Jump to content

അഡോൾഫ് ഹിറ്റ്ലറുടെ മരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Death of Adolf Hitler എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ പത്രമായ സ്റ്റാർസ് ആൻഡ് സ്ട്രൈപ്സിന്റെ ഒന്നാം പേജ്, 1945 മേയ് 2

ഒരു ജർമ്മൻ രാഷ്ട്രീയപ്രവർത്തകനും നാസി പാർട്ടിയുടെ നേതാവുമായിരുന്ന അഡോൾഫ് ഹിറ്റ്ലർ 1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു. 'നേതാവ്' എന്നർത്ഥം വരുന്ന 'ഫ്യൂറർ' (Führer) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1945 ഏപ്രിൽ 30-ന് ബെർലിനിലെ ഫ്യൂറർബങ്കർ എന്ന ഒളിത്താവളത്തിൽ വച്ച് ഹിറ്റ്ലർ ആത്മഹത്യ ചെയ്തു. ഒരു തോക്കിൽ നിന്ന് വെടിയുതിർത്താണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.[i][ii][iii] അദ്ദേഹത്തിന്റെ കാമുകിയും ഒരു ദിവസം മാത്രം ഭാര്യയുമായിരുന്ന ഈവാ ബ്രൗണും ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്തു. സയനൈഡ് കഴിച്ചാണ് ഈവാ ബ്രൗൺ ആത്മഹത്യ ചെയ്തത്.[iv] ഹിറ്റ്ലറുടെയും ഈവാ ബ്രൗണിന്റെയും മൃതശരീരങ്ങൾ ബങ്കറിനു പുറത്തുള്ള റെയ്ച്ച് ചാൻസലറി ഉദ്യാനത്തിൽ കൊണ്ടുവന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി അടക്കം ചെയ്തു.[1][2] ഇരുവരുടെയും കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ പല സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും 1970-ൽ ഇവ കണ്ടെടുത്ത് വീണ്ടും ദഹിപ്പിച്ചുവെന്നും ചിതാഭസ്മം പല സ്ഥലങ്ങളിലായി വിതറിയെന്നും സോവിയറ്റ് രേഖകളിൽ പറയുന്നു.[v][vi]

അഡോൾഫ് ഹിറ്റ്ലറുടെ മരണത്തെ സംബന്ധിച്ച് പല അഭ്യൂഹങ്ങളും നിലനിൽക്കുന്നു. അദ്ദേഹം വിഷം കഴിച്ച് ആത്മഹത്യ ചെയ്തുവെന്ന് ചിലർ വാദിക്കുന്നു.[vii] സയനൈഡ് കഴിക്കുമ്പോൾ വെടിയുതിർത്തതാണ് ഹിറ്റ്ലറുടെ മരണകാരണമെന്ന് മറ്റുചിലരും വിശ്വസിക്കുന്നു.[viii] എന്നാൽ അക്കാലത്തെ ചരിത്രകാരന്മാർ ഈ രണ്ടു വാദങ്ങളും തള്ളിക്കളഞ്ഞിട്ടുണ്ട്. സോവിയറ്റ് യൂണിയനാണ് ഇത്തരം കഥകൾ പ്രചരിപ്പിച്ചതെന്നാണ് അവരുടെ നിഗമനം.[ix][x][viii][xi] ഹിറ്റ്ലറുടെ വായിലൂടെ വെടിയുണ്ട കടന്നുപോയതിന്റെ ലക്ഷണങ്ങൾ മൃതശരീരത്തിലുണ്ടായിരുന്നുവെന്ന ദൃക്സാക്ഷിമൊഴിയും സത്യമല്ലെന്നു തെളിഞ്ഞിട്ടുണ്ട്.[xii][xiii] ഹിറ്റ്ലറുടേതായി കണ്ടെടുത്ത തലയോട്ടിയുടെയും താടിയെല്ലിന്റെയും ആധികാരികത സംബന്ധിച്ചും വിവാദങ്ങളുണ്ടായിട്ടുണ്ട്.[xiv][xv] സോവിയറ്റ് ഉദ്യോഗസ്ഥർ ദീർഘകാലം ഹിറ്റ്ലറുടേതെന്നു വിശ്വസിച്ചുവന്നിരുന്ന തലയോട് 2009-ൽ ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കിയിരുന്നു. അമേരിക്കൻ ഗവേഷകർ നടത്തിയ ഡി.എൻ.എ. പരിശോധനയിൽ ഈ തലയോട് ഹിറ്റ്ലറുടേതല്ല എന്നും ഇതൊരു നാൽപ്പതു വയസ്സിൽ താഴെയുള്ള സ്ത്രീയുടേതാണെന്നും തെളിയുകയുണ്ടായി.[3] ഹിറ്റ്ലറുടേതായി കണ്ടെടുത്ത താടിയെല്ല് ഇതുവരെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല.[4][xvi]

