Jump to content

ഹണ്ടർ ഗാതറർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hunter-gatherer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2014 ൽ കോംഗോ തടത്തിൽ പിഗ്മി വേട്ടക്കാർ

ഇരതേടലിലൂടേയും ഭക്ഷ്യശേഖരണത്തിലൂടേയും (കാട്ടു സസ്യങ്ങൾ ശേഖരിക്കുകയും വന്യമൃഗങ്ങളെ പിന്തുടർന്ന് വേട്ടയാടുന്നതും) തങ്ങൾക്കാവശ്യമായ മുഴുവൻ ഭക്ഷണമോ ഭൂരിഭാഗം ഭക്ഷണമോ കണ്ടെത്തുന്ന സാമൂഹികസ്ഥിതിയിൽ അംഗമായ മനുഷ്യരെ വേട്ടയും ഭക്ഷ്യശേഖരണവും നടത്തുന്നവർ എന്നു വിളിക്കുന്നു (ഹണ്ടർ-ഗാതറർ). മുഖ്യമായും മെരുക്കിയെടുത്ത സസ്യ-ജീവിവർഗ്ഗങ്ങളെ ആശ്രയിക്കുന്ന കാർഷികസമൂഹങ്ങൾക്കു നേർവിപരീതമായ അവസ്ഥയാണ് വേട്ടയും ശേഖരണവും നടത്തുന്ന സമൂഹം.

മനുഷ്യരാശിയുടെ പ്രകൃതിയോടുള്ള ആദ്യത്തേതും ഏറ്റവും വിജയകരവുമായ അനുകൂലനമായിരുന്നു (പൊരുത്തപ്പെടുത്തൽ) വേട്ടയും ശേഖരണവും. മനുഷ്യ ചരിത്രത്തിന്റെ 90 ശതമാനമെങ്കിലും വേട്ടയും ശേഖരണവും ഉൾപ്പെടുന്ന കാലഘട്ടമാണ്. കൃഷിയുടെ കണ്ടുപിടുത്തത്തെത്തുടർന്ന്, ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും, തങ്ങളുടെ ജീവിതരീതിയിൽ മാറ്റം വരുത്താത്ത ഹണ്ടർ-ഗാതറർ സമൂഹങ്ങൾ, കർഷകരോ ഇടയസംഘങ്ങളോ മൂലം നാടുകടത്തപ്പെടുകയോ കീഴടക്കപ്പെടുകയോ ചെയ്യപ്പെട്ടു.[1] [2]

പല വേട്ടയാടൽ സമൂഹങ്ങളും അവരുടെ ഭക്ഷ്യശേഖരണത്തിനൊടൊപ്പംതന്നെ ഇടയജീവിതത്തിലും മറ്റും ഏർപ്പെടുന്നതുകൊണ്ടു വളരെക്കുറച്ചു സമകാലിക സമൂഹങ്ങളെമാത്രമേ വേട്ടയും ശേഖരണത്തിലൂടെയും ജീവിക്കുന്നവരായി വർഗ്ഗീകരിച്ചിട്ടുള്ളൂ.[3] [4] സാധാരണയായുള്ള തെറ്റിദ്ധാരണയ്ക്ക് വിരുദ്ധമായി, വേട്ടയാടുന്നവർ ഭൂരിഭാഗവും പട്ടിണി കിടക്കുന്നതിനുപകരം നന്നായി ഭക്ഷണസമ്പാദനം നടത്തുന്നവരാണ്.

പുരാവസ്തുഗവേഷണത്തിലെ തെളിവുകൾ

[തിരുത്തുക]

1970 കളിൽ, ലൂയിസ് ബിൻഫോർഡ്, ആദ്യകാല മനുഷ്യർ വേട്ടയാടലിലൂടെയല്ല, ഭക്ഷ്യവസ്തുക്കളുടെ ശേഖരണത്തിലൂടെയാണ് ഭക്ഷണം നേടിയതെന്ന് അഭിപ്രായപ്പെട്ടു. [5] ആദ്യകാല മനുഷ്യർ ലോവർ പാലിയോലിത്തിക്ക് കാലഘട്ടത്തിൽ വനങ്ങളിലും മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിലും താമസിച്ചിരുന്നു, ഇത് അവരെ മത്സ്യം, മുട്ടകൾ, വിവിധതരം പഴങ്ങൾ എന്നിവ ശേഖരിക്കാൻ സഹായിച്ചു. ബിൻഫോർഡിന്റെ സിദ്ധാന്തമനുസരിച്ച് അവർ മാംസത്തിനായി വലിയ മൃഗങ്ങളെ കൊല്ലുന്നതിനുപകരം, വേട്ടക്കാരാൽ കൊല്ലപ്പെട്ടതോ പ്രകൃതിദത്തകാരണങ്ങളാൽ കൊല്ലപ്പെട്ടതോ ആയ മൃഗങ്ങളുടെ ശവശരീരങ്ങൾ ഭക്ഷണത്തിനായി ഉപയോഗിച്ചു.  പുരാവസ്തു,ജനിതക തെളിവുകൾ സൂചിപ്പിക്കുന്നത് പാലിയോലിത്തിക്കിലെ വേട്ടയും-ഭക്ഷ്യശേഖരണവും നടത്തി ജീവിച്ചവർ പ്രധാനമായും മരങ്ങൾ കുറവായ പ്രദേശങ്ങളിൽ ജീവിക്കുകയും ഇടതൂർന്ന വനമേഖലകൾ ഒഴിവാക്കുകയും ചെയ്തിരുന്നു എന്നാണ്. [6]

എൻ‌ഡുറൻസ് റണ്ണിംഗ് സിദ്ധാന്തമനുസരിച്ച്, വേട്ടയും ഭക്ഷ്യശേഖരണവും നടത്തി ജീവിക്കുന്ന ചില സംഘങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്ന ദീർഘദൂര ഓട്ടത്തിലൂടെയുള്ള വേട്ടയാടൽ രീതിയാണ്, ചില മനുഷ്യ സ്വഭാവസവിശേഷതകളുടെ പരിണാമത്തിലേക്ക് നയിച്ചത്.

