Jump to content

ഹാരി കെല്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാരി കെല്ലർ
ജനനം
ഹെൻ‌റിക് കെല്ലർ

(1849-07-11)ജൂലൈ 11, 1849
മരണംമാർച്ച് 10, 1922(1922-03-10) (പ്രായം 72)
അന്ത്യ വിശ്രമംആഞ്ചലസ്-റോസ്ഡേൽ സെമിത്തേരി
തൊഴിൽഇല്യൂഷണിസ്റ്റ്
ഒപ്പ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലും ബൃഹത്തായ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിരുന്ന ഒരു അമേരിക്കൻ മാന്ത്രികനായിരുന്നു ഹാരി കെല്ലർ (ജീവിതകാലം : ജൂലൈ 11, 1849 - മാർച്ച് 10, 1922).

ഹാരി കെല്ലർ, ഹാരി ഹൌഡിനിയുടെ മുൻഗാമിയും റോബർട്ട് ഹെല്ലറുടെ സമകാലികനും ഇസയ്യ ഹ്യൂഗസ് എന്ന മാന്ത്രികന്റെ കീഴിൽ പരിശീലനം നേടിയ അദ്ദേഹത്തിന്റെ പിൻഗാമിയുമായിരുന്നു. "അമേരിക്കൻ മാന്ത്രികരുടെ മേധാവി" എന്ന് പലപ്പോഴു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം അഞ്ച് ഭൂഖണ്ഡങ്ങളിൽ വ്യാപകമായി  മാന്ത്രികവിദ്യകൾ അവതരിപ്പിച്ചുത. അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ വേദിയിലെ മായാജാലവിദ്യകളിലൊന്ന് യഥാർത്ഥത്തിൽ ജോൺ നെവിൽ മാസ്‌ക്ലിൻ കണ്ടുപിടിച്ചതും പിന്നീട് ഹാരി ബ്ലാക്ക്സ്റ്റോൺ സീനിയർ അവതരിപ്പിച്ചിരുന്നതുമായ "ലെവിറ്റേഷൻ ഓഫ് പ്രിൻസസ് കർണാക് " എന്ന് പരസ്യം ചെയ്യപ്പെട്ട, ഒരു പെൺകുട്ടി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതായ ജാലവിദ്യയായിരുന്നു. "ബ്ലൂ റൂം" ഉൾപ്പെടെ അദ്ദേഹത്തിന്റെ പല മായാജാല വിദ്യകളും സെറ്റുകളും നിർമ്മിച്ചിരുന്ന മാർട്ടിങ്ക മാജിക് കമ്പനിയുടെ ഒരു ദീർഘകാല ഇടപാടുകാരനായിരുന്ന അദ്ദേഹം.

ആദ്യകാലം

[തിരുത്തുക]

ബഹുഭൂരിപക്ഷം മാന്ത്രികരുടേയും കാര്യത്തിലെന്നപോലെ, കെല്ലറുടെ ആദ്യകാല ജീവിതവും സ്ഥിരീകരിക്കാൻ കഴിയുന്നതല്ല. പെൻ‌സിൽ‌വാനിയയിലെ ഈറിയിൽ ജർമ്മൻ കുടിയേറ്റക്കാർക്ക് ജനിച്ച അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഹെൻ‌റിക് കെല്ലർ എന്നായിരുന്നു.[1] അദ്ദേഹത്തെ ചിലപ്പോൾ ഹെൻറി എന്ന് വിളിക്കാറുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് ഹാരി എന്നാക്കി മാറ്റി.[2] കുട്ടിക്കാലത്ത് "ചിക്കൻ‌" പോലെയുള്ള അപകടകരമായ ഗെയിമുകൾ കളിക്കാൻ കെല്ലർ ഇഷ്ടപ്പെട്ടിരുന്നു.[3] കെല്ലർ ഒരു ഔഷധക്കടക്കാരന്റെ കീഴിൽ പരിശീലനം നേടുകയും വിവിധ രാസ മിശ്രിതങ്ങൾ ഉപയോഗിച്ച് പതിവായി പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഒരു അവസരത്തിൽ, കെല്ലർ തന്റെ തൊഴിലുടമയുടെ ഔഷധശാലയുടെ തറയിൽ ഒരു ദ്വാരം വീഴ്ത്തി.[4] മാതാപിതാക്കളുടെ ക്രോധത്തെ ഭയന്ന കെല്ലർ ഒരു ട്രെയിനിൽ കയറിപ്പോകുകയും ഒരു നാടോടിയായി അലയുകയും ചെയ്തു.[5] അന്ന് അദ്ദേഹത്തിന് കേവലം പത്ത് വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ.[6]

