എം.പി. ശങ്കുണ്ണി നായർ
എം.പി.ശങ്കുണ്ണിനായർ | |
---|---|
തൊഴിൽ | അധ്യാപകൻ, സാഹിത്യവിമർശകൻ |
ദേശീയത | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | നാട്യമണ്ഡപം, ഛത്രവും ചാമരവും, കാവ്യവ്യുത്പത്തി, കത്തുന്ന ചക്രം,നല്ല ഭൂമി |
സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായർ (1917 മാർച്ച് 4 - 2006) വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളീലുള്ള അദ്ദേഹത്തിന്റെ അറിവ് സാഹിത്യ നിരൂപണത്തെ കേവല സൗന്ദര്യശാസ്ത്രങ്ങളുടെ പരിമിത വൃത്തത്തിനു പുറത്തു കടക്കാൻ അനുവദിച്ചു.നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഈ നിരൂപകൻ ബഹുവിഷയാധിഷ്ഠിതമായ സമീപനത്തിലൂടെ സാംസ്കാരിക പഠനത്തിന്റെ ആദ്യകാലപാഠങ്ങൾ സൃഷ്ടിക്കുകയുണ്ടായി.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ ഉപദർശനങ്ങൾ കൊണ്ട് സമൃദ്ധമായ എം.പി. ശങ്കുണ്ണി നായരുടെ പ്രബന്ധങ്ങൾ അന്യാദൃശമായ ഗഹനതയും ആധികാരികതയുമുള്ളതാണ്.
ജീവിതരേഖ
[തിരുത്തുക]1917-മാർച്ച് 4-ന് പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്തുള്ള മേഴത്തൂരിൽ ജനിച്ചു. മങ്ങാട്ടുപുത്തൻ വീടായിരുന്നു തറവാട്. [1] പട്ടാമ്പി സംസ്കൃത പാഠശാലയിൽ വിദ്യാഭ്യാസം. പാവറട്ടി സംസ്കൃത കോളേജിലും മദിരാശി പച്ചയ്യപ്പാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപനായിരുന്നു. 1985-ൽ വിരമിച്ചു. അദ്ധ്യാപകൻ എന്ന നിലയിൽ വളരെക്കാലം പ്രവർത്തിച്ചു. സംസ്കൃതം, ഇംഗ്ലീഷ്,തമിഴ് മുതലായ ഭാഷകളിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. 2006 നവംബർ 10-ന് 89-ആം വയസ്സിൽ അന്തരിച്ച അദ്ദേഹം അവിവാഹിതനായിരുന്നു.[1]
കൃതികളും പുരസ്കാരങ്ങളും
[തിരുത്തുക]കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി, ഓടക്കുഴൽ അവാർഡ് മുതലായ പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതിയായ `നാട്യമണ്ഡപം', നാടകകലയിലും നാട്യശാസ്ത്രത്തിലുമുള്ള അഗാധമായ പാണ്ഡിത്യം കാണിക്കുന്നു.`ഛത്രവും ചാമരവും' എന്ന കൃതി കാളിദാസകവിതയെപ്പറ്റിയുള്ള നിരവധി മൗലികനിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ട്.കാവ്യവ്യുല്പത്തി എന്ന നിരൂപണ കൃതി കണ്ണീർപ്പാടം,പൂതപ്പാട്ട് മുതലായ കൃതികളെക്കുറിച്ചുള്ള ഏറെ ശ്രദ്ധേയമായ പഠനങ്ങളായിരുന്നു. മനശ്ശസ്ത്രം, നരവംശശാസ്ത്രം , നവീന നിരൂപണതത്വങ്ങൾ എന്നിവയെ വിമർശനത്തിനത്തിന്റെ മണ്ഡലത്തിൽ ഏറെ വിജയകരമായി സമന്വയിപ്പിച്ച് പ്രയോഗിച്ചു.നോബൽ സമ്മന ജേതാവായ പേൾ. എസ്. ബക്കിന്റെ 'ഗുഡ് എർത്ത്' എന്ന കൃതി 'നല്ലഭൂമി' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു[2].
കാളിദാസ നാടക വിമർശം (സംസ്കൃതം), കത്തുന്ന ചക്രം (1986), അഭിനവ പ്രതിഭ (1989), നാടകീയാനുഭവം എന്ന രസം (1989), Points of contact between Prakrit and Malayalam (1955) എന്നിവയും അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. [1]
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- http://www.hindu.com/2006/11/11/stories/2006111107380300.htm Archived 2007-10-01 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 ആരായിരുന്നു എം.പി.ശങ്കുണ്ണി നായർ - ഡോ. ഏ.എം. ഉണ്ണികൃഷ്ണൻ, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
- ↑ വിശ്വവിജ്ഞാനകോശം(1990).വാല്യം 11. പുറം: 465, എസ് പി സി എസ് കോട്ടയം