വേട്ടയാടലും ശേഖരണവും മനുഷ്യസമൂഹങ്ങളുടെ അതിജീവനത്തിന്റെ ഭാഗമായിരുന്നു. ഏകദേശം18 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഹോമോ ഇറക്റ്റസ് സമൂഹങ്ങൾ ഉപയോഗിച്ചുതുടങ്ങിയ വേട്ടയാടലും ഭക്ഷ്യശേഖരണവും 2 ലക്ഷം വർഷങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ഹോമോ സാപ്പിയൻസ് സമൂഹങ്ങളും തുടർന്നു. ചരിത്രാതീത വേട്ടയാടൽ സംഘങ്ങൾ പല കുടുംബങ്ങളടങ്ങുന്ന സംഘങ്ങളിലായിരുന്നു താമസിച്ചിരുന്നത്.  പതിനായിരം വർഷങ്ങൾക്ക് മുമ്പ് മെസോലിത്തിക്ക് കാലഘട്ടം അവസാനിക്കുന്നതുവരെ ഈ രീതിയായിരുന്നു മനുഷ്യന്റെ പ്രധാന ഉപജീവനമാർഗ്ഗം. എന്നാൽ നവീനശിലായുഗവിപ്ലവത്തിന്റെ വ്യാപനത്തോടെ കാലക്രമേണ ഈ രീതി മാറ്റിസ്ഥാപിക്കപ്പെട്ടു.

ബിസി 2000 ൽ ഹണ്ടർ-ഗാതറർ സമൂഹങ്ങൾ (മഞ്ഞയിൽ)

ഏകദേശം 80,000 മുതൽ 70,000 വർഷങ്ങൾക്കുമുൻപ്, മിഡിൽ മുതൽ അപ്പർ പാലിയോലിത്തിക്ക് വരെയുള്ള കാലഘട്ടത്തിൽ ചില ഹണ്ടർ ഗാതറർ സമൂഹങ്ങൾ പ്രത്യേകം തിരഞ്ഞെടുത്ത കുറച്ചു കൂട്ടം മൃഗങ്ങളെ വേട്ടയാടാനും തിരഞ്ഞെടുത്ത പ്രത്യേകം ഭക്ഷണം ശേഖരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അവർ മീൻ പിടിക്കാനുള്ള വലകൾ, കൊളുത്തുകൾ, എല്ലു കൊണ്ടുള്ള ചാട്ടുളികൾ എന്നിവ പോലുള്ള പ്രത്യേക ഉപകരണങ്ങൾ സൃഷ്ടിക്കാനും തുടങ്ങി . [7] പാലിയോലിത്തിക്കിനെത്തുടർന്നുള്ള നിയോലിത്തിക്ക് കാലഘട്ടത്തിലേക്കുള്ള മാറ്റം പ്രധാനമായും നിർവചിക്കപ്പെട്ടിട്ടുള്ളത് അഭൂതപൂർവമായ കാർഷിക രീതികളുടെ വികസനത്തെ അടിസ്ഥാനമാക്കിയാണ്. കൃഷി 12,000 വർഷങ്ങൾക്ക് മുമ്പ് മദ്ധ്യപൂർവ്വേഷ്യയിലാണ് ഉത്ഭവിച്ചത്. കൂടാതെ തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, മെസോഅമേരിക്ക, ആൻഡീസ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും കൃഷി സ്വതന്ത്രമായി ഉത്ഭവിച്ചു.

ഈ കാലയളവിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഫോറസ്റ്റ് ഗാർഡനിങ്ങ് ഭക്ഷ്യോൽപ്പാദനസംവിധാനമായി ഉപയോഗിച്ചുവന്നിരുന്നു. ചരിത്രാതീത കാലഘട്ടത്തിൽ ഫോറസ്റ്റ് ഗാർഡനുകൾ കാടുകളോടു തൊട്ടുള്ള നദീതീരങ്ങളിലും മൺസൂൺ പ്രഭാവപ്രദേശങ്ങളിലെ നനഞ്ഞ താഴ്‌വാരങ്ങളിലും ഉത്ഭവിച്ചിരുന്നു.  കുടുംബങ്ങൾ തങ്ങളുടെ സമീപ പരിസ്ഥിതി മെച്ചപ്പെടുത്തുന്ന പ്രക്രിയയിൽ, ഉപയോഗപ്രദമായ വൃക്ഷങ്ങളും വള്ളിച്ചെടികളും തിരിച്ചറിയുകയും അവയെ സംരക്ഷിക്കുകയും മനുഷ്യർക്കനുയോജ്യമായ രീതിയിൽ മെച്ചപ്പെടുത്തുകയും ചെയ്തു, അതേസമയം തന്നെ തങ്ങൾക്ക് അഭികാമ്യമല്ലാത്ത ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കുകയും ചെയ്തു.

കാർഷിക സമൂഹങ്ങളുടെ എണ്ണവും വലുപ്പവും വർദ്ധിച്ചതോടെ അവ പരമ്പരാഗതമായി ഹണ്ടർ ഗാതറർ സമൂഹങ്ങൾ ജീവിച്ചിരുന്ന ദേശങ്ങളിലേക്ക് വ്യാപിച്ചു. ഈ പ്രക്രിയ ഫലഭൂയിഷ്ഠമായ ഫെർറ്റൈൽക്രസന്റ്, പുരാതന ഇന്ത്യ, പുരാതന ചൈന, ഓൾമെക്, സബ്-സഹാറൻ ആഫ്രിക്ക, നോർട്ടെ ചിക്കോ തുടങ്ങിയ ഇടങ്ങളിൽ ഗവൺമെന്റിന്റെ ആദ്യരൂപങ്ങൾ വികസിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.

സമകാലീന വേട്ടയാടൽ സംസ്കാരങ്ങളെല്ലാം തന്നെ കാർഷിക ഉപയോഗത്തിന് അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലാണ് താമസിക്കുന്നത്.

പുരാവസ്തുഗവേഷകർ കല്ലുകൊണ്ടുള്ള ഉപകരണങ്ങളെ അടിസ്ഥാനമാക്കി ഹണ്ടർ ഗാതറർ സമൂഹങ്ങളെക്കുറിച്ചുള്ള പഠനം നടത്തുന്നു. [8] [9]

നമീബിയയിൽ നിന്നുള്ള ഒരു സാൻ(ബുഷ്മെൻ) . നിരവധി സാൻ ഇപ്പോഴും വേട്ടക്കാരായി ജീവിക്കുന്നു.

