Jump to content

ഗ്രാമ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gram panchayat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം



ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം

ഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്‌ ഗ്രാമപഞ്ചായത്ത്. 2002 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 2,65,000 ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.

ചരിത്രം

[തിരുത്തുക]

സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന്‌ ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സം‌വിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന്‌ നിലവിൽ വരികയും ചെയ്തു.

ഭരണ സമിതി

[തിരുത്തുക]

ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും.

കേരളത്തിലെ ഗ്രാമപഞ്ചായത്തിന്റെ ഘടന

ഉദ്യോഗസ്ഥ വിഭാഗം

[തിരുത്തുക]

പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. പഞ്ചായത്ത് നയങ്ങളും പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കുക എന്നതാണ് സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ, പൊതുമരാമത്ത് വിഭാഗം, ആരോഗ്യ വിഭാഗം, ഭരണ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളും പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.

വാർഡുകൾ

[തിരുത്തുക]

ഒരു ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ അനുസരിച്ച് അവയെ നിശ്ചിത ജനങ്ങൾ അടങ്ങിയ വാർഡുകളായി തിരിക്കുന്നു. ഓരോ വാർഡിൽ നിന്നും ഒരു അംഗത്തെ പ്രായപൂർത്തിവോട്ടവകാശത്തിലൂടെ ഒരു വാർഡ് മെമ്പറായി തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ചേർന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ധനകാര്യം, വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം-ആരോഗ്യം എന്നീ സ്റ്റാൻറിംഗ് കമ്മിറ്റികളേയും തെരഞ്ഞെടുക്കും. ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ചെയർമാൻ വൈസ് പ്രസിഡണ്ടായിരിക്കും. മറ്റ് സ്റ്റാൻറിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെ അതത് സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക എന്നതാണ്‌ പ്രസിഡൻറിൻറെ പ്രധാന ചുമതല. ഒരു പഞ്ചായത്തിന്റെ കാര്യനിർവഹണ അധികാരികൂടിയാണ്‌ പ്രസിഡൻറ്.

പഞ്ചായത്തിന്റെ മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥനാണ്‌ പഞ്ചായത്ത് സെക്രട്ടറി.

ഗ്രാമസഭ

[തിരുത്തുക]

ഒരു പഞ്ചായത്തിലെ വാർഡിലെ വോട്ടർമാരുടെ സഭയാണിത്. ഒരു ഗ്രാമസഭ വർഷത്തിൽ കുറഞ്ഞത് 4(നാല്‌) പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്‌. വാർഡ് മെമ്പർമാരാണ്‌ ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഇതിൽ വാർഡിലെ വിവിധ ആവശ്യങ്ങൾ, വികസനപ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വേണം. ഒരു പഞ്ചായത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. വാർഡ് മെമ്പറാണ് ഗ്രാമസഭയുടെ കൺവീനർ.

ചുമതലകൾ

[തിരുത്തുക]
  1. ഗ്രാമപഞ്ചായത്ത് നടപ്പാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾ തയ്യാറാക്കുക, (ഏതു പ്രോജകറ്റ് വേണം, എവിടെ തുടങ്ങണം തുടങ്ങിയവ) അവയുടെ മുൻഗണന നിശ്ചയിക്കുക. പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പ്രോജകറ്റുകൾ ഗ്രാമസഭ അംഗീകരിച്ചവയാവണം.
  2. നടപ്പാക്കുന്ന വികസന-സേവന-ക്ഷേമ പദ്ധതികളുടെ നിർവഹണം നിരീക്ഷിക്കുക, വിലയിരുത്തുക കര്യക്ഷേമത ഉറപ്പാക്കുക.
  3. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിയുടെ കർമപദ്ധതി നീര്ത്ത്ടാധിഷ്ടിത വികാസന മാസ്റ്റർ പ്ലാൻ എന്നിവ (ഗ്രാമസഭ) അംഗീകരിക്കുക.

പൊതുസൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ടവ;

തെരുവുവിളക്കുകൾ (street lights), പോതുവാട്ടർ ടാപ്പുകൾ, പൊതുകിണറുകൾ, പൊതു ശൗചാലയങ്ങൾ, ജലസേചന സൗകര്യങ്ങൾ, മറ്റു പൊതുസൗകര്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദേശിക്കുക.

