അങ്കമാലി
അങ്കമാലി | |
---|---|
Nickname: എയർപോർട്ട് സിറ്റി | |
Coordinates: 10°11′46″N 76°23′10″E / 10.196°N 76.386°E | |
Country | India |
State | കേരളം |
District | എറണാകുളം |
City UA | കൊച്ചി |
വിസ്തീർണ്ണം | |
• ആകെ | 20.45 ച.കി.മീ. (7.90 ച മൈ) |
ഉയരം | 31 മീ (102 അടി) |
ജനസംഖ്യ (2011) | |
• ആകെ | 33,465 |
• ജനസാന്ദ്രത | 1,600/ച.കി.മീ. (4,200/ച മൈ) |
Languages | |
സമയമേഖല | UTC+5:30 (IST) |
PIN | 683572 |
Telephone code | 0484 |
Vehicle registration | KL-63 |
Sex ratio | 0.9689 ♂/♀ |
കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയും ദേശീയപാത 544-ന്റെയും എം.സി. റോഡിന്റെയും അരികിലായി സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് അങ്കമാലി. കൊച്ചി നഗരത്തിൽ നിന്ന് 30 കിലോമീറ്റർ വടക്ക് വശത്തായാണ് അങ്കമാലിയുടെ സ്ഥാനം. പുരാതനകാലം മുതൽക്കേ സുഗന്ധദ്രവ്യങ്ങൾ, വിദേശികളെ അങ്കമാലിയിലേക്ക് ആകർഷിച്ചിരുന്നു. ഇന്നും സുഗന്ധദ്രവ്യങ്ങൾ അങ്കമാലിയുടെ സമ്പദ്‌വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ജലസേചനസൗകര്യംകൊണ്ട് സമ്പന്നമായ ഒരു കാർഷികമേഖല അങ്കമാലിക്കുണ്ട്. എം.സി. റോഡും ദേശീയപാത 544-ഉം ഒത്തുചേരുന്ന ഒരു പട്ടണമാണ് അങ്കമാലി. തെക്ക് ആലുവ, കാലടി വടക്ക് ചാലക്കുടി, കിഴക്ക് പശ്ചിമഘട്ടം, പടിഞ്ഞാറ് പറവൂർ, മാള, എന്നീ സ്ഥലങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്തുള്ള നെടുമ്പാശ്ശേരി എന്ന സ്ഥലത്താണുള്ളത്.
പുരാതനകാലം മുതൽക്കേ മലഞ്ചരക്കു വിപണിയായിരുന്നു അങ്കമാലി. ഇതിനുചുറ്റുമുള്ള പതിനെട്ടര ചേരികൾ ഉൾപ്പെടുന്ന ജനപദം കേരളത്തിൽ തന്നെ ഏറ്റവും സാന്ദ്രതയുള്ള ക്രിസ്ത്യൻ ജനപദമാണ്.സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യ കാലത്തെ പ്രധാന ഭരണകേന്ദ്രം ഇവിടെയായിരുന്നു. സുറിയാനി ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുളള സ്ഥലമാണ് ഇത്. പോർത്തുഗീസുകാരുടെ വരവിനു മുൻപ് സുറിയാനിസഭയുടെയും, ആദ്യത്തെ പോർത്തുഗീസ് ബിഷപ്പിന്റെയും ആസ്ഥാനമായിരുന്നു അങ്കമാലി. അവസാനത്തെ വിദേശബിഷപ്പായിരുന്ന മാർ അബ്രഹാമിന്റെ മൃതദേഹം അടക്കംചെയ്യപ്പെട്ട (1597) സെന്റ് ഹോർമീസ് ചർച്ച് (സ്ഥാപനം 480-ൽ) ഉൾപ്പെടെ പല പ്രസിദ്ധ ദേവാലയങ്ങളും ഇവിടെയുണ്ട്.
ശ്രീ ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഇവിടെനിന്നും 7 കിലോമീറ്റർ ദൂരത്താണ്. അങ്കമാലി റെയിവേ സ്റ്റേഷനെ കാലടിയിലേയ്ക്ക്- അങ്കമാലി (Angamaly for Kalady) എന്നാണ് രേഖപ്പെടുത്തുന്നതു തന്നെ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിക്ക് തൊട്ടടുത്താണ്.
മലയാള ഭാഷക്ക് വളരേയെറേ സംഭാവനകൾ നൽകിയിട്ടുള്ള അർണ്ണോസ് പാതിരിയെ സംസ്കൃതം പഠിപ്പിച്ചത് അങ്കമാലിക്കരായ കുഞ്ഞൻ, കൃഷ്ണൻ എന്നീ രണ്ടു നമ്പൂതിരിമാരായിരുന്നു. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഇത് അനന്യഭൂഷണമായ കാര്യമായിരുന്നു.
