Jump to content

തേനീച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Honey bee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തേനീച്ച
പൂവിൽ തേൻ നുകരുന്ന തേനീച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
ആർത്രോപോഡ
Class:
Subclass:
ടെറിഗോട്ട
Infraclass:
നിയോപ്ടറ
Superorder:
എൻഡോപ്ടെറിഗോട്ട
Order:
ഹൈമ്നോപ്ടെറ
Suborder:
അപോകൃട്ട
Family:
എപിഡെ
Subfamily:
എപിനെ
Tribe:
എപിനി
Genus:
Apis

Species

Apis andreniformis
കോൽതേനീച്ച

  • ഉപജെനുസ്സ് മെഗാപിസ്:

പെരുന്തേനീച്ച

  • ഉപജെനുസ് എപിസ്:

Apis cerana, or കിഴക്കൻ തേനീച്ച
Apis koschevnikovi
Apis mellifera, or പടിഞ്ഞാറൻ തേനീച്ച
Apis nigrocincta

പൂക്കളിൽ നിന്നും പഴങ്ങളിൽ നിന്നും പൂന്തേൻ ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച‍. ഇവ‍ പൂക്കളിൽ നിന്ന് മധുവിനോടൊപ്പം പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കുന്നത്. പൂർവഏഷ്യയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് ഇവയുടെ ജന്മദേശം.[1]

ജനുസുകൾ

[തിരുത്തുക]
പൂമ്പൊടി ശേഖരിക്കുന്ന തേനീച്ച

ഹിമാലയൻ തേനീച്ച

[തിരുത്തുക]
ഹിമാലയൻ തേനീച്ച

ലോകത്തിലെ ഏറ്റവും വലിയ തേനീച്ചയാണ് ഹിമാലയൻ തേനീച്ച. ഒരു വളർന്ന തേനീച്ചയുടെ വലിപ്പം 3 സെന്റി മീറ്റർ (1.2 ഇഞ്ച്) വരെ ഉണ്ടാവാറുണ്ട്. 2,500 മുതൽ 3,000 മീറ്റർ (8,200 മുതൽ 9,800 അടി) ഉയരത്തിലുളള ഹിമാലയൻ മലകളിൽ ഇവയെ കാണപ്പെടുന്നു. ഇവയുടെ ഒരു കൂട്ടിൽ 60 കിലോയോളം തേൻ കാണപ്പെടുന്നു.

പെരുന്തേനീച്ച

[തിരുത്തുക]
വൻ തേനീച്ചക്കൂട്
വൻ തേനീച്ചക്കൂട്

പെരുന്തേനീച്ച അഥവാ വൻതേനീച്ച (പെരുന്തേൻ) കൂടു കൂട്ടുന്നതു സാധാരണയായി വനാന്തർഭാഗത്തുള്ള വന്മരങ്ങളിലും പാറക്കൂട്ടങ്ങളിലും ആണ്. തേൻ സീസൺ സമയങ്ങളിൽ ഇവ നാട്ടുപ്രദേശങ്ങളിലെ വന്മരങ്ങളിലും പാലങ്ങൾക്കു അടിയിലും വൻകെട്ടിടങ്ങൾക് മുകളിലും കൂട് കൂട്ടി കാണാറുണ്ട്. പുറമെ ശാന്തസ്വഭാവം ആണ് എങ്കിലും ഏതെങ്കിലും കാരണവശാൽ കൂട് ആക്രമിക്കപെട്ടാൽ ഇവ അക്രമകാരികൾ ആകാറുണ്ട്. പലപ്പോഴും പരുന്തുകൾ ഇവയുടെ കൂട് ആക്രമിക്കുകയും സമീപ പ്രദേശങ്ങളിൽ ഇവ പറന്നു നടക്കുകയും ചെയ്യുന്നതായി കാണാറുണ്ട്. കാട്ടിൽ പരുന്തും, കരടിയും ആണ് ഇവയുടെ പ്രധാന ശത്രുക്കൾ. കാട്ടിൽ ഏതു വന്മരത്തിനു മുകളിലും കരടി ഇവയുടെ കൂട് കണ്ടെത്തി തേൻ കഴിക്കാറുണ്ട്. തേനീച്ചയുടെ പറക്കൽ ദിശ നോക്കി തേൻ കൂട് കണ്ടെത്താൻ മിടുക്കർ ആണ് കരടികൾ. ഈ ഇനത്തിൽ പെട്ട ഈച്ചകൾ വലിയ ഒറ്റ അട മാത്രമേ ഉണ്ടാക്കു. 1 അടി മുതൽ 4 അടി വരെ നീളം ഉണ്ടാകും. അർദ്ധവൃത്താകൃതിയിൽ ആയിരിക്കും അടയുടെ ആകൃതി. തുറസ്സായ സ്‌ഥലങ്ങളിൽ ആയിരിക്കും ഇവ കൂട് കൂട്ടുന്നത്. പൊതുവെ തേനിൽ ജലാംശം കൂടുതൽ ആണ്. ഇണക്കി വളർത്താൻ സാധിക്കില്ല. എട്ടോ, പത്തോ ഈച്ചയുടെ കുത്തേറ്റാൽ അപകടകരം ആണ്. ഈച്ചകൾ പൊതുവെ വലിപ്പം കൂടുതൽ ആണ്. സീസൺ കഴിയുന്ന മുറക്ക് കൂട് ഒഴിഞ്ഞു പോകുന്നത് ആയി കാണുന്നു. സീസൺ കാലങ്ങളിൽ ഒരു കൂട്ടിൽ നിന്നും 50 kg വരെ തേൻ ലഭിക്കാറുണ്ട്. അടയുടെ ഏറ്റവും മുകൾഭാഗത്ത്‌ തേൻ തൊട്ടുതാഴെ പൂമ്പൊടി അതിനു താഴെ ആയി മുട്ടയും പുഴുക്കളും ഇതാണ് അടയുടെ ഘടന. പരിശീലനം ലഭിച്ച ആദിവാസികൾ പുക ഉപയോഗിച്ച് ഈച്ചകളെ മാറ്റിയ ശേഷം തേൻ സംഭരിക്കാറുണ്ട്. നീലഗിരി കാടുകളിലും മറ്റും അവിടങ്ങളിൽ ഉള്ള കുറുമ്പ സമൂഹത്തിന്റെ വേനൽക്കാല ജോലിയാണ് പെരുന്തേൻ വേട്ടയാടൽ. നല്ല പരാഗണ സഹായികൾ ആണ് പെരുന്തേനീച്ചകൾ നാട്ടിലെ തെങ്ങിന്റെയും പനകളുടെയും കാട്ടിലെ വന്മരങ്ങളുടെയും പരാഗണത്തിനു സഹായിക്കുന്നത് പെരുംതേനീച്ചകൾ ആണ്.

