പൊറാട്ടുനാടകം
പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം[1]. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് [2]. സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ[3] കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. പുരുഷന്മാരാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെ അധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്[1]. ഇതിന്റെ പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നിവയാണ്. ഈ കലാരൂപത്തിൽ പാണൻ സമുദായക്കാർക്ക് വലിയ പങ്കുണ്ട്
പാണൻ എന്ന സമുദായത്തിൽ പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അതിനാൽ പാങ്കളി എന്നും ഇത് അറിയപ്പെടുന്നു. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. സ്ത്രീവേഷങ്ങളും പുരുഷൻമാർ തന്നെ കെട്ടിയാടുന്നു.
ചരിത്രം
[തിരുത്തുക]നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ടം അതായത് പുറം ജനങ്ങളുടെ ആട്ടം (നൃത്തം) എന്നാണർത്ഥം.. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിലെ ഗാന്ധി സ്തുതി.
വിശദാംശങ്ങൾ
[തിരുത്തുക]കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്.[4] വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങളും അവിഹിത ബന്ധങ്ങളും പരാമർശ വിഷയങ്ങളാകും.[5]
ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.
പ്രധാന വേഷങ്ങൾ
[തിരുത്തുക]ദാസി, മണ്ണാൻ, കുറവൻ, കുറത്തി, ചെറുമൻ, ചെറുമി, കവറ, കവറച്ചി, ചക്കിലിയൻ, ചക്കിലിച്ചി, പൂക്കാരി, മാതു, അച്ചി ഇവരൊക്കെയാണ് രംഗത്തു വരുന്ന പ്രധാന വേഷങ്ങൾ. കൂട്ടപ്പുറാട്ട്, ഒറ്റപ്പുറാട്ട് എന്നിങ്ങനെ പൊറാട്ടിനു വക ഭേദമുണ്ട്.
പ്രത്യേകതകൾ
[തിരുത്തുക]മണ്ണാൻ-മണ്ണാത്തി, ചെറുമൻ-ചെറുമി, കുറവൻ-കുറത്തി എന്നിങ്ങനെ അനേകം പൊറാട്ടുകൾ ഈ കലയിലൂടെ അവതരിപ്പിക്കുന്നു. ഓരോ സമുദായത്തിന്റെ ജീവിത രീതികൾ ഫലിത രൂപത്തിൽ അവതരിപ്പിക്കുന്ന ഇതിൽ പുരുഷന്മാർ തന്നെയാണ് സ്ത്രീ വേഷവും കെട്ടുന്നത്. നർമ്മ സംഭാഷണം, ചടുലമായ നൃത്തം, ആസ്വാദ്യമായ പാട്ടുകൾ എന്നിവയാണ് ഈ കലാരൂപത്തിന്റെ പ്രത്യേകതകൾ. കളിയാശാൻ, ചോദ്യക്കാരൻ എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളാണ് ഈ കലയിലെ കഥ നിയന്ത്രിക്കുന്നത്. ചോദ്യക്കാരൻ വിദൂഷകന്റെ വേഷവും അഭിനയിക്കുന്നു.
അരങ്ങ്
[തിരുത്തുക]കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ് സാധാരണ പൊറാട്ട് അവതരിപ്പിക്കുന്നത്. ഇതിലേക്കായി നാലു തൂണുകൾ നിർത്തി നടുവിൽ തിരശ്ശീലയിട്ടാണ് അവതരിപ്പിക്കുന്നത്. വേഷങ്ങൾ അതതു സമുദായങ്ങളുടെ സാധാരണ വേഷം തന്നെയായിരിക്കും.
പ്രചാരം
[തിരുത്തുക]പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ എന്നീ താലൂക്കുകളിലും, തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ അപൂർവ്വം ചില പ്രദേശങ്ങളിലും മാത്രമാണ് ഈ കലാരൂപം പ്രചാരത്തിലുള്ളത്.
പ്രധാന കലാകാരന്മാർ
[തിരുത്തുക]- പൊൽപ്പള്ളിമായൻ
- ചാമുക്കുട്ടിയാശാൻ
- എത്തന്നൂർ മുത്താണ്ടി
- പാലം തോണി വേലായുധൻ
- ആയക്കാട് ചെല്ലൻ
- മണ്ണൂർ ചാമിയാർ
- തെങ്കുറുശ്ശി ആറു
- പല്ലശേന പോന്നു
- രാമകൃഷ്ണൻ എരിമയൂർ
- പല്ലസേന വേലായുധൻ
- കളപ്പെട്ടി വേലായുധൻ
- നല്ലേപ്പുള്ളി നാരായണൻ
- നെന്മേനി കൃഷ്ണൻ
- എത്താനൂർ രാജൻ
- നന്ദിയോട് കൃഷ്ണൻ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 2007 ഡിസംബറിലെ സ്കൂൾമാസ്റ്റർ,(അഞ്ചാംക്ലാസ്സ്), താൾ 21, V.Publishers, Kottayam
- ↑ പൊറാട്ട് നാടകം Archived 2016-03-05 at the Wayback Machine Retrieved 27 May 2013
- ↑ പൊറാട്ട് നാടകം Archived 2016-03-05 at the Wayback Machine Retrieved 27 May 2013
- ↑ ഡോ.എം.വി. വിഷ്ണു നമ്പൂതിരി (2010). ഫോക്‌ലോർ നിഘണ്ടു. കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്. p. 614. ISBN 81-7638-756-8.
- ↑ "സർവ്വവിജ്ഞാനകോശം". കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. Retrieved 26 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- പൊറാട്ട് നാടകം രംഗപാഠം Archived 2016-03-04 at the Wayback Machine
- എടാ പാവി... ഇത് ആണാണ്ടാ.. [പ്രവർത്തിക്കാത്ത കണ്ണി]