സ്ഥാനം
[തിരുത്തുക]
|
പേരിനു പിന്നിൽ
[തിരുത്തുക]- മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്. ഇവിടത്തെ ഭരണം കൈയ്യാളിയിരുന്ന അർക്കെദിയാക്കോന്മാർക്ക് (ആർച്ച് ഡീക്കൻ)50,000 ത്തിൽ കുറയാത്ത പോരാളികൾ ഉണ്ടായിരുന്നു. നായന്മാരെപ്പോലെ ആയുധമേന്തൈ നടന്നിരുന്ന ആദ്യകാല നസ്രാണികളാണവർ. സ്വന്തമായി കോട്ടയും മറ്റുമില്ലാത്ത അവർ പരിശീലനം നടത്തിയിരുന്നത് ഇവിടെ വച്ചണ് എന്നു പറയ്പ്പെടുന്നു. അങ്ങനെ സ്ഥിരമായി അങ്കക്കസർത്തുകൾ നടന്നിരുന്നതിനാലലയിരിക്കാം അങ്കമാലി എന്ന പേർ വന്നത് എന്നു കരുതുന്നു. [3] *1799-ല് റോമിൽ നിന്നു അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയ സംസ്കൃത-ലാറ്റിൻ-വ്യാകരണ ഗ്രന്ഥത്തിൽ അങ്കമാലി എന്നതിന് സർക്കസ്(Circus) എന്നാണ് അർത്ഥം എഴുതിക്കാണുന്നത്. ഈ ഗ്രന്ഥം അർണ്ണോസ് പാതിരിയെഴുതിയതും പ്രസിദ്ധപ്പെടുത്തിയത് പൗളിനോസ് പാതിരിയുമാണ്. ഇതിൽ നിന്നും അങ്കത്തിനും മറ്റുമുള്ള അഭ്യാസങ്ങൾ നടത്തിയിരുന്ന മൈതാനം ആയിരിക്കാം ഇങ്ങനെ ആയത് എന്നും അനുമാനിക്കാം.
- മറ്റൊരു വാദം ആലി എന്ന ഒരു മല്ലൻ അങ്കം ജയിച്ചതിനാലാണ് അങ്കമാലി എന്ന പേർ വന്നു എന്നാണ്. [4]
- പ്രാചീന കാലത്ത് തുറമുഖത്തിന് മാലി എന്ന് വിളിച്ചിരുന്നു എന്നും (ഉദാ:മാലിയങ്കര)മാലി കുരുമുളകു കേന്ദ്രമാണെന്നു കോസ്മസ്സ് സൂചിപ്പിച്ചിരിക്കുന്നുണ്ട്. ഇന്നത്തെ മാഞ്ഞാലിത്തോട് അന്ന് പെരിയാറായിരുന്നു , മാലിയിലേക്ക് കപ്പൽ കയറ്റാനായി കുരുമുളക് കൊണ്ട് പോയിരുന്ന വഴിയിലെ ഒരു കവലയായിരുന്നു അങ്കമാലി. അങ്ങനെയുള്ള ഇടത്താവളത്തിനെ അങ്കമാലി എന്ന് വിളിച്ചിരുന്നതാവാം എന്നുമാണ് വി.വി.കെ. വാലത്തിന്റെ അഭിപ്രായപ്പെടുന്നത്. [5]
- അങ്കെ മാലി എന്ന് മൂല ദ്രാവിഡഭാഷയിൽ മാലിയങ്കരയിലേക്കുള്ള യാത്രയുടെ തുടക്കമെന്ന നിലയിൽ വിളിച്ചിരുന്നതുമാവാം എന്നുൊരു വാദമുണ്ട്.
പതിനേഴാം നൂറ്റാണ്ടു വരെ അങ്കമാലി ഉൾപ്പെടുന്ന അലങ്ങാട് താലൂക്ക് കൊച്ചി രാജ്യത്തിലായിരുന്നു. പിന്നിടാണ് അത് തിരുവിതാംകൂറിന് ദാനം കിട്ടിയത്.
ചരിത്രം
[തിരുത്തുക]ചേരന്മാരുടെ കീഴിലായിരുന്ന ഇവിടം കലക്രമത്തിൽ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും കീഴിലായി. കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്. ഇത് 17-ആം നൂറ്റാണ്ടുവരെ തുടർന്നു. അതിനു വളരെ മുന്നേ തന്നെ ജൈനരും ബുദ്ധമതക്കാരും ഇവിടെയുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. കോതകുളങ്ങര, ചെങ്ങമനാട് എന്നീ സ്ഥലങ്ങളായിരുന്നു ജൈനരുടെ വിഹാരം. മലയാറ്റൂർ ബുദ്ധകേന്ദ്രവുമായിരുന്നു. ശ്രീമൂലവാസത്തിലേക്ക് അങ്കമാലിയിൽ നിന്ന് പുഴമാർഗ്ഗം ഉണ്ടായിരുന്നതായും രേഖകൾ കാണുന്നു. ഉത്തരേന്ത്യയിൽ നിന്ന് ശ്രീമുലാവാസത്തലേക്കുള്ള വഴിയിലാണ് അങ്കമാലി എന്നത് അങ്കമാലിയിൽ നിന്ന് കിട്ടിയ ഉത്തരേന്ത്യൻ നാണയങ്ങൾ ബുദ്ധമതക്കാർ കൊണ്ടുവന്നതാവാനുള്ള സാധ്യതക്ക് ബലം നൽകുന്നു. [5] അങ്കമാലിക്കടുത്തുള്ള ഇളവൂർ തൂക്കം ബുദ്ധമതക്കാർ തുടങ്ങിവച്ച ആചാരങ്ങളുടെ ഭാഗമാണ് എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഇന്ന് മലയാറ്റൂർ പള്ളി സ്ഥിതി ചെയ്യുന്ന മലക്കരികിൽ ബുദ്ധമത സന്യാസിമാരുടെ ക്ഷേത്രമുണ്ടായിരുന്നതിന്റെ തെളിവ് എന്നോണം പാറയിൽ കൊത്തി വക്കപ്പെട്ട വലിയ കാല്പാദം കാണാം. നസ്രാണികളുടെ ചരിത്രത്തിൽ പ്രത്യേക സ്ഥാനമാണ് അങ്കമാലിക്കുള്ളത്. ക്രി.വ. 409-ൽ സ്ഥാപിക്കപ്പെട്ടു എന്നു പറയപ്പെടുന്ന വി. മറിയത്തിന്റെ നാമഥേയത്തിലുള്ള സുറിയാനിപള്ളി ഇവിടം ക്രിസ്ത്യാനികളുടെ കേന്ദ്രമാകുന്നതിനു മുന്നേ തന്നെ ഉണ്ടായതാണ്.