ഒരുകാലത്ത് ധാരാളമായി കണ്ടിരുന്ന പെരുംതേനീച്ചകൾ ഇന്ന് അപൂർവമായി മാത്രമാണ് കാണുന്നത്, കടന്നലുകളെ പോലെ ആക്രമിക്കും എന്ന് കരുതി ആളുകൾ ഇവയെ കണ്ടാൽ ഉടനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്, സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശവും, കാട്ടുതീയും, തേൻ എടുക്കാൻ വേണ്ടി കൂടുകൾ കത്തിക്കുന്നതും, ആക്രമിക്കും എന്ന് കരുതി കൂട് കത്തിച്ചു കളയുന്നതും ഇവയുടെ വംശം ഇല്ലാതാവാൻ കാരണമാവുന്നു. അമിത കീടനാശിനി പ്രയോഗവും ഇവയുടെ നിലനിൽപ്പിനെ ബാധിക്കുന്നു. പെരുന്തേനീച്ചകളുടെ വംശനാശം പ്രകൃതിയിൽ പലതരം വൻവൃക്ഷങ്ങളുടെയും നിലനിൽപ്പിനും ഭീഷണിയാണ്, പരാഗണത്തിന് വലിയ സംഭാവന ചെയ്യുന്ന പെരുംതേനീച്ചകൾ കർഷകൻറെ ഏറ്റവും വലിയ മിത്രമാണ്,

പെരുന്തേനീച്ചകളുടെ വംശം നിലനിർത്താനായി Rural Gramin Honey പോലുള്ള സ്‌ഥാപനങ്ങൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

ഇറ്റാലിയൻ തേനീച്ച

[തിരുത്തുക]

യൂറോപ്യൻ ഇനമാണ് ഇറ്റാലിയൻ തേനീച്ച. സ്വർണ്ണ നിറമാണ് ഇവയ്ക്ക്. കൂടുപേഷിക്കാനും കൂട്ടം പിരിയാനും ഇഷ്ടമില്ലാത്ത ഇനമാണിവ. ഇന്ത്യൻ തേനീച്ചകളെ ബാധിക്കുന്ന സഞ്ചി രോഗം പ്രതിരോധിക്കാൻ ഇവയ്ക്കു കഴിവുണ്ട്.

