ഹൈക്കോടതി
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ നീതിന്യായ വ്യവസ്ഥിതിയിലെ പരമോന്നത പദവി വഹിക്കുന്ന സ്ഥാപനമാണ് ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയുടെ 214 മുതൽ 231 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഹൈക്കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇന്ത്യയിലെ ഹൈക്കോടതികൾ
[തിരുത്തുക]ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഓരോ ഹൈക്കോടതി വേണമെന്ന് അനുച്ഛേദം 214 നിഷ്കർഷിക്കുന്നു. എന്നാൽ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് ഒരു പൊതു ഹൈക്കോടതി സ്ഥാപിക്കുന്നതിനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അനുച്ഛേദം 231 വ്യക്തമാക്കുന്നു. ഭരണഘടന നിലവിൽ വരുന്നതിൻ മുൻപ് തന്നെ മദ്രാസ്, ബോംബെ, കൽക്കത്ത, ദില്ലി എന്നിവിടങ്ങളിൽ ഹൈക്കോടതികൾ ഉണ്ടായിരുന്നു. ആ ഹൈക്കോടതികളുടെ അധികാരങ്ങൾ അതേപടി നിലനിർത്തിയിട്ടുണ്ട് (അനുച്ഛേദം 225). സംസ്ഥാന നിയമസഭകൾ നിർമ്മിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നിലധികം ബെഞ്ചുകൾ ചില ഹൈക്കോടതികൾക്ക് ഉണ്ടാകാം. നിലവിൽ ഇന്ത്യയിലുള്ള ഹൈക്കോടതികളും, അവയുടെ ബെഞ്ചുകളും, അധികാരപരിധിയും താഴെ നൽകുന്നു.
ഇന്ത്യയിലെ ഹൈക്കോടതികൾ | |||||
ക്രമ നം. | പേര് | നിലവിൽ വന്ന ദിവസം/വർഷം | അധികാരപരിധി | ആസ്ഥാനം | ബഞ്ചുകൾ |
---|---|---|---|---|---|
1 | കൊൽക്കത്ത | 01.07.1862 | പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ |
കൊൽക്കത്ത | പോർട്ട്‌ബ്ലയർ |
2 | മുംബൈ | 14.08.1862 | മഹാരാഷ്ട്ര, ഗോവ, ദമൻ ദ്വീപ്, ദാദ്രാനഗർ ഹവേലി |
മുംബൈ | നാഗ്‌പൂർ, ഔറംഗാബാദ്, പനാജി |
3 | ചെന്നൈ | 15.08.1862 | തമിഴ്‌നാട്, പോണ്ടിച്ചേരി | ചെന്നൈ | |
4 | അലഹബാദ് | 11.06.1866 | ഉത്തർപ്രദേശ് | അലഹബാദ് | ലക്‌നൗ |
5 | കർണാടക | 1884 | കർണാടക | ബാംഗ്ലൂർ | |
6 | പാറ്റ്ന | 02.09.1916 | ബിഹാർ | പാറ്റ്ന | |
7 | ജമ്മു കാശ്മീർ | 28.08.1943 | ജമ്മു കാശ്മീർ | ശ്രീനഗർ, ജമ്മു | |
8 | പഞ്ചാബ് & ഹരിയാന | 18.11.1947 | പഞ്ചാബ്, ഹരിയാണ ചണ്ഡിഗഡ് |
ചണ്ഡിഗഡ് | |
9 | ഗുവാഹട്ടി | 01.03.1948 | അസം, മിസോറാം, നാഗാലാന്റ്, അരുണാചൽ പ്രദേശ് |
ഗുവാഹട്ടി | ഇംഫാൽ, ഷില്ലോങ്, ഐസ്വാൾ, അഗർത്തല, കൊഹിമ |
10 | ഒറീസ | 03.04.1948 | ഒറിസ | കട്ടക് | |
11 | രാജസ്ഥാൻ | 21.06.1949 | രാജസ്ഥാൻ | ജോധ്പൂർ | ജയ്പൂർ |
12 | ഹൈദരാബാദ് | 05.07.1954 | തെലുങ്കാന | ഹൈദരാബാദ് | |
13 | മധ്യപ്രദേശ് | 02.01.1936 | മധ്യപ്രദേശ് | ജബൽപൂർ | ഇൻഡോർ, ഗ്വാളിയോർ |
14 | കേരള ഹൈക്കോടതി | 1956 | കേരളം, ലക്ഷദ്വീപ് | എറണാകുളം | |
