Jump to content

സോഫിയ ജെക്സ്-ബ്ലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫിയ ലൂയിസ ജെക്സ്-ബ്ലേക്ക്
1865 ൽ സാമുവൽ ലോറൻസ് രചിച്ച ഛായാചിത്രം
ജനനം
സോഫിയ ലൂയിസ ജെക്സ്-ബ്ലേക്ക്

(1840-01-21)21 ജനുവരി 1840
മരണം7 ജനുവരി 1912(1912-01-07) (പ്രായം 71)
മാർക്ക് ക്രോസ്, റോതർഫീൽഡ്, സസെക്സ്, ഇംഗ്ലണ്ട്
അറിയപ്പെടുന്നത്സ്ത്രീകളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിനായുള്ള പ്രചാരണം
എഡിൻബർഗ് സെവൻ അംഗം
Medical career
Professionവൈദ്യൻ, അധ്യാപിക

സോഫിയ ലൂയിസ ജെക്സ്-ബ്ലേക്ക് (ജീവിതകാലം: 21 ജനുവരി 1840 - 7 ജനുവരി 1912) ഒരു ഇംഗ്ലീഷ് ഫിസിഷ്യനും അധ്യാപികയും ഫെമിനിസ്റ്റുമായിരുന്നു.[1] 1869-ൽ എഡിൻബർഗ് സർവ്വകലാശാലയിൽ എഡിൻബർഗ് സെവൻ എന്നറിയപ്പെട്ടിരുന്ന അവളും മറ്റ് ആറ് വനിതകളും മെഡിസിൻ പഠനം ആരംഭിച്ചശേഷം, സർവ്വകലാശാലാ വിദ്യാഭ്യാസത്തിലേക്ക് വനിതകൾക്ക് പ്രവേശനം ഉറപ്പാക്കാനുള്ള പ്രചാരണത്തിന് അവർ നേതൃത്വം നൽകി. സ്‌കോട്ട്‌ലൻഡിൽ പ്രാക്ടീസ് ചെയ്ത ആദ്യത്തെ വനിതാ ഡോക്‌ടറും ഗ്രേറ്റ് ബ്രിട്ടനിലെയും അയർലണ്ടിലെയും വിശാല യുണൈറ്റഡ് കിംഗ്ഡത്തിലെയും ആദ്യ വനിതകളിൽ ഒരാളായിരുന്ന അവർ; വനിതാ മെഡിക്കൽ വിദ്യാഭ്യാസത്തിൻറെ ഒരു പ്രമുഖ പ്രചാരകയും, മറ്റ് മെഡിക്കൽ വിദ്യാലയങ്ങളിലൊന്നുംതന്നെ വനിതകളെ പരിശീലിപ്പിക്കാത്ത സമയത്ത് ലണ്ടനിലും എഡിൻബറോയിലും സ്ത്രീകൾക്കായി രണ്ട് മെഡിക്കൽ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിലും വ്യാപൃതയായിരുന്നു.

ആദ്യകാലം

[തിരുത്തുക]

1840 ജനുവരി 21-ന് ഇംഗ്ലണ്ടിലെ ഹേസ്റ്റിംഗ്‌സിൽ 3 ക്രോഫ്റ്റ് പ്ലേസിൽ ഡോക്‌ടേഴ്‌സ് കോമൺസ് സമൂഹത്തിലെ പ്രോക്ടറായി വിരമിച്ച അഭിഭാഷകനായ തോമസ് ജെക്‌സ്-ബ്ലേക്കിന്റെയും മേരി ജെക്‌സ്-ബ്ലേക്കിന്റെയും (മുമ്പ്, ക്യൂബിറ്റ്) മകളായി സോഫിയ ജെക്‌സ്-ബ്ലേക്ക് ജനിച്ചു.[2] സോഫിയയുടെ സഹോദരൻ തോമസ് ജെക്സ്-ബ്ലേക്ക്, പിൽക്കാല വെൽസ് കത്തീഡ്രൽ ഡീനും, കേംബ്രിഡ്ജിലെ ഗിർട്ടൺ കോളേജിലെ ക്ലാസിസിസ്റ്റും പ്രധാനാദ്ധ്യാപികയുമായിരുന്ന കാതറിൻ ജെക്സ്-ബ്ലേക്കിന്റെ പിതാവുമായിരുന്നു.[3] എട്ട് വയസ്സ് വരെ അവർ വീട്ടിലിരുന്ന് വിദ്യാഭ്യാസം ചെയ്തു. തെക്കൻ ഇംഗ്ലണ്ടിലെ വിവിധ സ്വകാര്യ വിദ്യാലയങ്ങളിൽ പഠനം നടത്തിയ അവർ മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ചുകൊണ്ട് 1858-ൽ ലണ്ടനിലെ ക്വീൻസ് കോളേജിൽ പഠനത്തിന് ചേർന്നു. 1859-ൽ, വിദ്യാർത്ഥിനിയായിരിക്കെ, 1861 വരെ ചിലവഴിച്ച കോളേജിൽ ഒരു ഗണിതശാസ്ത്ര അധ്യാപികയായി ഒരു തസ്തിക വാഗ്ദാനം ചെയ്യപ്പെട്ട അവർ അക്കാലത്ത് കുറച്ചുകാലം ഒക്ടാവിയ ഹിൽസ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നു.