ഞൊടിയൽ

[തിരുത്തുക]
ഞൊടിയൽ തേനീച്ച
റാണി സെൽ

മനുഷ്യൻ ഇണക്കി വളർത്തുന്ന വിവിധ തരം തേനീച്ചകളിൽ ഒന്നാണ് ഞൊടിയൽ തേനീച്ച. ഏഷ്യയിൽ ജന്മദേശം ഉള്ള ഇത്തരം തേനീച്ചകൾ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കണ്ടു വരുന്നു. ഇവയിലും ഏഷ്യൻ (Apis cerana indica) എന്നും ഇറ്റാലിയൻ (Apis mellifera) എന്നും വിഭാഗങ്ങളുണ്ട്. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും ഞൊടിയൽ തേനീച്ചയുടെ കൂടുകൾ കാണാൻ കഴിയും. ഇവയെ തേനീച്ചപെട്ടികളിൽ വളർത്തിയാണ് വ്യാവസായികമായി തേനീച്ചക്കൃഷി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 2500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏഷ്യൻ ബീസ് ഇനത്തെ ഉത്തരേന്ത്യയിലെ സമതലപ്രദേശങ്ങളിലൊഴികെ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളിലും കാണാം. മരപ്പൊത്തുകൾ, പാറയിടുക്കുകൾ എന്നിവിടങ്ങളിൽ കൂടുകൂട്ടുന്ന ഇന്ത്യൻ തേനീച്ച ഒന്നിലധികം അടകൾ സമാന്തരമായി നിർമ്മിക്കുന്നു. ശരാശരി തേൻശേഖരണശേഷിയുള്ള ഈ ഇനത്തെ അതിന്റെ ശാന്തസ്വഭാവംമൂലം പുരാതനകാലം മുതൽ ഇണക്കി വളർത്തിയിരുന്നു. ഇന്ത്യൻ തേനീച്ചവ്യവസായത്തിന്റെ അടിത്തറയായ ഇന്ത്യൻ തേനീച്ചയുടെ കൂട്ടിൽനിന്ന് പ്രതിവർഷം ശരാശരി മൂന്ന് മുതൽ 15 വരെ കി.ഗ്രാം തേൻ ലഭിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ കൂടൊന്നിന് 25 കി.ഗ്രാം വരെയും തേൻ ലഭിക്കാറുണ്ട്.

ഇറ്റാലിയൻ തേനീച്ചകൾ (Apis mellifera) ക്ക് ഇന്ത്യൻ തേനീച്ചകളേക്കാൾ വലിപ്പവും രോഗപ്രതിരോധശേഷിയും ഉണ്ട്. തേനുൽപാദനത്തിലും മുമ്പിലായ ഈ ഇനം തേനീച്ചകളെ യൂറോപ്പിൽ നിന്നും കേരളത്തിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

കരിഞൊടിയൽ

[തിരുത്തുക]

ഞൊടിയൽ വിഭാഗത്തിൽ പെട്ട ഇണക്കം കുറഞ്ഞ ഒരിനം തേനീച്ചയാണ് കരിഞൊടിയൽ.

കോൽതേനീച്ച

[തിരുത്തുക]
കോൽതേനീച്ചക്കൂട്
തേനീച്ചപിടിയൻ കടന്നൽ

വ്യത്യസ്തമായ ഒരിനം തേനീച്ച. ഒരു അട മാത്രമുള്ള കൂടാണിവക്കുള്ളത്. ഇവയെ ഇണക്കി വളർത്താൻ കഴിയില്ല. ഇവയുടെ കൂടുകൾ മരങ്ങളിലും മറ്റും ഒറ്റക്കും കൂട്ടമായും കാണാൻ കഴിയും.

ചെറുതേനീച്ച

[തിരുത്തുക]
ചെറുതേനീച്ച
ചെറുതേനീച്ചക്കൂട്

ചെറുതേനീച്ചകൾ മറ്റിനങ്ങളിൽ നിന്നും ആകാരത്തിലും പ്രവർത്തനരീതിയിലും വളരെ വ്യത്യസ്തരാണ്. കട്ടുറുമ്പുകൾക്ക് ചിറക് വന്നതുപോലെയുള്ള രൂപമാണിവയ്ക്ക്. ഇത്തരം തേനീച്ചകൾക്ക് ശത്രുക്കളെ ആക്രമിക്കുന്നതിനുള്ള മുള്ളുകളില്ല. പകരം അവ കടിക്കുകയാണ് ചെയ്യുന്നത്. വലിപ്പം കുറഞ്ഞ ഇവയ്ക്ക് കറപ്പുനിറമാണ്. കല്ലിടുക്കുകളിലും മൺപൊത്തുകളിലും മരപ്പൊത്തുകളിലും കൂടുണ്ടാക്കുന്ന ചെറുതേനീച്ചകളെ മൺകുടങ്ങളിലും ചിരട്ടയിലും മുളക്കുള്ളിലും വളർത്താൻ കഴിയും. വലിപ്പത്തിൽ വളരെ ചെറിയവയായതിനാൽ മറ്റുതേനീച്ചകൾക്ക് കടക്കാൻ കഴിയാത്ത ചെറു പുഷ്പങ്ങളിലെ തേനും ഇവക്ക് ശേഖരിക്കാൻ കഴിയും. അതിനാൽത്തന്നെ ചെറുതേനിന് ഔഷധ ഗുണം കൂടുതലാണ്.

ശത്രുക്കളും രോഗങ്ങളും

[തിരുത്തുക]

കുളവി എന്നറിയപ്പെടുന്ന വലിയ ഇനം കടന്നലുകൾ തേനീച്ചക്ക് ഭീഷണിയാണ്. അവ ഒറ്റക്കും കൂട്ടമായും തേനീച്ചക്കോളനികൾ ആക്രമിച്ച് നശിപ്പിക്കാറുണ്ട്.

