ ഏറ്റവും പഴക്കമേറിയതാണ്. സെന്റ് പീറ്റേഴ്സ് ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെ എല്ലാ തരം തിരിക്കലുകളിലും മികച്ചവയുടെ പട്ടികകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ റഷ്യയിലെ എല്ലാ സൂചകങ്ങളിലും ഈ സർവ്വകലാശാലയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നു. കോയമ്പ്ര ഗ്രൂപ്പിൽ (CG) (1985 ൽ സ്ഥാപിതമായ യൂറോപ്യൻ സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മ) ചേർന്നിട്ടുള്ള ആദ്യ റഷ്യൻ യൂണിവേഴ്സിറ്റികളിൽ ഒന്നാണിത്. ഈ കൂട്ടായ്മയിൽ ഇപ്പോഴിതു റഷ്യയെ പ്രതിനിധീകരിക്കുന്നു.

ചരിത്രം

[തിരുത്തുക]
സെന്റ് പീറ്റേർസ്ബർഗിലെ വാസിലിയേവ്സ്കി ദ്വീപിലെ സർവകലാശാലയുടെ പ്രധാന കെട്ടിടവും റെക്ടറുടെ ഭരണനിർവ്വഹണ കാര്യാലയവുമായ 'ട്വൽവ് കോളേജിയ' കെട്ടിടം. (പീറ്റർ ദ ഗ്രേറ്റിൻറെ ഉത്തരവു പ്രകാരമാണ് ഇതു നിർമ്മിക്കപ്പെട്ടത്).

1724 മുതൽ 1821 വരെ

[തിരുത്തുക]

സെന്റ് പീറ്റേഴ്സ് ബർഗ് യൂണിവേഴ്സിറ്റിയാണോ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണോ റഷ്യയിലെ ഏറ്റവും പഴയ ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നതിൽ യൂണിവേഴ്സിറ്റി ഭരണകർത്താക്കളുടെയിടയിൽ തർക്കം നിലനിൽക്കുന്നു. രണ്ടാമത്തേത് 1755 ൽ സ്ഥാപിതമായെങ്കിലും ആദ്യം സൂചിപ്പിച്ച സെന്റ് പീറ്റേർസ് ബർഗ്ഗ് 1819 മുതൽ തുടർച്ചയായ അതിൻറെ പ്രവർത്തന പാരമ്പര്യം നിലനിർത്തുകയും പീറ്റർ ദ ഗ്രേറ്റിന്റെ രാജകീയ ഉത്തരവു പ്രകാരം 1724 ജനുവരി 24 ന് അക്കാദമി ജിംനേഷ്യം, സെന്റ് പീറ്റേർസ്ബർഗ്ഗ് അക്കാദമി ഓഫ് സയൻസ് എന്നിവയോടൊപ്പം സ്ഥാപിക്കപ്പെട്ട ആദ്യ സർവ്വകലാശാലയുടെ പിൻഗാമിത്വം അവകാശപ്പെടുകയും ചെയ്യുന്നു.

1804-നും 1819-നും ഇടയിലുള്ള കാലത്ത് സെന്റ് പീറ്റേഴ്സ്ബർഗ് സർവകലാശാല ഔദ്യോഗികമായി നിലവിൽ ഇല്ലായിരുന്നു. പീറ്റർ ദ ഗ്രേറ്റ് തുടക്കമിട്ട സ്ഥാപനമായ സെന്റ് പീറ്റേഴ്സ്ബർഗ് അക്കാദമി, ഇതിനകം പിരിച്ചുവിട്ടിരുന്നു. കാരണം, 1803-ലെ പുതിയ അക്കാദമി ഓഫ് സയൻസിന്റെ ചാർട്ടർ പ്രകാരം ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരിക്കണെന്നില്ല എന്നു നിഷ്കർഷിച്ചിരുന്നു.

1804 ൽ സ്ഥാപിതമായ പ്രധാന പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സെൻറ് പീറ്റേർസ്ബർഗ് പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ 1814 ൽ പുനർനാമകരണം ചെയ്തു നിലവിൽ വരുകയും ‘ട്വൽവ് കോളജിയ’ എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇതു സ്വായത്തമാക്കുകയും ചെയ്തു.

1819 (O.S.)  ഫെബ്രുവരി 8 ന് റഷ്യയിലെ അലക്സാണ്ടർ ഒന്നാമൻ ചക്രവർത്തി, പ്രധാന പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ സെന്റ് പീറ്റേഴ്സ്ബർഗ് യൂണിവേഴ്സിറ്റിയിലേയ്ക്കു പുനഃസംഘടിപ്പിച്ചു. അക്കാലത്ത് തത്ത്വശാസ്ത്രവും നിയമവും, ചരിത്രവും ഭാഷാശാസ്ത്രവും, ഊർജ്ജതന്ത്രവും ഗണിതശാസ്ത്രവും എന്നിങ്ങനെ   മൂന്നു വൈജ്ഞാനികശാഖകൾ മാത്രമാണ് അവിടെയുണ്ടായിരുന്നത്.

1828 ൽ സെന്റ് പീറ്റേഴ്സ്ബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ പ്രധാന പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ദിമിത്രി മെദ്വെദേവ് വിദ്യാഭ്യാസം ചെയ്ത ഭാഗം) പുനരാരംഭിച്ചു. 1859 ൽ അടച്ചുപൂട്ടുന്നതുവരെ ഇവിടെനിന്ന് അദ്ധ്യാപർക്ക് പരിശീലനം ലഭിച്ചിരുന്നു.

ട്വൽവ് കോളജിയ കെട്ടിടത്തിലെ ഇടനാഴി, സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി: ലോകത്തിലെ ഏറ്റവും നീളമുള്ള അക്കാദമിക് ഇടനാഴിയാണിത്.

1821 മുതൽ ഇതുവരെ

[തിരുത്തുക]
പീറ്റർഹോഫിലെ മാത്തമാറ്റിക്സ്, മെക്കാനിക്സ് ഫാക്കൽറ്റികൾ.
സർവ്വകലാശാലയിലെ ബൊട്ടാണിക്കൽ ഗാർഡൻ.

