ശാസ്താം പാട്ട്
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മണ്ഡലകാലത്ത് ( വൃശ്ചികം 1 മുതൽ ധനു 11 വരെ) കെട്ടു നിറയോടോപ്പം കേരളത്തിൽ അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. ശബരിമലയ്ക്കു പോകുന്ന കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യപ്പൻ പാട്ടിന്റെ അകമ്പടിയോടെ വേണം എന്നാണ് വെയ്പ്. ഒരു ദിവസം വൈകീട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെയോ അല്ലെങ്കിൽ രാവിലെ തുടങ്ങി സന്ധ്യ വരെയോഅയ്യപ്പൻ പാട്ട് ആവാം. പാട്ടിനു ആരെയും ക്ഷണീക്കാറില്ല. അറിയിക്കുക മാത്രം ചെയ്യും. പൂജാ വേദി കുരുത്തോല വാഴപ്പിണ്ടീ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കും. അനുഷ്ഠാനപരമായ ഈ കല തണ്ടാൻ സമുദായക്കാർ കൈകാര്യം ചെയ്യുന്നു. കൊല്ലം ജില്ലയിലെ ഉദയ മാർത്താണ്ഡപുരം, മുണ്ടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ ഈ കലയ്ക്ക് നല്ല പ്രചാരമുണ്ട്. [1]

അയ്യപ്പൻപാട്ട്, ഉടുക്കുകൊട്ടിപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ ,അയ്യപ്പന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥ, വാവരുടെ ജനനം, ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും കൂടാതെ സുബ്രമണ്യസ്തുതി സരസ്വതി വന്ദനം, പുലിസേവം എന്നിങ്ങനെ അയ്യപ്പസ്വാമി ആയി ബന്ധം ഉള്ള മറ്റുകഥകളും ഉൾപെടുത്തിയിട്ടുള്ളതാണ് ശാസ്താം പാട്ട്. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്.

അവതരിപ്പിക്കുന്ന വിധം
[തിരുത്തുക]ശാസ്താാം പാട്ട്, അയ്യപ്പൻപാട്ട്, ഉടുക്കുപാട്ട് എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്നു.
പൂജാ വേദി കുരുത്തോല കൊണ്ടും വാഴപ്പിണ്ടി കൊണ്ടൂം വളരെ മനോഹരമായി അലങ്കരിക്കുന്നു. അലങ്കരിച്ച പീഠങ്ങളിൽ വെള്ള വിരിച്ച് വിളക്കു വച്ച്, ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. അടുത്തുള്ള പന്തലിൽ ഏഴോ ഒൻപതോ പീഠങ്ങൾ ഉണ്ടാവും. ഗണപതി, സുബ്രമണ്യൻ, കടൂത്ത, വാവര് തുടങ്ങിയവർക്കാണീ പീഠങ്ങൾ. പീഠത്തിനു മുന്നിലെ ഇലയിൽ അവിലും മലരും വയ്ക്കും. ആദ്യപൂജ കഴിഞ്ഞാണ് പാട്ടു തുടങ്ങുക. വാദ്യം ഉടുക്കാണ്. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും. പ്രമേയം അയ്യപ്പചരിതം.
പ്രമേയം ഏഴു ശേവങ്ങൾ ( സേവകങ്ങൾ) ആയി അവതരിപ്പിക്കുന്നു. പാണ്ടീശ്ശേവം, പുലിശ്ശേവം, വേളീശ്ശേേവ്വം, പന്തളശ്ശേവം, ഈഴശ്ശേവം, വേളാർശ്ശേവം, ഇളവരശ്ശുശേവം എന്നിങ്ങനെയാണവ. പാണ്ടീശ്ശേവ്വം, പൂങ്കൊടീശ്ശേവം, ഇവർശ്ശേവം, ഈഴുവസ്സേവ്വം, വേളിശ്ശെവം, വാവരുശ്ശേവം എന്നു മറ്റൊരു തരം വിഭജനവും ഉണ്ട്. ഒരോഘട്ടത്തിനും വിഭിന്ന താളങ്ങളും ഉണ്ട്.
ഏകം, രൂപകം, ചെമ്പട, മർമം, കാരിക, കുംഭം, ചൂഴാരി, മുത്താളം, തെരളി എന്നിവയണ് താളങ്ങൾ.
ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടും താളവും ഒരേ വ്യക്തി തന്നെയാണ് അവതരിപ്പിക്കുന്നത്. മറ്റുള്ളവർ അത് ഏറ്റുപാടുകയും കൊട്ടുകയും ചെയ്യുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും. ഉടുക്ക് ആണ് വാദ്യോപകരണം. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു.
ഈ കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ് എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ 'സ്വാമിയുടെ വിളക്കനുഷ്ടാനം'. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ നാടോടികലാസൂചിക. തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി. 1978. p. 12.