ഭൂരിഭാഗം വേട്ടക്കാരും നാടോടികളോ അർദ്ധ നാടോടികളോ ആണ്, അവർ താൽക്കാലിക വാസസ്ഥലങ്ങളിൽ താമസിക്കുന്നു. സമൂഹങ്ങൾ സാധാരണയായി താൽക്കാലിക പാർപ്പിടങ്ങൾ നിർമ്മിക്കുന്നു. അല്ലെങ്കിൽ അവർ ഗുഹകളോ മറ്റു പ്രകൃതിദത്ത ഷെൽറ്ററുകളോ ഉപയോഗിക്കുന്നു.

പസഫിക് വടക്കുപടിഞ്ഞാറൻ തീരത്തെയും യാകുട്ടുകളെയും പോലുള്ള ചില വേട്ടയാടൽ സംസ്കാരങ്ങൾ ഭക്ഷണലഭ്യതയാൽ സമ്പന്നമായ അന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്, അത് അവരെ ഉദാസീനമായ ജീവിതരീതി പുലർത്തുവാൻ സഹായിച്ചു. സ്ഥിരമായ ഹണ്ടർ ഗാതറർ വാസസ്ഥലങ്ങളുടെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്ന് ഒസിപോവ്ക സംസ്കാരമാണ് (14000 -10000 വർഷങ്ങൾക്ക് മുമ്പ്). [10] ഇവർ മത്സ്യസമ്പന്നമായ അന്തരീക്ഷത്തിലാണ് ജീവിച്ചിരുന്നത്. അത് അവരെ വർഷം മുഴുവനും ഒരേ സ്ഥലത്ത് തന്നെ തുടരാൻ അനുവദിച്ചു. [11] അറിയപ്പെടുന്നതിൽവച്ച് ഏതൊരു ഹണ്ടർ ഗാതറർ സമൂഹത്തിന്റെയും ഏറ്റവും ഉയർന്ന ജനസാന്ദ്രത ചുമാഷ് എന്ന ഒരു ഗ്രൂപ്പിനായിരുന്നു, ഒരു ചതുരശ്ര മൈലിന് 21.6 പേർ. [12]

സാമൂഹികവും സാമ്പത്തികവുമായ ഘടന

[തിരുത്തുക]

ഹണ്ടർ ഗാതറർ സമൂഹങ്ങൾ സമത്വപരമായ സാമൂഹിക ധാർമ്മികത പുലർത്തുന്നു. [13] എന്നിരുന്നാലും, സ്ഥിരതാമസമാക്കിയ ഹണ്ടർ ഗാതറർ കൂട്ടങ്ങൾ (ഉദാഹരണത്തിന്, വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് താമസിക്കുന്നവർ) ഈ നിയമത്തിന് ഒരു അപവാദമാണ്. [14] [15] മിക്കവാറും എല്ലാ ആഫ്രിക്കൻ ഹണ്ടറർ ഗാതറർ സംഘങ്ങളും സമത്വം പുലർത്തുന്നവരാണ്, കൂട്ടങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെ സ്വാധീനമുള്ളവരും ശക്തരുമാണ്. [16] ഉദാഹരണത്തിന്, ദക്ഷിണാഫ്രിക്കയിലെ സാൻ ജനതയ്‌ക്കും "ബുഷ്മാൻ"കാർക്കുമുള്ള സാമൂഹിക ആചാരങ്ങൾ അധികാര പ്രദർശനങ്ങളെ ശക്തമായി നിരുത്സാഹപ്പെടുത്തുന്നവയാണ്. കൂടാതെ ഈ ആചാരങ്ങൾ ഭക്ഷണവും മറ്റു ഭൗതികവസ്‌തുക്കളും പങ്കിടുന്നതിലൂടെ സാമ്പത്തിക സമത്വം പ്രോത്സാഹിപ്പിക്കുന്നവയാണ്. [17] കാൾ മാർക്സ് ഈ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ പ്രാകൃത കമ്മ്യൂണിസം എന്നാണ് നിർവചിച്ചത്. [18]

വേട്ടയാടിയും ഭക്ഷണം ശേഖരിച്ച് ജീവിക്കുന്നവരുടെ പൂർണ്ണമായല്ലെങ്കിലും സമത്വം പുലർത്തുന്ന സമൂഹങ്ങൾ, പരിണാമത്തിന്റെ സന്ദർഭത്തിൽ കാണുമ്പോൾ ശ്രദ്ധേയമാണ്. മനുഷ്യരുടെ ഏറ്റവും അടുത്ത രണ്ട് പ്രൈമേറ്റ് ബന്ധുക്കളിൽ ഒന്നായ ചിമ്പാൻസികൾ സമത്വവാദികളല്ല പകരം അവർ ശ്രേണികളിലൂടെ അധികാരക്രമം പുലർത്തുന്നവരാണ്. അവരുടെ കൂട്ടങ്ങളിൽ പലപ്പോഴും ആൽഫ പുരുഷന്റെ ആധിപത്യമാണ് കാണപ്പെടുന്നത്. ചിമ്പാൻസികളുടെ ഈ സാമൂഹ്യ സംഘടനയും മനുഷ്യരില ഹണ്ടർ-ഗാതറർ സാമൂഹ്യഘടനയിലുമുള്ള ഈ വലിയ വ്യത്യാസത്തെ അടിസ്ഥാനമാക്കി ആധിപത്യത്തിനിരയാവുന്നതിനെതിരായുള്ള ചെറുത്തുനിൽപ്പ് മനുഷ്യബോധം, ഭാഷ, ബന്ധുത്വങ്ങൾ, സാമൂഹിക സംഘടന എന്നിവയുടെ പരിണാമപരമായ ആവിർഭാവത്തിന് കാരണമായതായി പാലിയോആന്ത്രോപോളജിസ്റ്റുകൾ വാദിക്കുന്നു. [19] [20] [21]

