Jump to content

ജതീന്ദ്ര മോഹൻ സെൻഗുപ്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jatindra Mohan Sengupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജതീന്ദ്ര മോഹൻ സെൻഗുപ്ത
Bust of Sengupta in Chittagong
ജനനം(1885-02-22)22 ഫെബ്രുവരി 1885
മരണം23 ജൂലൈ 1933(1933-07-23) (പ്രായം 48)
റാഞ്ചി, ഇന്ത്യൻ
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ
മാതാപിതാക്ക(ൾ)ജാത്ര മോഹൻ സെൻഗുപ്ത (പിതാവ്)

ഒരു ഇന്ത്യൻ വിപ്ലവകാരിയും അഭിഭാഷകനുമായിരുന്നു ജതീന്ദ്ര മോഹൻ സെൻഗുപ്ത (1885-1933). ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ നിരവധി തവണ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്യാർത്ഥിയായിരുന്ന കാലത്ത് നിയമപഠനത്തിനായി ജതീന്ദ്ര ഇംഗ്ലണ്ടിൽ പോയിരുന്നു. അവിടെ വച്ച് എഡിത്ത് എലൻ ഗ്രേ എന്ന യുവതിയെ വിവാഹം കഴിച്ചു. ഈ വനിതയാണ് പിൽക്കാലത്ത് നെല്ലി സെൻഗുപ്ത എന്ന പേരിൽ പ്രശസ്തയായത്. ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ജതീന്ദ്ര ഒരു അഭിഭാഷകനായി ജോലി നോക്കി. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നുകൊണ്ട് നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു. രാഷ്ട്രീയത്തിൽ സജീവമായതോടെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരങ്ങളിൽ വ്യാപൃതനായി. ഇതിന്റെ പേരിൽ നിരവധി തവണ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1933-ൽ റാഞ്ചിയിലെ ജയിലിൽ വച്ച് ജതീന്ദ്ര മോഹൻ സെൻഗുപ്ത അന്തരിച്ചു.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

1885 ഫെബ്രുവരി 22-ന് ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങ് ജില്ലയിലുള്ള ബരാമ സമീന്ദാരി കുടുംബത്തിലാണ് ജതീന്ദ്ര മോഹൻ സെൻഗുപ്തയുടെ ജനനം. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം ഇപ്പോൾ ബംഗ്ലാദേശിലാണ്.[2]  ജതീന്ദ്രയുടെ പിതാവ് ബംഗാൾ ലെജിസ്ലേറ്റീവ് കൗണസിലിലെ ഒരു അഭിഭാഷകനായിരുന്നു.കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലാണ് ജതീന്ദ്രയുടെ ബിരുദപഠനം പൂർത്തിയായത്. ബിരുദം നേടിയ ശേഷം അദ്ദേഹം നിയമപഠനത്തിനായി ഇംഗ്ലണ്ടിേക്കു പോയി. അവിടെ വച്ച് എഡിത്ത് എല്ലൻ ഗ്രേ എന്ന വനിതയെ പരിചയപ്പെട്ടു. ഇവരാണ് പിന്നീട് നെല്ലി സെൻഗുപ്ത എന്ന പേരിൽ പ്രശസ്തയായത്.

ഔദ്യോഗിക ജീവിതം

[തിരുത്തുക]

കേംബ്രിഡ്ജിലെ ഡൗണിംഗ് കോളേജിലെ പഠനത്തിനു ശേഷം ജതീന്ദ്രയും പത്നിയും ഇന്ത്യയിലേക്കു വന്നു. ഇന്ത്യയിലെത്തിയ ശേഷം ജതീന്ദ്ര ഒരു അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.  1911-ൽ ഫരീദ്പൂരിൽ നടന്ന ബംഗാൾ പ്രൊവിൻഷ്യൽ കോൺഫറൻസിൽ പങ്കെടുത്തു. അവിടെ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന ശേഷം ബർമ്മ ഓയിൽ കമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയനുണ്ടാക്കി.[3]

1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബംഗാൾ റിസപ്ഷൻ കമ്മിറ്റിയുടെ അധ്യക്ഷനായി ജതീന്ദ്രയെ തിരഞ്ഞെടുത്തു. അതേ വർഷം ബർമ്മ ഓയിൽ കമ്പനിയിലെ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അഭിഭാഷകജോലി ഉപേക്ഷിച്ചു.[4] 1923-ൽ ബംഗാൾ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ചിത്തരഞ്ജൻ ദാസിന്റെ മരണത്തെത്തുടർന്ന് 1925-ൽ ബംഗാൾ സ്വരാജ് പാർട്ടിയുടെ അധ്യക്ഷനായി ചുമതലയേറ്റു. ബംഗാൾ പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷസ്ഥാനം വഹിച്ചു. 1929 ഏപ്രിൽ 10 മുതൽ 1930 ഏപ്രിൽ 29 വരെ കൊൽക്കത്തയുടെ മേയറായും പ്രവർത്തിച്ചിട്ടുണ്ട്.[5]  ഇന്ത്യയിൽ നിന്ന് ബർമ്മയെ വിഭജിക്കുവാനുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ 1930 മാർച്ചിൽ റംഗൂണിൽ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജതീന്ദ്ര അറസ്റ്റിലായി.