ചരിത്രം

[തിരുത്തുക]
1945 ഏപ്രിൽ 16 മുതൽ 26 വരെയുള്ള സോവിയറ്റ് സൈന്യത്തിന്റെ മുന്നേറ്റം

1945-ന്റെ ആരംഭത്തിൽ ജർമ്മനിയുടെ സൈനികശക്തി തകർച്ചയുടെ വക്കിലെത്തിയിരുന്നു. ബെർലിൻ പിടിച്ചെടുക്കുന്നതിനുള്ള സോവിയറ്റ് യൂണിയന്റെ കുതിപ്പിനു മുമ്പിൽ പോളണ്ടിനു പരാജയം നേരിടേണ്ടി വന്നു.[5] റൈൻ നദി കടന്ന് ജർമ്മൻ വ്യവസായകേന്ദ്രമായ റൂർ പിടിച്ചെടുക്കുന്നതിനായി പുറപ്പെട്ട ബ്രിട്ടീഷ് - കനേഡിയൻ ശക്തികൾ ജർമ്മനിയെ പരാജയപ്പെടുത്തി.[6] അതേസമയം ലൊറൈൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യം കൂടുതൽ ജർമ്മൻ പ്രദേശങ്ങൾ കീഴടക്കുന്നതിനായി മുന്നേറി.[6] ഇറ്റലിയിലെ ജർമ്മൻ മുന്നേറ്റത്തെ അമേരിക്കയും കോമൺവെൽത്ത് ശക്തികളും ദുർബലാക്കി.[7] യൂറോപ്പിലെങ്ങും ജർമ്മനി പരാജയപ്പെട്ടുകൊണ്ടിരുന്നു.[8]

ജർമ്മനിയുടെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് 1945 ജനുവരി 16-ന് ബെർലിനിലെ ഫ്യൂറർബങ്കറിൽ ഹിറ്റ്ലർ എത്തിച്ചേർന്നു. ബെർലിൻ യുദ്ധം യൂറോപ്പിലെ അവസാനത്തെ യുദ്ധമായിരിക്കുമെന്ന് നാസി നേതൃത്വത്തിനു ബോധ്യമായിത്തുടങ്ങിയിരുന്നു.[9] ഏപ്രിൽ 18-ന് ജർമ്മനിയുടെ ആർമി ഗ്രൂപ്പ് ബിയിലെ 3,25,000 സൈനികർ തടവിലാക്കപ്പെട്ടതോടെ അമേരിക്കയ്ക്കു ബെർലിൻ കീഴടക്കുന്നത് എളുപ്പമായിത്തീർന്നു. ഏപ്രിൽ 11-ന് എൽബെ മറികടന്ന അമേരിക്കൻ സൈന്യം ബെർലിൻ നഗരത്തിന്റെ പടിഞ്ഞാറുവശത്തെത്തി.[10] നഗരത്തിന്റെ കിഴക്കുവശത്ത് സോവിയറ്റ് സൈന്യവും എത്തിച്ചേർന്നു.[11] ഹിറ്റലറുടെ ജന്മദിനമായിരുന്ന ഏപ്രിൽ 20-ന് സോവിയറ്റ് യൂണിയൻ ബെർലിൻ നഗരത്തിൽ ആദ്യമായി ബോംബ് പ്രയോഗിച്ചു.[12]