ഗുണഭോക്താക്കളുടെ അർഹതാ പരിശോധനയും തിരഞ്ഞെടുപ്പും;

  • പെൻഷൻ, സബ്സിഡി പോലുള്ള വിവിധതരം ക്ഷേമ സഹായങ്ങൾ ലഭിക്കുനവരുടെ അർഹത പരിശോധിക്കുക. (ഗുണഭോക്താക്കളെ തിരഞ്ഞെടുക്കെണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടെയും മുൻഗണനയുടെയും മാനദണ്ടങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി പരസ്യപ്പെടുത്തെണ്ടതും ഗ്രാമസഭയെ അറിയിക്കേണ്ടതുമാണ്.)

അപേക്ഷകൾ സ്വീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്ത ശേഷം അപേക്ഷകരുടെ കരടു മുൻഗണന ലിസ്റ്റ് ഗ്രാമസഭയിൽ നൽകേണ്ടതും അപേക്ഷകരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവിടെ വെച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതും അതിനു ശേഷം അർഹരായ ഗുനഭോക്തക്കളുടെ മുൻഗണനാ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് ഗ്രാമസഭ സമർപ്പിക്കേണ്ടതുമാണ്. (ഗ്രാമസഭ അംഗീകരിച്ച മുൻഗണനാ ക്രെമം തദ്ദേശഭരണ സ്ഥാപനം മാറ്റം വരുത്തുവാൻ പാടില്ല)

  • ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന പദ്ധതികളുടെ മാത്രമല്ല, മറ്റു പഞ്ചായത്തുകളോ (ബ്ലോക്ക്‌/ജില്ലാ പഞ്ചായത്തുകൾ) മറ്റു വകുപ്പുകളോ നടപ്പാക്കുന്ന പദ്ധതികളുടേയും ഗുണഭോക്താക്കളെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കേണ്ടത് ഗ്രാമസഭയാണ്.
  • ബി.പി.എൽ. കുടുംബങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ പൊതു വിതരണ സംവിധാനത്തിൽ പ്രത്യേക ആനുകൂല്യം ലഭിക്കുന്നവർ, ക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മ വേതനം എന്നിവ ലഭിക്കുന്നവർ വികസന പദ്ധതികളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവർ എന്നിവർ ആരോക്കെയാണെന്ന വിവരം (അങ്ങനെയുള്ളവരുടെ ലിസ്റ്റ്) ഗ്രാമസഭയില് വിതരണം ചെയ്യേണ്ടതാണ്.
  • അർഹർക്ക് ആനുക്കൂല്യം ലഭിക്കുന്നുണ്ടെന്നും അനർഹർക്ക് ലഭിക്കുന്നില്ലയെന്നും ഉറപ്പുവരുത്തുക.

ചുമതലകൾ

[തിരുത്തുക]

പഞ്ചായത്തിൻറെ ചുമതലകളെ പൊതുവായി മൂന്നായി തരംതിരിക്കാം.[1][2]

അനിവാര്യമായവ

[തിരുത്തുക]
  1. കെട്ടിട നിർമ്മാണം നിയന്ത്രിക്കുക.
  2. പൊതുസ്ഥലങ്ങൾ കൈയ്യേറ്റം ചെയ്യപ്പെടാതെ സം‌രക്ഷിക്കുക.
  3. പരമ്പരാഗത കുടിവെള്ള സ്രോതസ്സുകൾ സം‌രക്ഷിക്കുക.
  4. കുളങ്ങളും മറ്റു ജലസംഭരണികളും സം‌രക്ഷിക്കുക.
  5. ഗ്രാമപഞ്ചായത്തിൻറെ ചുമതലയിലുള്ള ജലമാർഗ്ഗങ്ങളും കനാലുകളും സംരക്ഷിക്കുക.
  6. ഖരമാലിന്യങ്ങൾ ശേഖരിക്കുകയും കയ്യൊഴിയുകയും ചെയ്യുക, ദ്രവമാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ക്രമീകരിക്കുക.
  7. പേമാരിമൂലമുണ്ടാകുന്ന വെള്ളം ഒഴുക്കികളയുക.
  8. പരിസ്ഥിതി ആരോഗ്യരക്ഷകമാക്കി സം‌രക്ഷണം നൽകുക.
  9. പൊതു ചന്തകൾ പരിപാലിക്കുക.
  10. സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കുക.
  11. മൃഗങ്ങളുടെ കശാപ്പ്, മാംസം, മത്സ്യം എന്നിവയുടെ കച്ചവട നിയന്ത്രണം