1931-ലെ രണ്ടാം വട്ടമേശസമ്മേളനത്തിൽ പങ്കെടുക്കുവാനായി ജതീന്ദ്ര ഇംഗ്ലണ്ടിലേക്കു പോയി. ചിറ്റഗോങ്ങ് വിപ്ലവം അടിച്ചമർത്തുന്നതിനായി ബ്രിട്ടീഷുകാർ നടപ്പാക്കിയ ക്രൂരമായ പീഡനമുറകളുടെ ചിത്രങ്ങളും രേഖകളും അദ്ദേഹം ബ്രിട്ടീഷ് ഭരണകൂടത്തിനു മുമ്പിൽ അവതരിപ്പിച്ചു..[6]

രാഷ്ട്രീയരംഗത്തെ നിരന്തര ഇടപെടലുകളെ തുടർന്ന് ബ്രിട്ടീഷുകാർ ജതീന്ദ്രയെ പല തവണ അറസ്റ്റു ചെയ്യുകയുണ്ടായി. 1932 ജനുവരിയിൽ അദ്ദേഹത്തെ പൂനെയിലും ഡാർജിലിംഗിലുമായി തടവിൽ പാർപ്പിച്ചു. അതിനുശേഷം റാഞ്ചിയിലെ ജയിലിലേക്കു മാറ്റി. അവിടെവച്ച് ആരോഗ്യനില മോശമായതിനെത്തുടർന്ന് 1933 ജൂലൈ 23-ന് ജതീന്ദ്ര മോഹൻ അന്തരിച്ചു.

സ്വാധീനം

[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ ജനങ്ങൾ 'ദേശ്പ്രിയ' എന്നു ബഹുമാനപൂർവ്വം വിളിക്കുന്നു .[7][8] അഭിഭാഷകനായിരുന്ന കാലത്ത് പല വിപ്ലവകാരികൾക്കും വേണ്ടി അദ്ദേഹം കോടതിയിൽ വാദിച്ചിട്ടുണ്ട്. സൂര്യാ സെൻ, അനന്ത സിംഗ്, അംബിക ചക്രവർത്തി എന്നിവർക്കു വേണ്ടി അദ്ദേഹം കോടതിയിൽ ഹാജരായിരുന്നു. ഇൻസ്പെക്ടർ പ്രഭുല്ല ചക്രവർത്തിയുടെ കൊലപാതകത്തിൽ പങ്കാളിയായ പ്രേമാനന്ത ദത്തയെ ജയിൽ ശിക്ഷയിൽ നിന്നു മോചിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.[9] ജതീന്ദ്രയുടെയും നെല്ലി സെൻഗുപ്തയുടെയും സ്മരണാർത്ഥം 1985-ൽ ഇന്ത്യാ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു..[10]

അവലംബം

[തിരുത്തുക]
  1. Rivista degli studi orientali. Istituti editoriali e poligrafici internazionali. 2001. Retrieved 18 December 2012.
  2. Padmini Sathianadhan Sengupta (1968). Deshapriya Jatindra Mohan Sengupta. Publications Division, Ministry of Information and Broadcasting, Government of India. p. 7. Retrieved 18 December 2012.
  3. Srilata Chatterjee (2002). Congress Politics in Bengal: 1919-1939. Anthem Press. pp. 82–. ISBN 978-1-84331-063-1. Retrieved 19 December 2012.
  4. Sayed Jafar Mahmud (1994). Pillars of Modern India 1757-1947. APH Publishing. pp. 47–. ISBN 978-81-7024-586-5. Retrieved 20 December 2012.
  5. "Mayor of Kolkata". Kolkata Municipal Corporation. Retrieved 21 December 2012.
  6. Prasad Das Mukhopadhyaya (1995). Surya Sen o swadhinata sangram (Bengali). Baharampur: Suryasena Prakashani. pp. 74, 75.
  7. "Jatindra Mohan Sengupta". MapsofIndia. Retrieved 21 December 2012.
  8. Padmini Sathianadhan Sengupta (1968). Deshapriya Jatindra Mohan Sengupta. Publications Division, Ministry of Information and Broadcasting, Government of India.
  9. 1st Part, Ananta Singha (1968). Agnigarbha Chattagram (Bengali). Kolkata: Bidyoday Library Pvt. Ltd. pp. 215, 216.{{cite book}}: CS1 maint: numeric names: authors list (link)
  10. "Postal Stamp Image". Indian Post. Retrieved 20 December 2012.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജതീന്ദ്ര_മോഹൻ_സെൻഗുപ്ത&oldid=3418761" എന്ന താളിൽനിന്ന് ശേഖരിച്ചത്