ഫ്യൂറർബങ്കറിന്റെ ചിത്രം

ഏപ്രിൽ 22-ന് ഹിറ്റ്ലറുടെ നാഡികൾക്കു തളർച്ചയനുഭവപ്പെട്ടു. ബെർലിൻ നഗരത്തെ സംരക്ഷിക്കുന്നതിനായി തലേദിവസം എസ്.എസ്.-ജനറൽ ഫെലിക്സ് സ്റ്റെയ്നർക്കു നൽകിയ ആജ്ഞ പാലിക്കപ്പെടാതിരുന്നതാണ് ഹിറ്റ്ലറെ തളർത്തിയത്.[13] സൈനികരുടെ വിശ്വാസവഞ്ചനയെയും സാമർത്ഥ്യമില്ലായ്മയെയും ഹിറ്റ്ലർ കുറ്റപ്പെടുത്തി. യുദ്ധത്തിൽ പരാജയപ്പെട്ടുവെന്ന് അന്നാദ്യമായി ഹിറ്റ്ലർ സമ്മതിച്ചു. ഇനി ബെർലിനിൽ കഴിയുമെന്നും ഒടുവിൽ താൻ വെടിയുതിർത്ത് ആത്മഹത്യ ചെയ്യുമെന്നും ഹിറ്റലർ പ്രഖ്യാപിച്ചു.[14] ആത്മഹത്യ ചെയ്യുവാനുള്ള ഏറ്റവും നല്ല മാർഗ്ഗമേതാണെന്ന് അദ്ദേഹം ഡോ. വെർണർ ഹാസെയോടു ചോദിച്ചു. "തോക്കും വിഷവും ഉപയോഗിച്ചുള്ള ആത്മഹത്യയാണ്" ഡോക്ടർ നിർദ്ദേശിച്ചത്. ഒരു ഡോസ് സയനൈഡ് കഴിച്ച ശേഷം തലയ്ക്കു നേരെ വെടിയുതിർക്കുക എന്നതായിരുന്നു ആ രീതി.[15] ലുഫ്റ്റ്വാഫെ (Luftwaffe)യുടെ തലവനായിരുന്ന ഹെർമ്മൻ ഗോറിംഗ് ഇക്കാര്യം അറിയുകയും റെയ്ക്കിന്റെ (Reich) തലവനായി തന്നെ നിയമിക്കണമെന്ന് ഹിറ്റ്ലറോട് ആവശ്യപ്പെടുകയും ചെയ്തു. 1941-ൽ ഹെർമ്മൻ ഗോറിങ്ങിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചിരുന്നു.[16] പക്ഷേ ഗോറിംഗിനെ വിശ്വസിക്കരുതെന്ന് ഹിറ്റ്ലറുടെ വിശ്വസ്തനായ സെക്രട്ടറി മാർട്ടിൻ ബോർമ്മാൻ ഹിറ്റലറെ ഉപദേശിച്ചു.[17] അതോടെ ഗോറിങ്ങിന്റെ എല്ലാ അധികാരങ്ങളും പിൻവലിച്ച് അയാളെ അറസ്റ്റു ചെയ്യുവാൻ ഹിറ്റ്ലർ ഉത്തരവിട്ടു.[18] അത്രയും നാൾ താൻ വിശ്വസിച്ചിരുന്ന പലരും തന്നെ വഞ്ചിക്കുവാൻ തുടങ്ങി എന്ന യാഥാർത്ഥ്യം ഹിറ്റ്ലർ മനസ്സിലാക്കി. അതോടെ തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനമെടുക്കുവാൻ ഹിറ്റ്ലർ നിർബന്ധിതനായി.[19] ഏപ്രിൽ 29-ന് അർദ്ധരാത്രിയിൽ ഫ്യൂറർബങ്കറിൽ വച്ച് ഹിറ്റ്ലർ തന്റെ കാമുകി ഇവാ ബ്രൗണിനെ വിവാഹം കഴിച്ചു.[xvii] പിറ്റേന്നു രാവിലെ അവസാന ഉത്തരവിൽ ഹിറ്റ്ലർ ഒപ്പുവച്ചു.[xviii][xix]

തന്റെ സുഹൃത്ത് ബെനിറ്റോ മുസ്സോളിനി കൊല്ലപ്പെട്ടുവെന്ന വാർത്ത ഏപ്രിൽ 29-ന് ഹിറ്റ്ലർ അറിഞ്ഞു. മുസ്സോളിനിയുടെയും ഭാര്യയുടെയും മൃതശരീരങ്ങളോട് ഇറ്റലിക്കാർ അനാദരവു കാണിച്ചുവെന്ന വാർത്ത ഹിറ്റലറെ ചിന്താഭരിതനാക്കി. തന്റെ ഭാര്യയോടും ശത്രുക്കൾ ഇപ്രകാരം അനാദരവു കാണിക്കുമെന്ന യാഥാർത്ഥ്യം ഹിറ്റ്ലർ തിരിച്ചറിഞ്ഞു. ആത്മഹത്യ ചെയ്യുവാൻ തയ്യാറായ ഹിറ്റലർ തന്റെ പക്കലുള്ള സയനൈഡിന്റെ ശക്തി ഒരിക്കൽ കൂടി പരീക്ഷിച്ചറിയുവാൻ തീരുമാനിച്ചു. ബ്ലോണ്ടി എന്ന വളർത്തുനായയിൽ സയനൈഡ് പരീക്ഷിച്ചുനോക്കുവാൻ ഡോ. വെർണർ ഹാസെയോട് ഹിറ്റ്ലർ ആവശ്യപ്പെട്ടു. സയനൈഡ് നൽകിയ നിമിഷം തന്നെ ആ നായ ചത്തുവീണു.[20][21][22]