പിന്നീട് ന്യൂയോർക്കിൽ നിന്നുള്ള ബ്രിട്ടീഷ് വംശജനായ ഒരു മതകാര്യ മന്ത്രിയുമായി കെല്ലർ ചങ്ങാത്തം സ്ഥാപിച്ചു. ഒരു മന്ത്രിയാകാനായി പഠനം നടത്തിയാൽ കെല്ലറെ ദത്തെടുക്കാനും അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തിന് പണം നൽകാനും അദ്ദേഹം സന്നദ്ധനായിരുന്നു. ഒരു സായാഹ്നത്തിൽ "ദി ഫാകിർ ഓഫ് അവ" എന്നറിയപ്പെട്ടിരുന്ന നാടോടി മാന്ത്രികനായിരുന്ന ഇസിയയ്യ ഹാരിസ് ഹഗ്ഗെസിന്റെ മാന്ത്രിക പ്രകടനം കാണാനിടയായ കെല്ലർക്ക് ആ ഷോയ്ക്ക് ശേഷം ഉടൻ തന്നെ വേദിയിലേക്ക് പോകാനുള്ള അഭിനിവേശം ആരംഭിച്ചു.അദ്ദേഹം പിന്നീട് ഹൌഡിനിയോട് പറഞ്ഞു, "ഞാൻ വളരെ അസ്വസ്ഥനായി, മാന്ത്രികതയെക്കുറിച്ചുള്ള പുസ്തകങ്ങൾ വിലകൊടുത്തു വാങ്ങുകയും, ഒടുവിൽ എന്റെ സുഹൃത്തും ഗുണഭോക്താവുമായിരുന്ന വ്യക്തിയെ വിട്ടുപോകുകയും ചെയ്തു".

ന്യൂയോർക്കിലെ ബഫല്ലോയിലെ ഒരു കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ, ഒരു സഹായിയെ തിരയുന്നതിനായി ഹഗ്ഗെസ് പത്രത്തിൽ നൽകിയ പരസ്യത്തിന് അദ്ദേഹം മറുപടി നൽകി. താമസിയാതെ കെല്ലർ അയാളുടെ സാഹായിയായി നിയമിതനാകുകയും പതിനാറാമത്തെ വയസ്സിൽ മിഷിഗണിലെ ഡൺകിർക്കിൽ തന്റെ ആദ്യത്തെ ഒറ്റയ്ക്കുള്ള പ്രകടനം നടത്തുകയും അതൊരു ദുരന്തമായി കലാശിച്ചതോടെ കെല്ലർ ഹ്യൂസിനൊപ്പം സഹായിയായി വീണ്ടും ജോലിക്ക് പോകുകയും ചെയ്തു.[7] രണ്ട് വർഷത്തിന് ശേഷം, മികച്ച പ്രകടനങ്ങളുമായി കെല്ലർ വീണ്ടും ശ്രമിച്ചുവെങ്കിലും, മോശം സാമ്പത്തിക അവസ്ഥയിലായിരുന്നതിനാൽ, ആദ്യകാല കരിയറിൽ പലപ്പോഴും ഷോയ്ക്കായി ഉപകരണങ്ങൾ കടം വാങ്ങുന്നതും കടം കൊടുത്തവരിൽനിന്ന് ഒഴിഞ്ഞുമാറുന്നതും ഉൾപ്പെട്ടിരുന്നു.[8]