ചിലയിനം പക്ഷികൾ തേനീച്ചകളുടെ ശത്രുക്കളാണ്. പരുന്തുകൾ വൻ തേനീച്ചക്കോളനികൾ ചിറകുകൊണ്ട് അടിച്ചിടാറുണ്ട്. മറ്റു ചെറുപക്ഷികൾ തേനീച്ചകളെ ആഹാരമാക്കുന്നു.

തേനീച്ചപിടിയൻ പക്ഷി

തായ്സാക്ക് ബ്രൂഡ് എന്ന വൈറസ് രോഗമാണ് തേനീച്ചകളെ ബാധിക്കുന്ന ഏറ്റവും വിനാശകരമായ രോഗം. ഇന്ത്യയിൽ ഈ രോഗം മൂലം തേനീച്ച വ്യവസായം വൻ പ്രതിസന്ധി നേരിട്ടിട്ടുണ്ട്.

തേനീച്ചക്കുട്ടിൽ ഉണ്ടാകുന്ന വെളുത്ത പുഴുക്കളാണ് മെഴുക് പുഴു. തേനീച്ചക്കൂടുകൾ നശിപ്പിക്കുന്ന ഇവ പിന്നീട് വണ്ടുകളായി മാറുന്നു. ഗന്ധകപ്പൊടി തേനീച്ചക്കൂട്ടിൽ വിതറിയും കൂടുകൾ വൃത്തിയാക്കിയും ഇവയെ നിയന്ത്രിക്കാൻ കഴിയും.

തേനീച്ചയുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരുതരം പേനും ഇവയുടെ നാശത്തിനു കാരണമാകാറുണ്ട്.

വ്യത്യസ്ത തരം തേനീച്ചകൾ

[തിരുത്തുക]

ഒരു തേനീച്ചക്കൂട്ടിൽ വ്യത്യസ്ത തരത്തിലുള്ള തേനീച്ചകളുണ്ട്. അവയ്ക്ക് വ്യത്യസ്ത സവിശേഷതകളും ഉത്തരവാദിത്തങ്ങളുമുണ്ട്.

റാണി (The Queen)

[തിരുത്തുക]

റാണിത്തേനീച്ചയാണ് കൂട്ടിലെ എല്ലാ തേനീച്ചയുടെയും മാതാവ്. റാണി കൂട്ടിൽ ഒരു ഭരണാധികാരിയെ പോലെ പെരുമാറുകയൊന്നുമില്ല. പക്ഷേ മുകളിൽ തങ്ങുന്നു, ഭക്ഷിക്കുന്നു, ജോലിക്കാരി തേനീച്ചകളാൽ സംരക്ഷിക്കപ്പെടുന്നു. റാണിക്ക് ഒരു ജോലി മാത്രമേ കൂട്ടിലുള്ളൂ. പ്രത്യുല്പാദനം നടത്തുക. ഒരിക്കൽ മാത്രമേ റാണി ഇണ ചേരുകയുള്ളൂ. ആൺ ബീജത്തെ(sperm) മുട്ടയിടേണ്ട സമയമെത്തുന്നത് വരെ ഒരു പ്രത്യേക അവയവത്തിൽ(special organ) സൂക്ഷിച്ച് വയ്ക്കും. ഒരു ദിവസം 2000 ത്തോളം മുട്ടകളിടും. ഒരു റാണി ഏകദേശം മൂന്ന് വർഷക്കാലം ജീവിക്കും. റാണിക്ക് അവളുടെ നീളമേറിയ വിസ്താരം കുറഞ്ഞ ഉദരം കൊണ്ടും ചെറിയ ചിറകുകൾ കൊണ്ടും അവയുടെ വാസസ്ഥലം കണ്ട് പിടിക്കാൻ കഴിയും. സീസണ് മുൻപേ ഒരു കൂട്ടിൽ കൂടുതൽ തേനീച്ചകളായി കഴിഞ്ഞാൽ, റാണി തേനീച്ചയിൽ പകുതിയുമായി കൂട് വിടും

മടിയൻമാർ (The Drones)

[തിരുത്തുക]

കൂട്ടിലെ ആൺ തേനീച്ചകളാണിവർ, ജോലിക്കാരേക്കാൾ വലുതായിരിക്കും. വലിയ, ഉരുണ്ട, കറുത്ത ഉദരമുള്ള തേനീച്ചകളായിരിക്കും ഇവ. ഈ അലസൻമാർക്ക് കൂട്ടിൽ ഒരു ജോലിയുമുണ്ടാവില്ല. അവരുടെ ജോലി റാണിയുമായിട്ട് ഇണ ചേരൽ മാത്രമാണ്. ഇവക്ക് കൊമ്പ് ഉണ്ടാവില്ല. എന്നാലും ജനസംഖ്യ കുറയ്ക്കുന്നതിന് വേണ്ടിയും, ഭക്ഷണം സംരക്ഷിക്കുന്നതിന് വേണ്ടിയും ജോലിക്കാരികൾ മടിയന്മാ‍രെ കൂട്ടിൽനിന്ന് പുറത്താക്കും.