1821-ൽ ഈ സർവ്വകലാശാല സെൻറ് പീറ്റേഴ്സ്ബർഗ് ഇംപീരിയൽ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1823 ൽ സർവ്വകലാശാലയുടെ ഭൂരിഭാഗവും ‘ട്വൽവ് കൊളജിയ’ കെട്ടിടത്തിൽനിന്ന് ഫോണ്ടാൻകയ്ക്ക് അപ്പുറം നഗരത്തിന്റെ തെക്കൻഭാഗത്തേയ്ക്ക് മാറി.

1824 ൽ സെന്റ് പീറ്റേർസ്ബർഗ്ഗ് ഇമ്പീരിയൽ യൂണിവേഴ്സിറ്റിയുടെ ആദ്യ ചാർട്ടറായി മോസ്കോ യൂണിവേഴ്സിറ്റിയുടെ പരിഷ്കരിച്ച ചാർട്ടർ സ്വീകരിക്കപ്പെട്ടു. 1829 ൽ ഏകദേശം 19 പൂർണ്ണ സമയ പ്രൊഫസർമാരും 169 മുഴുവൻസമയ-പാർട്ട്ടൈം വിദ്യാർത്ഥികൾ ഈ സർവ്വകലാശാലയിലുണ്ടായിരുന്നു. 1830-ൽ സാർ നിക്കോളാസ് ‘ട്വൽവ് കൊളജിയ’ യുടെ മുഴുവൻ കെട്ടിടവും സർവ്വകലാശാലയ്ക്കു തിരിച്ചുകൊടുക്കുകയും അവിടെ കോഴ്സുകൾ പുനരാരംഭിക്കുകയും ചെയ്തു. 1835-ൽ റഷ്യയിലെ ഇമ്പീരിയൽ യൂണിവേഴ്സിറ്റികളുടെ ഒരു പുതിയ ചാർട്ടർ അംഗീകരിക്കപ്പെട്ടു.

ഇത്  നിയമം, ചരിത്രവും ഭാഷാശാസ്ത്രവും, ഊർജ്ജതന്ത്രവും ഗണിതശാസ്ത്രവും ഉൾപ്പെടെയുള്ള ഫാക്കൽറ്റികൾ സ്ഥാപിക്കുന്നതിന് സാദ്ധ്യമാവുകയും  ഊർജ്ജതന്ത്രവും ഗണിതശാസ്ത്രവും ഉൾപ്പെട്ട ഫാക്കൽറ്റി, ഒന്ന്, രണ്ട് ഡിപ്പാർട്ട്മെന്റുകളായി ഫാക്കൽറ്റി ഓഫ് ഫിലോസഫിയിലേയ്ക്കു യഥാക്രമം ലയിപ്പിക്കുകയും ചെയ്തു.

1849 ലെ സ്പ്രിങ്ങ് ഓഫ് നേഷൻസിനു ശേഷം, (1848 ലെ കലാപം) റഷ്യൻ സാമ്രാജ്യത്തിന്റെ സെനറ്റ്, സർവ്വകലാശാലയുടെ പ്രിൻസിപ്പലിനെ നിയമിക്കേണ്ടത് സർവ്വകലാശാലയുടെ അസംബ്ലിക്കു പകരം  നാഷണൽ എൻലൈറ്റെൻമെന്റ് മന്ത്രാലയം ആയിരിക്കണമെന്ന് നിഷ്കർഷിച്ചു. എന്നിരുന്നാലും, പ്യോട്ടിർ പ്ലെറ്റ്നിയോവ് പ്രിൻസിപ്പലായി പുനപ്രവേശനം നടത്തുകയും  പിന്നീട് സെന്റ് പീറ്റേർസ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും ദൈർഘ്യമേറിയ പ്രിൻസിപ്പലായിത്തീരുകയും ചെയ്തു. (1840–1861).

1855 ൽ ഓറിയന്റൽ പഠനങ്ങൾ ചരിത്ര-ഭാഷാശാസ്ത്ര വിഭാഗത്തിൽനിന്നു വേർപെടുത്തുകയും നാലാമതൊരു പഠനവിഭാഗമായി ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്റ്റഡീസ് 1855 ആഗസ്റ്റ് 27 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. 

1859-1861 കാലങ്ങളിൽ സർവ്വകലാശാലയിലെ പാർട്ട്-ടൈം വിദ്യാർത്ഥിനികൾ പ്രഭാഷണങ്ങളിൽ പങ്കെടുക്കുവാൻ ആരംഭിച്ചു. 1861 ൽ സർവ്വകലാശാലയിലാകെ 1,270 മുഴുവൻ സമയ വിദ്യാർത്ഥികളും 167 പാർട്ട്-ടൈം വിദ്യാർത്ഥികളുമുണ്ടായിരുന്നു. ഇവരിൽ 498 പേർ ഏറ്റവും വലിയ ഉപവിഭാഗമായ നിയമ പഠനവിഭാഗത്തിലായിരുന്നു. എന്നാൽ ഈ വലിയ ഉപവിഭാഗം സുരക്ഷ, തൊഴിൽപരമായ ആരോഗ്യം,  രസതന്ത്രം, ജീവശാസ്ത്രം, കൃഷിശാസ്ത്രം എന്നിവയുൾപ്പെട്ട  എൻവയോൺമെന്റൽ എൻജിനീയറിംഗ് മാനേജ്മെന്റ് & സയൻസ്, ഇവയൊടൊപ്പം നിയമവും തത്ത്വചിന്തയും കൂടി ഉൾക്കൊള്ളുന്ന  ക്യാമറാറ്റിക് പഠനവിഭാഗമായിരുന്നു. മാനേർമാർ, എൻജീനീയർമാർ എന്നിവരുപ്പെട്ട നിരവധി റഷ്യൻ, ജോർജ്ജിയൻ പൌരന്മാർ ഈ സർവ്വകലാശാലയിലെ നിയമപഠനവിഭാഗത്തിൽ വിദ്യാഭ്യാസം ചെയ്തിരുന്നു.