ഔദ്യോഗിക ജീവിതം

[തിരുത്തുക]
കെല്ലറുടെ പ്രസിദ്ധമായ ശിരഛേദവും തല വായുവിൽ ഒഴുകിനടക്കൽ ആഭിചാരവും.
കെല്ലറുടെ "ലെവിറ്റേഷൻ ഓഫ് പ്രിൻസസ് കർണാക്"

1869 ൽ ഇറാ എറാസ്റ്റസ് ഡാവൻപോർട്ട്, വില്യം ഹെൻറി ഡാവൻപോർട്ട്, വില്യം ഫേ എന്നിവരടങ്ങുന്ന സ്റ്റേജ് അദ്ധ്യാത്മവാദികളുടെ "ദ ഡെവൻപോർട്ട് ബ്രദേഴ്‌സ് ആൻഡ് ഫേ" എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടായ്മയോടൊത്തു പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് കെല്ലറും ഫേയും ഡാവൻപോർട്ടുകളുമായി പിരിഞ്ഞ് മധ്യ, തെക്കേ അമേരിക്കയിലൂടെ ഒരു "ലോക പര്യടനം" ആരംഭിച്ച 1873 വരെയുള്ള നിരവധി വർഷങ്ങൾ കെല്ലർ അവരോടൊപ്പം പ്രവർത്തിച്ചിരുന്നു.[9]

മെക്സിക്കോയിൽ അവർക്ക് 10,000 ഡോളർ (ഇന്നത്തെ കണക്കുകളിൽ 221,000 ഡോളർ) സമ്പാദിക്കാൻ കഴിഞ്ഞു. 1875 ൽ റിയോ ഡി ജനീറോയിൽ ഡോം പെഡ്രോ രണ്ടാമൻ ചക്രവർത്തിക്ക് മുന്നിൽ മാജിക് അവതരിപ്പിച്ചതോടെ ഈ പര്യടനം അവസാനിച്ചു.[10]

തുടർന്ന്, ഇംഗ്ലണ്ടിലെ ഒരു പര്യടനത്തിലേക്കുള്ള യാത്രാമധ്യേ, കെല്ലറും ഫേയും  സമുദ്ര യാത്ര ചെയ്യുകയായിരുന്ന ബോയ്നേ എന്ന കപ്പൽ, ബിസ്കേ ഉൾക്കടലിൽവച്ച് മുങ്ങി. കെല്ലറുടെ ഉപകരണങ്ങളും വസ്ത്രങ്ങളും ഒപ്പം കപ്പലിലെ സ്വർണവും വെള്ളിയും പരുക്കൻ വജ്രങ്ങളും അടങ്ങിയ ചരക്കുകളും മുങ്ങിപ്പോയി.[11] കപ്പൽഛേദത്തിനുശേഷം കെല്ലറിന് തന്റെ ചുമലിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും ധരിച്ചിരുന്ന ഒരു വജ്ര മോതിരവും മാത്രമേ അദ്ദേഹത്തിന്റെ കയ്യിൽ അവശേഷിച്ചിരുന്നുള്ളൂ. അതിനുശേഷം, ന്യൂയോർക്കിലെ അദ്ദേഹത്തിന്റെ ബാങ്കർമാർ അദ്ദേഹം നിർദ്ധനനായ വിവരത്തിനു സന്ദേശമയച്ചു.[12] പണത്തിനായി അലഞ്ഞു നിരാശനായ കെല്ലർ തന്റെ വജ്ര മോതിരം വിൽക്കുകയും ഡേവൻപോർട്ടിൽ വീണ്ടും ചേരാൻ സന്നദ്ധനായ ഫേയുമായി പിരിയുകയും ചെയ്തു.