ക്രി.വ. 58 ൽ തോമാശ്ലീഹ കൊടുങ്ങല്ലൂർ വന്നിറങ്ങിയശേഷം മാള വഴി അദ്ദേഹം അങ്കമാലിയിലെ അങ്ങാടിക്കടവിൽ വന്നിറങ്ങി എന്നും ഇവിടെ നിന്നാണ് മലയാറ്റൂരിലെ ബുദ്ധകേന്ദ്രം ലക്ഷ്യമാക്കി പോയത് എന്നും കരുതുന്നു. [3] 9-ആം നൂറ്റാണ്ടിൽ വിദേശീയരായ മുഹമ്മദീയന്മാരുടെ സഹായത്തോടെ സാമൂതിരി കൊടുങ്ങല്ലൂർ പട്ടണം ആക്രമിച്ച് നശിച്ചപ്പോൾ ക്രിസ്ത്യാനികൾ അവിടെനിന്നു പാലായനം ചെയ്തു. അതിൽ ഒരു വിഭാഗം ആലങ്ങാട്ട് രാജാവിനെ ആശ്രയിക്കുകയും അങ്കമാലിയിൽ വേരുറപ്പിക്കുകയും ചെയ്തു. അവർ അവിടെ ഒരു പട്ടണം സ്ഥാപിക്കുകയും പള്ളിയും മറ്റു വിഹാരകേന്ദ്രങ്ങൾ പണിയുകയും ചെയ്തു. ക്രി.വ. 822-ല് എത്തിയ മാർ സബർ ഈശോ മാർ അഫ്രോത്ത് എന്നിവർ അകപ്പറമ്പ് എന്ന സ്ഥലത്ത് പള്ളി സ്ഥാപിച്ചു. ഇതിനു ശേഷമാണ് തരിസാപ്പള്ളി നിർമ്മിക്കുന്നത്. ഇതിനു മുന്നേ തന്നെ ക്രിസ്ത്യാനികൾ ഇവിടെ വന്ന് പള്ളികളും മറ്റും പണിയുകയും ചെയ്തിട്ടുണ്ട്. അതിനേക്കാൾ വളരെ മുൻപു തന്നെ ഇവിടം സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കേന്ദ്രമായിരുന്നു. [3]
അങ്കമാലി പടിയോല കേരള ക്രിസ്തുമത ചരിത്രത്തിലെ സുപ്രധാനമായ സംഭവങ്ങളിലൊന്നാണ്. പിന്നീട് ഇവിടം ഭരിച്ചിരുന്നത് മങ്ങാട് സ്വരൂപത്തിലെ താവഴികളിലെ നാടുവാഴികളായിരുന്നു. കറുത്തതാവഴിക്കരുടെ രാജധാനി മാങ്ങാട്ടുകര ഉണ്ണിമഠവും വെളുത്ത താവഴിക്കാരുടേത് ആലങ്ങാട്ട് കോട്ടപ്പുറവും ആയിരുന്നു. എന്നാൽ ഇവ കാലക്രമത്തിൽ അന്യം വന്നു പോയി. പിന്നീട് ഇവിടത്തെ മിക്കവാറും സ്ഥലങ്ങളെല്ലാം പള്ളികളുടെ കീഴിലായീ മാറി. പോർട്ടുഗീസുകാരും ഇവിടെ കുറേക്കാലം വ്യാപരത്തിൽ ഏർപ്പെട്ടു. അവരുടെ കാലത്താണ് അങ്കമാലിയിൽ പോർക്കുകളും മറ്റും വന്നത്. പോർട്ടുഗലിൽ നഗരശുചീകരണത്തിന് സഹായിച്ചിരുന്നത് പന്നികളും പോർക്കുകളും ആയിരുന്നു.
1756 ല് സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കിയെങ്കിലും 1762-ല് തിരുവിതാംകൂർ സൈന്യം കൊച്ചി രാജ്യം രാജാവിനെ സഹായിക്കുകയും സാമൂതിരിയെ തോല്പിച്ച് ഓടിക്കുകയും ചെയ്തു ഇതിനു പകരമായി ആലങ്ങാട്, പറവൂർ എന്നീ താലൂക്കുകൾ തിരുവിതാംകൂറിന് സമ്മാനമായി കൊച്ചിരാജാവ് നല്കി. അങ്ങനെ വിവിധ രാജവംശത്തിനറ്റെ ചുവട്ടിലായി മാറി മാറി ഭരിക്കപ്പെട്ടിട്ടുണ്ടിവിടം.
ടിപ്പു സുൽത്താൻ 1788 ഡിസംബറിൽ കൊച്ചി രാജാവിനെ പാലക്കാട്ട് വച്ച് കാണുകയും തിരുവിതാംകൂറിന്റെ മേൽകോയമയിൽ നിന്ന് വിടുവിക്കാമെന്നും പകരമായി ആലങ്ങാടും പറവൂരും കൊടുക്കണമെന്നും ആവശ്യപ്പെട്ടുവെങ്കിലും കൊച്ചിരാജാവിനത് സ്വീകാര്യമായിരുന്നില്ല. കൊച്ചിയിലെ ഡച്ചു കോട്ടകളിലും സുൽത്താന് കണ്ണുണ്ടായിരുന്നു. എന്നാൽ സന്ധി സംഭാഷണങ്ങൾ എല്ലാം നിരാകരിച്ച കൊച്ചിയെ ശത്രുതാ മനോഭാവത്തോടെയാണ് ടിപ്പു കണ്ടത്. അതുകോണ്ടായിരിക്കണം കൊച്ചി പിടിക്കാനുള്ള ശ്രമത്തിനിടയിൽ വഴിയിൽ വച്ച് എല്ലാ പള്ളികളും ക്ഷേത്രങ്ങളും കൊള്ളയടിച്ച്, പാടങ്ങളും മറ്റും അഗ്നിക്കിരയാക്കി താറുമാറാക്കി അവർ കടന്നുപോയത്. മൈസൂരിൽ ഇംഗ്ലീഷ് പട്ടാളം അടുത്തപ്പോളാണ് ടിപ്പു പിൻവാങ്ങിയത്.