1861 മുതൽ 1862 വരെയുടെ കാലത്ത് സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കിടയിൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ഇക്കാലത്ത് സർവ്വകലാശാല രണ്ടുതവണ താൽക്കാലികമായി അടച്ചിട്ടിരുന്നു. വിദ്യാർത്ഥികൾ കൂട്ടം കൂടുന്നതു നിരോധിക്കുകയും നിരന്തരമായ പോലീസ് നിരീക്ഷണത്തോടൊപ്പം പൊതു പ്രഭാഷണങ്ങൾ നിരോധിക്കുകയും ചെയ്തു. നിരവധി വിദ്യാർത്ഥികൾ സർവ്വകലാശാലയിൽനിന്നു പുറത്താക്കപ്പെട്ടു. അസ്വാസ്ഥ്യങ്ങൾ അവസാനിച്ചശേഷം 1865 കാലത്ത് 524 വിദ്യാർത്ഥികളാണ് ഇവിടെ അവശേഷിച്ചത്.

1863 ഫെബ്രുവരി 18-ന് റഷ്യയിലെ അലക്സാണ്ടർ II ചക്രവർത്തിയുടെ വിജ്ഞാപനപ്രകാരം സർവകലാശാലയുടെ അസംബ്ലിയുടെ പ്രിൻസിപ്പലിനെ നിയമിക്കാനുള്ള അവകാശങ്ങൾ  പുനഃസ്ഥാപിക്കപ്പെട്ടു. അതോടൊപ്പം ചരിത്ര-ഭാഷാശാസ്ത്ര വിഭാഗത്തിന്റെ കീഴിൽ പുതിയതായി ‘കലയുടെ സിദ്ധാന്തവും ചരിത്രവും’ എന്നൊരു അദ്ധ്യയന വിഭാഗം രൂപീകരിക്കപ്പെട്ടു. 1869 മാർച്ചിൽ വിദ്യാർത്ഥികളുടെയിടയിൽ നേരിയ തോതിലുള്ള അസ്വസ്ഥതകൾ വീണ്ടും തലപൊക്കുവാൻ തുടങ്ങിയിരുന്നു. 1869 ആയപ്പോഴേക്കും 2,588 പേർ ഈ സർവ്വകലാശാലയിൽനിന്ന് ബിരുദം നേടിയിരുന്നു.

1880-ൽ നാഷണൽ എൻലൈറ്റെൻമെന്റ് മന്ത്രാലയം ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ വിവാഹം കഴിക്കുന്നതും വിവാഹിതരായവർക്ക് സർവ്വകലാശാലയിൽ പ്രവേശനം കൊടുക്കുന്നതും തടയുകയും ചെയ്തു. 1882 ൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെയിടയിൽ മറ്റൊരു സംഘർഷം ഉണ്ടായി. 1884-ൽ ഇംപീരിയൽ റഷ്യൻ യൂണിവേഴ്സിറ്റികളുടെ ഒരു പുതിയ ചാർട്ടർ സ്വീകരിക്കുകയും  റെക്ടറെ (പ്രിൻസിപ്പൽ)  നിയമിക്കാനുള്ള അവകാശം വീണ്ടും നാഷണൽ എൻലൈറ്റെൻഡ് മന്ത്രാലയത്തിനു ലഭിക്കുകയും ചെയ്തു.  1887 (O.S.) മാർച്ച് 1-ന് റഷ്യയിലെ അലക്സാണ്ടർ മൂന്നാമനെ വധിക്കുന്നതിന് ഗൂഢാലോചനയിൽ പങ്കെടുക്കവേ ഒരു കൂട്ടം  സർവ്വകലാശാലാ വിദ്യാർത്ഥികൾ അറസ്റ്റിലായി.

തത്ഫലമായി, ജിംനേഷ്യങ്ങൾക്കും സർവ്വകലാശാലകൾക്കുമുള്ള പുതിയ അഡ്മിഷൻ നിയമങ്ങൾ നാഷണൽ എൻലൈറ്റെൻമെന്റ് മന്ത്രിയായ ഇവാൻ ഡെൽയാനോവിന്റെ അംഗീകാരത്തിനു വിധേയമാണെന്ന് 1887 ൽ നിഷ്കർഷിക്കപ്പെട്ടു. ഈ നിയമമനുസരിച്ച് ഉത്ഭവം അജ്ഞാതമായവർക്ക് അവർ അനിതരസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചായെങ്കിൽ പ്രവേശനം നിഷേധിച്ചിരുന്നു.

1894 ഓടെ 9,212 വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഇവിടെ വിദ്യാഭ്യാസം ചെയ്ത അറിയപ്പെടുന്ന പണ്ഡിതരിൽ ഗണിതശാസ്ത്രജ്ഞൻ പാഫ്നുട്ടി ചെബിഷേവ്, ഭൗതികവിജ്ഞാനി ഹെയിൻ‍റിച്ച് ലെൻസ്, രസതന്ത്രജ്ഞന്മാരായ ഡിമിട്രി മെൻഡെലീവ്, അലക്സാണ്ടർ ബട്ലെറോവ്, ഭ്രൂണശാസ്ത്രജ്ഞൻ അലക്സാണ്ടർ കൊവാലേവ്സ്കി, ശരീരശാസ്ത്രജ്ഞൻ ഇവാൻ സെചെനോവ്, ഭൌമശാസ്ത്രജ്ഞൻ വാസിലി ഡോകുച്യേവ് എന്നിവരും ഉണ്ടായിരുന്നു. 1896 (O.S.) മാർച്ച് 24 ന് സർവ്വകലാശാലാവളപ്പിൽ അലക്സാണ്ടർ പോപൊവ് ചരിത്രത്തിൽ ആദ്യമായി റേഡിയോ തരംഗങ്ങളുടെ സംപ്രേഷണം തെളിവുസഹിതം പ്രദശിപ്പിച്ചു.