ജോൺ നെവിൽ മാസ്കെലിനെയുടേയും ജോർജ് ആൽഫ്രഡ് കുക്കിന്റേയും ഈജിപ്ഷ്യൻ ഹാൾ എന്ന വിളിക്കപ്പെട്ടിരുന്ന തീയേറ്റർ സന്ദർശിച്ചശേഷം ഒരിടത്തു സ്ഥിരമായിരുന്ന് ഇന്ദ്രജാലം അവതരിപ്പിക്കുകയെന്ന ആശയത്തിൽ അദ്ദേഹം ആകൃഷ്ടനായി. മാസ്‌കെലിനെയും കുക്കും അവതരിപ്പിച്ചിരുന്ന  ജാലവിദ്യകൾ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. അവിടെ ഫ്രഞ്ച് മാന്ത്രികനായിരുന്ന ബ്യൂട്ടിയർ ഡി കോൾട്ട 'ദി വാനിഷിംഗ് ബേർഡ്കേജ്' അവതരിപ്പിക്കുകയും, കെല്ലർ ഈ വിദ്യ സ്വായത്തമാക്കേണ്ടതാണെന്നു തീരുമാനിക്കുകയും തന്റെ കയ്യിൽ അവശേഷിക്കുന്ന പണം ഈ ജാലവിദ്യ അദ്ദേഹത്തിൽനിന്ന് വിലകൊടുത്തു വാങ്ങാൻ ചെലവഴിക്കുകയും ചെയ്തു. ജൂനിയസ് സ്പെൻസർ മോർഗനിൽ നിന്ന് (ജെ.പി. മോർഗന്റെ പിതാവ്) 500 ഡോളർ അദ്ദേഹം കടം വാങ്ങുകയും, ബ്രസീലിലായിരിക്കുമ്പോൾ നടത്തിയ ബാങ്ക് ഇടപാടിൽ നിന്ന് തന്റെ പണം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനായി അമേരിക്കയിലേക്ക് മടങ്ങിപ്പോകുകയും ചെയ്തു. ബ്രസീലിൽ നിന്നുള്ള മെയിൽ ഇടപാടുകൾ മന്ദഗതിയിലാണെന്ന് അറിഞ്ഞതിനാൽ അദ്ദേഹത്തിന് തന്റെ 3,500 ഡോളർ മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞു. ഈ പണമുപയോഗിച്ച് ഇംഗ്ലണ്ടിലെ മാസ്കെലിനെയുടേയും കുക്കിന്റേതുമായി സമാനമായ ഒരു "ട്രൂപ്പ്" ആരംഭിക്കുക മാത്രമല്ല, പുതിയ തിയേറ്ററിന് ഈജിപ്ഷ്യൻ ഹാൾ എന്നുതന്നെ പേരിടുകയും ചെയ്തു.  

1878-ൽ കെല്ലർ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും 12,000 ഡോളർ പുതിയ ഉപകരണങ്ങൾ വാങ്ങാൻ നിക്ഷേപിക്കുകയും ചെയ്തു. അതിൽ മാസ്‌ക്ലൈനിന്റെ ചീട്ടുകളി സംബന്ധമായ വിദ്യയായ "സൈക്കോ"യും ഉൾപ്പെട്ടിരുന്നു.

തെക്കേ അമേരിക്കയിലെ നിരാശാജനകമായ ഒരു പര്യടനത്തിനുശേഷം, കെല്ലർ തന്റെ ശേഷിക്കുന്ന ഷോകൾ റദ്ദാക്കി ന്യൂയോർക്കിലേക്ക് മടങ്ങി. എത്തിച്ചേരുന്നതിന് തൊട്ടുമുമ്പ്, മാന്ത്രികൻ റോബർട്ട് ഹെല്ലറുടെ മരണത്തെക്കുറിച്ച് കെല്ലറിനോട് പറയപ്പെട്ടു. കെല്ലർ ഹെല്ലറുടെ വ്യക്തിത്വ അവകാശങ്ങൾ ലംഘിച്ചുവെന്ന് ദ ന്യൂയോർക്ക് സൺ പത്രം ആരോപിച്ചു. ഹെല്ലറുടെ പേരിന്റെ അനുകരണം സ്വീകരിച്ച് ഹെല്ലർ ബാക്കിവച്ചുപോയ പ്രശസ്തിയിൽനിന്നു നേട്ടം കൊയ്യാനാണ് കെല്ലർ ലക്ഷ്യമിടുന്നതെന്ന് ലേഖനം തുടർന്നു പറഞ്ഞു. ഇത് അസാധാരണമായ ഒരു നടപടിയല്ല.[13] തന്റെ പേര് എല്ലായ്പ്പോഴും "ഇ" ഉള്ള കെല്ലർ ആയിരുന്നുവെന്നും ഹെല്ലറുമായി ആശയക്കുഴപ്പത്തിലാകാതിരിക്കാൻ യഥാർത്ഥത്തിൽ വർഷങ്ങൾക്കുമുമ്പുതന്നെ ഇത് മാറ്റിയിട്ടുണ്ടെന്നും തെളിയിക്കാൻ കെല്ലർ ശ്രമിച്ചു. സ്വന്തം പേരായ വില്യം ഹെൻറി പാമറിൽ നിന്ന് ഹെല്ലർ തന്റെ പേര് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.[14] പൊതുജനങ്ങൾ അദ്ദേഹത്തോട് ഇപ്പോഴും സ്വീകാര്യത പുലർത്തിയിരുന്നില്ല, കെല്ലർ ഒടുവിൽ അമേരിക്കയിൽ തുടരാനിരിക്കുന്ന ഷോകൾ റദ്ദാക്കുകയും ബ്രസീലിലേക്ക് മടങ്ങുകയും ചെയ്തു.

