Jump to content

അവധ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Awadh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ ഇന്ത്യയിലെ പൗരാണികഭൂപ്രദേശമായ
അവധ്
Roomi Darwaza
ഇന്നത്തെ സ്ഥാനം ഉത്തർപ്രദേശ്
സ്ഥാപിക്കപ്പെട്ടത്: 1732 (ആധുനികം)
ഭാഷ അവധി, ഹിന്ദുസ്ഥാനി, ഹിന്ദി, ഉർദു
രാജവംശങ്ങൾ അവധിലെ നവാബ് (1722–1858)
പൗരാണിക തലസ്ഥാനങ്ങൾ ഫൈസാബാദ്, ലക്നൗ
ഡിവിഷനുകൾ ലക്നൗ,
ഫൈസാബാദ്,
ദേവിപട്ടൺ,
കാൻപൂർ

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തർ പ്രദേശിന്റെ മദ്ധ്യഭാഗത്തുള്ള ഒരു പ്രദേശമാണ്‌ അവധ് (ഹിന്ദി: अवध). വിവിധ ബ്രിട്ടീഷ് ചരിത്രഗ്രന്ഥങ്ങളിൽ ഔധ്, ഔന്ധ് തുടങ്ങിയ പേരുകളിൽ ഈ പ്രദേശം പരാമശിക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുൻപ് ഉത്തർപ്രദേശിന്റെ പേരു തന്നെ യുണൈറ്റഡ് പ്രൊവിൻസസ് ഓഫ് ആഗ്ര ആന്റ് ഔധ് എന്നായിരുന്നു. അവധിന്റെ പരമ്പരാഗത തലസ്ഥാനം ലക്നൗ ആണ്‌. ഇന്ന് ഉത്തർ പ്രദേശിലെ ജില്ലകളായ അംബേദ്കർ നഗർ, ബറൈച്ച്, ബൽറാം‌പൂർ, ബാരാബങ്കി, ഫൈസാബാദ്, ഗൊണ്ട, ഹർദോയ്, ലഖിം‌പൂർ ഖേരി, ലക്നൗ, പ്രതാപ്ഗഢ്, റായ്ബറേലി, ശ്രാവസ്തി, സീതാപൂർ, സുൽത്താൻപൂർ, യുന്നോ എന്നിവ ഉൾക്കൊള്ളുന്ന ഭൂപ്രദേശമാണ്‌ അവധ്.

അവധി എന്ന ഭാഷാഭേദമാണ്‌ ഈ മേഖലയിലെ ജനങ്ങൾ സംസാരിച്ചു വരുന്നത്. അവധിലെ ഭക്ഷണവിഭവങ്ങളും പേരുകേട്ടതാണ്.

ചരിത്രം

[തിരുത്തുക]
ഇന്ത്യയിൽ അവധിന്റെ സ്ഥാനം, ചുവന്ന നിറത്തിൽ കാണിച്ചിരിക്കുന്നു

അവധിന്റെ പുരാതനചരിത്രം അയോധ്യ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കോസലരാജ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെങ്കിലും, പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബറിന്റെ കാലത്താണ്‌ ഈ പ്രദേശത്തിന്‌ ചരിത്രപ്രാധാന്യം ലഭിക്കുന്നത്. 1819 വരെ മുഗൾ സാമ്രാജ്യത്തിനു കീഴിൽ നവാബ് ഭരിച്ചിരുന്ന ഒരു പ്രവിശ്യയായിരുന്നു അവധ്.

1772-ൽ ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ അവധിലെ സുബാദാറായി മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് ഫൈസാബാദ് കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും ഉത്തരേന്ത്യക്കും ബംഗാളിനും ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും അവധ് രാജവംശത്തിന്‌ അടിത്തറ പാകുകയും ചെയ്തു[1].