1900 ജനുവരി 1 ലെ കണക്കുകൾ പ്രകാരം, 2,099 വിദ്യാർത്ഥികൾ നിയമ വിഭാഗത്തിലും, 1,149 വിദ്യാർത്ഥികൾ ഊർജ്ജതന്ത്രം-ഗണിതശാസ്ത്ര വിഭാഗത്തിലും 212 വിദ്യാർത്ഥികൾ ഓറിയന്റൽ ഭാഷാ വിഭാഗത്തിലും 171 വിദ്യാർത്ഥികൾ ചരിത്രം-ഭാഷാശാസ്ത്രം വിഭാഗത്തിലും പ്രവേശനം നേടിയിരുന്നു. 1902 ൽ റഷ്യയിലെ ആദ്യത്തെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണമുറി സർവ്വകലാശാലയിൽ തുറന്നു.

1897-മുതൽ പതിവ് പണിമുടക്കുകളും വിദ്യാർത്ഥികളിലെ അസ്വസ്ഥതകളും സർവ്വകലാശാലയെ പിടിച്ചുലച്ചു. ഈ അസ്വസ്ഥതകൾ റഷ്യയിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. 1905-ലെ വിപ്ലവസമയത്ത് റഷ്യൻ യൂണിവേഴ്സിറ്റികളുടെ ചാർട്ടർ വീണ്ടും ഭേദഗതി ചെയ്യപ്പെടുകയും സർവ്വകലാശാലകളുടെ സ്വയംഭരണം ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുകയും 1884 നു ശേഷം ആദ്യമായി  പ്രിൻസിപ്പലിനെ തിരഞ്ഞെടുക്കാനുള്ള അവകാശം അക്കാദമിക് ബോർഡിലേയ്ക്കു തിരിച്ചെത്തുകയും ചെയ്തു. 1905-1906 കാലത്ത് വിദ്യാർത്ഥികളിലെ അസ്വസ്ഥതകൾ കാരണം സർവ്വകലാശാല താൽക്കാലികമായി അടച്ചു. 1911 ൽ അതിന്റെ സ്വയംഭരണം വീണ്ടും പിൻവലിക്കപ്പെട്ടു. അതേ വർഷം സർവകലാശാല വീണ്ടും താൽക്കാലികമായി അടക്കപ്പെട്ടു.

1914 ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ സർവ്വകലാശാലയുടെ പേര്, സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേരിനെ ആസ്പദമാക്കി പേര് പെട്രോഗ്രാഡ് ഇമ്പീരിയൽ യൂണിവേഴ്സിറ്റി  എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. യുദ്ധകാലത്ത് റഷ്യൻ ബൌദ്ധിക വിഭവങ്ങളുടടെ സംഘടിപ്പിക്കലും നീക്കവും നടത്താനുള്ള പ്രധാന കേന്ദ്രമായിരുന്നു ഈ സർവകലാശാല. 1915 ൽ പേമിൽ സർവ്വകലാശാലയുടെ ഒരു ശാഖ തുറന്നു. ഇതു പിൽക്കാലത്ത് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയായി പരണമിച്ചു. പെട്രോഗ്രാഡ് ഇംപീരിയൽ യൂണിവേഴ്സിറ്റി അസംബ്ലി 1917 ഫെബ്രുവരി വിപ്ലവത്തെ പരസ്യമായി സ്വാഗതം ചെയ്തു. അത് റഷ്യൻ രാജവാഴ്ച അവസാനിക്കുന്നതിന് നിമിത്തമായിത്തീരുകയും ചെയ്തു. അക്കാലത്ത് സർവ്വകലാശാല പെട്രോഗ്രാഡ് സർവ്വകലാശാല എന്ന് മാത്രം അറിയപ്പെട്ടു. എന്നിരുന്നാലും, 1917 ഒക്ടോബറിലുണ്ടായ വിപ്ലവത്തിനുശേഷം, സർവകലാശാലയിലെ ഉദ്യോഗസ്ഥരും ഭരണവും ബോൾഷെവിക് അധികാരം പിടിച്ചെടുക്കലിനെ വാക്കാൽ എതിർക്കുകയും പുതുതായി നിലവിൽവന്ന നാർക്കോംപ്രോസ് എന്ന ഏജൻസിയുമായി സഹകരിക്കാൻ വിമുഖത കാണിക്കുകയും ചെയ്തു.

പിന്നീട് 1917-1922 കാലയളവിലെ റഷ്യൻ ആഭ്യന്തരയുദ്ധത്തിൽ എതിർ-വിപ്ലവ അനുഭാവികളെന്ന് സംശയിക്കപ്പെടുന്ന (ഉദാ. ലെവ് ഷെർ‌ബ) ചില സർവ്വകലാശാലാ ഉദ്യോഗസ്ഥർ തടവുശിക്ഷ അനുഭവിച്ചിരുന്നു. 1922 ൽ അത്തരക്കാരായ ബുദ്ധിജീവകളെ ഫിലോസഫേർസ് ഷിപ്പുകൾ എന്നറിയപ്പെട്ടിരുന്ന ആവിക്കപ്പലുകളിൽ വിദേശത്തേയ്ക്കു നാടുകടത്തുകയോ വധശിക്ഷ നൽകുകയോ ചെയ്തു. കൂടാതെ ഇക്കാലയളവിൽ സർവ്വകലാശാലയിലെ മുഴുവൻ ജീവനക്കാരും വിശപ്പും, കടുത്ത ദാരിദ്ര്യവും അനുഭവിക്കുകയുണ്ടായി.

1918-ൽ യൂണിവേഴ്സിറ്റി ഒന്നാം പെട്രോഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1919-ൽ നാർക്കോംപ്രോസ് ഇതിനെ രണ്ടാമത്തെ PSUവുമായി (മുൻ സൈക്കോന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്) ലയിപ്പിച്ചു. മൂന്നാം PSU (മുൻ ബെസ്റ്റുഷേവ് ഹയർ കോഴ്സസ് ഫോർ വിമൻ) പെട്രോഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ലയിപ്പിക്കപ്പെട്ടു.