1882 ലെ മറ്റൊരു ലോക പര്യടനത്തിനുശേഷം, കെല്ലർ ഓസ്‌ട്രേലിയയിലെ മെൽബണിൽ വീണ്ടും മാന്ത്രിക പ്രകടനം നടത്തുകയും സ്റ്റേജിനു പിന്നിൽ തന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന ആരാധികയായ ഇവാ ലിഡിയ മെഡ്‌ലിയെ കാണുകയും ചെയ്തു. തന്റെ യാത്രാവേളകളിൽ എഴുത്തുകുത്തുകൾ നടത്താമെന്ന് അദ്ദേഹം കെല്ലർക്ക് വാക്കുകൊടുത്തു.[15] അടുത്ത അഞ്ച് വർഷത്തേക്ക് അവർ പരസ്പരം കത്തുകൾ കൈമാറിയിരുന്നു.

പെൻ‌സിൽ‌വാനിയയിലെ ഫിലഡൽ‌ഫിയയിൽ ചെസ്റ്റ്നട്ട് സ്ട്രീറ്റിലെ ഒരു പഴയ കെട്ടിടം വാടകയ്ക്ക് എടുത്തശേഷം 1884 ഡിസംബറിൽ കെല്ലർ തന്റെ ഈജിപ്ഷ്യൻ ഹാളിന്റെ പതിപ്പ് ആരംഭിച്ചു. 264 പ്രകടനങ്ങൾക്ക് ശേഷം 1885 ജൂൺ 24 ന് കെല്ലർ തിയേറ്റർ അടച്ചുപൂട്ടി. കെല്ലർ വിട്ടുപോയതിനുശേഷം ഈ തിയേറ്റർ കത്തിനശിച്ചു.

കെല്ലർ അമേരിക്കയിൽ പ്രകടനം നടത്തുന്നസമയത്ത്, പെൻ‌സിൽ‌വാനിയയിലെ ഈറിയിലെ സ്റ്റേജിൽ ഇന്ദ്രജാല പ്രകടനം നടത്തുന്നതിനായി പ്രത്യക്ഷപ്പെടുന്നതിന് ആഴ്ചകൾക്ക് മുമ്പായി മെഡ്‌ലി അദ്ദേഹത്തിന്റെയുടത്ത് എത്തി. വേദിയിൽ കുഴൽവാദ്യം വായിച്ച അവർ മാജിക് വ്യവസായത്തെക്കുറിച്ച് പഠിക്കുവാൻ ആരംഭിച്ചു. കെല്ലറും മെഡ്‌ലിയും 1887 നവംബർ 1 ന് മിഷിഗണിലെ കലമാസുവിലുള്ള ഒരു പള്ളിയിൽ വച്ച് വിവാഹിതരായി.[16] തുടർന്നുള്ള വർഷങ്ങളിൽ കെല്ലറിന്റെ ഷോകളിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുകയും- വരാനിരിക്കുന്ന പല ഇന്ദ്രജാല പ്രകടനങ്ങളിലും അവർ തന്റേതായ ഒരു പങ്കുവഹിച്ചുവെന്ന് മാത്രമല്ല, ഈ ഷോകൾക്ക് സംഗീതം നൽകുന്നതിലും ശ്രദ്ധിച്ചിരുന്നു.

