Jump to content

മലയാറ്റൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayatoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാറ്റൂർ
പട്ടണം
മലയാറ്റൂർ പള്ളി
മലയാറ്റൂർ പള്ളി
Country ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
683587[1]
വാഹന റെജിസ്ട്രേഷൻKL-63
Nearest cityAngamaly
Lok Sabha constituencyചാലക്കുടി
വെബ്സൈറ്റ്Official

എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. ഇംഗ്ലിഷ്: Malayattur. കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കായിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ കോറിയിട്ട മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കു നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.[2]

അടുത്തുള്ള പ്രദേശങ്ങൾ

[തിരുത്തുക]

നീലീശ്വരം, കാലടി, കൊറ്റമം, മഞ്ഞപ്ര

കോടനാട്, കൂവപ്പടി

പേരിനു പിന്നിൽ

[തിരുത്തുക]

മലയും അതിനെ തഴുകി ഒഴുകുന്ന പെരിയാർ പുഴയും ചെർന്നു അതിർത്തികൾ നിർണ്ണയിക്കുന്ന ഊരിനു മലയാറ്റൂർ എന്ന് പേരു വന്നത് സ്ഫഷ്ടമാണ്. മലയാറ്റൂർ മലക്ക് പൊന്മല എന്നും പേരുണ്ട്. ബുദ്ധ-ജൈന ക്ഷേത്രങ്ങൾക്ക് പൊന്നമ്പലം എന്ന് വിളിച്ചിരുന്നു. ക്ഷേത്രങ്ങളിൽ ആരാധിച്ചിരുന്ന ദേവനെ പൊന്നയിർ നാഥനെന്നും പൊന്നയിർ കോൻ എന്നും വിളിച്ചിരുന്നു തൽഫലമായി ക്ഷേത്രം നിലനിന്നിരുന്ന മലയ്ക്കും പൊന്മല എന്നു പേരു വന്നു.[3] ക്രിസ്തുമതത്തിന്റെ ആഗമനത്തിനുശേഷം മലയാറ്റൂർമലക്ക് കുരിശുമുടി എന്നും പേരു വന്നു.

ചരിത്രം

[തിരുത്തുക]

മലയാറ്റൂർ പ്രാചീനമായ സാംസ്കാരിക കേന്ദ്രമായിരുന്നു എന്നതിനു നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്. 1963-ൽ പെരിയാർവാലി കനാലിലു വേണ്ടി ഖനനം നടത്തിയപ്പോൾ മലയാറ്റൂരും കോടനാടും ചേർന്ന പ്രദേശങ്ങളിൽ നിന്ന് മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങൾ ലഭിക്കുകയുണ്ടായി. സംഘകാലത്തെ ഐന്തിണകളിൽ പെട്ടിരുന്ന കുറിഞ്ഞി പ്രദേശങ്ങളിൽ പെട്ട മലമ്പ്രദേശങ്ങളിലൊന്നാണ് മലയാറ്റൂർ എന്ന് സംഘകൃതികളിൽ നിന്ന് വ്യക്തമാകുന്നു. ചിലപ്പതികാരം 23-ആം ഗാഥയിൽ കണ്ണകി മധുര നഗരം ഉപേക്ഷിച്ച് വൈഗൈ നദി തീരം വഴി പടിഞ്ഞാറോട്ടു നടന്ന് മലനാട്ടിലെത്തിയെന്നും അവിടെ തിരുച്ചെങ്കുന്ന് എന്നു പേരുള്ള മലയുടെ മുകളിൽ വിശ്രമിച്ചുവെന്നും പറയുന്നു. 25-ആം ഗീതകത്തിൽ ചേരചക്രവർത്തിയായിരുന്ന ചേരൻ ചെങ്കുട്ടവൻ, അനുജനായ ഇളങ്കോ അടികൾ, ചീത്തല ചാത്തനാർ എന്നിവർ ചേർന്ന് തിരുച്ചെങ്കുന്നിൽ ചെന്നിരുന്നതായും ഇത് കൊടുങ്ങല്ലൂരിനടുത്ത് നദിമാർഗ്ഗം പോകാവുന്ന ഒരു മലയാണെന്ന് ചിലപ്പതികാരത്തിന്റെ വ്യാഖ്യാതാവ് പറയുന്നതും ഈ മല സംഘകാലത്തെ പ്രധാന കേന്ദ്രമായിരുന്നു എന്നു സൂചിപ്പിക്കുന്നു.