ഈവാ ബ്രൗണും ഹിറ്റ്ലറും ബ്രോണ്ടി എന്ന വളർത്തുനായയ്ക്കൊപ്പം. 1942 ജൂണിലെ ദൃശ്യം

ആത്മഹത്യ

[തിരുത്തുക]

ഹിറ്റ്ലർക്കും ഇവാ ബ്രൗണിനും ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിക്കുവാൻ നാൽപ്പതു മണിക്കൂറിൽ കുറവു സമയം മാത്രമാണ് ലഭിച്ചത്. ബെർലിനെ മോചിപ്പിക്കുന്നതിൽ ഹിറ്റ്ലറുടെ സൈന്യം പരാജയപ്പെട്ടുവെന്ന വാർത്ത ഏപ്രിൽ 30-ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജനറൽ വിൽഹം കെയ്റ്റൽ റിപ്പോർട്ടു ചെയ്തു.[23] ഉച്ചഭക്ഷണം കഴിച്ച ശേഷം ഹിറ്റ്ലറും ഇവാ ബ്രൗണും ഫ്യൂറർബങ്കറിൽ ഉണ്ടായിരുന്ന എല്ലാവരോടും യാത്രപറഞ്ഞു. അവിടെ അപ്പോൾ ഫ്യൂറർബങ്കറിലെ തൊഴിലാളികളും സെക്രട്ടറമാരും സൈനികരും ജോസഫ് ഗീബൽസും അദ്ദേഹത്തിന്റെ കുടുംബവും എന്നിങ്ങനെ ധാരാളം പേരുണ്ടായിരുന്നു. സമയം ഉച്ചയ്ക്കു 2:30 ആകാറായപ്പോൾ ഹിറ്റ്ലർ ഇവാ ബ്രൗണിനോടൊപ്പം പഠനമുറിയിലേക്കു പോയി.[24]

യൂറോപ്പിലെ രണ്ടാം ലോകമഹായുദ്ധം ഹിറ്റ്ലറുടെ മരണസമയത്ത്. ചിത്രത്തിൽ വെളുത്ത നിറത്തിൽ കാണുന്ന പ്രദേശങ്ങൾ നാസികളുടെ നിയന്ത്രണത്തിലും പിങ്ക് നിറത്തിലുള്ളവ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലും ആയിരുന്നു. ചുവപ്പുനിറം സഖ്യകക്ഷികളുടെ മുന്നേറ്റം സൂചിപ്പിക്കുന്നു.

