Jump to content

കെ. അയ്യപ്പപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അയ്യപ്പപ്പണിക്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെ. അയ്യപ്പപ്പണിക്കർ
അയ്യപ്പപ്പണിക്കർ
ജനനം(1930-09-12)12 സെപ്റ്റംബർ 1930
മരണം23 ഓഗസ്റ്റ് 2006(2006-08-23) (പ്രായം 75)
തിരുവനന്തപുരം പൂർണ്ണ നാമം : കേശവപണിക്കർ അയ്യപ്പ പണിക്കർ
മറ്റ് പേരുകൾAyyappa Panicker
കലാലയം
തൊഴിൽ
അറിയപ്പെടുന്നത്Malayalam poetry
അറിയപ്പെടുന്ന കൃതി
  • കുരുക്ഷേത്രം
  • അയ്യപ്പപ്പണിക്കരുടെ കൃതികൾ
  • ചിന്ത

സാഹിത്യ സൈദ്ധാന്തികനായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ ( സെപ്റ്റംബർ 12, 1930 - ഓഗസ്റ്റ്‌ 23, 2006). ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്റെ ആഗോള പതിപ്പായിരുന്നു. പ്രഗല്ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം.

അമേരിക്കയിൽ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

2006 ഓഗസ്റ്റ്‌ 23 ന് 75-ആം വയസ്സിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ കാവാലത്തെ തറവാട്ടുവീട്ടിൽ സംസ്കരിച്ചു.

കവിതകൾ

[തിരുത്തുക]

മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം. 1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ് മലയാള ആധുനിക കവിതയുടെ ആധാരശില.


- കുരുക്ഷേത്രം (അയ്യപ്പപ്പണിക്കർ)

സർവ്വേന്ദ്രിയസ്പർശിത്വമാണ് കാവ്യാനുഭൂതിയുടെ കാതൽ എന്നെഴുതിയ അയ്യപ്പപ്പണിക്കരുടെ ഓരോ കവിതയും പിന്നീട് മലയാള കവിതയ്ക്ക് നവീനഭാവുകത്വത്തിലേക്കുള്ള മുന്നേറ്റങ്ങളായി.



- മൃത്യുപൂജ (അയ്യപ്പപ്പണിക്കർ)

പ്രധാന കൃതികൾ

[തിരുത്തുക]
  • അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം)
  • കുരുക്ഷേത്രം
  • അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം)
  • തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം)
  • കാർട്ടൂൺ കഥകളും മഹാരാജ കഥകളും
  • 10 കവിതകളും പഠനങ്ങളും
  • പൂക്കാതിരിക്കാൻ എനിക്കാവതില്ലേ
  • ഗോത്രയാനം
  • പൂച്ചയും ഷേക്സ്പിയറും (വിവർത്തനം)
  • കവിതകൾ (വിവർത്തനം)
  • സൗത്ത് ബൌണ്ട് (ഇംഗ്ലീഷ് കവിതകൾ)
  • ഇൻ ദ് സേക്രഡ് നേവൽ ഓഫ് ഔർ ഡ്രീം (ഇംഗ്ലീഷ്)
  • ഐ കാണ്ട് ഹെല്പ് ബ്ലോസ്സമിങ് (ഇംഗ്ലീഷ്)
  • ക്യൂബൻ കവിതകൾ
  • ഗുരുഗ്രന്ഥസാഹിബ്
  • ഹേ ഗഗാറിൻ
  • കുടുംബപുരാണം
  • മൃത്യു
  • കുതിര കൊമ്പ്
  • മർത്യപൂജാ
  • superman (screenplay)

പുരൂരവസ് - (അയ്യപ്പപ്പണിക്കരുടെ തികച്ചും വ്യത്യസ്തമായ ഒരു കാൽപനിക കവിതയാണിത്. അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ജ്വാല, ലത, ഗീതം, മൺകുടീരം , പ്രാർത്ഥന. പ്രണയത്തിന്റെ പല ഭാവങ്ങൾ ഈ 5 ഭാഗങ്ങൾ കൂടി കവി അവതരിപ്പിക്കുന്നു. ജ്വാലയിൽ പ്രണയത്തെ അഗ്നിയോട് വർണിക്കുന്നു. ലതയിൽ പ്രണയം ആഘോഷിക്കുന്നു. ഗീതത്തിൽ പ്രണയത്തെ കുറിച്ചു ഓർക്കുമ്പോൾ നഷ്ടപ്രണയ സങ്കൽപ്പത്തിൽ കവി ഒരു മൺകുടീരം പണിയുന്നു. എല്ലാം ദൈവത്തിൽ അർപ്പിച്ച് ഓർമകളെ മറക്കാൻ ശ്രമിക്കുകയാണ് അവസാന ഭാഗത്ത്.

പുരസ്കാരങ്ങൾ

[തിരുത്തുക]

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു. കേന്ദ്ര സർക്കാർ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു


"https://ml.wikipedia.org/w/index.php?title=കെ._അയ്യപ്പപ്പണിക്കർ&oldid=4020458" എന്ന താളിൽനിന്ന് ശേഖരിച്ചത്