ജോലിക്കാരികൾ (The Workers)

[തിരുത്തുക]

ഒരു കൂട്ടിലെ കൂടുതൽ തേനീച്ചകളും പെൺ ജോലിക്കാരായിരിക്കും. എന്നാലും ഇവക്ക് പ്രത്യുല്പാദന ശേഷി ഉണ്ടാവുകയില്ല. ഇവ വളരെ കുറച്ച് സമയമേ കൂട്ടിൽ ഉണ്ടാവുകയുള്ളൂ. ഈ ജോലിക്കാരി തേനീച്ചകൾക്ക് വളരെയധികം ഉത്തരവാദിത്തങ്ങളും ജോലികളും ഉണ്ട്. അവക്ക് പൊതുവെ 35-45 ദിവസത്തേ ആയുസേ ഉണ്ടാവുകയുള്ളൂ. ജോ‍ലിക്കാരി തേനീച്ച ജനിച്ചാൽ അവളുടെ ആദ്യ രണ്ടാഴ്ച്ചത്തേ ജോലി കൂട്ടിലെ ഒരു ആയയെ പോലെയായിരിക്കും. തേനറകൾ ക്ലീൻ ചെയ്യുക, അറകൾ ഉണ്ടാക്കാൻ വേണ്ടി മെഴുക് ഉല്പാദിപ്പിക്കുക, തേനുണ്ടാക്കുക, പൂമ്പൊടി ശേഖരിച്ച് വെക്കുക, റാണിക്ക് ഭക്ഷണം കൊടുക്കുക, വൃത്തിയാക്കുക, ശത്രുക്കളിൽ നിന്ന് കൂടിനെ സംരക്ഷിക്കുക തുടങ്ങിയവ അതിൽപ്പെടുന്നു. കൂട്ടിലെ ജോലി കഴിഞ്ഞാൽ അവളുടെ അവസാന ജോലിയായ “ഫീൽഡ് ബീ“യായിട്ട് മാറും. കോളനിക്ക് മുഴുവൻ വേണ്ട പൂമ്പൊടി, മധു(nectar), വെള്ളം തുടങ്ങിയവ ശേഖരിക്കലാണ് ഇവയുടെ ജോലി.

ജീവിതചക്രം (Life -Cycle)

[തിരുത്തുക]

തേനീച്ചകൾക്ക് വ്യത്യസ്ത ജോലികളും ഭൗതിക സവിശേഷതകളും ഉണ്ടെങ്കിലും അവയെല്ലാം ഒരുപോലെ ജീവിത ഘട്ടങ്ങൾ പിന്തുടരുന്നു.

  • മുട്ട (egg): മുട്ടയാകുമ്പോൾ, റാണിയുടെയും ആൺ തേനീച്ചയുടെയും ജെനെറ്റിക് മറ്റീരിയത്സ് തമ്മിൽ കൂടിച്ചേർന്ന് ഒരു ഭ്രൂണമായി (embryo) മാറും. ജീവിതചക്രത്തിന്റെ രണ്ടാമത്തെ ഘട്ടത്തിൽ ഭ്രൂണം ലാർ‌വയായി രൂപാന്തരം പ്രാപിക്കും
  • ലാർവ (Larva): തേനീച്ചയുടെ ഈ ഘട്ടത്തെ ഗ്രബ് പിരീഡ് (Grub Period) എന്നും പറയുന്നു. തീരെ ചെറിയ ഒരു വെള്ള അർദ്ധവൃത്താകൃതി വികസിച്ച് വരുകയും, ജോ‍ലിക്കാരികൾ കൊണ്ട് വന്ന ഭക്ഷണം കഴിച്ച് ഇവ വളരുകയും ചെയ്യും
  • പ്യൂപ്പ (Pupa): ലാർവ പൂർണ്ണ വികാസം പ്രാപിച്ചതിനു ശേഷം പ്യൂപ്പയായി മാറുന്നു. ആ സമയത്ത് ലാർവാ സെല്ലിനെ ഒരു ആവരണം കൊണ്ട് മൂടുന്നു. ഇതിന്റെ ഉള്ളിൽ നിന്ന് വെളുത്ത നിറമുള്ള ലാർവ കറുപ്പും മഞ്ഞയും നിറത്തിലുള്ള പൂർണവളർച്ചയെത്തിയ തേനീച്ചയാകുന്നു.

