Jump to content

ഗ്രീൻപീസ് പ്രസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Greenpeace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീൻപീസ് ചിഹ്നം.

ഗ്രീൻപീസ് എന്നാൽ ഹരിതാഭമായ സമാധാനം അഥവാ പ്രകൃതിയുടെ പച്ചപ്പ് എന്നർത്ഥം. പരിസ്ഥിതിക്കു വേണ്ടി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഗ്രീൻപീസ്. പേരിൽ മാത്രമല്ല പ്രവർത്തനത്തിലും ഗ്രീൻപീസ് ഇന്ന് പ്രകൃതിയുമായി വളരെയധികം അടുത്തുനിൽക്കുന്നു.

ചരിത്രം

[തിരുത്തുക]

തുടക്കം

[തിരുത്തുക]
ഗ്രീൻപീസിന്റെ അംഗങ്ങൾ മാഡ്രിഡിൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ബോധവത്കരിക്കാനായി മാർച്ച് നടത്തുന്നു

വാടകയ്ക്കെടുത്ത ഒരു പഴയ മീൻപിടുത്ത ബോട്ടിന്റെ പേരാണ് ഗ്രീൻപീസ്. ഫില്ലിസ് കോർമാക്ക് എന്നായിരുന്നു ബോട്ടിന്റെ ആദ്യനാമം. ശ്രമകരമായ ഒരു ദൗത്യവുമായി ആ ബോട്ടിൽ നടത്തിയ യാത്രയോടെയാണ് ഗ്രീൻപീസ് എന്ന സംഘടനയ്ക്ക് തുടക്കമായത്.

അലാസ്കയ്ക്ക് സമീപമുള്ള ഒരു പ്രകൃതിരമണീയമായ ദീപസമൂഹമാണ്അല്യൂഷ്യൻ ദ്വീപുകൾ. അവിടെയുള്ള ആംചിറ്റ്ക എന്ന കൊച്ചു ദ്വീപിൽ അമേരിക്ക 1970-ഓടെ അണുപരീക്ഷണം നടത്താൻ തീരുമാനിച്ചു. പ്രകൃതിയുടെ കലവറ എന്ന് പരിസ്ഥിതിസ്നേഹികൾ വിശേഷിപ്പിക്കുന്ന സ്ഥലമാണ് അല്യൂഷൻ ദ്വീപുകൾ. വൻ‌തോതിൽ വംശനാശഭീഷണി നേരിടുന്ന കഷണ്ടിത്തലയൻ കഴുകൻ(ബാൾഡ് ഈഗിൾ) എന്ന കഴുകന്മാരുടെ ആവാസകേന്ദ്രമാണ് ഇവിടം. ഇതിനു പുറമേ വളരെയധികം ഭൂകമ്പസാധ്യതയുള്ള സ്ഥലവും.

ഇവിടെ അണുപരീക്ഷണം നടത്തിയാലുണ്ടാകുന്ന വിപത്തുകൾ തിരിച്ചറിഞ്ഞ് കാനഡക്കാരായ ചിലർ അണുപരീക്ഷണത്തിനെതിരേ പൊരുതുവാൻ തീരുമാനിച്ചു. 1970ൽ കാനഡയിലെ വാൻ‌കൂവറിൽ അവർ ഒത്തുകൂടി. അണുപരീഷണത്തിനു മുൻപ് അല്യൂഷ്യൻ ദ്വീപിലേക്ക് ഒരു ബോട്ട് യാത്ര സംഘടിപ്പിക്കാനും, അതുവഴി ലോകശ്രദ്ധ അവിടേക്ക് തിരിച്ചുവിടാനുമായിരുന്നു അവരുടെ തീരുമാനം. 1971 സെപ്റ്റംബറിൽ കാനഡയിലെ വാൻ‌കൂവർ കടൽത്തീരത്തു നിന്നും സംഘം യാത്രയ്ക്കൊരുങ്ങി. റോബർട്ട് ഹണ്ടർ, പാട്രിക് മൂർ, ബോബ് കമ്മിങ്സ്, ബെൻ മെറ്റ്കാഫ്, ഡേവ് ബർമിങ്ഹാം എന്നിവരായിരുന്നു സംഘത്തിൽ. ഗ്രീൻപീസ് എന്ന കൊച്ച് ബോട്ടിൽ അവർ യാത്ര ആരംഭിച്ചു. പലരും ആദ്യമായി കടൽ‌യാത്ര നടത്തുന്നവർ. മഹത്തായ തങ്ങളുടെ ലക്ഷ്യത്തിൽ മനസ്സുറപ്പിച്ച് അവർ ശാന്തസമുദ്രത്തിലൂടെയുള്ള അവരുടെ യാത്ര തുടർന്നു. അല്യൂഷ്യൻ ദ്വീപുകളിൽ അമേരിക്ക നടത്തുന്ന അണുപരീക്ഷണം വീഡീയോയിൽ പകർത്തണം, വാർത്തയും ചിത്രങ്ങളും ജനങ്ങളിലെത്തിക്കണം, അതായിരുന്നു അവരുടെ ആദ്യന്തിക ലക്ഷ്യം. കടൽ ഒരു രാജ്യത്തിന്റേയും സ്വന്തമല്ലാതതിനാൽ പരീക്ഷണസ്ഥലത്തിന് കാവൽ നിൽക്കുന്ന അമേരിക്കൻ കപ്പലുകൾ തങ്ങളെ തടയില്ലെന്ന് അവർ കണക്കുകൂട്ടി

എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. കാറും കോളും ശക്തമായപ്പോൾ ആംചിറ്റ്ക എന്ന ലക്ഷ്യമുപേക്ഷിച്ച് അലൂഷ്യൻ ദ്വീപിലെ മറ്റൊരു തുറമുഖത്ത് തങ്ങളുടെ ബോട്ട് അടുപ്പിക്കേണ്ടി വന്നു. ഇതൊരു അവസരമായി കണക്കാക്കിയ അമേരിക്ക, കസ്റ്റംസ് അനുമതിയില്ലാതെ തങ്ങളുടെ രാജ്യത്ത് നങ്കൂരമിട്ട കാനഡക്കാരെ അറസ്റ്റ് ചെയ്തു. പിന്നാലെ അണുപരീക്ഷണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും പ്രബലമായ രാജ്യം. അതിനെതിരെ ഏതാനും ചെറിയ മനുഷ്യർ! അമേരിക്കയുടെ അണുപരീക്ഷണത്തിനെതിരേ അവർ നടത്തിയ പ്രധിഷേധം വൻ‌തോതിൽ മാധ്യമശ്രദ്ധ പിടിച്ചുപറ്റി. അണുപരീഷണം പരിസ്ഥിതിയിലുണ്ടക്കുന്ന ദുരന്തങ്ങൾ ജനമറിഞ്ഞു. അണുപരീഷണത്തിനെതിരേ ജനാഭിപ്രായമുണർന്നു. ഒടുവിൽ അലൂഷ്യൻ ദ്വീപുകൾ മേലിൽ അണുപരീഷണ വേദിയാക്കില്ലെന്ന് അമേരിക്കയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ കാനഡക്കാരുടെ ആ ബോട്ട് യാത്ര വിജയിച്ചു.

ഒരൊറ്റ വിജയത്തിൽ കെട്ടുപോകുന്നതല്ലായിരുന്നു. പ്രധിഷേധക്കാരിൽ പലരുടേയും അവേശം.പരിസ്ഥിതിക്ക് എതിരേ നടക്കുന്ന പ്രവർത്തനങ്ങൾക്ക് നേരെ പ്രധിഷേധം തുടരാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ 1971ൽ ഗ്രീൻപീസ് പ്രസ്ഥാനം (ഗ്രീൻപീസ് ഫൗണ്ടേഷൻ - Greenpeace Foundation) രൂപീകരിച്ചു. മുഴുവൻ പേര് വാൻ‌കൂവർ ഗ്രീൻപീസ് ഫൗണ്ടേഷൻ. റേഡിയോ ജേർണലിസ്റ്റും കാനഡയിലെ രാഷ്ട്രീയ പ്രവർത്തകനുമായ ബെൻ മെറ്റ്കാഫ് ആയിരുന്നു ആദ്യത്തെ ചെയർമാൻ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വൈകാതെ ഇത്തരം സംഘടനകൾ രൂപമെടുത്തു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഗ്രീൻപീസ് ഒരു ആഗോള സംഘടനയായി വളർന്നു.