1865 ലെ വേനൽക്കാലത്ത്, അമേരിക്കൻ ആഭ്യന്തരയുദ്ധാവസാനം, സോഫിയ ജെക്സ്-ബ്ലേക്ക് വനിതാ വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അവഗാഹം നേടുന്നതിനായി അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് യാത്ര തിരിച്ചു. അവർ അവിടെ വിവിധ വിദ്യാലയങ്ങൾ സന്ദർശിക്കുകയും യു.എസിലെ മിശ്ര-ലിംഗ വിദ്യാഭ്യാസത്തിൽ ശക്തമായി സ്വാധീനിക്കപ്പെടുകയും, പിന്നീട് എ വിസിറ്റ് ടു സം അമേരിക്കൻ സ്കൂൾസ് ആൻറ് കോളജസ്  എന്ന പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രണിൽവച്ച്, രാജ്യത്തെ  ആദ്യകാല വനിതാ ഫിസിഷ്യൻമാരിൽ ഒരാളായ ഡോ. ലൂസി എലൻ സെവാളിനെ കണ്ടുമുട്ടിയ സോഫിയ, അവരുമായി ഒരു സുപ്രധാനമായ, ആജീവനാന്ത സുഹൃദത്തിലേർപ്പെടുകയും അവിടെ ഒരു സഹായിയായി കുറച്ചുകാലം ജോലിയെടുക്കുകയും ചെയ്തു. ഈ സന്ദർശനത്തോടെ, ഒരു ഡോക്ടറാകുകയെന്നതാണ് തന്റെ ജീവിത സാഫല്യമെന്ന് മനസിലാക്കിയ ജെക്സ്-ബ്ലേക്കിൻറെ ജീവിതത്തിൽ ഈ സന്ദർശനം ഒരു വഴിത്തിരിവായി മാറി.

1867-ൽ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റലിൽ നിന്നുള്ള ഒരു ട്രെയിനിയായിരുന്ന സൂസൻ ഡിമോക്കിനൊപ്പം, സർവ്വകലാശാലയുടെ മെഡിക്കൽ വിദ്യാലയത്തിലേയ്ക്ക്  പ്രവേശനം അഭ്യർത്ഥിച്ചുകൊണ്ട് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റിനും സമിതി അംഗങ്ങൾക്കും  അവർ നേരിട്ട് കത്തെഴുതി. "ഈ സർവ്വകലാശാലയിലെ ഒരു വകുപ്പിലും സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് വ്യവസ്ഥയില്ല" എന്ന പ്രസ്താവനയോടെ ഏകദേശം ഒരു മാസത്തിനുശേഷം അവർക്ക് സർവ്വകലാശാലയിൽനിന്ന് മറുപടി ലഭിച്ചു. അടുത്ത വർഷം, ന്യൂയോർക്കിൽ എലിസബത്ത് ബ്ലാക്ക്‌വെൽ സ്ഥാപിച്ച ഒരു പുതിയ മെഡിക്കൽ കോളേജിൽ ചേരാമെന്ന് അവൾ പ്രതീക്ഷിച്ചുവെങ്കിലും അതേ വർഷം തന്നെ പിതാവ് മരണമടഞ്ഞതിനാൽ‌ മാതാവിനോടൊപ്പം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയി.

സ്വകാര്യ ജീവിതം

[തിരുത്തുക]

ഡോ മാർഗരറ്റ് ടോഡുമായി സോഫിയ ജെക്സ്-ബ്ലേക്ക് ഒരു പ്രണയപരമായ ബന്ധത്തിലായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. 1899-ൽ ജെക്‌സ്-ബ്ലേക്കിന്റെ വിരമിക്കലിന് ശേഷം അവർ വിൻഡിഡെൻ, മാർക്ക് ക്രോസ്, റോതർഫീൽഡ് എന്നിവിടങ്ങളിലേക്ക് മാറിത്താമസിക്കുകയും, ഡോ. ടോഡ് 1902-ൽ ദ വേ ഓഫ് എസ്‌കേപ്പ്, 1906-ൽ ഗ്രോത്ത് എന്നീ കൃതികൾ രചിക്കുകയും ചെയ്തു. അവരുടെ വീട് സർവ്വകലാശാലയിലെ മുൻ വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും ഒരു സമ്മേളന സ്ഥലമായി മാറുകയും, കൂടാതെ ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പരിചയക്കാരെയും അവർ അവിടേയ്ക്ക് സ്വാഗതം ചെയ്യുകയുമുണ്ടായി.[4]

അവലംബം

[തിരുത്തുക]
  1. "Jex-Blake, Sophia". Who's Who. Vol. 59. 1907. pp. 938–939.
  2. Shirley Roberts, ‘Blake, Sophia Louisa Jex- (1840–1912)’, Oxford Dictionary of National Biography, Oxford University Press, 2004, accessed 11 Nov 2008
  3.  Chisholm, Hugh, ed. (1922). "Jex-Blake, Sophia" . Encyclopædia Britannica. Vol. 31 (12th ed.). London & New York. p. 658. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER4=, |HIDE_PARAMETER2=, |HIDE_PARAMETER7=, |HIDE_PARAMETER10=, |HIDE_PARAMETER6=, |HIDE_PARAMETER11=, |HIDE_PARAMETER5=, |HIDE_PARAMETER1=, and |HIDE_PARAMETER3= (help)CS1 maint: location missing publisher (link)
  4. Lutzker, Edythe (1969). Women Gain a Place in Medicine. New York: McGraw Hill. p. 149.
"https://ml.wikipedia.org/w/index.php?title=സോഫിയ_ജെക്സ്-ബ്ലേക്ക്&oldid=3832586" എന്ന താളിൽനിന്ന് ശേഖരിച്ചത്