മേഖല തിരിച്ചുള്ള ഉത്തരവാദിത്തങ്ങൾ

[തിരുത്തുക]
  1. കൃഷിഭവനുകളുടെ നിയന്ത്രണം,പരിപാലനം, നടത്തിപ്പ്‌.
  2. കർഷകർക്കിടയിൽ സ്വയം സഹായ സംഘങ്ങൾ സംഘടിപ്പിക്കുക
  3. ഹോർട്ടികൾച്ചർ, പച്ചക്കറി കൃഷി എന്നിവയുടെ പ്രോത്സാഹനം.
  4. കാലിത്തീറ്റ വികസനം
  5. സസ്യസംരക്ഷണം.
  6. വിത്ത് ഉത്പാദനം
  7. ഫാം യന്ത്രവൽക്കരണം.
  8. കൃഷിഭവനുകളുടെ മാനേജ്മെന്റ്.
  9. കാർഷികോല്പന്നങ്ങളുടെ വിപണനം നടത്തുക.
  10. അലങ്കാര ചെടികൾ കൃഷി ചെയ്യുക
  11. കാർഷിക സഹകരണം ചെയ്യുക
  12. വാണിജ്യ വിളകളെ വികസിപ്പിക്കുക
  13. തദ്ദേശീയമായി ആവശ്യമായ ഗവേഷണവും വികസനവും നടത്തുക.
  14. തരിശുഭൂമികളും നാമമാത്രമായ ഭൂമികളും കൃഷിയിലേക്ക് കൊണ്ടുവരിക
  15. ഭൂമിയുടെ പരമാവധി വിനിയോഗം കൊണ്ടുവരിക
  16. മണ്ണ് സംരക്ഷണം
  17. ജൈവവളത്തിന്റെ ഉത്പാദനം.
  18. നഴ്സറികളുടെ സ്ഥാപനം.
  19. സഹകരണ കൂട്ടായ്മ കൃഷിയുടെ പ്രോത്സാഹനം

മൃഗസംരക്ഷണവും ക്ഷീരോല്പാദനവും

[തിരുത്തുക]
  1. കന്നുകാലി മെച്ചപ്പെടുത്തൽ പരിപാടികൾ.
  2. ഡയറി ഫാമിംഗ്.
  3. കോഴി വളർത്തൽ, തേനീച്ച വളർത്തൽ, പന്നിവളർത്തൽ , ആട് വളർത്തൽ, മുയൽ വളർത്തൽ തുടങ്ങിയവയുടെ പ്രോത്സാഹനം, വികസനം.
  4. മൃഗാശുപത്രി (വെറ്റിനറി ഡിസ്പെൻസറികൾ) നടത്തിപ്പ്.
  5. ഐസിഡിപി ഉപകേന്ദ്രങ്ങളുടെ നടത്തിപ്പ്.
  6. മൃഗങ്ങളോടുള്ള ക്രൂരത തടയൽ.
  7. ഫെർട്ടിലിറ്റി മെച്ചപ്പെടുത്തൽ പരിപാടികൾ.
  8. മൃഗങ്ങളിൽ നിന്നുള്ള രോഗങ്ങളുടെ നിയന്ത്രണം

വിദ്യാഭ്യാസം

[തിരുത്തുക]
  1. സർക്കാർ പ്രൈമറി സ്കൂളുകളുടെ നടത്തിപ്പ് (LP, UP)
  2. സാക്ഷരത പ്രവർത്തങ്ങൾ സംഘടിപ്പിക്കൽ

ആരോഗ്യം

[തിരുത്തുക]
  1. എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സർക്കാർ പ്രാഥമിക ആരോഖ്യ കേന്ദ്രങ്ങളുടെ (PHC) നടത്തിപ്പ്, പരിപാലനം.
  2. ശിശുക്ഷേമ കേന്ദ്രങ്ങളുടെയും പ്രസവഭവനങ്ങളുടെയും മാനേജ്മെന്റ്.
  3. പ്രതിരോധ കുത്തിവയ്പ്പും മറ്റ് പ്രതിരോധ നടപടികളും.
  4. കുടുംബക്ഷേമം
  5. ശുചിത്വം.

സാമൂഹ്യക്ഷേമം

[തിരുത്തുക]
  1. അങ്കണവാടികളുടെ നടത്തിപ്പ്.
  2. അഗതികൾ, വിധവകൾ, വികലാംഗർ, കർഷകർ, തൊഴിലാളികൾ എന്നിവർക്കുള്ള പെൻഷൻ അനുവദിക്കലും വിതരണവും
  3. തൊഴിലില്ലായ്മ സഹായത്തിന്റെ അനുമതിയും വിതരണവും.
  4. വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് സഹായം അനുവദിക്കൽ.
  5. പാവപ്പെട്ടവർക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ നടത്തിപ്പ്.