1891 ഒക്ടോബറിൽ കെല്ലർ ഫിലാഡൽഫിയയിലേക്ക് മടങ്ങിപ്പോകുകയും തന്റെ രണ്ടാമത്തെ ഈജിപ്ഷ്യൻ ഹാൾ ചെസ്റ്റ്നട്ട് സ്ട്രീറ്റിലുള്ള കൺസേർട്ട് ഹാളിൽ തുറക്കുകയും ചെയ്തു. 1892 ഏപ്രിൽ 30 ന് കെല്ലർ തന്റെ രണ്ടാമത്തെ ഈജിപ്ഷ്യൻ ഹാളിന്റെ പ്രവർത്തനം ഏഴുമാസത്തെ വിജയകരമായ ഷോകളോടെ അവസാനിപ്പിച്ചു.

കെല്ലർ വിദേശത്തായിരുന്ന കാലഘട്ടത്തിൽ മറ്റൊരു മാന്ത്രികനായ അലക്സാണ്ടർ ഹെർമാൻ പ്രശസ്തനായി ഉയർന്നു വരുകയും അമേരിക്കയിലേക്ക് മടങ്ങിയപ്പോൾ കെല്ലർ അയാളെ ഒരു എതിരാളിയുമായി കാണുകയും ചെയ്തു. കെല്ലറുടെ ചെപ്പടിവിദ്യകളുടെ ന്യൂനതകളെ ഹെർമാൻ പലപ്പോഴും വിമർശിക്കുകയും പകരം മെക്കാനിക്കൽ തന്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവകാശപ്പെടുകയും ചെയ്തു. ചെപ്പടിവിദ്യകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, കൺകെട്ടു വിദ്യയിൽ കെല്ലർ അതീവ നിപുണനായിരുന്നു.

പിൽക്കാല ജീവിതം

[തിരുത്തുക]
കെല്ലർ ഹാരി ഹൗഡിനിയോടൊപ്പം 1915 ൽ

കെല്ലർ 1908-ൽ തൊഴിലിൽനിന്ന് വിരമിക്കുകയും ഹോവാർഡ് തർസ്റ്റണെ അദ്ദേഹത്തിന്റെ പിൻഗാമിയാകാൻ അനുവദിക്കുകയും ചെയ്തു. ഫ്രാൻസിലെ പാരീസിൽ അവധിക്കാലത്ത് ചീട്ടിലെ തന്ത്രങ്ങൾ ചെയ്തിരുന്ന കാലത്താണ് തർസ്റ്റണെ കെല്ലർ കണ്ടുമുട്ടിയത്. മേരിലാൻഡിലെ ബാൾട്ടിമോറിലുള്ള ഫോർഡ് തിയേറ്ററിലാണ് കെല്ലർ തന്റെ അവസാന ഷോ നടത്തിയത്.[17] കെല്ലർ ഒടുവിൽ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലുള്ള വീട്ടിലേക്ക് താമസം മാറി. കെല്ലറുടെ ഭാര്യ രണ്ടു വർഷത്തിനുശേഷം മരിച്ചു.

കെല്ലറെ പലപ്പോഴും മറ്റ് ജാലവിദ്യക്കാർ സന്ദർശിക്കാറുണ്ടായിരുന്നു, പ്രത്യേകിച്ച് ഹാരി ഹൗഡിനി ഉൾപ്പെടെയുള്ളവർ.[18] 1917 നവംബർ 11 ന്, ഒരു ജർമ്മൻ യു-ബോട്ട് (ലോകമഹായുദ്ധത്തിന്റെ ആദ്യത്തെ അമേരിക്കൻ നാശനഷ്ടങ്ങളായി കണക്കാക്കപ്പെടുന്ന) ആക്രമണത്തിൽ യു‌എസ്‌എസ് ആന്റിലീസ് മുങ്ങിയ സംഭവത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി ഹൌഡിനിയുമായി ചേർന്ന് സൊസൈറ്റി ഓഫ് അമേരിക്കൻ മജീഷ്യൻസ് എന്ന സംഘടനയ്ക്കായി അദ്ദേഹം ഒരു ഷോ അവതരിപ്പിച്ചു.[19] വിരമിക്കലിനുശേഷം ഒരു ഷോ കൂടി അവതരിപ്പിക്കാൻ ഹാരി ഹൌഡിനി കെല്ലറെ പ്രേരിപ്പിച്ചു.