ഹണ്ടർ ഗാതറർ സമൂഹങ്ങൾക്ക് സ്ഥിരമായ നേതാക്കൾ ഇല്ലെന്ന് നരവംശശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു; പകരം, അതാത് സമയങ്ങളിൽ നിർവഹിക്കപ്പേടേണ്ട ചുമതലകളനുസരിച്ച് മുൻകൈയെടുക്കുന്ന വ്യക്തികൾക്ക് മാറ്റമുണ്ടാവുന്നു. [22] [23] [24] വേട്ടയാടൽ സമൂഹങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ തുല്യതയ്‌ക്ക് പുറമേ, മിക്കപ്പോഴും ലൈംഗിക തുല്യതയും കാണപ്പെടുന്നു. ബന്ധുത്വം, ഗോത്രത്തിലെ അംഗത്വം എന്നിവ അടിസ്ഥാനമാക്കി ഹണ്ടർ ഗാതററുകൾ പലപ്പോഴും തരംതിരിക്കപ്പെട്ടിരിക്കുന്നു. [25] വേട്ടയാടിയും ഭക്ഷ്യശേഖരണവും നടത്തി ജീവിക്കുന്നവരുടെയിടയിലെ വിവാഹാനന്തര വസതി തുടക്കത്തിൽ സ്ത്രീപങ്കാളിയുടേതായിരിക്കും. [26] ഒരേ ക്യാമ്പിൽ സമീപത്ത് താമസിക്കുന്ന യുവതികളായ അമ്മമാർക്ക് സ്വന്തം അമ്മമാരിൽ നിന്ന് ശിശുസംരക്ഷണത്തിനുള്ള സഹായം ലഭിക്കും. [27] ഹണ്ടർ ഗാതററുകൾക്കിടയിലുള്ള ബന്ധുത്വനിയമങ്ങൾ പൊതുവേ അയഞ്ഞവയായിരുന്നു. എന്നിരുന്നാലും ആദ്യകാല മനുഷ്യബന്ധനിയമങ്ങൾ പൊതുവെ മാതൃദായത്വമായിരുന്നു എന്നതിന് തെളിവുകളുണ്ട്. [28]

സമൂഹങ്ങളിൽ പൊതുവായി കാണപ്പെടുന്ന ഒരു ക്രമീകരണം അധ്വാനത്തിന്റെ ലൈംഗിക വിഭജനമാണ്, സ്ത്രീകൾ ഭക്ഷ്യശേഖരണത്തിന്റെ ഭൂരിഭാഗവും ചെയ്യുമ്പൊൾ, പുരുഷന്മാർ വേട്ടയാടലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.[29] അദ്ധ്വാനത്തിന്റെ ലൈംഗിക വിഭജനമാണ് ഹോമോ സാപ്പിയൻ‌മാർക്ക് നിയാണ്ടർത്തലുകളെ മറികടക്കാൻ സഹായിച്ചതും, നമ്മുടെ പൂർവ്വികരെ ആഫ്രിക്കയിൽ നിന്ന് കുടിയേറാനും ലോകമെമ്പാടും വ്യാപിക്കാൻ സഹായിച്ചതുമെന്ന് സമീപകാല പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

1986 ലെ ഒരു പഠനത്തിൽ മിക്ക ഹണ്ടർ ഗാതറർ സമൂഹങ്ങളിലും പ്രതീകാത്മകമായി ഘടനാപരമായ ലൈംഗിക വിഭജനം ഉള്ളതായി കണ്ടെത്തി. [30] എന്നിരുന്നാലും, ചുരുക്കം ചില സമൂഹങ്ങളിൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെത്തന്നെ വേട്ടയാടുന്നു. നമീബിയയിലെ ജു ഹൊവാൻസി ജനതയിൽ സ്ത്രീകൾ പുരുഷന്മാരെ വേട്ടയാടപ്പെടുന്ന മൃഗങ്ങളെ പിൻതുടരുന്നതിൽ സഹായിക്കുന്നു. [31] ഓസ്‌ട്രേലിയൻ മാർട്ടുവിലെ സ്ത്രീകൾ കുട്ടികളെ പോറ്റുന്നതിനുവേണ്ടി പല്ലികളെപ്പോലുള്ള ചെറിയ മൃഗങ്ങളെ വേട്ടയാടുന്നു.[32]

1966 ലെ " മാൻ ദി ഹണ്ടർ " കോൺഫറൻസിൽ, നരവംശശാസ്ത്രജ്ഞന്മാരായ റിച്ചാർഡ് ബോർഷെ ലീയും ഇർ‌വെൻ ഡിവോറും അഭിപ്രായപ്പെട്ടത് നാടോടികളായ വേട്ടയാടൽ, ശേഖരണ സമൂഹങ്ങളുടെ കേന്ദ്ര സ്വഭാവങ്ങളിൽ ഒന്നാണ് സമത്വവാദമെന്നാണ്. കാരണം നാടോടികളായ ഒരു ജനതയ്ക്ക് അവരുടെ സമൂഹത്തിലെ ഭൗതികസ്വത്തുക്കളുടെ അളവ് കുറയ്‌ക്കേണ്ടതുണ്ട്. അതിനാൽ, ഒരൊറ്റ അംഗത്തിനും വിഭവങ്ങളുടെ മിച്ചം ശേഖരിക്കാനാവില്ല. ലീയും ഡിവോറും നിർദ്ദേശിച്ച മറ്റ് സവിശേഷതകൾ പ്രാദേശിക അതിർത്തികളിലെയും ജനസംഖ്യാഘടനയിലെയും തുടർച്ചയായ മാറ്റങ്ങളായിരുന്നു.

ഗവേഷകരായ ഗുർ‌വെൻ, കപ്ലാൻ എന്നിവരുടെ കണക്കനുസരിച്ച് വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിക്കുന്നവരിൽ 57% പേർക്കും 15 വയസ്സ് തികയുന്നു. 15 വയസ്സ് തികയുന്നവരിൽ 64% പേർ 45 വയസ്സിന് മുകളിലോ അതിനുശേഷമോ ജീവിക്കുന്നു. ഇത് ആ സമൂഹങ്ങൾക്ക് 21 നും 37 നും ഇടയിൽ ആയുർദൈർഘ്യം നൽകുന്നു. [33] 70% മരണങ്ങളും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ മൂലമാണെന്നും 20% മരണങ്ങൾ അക്രമത്തിൽ നിന്നോ അപകടങ്ങളിൽ നിന്നോ ആണെന്നും 10% അപചയരോഗങ്ങൾ മൂലമാണെന്നും അവർ കണക്കാക്കുന്നു.

