Jump to content

അവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flattened rice എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Flattened rice poha
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Attukulu (Telugu), Aval (Tamil, Malayalam), Avalakki (Kannada), Chiura, Chuda (Odia), Chira (Bengali), Sira (Assamese), Poha, beaten rice
പ്രദേശം/രാജ്യംIndian subcontinent
വിഭവത്തിന്റെ വിവരണം
പ്രധാന ചേരുവ(കൾ)Dehusked rice

നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാർഥമാണ് അവൽ അഥവാ അവിൽ. സ്ഥാനികളെ കാണാൻ പോകുമ്പോൾ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുൻപു ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലേക്കു പോയ കുചേലൻ കാഴ്ചദ്രവ്യമായി കൊണ്ടുപോയിരുന്നത് അവലായിരുന്നു എന്നാണ് പുരാവൃത്തം. കേരളത്തിൽ ഓണം തുടങ്ങിയ ചില വിശേഷദിവസങ്ങളിൽ കാഴ്ചദ്രവ്യമായി അവൽ കൊടുക്കുന്ന പതിവ് നിലവിലുണ്ടായിരുന്നു. ചില സംഘകാല കൃതികളിൽ അവലിനെകുറിച്ച് പരാമർശങ്ങളുണ്ട്[1]. അവൽ നിർമ്മാണം കേരളത്തിലെ ഒരു കുടിൽവ്യവസായമായും നിലനിന്നിരുന്നു. (അവൽനിർമ്മാണം കുലത്തൊഴിലായി കരുതുന്ന ഒരു സമുദായമാണ് കുടുംബിസമുദായം.) നെല്ല് പുഴുങ്ങി വറുത്ത് ഒരു പ്രത്യേകതരം ഉരലിൽ ഇടിച്ചു പരത്തി അതിന്റെ ഉമിയും പൊടിയും നീക്കി അവൽ എടുക്കുന്നു. കാലുകൊണ്ട് ചവിട്ടിപ്പൊക്കാൻ പറ്റിയ, ഉത്തോലക സംവിധാനമുള്ള ഭാരമേറിയ ഉലക്കയാണ് അവൽ ഇടിയ്ക്കാൻ ഉപയോഗിക്കുന്നത്. ഒരു കുഴിയിൽ ഇട്ടിരിക്കുന്ന വറുത്ത നെല്ലിലാണ് ഉലക്ക പോയി പതിക്കുന്നത്. ഇങ്ങനെ ഉണ്ടാക്കുന്ന അവലിനു കുടുംബി അവൽ എന്നു പറയുന്നു. ഈ അവലിനു സ്വാദും മയവും കൂടുതലുണ്ട്. കുടുംബിയവൽ ഉണ്ടാക്കുന്നതിനു രണ്ട് ആളുകൾ വേണം. നെല്ല് വറുക്കുകയും ഇടിക്കുന്ന കുഴിയിൽ ഇളക്കുകയും ചെയ്യുന്നതിന് ഒരാളും ഇടിക്കാനുള്ള തടി ഉലക്ക ചവിട്ടിപ്പൊക്കുന്നതിനു മറ്റൊരാളും. ഉരലിൽ സാധാരണ ഉലക്കകൊണ്ടിടിച്ചും അവൽ ഉണ്ടാക്കാം. ഇങ്ങനെയുണ്ടാക്കുന്ന അവലിനു രുചിയും മാർദവവും കുറവായിരിക്കും. അവലുണ്ടാക്കാൻ ചെന്നെല്ലും ആര്യനെല്ലും വിശേഷപ്പെട്ടതാണ്. കുറച്ചു നെല്ലുകൊണ്ട് വളരെ കൂടുതൽ അവൽ ഉണ്ടാക്കാം. അവൽ പച്ചയ്ക്കും, ശർക്കരയോ പഞ്ചസാരയോ ചേർത്തു നനച്ചും ഭക്ഷിക്കാറുണ്ട്. ചിരകിയ തേങ്ങയോടൊപ്പം അവൽ ഉപയോഗിച്ച് ഉപ്പുമാവും പ്രഥമനും തയ്യാറാക്കാം.

അവൽ പ്രഥമൻ

[തിരുത്തുക]

ശർക്കരപ്പാവിൽ അവൽ ചേർത്ത് അടുപ്പത്തുവച്ച് നല്ലതുപോലെ ഇളക്കി വരട്ടിയശേഷം പശുവിൻനെയ്യ്, മുന്തിരിങ്ങ എന്നിവ ചേർക്കുന്നു. വെള്ളം വറ്റുന്നതു വരെ വരട്ടി നാഴിക്കു മൂന്ന് എന്ന കണക്കിൽ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് തലപ്പാൽ എടുക്കുക. പിന്നീട് വെള്ളം ചേർത്തു പിഴിഞ്ഞ് രണ്ടാം പാലും അതിന്റെ ശേഷം പീര ഇടിച്ചു വെള്ളം ചേർത്തു പിഴിഞ്ഞ് മൂന്നാം പാലും എടുക്കണം. ആദ്യം, വരട്ടിയ പായസത്തിൽ മൂന്നാം പാലും പിന്നീട് രണ്ടാം പാലും ചേർത്തു നന്നായി തിളപ്പിച്ചതിനുശേഷം കൊഴുത്ത പാകത്തിൽ വാങ്ങി വച്ച് തലപ്പാൽ ചേർത്ത് ഇളക്കുന്നു. സ്വാദിന് ഏലക്കാ, ചുക്ക്, ജീരകം എന്നിവ പൊടിച്ചു ചേർക്കാം.

അവൽ മിൽക്ക്

[തിരുത്തുക]
അവൽമിൽക്ക്

മലബാറിൽ പലഭാഗങ്ങളിലായി കാണുന്ന ഒരു പാനീയമാണ് അവൽ മിൽക്ക്. ഏകദേശം അവൽ പ്രഥമനോട് സാമ്യം തോന്നുന്ന ഈ വിഭവം പാനീയമായി ഉപയോഗിക്കുന്നു. അരി ഇടിച്ചുണ്ടാക്കുന്ന കട്ടി കൂടിയ ചുവന്ന അവലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം ഐസ്ക്രീമും ചെറിപ്പഴവും ചേർത്ത് മറ്റു ഡക്കറേഷനുകളെല്ലാം ചെയ്ത് സ്പെഷ്യൽ അവിൽ മിൽക്കും തയ്യാറാക്കാറുണ്ട്.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അവൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Iramuthusamy@gmail.com (2017-06-07). "Know Your Heritage: Food in Sangam Literature 3: Rice and Millet in Sangam Tamil Cuisine". Retrieved 2023-10-21.
"https://ml.wikipedia.org/w/index.php?title=അവൽ&oldid=3982926" എന്ന താളിൽനിന്ന് ശേഖരിച്ചത്