ബ്രിട്ടീഷ് ഇടപെടൽ

[തിരുത്തുക]
ലക്നൗവിലെ ബ്രിട്ടീഷ് റെസിഡൻസി

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തന്നെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അവധിൽ ഇടപെടാൻ ആരംഭിച്ചു. ലക്നൗവിൽ ഗോമതിയുടെ തെക്കൻ തീരത്തുള്ള ബ്രിട്ടീഷ് റെസിഡൻസി കെട്ടിടം 1780-1800 കാലഘട്ടത്തിൽ പണിതീർത്തതാണ്. നവാബിന്റെ ഉടമസ്ഥതയിലായിരുന്ന ഈ കെട്ടിടം രണ്ടുവട്ടം അവർ ബ്രിട്ടീഷുകാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.[2] 1856 ഫെബ്രുവരിയിൽ ഗവർണർ ജനറലായ ഡൽഹൗസി, ഭരണകർത്താവിന്റെ കഴിവുകേടാരോപിച്ച്, ദത്തപഹാരനയത്തിലെ വ്യവസ്ഥ പ്രകാരം അവധിനെ സമ്പൂർണ്ണ ബ്രിട്ടീഷ് അധീനതയിലാക്കി. വാജിദ് അലി ഷാ ആയിരുന്നു ഇക്കാലത്തെ അവധിന്റെ നവാബ്.[3] കവിയും നർത്തകനുമായിരുന്ന അദ്ദേഹം സുഖഭോഗാസക്തനുമായിരുന്നു.[4] സർക്കാരിന് ഭരണനിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കാരണമാണ് അവധിനെ കൂട്ടിച്ചേർക്കാൻ ഡൽഹൗസി ഉയർത്തിയ ന്യായം. എന്നാൽ ബ്രിട്ടീഷുകാരുടെ സൈനികസഹായവ്യവസ്ഥ മൂലമാണ് അവധ് ഭരണം താറുമാറായതെന്നും വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാനത്തിന് ബ്രിട്ടീഷ് സൈന്യത്തെ ആശ്രയിക്കാനും തീരുമാനങ്ങളിൽ ബ്രിട്ടീഷ് റെസിഡന്റിന്റെ ഇടപെടലും മൂലം ഇന്ത്യൻ രാജാക്കാൻമാർക്കുണ്ടാകുന്ന അഭിമാനക്ഷതത്തിന്റെ സ്വാഭാവികപരിണാമമാണ് ഭരണത്തിലെ കാര്യക്ഷമതയില്ലായ്മ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഉത്തരേന്ത്യയിലെ ബ്രിട്ടീഷ് നിയന്ത്രിതപ്രദേശങ്ങളുടെ നടുക്ക് കിടക്കുന്ന അവധിന്റെ തന്ത്രപരമായ സ്ഥാനവും, ഇന്ത്യയിൽ മുഴുവൻ നാട്ടുരാജാക്കൻമാരുടെ ഭരണം അവസാനിപ്പിച്ച് ഏകീകൃതമായ ബ്രിട്ടീഷ് ഭരണം നടപ്പാക്കുക ഡൽഹൗസിയുടെ താൽപര്യവുമാണ് അവധ് ഏറ്റെടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.[3] ഒരു സഖ്യകക്ഷിയോട് നടത്തിയ തീർത്തും അസാധാരണമായ ഈ പിടിച്ചെടുക്കൽ നടപടി ഏറെ വിമർശിക്കപ്പെട്ടു.[5] ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിലെ ശിപായിമാരിൽ ഭൂരിഭാഗവും അവധ് മേഖലയിൽനിന്നുള്ള ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള ഉയർന്നജാതിയിൽപ്പെട്ട ഹിന്ദുക്കളായിരുന്നു. അവധിന്റെ പിടിച്ചെടുക്കൽ ഇവരെ തങ്ങളുടെ മണ്ണിൽത്തന്നെ കുടിയാന്മാരാക്കി മാറ്റി എന്ന മനോഭാവമുണ്ടാക്കി.[4] തൊട്ടടുത്ത വർഷം ഉത്തരേന്ത്യയിൽ വ്യാപകമായി നടന്ന ശിപായിലഹളയുടെ പ്രധാനപ്പെട്ട കാരണം ഇതായിരുന്നു. ഇംഗ്ലീഷ് ഉദ്യോഗസ്ഥർ പോലും അവധിന്റെ പിടിച്ചെടുക്കൽ കമ്പനിയുടെ ഏറ്റവും മോശം അദ്ധ്യായങ്ങളിലൊന്നായി കണക്കാക്കി. കമ്പനിയുടെ അവധ് കൊള്ളയടി എന്ന പേരിലാണ് (Dacoitee in Excelsis; or The Spoliation of Oude by the East India Company) 1857-ൽ ഈ സംഭവത്തെക്കുറിച്ച് രചിക്കപ്പെട്ട പ്രസിദ്ധമായ ഒരു പുസ്തകം പുറത്തിറങ്ങിയത്. പേരുവക്കാതെ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ രചയിതാവ് റോബെർട്ട് വിൽഫ്രഡ് ബേഡ് ആണെന്ന് വിശ്വസിക്കപ്പെടുന്നു. അവധിന്റെ പിടിച്ചടക്കലിനെ ന്യായീകരിക്കുന്നതിനായി കമ്പനി, അവധ് ബ്ലൂ ബുക്ക് എന്ന ഒരു പാർലമെന്ററി രേഖ നിർമ്മിച്ചിരുന്നു. തൽപരകക്ഷികളുടെ സമ്മർദ്ദം മൂലം, ഒട്ടേറെ കെട്ടിച്ചമക്കപ്പെട്ട വിവരങ്ങളുൾപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയതെന്ന് ഈ പുസ്തകം വിമർശിക്കുന്നു.[4] കുറ്റകൃത്യങ്ങളും ഭരണകെടുകാര്യസ്ഥതയും കൊണ്ട് അവധ് നാശോന്മുഖമായിരിക്കുകയാണെന്നാണ് അവധ് ബ്ലൂ ബുക്കിൽ ചിത്രീകരിച്ചത്. എന്നാൽ ഇത് വെറും ഭാവനയാണെന്നും അവധിലെ ജനങ്ങൾ കമ്പനിയുടെ ഭരണത്തേക്കാൾ നവാബ് ഭരണത്തെയാണ് ഇഷ്ടപ്പെടുന്നതെന്നും ഈ പുസ്തകം ചൂണ്ടിക്കാട്ടി.[5]