വേട്ടയാടൽ സമൂഹങ്ങളുടെ സാമ്പത്തിക വ്യവസ്ഥകളിൽ പരസ്പര കൈമാറ്റവും വിഭവങ്ങളുടെ പങ്കിടലും (അതായത്, വേട്ടയിൽ നിന്ന് നേടിയ മാംസം) പ്രധാനമാണ്. [25] അതിനാൽ, ഈ സമൂഹങ്ങൾ " പാരിതോഷികസമ്പദ്‌വ്യവസ്ഥ " അടിസ്ഥാനമാക്കിയുള്ളതാണെന്ന് വിശേഷിപ്പിക്കുന്നു.

ആധുനിക വ്യാവസായികവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ അപേക്ഷിച്ച് ഹണ്ടർ ഗാതറർ സമൂഹങ്ങളിൽ അസമത്വം കുറവായിരിക്കാമെന്ന് ഗവേഷണങ്ങൾ അഭിപ്രായപ്പെടുന്നു. അതിനർത്ഥം അസമത്വം നിലവിലില്ല എന്നല്ല. ഗവേഷകർ ഈ സമൂഹങ്ങളിലെ ഗിനി ഘടകം 0.25 ആണെന്ന് കണക്കാക്കി. ഇത് 2007-ലെ ഡെൻമാർക്കിന്റെ ഗിനി ഘടകത്തിനു തുല്യമാണ്. കൂടാതെ, തലമുറകളിലൂടെയുള്ള സമ്പത്തിന്റെ കൈമാറ്റം ഹണ്ടർ ഗാതർ സമൂഹങ്ങളിലെ സവിശേഷത കൂടിയായിരുന്നു. അതായത് "സമ്പന്നരായ"വരുടെ മക്കൾ, അവരുടെ സമുഹത്തിലെ ദരിദ്രരുടെ മക്കളേക്കാൾ കൂടുതൽ സമ്പന്നരായിരിക്കാനുള്ള സാധ്യത കാണപ്പെടുന്നു. വേട്ടയാടൽ സമൂഹങ്ങൾ സാമൂഹിക തരംതിരിവുകളെക്കുറിച്ചുള്ള ധാരണ പ്രകടമാക്കുന്നു. ആധുനിക സമൂഹങ്ങളേക്കാൾ വേട്ടയാടിയും ഭക്ഷ്യശേഖരണവും നടത്തി ജീവിക്കുന്നവരുടെ സമൂഹങ്ങൾ കൂടുതൽ സമത്വം പുലർത്തുന്നവയാണെന്ന് ഗവേഷകർ സമ്മതിക്കുന്നുണ്ടെങ്കിലും, അവർ പ്രാകൃത കമ്യൂണിസത്തിന്റെ അവസ്ഥയിൽ ജീവിക്കുന്നവരാണെന്ന അഭിപ്രായം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. [34]

വ്യതിരിക്തസ്വഭാവങ്ങൾ

[തിരുത്തുക]

കാലാവസ്ഥാ മേഖല / ജീവിത മേഖല, ലഭ്യമായ സാങ്കേതികവിദ്യ, സാമൂഹിക ഘടന എന്നിവയെ ആശ്രയിച്ച് ഹണ്ടർ-ഗാതറർ സമൂഹങ്ങൾ കാര്യമായ വ്യതിയാനങ്ങൾ പ്രകടിപ്പിക്കുന്നു. വിവിധ ഗ്രൂപ്പുകളിലുടനീളമുള്ള വ്യതിയാനങ്ങൾ അളക്കുന്നതിനായി പുരാവസ്തുഗവേഷകർ വേട്ടയ്ക്കും ശേഖരണത്തിനുമുള്ള ഉപകരണങ്ങൾ പരിശോധിക്കുകയാണ് ചെയ്യുന്നത്. ഗവേഷകർ (2005) വേട്ടക്കുള്ള ഉപകരണങ്ങളെ സ്വാധീനിക്കുന്ന പ്രധാന ഘടകം താപനിലയാണെന്ന് കണ്ടെത്തി. [35] ഈ ഫലങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്, തീവ്ര താപനിലയുള്ള അന്തരീക്ഷത്തിൽ വ്യത്യസ്തമായ ഉപകരണങ്ങളുടെ ആവശ്യം വരുന്നു. [36]

ഹണ്ടർ-ഗാതറർ സമൂഹങ്ങളെ വിഭജിക്കാനുള്ള ഒരു രീതി അവരുടെ ഭക്ഷണം സൂക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള റിട്ടേൺ വ്യവസ്ഥിതികളാണ്. വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും മടങ്ങിയെത്തുന്നവർ ശേഖരിച്ച ഭക്ഷണം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നെങ്കിൽ അവരെ ഇമ്മീഡിയെറ്റ് റിട്ടേൺ വിഭാഗത്തിലും മിച്ചഭക്ഷണം സൂചിക്കുന്നവരെ ഡിലേയ്ഡ് റിട്ടേൺ വിഭാഗത്തിലും പെടുത്തിയിരിക്കുന്നു. ( കെല്ലി, [37] 31).