1902-ൽ എറണാകുളം -ഷൊർണ്ണൂർ തീവണ്ടിപ്പാത തുറന്നപ്പോൾ അങ്കമാലി ഒരു തീവണ്ടി സ്റ്റേഷനായി.
“അങ്കമാലി കല്ലറയിൽ നമ്മുടെ സോദരരുണ്ടെങ്കിൽ.. ആ കല്ലറയാണേ കട്ടായം പകരം ഞങ്ങൾ ചോദിക്കും“ എന്ന് മുദ്രവാക്യമാണ് കേരളത്തിന്റെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയെ താഴെയിറക്കിയത്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയായ ഇ.എം.എസ് നമ്പൂതിരിപ്പാട് മന്ത്രിസഭയുടെ ചില നയങ്ങൾ ജനങ്ങളിൽ കടുത്ത എതിർപ്പ് ഉളവാക്കി. എൻ.എസ്.എസ് നേതാവായ മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന കമ്മ്യൂണിസ്റ്റ് നയങ്ങൾക്കെതിരേയുള്ള പ്രക്ഷോഭ ഫലമായി അങ്കമാലി, പുല്ലുവിള, വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ 1959 ജൂൺ 12 ന് പോലീസ് വെടിവെയ്പ്പ് ഉണ്ടാവുകയും അങ്കമാലിയിൽ ഏഴോളം പേർ മരിക്കുകയും തുടർന്ന് നടന്ന വൻ പ്രക്ഷോഭശേഷം രാഷ്ട്രപതി ഭരണം ഏറ്റെടുക്കുകയും മന്ത്രി സഭ നിലം പതിക്കുകയും ചെയ്തു.
ഭൂമിശാസ്ത്രം
[തിരുത്തുക]അങ്കമാലിയുടെ ഭൂപ്രകൃതിയിൽ വിസ്മയകരമായ മാറ്റങ്ങളാണ് കാലപ്രവാഹത്തിനൊപ്പം സംഭവിച്ചത്. [6] അങ്കമാലി മുൻപ് ഒരു കുന്നിൻ പ്രദേശമായിരുന്നു എന്ന് ബുക്കാനൻ പ്രതിപാദിച്ചിട്ടുള്ളത്. ഉദയംപേരൂർ ആ കുന്നിന്റെ താഴ്വാരത്തായി വരുമത്രെ. മേൽ സൂചിപ്പിച്ചിരിക്കുന്ന പോലെ കുന്നിൻ മുകളിലെ ഒരു മൈതാനവും അതിനു ചുറ്റും ഒഴുകിയിരുന്ന ഒരു ജലപാതയും ചേർന്നതാണീ ഭൂപ്രദേശം. ഈ ജലപാത അങ്കമാലി- മാഞ്ഞാലി തോട് എന്നപേരിൽ അറിയപ്പെടുന്നു. പണ്ടുകാലത്ത് പെരിയാറിൽ നിന്നു തിരിയുന്ന് ഒരു വലിയ നദിയായിരുന്നു. പെരിയാറിന്റെ ഗതി വെള്ളപ്പൊക്കത്തില് (1342)മാറിയശേഷം വളരെ ശുഷ്കിച്ചാണ് ഒഴുകുന്നതെങ്കിലും ഒരിക്കലും വറ്റാറില്ല. ഈ തോട് കുന്നിൻ മുകളിലുള്ള പ്രദേശത്തെ മൂന്നായി തിരിക്കുന്നതു പോലെയാണ് ഭൂപ്രകൃതി.
ചമ്പന്നൂർ, പുളിയനം, കരയാംപറമ്പ്, മൂക്കന്നൂർ) തെക്കും കിഴക്കും സമതലപ്രദേശങ്ങളും ആണ്. പടിഞ്ഞാറുഭാഗത്ത് കൊക്കരണിമാലി എന്ന പാടശേഖരവും അങ്ങാടിക്കടവു വരെ നീണ്ടു പോകുന്നു. നടുക്കായി അങ്ങാടികളും പള്ളികളും രൂപം കൊണ്ടിരിക്കുന്നു. മറ്റൊരു തെക്ക് കിഴക്കൻ ഭാഗത്തായി അകപ്പറമ്പ്,നെടുമ്പാശ്ശേരി എന്നീ പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇതു രൂപീകൃതമായശേഷവും വളരെയേറേ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്. തെക്കു ഭാഗത്തായി തേമാലി എന്ന് ഇരുപ്പൂ നിലങ്ങൾ ഉണ്ട്.
