Jump to content

കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
കവിയൂർ മഹാദേവക്ഷേത്രം.- മുൻവശം
കവിയൂർ ശ്രീ മഹാദേവക്ഷേത്രം is located in Kerala
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
കവിയൂർ ശ്രീ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°23′47″N 76°36′36″E / 9.39639°N 76.61000°E / 9.39639; 76.61000
പേരുകൾ
മറ്റു പേരുകൾ:തൃക്കവിയൂർ മഹാദേവക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പത്തനംതിട്ട
പ്രദേശം:കവിയൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പാർവതീസമേതനായ പരമശിവൻ
ഹനുമാൻ
പ്രധാന ഉത്സവങ്ങൾ:ഉത്സവം (ധനു)
ക്ഷേത്രങ്ങൾ:2
ലിഖിതരേഖകൾ:1
മേലെഴുത്തുകൾ:കലിവർഷം 4051, 4052 ( എ.ഡി 951, 952) ലെ രണ്ടു ശാസനങ്ങൾ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
അതിപൗരാണികം. ശ്രീകോവിൽത്തറയിലെ ശിലാശാസനങ്ങൾക്ക് ആയിരം കൊല്ലത്തെ പഴക്കമുണ്ട്
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ മഹാക്ഷേത്രമാണ് തൃക്കവിയൂർ ശ്രീമഹാദേവക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള സുപ്രധാന സ്പെഷ്യൽ ഗ്രേഡ് ദേവസ്വങ്ങളിലൊന്നാണിത് [1]. വാസ്തുശില്പപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും പുരാതനമഹാക്ഷേത്രങ്ങളിലൊന്നായി ഇതിനെ ഗവേഷകർ വിശേഷിപ്പിക്കുന്നു. പ്രധാന ശ്രീകോവിലിന്റെ അടിത്തറയിൽ കാണപ്പെടുന്ന കലിവർഷം 4051, 4052 വർഷങ്ങളിലെ( എ.ഡി. 951, 952) രണ്ടു ശിലാശാസനങ്ങൾ ചരിത്രപരമായ പ്രാധാന്യം വഹിക്കുന്നു. പാർവതിയെ ഇടതുവശത്തിരുത്തി സർവമംഗളമൂർത്തിയായിരിക്കുന്ന മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. ത്രേതായുഗത്തിൽ ശ്രീരാമൻ പ്രതിഷ്ഠിച്ച ശിവലിംഗമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. നാലമ്പത്തിന്റെ വടക്കുപടിഞ്ഞാറേക്കോണിൽ സ്ഥിതിചെയ്യുന്ന ഹനുമാൻസ്വാമിയുടെ ക്ഷേത്രം പ്രസിദ്ധമാണ്. ആദ്യകാലത്ത് ഒരു ഉപദേവത മാത്രമായി കണക്കാക്കപ്പെട്ടിരുന്ന ഹനുമാൻ, ഇന്ന് മഹാദേവനെക്കാൾ പ്രാധാന്യത്തോടെയാണ് ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇവരെക്കൂടാതെ ഗണപതി, ദക്ഷിണാമൂർത്തി, നാഗദൈവങ്ങൾ, യക്ഷി എന്നീ ഉപദേവതമാരും പുറത്ത് പ്രത്യേകം ക്ഷേത്രത്തിൽ മഹാവിഷ്ണുവുമുണ്ട്.[2][3]

ക്ഷേത്രം

[തിരുത്തുക]