ഉച്ചയ്ക്കു 2:30-ഓടുകൂടി അവിടെ ഒരു വെടിയൊച്ച കേട്ടുവെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു മിനിറ്റുകൾക്കുശേഷം ഹിറ്റ്ലറുടെ ഭൃത്യൻ ഹെയ്ൻസ് ലിങ്ങും ബോർമാനും കൂടി മുറി തുറന്നു നോക്കി.[25] അവിടെ കരിഞ്ഞ ബദാം പരിപ്പിന്റെ ഗന്ധമുണ്ടായിരുന്നതായി ലിങ്ങ് പറയുന്നു. ഹൈഡ്രജൻ സയനൈഡിന്റെ ദ്രവരൂപമായ പ്രൂസിക് ആസിഡിന് അത്തരം ഗന്ധമാണുള്ളത്.[25] ഹിറ്റ്ലറുടെ വിശ്വസ്ത സൈനികന്മാരായ സ്ട്രംബൻ ഫ്യൂററും ഓട്ടോ ഗൺഷെയും മുറിയിൽ കയറിയപ്പോൾ കണ്ടത് സോഫയിൽ കിടക്കുന്ന രണ്ടു ജീവനറ്റ ശരീരങ്ങളാണ്. ഹിറ്റലറുടെ മൃതശരീരത്തിന്റെ ഇടതുവശത്താണ് ഇവാ ബ്രൗണിന്റെ മൃതദേഹം കിടന്നിരുന്നത്. ഹിറ്റ്ലറുടെ നെറ്റിക്കും വലതു ചെവിക്കുമിടയിലുള്ള ഭാഗത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വാൾതർ പി.പി.കെ. 7.65 പിസ്റ്റൾ ഉപയോഗിച്ച് സ്വന്തം തലയ്ക്കു നേരെ ഹിറ്റ്ലർ വെടിയുതിർക്കുകയായിരുന്നു.[26][25][27] ഹിറ്റ്ലറുടെ കാലിനു സമീപമാണ് തോക്ക് കിടന്നിരുന്നത്.[25] ഹിറ്റ്ലർക്കു സമീപമുള്ള സോഫയിലും കാർപ്പെറ്റിലും രക്തം പുരണ്ടിരുന്നു.[28] ഇവ ബ്രൗണിന്റെ ശരീരത്തിൽ മുറിവുകളൊന്നും കാണപ്പെട്ടില്ല. അവർ സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്ന കാര്യം അവരുടെ മുഖത്തു നിന്നും വ്യക്തമായിരുന്നു.[xx] മരണസമയത്ത് ആ മുറിയിൽ മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ബങ്കറിലുണ്ടായിരുന്നവർ നിസ്സംശയം സാക്ഷ്യപ്പെടുത്തുന്നു.[29]

മുറിയിൽ നിന്നും പുറത്തിറങ്ങിയ ഗൺഷെയാണ് ഹിറ്റ്ലറുടെ മരണം പ്രഖ്യാപിച്ചത്. മരിക്കുന്നതിനു മുമ്പ് ഹിറ്റ്ലർ തയ്യാറാക്കിയ കുറിപ്പുകളിലും ശബ്ദശകലങ്ങളിലും പറഞ്ഞിരുന്നതു പോലെ ഇരുവരുടെയും മൃതശരീരങ്ങൾ ബങ്കറിനു വെളയിൽ കൊണ്ടുവന്ന് റെയ്ക് ചാൻസലറിക്കു സമീപമുള്ള ഉദ്യാനത്തിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.[1][2] വേഗം മുകളിലേക്കു വരൂ.. അവർ യജമാനനെ കത്തിക്കുന്നു ("Hurry upstairs, they're burning the boss!") എന്നൊരു ശബ്ദം കേട്ടുവെന്ന് റോച്ചസ് മിഷ് എന്ന ദൃക്സാക്ഷി പറഞ്ഞു.[28] പെട്രോൾ ഉപയോഗിച്ച് തീ കൊളുത്തുവാൻ ആദ്യം കഴിഞ്ഞിരുന്നില്ല. ബങ്കറിലേക്ക് ഓടിപ്പോയ ലിങ്ങ് കുറച്ചു പേപ്പർ ചുരുളുകളുമായി മടങ്ങിയെത്തുകയും അതുപയോഗിച്ച് മൃതദേഹങ്ങൾക്കു തീകൊളുത്തുകയും ചെയ്തു. മൃതദേഹങ്ങൾക്കു തീ പീടിച്ചപ്പോൾ അവിചടെയുണ്ടായിരുന്ന ബോർമാൻ, ഗൺഷെ, ലിങ്ങ്, ഗീബെൽസ്, എറിക് കെംക, പീറ്റർ ഹോൾ, എവാൾഡ് ലിൻഡ്ലോഫ്, ഹാൻസ് റെയ്സർ എന്നിവർ കൈയ്യുയർത്തി സല്യൂട്ട് ചെയ്തു.[30][31]

സമയം 4:15 ആയപ്പോൾ ഹിറ്റലറുടെ മുറിയിലെ രക്തം പുരണ്ട പരവതാനി കത്തിച്ചുകളയുവാൻ ലിങ്ങ് ഉത്തരവിട്ടു. രണ്ടു സൈനികർ ആ പരവതാനി ചുരുട്ടിയെടുത്ത് ഉദ്യാനത്തിൽ വച്ചു തന്നെ കത്തിച്ചുകളഞ്ഞു.[32][33] അവിടെയെത്തിയ സോവിയറ്റ് സൈനികർ റെയ്ക് ചാൻസലറിയും പരിസരവും ബോംബിട്ടു തകർത്തു. കൂടുതൽ പെട്രോൾ കൊണ്ടുവന്ന് എസ്.എസ്. ഗാർഡുകൾ മൃതശരീരങ്ങൾ വീണ്ടും കത്തിച്ചു. ശവശരീരങ്ങൾ പൂർണ്ണമായും കത്തിത്തീരുവാൻ മണിക്കൂറുകൾ വേണ്ടിവന്നുവെന്ന് ലിങ്ങ് പറഞ്ഞിട്ടുണ്ട്.[34] [35][36]