അങ്കമാലി-മാഞ്ഞാലി തോട്(പഴയ പുഴ) മധുരപ്പുറം കൂടി മാഞ്ഞാലിയിൽ വച്ച് മംഗലപ്പുഴയിൽ ചേരുന്നു. ഇതിനു കരയിലായിട്ട് പ്രധാനപ്പെട്ട ഭൂവിഭാഗങ്ങളും കാണപ്പെടുന്നത് തോടിന്റെ പഴയ പ്രതാപം വിളിച്ചോതുന്നു. കരയിൽ, തിരുനായത്തോട് ക്ഷേത്രം, കൃഷ്ണസ്വാമി ക്ഷേത്രം, ജൈനരുടെ കാവ്, വേങ്ങൂർ ഭഗവതി ക്ഷേത്രം, കിടങ്ങൂർ ക്ഷേത്രം, മാങ്ങാട്ടുകര , ഉണ്ണിമഠം, വെമ്പിളിയം ക്ഷേത്രം, കോതകുളങ്ങര ക്ഷേത്രം, ചമ്പന്നൂർ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം, മധുര-കൊടുങ്ങല്ലൂർ പാതയിലെ ഇടത്താവളമായ അങ്ങാടിക്കടവ് (മലഞ്ചരക്കുകളുടെ പണ്ടികശാല), പടുപുരയിലെ ക്ഷേത്രങ്ങൾ, അകപ്പറമ്പ്വലിയപള്ളി, കോടുശ്ശേരി, എളവൂർ ഭഗവതിക്കാവ്, മൂഴിക്കുളം ക്ഷേത്രം, മൂഴിക്കുളം പള്ളി എന്നിവയുണ്ട്.
പതിനെട്ടര ചേരികൾ
[തിരുത്തുക]ഇത് തീയ്യരുടേയും ബൌദ്ധരുടേയും വിഹാരമാണെങ്കിലും അങ്കമാലിയിൽ ക്രിസ്ത്യൻ കുടിയേറ്റക്കാരുടെ ഭൂമിയായാണ് കാണപ്പെടുന്നത്. തിയ്യരുടേതായി രേഖകൾ ഇല്ലെങ്കിലും ബുദ്ധമതക്കാരുടേതാവാനാണ് വഴി എന്ന് ചരിത്രകാരന്മാർ വിശ്വസിക്കുന്നു. ഇതിൽ അര എന്നത് രാജകീയമായ ഒന്നിനെയാണ് ഉദ്ദേശിക്കുന്നത്(ഉദാ: പതിനെട്ടരക്കവികൾ, പതിനെട്ടര ക്ഷേത്രങ്ങൾ) താഴെപ്പറയുന്നവയാണ് അവ
- നെടുമ്പാശ്ശേരി
- അടുവാശ്ശേരി
- പാലപ്രശ്ശേരി
- കപ്രശ്ശേരി
- കോടുശ്ശേരി
- മള്ളുശ്ശേരി
- പടപ്പശ്ശേരി
- കുറുമശ്ശേരി
- കണ്ണംകുഴിശ്ശേരി
- പൂവത്തുശ്ശേരി
- കുന്നപ്പിള്ളിശ്ശേരി
- തുരുത്തുശ്ശേരി
- പുതുവാശ്ശേരി
- കുന്നിശ്ശേരി
- പൊയ്ക്കാട്ടുശ്ശേരി
- കരിപ്പാശ്ശേരി
- പാലിശ്ശേരി
- പറമ്പുശ്ശേരി
- വാപ്പാലശ്ശേരി ( അരശ്ശേരിയായി അറിയപ്പെടുന്നു)
സാംസ്കാരികം
[തിരുത്തുക]സാംസ്കാരിക രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി. ഇവിടെ 90 ശതമാനത്തിലേറേ ക്രൈസ്തവരായതിനാൽ ക്രിസ്തീയ മതവുമായി ബന്ധപ്പെട്ട കലാ സാംസ്കാരിക രംഗങ്ങളിലാണിവ എന്നു മാത്രം. ജൈന ബുദ്ധമതങ്ങൾ പ്രാചീന കാലം മുതൽക്കേ ഇവിടെ ഉണ്ടായിരുന്നതിനാൽ ക്ഷേത്രങ്ങളിലും മറ്റും അവയുടെ സ്വാധീനങ്ങൾ കാണാം. ജൈന മതക്കാരെ നമ്പൂതിരിമാർ പീഡിപ്പിച്ചിരുന്നത്തിന്റെ ബാക്കി പത്രമായി ക്ഷേത്രങ്ങൾക്കു മുന്നിൽ കല്ലു കൊണ്ടുള്ള കഴുമരങ്ങളും പ്രതീകങ്ങളും ഇന്നും നിലനിൽകുന്നു.(ഉദാ: മൂഴിക്കുളം ക്ഷേത്രം) മറ്റൊരു പ്രധാനപ്പെട്ട സംഗതിയാണ് ഇവിടത്തെ പള്ളികളിലെ ചുവർ ചിത്രങ്ങൾ (Fresco Paintings). അകപ്പറമ്പ് മാർ സബർ ഇശോ പള്ളി, അങ്കമാലി കരേറ്റ മാതാവിന്റെ പള്ളി (വി.മറിയ) എന്നിവയിലെ ചുവർ ചിത്രങ്ങൾ വിഖ്യാതമാണ്. ഇവ പലതും ബൈബിളിനെ ആസ്പദാമാക്കിയുള്ളതും അന്നത്തെ മെത്രാന്മാരെക്കുറിച്ചുമുള്ളതാണ്. രചനാകാലം പതിനേഴാം നൂറ്റാണ്ടാണ്. മധ്യ ഏഷ്യയിലെ ചിത്ര ശൈലിയുടേയും കേരളീയ ചുവർചിത്രകലയുടെയും സമന്വയമാണ് ഇവ എന്ന് പല ചരിത്ര, ചിത്രകാരന്മാരും അവകാശപ്പെടുന്നു. പള്ളികളിൽ റബേക്കകൊട്ടും (വയലിൻ), പാട്ടും ഉണ്ട്, ഇത് ഗോവൻ സംഗീത രീതിയാണ്. കൊടിമരം, കൊടികയറ്റ്, കതിന വെടി, മുത്തുക്കുട, തഴക്കുട, എന്നീ പേർഷ്യൻ അലങ്കാര രൂപങ്ങളും ആലവട്ടം വെൺചാമരം തുടങ്ങി ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായ ആകർഷണങ്ങൾ പ്രചരിപ്പിക്കുന്നതിലും അവ ഹൈന്ദവ ആചാരങ്ങളുമായി സമന്വയിപ്പിക്കുന്നതിലും അങ്കമാലിയിലെ പള്ളികളിലെ പെരുന്നാളുകൾ വളരെയധികം പങ്കു വഹിച്ചിട്ടുണ്ട്.