തേനീച്ചയുടെ ജീവിത ചക്രം (ദിവസങ്ങൾ)

ഘട്ടം മുട്ട ലാർവ പ്യൂപ്പ ആകെ
റാണി 3 5 1/2 7 1/2 16
ജോലിക്കാരികൾ 3 6 12 21
മടിയന്മാർ 3 6 1/2 14 1/2 24

പരാഗണം (Pollination)

[തിരുത്തുക]

പൂക്കളുള്ള സസ്യങ്ങൾ തേനീച്ചക്ക് ആവശ്യമാണ്, അത് പോലെ തന്നെ തേനീച്ച പൂക്കളുള്ള സസ്യങ്ങൾക്കും ആവശ്യമാണ്. തേനീച്ചയിൽ നിന്ന് മാനവരാശിക്ക് ഏറ്റവും ഉപയോഗപ്രദമായത് സസ്യങ്ങളുടെ പരപരാഗണമാണ്. മനുഷ്യൻ ഉപയോഗിക്കുന്ന പഴങ്ങളും വിളകളും പരപരാഗണം നടക്കാതെ ഉല്പാദിപ്പിക്കപ്പെടുകയില്ല. മനുഷ്യന്റെ ഭക്ഷണ സാധങ്ങളിൽ മൂന്നിലൊരു ഭാഗം നേരിട്ടോ പരോക്ഷമായോ പരാഗണ സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. തേനീച്ചയുടെ സഹായത്താലാണ് 80 ശതമാനം വിളകളും പരാഗണം നടത്തുന്നത്. പൂക്കളുള്ള സസ്യങ്ങൾ ഉല്പാദിപ്പിക്കുന്ന പൂമ്പൊടികളും മധുവുമാണ് തേനീച്ചയുടെ ആഹാരം.

പൂമ്പൊടിയാൽ മറഞ്ഞ മധു ഒരു തേനീച്ച ഒരു പൂവിൽ വന്നിരുന്ന് കുടിക്കുമ്പോൾ, തേനീച്ചയുടെ രോമം നിറഞ്ഞ ശരീരത്തിൽ പൂമ്പൊടി പറ്റിപ്പിടിക്കും. തേനീച്ച അടുത്ത പൂവ് സന്ദർശിക്കുമ്പോൾ ആ പൂമ്പൊടിയെ അവിടെ തള്ളിക്കളയുന്നു. ഇങ്ങനെ പൂമ്പൊടിയെ ഒരു സസ്യത്തിൽ നിന്ന് മറ്റൊരു സസ്യത്തിലേക്ക് വഹിക്കുന്നതിനെ പരപരാഗണം(Cross-Pollination) എന്ന് പറയുന്നു.

ചില സസ്യങ്ങൾക്ക് പ്രകാശപൂരിതമായ ഇതളുകളുണ്ട് അത് തേനീച്ചയെ ആകർഷിക്കും. ചിലത് നല്ല സുഗന്ധം പരത്തുന്നതായിരിക്കും. സസ്യങ്ങൾ ഒരു സമയത്ത് വളരെ കുറച്ച് അളവിലെ മധു മത്രമേ ഉല്പാദിപ്പിക്കുകയുള്ളൂ. ഇത് മൂലം തേനീച്ചകൾ വളരെയധികം പൂക്കൾ സന്ദർശിക്കുന്നു. ഈ പ്രക്രിയയിലൂടെ സസ്യങ്ങൾ ഫലങ്ങൾ ഉല്പാദിപ്പിക്കുന്നു.

ചെടികളിൽ പരാഗണം നടത്തി വംശവർദ്ധനവ് നടത്തുക മാത്രമല്ല തേനീച്ചകൾ ചെയ്യുന്നത്. അവയെ ചെറുകീടങ്ങളിൽ നിന്നും ഒരു പരിധിവരെ സം‌രക്ഷിക്കുകയും ചെയ്യുന്നു. ജർമ്മനിയിൽ ബയോ സെൻ‌ട്രം യൂണിവേഴ്സിറ്റിയിലെ ഗവേഷകർ തേനീച്ചയുടെ ഈ കഴിവിനെക്കുറിച്ചുള്ള പഠനത്തിൽ നിന്നും കണ്ടുപിടിച്ച കാര്യമാണിത്. പൂച്ചെടികൾക്കു ചുറ്റിനും തേനിനായി പറക്കുന്ന തേനീച്ചയുടെ മുരളൽ ശബ്ദം ഒരു പരിധിവരെ ചെറുകീടങ്ങളെ ചെടികളിൽ നിന്നും അകറ്റുന്നു. കാപ്സിക്കം ചെടിയിലാണ്‌ ഇതു സംബന്ധിച്ച പരീക്ഷണങ്ങൾ നടത്തിയത്. ഒരു ടെന്റിൽ കുറേ കാപ്സിക്കം ചെടികളേയും തേനീച്ചകളേയും വളർത്തുകയും മറ്റൊന്നിൽ കാപ്സിക്കം മാത്രവും വളർത്തി. തേനീച്ചകളോടൊപ്പം വളർന്ന ചെടികളിലേതിനെക്കാൾ കൂടുതൽ ഏകദേശം 60% മുതൽ 70% വരെ കായ്കൾ ഒറ്റയ്ക്കു വളർന്ന ചെടികളിൽ പുഴു കുത്തി നശിപ്പിച്ചതായി കണ്ടെത്തി. ഈ പരീക്ഷണമാണ്‌ ചെടികളിൽ തേനീച്ചകൾ വഴി നടത്തപ്പെടുന്ന സം‌രക്ഷണം[2]

തേനും പൂമ്പൊടിയും (Nectar and Pollen)

[തിരുത്തുക]

ജോലിക്കാരി തേനീച്ചകൾ പുറത്ത് പോയി കൊണ്ട് വരുന്ന മധുവും(Nectar) പൂമ്പൊടിയും(Pollen) തേനീച്ചക്കൂട്ടിലെ(Hive) മുഴുവൻ തേനീച്ചളേയും തീറ്റിപ്പോറ്റുന്നു.