ചങ്ങനാശ്ശേരി- കോഴഞ്ചേരി റോഡിൽ കവിയൂർ ജംഗ്ഷനിൽ നിന്ന് ഇരുനൂറു മീറ്റർ പടിഞ്ഞാറായി ചുറ്റുപാടുമുള്ള ഭൂനിരപ്പിൽ നിന്ന് ഉയർന്നാണ് കവിയൂർ മഹാദേവർക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റോഡരികിലായി മുപ്പതുകൊല്ലം മുൻപ് പണികഴിച്ച അലങ്കാര ഗോപുരമുണ്ട്. കിഴക്കേ നടയിൽ വിശാലമായ കുളം കാണാം. ഇരുപത്തിയൊന്ന് നെടുനീളൻ പടവുകൾക്കു മുകളിൽ നിലകൊള്ളുന്ന ഗംഭീരമായ ഇരുനില ഗോപുരം ക്ഷേത്രത്തിന്റെ വാസ്തുശില്പ ഗരിമ വിളിച്ചോതുന്നു. കിഴക്കേ ഗോപുരവാതിൽ കടന്നാലുടൻ പ്രവേശിക്കുന്നത് സുദീർഘമായ ആനക്കൊട്ടിലിലേക്കാണ്. സ്വർണ്ണക്കൊടിമരത്തിന് 21 പറകളുണ്ട്. വെടിപ്പോടെ കരിങ്കൽ പാകിയിട്ടുള്ള പ്രദക്ഷിണവഴിയുണ്ട്. വിശാലമായ നാലമ്പലം, വിളക്കുമാടം, വാതിൽമാടം, നമസ്കാരമണ്ഡപം, ശ്രീകോവിലുകൾ എന്നിവയെല്ലാം ചെമ്പുമേഞ്ഞിരിക്കുന്നു. വിളക്കുമാടത്തിൽ ഏഴായിരത്തില്പരം വിളക്കുക്കൾ ഘടിപ്പിച്ചിട്ടുള്ള മരയഴികൾ ഉണ്ട്. വൃത്താകൃതിയിലുള്ള പ്രധാന ശ്രീകോവിലിന് 44 കഴുക്കോലുകളുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം. സർവതോഭദ്ര (നാല് വാതിലുകളുള്ള) മാതൃകയിലാണ് ശ്രീകോവിൽ നിർമ്മിച്ചിട്ടുള്ളത്[4]. ശ്രീകോവിലിന്റെ പുറംഭിത്തി ദാരുശില്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.

ചതുരാകൃതിയിലുള്ളതാണ് നമസ്കാരമണ്ഡപം. നാലമ്പലത്തിന്റെ വടക്കു-പടിഞ്ഞാറെ മുലയിൽ ആറടി സമചതുര ശ്രീകോവിലിൽ ഹനുമാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മതിൽക്കെട്ടിന് വെളിയിൽ പടിഞ്ഞാറുവശത്ത് താഴെയായി കീഴ്തൃക്കോവിൽ ക്ഷേത്രം. അതിനും പിന്നിലായി വിശാലമായ പോളച്ചിറ ജലാശയം കാണാം.

ഐതിഹ്യം

[തിരുത്തുക]

രാമേശ്വരം ക്ഷേത്രത്തിന്റെ ഉദ്ഭവകഥയുമായി സാദൃശ്യമുള്ള ഒരു കഥയാണ് കവിയൂർ ക്ഷേത്രത്തിനും. രാവണവധം കഴിഞ്ഞ് സീതാ-ലക്ഷ്മണന്മാർക്കും വാനര- രാക്ഷസപ്പടകളോടുമൊപ്പം അയോദ്ധ്യയിലേയ്ക്ക് മടങ്ങും വഴി ശ്രീരാമൻ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം എന്നാണ് ഐതിഹ്യം. അശോകവിമാനത്തിലിരുന്ന് താഴെയുള്ള പ്രദേശത്തിന്റെ മനോഹാരിതയിൽ മുഴുകിയ സീതയുടെ ആഗ്രഹപ്രകാരമാണ് പുഷ്പകവിമാനത്തിൽ പറക്കുന്ന ശ്രീരാമനും പരിവാരങ്ങളും കവിയൂരിലിറങ്ങിയതത്രേ. ശിവപ്രതിഷ്ഠയ്ക്ക് ഉത്തമസ്ഥലമാണെന്നു കണ്ട് ശ്രീരാമൻ ഉത്തമശിവലിംഗം കണ്ടെടുത്തുവരുവാൻ ഹനുമാനെ നിയോഗിച്ചു. ശുഭമുഹൂർത്തം എത്തിയിട്ടും ഹനുമാൻ മടങ്ങിവരാതിരുന്നതിനാൽ മണ്ണും ദർഭയും ചേർത്ത് ഒരു ശിവലിംഗം നിർമിച്ച് രാമൻ പ്രതിഷ്ഠ നിർവഹിച്ചു. മടങ്ങിയെത്തിയ ഹനുമാൻ തന്റെ പ്രയത്നം വിഫലമായതിൽ ഖിന്നനായി എന്നും മനസ്സിലാക്കിയ രാമൻ താൻ പ്രതിഷ്ഠിച്ച ശിവലിംഗം മാറ്റി ഹനുമാൻ കൊണ്ടുവന്നത് പ്രതിഷ്ഠിച്ചുകൊള്ളുവാൻ പറഞ്ഞു. അതിശക്തനായ ഹനുമാന് പക്ഷേ രാമൻ പ്രതിഷ്ഠിച്ച ശിവലിംഗം ചലിപ്പിക്കാൻ പോലും കഴിഞ്ഞില്ല. ശ്രീരാമൻ പ്രതിഷ്ഠിച്ച ക്ഷേത്രത്തിന്റെ മഹത്ത്വം മനസ്സിലാക്കി അദ്ദേഹത്തിന്റെ അനുമതിയോടെ ഹനുമാൻ ആ സന്നിധിയിൽ നിത്യവാസമാരംഭിച്ചുവെന്നും അങ്ങനെ ആ ദേശത്തിന് കപിയൂര്( കപിയുടെ ഊര്) എന്നു പേരുവന്നുവെന്നും കപിയൂരു ലോപിച്ച് കവിയൂരായി എന്നുമാണ് ഐതിഹ്യം.