പാലിയോലിത്തിക്ക് കാലഘട്ടത്തിലുടനീളം മനുഷ്യന്റെ ഉപജീവന മാർഗ്ഗമായിരുന്നു വേട്ടയും ശേഖരണവും. എന്നാൽ ഇന്നത്തെ വേട്ടക്കാരുടെയും ഭക്ഷണം ശേഖരിക്കുന്നവരുടെയും രീതികൾ പാലിയോലിത്തിക് സമൂഹങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല; ഇന്നത്തെ വേട്ടയാടൽ സംസ്കാരങ്ങൾ ആധുനിക നാഗരികതയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. [38]

വേട്ടയാടലിൽ നിന്നും ശേഖരണത്തിൽ നിന്നും കൃഷിയിലേക്കുള്ള മാറ്റം ഒരു ദിശയിൽ മാത്രം പരിമിതപ്പെട്ടതല്ല . പാരിസ്ഥിതിക മാറ്റങ്ങൾ കൃഷിക്കാർക്ക് കടുത്ത ഭക്ഷണസമ്മർദ്ദം ഉണ്ടാക്കുമ്പോൾ വേട്ടയും ഭക്ഷ്യശേഖരണവം ഇപ്പോഴും ഉപയോഗപ്പെടുത്താമെന്ന വാദം നിലനിൽക്കുന്നുണ്ട്. [39] കാർഷിക, വേട്ടയാടൽ സമൂഹങ്ങൾക്കിടയിൽ വ്യക്തമായ ഒരു രേഖ വരയ്ക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. അതിനു കാരണം മനുഷ്യസമൂഹത്തിലെ കൃഷിയുടെ വ്യാപകമായി സ്വീകരണവും അതിന്റെ ഫലമായി കഴിഞ്ഞ 10,000 വർഷങ്ങളിലായുണ്ടായ സാംസ്കാരിക വ്യാപനവുമാണ്. [40]

ചില നരവംശശാസ്ത്രജ്ഞർ സമ്മിശ്ര-സമ്പദ്‌വ്യവസ്ഥയുടെ, (അതായത് ഭക്ഷ്യസംഭരണവും ഭക്ഷ്യോൽപ്പാദനവും അല്ലെങ്കിൽ വേട്ടക്കാരുടെ കൃഷിക്കാരുമായുള്ള വ്യാപാര ബന്ധത്തിന്റെ) സാംസ്കാരിക പരിണാമത്തിന്റെ ഭാഗമായുള്ള നിലനിൽപ്പിനെക്കുറിച്ച് അഭിപ്രായപ്പെടുന്നു. [41]

ആധുനിക കാഴ്ചപ്പാടുകൾ

[തിരുത്തുക]

റിവിഷനിസ്റ്റ് വിമർശകരുടെ അഭിപ്രായത്തിൽ (കെല്ലി, വിൽസൺ എന്നിവർ) കോളോണിയൽ (അല്ലെങ്കിൽ കാർഷികസമൂഹങ്ങളുടെ) സമ്പർക്കം ആരംഭിച്ചതിനുശേഷം "ശുദ്ധരായ" വേട്ടക്കാർ അപ്രത്യക്ഷരായതിനാൽ, ആധുനിക വേട്ടയാടൽസമൂഹങ്ങളെ അടിസ്ഥാനമാക്കിയുള്ള പുരാതന വേട്ടയാടൽ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നിരർത്ഥകമാണ്.[42] [43]

എന്നാൽ വിൽ‌സെൻ മുന്നോട്ടുവച്ച മിക്ക വാദങ്ങളും ഗവേഷകരായ ലീയും ഗുന്തറും തള്ളിക്കളഞ്ഞു. [44] [45] [46] ചരിത്രാതീത വേട്ടയാടൽ സമൂഹങ്ങളുടെ ജീവിതശൈലികളെക്കുറിച്ച് സമകാലീന വേട്ടയാടൽ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്ന് ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് ഡോറോൺ ഷുൾട്സിനറും മറ്റുള്ളവരും വാദിച്ചു - പ്രത്യേകിച്ചും അവരുടെ സമത്വവാദം. [47]

പല ഹണ്ടർ-ഗാതറർ സമൂഹങ്ങളും ബോധപൂർവ്വം, പ്രകൃതിയിൽ ഇടപെടുന്നു. അവർ തങ്ങൾക്കഭികാമ്യമല്ലാത്ത വെട്ടിക്കുറച്ച് ആവശ്യമുള്ള സസ്യജാലങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും വേട്ടയാടപ്പെടുന്ന മൃഗങ്ങൾക്കനുയോജ്യമായ ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കുയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങൾ കാർഷികമേഖലയിലേതുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായൊരു അളവിലാണെങ്കിലും, ഇവ ഒരു പരിധിവരെ പ്രകൃതിയെ മെരുക്കുക തന്നെയാണ്. ഇക്കാലത്ത് മിക്കവാറും എല്ലാ വേട്ടക്കാരും ഗാർഹിക ഭക്ഷ്യ സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുന്നു, അവ അവർ തന്നെ ഭാഗികമായി ഉല്പാദിപ്പിക്കുകയോ അല്ലെങ്കിൽ കാട്ടിൽ നിന്ന് നേടിയെടുക്കുന്ന ഉൽപ്പന്നങ്ങളുമായി വ്യാപാരം നടത്തി സമാഹരിക്കുകയോ ചെയ്യുന്നു.

ചില കൃഷിക്കാരും പതിവായി വേട്ടയാടുകയും ഭക്ഷണം ശേഖരിക്കുകയും ചെയ്യുന്നു (ഉദാ. ശൈത്യകാലത്ത് വേട്ടയാടലും മറ്റ് കാലങ്ങളിൽ കൃഷിയും).

മറ്റ് സമൂഹങ്ങളുമായി സമ്പർക്കം പുലർത്തിയതിനുശേഷവും വളരെക്കുറച്ച് ബാഹ്യസ്വാധീനങ്ങളോടുകൂടി തങ്ങളുടെ ജീവിതരീതികൾ പുലർത്തുന്ന ഹണ്ടർ-ഗാതറർ സമൂഹങ്ങൾ 21-ആം നൂറ്റാണ്ടിലും നിലനിൽക്കുന്നു. [3] അത്തരമൊരു കൂട്ടമാണ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ പില എൻഗുരു (സ്പിനിഫെക്സ് മനുഷ്യർ). അവരുടെ ആവാസവ്യവസ്ഥയായ പടിഞ്ഞാറൻ ഓസ്ട്രലിയയിലെ ഗ്രേറ്റ് വിക്ടോറിയ മരുഭൂമിയിലെ ആവാസവ്യവസ്ഥ യൂറോപ്യൻ കാർഷികരീതിക്ക്(കന്നുകാലികളെ വളർത്തുന്നതിനു പോലും) അനുയോജ്യമല്ലെന്ന് തെളിഞ്ഞിട്ടിട്ടുണ്ട്.  മറ്റൊരു കൂട്ടർ ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡമാൻ ദ്വീപുകളിലെ സെന്റിനലുകളാണ്. അവർ നോർത്ത് സെന്റിനൽ ദ്വീപിൽ താമസിക്കുകയും ഇന്നുവരെ അവർ അവരുടെ സ്വതന്ത്രമായ നിലനിൽപ്പ് നിലനിർത്തുകയും തങ്ങളുമായി ഇടപഴകാനും ബന്ധപ്പെടാനുമുള്ള ശ്രമങ്ങളെ തടയുകയും ചെയ്യുന്നു. [48] [49] കൃഷിക്കും ഇടയവൃത്തിക്കും യോഗ്യമല്ലാത്ത ഒരു പ്രദേശത്താണ് വെനസ്വേലയിലെ സവന്ന പ്യൂമും താമസിക്കുന്നത്. അവർ വേട്ടയാടലുംഭക്ഷ്യശേഖരണവും അടിസ്ഥാനമാക്കി ഉപജീവനമാർഗ്ഗം പുലർത്തുന്നു. [50]