തേനീച്ചകൾ തരുന്ന പൂമ്പൊടികൾ പ്രോട്ടീന്റെയും വിറ്റാമിന്റെയും മികച്ച ഉറവിടമാണ്‌‍. ഇവ തേനീച്ചക്കൂട്ടിലേക്ക് മടങ്ങുമ്പോൾ പൊള്ളെൻ ബാസ്കറ്റിൽ((Pollen Baskets)പിൻകാലിന്റെ അറ്റത്തുള്ള നീളമുള്ള രോമമുള്ള സ്ഥലം) ഒരു തിളക്കമുള്ള പദാർഥം ഒട്ടിൿചേർന്ന് നിൽക്കുന്നത് കാണാൻ കഴിയും.

തേനീച്ചയുടെ ആഹാരക്രമത്തിൽ പൂവിന്റെ മധുവിന് വളരെ പ്രധാനമുണ്ട്, ഇത് അവയുടെ കാർബോ ഹൈഡ്രേറ്റിന്റെയും (carbohydrates) ഊർജജത്തിന്റെയും (energy) മുഖ്യ ഉറവിടമാണ്‌‍. തേനീച്ചകൂട്ടിലേക്ക് തിരിച്ച് വരുമ്പോൾ പെൺ തേനീച്ച മധുവിനെ അവളുടെ ഹണീ സാകിൽ(Honey Sac) സൂക്ഷിക്കുന്നു. ഹണീ സാക്കിലേ എൻസൈം(Enzymes) മധുവിനെ തേനാക്കി മാറ്റുന്നു. ശേഷം ഇതിനെ വെയ്റ്റിങ്ങ് സെല്ലിലേക്ക് മാറ്റുന്നു.


തേൻ മറ്റുപയോഗങ്ങൾ (വിഭവങ്ങൾ)

[തിരുത്തുക]

നെല്ലിക്ക കഷണങ്ങളാക്കി തേനിലിട്ടു രണ്ടാഴ്ച വച്ചാൽ വിറ്റാമിൻ സി യുടെ ഒരു വൻ ശേഖരം ആണ്, വെയിലിൽ ഉണക്കിയ വെളുത്തുള്ളി, കാന്താരി മുളക്, ഇഞ്ചി, ശതാവരി, ഈത്തപ്പഴം, നാടാൻ ചെറി എന്നിവ തേനിൽ ഇട്ടു പലവിധ വിഭവങ്ങള ഉണ്ടാക്കാം,

ആശയവിനിമയം (Communication)

[തിരുത്തുക]

തേനീച്ചകൾ വളരെ സങ്കീർണമായ ഒരു ആശയവിനിമയ രീതിയാണ് ഉള്ളത്. ശാസ്ത്രകാരന്മാർ അത് മുഴുവനായിട്ടൊന്നും മനസ്സിലാക്കിയിട്ടില്ല. ഒരു ജോലിക്കാരി പൂമ്പൊടിയുടെയോ, മധുവിന്റെയോ ഒരു ഉറവിടം കണ്ടുപിടിച്ചാൽ അത് മറ്റുള്ളവർക്ക് അറിയിക്കുന്നത് ഒരു നൃത്ത ഭാഷയിലൂടെയാണ്‌ ‍(Dance Language). അങ്ങനെ ഈ നൃത്തതിലൂടെ അത്യാവശ്യവിവരങ്ങൾ കൈമാറുന്നു. ഇത് മൂലം അവയക്ക് നേരെ ഭക്ഷണസ്ഥലത്തേക്ക് പറക്കാൻ കഴിയുന്നു. സൂര്യനെ ഒരു പ്രത്യേക മണ്ഡലമാക്കിയാണ്(compass) ഇവ വഴി കണ്ട് പിടിക്കുന്നത്. മൂടലുള്ള ദിവസങ്ങളിൽ പോലും ഇവക്ക് സൂര്യനെ ഉപയോഗിക്കാൻ കഴിയും.