പരിച മുട്ടുകളി, കോൽക്കളി, വില്ലടിച്ചാൻ പാട്ട് , റമ്പാൻ പാട്ട്, ചവിട്ടു നാടകം തുടങ്ങിയ കലകളും പ്രചരിപ്പിക്കുന്നതിൽ അങ്കമാലി മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
അങ്കമാലിയിലെ പോർക്ക് കൃഷി ഇവിടത്തെ സംസ്കാരത്തിന്റെ തന്നെ ഭാഗമായിട്ടുണ്ട്. മറ്റു ദേശക്കാർ പരിഹാസരൂപേണ ഉപയോഗിക്കാറുള്ള പ്രയോഗമായി ഇത് മാറി. ആലാഹായുടെ പെണ്മക്കൾ എന്ന നോവലിൽ ‘അങ്കമാലിയിൽ പോർക്കു കൃഷിയുണ്ടെന്നും അതുകൊണ്ട് അവിടത്തെ ചെക്കനെ തനിക്കിഷ്ടമല്ലെന്നും.. “ അങ്കമാലി പോർക്കിനും ചുങ്കക്കാരൻ പൈലിക്കും..” എന്ന് ഒരു കഥാപാത്രം പറയുന്നുണ്ട്’.
ആദ്യകാലങ്ങളിലെ സുന്നഹദോസുകൾ എല്ലാം അങ്കമാലിയുമായി ബന്ധപ്പെട്ടവയായിരുന്നു. കേരളത്തിന്റെ മൊത്തം ക്രൈസ്തവ പാരമ്പര്യം നിർണ്ണയിക്കുന്നതിലും സഭകളുടെ വിഭജനത്തിനു ഇവയുടെ പങ്ക് നിസ്തുലമാണ്.
ആതുരാലയങ്ങൾ
[തിരുത്തുക]- അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി - ഈ ആശുപത്രിയുടെ കൂടെ ഒരു റിസേർച്ച് സെന്റ്റും പ്രവർത്തിക്കുന്നുണ്ട്. നേത്രരോഗ ചികിൽസക്ക് കേരളത്തിൽ പ്രസിദ്ധമാണത്.
- കെ ജി ആശുപത്രി
- മഡോണ ആശുപത്രി
- അങ്കമാലി താലൂക്ക് ആശുപത്രി
- അപ്പോളോ ഹോസ്പിറ്റൽ കറുകുറ്റി
- എം എ ജി ജെ ഹോസ്പിറ്റൽ മൂക്കന്നൂർ
ആരാധനാലയങ്ങൾ
[തിരുത്തുക]ക്രിസ്ത്യൻ പള്ളികൾ
[തിരുത്തുക]വളരെയധികം പള്ളികൾ ഉള്ള സ്ഥലമാണ് അങ്കമാലി. പുരാതന ക്ഷേത്രങ്ങളുടെ നിർമ്മിതിയും ഇവയും തമ്മിൽ ധാരാളം സാദൃശ്യങ്ങൾ ഉണ്ട്. അമ്പലങ്ങളുടെ ശ്രീകോവിലിനു സമാനമായ ഗോപുരങ്ങൾ ഇവയ്ക്കുള്ളതായി കാണാം. ഒരേ തെരുവിൽ തന്നെ മുന്നോ അതിലധികമോ പള്ളികൾ കപ്പേളകൾ എന്നിവ കാണാം. പുരോഹിതന്മാരും അൽമായക്കാരുമൊക്കെയായി ക്രിസ്ത്യൻ ജനങ്ങളുടെ എണ്ണം നാൾക്കു നാൾ വർദ്ധിച്ചു വരികയായിരുന്നു. അടുത്തുള്ള സ്ഥലങ്ങളായ കൊരട്ടി, മലയാറ്റൂർ, മൂഴിക്കുളം, മഞ്ഞപ്ര, കാഞ്ഞൂർ, എന്നിവിടങ്ങളിലും പുരാതനമായ പള്ളികൾ ഉണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ മറ്റനേകം പള്ളികൾ വെറും നാലു കിലോമീറ്റർ ചുറ്റളവിൽ സ്ഥാപിക്കപ്പെടുകയുണ്ടായി. വടക്കേ ചമ്പന്നൂർ, തെക്കേ ചമ്പന്നൂർ, വാപ്പാലശ്ശേരി, ജോസ്പുരം, കവരപ്പറമ്പ്, കരയാമ്പറമ്പ്, കിടങ്ങൂർ, വേങ്ങൂർ, എന്നീ സ്ഥലങ്ങളിൽ പത്തിലധികം ദേവാലയങ്ങൾ വന്നു.
- 16-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച അകപ്പറമ്പ് സീറോ മലബാർ കത്തോലിക്കാ പള്ളിക്ക് ഏറേ പ്രത്യേകതകൾ ഉണ്ട്. മാർ ശബോർ പള്ളിയുടെ വടക്കു ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്.[7] തായ് സഭയിൽ നിന്നു വിഘടിച്ചെങ്കിലും സാമുദായിക സപർദ്ധ പുറത്തു വരാത്ത രീതിയിൽ സൗഹാർദ്ധപരമായാണ് രണ്ടു പള്ളികളും ഇടവകക്കാരും ഇന്നു വരെ വർത്തിച്ചിട്ടുള്ളത്.