1919 ൽ നാർക്കോംപ്രോസ്, ചരിത്രം-ഭാഷാശാസ്ത്രം, ഓറിയന്റൽ ലാംഗ്വേജ്, നിയമം എന്നീ ഫാക്കൽറ്റികൾക്കു പകരമായി, ‘ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ്’ രൂപീകരിച്ചു.  പുതിയ ഫാക്കൽറ്റിയുടെ ഡീൻ ആയി നിക്കോളാസ് മാർ നിയോഗിക്കപ്പെട്ടു. ഊർജ്ജതന്ത്രം-ഗണിതശാസ്ത്രം ഫാക്കൽറ്റിയുടെ തലവനായി രസതന്ത്രജ്ഞൻ അലെക്സി ഫവോർസ്കി നിയമിതനായി. വിശാല വിദ്യാഭ്യാസത്തിനായി റബ്ഫാക്സുകളും (തൊഴിലാളി യൂണിവേഴ്സിറ്റി), സ്വതന്ത്ര കോഴ്സുകളും സർവ്വകലാശാലകളുടെ അടിസ്ഥാനത്തിൽ ആരംഭിക്കപ്പെട്ടു.1920 ന്റെ തുടക്കത്തിൽ ഫ്രഷ്മാൻ സ്റ്റുഡന്റ് ആയ അലീസ് റോസെൻബൌം നിരീക്ഷിച്ചതനുസരിച്ച്, പ്രവേശനം സിദ്ധിച്ച വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്നു. ഇത്തരക്കാർ നീക്കം ചെയ്യപ്പെട്ടശേഷം ഭരണകൂടത്തിന്റെ നിശ്ശബ്ദ എതിരാളികൾ മാത്രമായിരുന്നു അവശേഷിച്ചത്.

1924-ൽ നിലനിൽക്കുന്ന നഗരത്തിന്റെ പേരിന് അനുസൃതമായി, സർവ്വകലാശാലയുടെ പേര് ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന പേര് മാറ്റിയിരുന്നു. സോവിയറ്റ് ഭരണത്തിനെതിരെയുള്ള ബൗദ്ധികമായ എതിർപ്പുകളെ അടിച്ചമർത്തുന്നതിനായി, സർവ്വകലാശാലയിൽ ജോലി ചെയ്തിരുന്ന ചരിത്രകാരന്മാരിലുൾപ്പെട്ട സെർഗീ പ്ലാറ്റോനോവ്, യെവ്ജെനി ടാർലെ, ബോറിസ് ഗ്രെക്കോവ് എന്നിവരുൾപ്പെടെയുള്ളവരെ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനുള്ള ഒരു പ്രതിവിപ്ലവ ഗൂഢാലോചനയിൽ (1929-1930 ലെ അക്കാദമി അഫയേർസ്) പങ്കെടുത്തുവെന്ന കെട്ടിച്ചമച്ച കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. 1937-1938 കാലഘട്ടത്തിലെ മഹത്തായ ശുദ്ധീകരണ സമയത്ത് മറ്റു ചില അംഗങ്ങൾ അടിച്ചമർത്തപ്പെട്ടു.

1941-1944 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധത്തിൽ ലെനിൻഗ്രാഡിനെതിരെയുള്ള ഉപരോധം മൂലം പല വിദ്യാർത്ഥികളും ജീവനക്കാരും പട്ടിണിമൂലവും നിന്നും യുദ്ധങ്ങളിൽ നിന്നുള്ള കെടുതിയാലും അടിച്ചമർത്തലുകളാലും മരണമടഞ്ഞിരുന്നു. 1942-1944 ൽ സരാറ്റോവിലേക്ക് ഒഴിഞ്ഞുവെങ്കിലും സർവ്വകലാശാല തുടർച്ചയായി പ്രവർത്തിച്ചിരുന്നു. യുദ്ധകാലത്ത് യെലബുഗയിൽ സർവകലാശാലയുടെ ഒരു ശാഖ പ്രവർത്തിച്ചിരുന്നു.

1944 ൽ സോവിയറ്റ് യൂണിയന്റെ സുപ്രീം കൗൺസിൽ ശാസ്ത്രത്തിനും സംസ്കാരത്തിനും നൽകിയ സംഭാവനകളുടെ പേരിൽ ഈ സർവ്വകലാശാലയ്ക്ക് അതിന്റെ 125 ആമതു വാർഷികത്തിൽ ‘ഓർഡർ ഓഫ് ലെനിൻ’  എന്ന ബഹുമതി നൽകി ആദരിച്ചിരുന്നു.

-1948-ൽ മന്ത്രിസഭാംഗങ്ങൾ, സമീപകാലത്ത് അന്തരിച്ച കമ്യൂണിസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന ആൻഡ്രെ ഷ്ഡാനോവിൻറെ പേര് സർവ്വകലാശാലയക്ക് നൽകുകയും പെരിസ്ട്രോയിക്കയുടെ കാലത്ത് 1989 ൽ ഈ തീരുമാനം റദ്ദാക്കപ്പെടുകയും ചെയ്തു.

-1949-1950 കാലത്ത് കേന്ദ്ര സോവിയറ്റ് നേതൃത്വം കെട്ടിച്ചമച്ച ലെനിൻഗ്രാഡ് അഫെയർ അന്വേഷണത്തിനിടെ സർവ്വകലാശാലയിലെ നിരവധി പ്രൊഫസർമാർ ജയിലിലാകുകയും അവിടെ മരണപ്പെടുകയും ചെയ്തിരുന്നു. RSFSRർ വിദ്യാഭ്യാസ മന്ത്രിയും മുൻ റെക്ടറുമായിരുന്ന റിച്ചാർഡ് അലക്സാണ്ടർ വോസ്നെസെൻസ്കിയുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.

-1966 ൽ മന്ത്രിസഭ, പെട്രോഡ്വോറെറ്റ്സിലെ നഗരപ്രാന്തത്തിൽ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം എന്നീ ഫാക്കൽറ്റികൾക്കായി ഒരു പുതിയ കാമ്പസ് നിർമ്മിക്കാൻ തീരുമാനിച്ചു. 1990 കളിൽ ഫാക്കൽറ്റികളുടെ പുനർവിന്യാസം പൂർത്തിയാക്കപ്പെട്ടു.

-1969 ൽ സോവിയറ്റ് യൂണിയൻ സുപ്രീം കൗൺസിൽ പ്രസീഡിയം സർവ്വകലാശാലയ്ക്ക് ' ഓർഡർ ഓഫ് ദ റെഡ് ബാനർ ഓഫ് ലേബർ' എന്ന അവാർഡ് നൽകുകയുണ്ടായി.