മരണത്തിനുശേഷം

[തിരുത്തുക]
ഫ്യൂറർബങ്കറിന്റെ മുകൾ ഭാഗം. 1947-ൽ തകർക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള ദൃശ്യം. ഇടതുവശത്താണ് ഹിറ്റ്ലറുടെയും ഇവാ ബ്രൗണിന്റെയും മൃതശരീരങ്ങൾ ദഹിപ്പിച്ചത്.
തകർക്കപ്പെട്ട ഫ്യൂറർബങ്കർ (1947)

ഹിറ്റ്ലർ മരിച്ചുവെന്ന വാർത്ത പുറംലോകമറിഞ്ഞത് ജർമ്മൻകാരിൽ നിന്നുതന്നെയാണ്. ഹിറ്റ്ലർ മരിച്ചുവെന്ന വാർത്ത റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തത് മേയ് ഒന്നിനായിരുന്നു. ഹിറ്റ്ലർ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്ന ഗ്രാൻഡ് അഡ്മിറൽ കാൾ ഡൊണിറ്റ്സ് ആണ് ഹിറ്റ്ലറുടെ മരണവാർത്ത റേഡിയോയിലൂടെ പ്രഖ്യാപിച്ചത്.[37] ജർമ്മൻ ജനത തങ്ങളുടെ ഫ്യൂറർക്ക് അന്തിമോപചാരമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.[38] ഹിറ്റ്ലർ മരണമടഞ്ഞിട്ടും ജർമ്മൻ സൈന്യത്തിന് യുദ്ധം തുടരേണ്ടിവന്നു.[39]

ഹിറ്റ്ലർ മരിച്ചുകഴിഞ്ഞ് 13 മണിക്കൂറുകൾക്കുശേഷം മേയ് 1-നാണ് ജോസഫ് സ്റ്റാലിൻ ഹിറ്റ്ലറുടെ മരണവാർത്തയറിയുന്നത്.[40] ഹിറ്റ്ലറുടെ മരണം ഉറപ്പാക്കുന്നതിനായി അദ്ദേഹത്തിന്റെ ശവശരീരം എത്രയും വേഗം കണ്ടെത്തണമെന്ന് സൈനികർക്കു സ്റ്റാലിൻ നിർദ്ദേശം നൽകി.[41] മേയ് 2-ന് സോവിയറ്റ് സൈനികർ റെയ്ക് ചാൻസലറി പിടിച്ചെടുത്തു.[42] ഫ്യൂറർബങ്കറിനുള്ളിൽ ജനറൽ ക്രബ്സും വിൽഹം ബുർഗ്ഡോർഫും നിറയുതിർത്ത് ആത്മഹത്യ ചെയ്തതായി കണ്ടെത്തി.[43]

മേയ് 2-ന് റെഡ് ആർമി ഇന്റലിജൻസ് ഏജൻസിയായ SMERSH ഹിറ്റ്ലറുടെയും ഇവാ ബ്രൗണിന്റെയും രണ്ടു നായകളുടെയും (ബ്ലോണ്ടിയും വൂൾഫും) മൃതദേഹങ്ങൾ കണ്ടെത്തി. ഹിറ്റ്ലർ മരിച്ചുവെന്ന കാര്യം വിശ്വസിക്കുവാൻ സ്റ്റാലിൻ തയ്യാറായില്ല. ഹിറ്റ്ലറുടെ മരണവാർത്ത പുറത്തുവിടുന്നതിന് സ്റ്റാലിൻ നിയന്ത്രണമേർപ്പെടുത്തി.[44][45] മൃതശരീരങ്ങൾ വീണ്ടും വീണ്ടും കത്തിക്കുകയും അടക്കം ചെയ്യുകയും ചെയ്തു. ഗീബെൽസിന്റെയും ഭാര്യയുടെയും ആറു കുട്ടികളുടെയും മൃതശരീരങ്ങൾ ബങ്കറിനു സമീപം ഏതോ അജ്ഞാത സ്ഥലത്തു കുഴിച്ചിട്ടു. [46]