തേനീച്ചകൾ ഉപയോഗിക്കുന്നത് രണ്ട് തരത്തിലുള്ള ഡാൻസ് ആണ്. വൃത്താകൃതിയിലും(Round Dance), അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടുള്ള രൂപത്തിലും(Waggle Dance). ആഹാരം ഒരു 10 മീറ്റർ ദൂരെയാണെങ്കിൽ ഇവ വൃത്താകൃതിയിലുള്ള ഡാൻസ് ഉപയോഗിക്കുന്നു. 100 മീറ്ററിനേക്കാളും കൂടുതൽ ദൂരമാണെങ്കിൽ ഇവ വാഗിൾ ആകൃതിയിൽ ഡാൻസ് ചെയ്യും, ഇനി ആഹാരം 10മീറ്ററിനോ 100 മീറ്ററിനോ ഇടയിലാണെങ്കിൽ ഇവ വാഗിൾ ഡാൻസിന്റെയും റൗണ്ട് ഡാൻസിന്റെയും ഒരു സമ്മിശ്രിതമാണ്(Combination) ഉപയോഗിക്കുക.

റൗണ്ട് ഡാൻസ്(Round Dance)

[തിരുത്തുക]

തേനീച്ച കൂടിന്റെ ലംബമായി നിന്ന് കൊണ്ടാണ് ഇവ വഴി കാണിച്ച് കൊടുക്കുന്നത്. നൂറ് മീറ്ററിൽ താഴെയാണ് മധുവെങ്കിൽ ഇവ ഒരു ഭാഗത്തേക്ക് ഒരു വൃത്തരൂപത്തിൽ ഓടുന്നു. എന്നിട്ട് തിരിഞ്ഞ് നിന്നതിൻ ശേഷം എതിർ ഭാഗത്തേക്കും ഒരു വൃത്തരൂപത്തിൽ ഓടുന്നു. അങ്ങനെ ഇവയ്ക്ക് ഈ രൂപത്തിൽ വഴി കാണിക്കലിലൂടെ പൂവിന്റെ സ്ഥാനം കണ്ട് പിടിക്കാൻ കഴിയും. വഴി കാണിക്കുന്ന തേനീച്ച കൊണ്ടുവന്ന മധു മറ്റു തേനീച്ചകൾ രുചിക്കുകയും അങ്ങനെ അത് ഏത് തരം പൂവാണെന്ന് അവയ്ക്ക് മനസ്സിലാക്കാൻ കഴിയുകയും ചെയ്യും.

വാഗിൾ ഡാൻസ് (Waggle Dance)

[തിരുത്തുക]

മധുവിന്റെ സ്ഥാനം തേനീച്ച കൂട്ടിൽ നിന്നും നൂറ് മീറ്ററിൽ കൂടുതലാണെങ്കിൽ തിരിച്ച് വന്ന ജോലിക്കാരി വാഗിൾ ഡാൻസ് ആയിരിക്കും കാണിക്കുന്നത്. ഇത് മറ്റു തേനീച്ചകൾക്ക് പൂവിന്റെ സ്ഥാനവും ദിശയും നൽകുന്നു. ആദ്യം ഇവൾ അവളുടെ വാൽ അങ്ങോട്ടും ഇങ്ങോട്ടും വേഗതയിൽ ചലിപ്പിച്ച് കൊണ്ട് തിരശ്ചീനമായി ഡാൻസ് ചെയ്യുന്നു. പിന്നെ അത് തിരിഞ്ഞ് ഒരു അർദ്ധവൃത്ത രൂപത്തിൽ നടക്കുന്നു. എന്നിട്ട് എതിർ ഭാഗത്തേക്ക് തിരിഞ്ഞ ശേഷം അർദ്ധവൃത്തരൂപത്തിൽ ഒരു പ്രാവശ്യം കൂടി നടക്കുന്നു. പിന്നെ മടങ്ങി തിരശ്ചീനമായി ഒന്നുക്കൂടി നടക്കുന്നു. ഈ സമയത്ത് അവ അവയുടെ വാൽ വിറപ്പിച്ചുകൊണ്ടിരിക്കും. ഒരു മിനിട്ടിൽ എത്ര സമയം ഇത് ആവർത്തിക്കുന്നു എന്നതിനുസരിച്ചായിരിക്കും കൂട്ടിൽ നിന്നും ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം. വേഗതയിലുള്ള നൃത്തമാണെങ്കിൽ കൂട്ടിൽ നിന്നും അടുത്തായിരിക്കും, പതുക്കെയുള്ള ഡാൻസ് ആണെങ്കിൽ കൂടിൽ നിന്നും കൂടുതൽ അകലെയായിരിക്കും.തിരശ്ചീനമായ ഡാൻസ് സൂര്യനുമായി ബന്ധപ്പെട്ടതാണ്. കൂടിനെ ലംബമാക്കിയാണ് തേനീച്ചകൾ വഴി കണ്ട് പിടിക്കുന്നത്.

ചിത്രശാല

[തിരുത്തുക]



പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  1. പേജ് 235, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  2. കർഷകൻ മാസിക. മാർച്ച് 2010. പുറം 44
"https://ml.wikipedia.org/w/index.php?title=തേനീച്ച&oldid=3950020" എന്ന താളിൽനിന്ന് ശേഖരിച്ചത്