-1991-ൽ യൂണിവേഴ്സിറ്റി, സ്ഥിതിചെയ്യുന്ന നഗരത്തിൻറെ പേരിന് അനുസൃതമായി സെന്റ് പീറ്റേഴ്സ് ബാർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്ന പേരിലേയ്ക്കു പുനർനാമകരണം ചെയ്തു.

യൂണിവേഴ്സിറ്റിയുടെ വളർച്ച

[തിരുത്തുക]
ടൈംലൈൻ
  • ഫെബ്രുവരി 8, 1819 (O.S.), റഷ്യയിലെ അലക്സാണ്ടർ ഒന്നാമൻ, മെയിൻ പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെ, സെന്റ് പീറ്റേർസ്ബർഗ് യൂണിവേഴ്സിറ്റിയിലേയ്ക്കു ചേർത്ത് പുന:സംഘടിപ്പിച്ചു. അക്കാലത്ത് അതിൽ ആകെ മൂന്ന് ഫാക്കൽറ്റികളാണുണ്ടായിരുന്നത്: ഫാക്കൽറ്റി ഓഫ് ഫിലോസഫി ഓഫ് ലോ, ഫാക്കൽറ്റി ഓഫ് ഫിലോസലഫി ആൻഡ് ഫിലോളജി, ഫാക്കൽറ്റി ഓഫ് ഫിസിക്സ് &  മാത്തമാറ്റിക്സ്.
  • 1850: ഫാക്കൽറ്റി ഓഫ് ഫിലോസഫിയുടെ ഒന്നും രണ്ടും ഡിപ്പാർട്ട്മെൻറുകൾ ഫാക്കൽറ്റി ഓഫ് ഹിസ്റ്ററി & ഫിലോളജി, ഫാക്കൽറ്റി ഓഫ് ഫിസിക്സ് & മാത്തമാറ്റിക്സ് എന്നിവയിലേയക്കു ക്രമമായി മടക്കിക്കൊണ്ടുവരുകയും, രണ്ടാമത്തേത് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും മാത്രമല്ല,  മറ്റു പ്രകൃതിശാസ്ത്രങ്ങളായ ജീവശാസ്ത്രം, രസതന്ത്രം തുടങ്ങിയവയിലും പ്രത്യേക പഠനസൌകര്യങ്ങൾ ഏർപ്പെടുത്തി.
  • 1855: ഓറിയന്റൽ പഠനങ്ങൾ, ഫാക്കൽറ്റി ഓഫ് ഹിസ്റ്ററി & ഫിലോളോളജിയിൽനിന്ന് വേർതിരിച്ചിക്കുകയും, ഒരു നാലാം ഫാക്കൽറ്റിയായി ഫാക്കൽറ്റി ഓഫ് ഓറിയന്റൽ ലാംഗ്വേജസ് 1855 ഓഗസ്റ്റ് 27 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടുകയും ചെയ്തു.
  • 1863 ഫെബ്രുവരി 18-ന് റഷ്യയിലെ അലക്സാണ്ടർ II ചക്രവർത്തിയുടെ വിജ്ഞാപന പ്രകാരം റെക്ടറെ തെരഞ്ഞെടുക്കാനുള്ള സർവകലാശാലാ നിയമസഭയുടെ അവകാശം പുനഃസ്ഥാക്കപ്പെട്ടു. ഫാക്കൽറ്റി ഓഫ് ഹിസ്റ്ററി & ഫിലോളജിയുടെ ഭാഗമായി, തിയറി & ഹിസ്റ്ററി ഓഫ് ആർട്ട് എന്ന പുതിയ ഫാക്കൽറ്റി രൂപീകരിച്ചു
  • 1920 കളിൽ സോവിയറ്റ് യൂണിയനിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേപ്പോലെ ഈ സർവ്വകലാശാലയും വിദ്യാഭ്യാസ പരീക്ഷണങ്ങൾക്ക് വിധേയമായി. സർവകലാശാലയിലെ ഫാക്കൽട്ടുകളുടെയും വകുപ്പുകളുടെയും ഘടനയും പദവിയും വലിയ മാറ്റങ്ങൾക്ക് വിധേയമായി. അവയിൽ പലതും ലയിക്കുകയും പിളരുകയും, പുനർനാമകരണം ചെയ്യപ്പെടുകയും പുതിയ ഉപവിഭാഗങ്ങൾ സ്ഥാപിക്കപ്പെടുകയും സ്വതന്ത്ര സ്ഥാപനങ്ങൾ സർവ്വകലാശാലയിലെ ഫാക്കൽറ്റികളായി ലയിപ്പിക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കു ശേഷം അവയിൽ ചിലതിന് പഴയ നില പുനസ്ഥാപിക്കാനായി.
  • 1925: ഭൂമിശാസ്ത്രത്തിന്റെ പ്രത്യേക ഫാക്കൽറ്റി തുറന്നു
  • 1930s: നിരവധി പുതിയ ഫാക്കൽറ്റികൾ സ്ഥാപിക്കപ്പെട്ടു. 1930ൽ ഫാക്കൽറ്റി ഓഫ് ബയോളജി, 1931 ൽ ഫാക്കൽറ്റി ഓഫ് ജിയോളജി, 1932 ൽ ഫാക്കൽ‌റ്റി ഓഫ് കെമിസ്ട്രി,   1933 ൽ ഫാക്കൽറ്റി ഓഫ് ഫിസിക്സ് & മാത്തമാറ്റിക്സ & മെക്കാനിക്സ്, 1934 ൽ ഫാക്കൽറ്റി ഓഫ് ഹിസ്റ്ററി, 1937 ൽ ഫാക്കൽറ്റി ഓഫ് ഫിലോളജി എന്നിവ ആരംഭിച്ചു. 1940 ൽ ഫാക്കൽറ്റി ഫിലോസഫി, ഫാക്കൽറ്റി ഓഫ് എക്കണോമിക്സ് എന്നിവ ഫാക്കൽറ്റി ഓഫ് ഹിസ്റ്ററിയിൽനിന്നു വേർപെടുത്തി.
  • 1944 ൽ ഫാക്കൽറ്റി ഓഫ് ഓറിയൻറൽ സ്റ്റഡീസ് ഫാക്കൽറ്റി ഓഫ് ഫിലോളജിയിൽനിന്നു വേർതിരിക്കുകയും നിയമത്തിൻറെ ഫാക്കൽറ്റി പുന:സൃഷ്ടിക്കുകയും ചെയ്തു.
  • 1961: ഫാക്കൽറ്റി ഓഫ് ജേർണലിസം ഫാക്കൽറ്റി ഓഫ് ഫിലോളജിയിൽനിന്നു വേർപിരിച്ചു.
  • 1966: ഫാക്കൽറ്റി ഓഫ് സൈക്കോളജി ഫാക്കൽറ്റി ഓഫ് ഫിലോസഫിയിൽനിന്നു വേർതിരിച്ചു
  • 1969: ഫാക്കൽറ്റി ഓഫ് അപ്ലൈഡ് മാത്തമാറ്റിക്സ് &  കൺട്രോൾ പ്രൊസസസ്, ഫാക്കൽറ്റി ഓഫ് മാത്തമാറ്റിക്സ് & മെക്കാനിക്സ് വിഭാഗത്തിൽ നിന്നും വേർതിരിച്ചു.
  • 1989: ഫാക്കൽറ്റി ഓഫ് സോഷ്യോളജി പുതുതായി ആരംഭിച്ചു.
  • 1991: സോവിയറ്റ് യൂണിയൻറെ അപചയത്തിനുശേഷം സർവ്വകലാശാല വീണ്ടും സെന്റ് പീറ്റേഴ്സ് ബാർഗ് യൂണിവേഴ്സിറ്റി എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
  • 1990s: മൂന്നു പുതിയ ഫാക്കൽറ്റികൾ ആരംഭിച്ചു. : 1993 ൽ ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ്, 1994 ൽ സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ്, 1995 ൽ ഫാക്കൽറ്റി ഓഫ് മെഡിസിൻ എന്നിവ.
  • 2008-2010: മൂന്നു പുതിയ ഫാക്കൽറ്റികൾ സംഘടിപ്പിച്ചു: ഫാക്കൽറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ്, ഫാക്കൽറ്റി ഓപ് ആർട്സ്, ഫാക്കൽറ്റി ഓഫ് ഡെൻറിസ്ട്രി & മെഡിക്കൽ ടെക്നോളജീസ് എന്നിവ.
സെന്റ് പീറ്റേർസ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി. സെന്റ് ഇസാക്സ് കത്തീഡ്രലിൽനിന്നുള്ള കാഴ്ച്ച.