അവലംബം

[തിരുത്തുക]
  1. Lee, Richard B.; Daly, Richard Heywood (1999). Cambridge Encyclopedia of Hunters and Gatherers. Cambridge University Press. p. inside front cover. ISBN 978-0521609197.
  2. Stephens, Lucas; Fuller, Dorian; Boivin, Nicole; Rick, Torben; Gauthier, Nicolas; Kay, Andrea; Marwick, Ben; Armstrong, Chelsey Geralda; Barton, C. Michael (2019-08-30). "Archaeological assessment reveals Earth's early transformation through land use". Science (in ഇംഗ്ലീഷ്). 365 (6456): 897–902. doi:10.1126/science.aax1192. ISSN 0036-8075. PMID 31467217.
  3. 3.0 3.1 Codding, Brian F.; Kramer, Karen L., eds. (2016). Why Forage? Hunters and Gatherers in the Twenty-first Century. Santa Fe; Albuquerque: School for Advanced Research, University of New Mexico Press. ISBN 978-0826356963.
  4. Greaves, Russell D.; et al. (2016). "Economic activities of twenty-first century foraging populations". Why Forage? Hunters and Gatherers in the Twenty-First Century. Santa Fe, Albuquerque: School for Advanced Research, University of New Mexico Press. pp. 241–262. ISBN 978-0826356963.
  5. Binford, Louis (1986). "Human ancestors: Changing views of their behavior". Journal of Anthropological Archaeology. 3: 235–257. doi:10.1016/0278-4165(84)90003-5.
  6. Gavashelishvili, A.; Tarkhnishvili, D. (2016). "Biomes and human distribution during the last ice age". Global Ecology and Biogeography. 25 (5): 563. doi:10.1111/geb.12437.
  7. Fagan, B. (1989). People of the Earth, pp. 169–181. Scott, Foresman.
  8. Blades, B (2003). "End scraper reduction and hunter-gatherer mobility". American Antiquity. 68 (1): 141–156. doi:10.2307/3557037. JSTOR 3557037.
  9. Verdolivo, Matthew (2020-11-04). "Prehistoric female hunter discovery upends gender role assumptions". National Geographic (in ഇംഗ്ലീഷ്). Retrieved 2020-11-19.
  10. Climate Changes in the Holocene: Impacts and Human Adaptation
  11. Cooking secrets of the Neolithic era revealed in groundbreaking scientific tests
  12. Pringle, Heather (22 April 2015). "The Brine Revolution". Hakai Magazine. Tula Foundation and Hakai Institute. Retrieved 24 June 2019.
  13. Widlok, Thomas; Tadesse, Wolde Gossa (2006). Property and Equality (in ഇംഗ്ലീഷ്). Berghahn Books. pp. ix–x. ISBN 9781845452131. Retrieved 6 July 2019.
  14. Lourandos, Harry (1997). Continent of Hunter-Gatherers: New Perspectives in Australian Prehistory (in ഇംഗ്ലീഷ്). Cambridge University Press. p. 24. ISBN 9780521359467. Retrieved 6 July 2019.
  15. Fitzhugh, Ben (2003). The Evolution of Complex Hunter-Gatherers: Archaeological Evidence from the North Pacific (in ഇംഗ്ലീഷ്). Springer Science & Business Media. pp. 4–5. ISBN 9780306478536.
  16. Karen Endicott 1999. "Gender relations in hunter-gatherer societies". In R.B. Lee and R. Daly (eds), The Cambridge Encyclopedia of Hunters and Gatherers. Cambridge: Cambridge University Press, pp. 411–418.
  17. Cashdan, Elizabeth A. (1980). "Egalitarianism among Hunters and Gatherers". American Anthropologist. 82 (1): 116–120. doi:10.1525/aa.1980.82.1.02a00100. ISSN 0002-7294. JSTOR 676134.
  18. Scott, John; Marshall, Gordon (2007). A Dictionary of Sociology. US: Oxford University Press. ISBN 978-0-19-860987-2.
  19. Erdal, D.; Whiten, A. (1994). "On human egalitarianism: an evolutionary product of Machiavellian status escalation?". Current Anthropology. 35 (2): 175–183. doi:10.1086/204255.
  20. Erdal, D. and A. Whiten 1996. Egalitarianism and Machiavellian intelligence in human evolution. In P. Mellars and K. Gibson (eds), Modelling the early human mind. Cambridge: McDonald Institute Monographs.
  21. Christopher Boehm (2001). Hierarchy in the Forest: The Evolution of Egalitarian Behavior, Cambridge, MA: Harvard University Press.
  22. Gowdy, John M. (1998). Limited Wants, Unlimited Means: A Reader on Hunter-Gatherer Economics and the Environment. St Louis: Island Press. p. 342. ISBN 1-55963-555-X.
  23. Dahlberg, Frances (1975). Woman the Gatherer. London: Yale University Press. ISBN 0-300-02989-6.
  24. Erdal, D. & Whiten, A. (1996) "Egalitarianism and Machiavellian Intelligence in Human Evolution" in Mellars, P. & Gibadfson, K. (eds) Modelling the Early Human Mind. Cambridge MacDonald Monograph Series
  25. 25.0 25.1 Thomas M. Kiefer (Spring 2002). "Anthropology E-20". Lecture 8 Subsistence, Ecology and Food production. Harvard University. Archived from the original on 2008-04-10. Retrieved 2008-03-11.
  26. Marlowe, Frank W. (2004). "Marital residence among foragers". Current Anthropology. 45 (2): 277–284. doi:10.1086/382256.