നൂറ്റാണ്ടുകൾക്കുശേഷം ദിവ്യമായ കവിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ വില്വമംഗലം സ്വാമിയാർ മതില്ക്കകത്തെ ഇലഞ്ഞിയിൽ ഹനുമാന്റെ സാന്നിദ്ധ്യം കാണുകയും നാലമ്പത്തിന്റെ വായൂക്കോണിൽ ജപക്കിണ്ടികമിഴ്തിവച്ച് അതിന്മേൽ ഹനുമാനെ കുടിയിരുത്തുകയും ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. അങ്ങനെയാണത്രേ ഹനുമാൻ സ്വാമിയുടെ പ്രതിഷ്ഠ നാലമ്പലത്തിനകത്തായത്. പിന്നീട്, ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്ത്, അദ്ദേഹത്തിനുണ്ടായ സ്വപ്നദർശനത്തിൽ കണ്ടതനുസരിച്ച് ഇപ്പോഴത്തേതുപോലെയുള്ള പടിത്തരങ്ങൾ ആരംഭിയ്ക്കുകയുണ്ടായി.

പ്രതിഷ്ഠാമൂർത്തികൾ

[തിരുത്തുക]

പാർവതീസമേതനായി ആനന്ദഭാവത്തിൽ ഇരിയ്ക്കുന്ന മഹാദേവനാണ് മുഖ്യപ്രതിഷ്ഠ. ഇടതുവശത്തിരിക്കുന്ന പാർവതിയെ ഇടതുകരം കൊണ്ട് ചേർത്ത്പിടിച്ച് വലതുകൈ വരദാനമുദ്രയോടെയും മറ്റു രണ്ടുകൈകളിൽ മാൻ, മഴു എന്നിവ ധരിച്ചും പദ്മാസനത്തിൽ ഇരിക്കുന്നതായാണ് പ്രതിഷ്ഠാസങ്കൽപം. രണ്ടരയടിയോളം ഉയരമുള്ള ശിവലിംഗം മണ്ണും ദർഭയും ചേർത്ത് ചമച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായാണ് ശിവപ്രതിഷ്ഠ കുടികൊള്ളുന്നത്. പ്രതിഷ്ടയോടനുബന്ധിച്ച് ഹനുമാൻ നടത്തിയ ബലപ്രയോഗത്തിന്റെ അടയാളമായി വാല് ചുറ്റിയ പാടുകൾ വിഗ്രഹത്തിൽ ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു. തൃക്കവിയൂരപ്പൻ എന്ന നാമത്തിൽ പുരാതനകാലം മുതൽത്തന്നെ കവിയൂർ മഹാദേവൻ അറിയപ്പെട്ടു. ആയിരത്തി ഒരുനൂറുകൊല്ലം മുന്പുള്ള ശാസനത്തിൽ 'തിരുക്കവിയൂർത്തേവർ' എന്നാണ് സൂചന. അറുനൂറു കൊല്ലം മുന്പുള്ള ലിഖിതങ്ങളിൽ തൃക്കവിയൂരപ്പൻ എന്നുതന്നെ കാണാം [5][6]. പടിഞ്ഞാറേ നടയിൽ പാർവതീസങ്കല്പത്തിൽത്തന്നെ ശ്രീമൂലരാജേശ്വരിയെ പ്രതിഷ്ഠിച്ചത് കൊല്ലവർഷം 1068(ക്രി.വ. 1894)ൽ ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ കാലത്താണ്[7]. പ്രത്യേകപ്രതിഷ്ഠയുണ്ടെങ്കിലും ശ്രീബലിയ്ക്കും മറ്റും പാർവതിയെ പുറത്തേയ്ക്കെഴുന്നള്ളിക്കുന്നതു കിഴക്കേനടയിൽക്കൂടി മാത്രമാണ്.