ദാരിദ്ര്യ നിർമ്മാർജ്ജനം

[തിരുത്തുക]
  1. സ്വയം തൊഴിൽ പരിപാടികൾക്കായി അടിസ്ഥാന സൌകര്യങ്ങൾ.
  2. ദരിദ്രരെ കണ്ടെത്തൽ
  3. സ്വയം തൊഴിൽ പരിശീലനം

പട്ടികജാതി-പട്ടികവർഗ്ഗ വികസനം

[തിരുത്തുക]
  1. എസ്.സി.പി., ടി.എസ്.പി എന്നിവയ്ക്ക് കീഴിലുള്ള ഗുണഭോക്താധിഷ്ഠിത പദ്ധതികൾ നടപ്പാക്കൽ
  2. പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള നഴ്സറി സ്കൂളുകളുടെ നടത്തിപ്പ്.
  3. പട്ടികജാതി-പട്ടികവർഗ ആവാസ വ്യവസ്ഥകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.
  4. പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള സഹായം.
  5. ആവശ്യമുള്ള പട്ടികജാതി പട്ടികവർഗക്കാർക്കുള്ള വിവേചനാധികാര സഹായം.

കായിക, വിനോദവും സാംസ്കാരിക കാര്യങ്ങളും

[തിരുത്തുക]
  1. കല-കായിക മൈതാനങ്ങൾ നിർമ്മിക്കുക

പൊതുമരാമത്ത്

[തിരുത്തുക]
  1. ഗ്രാമപഞ്ചായത്തിനകത്ത് ഗ്രാമീണ റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും.
  2. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കുള്ള കെട്ടിടങ്ങളുടെ നിർമ്മാണം.
  3. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക.

വിദ്യുച്ഛക്തിയും ഊർജ്ജവും

[തിരുത്തുക]
  1. തെരുവ് വിളക്കുകൾ സ്ഥാപിക്കൽ.

പൊതുവിതരണ സമ്പ്രദായം

[തിരുത്തുക]
  1. പൊതുവിതരണ സമ്പ്രദായത്തിനെതിരായ പരാതികൾ പരിശോധിച്ച് പരിഹാര നടപടികൾ സ്വീകരിക്കൽ
  2. അളവു തൂക്ക കുറ്റങ്ങൾക്കെതിരെയുള്ള കാമ്പെയ്‌നുകളുടെ നടത്തിപ്പ് .
  3. റേഷൻ കടകളുടെയും മാവേലി സ്റ്റോറുകളുടെയും, മറ്റു പൊതുവിതരണ കേന്ദ്രങ്ങളുടെയും പൊതുവായ മേൽനോട്ടവും മാർഗനിർദേശവും
  4. ആവശ്യമെങ്കിൽ പുതിയ പൊതുവിതരണ കേന്ദ്രങ്ങൾ ആരംഭിക്കുക.

ചെറുകിട വ്യവസായം

[തിരുത്തുക]
  1. കുടിൽ, ഗ്രാമ വ്യവസായങ്ങളുടെ പ്രോത്സാഹനം
  2. കരകൗശല വസ്തുക്കളുടെ പ്രോത്സാഹനം
  3. പരമ്പരാഗത, ചെറുകിട വ്യവസായങ്ങളുടെ പ്രോത്സാഹനം

ഭവന നിർമ്മാണം

[തിരുത്തുക]
  1. വീടില്ലാത്തവരെയും പോരമ്പോക്ക് താമസക്കാരെയും കണ്ടെത്തി വീടുകൾ നൽകുകയും
  2. ഗ്രാമീണ ഭവന പദ്ധതികൾ നടപ്പിലാക്കൽ.
  3. വിട് നവീകരണ പരിപാടികൾ നടപ്പിലാക്കൽ.

ജലവിതരണം

[തിരുത്തുക]
  1. ഒരു ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ജലവിതരണ പദ്ധതികളുടെ നടത്തിപ്പ്.
  2. ഒരു ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ജലവിതരണ പദ്ധതികൾ സ്ഥാപിക്കൽ.