  27. Hawkes, K.; O'Connell, J. F.; Jones, N. G. Blurton; Alvarez, H. P.; Charnov, E. L. (1998). "Grandmothering, Menopause, and the Evolution of Human Life-Histories". Proceedings of the National Academy of Sciences of the United States of America. 95 (3): 1336–1339. Bibcode:1998PNAS...95.1336H. doi:10.1073/pnas.95.3.1336. PMC 18762. PMID 9448332.
  28. Knight, C. 2008. "Early human kinship was matrilineal". In N. J. Allen, H. Callan, R. Dunbar and W. James (eds.), Early Human Kinship. Oxford: Blackwell, pp. 61–82.
  29. Biesele, M. 1993. Women Like Meat. The folklore and foraging ideology of the Kalahari Ju/'hoan. Witwatersrand: University Press.
  30. Testart, A. 1986. Essai sur les fondements de la division sexuelle du travail chez les chasseurs-cueilleurs. Paris: Éditions de l'École des Hautes Études en Sciences Sociales.
  31. Biesele, Megan; Barclay, Steve (March 2001). "Ju/'Hoan Women's Tracking Knowledge And Its Contribution To Their Husbands' Hunting Success". African Study Monographs. Suppl.26: 67–84.
  32. Bird, Rebecca Bliege; Bird, Douglas W. (2008-08-01). "Why women hunt: risk and contemporary foraging in a Western Desert aboriginal community". Current Anthropology. 49 (4): 655–693. doi:10.1086/587700. ISSN 0011-3204. PMID 19230267.
  33. Guenevere, Michael; Kaplan, Hillard (2007). "Longevity amongst Hunter-gatherers" (PDF). Population and Development Review. 33 (2): 326. doi:10.1111/j.1728-4457.2007.00171.x.
  34. Smith; Alden, Eric; Hill, Kim; Marlowe, Frank W.; Nolin, David; Wiessner, Polly; Gurven, Michael; Bowles, Samuel; Borgerhoff Mulder, Monique (2010). "Wealth transmission and inequality among hunter-gatherers". Current Anthropology. 51 (1): 19–34. doi:10.1086/648530. PMC 2999363. PMID 21151711.
  35. Collard, Mark; Kemery, Michael; Banks, Samantha (2005). "Causes of Toolkit Variation Among Hunter-Gatherers: A Test of Four Competing Hypotheses". Canadian Journal of Archaeology (29): 1–19.
  36. Torrence, Robin (1989). "Retooling: Towards a behavioral theory of stone tools". In Torrence, Robin (ed.). Time, Energy and Stone Tools. Cambridge University Press. pp. 57–66. ISBN 978-0521253505.
  37. Kelly, Robert L. (1995). The Foraging Spectrum: Diversity in Hunter-Gatherer Life ways. Washington: Smithsonian Institution. ISBN 1-56098-465-1.
  38. Portera, Claire C.; Marlowe, Frank W. (January 2007). "How marginal are forager habitats?" (PDF). Journal of Archaeological Science. 34 (1): 59–68. doi:10.1016/j.jas.2006.03.014. Archived from the original (PDF) on February 27, 2008.
  39. Lee, Richard B.; Daly, Richard, eds. (1999). The Cambridge Encyclopedia of Hunters and Gatherers. Cambridge University Press. ISBN 0-521-60919-4.
  40. Hayes-Bohanan, Pamela (2010). Birx, H. James (ed.). "42: Prehistoric Cultures". 21st Century Anthropology: A Reference Handbook. 1: 409–418. doi:10.4135/9781412979283.n42. ISBN 978-1452266305.
  41. Svizzero, S.; Tisdell, C. (2015). "The Persistence of Hunting and Gathering Economies". Social Evolution & History. 14.
  42. Kelly, Raymond (October 2005). "The evolution of lethal intergroup violence". PNAS. 102 (43): 15294–15298. doi:10.1073/pnas.0505955102. PMC 1266108. PMID 16129826.
  43. Wilmsen, Edwin (1989). Land Filled With Flies: A Political Economy of the Kalahari. University of Chicago Press. ISBN 0-226-90015-0.
  44. Lee, Richard B.; Guenther, Mathias (1995). "Errors Corrected or Compounded? A Reply to Wilmsen". Current Anthropology. 36 (2): 298–305. doi:10.1086/204361.
  45. Lee, Richard B. (1992). "Art, Science, or Politics? The Crisis in Hunter-Gatherer Studies". American Anthropologist. 94: 31–54. doi:10.1525/aa.1992.94.1.02a00030.
  46. Marlowe, Frank W. (2002). Ethnicity, Hunter-Gatherers and the 'Other'. Smithsonian Institution Press. p. 247.
  47. Shultziner, Doron (2010). "The causes and scope of political egalitarianism during the Last Glacial: A multi-disciplinary perspective". Biology and Philosophy. 25 (3): 319–346. doi:10.1007/s10539-010-9196-4.
  48. Pandya, Vishvajit (2009). In the Forest: Visual and Material Worlds of Andamanese History (1858–2006). University Press of America. p. 357. ISBN 978-0-7618-4272-9. OCLC 673383888.
  49. "North Sentinel Island: A Glimpse Into Prehistory". Retrieved 30 May 2017.
  50. Kramer, Karen L.; Greaves, Russell D. (2016). "Diversify or replace: what happens when cultigens are introduced into hunter-gatherer diets.". In Codding, Brian F.; Kramer, Karen L. (eds.). Why Forage? Hunters and Gatherers in the Twenty-First Century. Santa Fe; Albuquerque: School for Advanced Research Press and University of New Mexico Press. pp. 15–42. ISBN 978-0826356963.
"https://ml.wikipedia.org/w/index.php?title=ഹണ്ടർ_ഗാതറർ&oldid=3999354" എന്ന താളിൽനിന്ന് ശേഖരിച്ചത്