തെക്കെ നടയിൽ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും സങ്കല്പത്തിൽ പ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ ചെറിയ സമചതുര ശ്രീകോവിലിൽ ഹനുമാൻസ്വാമിയെ പ്രതിഷ്ഠിച്ചത് വില്വമംഗലത്ത് സ്വാമിയാരാണെന്നു വിശ്വസിക്കപ്പെടുന്നു. ശ്രീകോവിൽ പുതുക്കി ഹനുമാന്റെ നടയ്ക്ക് മേജർക്ഷേത്രത്തിന്റെ പടിത്തരവും അഞ്ചുപൂജയും പ്രത്യേക ശാന്തിക്കാരുമൊക്കെ അനുവദിച്ചത് കൊ.വ. 1115(ക്രി.വ. 1941)ൽ ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ആജ്ഞയനുസരിച്ചാണ് [8]. [9]. കിഴക്കേനടയിൽ വടക്കുകിഴക്കുഭാഗത്ത് നാഗപ്രതിഷ്ഠയുണ്ട്. മതിലിനുപുറത്ത് പടിഞ്ഞാറുവശത്ത് പോളച്ചിറയുടെ കരയിലായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവിലിലെ പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്ണുവാണ്. പരശുരാമനാണ് ഇവിടെ പ്രതിഷ്ഠനടത്തിയതെന്നാണ് ഐതിഹ്യം. പതിനെട്ടാം പടിയ്ക്കു താഴെ വടക്കുമാറി സ്ഥിതിചെയ്യുന്ന മാഹായക്ഷിക്ഷേത്രവും കവിയൂർ മഹാദേവക്ഷേത്രത്തിന്റെ ഉപദേവാലയമാണ് . കൈസ്ഥാനികളിൽപ്പെടുന്ന കീഴ്ചിറയ്ക്കൽ മൂസ്സതുമായി ബന്ധപ്പെട്ടാണ് മഹായക്ഷിയുടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

ശില്പപരമായ സവിശേഷത

[തിരുത്തുക]