രക്ഷപ്പെടുന്നതിനായി ഹിറ്റ്ലർ സ്വീകരിച്ചേക്കാവുന്ന രൂപം 1944-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവ്വീസസ് തയ്യാറാക്കിയപ്പോൾ

സോവിയറ്റ് യൂണിയനു വിവിധ രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ഹിറ്റ്ലറുടെ മരണം സംബന്ധിച്ചുള്ള ചില കഥകൾ തയ്യാറാക്കേണ്ടി വന്നു.[47][48] ഹിറ്റ്ലറുടെ മരണം രഹസ്യമാക്കി വയ്ക്കുവാൻ സോവിയറ്റ് യൂണിയൻ പരമാവധി ശ്രമിച്ചിരുന്നു.[47] ഹിറ്റ്ലർ മരിച്ചിട്ടില്ല എന്ന് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്. 1945 മേയ് 11-ന് ഹിറ്റ്ലറുടെ ദന്തഡോക്ടറുടെ സഹായത്തോടെ ഹിറ്റ്ലറുടെയും ഇവാ ബ്രൗണിന്റെയും മരണം ഉറപ്പിക്കുവാൻ സോവിയറ്റ് യൂണിയനു കഴിഞ്ഞു.[49][50]

1946 മേയിൽ ഹിറ്റ്ലറെ അടക്കിയ സ്ഥലത്തുനിന്നും കത്തിക്കരിഞ്ഞ തലയോടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടിയിൽ വെടിയേറ്റതിന്റെ അടയാളങ്ങളുണ്ടായിരുന്നു.[51] 2009-ൽ ഈ തലയോടിനെ ഡി.എൻ.എ. പരിശോധനയ്ക്കു വിധേയമാക്കി. നാൽപ്പതു വയസ്സിൽ താഴെയുള്ള സ്ത്രീയുടെ തലയോടാണ് അതെന്ന് അമേരിക്കൻ ഗവേഷകർ കണ്ടെത്തി.[4][3]

റഷ്യൻ ചാരസംഘടനയായ കെ.ജി.ബി.യുടെ നിയന്ത്രണത്തിലായിരുന്ന SMERSH ഏജൻസിയെ പൂർവ്വ ജർമ്മൻ ഭരണകൂടത്തിനു വിട്ടുനൽകാൻ 1970-ൽ തീരുമാനമായി. ഹിറ്റ്ലറെ അടക്കം ചെയ്ത സ്ഥലം ഏതെന്നു വെളിപ്പെടുത്തിയാൽ അത് പിന്നീട് നാസികളുടെ തീർത്ഥാടനകേന്ദ്രമായി മാറാൻ സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ കെ.ജി.ബി. ഡയറക്ടർ യൂറി ആൻഡ്രപ്പോവ് ഒരു നിർണായക തീരുമാനമെടുത്തു. 1946 ഫെബ്രുവരി 21-ന് SMERSH മഗ്ഡേബർഗ്ഗിൽ അടക്കം ചെയ്ത ഹിറ്റ്ലറുടെ ശരീരാവശിഷ്ടങ്ങൾ നശിപ്പിച്ചുകളയാൻ അദ്ദേഹം ഉത്തരവു നൽകി.[52] ഏതൊക്കെ സ്ഥലങ്ങളിലാണ് ഹിറ്റ്ലറെ അടക്കം ചെയ്തിരിക്കുന്നതെന്ന് വിശദമാക്കുന്ന ചാർട്ട് സോവിയറ്റ് സൈന്യത്തിനു ലഭിച്ച. 1970 ഏപ്രിൽ 4-ന് പത്തോ പതിനൊന്നോ അഴുകിയ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചിരുന്ന അഞ്ചു പെട്ടികൾ അവർ ദഹിപ്പിച്ചു. ശവശരീരങ്ങളുടെ യാതൊരു ഭാഗവും ശേഷിക്കാത്തവിധമാണ് അവ ദഹിപ്പിച്ചത്. അവശേഷിച്ച ചാരം മുഴുവൻ എൽബെ നദിയുടെ പോഷകനദിയായ ബൈഡെറിറ്റ്സിൽ ഒഴുക്കിക്കളഞ്ഞു.[53][xxi] ഹിറ്റ്ലറുടെയും ബ്രൗണിന്റെയും ശവസരീരങ്ങൾ റെഡ് ആർമി കണ്ടപ്പോൾ തന്നെ പൂർണ്ണമായും കത്തിച്ചുകളഞ്ഞുവെന്നും ഹിറ്റ്ലറുടേതായി കീഴ്ത്താടിയെല്ലു മാത്രമാണ് അവശേഷിച്ചതെന്നും ഇയാൻ കെർഷോ അഭിപ്രായപ്പെടുന്നു.[50]