- സെന്റ് ജോർജ്ജ് സീറോ മലബാർ കത്തോലിക്കാ പള്ളി
ക്രിസ്തീയ സഭചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഈ ദേവാലയം ക്രി.വ. 450 ലാണ് സ്ഥാപിക്കപ്പെട്ടത്. പഴയ പള്ളി പുതുക്കി 2007 ൽ കൂദാശ കർമ്മം നിർവ്വഹിക്കപ്പെട്ടു. തോമാശ്ലീഹ കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ നിന്നും മലയാറ്റൂർ|മലയാറ്റൂരിലേക്ക്കുള്ള യാത്രാമദ്ധ്യേ ഇറങ്ങി എന്ന് വിശ്വസിക്കപ്പെടുന്ന അങ്ങാടിക്കടവിനടുത്താണ് ഈ പള്ളി. തോമാശ്ലീഹ പാലയൂരിൽ സ്ഥാപിച്ച ക്രിസ്ത്യൻ സമൂഹങ്ങളിൽ കുടിയേറിയ ഒരു വിഭാഗമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്നു. ആദ്യകാലങ്ങളിൽ കൽദായ രീതിയിൽ ആരാധന ചെയ്തിരുന്ന സമയത്ത് ഈ പള്ളി ഗിർവാസീസ് പ്രോത്താസീസ് എന്നിവരുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇവിടത്തെ കൽക്കുരിശ് ഏറെ പഴമയുള്ളതാണ്. കേരളത്തിലെ കൽക്കുരിശുകളിൽ ലക്ഷണമൊത്തത് ഇതാണ് എന്ന് പ്രൊ.ജോർജ്ജ് മേനാച്ചേരി പറയുന്നു. സമീപത്തുള്ള തോരണക്കല്ലും കൗതുകമുണർത്തുന്നു.
- വി.മറിയാമിന്റെ പേരിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. ക്രി. വ. 409- ല് സ്ഥാപിക്കപ്പെട്ടത്.
- ഗിർവാസീസ്-പ്രൊത്താസിസ് സീറോ മലബാർ കത്തോലിക്കാ പള്ളി., മാർ അഫ്രോത്ത് പള്ളിയുടെ അയൽപ്രദേശത്ത് സ്ഥിതിചെയ്യുന്നു. 16-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ പള്ളി അടുത്തിടെ പുതുക്കു പണിതു. വി.ജോർജിന്റെ പേരിലുള്ള ഗീവർഗീസ് പള്ളി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണെന്ന് പറയപ്പെടുന്നു.
- വി. ഹോർമിസ് പള്ളി. കിഴക്കേപ്പള്ളി എന്നറിയപ്പെടുന്ന സീറോ മലബാർ കത്തോലിക്കാ പള്ളിയാണ്. സുറിയാനി പള്ളികളിലെ പോലെ കുരിശ് കാണാം.
- മാർട്ടിൻ ഡി പോറസ് പള്ളി. ലോകത്തിൽ ആദ്യമായി പുണ്യവാളന്റെ പേരിൽ അദ്ദേഹം പുണ്യവാളനായി പ്രഖ്യാപിക്കുന്നതിനു മുന്നേ പണിത പള്ളിയാണ്.
- അങ്കമാലിയിലെ ആദ്യ പ്രൊട്ടസ്റ്റൻ്റ് സഭ ബ്രദറൻ സഭ ആണ്. പടിഞ്ഞാറ്, കിഴക്ക്, ടൗൺ ബ്രദറെൻ സഭ, ഇമ്മാനുവേൽ ആണ് പ്രധാന സഭകൾ. ഇവർക്ക് സ്വന്തമായി ആരാധനാലയങ്ങൾ ഉണ്ട്.
- അങ്കമാലിയിലെ ആദ്യത്തെ പെന്തകോസ്ത് പള്ളി അസംബ്ലിസ് ഓഫ് ഗോഡ് പള്ളി ആണ് . 1915 ൽ ആരംഭിച്ചു.1951ൽ ഇന്ത്യയിലെ പ്രവർത്തനം ആരംഭിച്ചു ഇന്ന് ക്രിസ്തീയ സഭകളിൽ ലോകത്ത് അംഗസംഖ്യയിൽ രണ്ടാം സ്ഥാനത്താണ് അസംബ്ലിസ് ഓഫ് ഗോഡ് എന്ന മഹാപ്രസ്ഥാനം.അങ്കമാലി സെന്റ് ജോർജ് ബസിലിക്ക യുടെയും സെന്റ് മേരീസ് യാക്കോബായ പള്ളിയുടെയും സമീപം ആണ് ഈ പള്ളിയുടെ സ്ഥാനം.
- യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഇൻ ഇന്ത്യ. യു സി എഫ് ഐ എന്ന ചുരു ക്കപേരിൽ അറിയപ്പെടുന്ന ഈ പ്രവർത്തനം എല്ലാ ക്രിസ്തീയ സഭകളുടെയും സംയുക്തമായ കൂട്ടായ്മ വേദിയാണ്.2019 സെപ്റ്റംബർ 8 ന് ആണ് ഇതിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഫാ. ഡോ. എം . വി Alias ,Adv.Baby Paul, Bro.shan.p.mathai,Fr.Felix George ,pr.varghese mathew ,Bro.P.V.Philip എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനം നടന്നു വരുന്നു.
അമ്പലങ്ങൾ
[തിരുത്തുക]- ചിറക്കൽ മഹാദേവ ക്ഷേത്രം. തൃശ്ശൂർ എറണാകുളം ദേശീയപാതയിൽ അങ്കമാലി എളവൂർ കവല ജംഗ്ഷനിൽ നിന്നും കറുകുറ്റി മൂഴിക്കുളം റൂട്ടിൽ പുളിയനം ഗവൺമെന്റ് ഹൈസ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചിറയ്ക്കൽ മഹാദേവക്ഷേത്രം.
- ശ്രീ വെട്ടിപ്പുഴക്കാവ് ഭഗവതി ക്ഷേത്രം വടക്കൻ ചമ്പന്നൂർ. മഞ്ഞാലി തോടിൻ്റെ കരയിൽ സ്ഥിതി ചെയ്യുന്നു . ഏകദേശം 2000 വർഷം പഴക്കം കണക്കാക്കുന്നു. ചെങ്കല്ലിൽ തീർത്തിരുന്ന തകർന്ന ക്ഷേത്രം മുഴുവൻ പൊളിച്ചു പുതുക്കി പണിതു. ഖനനത്തിൽ ഇരുമ്പ് കഷ്ണങ്ങളും , മൂഴിക്കുളം , തിരു വഞ്ചി ക്കുളം ക്ഷേത്രങ്ങളിൽ പണ്ട് ഉപയോഗിച്ചിരുന്ന തരം മേച്ചിൽ ഓടുകൾ, ഇരുമ്പ് വസ്തുക്കൾ മുതലായവ കണ്ടെത്തിയിരുന്നു. ടിപ്പുവിൻ്റെ പടയോട്ടം ത്തിൽ തകർത്ത ക്ഷേത്രം. ദുർഗ്ഗ, ഭദ്രകാളി, മുരുകൻ, അയ്യപ്പൻ, പ്രധാന പ്രതിഷ്ഠകൾ. മാംസം ഉപയോഗിക്കുന്നവർ ഇവിടെ കുടിയേറിയത്തോടെ
ഊരാഴമ ക്കാർ സ്വത്തും ക്ഷേത്രവും ഉപേക്ഷിച്ചു തിരൂരി നടുത്തുള്ള ആഴവാഞ്ചേരി ക്ക് കുടിയേറിയതായി പറയുന്നു. ഇന്നും തിരൂരിൽ നിന്നും ചിലർ എന്നോഷിച്ചു വരാറുണ്ട്.ചമ്പന്നൂരിലെ റവന്യു രേഖകൾ പരിശോധിച്ചാൽ ഇത്തരം മുൻ ഉടമസ്ഥത കാണാൻ സാധിക്കും.
വ്യവസായം
[തിരുത്തുക]പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ട്രാൻസ്ഫോർമർ ഫാക്ടറിയായ ടെൽക് അങ്കമാലിയിൽ പ്രവർത്തിക്കുന്നു. തീപ്പെട്ടി, ഓട്, ഇഷ്ടിക എന്നിവ നിർമ്മിക്കുന്ന ഏതാനും സ്വകാര്യവ്യവസായശാലകളും അരിമില്ലുകളും അങ്കമാലിയിലുണ്ട്. മുളയും ഈറയുംകൊണ്ടു നിർമ്മിക്കപ്പെടുന്ന പായകളുടെയും കൂടകളുടെയും ഒരു പ്രധാന നിർമ്മാണ-വിപണനകേന്ദ്രമാണിവിടം. കേരള സംസ്ഥാന ബാംബൂ കോർപ്പറേഷന്റെ മുഖ്യകാര്യാലയവും നിർമ്മാണകേന്ദ്രവും അങ്കമാലിയിൽ പ്രവർത്തിക്കുന്നു.[8]
കറുകുറ്റിയിൽ മുൻപ് പ്രീമിയർ കേബിൾസ് എന്ന ഇലക്ട്രിക് കേബിൾഫാക്ടറിയും പ്രവർത്തിച്ചിരുന്നു.
ചിത്രസഞ്ചയം
[തിരുത്തുക]-
കിഴക്കേപ്പള്ളി എന്നറിയപ്പെടുന്ന മാർ ഹോർമിസ് സിറോ മലബാർ പള്ളി (വലിയപള്ളി)
-
വി.മറിയാമിന്റെ പേരിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി
-
ഗർവാസീസ് പ്രൊത്താസിസ് സിറോ മലബാർ പള്ളി
-
സെന്റ് ജോർജ്ജ് സിറോ മലബാർ പള്ളി
-
മാർട്ടിൻ ഡി പോറസ് പള്ളി
-
അങ്കമാലി മസ്ജിദ്
-
ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ പുതിയ കെട്ടിടം
-
ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി
-
ഡിപോൾ സ്ക്കൂൾ
-
റീത്താപ്പള്ളി ചമ്പന്നൂർ
-
മാർട്ടിൻ ഡി പോറസ് പള്ളി പുതുക്കി പണിതശേഷം
സാദൃശ്യമുള്ള സ്ഥലനാമങ്ങൾ
[തിരുത്തുക]- മാലി (ഇടുക്കി)
- അടിമാലി
- അങ്കത്തായി
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://lsgkerala.gov.in/system/files/2017-10/localbodies.pdf [bare URL PDF]
- ↑ "Angamaly Municipality Profile". www.kudumbashree.org.
- ↑ 3.0 3.1 3.2 അങ്കമാലി, വർഗീസ് (2002). അങ്കമാലി രേഖകൾ. എറണാകുളം, കേരള: മെറിറ്റ് ബുക്സ്.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ കേരളസ്ഥലനാമകോശം വാല്യം 1, താൾ 381, 1984, തിരുവനന്തപുരം
- ↑ 5.0 5.1 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "വാലത്ത്" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; താൾ 142-144, മെറിറ്റ് ബുക്സ് എറണാകുളം 2002.
- ↑ സഹസ്രാബ്ദ സ്മരണിക - അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കൊബായ സുറിയാനി പള്ളി, വാപ്പാലശ്ശേരി . 1997.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-05. Retrieved 2008-07-18.