15 | ഗുജറാത്ത് | 01.05.1960 | ഗുജറാത്ത് | അഹമ്മദാബാദ്‍ | |
16 | ഡെൽഹി ഹൈക്കോടതി | 31.10.1966 | ഡൽഹി | ഡൽഹി | |
17 | ഹിമാചൽ പ്രദേശ് | 1971 | ഹിമാചൽ പ്രദേശ് | ഷിംല | |
18 | സിക്കിം | 1975 | സിക്കിം | ഗാങ്‌ടോക്ക് | |
19 | ഉത്തരാഖണ്ഡ് | 09.11.2000 | ഉത്തരാഖണ്ഡ് | നൈനിറ്റാൾ | |
20 | ഛത്തീസ്‌ഗഢ് | 11.01.2000 | ഛത്തീസ്‌ഗഢ് | ബിലാസ്‌പൂർ | |
21 | ജാർഖണ്ഡ് | 15.01.2000 | ജാർഖണ്ഡ് | റാഞ്ചി | |
22 | മണിപ്പൂർ | 25.03.2013 | മണിപ്പൂർ | ഇംഫാൽ | |
23 | മേഘാലയ | 25.03.2013 | മേഘാലയ | ഷില്ലോംഗ് | |
24 | ത്രിപുര | 26.03.2013 | ത്രിപുര | അഗർത്തല | |
25 | ആന്ധ്രാപ്രദേശ് | 2019 | ആന്ധ്രാപ്രദേശ് | അമരാവതി |
ഹൈക്കോടതിയിലെ ജഡ്ജിമാർ
[തിരുത്തുക]രാഷ്ട്രപതി കാലാകാലങ്ങളിൽ നിയമിക്കുന്ന ഒരു ചീഫ് ജസ്റ്റിസും, ജഡ്ജിമാരും അടങ്ങുന്നതാണ് ഹൈക്കോടതി. സന്ദർഭോചിതമായി അഡീഷണൽ ജഡ്ജിമാരെയും ആക്റ്റിംഗ് ജഡ്ജിമാരെയും നിയമിക്കാനുള്ള അധികാരവും രാഷ്ട്രപതിയ്ക്കുണ്ട്.
ഭരണഘടനയനുസരിച്ച് ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുമ്പോൾ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും അതത് സംസ്ഥാന ഗവർണർമാരോടും കൂടിയാലോചിക്കേണ്ടതുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒഴികെയുള്ള ജഡ്ജിമാരുടെ നിയമനക്കാര്യത്തിൽ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ആലോചിക്കാറുണ്ട്. ഭരണഘടനയിലെ ഈ വകുപ്പുകൾ പരിശോധിച്ച് ഇന്ത്യയുടെ സുപ്രീം കോടതി രണ്ട് സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജഡ്ജിനിയമനം സംബന്ധിച്ച കേസുകൾ പ്രസിദ്ധങ്ങളാണ്. ഈ വിധിന്യായങ്ങൾ അനുസരിച്ച് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ചുള്ള കൂടിയാലോചനകളിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും അഭിപ്രായങ്ങൾക്ക് മുൻഗണനയുണ്ടായിരിക്കുന്നതാണ്. ചീഫ് ജസ്റ്റിസുമാർ ഈ വിഷയത്തിൽ അഭിപ്രായ രൂപീകരണം നടത്തുമ്പോൾ അതത് കോടതികളിലെ ഏറ്റവും മുതിർന്ന രണ്ട് ജഡ്ജിമാർ കൂടി അടങ്ങുന്ന ഉന്നതതല സമിതിയുമായി കൂടിയാലോചിച്ച് വേണം എന്നും മേല്പറഞ്ഞ വിധിന്യായങ്ങളിൽ നിഷ്കർഷിക്കുന്നു. ഉന്നത നീതിപീഠങ്ങളിലെ നിയമനങ്ങളിൽ രാഷ്‌ട്രീയ ഇടപെടലുകൾ മുഴുവനായും ഒഴിവാക്കുന്നതിനുള്ള മാർഗ്ഗമായാണ് ഈ വിധിന്യായങ്ങൾ ഉണ്ടായതെങ്കിലും സുപ്രീം കോടതിയെ നിശിതമായ വിമർശനത്തിനു വിധേയമാക്കിയ വിധിന്യായങ്ങളാണവ. രാഷ്‌ട്രീയ ദുഷ്ടലാക്കുകളിൽ നിന്നു നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങളെ രക്ഷിക്കുന്ന വ്യാജേന അവയെ ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിമാരുടെ തന്നിഷ്ടത്തിനു വിധേയമാക്കി എന്ന വിമർശനം വളരെയുണ്ട്.