ഭരണനിർവഹണം

[തിരുത്തുക]
ദ 'ട്വൽവ് കോളജിയ' ബിൽഡിംഗ്.

ഈ സർവ്വകലാശാല റഷ്യൻ ഫെഡറേഷൻ സർക്കാർ നേരിട്ടു കൈകാര്യം ചെയ്യുന്ന ഉന്നതവിദ്യാഭ്യാസത്തിനുള്ള ഒരു ഫെഡറൽ സ്റ്റേറ്റ് സ്ഥാപനമാണ്. ഇതിൽ 24 പഠനവിഭാഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളുമാണുള്ളത്. ഇവ ഡിപ്പാർട്ട്മെന്റുകൾ, സ്പോർട്സ് ഡിപ്പാർമെന്റ്, റെക്റ്റൊറേറ്റ്, ഗോർക്കി സയന്റിഫിക് ലൈബ്രറി, അക്കാദമിക് ജിംനേഷ്യം, പബ്ലിഷിംഗ് ഹൌസ്, ക്ലിനിക് എന്നിങ്ങനെയുള്ള  മറ്റ് പ്രധാന ഘടനാപരമായ ഉപവിഭാഗങ്ങളായി വീണ്ടും  വിഭജനം നടത്തിയിരിക്കുന്നു.

യൂണിവേഴ്സിറ്റിയുടെ സ്വയം ഭരണത്തിന്റെ ഉന്നതസ്ഥാനത്തുള്ളത് അതിന്റെ നിയമസഭയാണ്. ഇത് റെക്ടറേയും (പ്രിൻസിപ്പലിനു തുല്യം) യൂണിവേഴ്സിറ്റി അക്കാദമി ബോർഡിനേയും അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു. യൂണിവേഴ്സിറ്റി അസംബ്ലിയിൽ യൂണിവേഴ്സിറ്റി അക്കാദമിക് ബോർഡ് അംഗങ്ങളും പ്രധാന ഘടനാപരമായ ഉപവിഭാഗങ്ങളുടെ ജനറൽ അസംബ്ലി നിയോഗിച്ച പ്രതിനിധി സംഘവും സർവ്വകലാശാലയുടെ അക്കാദമിക് ബോർഡ് നിശ്ചയിച്ച ക്വാട്ടകൾ പ്രകാരം ഉൾക്കൊള്ളുന്നു. സർവകലാശാലയുടെ പൊതു ഭരണനിർവ്വഹണം അക്കാദമിക് ബോർഡിൽ നിക്ഷിപ്തമാണ്. അധ്യക്ഷത വഹിക്കുന്ന റെക്ടറിനൊപ്പം, യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്, വൈസ് റെക്ടർമാർ, പ്രധാന ഘടനാപരമായ ഉപവിഭാഗങ്ങളുടെ പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു.

അതുപോലെ, ഒരു ഫാക്കൽറ്റിയുടെ  ജനറൽ അഡ്മിനിസ്ട്രേഷൻ, ഫാക്കൽറ്റി അസംബ്ലി അഞ്ച് വർഷത്തേയ്ക്കു തിരഞ്ഞെടുത്ത അക്കാദമിക് ബോർഡിൽ നിക്ഷിപ്തമായിരിക്കും. തെരഞ്ഞെടുപ്പു നടപടിക്രമങ്ങളും വകുപ്പു ക്വോട്ടാകളും തീരുമാനിക്കുന്നത് ഫാക്കൽറ്റി-ലെവലിലുള്ള അക്കാദമിക് ബോർഡ് തന്നെയാണ്. ഫാക്കൽറ്റിയെ നയിക്കുകയും അതിന്റെ അക്കാദമിക് ബോർഡിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്ന ഡീൻ ഫാക്കൽറ്റി അക്കാദമിക് ബോർഡിനാൽ 5 വർഷത്തേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നു.