ഗ്രീൻപീസിന്റെ "ആർക്ടിക്കിനെ രക്ഷിക്കൂ" എന്ന കാമ്പയിന്റെ ഭാഗമായി പോളാർ ബെയറിന്റെ രൂപം നിർമ്മിച്ച് പ്രചാരണം നടത്തുന്നു

തുടർകാലങ്ങളിൽ

[തിരുത്തുക]
ഗ്രീൻപീസിന്റെ ചെറുകപ്പലായ റെയിൻബൗ വാറിയർ

1973ൽ ഗ്രീൻപീസ് ഫ്രാൻസിനെതിരേ പൊരുതി ലോകശ്രദ്ധ നേടി. തെക്കൻ ശാന്തസമുദ്രത്തിലെ പോളിനേഷ്യൻ ദ്വീപായ മൊറൗറ അറ്റോളിൽ തുറന്ന അണുപരീക്ഷണം നടത്താൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഇത്. പരീഷണത്തിനെതിരേ പ്രതിഷേധിക്കാൻ റൈൻബൗ വാറിയർ ഉൾപ്പെടെ മൂന്ന് ബോട്ടുകളിൽ ദ്വീപിലെത്തിയ ഗ്രീൻപീസ് പ്രവർത്തകരെ ഫ്രഞ്ച് സേന കടന്നാക്രമിച്ചു. റൈൻബൗ വാറിയർ ഫ്രഞ്ചുസേന ബോംബിട്ട് മുക്കിക്കളഞ്ഞു. ഇതിനെതിരേയും ലോകവ്യാപകമായി പ്രധിഷേധമുയർന്നു. ഗത്യന്തരമില്ല്ലാതെ വന്നപ്പോൾ, തുറന്ന അന്തരീക്ഷത്തിൽ അണുപരീഷണം നടത്തില്ലെന്ന് ഫ്രഞ്ച് സർക്കാർ പ്രഖ്യാപിച്ചു. ഗ്രീൻപീസ് നേടിയ അടുത്ത വിജയം.

തലക്കെട്ടാകാനുള്ള എഴുത്ത്

[തിരുത്തുക]

1979ൽ ഹോളണ്ടിലെ ആംസ്റ്റർഡാം ആസ്ഥാനമായി ഗ്രീൻ‌പീസ് ഇന്റർനാഷണൽ( ജി. പി. ഐ) രൂപീകരിച്ചു. ഡേവിഡ് മക് ടഗ്ഗാർട്ട് ആയിരുന്നു ആദ്യ ഡയറക്ടർ. ആഗോള സംഘടനയായതോടെ ഗ്രീൻപീസിന്റെ ലക്ഷ്യങ്ങളും വിപുലമായി. ഇന്ന് 40 രാജ്യങ്ങളിൽ ഗ്രീൻപീസിന് ഓഫീസുകളുണ്ട്. ഏതു വെല്ലുവിളിയും നേരിടാൻ കഴിയുന്ന പ്രവർത്തകരാണ് ഗ്രീൻപീസിന്റെ ശക്തി. ലോകമെങ്ങും 28 ലക്ഷത്തോളം പ്രചാരകർ ഈ പരിസ്ഥിതി സംഘടനയ്ക്കുണ്ട്. പ്രകൃതിയെ തെല്ലും വകവയ്ക്കാതെ പണത്തിനു പിന്നാലെ പായുന്ന ലോകത്തിന് ഗ്രീൻപീസ് നൽകുന്ന സന്ദേശം ഇതാണ് ഭൂമിയിലെ അവസാനത്തെ മരവും വെട്ടിവീഴ്ത്തപ്പെടുമ്പോൾ, അവസാനത്തെ നദിയിലും വിഷം കലർത്തുമ്പോൾ, അവസാനത്തെ മത്സ്യവും പിടഞ്ഞ് ചാവുമ്പോൾ നാം ഒന്നു മനസ്സിലാക്കും; പണം തിന്നാൽ വിശപ്പു മാറില്ല...