കേരളത്തിൽ ക്രിസ്തുമതപ്രഭവകാലത്ത് മലമുകളിൽ നിലനിന്നിരുന്ന സാംസ്കാരിക കേന്ദ്രം ക്രിസ്തീയ പാത സ്വീകരിച്ചു, അതിനു മുൻപ് അത് ഹിന്ദുമതകേന്ദ്രമായിരുന്നു അത് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രചീനമായ ബുദ്ധ-ജൈന പശ്ചത്തലം അതിനുണ്ട് എന്നും മറ്റു ചില ചരിത്രകാരന്മാർ തെളിയിക്കുന്നു. മധുരയിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന നദിയും കാടും കലർന്ന മലമ്പാതയുട മാർഗ്ഗത്തിലായിരുന്നു മലയാറ്റൂർ. മധുരയിൽ സംഘകാലത്ത് ബുദ്ധ ജൈന സംസ്കാരങ്ങൽ പ്രബലമായിരുന്നകാലത്ത് മലയാറ്റൂർ ഉൾപ്പെട്ട സഹ്യപർവ്വത മേഖലയിൽ നിരവധി ബുദ്ധജൈന ക്ഷേത്രങ്ങൾ നിലനിന്നിരുന്നു, ശ്രമണരും (ബുദ്ധ-ജൈന ഭിക്ഷുക്കൾ) തുടർന്ന് ശൈവവൈഷ്ണവസന്യാസിമാരും കേരളത്തിൽ മതപ്രചരണനത്തിനുപയോഗിച്ചിരുന്ന ഗതാഗതമാർഗ്ഗങ്ങളിലൊന്നിതായിരുന്നു. ^

ജൈനർ പാറയിൽ കൊത്തിവച്ച തീർത്ഥങ്കരന്റെ പാദമുദ്ര (ബുദ്ധമതക്കാർ ബുദ്ധനെ പ്രതിനിധീകരിക്കുന്നതും പാദമുദ്രകളിലൂടെയാണ്) കാലക്രമത്തിൽ ഈ കേന്ദ്രം ക്രിസ്തീയവൽകരിക്കപ്പെട്ടതൊടെ തോമാശ്ലീഹയുടെ പാദമുദ്രയായി മാറി.[2] പിൽക്കാലത്ത് മലയാറ്റൂർ പള്ളി റോമൻ കത്തോലിക്കർക്ക് കിട്ടിയ ശേഷം മാർ സാപിർ ന്റെ പേരിൽ നടന്നിരുന്ന പെരുന്നാൾ മാർത്തോമ്മായുടെ പേരിൽ ആക്കി ഇപ്പോൾ കൊണ്ടാടി വരുന്നു.[4]

ഐതിഹ്യങ്ങൾ

[തിരുത്തുക]

മലയാറ്റൂർ പള്ളി ഹിന്ദു കേന്ദ്രമായിരുന്നതായും ബിംബത്തിനടുത്ത് ഒരു കുരിശു താനെ മുളച്ചു വന്നതോടെ അതു ക്രിസ്ത്യാനികൾക്ക് വിട്ടുകൊടുത്തതായും പഴങ്കഥകൾ ഉണ്ട്.[5] തോമാശ്ലീഹ അമാനുഷിക വലിപ്പമുള്ള ഒരാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാരം താങ്ങാനാവതെ പാറ കുഴിഞ്ഞ് പാദമുദ്രയുണ്ടായതെന്നും ഐതിഹ്യമുണ്ട്.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ഇതേ മാർഗ്ഗമാണ് എറണാകുളം ജില്ല ഗസറ്റിയറിൽ. " According to the traditiona St. thomas came to malayattur by the them familiar route through some pass in the Western ghat which linked Kerala with the Pandian kingdom"; Eranakulam District gazeteer p. 583

പരാമർശങ്ങൾ

[തിരുത്തുക]
  1. http://pincode.net.in/KERALA/ERNAKULAM/M/MALAYATTOOR
  2. 2.0 2.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. ആർ. സേതുപിള്ളൈ, തമിഴകം, ഊരും പേരും,; 1976, പേജ് 3.
  4. പി.വി. മാത്യു. സുഗന്ധനാട് നസ്രാണിചരിത്രം 1984 പേജ് 566
  5. സി. അച്യുതമേനോൻ; കൊച്ചിൻ സ്റ്റേറ്റ് മാനുവൽ (വിവ) പേജ് 51
"https://ml.wikipedia.org/w/index.php?title=മലയാറ്റൂർ&oldid=4095316" എന്ന താളിൽനിന്ന് ശേഖരിച്ചത്