അധ്യയന വർഷം

[തിരുത്തുക]

കാമ്പസുകൾ

[തിരുത്തുക]

ഫാക്കൽറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളും

[തിരുത്തുക]

SPbSU 24 സവിശേഷമായ ഫാക്കൽറ്റികൾ ചേർന്നു രൂപീകരിക്കപ്പെട്ടതാണ് :

ഫിസിക്കൽ കൾച്ചർ & സ്പോർട്സ് വകുപ്പിന്റെ ഒരു ശാഖയും ഇതോടൊപ്പമുണ്ട്. (*rus)

റെക്റ്റേർസിൻറെ (പ്രിൻസിപ്പൽമാരുടെ) പട്ടിക

[തിരുത്തുക]
Pyotr Pletnyov.
ഹെയ്ൻ‍റിച്ച് ലെൻസ്
കാൾ ഫെഡൊറോവിച്ച് കെസ്ലർ.
ഇവാൻ ബോർഗ്മാൻ
1819–1821 മിഖായിൽ ബലുഗ്യാൻസ്കി
1821–1825 യെവ്ഡോകിം സ്യാബ്ലോവ്സ്കി
1825–1836 അന്റോയിൻ ജ്യൂഡി ഡുഗൌർ
1836–1840 ഇവാൻ ഷുൾഗിൻ
1840–1861 പ്യോട്ടിർ പ്ലെറ്റ്നിയോവ്
1861–1863 അലക്സാണ്ടർ വോസ്ക്രെസെൻസ്കി
1863–1865 ഹെയ്ൻ‍റിച്ച് ലെൻസ്
1865–1867 അലക്സാണ്ടർ വോസ്ക്രെസെൻസ്കി
1867–1873 കാൾ ഫെഡൊറോവിച്ച് കെസ്ലർ
1873–1876 പ്യോട്ടിർ റെഡ്കിൻ
1876–1883 ആന്ദ്രേ ബെക്കെറ്റോവ്
1883 (1884)–1887 ഇവാൻ ആൻഡ്രീവ്സ്കി
1887–1890 മിഖായിൽ വ്ലാഡിസ്ലാവ്‍ലേവ്
1890–1897 പ്യോട്ടിർ നികിറ്റിൻ
1897–1899 വി. സെർഗീവിച്ച്
1899–1903 അഡോൾഫ് ഹോംസ്റ്റെൻ
1903–1905 എ. സ്ഡാനോവ്
1905–1910 ഇവാൻ ബോർഗ്മാൻ
1910–1911 ഡേവിഡ് ഗ്രിം
1911–1918 എർവിൻ ഗ്രിം
1918–1919 അലക്സാണ്ടർ ഇവാനോവ്
1919 സെർജീ സെബെലേവ്
1919–1922 വ്ലാഡിമീർ ഷിംകെവിച്ച്
1922–1926 നിക്കോളായ് ഡെർഷാവിൻ
1926–1927 വി. ടൊമാഷേവ്സ്കി
1927–1930 മിഖായിൽ സെരെബ്രിയാക്കോവ്
1930–1932 യൂറി നികിച്ച് (ഡയറക്ടർ)
1932–1933 വി. സെര്യോഷ്നിക്കോവ് (ഡയറക്ടർ)
1933–1938 മിഖായിൽ ലാസുർകിൻ (ഡയറക്ടർ)
1938–1939 കോൺസ്റ്റാൻറിൻ ലുകാഷേവ് (ഡയറക്ടർ)
1939 എ. മർച്ചെൻകോ (ഡയറക്ടർ)
1939–1941 പി. സൊളോട്ടുഖിൻ (ഡയറക്ടർ)
1941–1948 അലക്സാണ്ടർ വോസ്നെസെൻസ്കി
1948–1950 നികിത ഡോമ്നിൻ
1950–1952 അലെക്സി ഇല്യൂഷിൻ
1952–1964 അലക്സാണ്ടർ അലക്സാണ്ട്രോവ്
1964–1970 കിരിൽ വൈ. കൊണ്ട്രാറ്റ്യേവ്
1970–1975 ഗ്ലെബ് മകറോവ്
1975–1986 വാലൻറിൻ അലെക്സോവ്സ്കി
1986–1993 സ്റ്റാനിസ്ലാവ് മെർകുറിയേവ്
1993(1994)–2008 ല്യൂഡ്മില വെർബിറ്റ്സ്കായ
since 2008 നിക്കോളായി ക്രോപാച്ചേവ്

പൂർവ്വ വിദ്യാർത്ഥികൾ

[തിരുത്തുക]
പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.
വേൾഡ് എക്കണോമിക് ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ റഷ്യൻ പ്രധാനമന്ത്രി ഡിമിത്രി മെദ്വദേവ് (2011).
ലിത്വാനിയയുടെ പ്രസിഡന്റ് ഡാലിയ ഗ്രിബൌസ്കായിറ്റെ.

സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി നിരവധി നോബൽ സമ്മാന ജേതാക്കളെ പ്രദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിമാരായിരുന്ന പ്യോട്ടിർ സ്റ്റോളിപ്പിൻ, വ്ലാഡിമിർ ലെനിൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, റഷ്യയുടെ മുൻ പ്രസിഡന്റും നിലവിലെ പ്രധാനമന്ത്രിയുമായ ഡിമിട്രി മെദ്വെദേവ്, ലിത്വാനിയൻ പ്രസിഡന്റ് ഡാലിയ ഗ്രിബൌസ്കായിറ്റെ എന്നിവരും ഗണിതശാസ്ത്രജ്ഞൻ മിഖായിൽ ഗ്രോമോവും ഈ സർവ്വകലാശാലയിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.

പാർട്ണർ യൂണിവേഴ്സിറ്റീസ്

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Фирменные цвета". spbu.ru. Archived from the original on 2017-03-28. Retrieved 28 March 2017.