അക്കാലത്തെ ഏറ്റവും വലിയ സ്റ്റേജായ ന്യൂയോർക്കിലെ ഹിപ്പോഡ്രോമിലാണ് ഈ ഷോ നടന്നത്. കെല്ലറുടെ പ്രകടനത്തിനുശേഷം, അദ്ദേഹം പോകാൻ തുടങ്ങി, പക്ഷേ ഹൌഡിനി അദ്ദേഹത്തെ തടഞ്ഞുകൊണ്ടുപറഞ്ഞു, "അമേരിക്കയിലെ ഏറ്റവും വലിയ മാന്ത്രികനെ തന്റെ അവസാന പൊതു പ്രകടനത്തിന് ശേഷം വിജയാരവത്തോടെ കൊണ്ടുപോകണം". സൊസൈറ്റി ഓഫ് അമേരിക്കൻ മജീഷ്യൻസിലെ അംഗങ്ങൾ കെല്ലറിനെ ഒരു പല്ലക്കിന്റെ ഇരിപ്പിടത്തിലേക്ക് കയറ്റിയിരുത്തി. 125-അംഗ ഹിപ്പോഡ്രോം ഓർക്കസ്ട്ര ടീം "ഓൾഡ് ലാംഗ് സെയ്ൻ" ആലപിക്കവേ കെല്ലർ ഉപവിഷ്ടനായിരുന്ന പല്ലക്ക് സാവധാനം വേദിയിൽനിന്ന് എടുത്തു കൊണ്ടു പോകപ്പെട്ടു.[20]

വിരമിച്ചതിനുശേഷം കെല്ലർ വിശ്രമജീവിതം നയിക്കവേ 1922 മാർച്ച് 3 ന് പകർച്ചപ്പനി മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ രക്തസ്രാവത്തെത്തുടർന്ന് നിന്ന് മരണമടഞ്ഞു.[21] ലോസ് ഏഞ്ചൽസിലെ ഏഞ്ചലസ്-റോസെഡേൽ സെമിത്തേരിയിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നു.

അവലംബം

[തിരുത്തുക]
  1. Caveney 2003, p. 18
  2. Christopher 2005, p. 198
  3. Christopher 2005, p. 198
  4. Christopher 2005, p. 198
  5. Christopher 2005, p. 199
  6. "Harry Kellar (1849–1922)". American Experience. Public Broadcasting Service. 1999. Retrieved June 8, 2006.
  7. Christopher 2005, p. 200
  8. "Harry Kellar (1849–1922)". American Experience. Public Broadcasting Service. 1999. Retrieved June 8, 2006.
  9. "Harry Kellar (1849–1922)". American Experience. Public Broadcasting Service. 1999. Retrieved June 8, 2006.
  10. Gibson 1966.
  11. Christopher 2005, p. 207
  12. Christopher 2005, p. 207
  13. Christopher 2005, p. 212, 214
  14. Caveny 2003, p. 85.
  15. Caveny 2003, p. 115.
  16. Caveny 2003, p. 163.
  17. Christopher 2005, p. 220
  18. "Harry Kellar (1849–1922)". American Experience. Public Broadcasting Service. 1999. Retrieved June 8, 2006.
  19. Christopher 2005, p. 221
  20. "Harry Kellar (1849–1922)". American Experience. Public Broadcasting Service. 1999. Retrieved June 8, 2006.
  21. Christopher 2005, p. 221
"https://ml.wikipedia.org/w/index.php?title=ഹാരി_കെല്ലർ&oldid=3491972" എന്ന താളിൽനിന്ന് ശേഖരിച്ചത്