Jump to content

ഏടാകൂടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏടാകൂടം
ഏടാകൂടം അഴിച്ചുവച്ചത്
ഏടാകൂടത്തിന്റെ രേഖാചിത്രം.

ബുദ്ധിപരമായവ്യായാമത്തിന് പഴയകാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടമാണ് ഏടാകൂടം[1]. ഒരു തരം ഏടാകൂടത്തിൽ ഉള്ളിൽ ദ്വാരത്തോടെ ചതുര രൂപത്തിൽ നിർമ്മിച്ച ആറു മരക്കട്ടകൾ കൂട്ടിയോജിപ്പിച്ച് നൽകുന്നു. ഇവയെ അഴിച്ചു മാറ്റി പഴയ രൂപത്തിൽ കൂട്ടിചേർക്കുക വിഷമമുള്ള കാര്യമായിരുന്നു. നല്ല ബുദ്ധിയും ആവശ്യമുള്ള ഈ കൂട്ടിച്ചേർക്കൽ സാധിച്ചില്ലെങ്കിൽ വലിയ അപമാനവും ഉണ്ടാകും.[അവലംബം ആവശ്യമാണ്] കേരളത്തിലെ പഴയ തലമുറയിലെ ആശാരിമാരുടെ കരവിരുതിന്റെ സാക്ഷ്യപത്രങ്ങളാണു് ഏടാകൂടങ്ങൾ. ഏടാകൂടം എന്നാൽ ഒരിക്കൽ അകപ്പെട്ടാൽ പിന്നീട് രക്ഷപെടാൻ പ്രയാസം എന്നാണർഥം.

കുഴക്കുന്ന ചില പ്രശ്നങ്ങളെ ഭാഷയിൽ ഏടാകൂടം എന്നു വിളിക്കുന്നു[2][3]. കൂടിച്ചേർന്നതും കൂട്ടിച്ചേർത്തതും ഒക്കെയാണു് കൂടം. ഈ കളിപ്പാട്ടം അഴിച്ചെടുക്കാനും തിരികെ അതുപോലെ കുടുക്കിയെടുക്കാനും ആദ്യമായി ശ്രമിക്കുമ്പോഴുള്ള ബുദ്ധിമുട്ടിൽ നിന്നാണു്, ഭാഷയിൽ ഏടാകൂടമെന്ന പ്രയോഗത്തിന്റെ നിഷ്പത്തി. ഇന്ന് ഏടാകൂടം എന്ന പ്രയോഗത്തിന് തിരുത്താൻ പറ്റാത്ത (വേലിയിൽ ഇരുന്ന പാമ്പിനെ തോളത്ത് വച്ച ) അവസ്ഥയെ ആണ് കാട്ടിത്തരുന്നത്.

ഗിന്നസ് റെക്കോഡ്

[തിരുത്തുക]
റാവിസ് ഹോട്ടലിനുമുന്നിലെ ഏടാകൂടം

സ്വിറ്റ്സർലാന്റിലെ വൽച്ചാവയിലെ ഫോഫാ കോൺറാഡ് എന്ന സ്ഥാപനം നിർമ്മിച്ച ഏടാകൂടം 'ലോകത്തിലെ ഏറ്റവും വലിയ ഏടാകൂടം' എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. 19 അടി 8 ഇഞ്ച് ഉയരവും ഒരടി മൂന്നിഞ്ച് വീതിയുമാണ് ഇതിനുണ്ടായിരുന്നത്.[4] ഇതിനെക്കാൾ വലിപ്പം കൂടിയ ഏടാകൂടം 2017 ഡിസംബറിൽ കൊല്ലം ജില്ലയിലെ റാവിസ് ഹോട്ടലിനു മുമ്പിൽ സ്ഥാപിച്ചു.[5] ഇരുമ്പ് ചട്ടക്കൂടിൽ തടി കൊണ്ട് നിർമ്മിച്ച ഈ ഏടാകൂടത്തിന് 24 അടി നീളമുള്ള ആറു കാലുകളാണുള്ളത്. ഓരോ കാലിനും 2 അടി വീതിയുണ്ട്. സിനിമാ കലാസംവിധായകനായ മാർത്താണ്ഡം രാജശേഖരൻ എന്ന രാജശേഖരൻ പരമേശ്വരനാണ് രണ്ടു ടൺ ഭാരമുള്ള ഈ ഏടാകൂടത്തിന്റെ ശിൽപി.[4] ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതുനിർമ്മിച്ചത്.[5]

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://localnews.manoramaonline.com/thrissur/features/thrissur-edakudam.html ഏടാകൂടത്തെപ്പറ്റി മനോരമയിലെ ലേഖനം
  2. https://olam.in/DictionaryML/ml/%E0%B4%8F%E0%B4%9F%E0%B4%BE%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 ഓളം നിഘണ്ടു
  3. http://www.mathrubhumi.com/thrissur/nagaram/-malayalam-news-1.1495317 Archived 2017-04-05 at the Wayback Machine. മാതൃഭൂമി പത്രത്തിലെ ഭാഷാ ശൈലി
  4. 4.0 4.1 "കൊല്ലത്ത് ദേ, വലിയ ഏടാകൂടം". മലയാള മനോരമ. 2017-12-22. Archived from the original on 2017-12-25. Retrieved 2017-12-23.{{cite web}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 രാജ്കുമാർ (2017-12-21). "ലോകത്തെ ഏറ്റവും വലിയ ഏടാകൂടം കൊല്ലത്ത് വരുന്നു". കൈരളി ടി.വി. Archived from the original on 2017-12-24. Retrieved 2017-12-23.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഏടാകൂടം&oldid=3802271" എന്ന താളിൽനിന്ന് ശേഖരിച്ചത്