ഹൈക്കോടതി ജഡ്ജിമാരാകാനുള്ള യോഗ്യതകൾ അനുച്ഛേദം 217-ൽ സൂചിപ്പിച്ചിരിക്കുന്നു. പത്ത് വർഷം ഇന്ത്യയിൽ നീതിന്യായാധികാരസ്ഥാനത്ത് ജോലി നോക്കുകയോ ഒന്നോ അതിലധികമോ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായിരിക്കയോ ചെയ്തിട്ടുള്ള ഇന്ത്യൻ പൗരനാണ് ഹൈക്കോടതി ജഡ്ജിയാകുവാൻ സാധിക്കുക. മുതിർന്ന ഹൈക്കോടതി ജഡ്ജിമാരിൽ നിന്നാണ് ചീഫ് ജസ്റ്റിസിനെ നിശ്ചയിക്കുന്നത്. ഈ നിയമത്തിനു കീഴിൽ മുതിർന്ന ജില്ലാ/ സെഷൻസ് ജഡ്ജിമാരെ സ്ഥാനകയറ്റം വഴിയും ഹൈക്കോടതി അഭിഭാഷകരിൽ നിന്നു നേരിട്ടും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാറുണ്ട്.
ഒരു ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഹൈക്കോടതിയിലേക്ക് ജഡ്ജിമാരെ സ്ഥലംമാറ്റാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെങ്കിലും അത് വളരെ വിരളമായി മാത്രം ഉപയോഗിക്കപ്പെടുന്ന ഒന്നായാണ് കാണുന്നത്. ഈ വിഷയത്തിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് കൂടിയാലോചിക്കേണ്ടതും അദ്ദേഹത്തിന്റെ അഭിപ്രായത്തിനു മുൻഗണനയുള്ളതുമാണ്.
ഇമ്പീച്ച്മെന്റ്
[തിരുത്തുക]ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടവരെ പുറത്താക്കാൻ പ്രത്യേകകുറ്റവിചാരണ (ഇംപീച്‌മന്റ) നടത്തണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന ഒരു സമിതി കുറ്റക്കാരനാണെന്ന് കാണുന്നപക്ഷം പ്രത്യേക കുറ്റവിചാരണ നടത്താം. പാർലമന്റിലെ രണ്ട് സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിച്ചാൽ മാത്രമെ ഹൈക്കോടതി ജഡ്ജിയെ പുറത്താക്കാൻ സാധിക്കുകയുള്ളു. സുപ്രീം കോടതി ജഡ്ജിമാരെ പുറത്താക്കുന്നതിനും ഇതേ നടപടികൾ തന്നെയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് പ്രത്യേക കുറ്റവിചാരണ നടന്നത്. ഒന്നാമതായി ജസ്റ്റിസ് വി. രാമസ്വാമിയുടെ കാര്യത്തിലും രണ്ടാമത് ജസ്റ്റിസ് സൗമിത്ര സെന്നിന്റെ കാര്യത്തിലും.
റിട്ടുകൾ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം
[തിരുത്തുക]സുപ്രീംകോടതിയെ പോലെ മൗലികാവകാശ സംരക്ഷണത്തിന് പ്രത്യേക ഉത്തരവുകൾ (റിട്ടുകൾ) പുറപ്പെടുവിക്കാൻ അധികാരം ഹൈക്കോടതികൾക്കുമുണ്ട്. എങ്കിലും റിട്ടുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതികൾക്കുള്ള അധികാരം സുപ്രീംകോടതികളേക്കാൾ വിപുലമാണ്. അധികാരപരിധിയിലുള്ള കീഴ്കോടതികൾ, ട്രൈബ്യൂണലുകൾ എന്നിവയുടെ മേൽനോട്ടം ഹൈക്കോടതിയുടെ ചുമതലയിൽ വരുന്നവയാണ്.
കീഴ്ക്കോടതികൾ
[തിരുത്തുക]അതാത് ഹൈക്കോടതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കീഴ്ക്കോടതികളും ഇന്ത്യയിലുണ്ട്. അവയെ മുൻഗണന ക്രമത്തിൽ ചുവടെ കൊടുക്കുന്നു;
- ജില്ലാ കോടതി/സെഷൻസ് കോടതി
- അഡീഷണൽ ജില്ലാ കോടതി/അഡീഷണൽ സെഷൻസ് കോടതി
- സബ് കോടതി/ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി
- അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി
- മുൻസിഫ് കോടതി/മജിസ്ട്രേറ്റ് കോടതി