മത്സ്യബന്ധനം

[തിരുത്തുക]
  1. മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക.
  2. കുളങ്ങളിലും ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും മത്സ്യകൃഷി നടത്തിപ്പ്
  3. മത്സ്യവിത്ത് ഉത്പാദനവും വിതരണവും.
  4. മത്സ്യബന്ധന ഉപകരണങ്ങളുടെ വിതരണം.
  5. മത്സ്യ വിപണന സഹായം.
  6. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിസ്ഥാന മിനിമം സേവനങ്ങൾ ലഭ്യമാക്കുക.
  7. മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ.

സേവനങ്ങൾ

[തിരുത്തുക]

പഞ്ചായത്തിൽ നിന്നും ഒരു പൗരന് ലഭിക്കുന്ന സേവനങ്ങൾ,

  • ജനനമരണ രജിസ്റ്റ്ട്രേഷനും അതിന്റെ സർട്ടിഫിക്കറ്റ് വിതരണവും.
  • നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കേറ്റ് വിതരണം.
  • അന്വേഷണം ആവശ്യമുള്ളതും അല്ലാത്തതുമായ സ്ഥിര താമസ സർട്ടിഫിക്കേറ്റ് വിതരണം.
  • പൊതു വിവാഹചട്ടപ്രകാരം ഉള്ളതും ഹിന്ദു വിവാഹപ്രകാരം ഉള്ളതുമായ വിവാഹ രജിസ്ട്രേഷൻ.
  • വിധവകൾക്കും വിവാഹമോചിതകൾക്കും പെൻഷൻ വിതരണം
  • വാർദ്ധക്യകാല പെൻഷൻ വിതരണം.
  • വികലാംഗർ ‍, അംഗവൈകല്യം സംഭവിച്ചവർ ‍, ബുദ്ധിമാന്ദ്യം, ബധിരർ ‍, മൂകർ , അന്ധർ തുടങ്ങിയവർക്ക് വികലാംഗ പെൻഷൻ വിതരണം.
  • കാർഷിക തൊഴിലാളീ പെൻഷൻ.
  • തൊഴിൽ രഹിത വേതനം നൽകൽ.
  • 50 വയസ്സിൽ കൂടുതൽ പ്രായമുള്ള അവിവാഹിതകൾക്കായുള്ള പെൻഷൻ വിതരണം.
  • സാധുക്കളായ വിധവകളുടെ പെണ്മക്കളുടെ വിവാഹ സഹായ നിധി.
  • കെട്ടിടം, കിണർ മതിലുകൾ എന്നിവയുടെ നിർമ്മാണത്തിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുമതിനൽകുക.
  • പുതിയ കെട്ടിടങ്ങൾക്ക് കെട്ടിട നമ്പർ നൽകുക.
  • വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നടത്തുന്നതിനുമായ അനുമതി നൽകൽ.
  • സ്വകാര്യ ആശുപത്രികൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമായ അനുമതിപത്രം നൽകൽ.
  • പന്നി, പട്ടി മുതലായ ജീവികളെ വളർത്തുന്നതിനുള്ള സർട്ടിഫിക്കേറ്റ്.

ഇവ കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് നൽകുന്ന സർട്ടിഫിക്കറ്റുകളും ഉണ്ട്. അവ:-

  • വ്യക്തിഗത തിരിച്ചറിയൽ സർട്ടിഫിക്കേറ്റ്
  • സ്വഭാവസർട്ടിഫിക്കറ്റ്
  • വയസ്സു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • റേഷൻ കാർഡിൽ പേരു ചേർക്കുന്നതിനും പുതിയ റേഷൻ കാർഡിനുമുള്ള സർട്ടിഫിക്കറ്റുകൾ
  • തൊഴിൽ രഹിതൻ/ തൊഴിൽ രഹിത ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • ടി.സി. നഷ്ടപ്പെട്ടു എന്നത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • വിധവയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • പുനർവിവാഹം ചെയ്തിട്ടില്ല എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

ഇതും കാണുക

[തിരുത്തുക]

വിശയാനുബന്ധം

[തിരുത്തുക]
  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ കേരള സർക്കാറിൻ്റെ ഉത്തരവ് (PDF). കേരളം: കേരള സർക്കാർ. 2010. {{cite book}}: |first= missing |last= (help); Invalid |url-access=Free and public domain (help)
  2. "തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്" (PDF). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിവിധ ചുമതലകൾ കൈമാറിയ സർക്കാര് ഉത്തരവ്. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ. Government of Kerala.
"https://ml.wikipedia.org/w/index.php?title=ഗ്രാമ_പഞ്ചായത്ത്&oldid=4090786" എന്ന താളിൽനിന്ന് ശേഖരിച്ചത്