ലക്നൗവിലെ റെസിഡന്റ് ആയിരുന്ന ജെയിംസ് ഔട്ട്റാം ആയിരുന്നു ബ്രിട്ടീഷുകാർ ഏറ്റെടുത്തതിനുശേഷം അവധിലെ ആദ്യത്തെ ചീഫ് കമ്മീഷണറായി 1856 ഫെബ്രുവരിയിൽ നിയമിതനായത്, ഇതിനുശേഷം കവേർലി ജോൺസൺ ചീഫ് കമ്മീഷണറായി. മൂന്നാമത്തെ ചീഫ് കമ്മീഷണറായി 1857 മാർച്ചിൽ നിയമിക്കപ്പെട്ട ഹെൻറി ലോറൻസ് [3] 1857-ലെ കലാപത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

മുഗൾകാലത്തെ ശൈലിയനുസരിച്ച് നികുതിപിരിവിനായി അവധ്, പന്ത്രണ്ട് ചക്ലകളായും അവയെ എഴുപത് പാർഗണകളായും വിഭജിക്കപ്പെട്ടിരുന്നു. 1838 കാലത്ത് ഈ ചക്ലകളിൽ നികുതിപിരിവിന്റെ ചുമതലക്കാരായി നസീമുകൾ എന്നറിയപ്പെടുന്ന ആറു ചക്ലാദാർമാരുണ്ടായിരുന്നു. പല ചക്ലാദാർമാർക്കും രണ്ടിലധികം ചക്ലകളുടെ ചുമതലയുണ്ടായിരുന്നു.

ഇവർക്കു താഴെ തദ്ദേശീയരജപുത്രരാജാക്കൻമാരുടെ ഭരണമായിരുന്നു. താലൂക്കകൾ എന്നാണ് ഓരോ ഭരണപ്രദേശവും അറിയപ്പെട്ടിരുന്നത്. രാജാ അല്ലെങ്കിൽ താലൂക്ക്ദാർ എന്നാണ് ഇവിടത്തെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്. ഈ താലൂക്ക്ദാര്മാര് അവരുടെ കോട്ടകൾ കേന്ദ്രീകരിച്ച് സ്വന്തം സൈന്യത്തെ ഉപയോഗിച്ച് പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രിച്ചു. ഈ വ്യവസ്ഥയെ ഇംപീരിയം ഇൻ ഇംപീരിയം എന്നാണ് രുദ്രാങ്ഷു മുഖർജി നിരീക്ഷിച്ചിരിക്കുന്നത്. കർഷകരും ഈ താലൂക്കദാർമാരും തമ്മിൽ ജന്മികുടിയാൻ ബന്ധമായിരുന്നു. കൃഷിക്കാർ അവരുടെ ഉൽപ്പാദനത്തിന്റെ വീതം നൽകുകയും താലൂക്ക്ദാർ പകരം അവർക്ക് സംരക്ഷണം നൽകുകയും ചെയ്തു. കൃഷിക്കാരാകട്ടെ താലൂക്ക്ദാറിനോട് പൂർണ്ണമായ വിധേയത്വം കാണിക്കുകയും, കടം കയറിയ താലൂക്ക്ദാർമാർക്ക്, അവരുടെ ഭൂമി നസീമോ മറ്റു പലിശക്കാരോ പിടിച്ചെടുക്കുന്നതിൽ നിന്ന് തടയാൻ, കൃഷിക്കാർ പണം സ്വരൂപിച്ചുകൊടുക്കുക വരെ ചെയ്തിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് അവധിലെ ഏറിയഭാഗം ഭൂമിയും ഇത്തരത്തിൽ താലുക്ക്ദാര്മാരുടെ കൈവശമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തോടെ ഇത്തരം താലൂക്ക്ദാർമാരുടെ അധികാരം നിയന്ത്രിക്കപ്പെട്ടു.[3]

അവലംബം

[തിരുത്തുക]
  1. "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 144. ISBN 81-7450-724-8. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നോ (Exile and Return - Mount Abu and Lucknow), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 329. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  3. 3.0 3.1 3.2 3.3 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 333–334. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)CS1 maint: year (link)
  4. 4.0 4.1 4.2 ലാസ്റ്റ് മുഗൾ,[൧] താൾ: 126
  5. 5.0 5.1 ലാസ്റ്റ് മുഗൾ,[൧] താൾ: 127

ഗ്രന്ഥങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അവധ്&oldid=3089475" എന്ന താളിൽനിന്ന് ശേഖരിച്ചത്