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിലേയും <references> എന്നതിലേയും സംഘ ഘടകമായ "lower-roman" ഒത്തുപോകുന്നില്ല.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Kershaw 2008, പുറങ്ങൾ. 954, 956.
  2. 2.0 2.1 Linge 2009, പുറങ്ങൾ. 199, 200.
  3. 3.0 3.1 Goñi 2009.
  4. 4.0 4.1 CNN staff 2009. sfn error: multiple targets (2×): CITEREFCNN_staff2009 (help)
  5. Horrabin 1946, Vol. X, പുറം. 51.
  6. 6.0 6.1 Horrabin 1946, Vol. X, പുറം. 53.
  7. Horrabin 1946, Vol. X, പുറം. 43.
  8. Bellamy 2007, പുറം. 648.
  9. Beevor 2002, പുറം. 139.
  10. Shirer 1960, പുറം. 1105.
  11. Beevor 2002, പുറങ്ങൾ. 209–217.
  12. Beevor 2002, പുറങ്ങൾ. 255–256, 262.
  13. Erickson 1983, പുറം. 586.
  14. Beevor 2002, പുറം. 275.
  15. O'Donnell 2001, പുറങ്ങൾ. 230, 323.
  16. Shirer 1960, പുറം. 1116.
  17. Beevor 2002, പുറം. 289.
  18. Shirer 1960, പുറം. 1118.
  19. Shirer 1960, പുറം. 1194.
  20. Shirer 1960, പുറം. 1131.
  21. Kershaw 2008, പുറങ്ങൾ. 951–952.
  22. Kershaw 2008, പുറം. 952.
  23. Erickson 1983, പുറങ്ങൾ. 603–604.
  24. Beevor 2002, പുറം. 358.
  25. 25.0 25.1 25.2 25.3 Linge 2009, പുറം. 199.
  26. Fischer 2008, പുറം. 47.
  27. Joachimsthaler 1999, പുറങ്ങൾ. 160–182.
  28. 28.0 28.1 Rosenberg 2009.
  29. Fischer 2008, പുറങ്ങൾ. 47–48.
  30. Linge 2009, പുറം. 200.
  31. Joachimsthaler 1999, പുറങ്ങൾ. 197, 198.
  32. Joachimsthaler 1999, പുറം. 162.
  33. Joachimsthaler 1999, പുറങ്ങൾ. 162, 175.
  34. Joachimsthaler 1999, പുറങ്ങൾ. 210–211.
  35. Joachimsthaler 1999, പുറം. 211.
  36. Joachimsthaler 1999, പുറങ്ങൾ. 217–220.
  37. Beevor 2002, പുറം. 381.
  38. Kershaw 2008, പുറം. 959.
  39. Kershaw 2008, പുറങ്ങൾ. 961–963.
  40. Beevor 2002, പുറം. 368.
  41. Eberle & Uhl 2005, പുറങ്ങൾ. 280, 281.
  42. Beevor 2002, പുറങ്ങൾ. 387, 388.
  43. Beevor 2002, പുറം. 387.
  44. Kershaw 2001, പുറങ്ങൾ. 1038–1039.
  45. Dolezal 2004, പുറങ്ങൾ. 185–186.
  46. Halpin & Boyes 2009.
  47. 47.0 47.1 Eberle & Uhl 2005, പുറം. 288.
  48. Kershaw 2001, പുറം. 1037.
  49. Eberle & Uhl 2005, പുറം. 282.
  50. 50.0 50.1 Kershaw 2008, പുറം. 958.
  51. Isachenkov 1993.
  52. Vinogradov et al. 2005, പുറം. 333.
  53. Vinogradov et al. 2005, പുറങ്ങൾ. 335–336.
അവലംബമാക്കിയ പുസ്തകങ്ങൾ

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]

ലേഖനങ്ങൾ

[തിരുത്തുക]


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല