കോതമംഗലം
കോതമംഗലം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
നിയമസഭാംഗം | ആന്റണി ജോൺ |
കോതമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ | |
സ്ത്രീപുരുഷ അനുപാതം | 102.05 ♂/♀ |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 37.45 km2 (14 sq mi) |
വെബ്‌സൈറ്റ് | http://www.kothamangalammunicipality.in |
10°4′48″N 76°37′12″E / 10.08000°N 76.62000°E
എറണാകുളം ജില്ലയുടെ കിഴക്കു വശത്തു സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോതമംഗലം (Kothamangalam). എറണാകുളം നഗരത്തിൽ നിന്നും 50 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കോതമംഗലം സ്ഥിതി ചെയ്യുന്നു.
മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവ സമീപ പട്ടണങ്ങളാണ്. ആലുവ മൂന്നാർ റോഡ് കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു[1] മൂന്നാറിനു 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ്[അവലംബം ആവശ്യമാണ്] സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.
ചരിത്രം
[തിരുത്തുക]2500 വർഷം മുമ്പ് മുതലുളള ചരിത്ര പ്രാധാന്യവും മഹാശിലാ സംസ്കാരകാലം മുതലുളള പ്രാധാന്യവും കോതമംഗലത്തിനുണ്ട്. എന്നാൽ പിൽകാലങ്ങളിൽ ചേരരാജാക്കന്മാരുടെ ഭരണകാലചരിത്രത്തിനുശേഷം ഇടപ്രഭുക്കൻമാരായ കർത്താക്കൻമാരുടെ കയ്യിൽ ഈ ദേശത്തിന്റെ ഭരണം ചെന്നു ചേർന്നതിനാൽ കൂടുതൽ കുറച്ചു നൂറ്റാണ്ടുകൾ ഇരുളടഞ്ഞതായിരുന്നു. ഈ പ്രദേശത്തിന് ജൈന ബുദ്ധ മതങ്ങൾക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു. പുരാതനകാലത്ത് ആദി ചേര രാജാക്കന്മാരുടെ തലസ്ഥാന നഗരമായിരുന്നു കോതമംഗലം
പേരിനു പിന്നിൽ
[തിരുത്തുക]കോത -- ചേരരാജാക്കന്മാർ : കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരരാജാക്കന്മാരുടെ സ്ഥാനപേരു 'കോത' എന്നായിരുന്നു. ചേര രാജക്കന്മാരുടെ മലയോരപ്രദേശങ്ങളുടെ തലസ്ഥാനം ഇവിടെയായിരുന്നു. അവരുടെ ബഹുമാനാർത്ഥമാവാം സ്ഥലത്തിനു കോതമംഗലം എന്ന് വന്നത്. കോത വലിയകാവ് ക്ഷേത്രം: വലിയകാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. കാലാന്തരത്തിൽ കോതമംഗലം എന്നപേര് രുപം കൊണ്ടു കോതയാർ (നദി) : കേരളത്തിലെ പ്രധാന നദിയായ കോതയാർ ഈ നഗരത്തിലൂടെയാണ് കടന്നു പോകുന്നത്. വലിയകാവ് ക്ഷേത്രത്തിൽ നിന്നോ, ചേര രാജാക്കന്മാരിൽ നിന്നോ നദിക്ക് കോതയാർ എന്നപേർ കിട്ടിയിരിക്കാം. നദിയിൽ നിന്നും പ്രദേശത്തിനും വന്നുചേർന്നതാവാം.
അതിരുകൾ
[തിരുത്തുക]വടക്ക് -- കീരമ്പാറ, പിണ്ടിമന ഗ്രാമപഞ്ചായത്തുകൾ കിഴക്ക് -- കവളങ്ങാട് ഗ്രാമപഞ്ചായത്ത് തെക്ക് -- കോതയാർ പടിഞ്ഞാറ് -- നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത്
സാമ്പത്തിക മാർഗ്ഗം
[തിരുത്തുക]പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ,ചേന ചേമ്പ്, കാച്ചിൽ, വാഴ, റബ്ബർ, കണ്ണാര ചക്ക, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും, മാട് കൃഷിയും ധാരാളമായി ഉണ്ട്.
രാഷ്ട്രീയം
[തിരുത്തുക]സി പി ഐ, സി പി ഐ എം, കേരള കോൺഗ്രസ്സ് മാണി, കേരള കോൺഗ്രസ്സ് ജേക്കബ്, കേരള കോൺഗ്രസ്സ് പി സി തോമസ് വിഭാഗം, കോൺഗ്രസ്, എന്നിവർക്ക് ശക്തമായി വേരോട്ടം ഉള്ള ഇടമാണ് കോതമംഗലം. എന്നാൽ ബിജെപി പൊതുവെ ദുർബ്ബല സാന്നിധ്യം മാത്രമായിരുന്നെകിലുംകഴിഞ്ഞ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ചവച്ചു നിലവിൽ സി.പി.എം ലെ ആന്റണി ജോൺ ആണ് എം എൽ എ. കോൺഗ്രസിന്റെ ഡീൻ കുര്യാക്കോസ് കോതമംഗലം ഉൾപ്പെടുന്ന ഇടുക്കിയുടെ എം.പി. മുനിസിപ്പൽ ചെയർ മാൻ CPI(M) KK ടോമി ആണ്
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്. എൽദോ മോർ ബസേലിയോസ് ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . യാക്കോബായ സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. എ.സി. ഇ. 498 ൽ സ്ഥാപിതമായെന്നു കരുതുന്ന കോതമംഗലം മർത്ത മറിയം വലിയപള്ളി ടൌണിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.സീറോ മലബാർ ക്രിസ്ത്യാനികളുടെ ആരാധന കേന്ദ്രമായ സെന്റ് ജോർജ് കത്തീദ്രൽ ദേവാലയവും നഗര മധ്യത്തിൽ തന്നെയാനുള്ളത് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ്. കോതമംഗലം പട്ടണത്തിൻ്റെ നഗര ഹൃദയത്തിൽ കോതമംഗലം മൂവാറ്റുപുഴ റൂട്ടിൽ അതി പുരാതനമായ ശ്രീ പാറത്തോട്ട് കാവ് ഭഗവതീ ക്ഷേത്രം, മാതിരപ്പിള്ളി ശ്രീ മഹാ ഗണപതി ക്ഷേത്രം ഇവ സ്ഥിതിചെയ്യുന്നു.കൂടാതെ കിഴക്കേ കോതമംഗലത്ത് മൂന്ന് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ - വലിയകാവ്, ഇളംകാവ്, അയ്യങ്കാവ് എന്നിവ സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥാപിതമായ ആദ്യ മുസ്ലിം ദേവാലയമായ മേതല മൂഹിയുദ്ധീൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത് കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തിലാണ്. കൊല്ലവർഷം 1033 ൽ പുരാതന മുസ്ലിം കുടുംബമായ തോട്ടത്തിക്കുളം കുടുംബക്കാർ സ്ഥാപിച്ച ഈ ആരാധനാലയം തച്ചുശാസ്ത്രത്തിന്റെയും കൊത്തുപണികളുടെയും വിസ്മയകാഴ്ചയാണ്
പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
[തിരുത്തുക]- ഭൂതത്താൻകെട്ട് : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് ഭൂതത്താൻകെട്ട് ഡാം സ്ഥിതി ചെയ്യുന്നത്.
- കല്ലിൽ ഭഗവതി ക്ഷേത്രം ഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- ഡോ. സലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
- ഇടമലയാർ ഡാം - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്.
- ഇഞ്ചത്തൊട്ടി തൂകുപ്പാലം| കോതമംഗലം പട്ടണത്തിൽ നിന്നും 15 കി.മി ദൂരത്തിലാണ്.കേരളത്തിലെ ഏറ്റവും വലിയ തൂകുപാലം ആണ് (183m).
- കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാർ ഇവിടെ നിന്നും 78 കി മി ദൂരത്താണ് .
ചിത്രശാല
[തിരുത്തുക]-
ഗ്രിഗോറിയസ് ഡെന്റൽ കോളേജ്
അവലംബം
[തിരുത്തുക]- ↑ "കോതമംഗലം മുനിസിപാലിറ്റി". Archived from the original on 2012-01-11. Retrieved 2011-08-21.
വെബ് സൈറ്റ് Archived 2020-03-19 at the Wayback Machine