ലക്ഷ്യങ്ങൾ

[തിരുത്തുക]
  • കാലാവസ്ഥയേയും ഓസോൺപാളിയേയും സം‌രക്ഷിക്കുക.
  • കടലിലെ അമിതമായ മാലിന്യ നിഷേപവും മത്സ്യബന്ധനവും തടയുക
  • റഫ്രിജറേറ്റർ, എയർ കണ്ടീഷണർ എന്നിവ സാങ്കേതികമായി പരിഷ്കരിച്ച്, ഓസോൺപാളിയിൽ വിള്ളലുണ്ടാക്കുന്ന രാസവസ്തുക്കളുടെ പുറന്തള്ളൽ തടയുക.
  • വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള മാലിന്യ കൈമാറ്റം നിരീക്ഷിക്കുക.
  • വനത്തേയും, വനത്തെ ആശ്രയിച്ചു കഴിയുന്ന മനുഷ്യനടക്കമുള്ള ജീവജാലങ്ങളേയും സം‌രക്ഷിക്കുക.
  • ക്ലോറിൻ, പി.വി.സി തുടങ്ങിയ അപകടമായ രാസവസ്തുക്കളുടെ ഉപയോഗം അവസാനിപ്പിക്കുക.
  • വൻ‌തോതിലുള്ള തിമിംഗിലവേട്ട അവസാനിപ്പിക്കുക.
  • ആണവഭീഷണി ഇല്ലാതാക്കുക.
  • ജീവികളുടേയും മറ്റും ജനിതകഘടനയിൽ മാറ്റം വരുത്തികൊണ്ടുള്ള പരീക്ഷണങ്ങൾ അവസാനിപ്പിക്കുക. ജൈവവൈവിധ്യം സം‌രക്ഷിക്കുക.
2007ൽ ആസ്റ്റർഡാം സന്ദർശിച്ച ഗ്രീൻപീസിന്റെ പഴയ കപ്പൽ സിറിയസ്

ബഹുരാഷ്ട്ര കമ്പനികളുടെ ഘടനയാണ് ഗ്രീൻപീസ് ഇന്റർനാഷണലിന്. എക്സിക്കൂട്ടീവ് ഡയറക്റ്ററാണ് മേധാവി. ഇതിനു താഴെ കാമ്പെയ്ൻ ഡയറക്റ്റർ,കമ്യൂണിക്കേഷൻസ് ഡയറക്റ്റർ എന്നിവർ. ഇവരെല്ലാം ശമ്പളം പറ്റുന്ന മുഴുവൻ സമയ ഉദ്യോഗസ്ഥരാണ്. എന്നാൽ യാതൊരു പ്രതിഫലവും പറ്റാതെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുകയും, അതതു രാജ്യത്തെ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നത് ഗ്രീൻപീസ് പ്രവർത്തകരാണ്.

വരുമാനമാർഗ്ഗങ്ങൾ

[തിരുത്തുക]

പരിസ്ഥിതിക്കായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനകളിലൊന്നാണ് ഗ്രീൻപീസ്. സ്വതന്ത്രമായ പ്രവർത്തനശൈലിയാണ് അവരുടേത്. ഏതെങ്കിലും സർക്കാരിൽ നിന്നോ, കോർപ്പറേഷനുകളിൽ നിന്നോ അവർ പണം സ്വീകരിക്കാറില്ല. അംഗ്വത്വഫീസും അംഗങ്ങളിൽ നിന്നുള്ള സംഭാവനകളുമാണ് ഗ്രീൻപീസിന്റെ വരുമാന മാർഗ്ഗം.

ഇന്ത്യയിൽ

[തിരുത്തുക]

ഇന്ത്യയിലും ഗ്രീൻപീസിന് ഓഫീസുണ്ട്. ഗ്രീൻപീസിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത് 1984ലെ ഭോപ്പാൽ ദുരന്തത്തിനെതിരേയുള്ള മുന്നേറ്റങ്ങളായിരുന്നു.

വിമർശനങ്ങൾ

[തിരുത്തുക]

വലിയ ശമ്പളം പറ്റുന്ന ഡയറക്റ്റർ‌മാർ തലപ്പത്തിരിക്കുന്നതിനാൽ ധാരാളം വിമർശനങ്ങളും ഗ്രീൻപീസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ലാഭം ഉണ്ടാക്കുന്ന ഒരു കമ്പനി പോലെയാണ് ഇവർ പ്രവർത്തിക്കുന്നത് എന്നതാണ് ഇവയിൽ പ്രധാന വിമർശനം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗ്രീൻപീസ്_പ്രസ്ഥാനം&oldid=3711356" എന്ന താളിൽനിന്ന് ശേഖരിച്ചത്