കേരളത്തിലെ ഏറ്റവും മനോഹരമായ മഹാക്ഷേത്രങളിലൊന്നാണ് കവിയൂർ മഹാദേവക്ഷേത്രമെന്ന് അനവധി ഗവേഷകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്[10][11][12].[13]. ഓരോ ഇഞ്ചിലും ഭാരതീയ വാസ്തുശില്പശൈലിയുടെ സമഗ്രചൈതന്യം ഈ മഹക്ഷേത്രത്തിൽ ദൃശ്യമാവും. ഇവിടുത്തെ ദാരുശില്പങ്ങൾ ക്ഷേത്രത്തിന്റെ വാസ്തുഭംഗിയെ ശതഗുണീഭവിപ്പിക്കുന്നു. വാസ്തുശാസ്ത്രമനുസരിച്ച് സർവ്വലക്ഷണങ്ങളും ഒത്തിണങിയ സ്ഥലത്താണ് കവിയൂർ മഹാദേവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വിശാലമായ പോളച്ചിറ ജലാശയത്തിന്റെ കിഴക്കേക്കരയിൽ സമീപസ്ഥലങ്ങളിൽ നിന്നെല്ലാം ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹനുമാൻ സ്വാമി വാൽചുറ്റി ശിവലിംഗം ഇളക്കാൻ ശ്രമിച്ചപ്പോൾ വിഗ്രഹത്തിനു പകരം അതിരിക്കുന്ന ഏഴുമുറിപ്പുരയിടം ഉയർന്നു എന്നാണ് ഐതിഹ്യം. അതുകൊണ്ടു തന്നെ എഴുന്നവന്ന സ്ഥലം എന്നയർഥത്തിലെ 'എഴുലോക' എന്ന് പഴമക്കാർ ക്ഷേത്രഭൂമിയെ വിളിച്ചുവന്നു. കേരളിയ വാസ്തുശില്പശൈലിയുടെ സമസ്തചൈതന്യവും കവിയൂർ മഹാദേവക്ഷേത്രത്തിൽ സംഗമിക്കുന്നു. പ്രസിദ്ധ വാസ്തുവിദഗ്ദ്ധനായ രാമുകടകം കേരളത്തിലെ ഏറ്റവും ഭംഗിയുള്ള മഹാക്ഷേത്രം എന്ന് കവിയൂർ ക്ഷേത്രത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് [14][15]. പ്രസിദ്ധ പുരാവസ്തുഗവേഷകനായ ജോർജ്ജ് മൈക്കൽ, ഡോ റൊണാൾഡ് എം ബെർണ്ണീയർ എന്നിവരും ഇതേരീതിയിൽ കവിയൂർ ക്ഷേത്രത്തെ പുകഴ്ത്തുന്നു [16][17][18]. 'ഇന്ത്യയിലെ തന്നെ മഹത്തായ മന്ദിരങ്ങളിലൊന്ന്' എന്നാണ് പ്രമുഖ പുരാവസ്തു ഗവേഷകനായ ജോർജ്ജ് മൈക്കൽ ഒരു അഭിമുഖത്തിൽ കവിയൂർ ക്ഷേത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്[19].

53 അടി വ്യാസമുള്ള ശ്രീകോവിൽ കേരളക്കരയിലെ ഏറ്റവും പുരാതനമായ വട്ടശ്രീകോവിലുകളിലൊന്നാണ്. സാന്ധാരമാതൃകയിലാണ് ഇതിന്റെ നിർമ്മിതി. രണ്ട് ഇടനാഴികളുണ്ട്. നാലുവാതിലുകളുള്ളതിനാൽ സർവതോഭദ്രമാതൃക എന്നും പറയും. ശ്രീകോവിലിന്റെ അധിഷ്ഠാനത്തിനു സഹ്സ്രാബ്ദത്തിലേറെ പഴക്കമുണ്ട്. പഞ്ചവർഗ്ഗത്തറയുടെ കുമുദത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാസനങൾ ഇതിനെ ന്യായീകരിക്കുന്നു[20].

കവിയൂർ മഹാക്ഷേത്രത്തിലെ ദാരുശില്പങ്ങൾ വിശ്വപ്രസിദ്ധമാണ്. 16-17 നൂറ്റാണ്ടുകളിൽ നടന്ന നവീകരണത്തിന്റെ ഭാഗമായി രചിക്കപ്പെട്ടതെന്നു കരുതുന്ന ഈ ശില്പങ്ങളെക്കുറിച്ച് അനവധി ഗ്രന്ഥങ്ങൾ പരാമർശിക്കുന്നു. കവിയൂർ തെക്കേനടയിലുള്ള ശില്പികുടുംബങ്ങളാണ് ഈ ശില്പങ്ങളുടെ രചിയിതാക്കൾ എന്നു പറയപ്പെടുന്നു. തെക്ക് പടിഞ്ഞാറ് നടകളിലും സാമാന്യ വലിപ്പമുള്ള ഗോപുരങ്ങളുണ്ട്. മതിലകത്ത് വടക്കുവശത്തായി വിശാലമായ ഊട്ടുപുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് താഴ്ചയിലാണ് കീഴ്തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രം. അതിനു പിന്നിലായിട്ടുള്ള വിശാലമായ പോളച്ചിറ അഞ്ചുപതിറ്റാണ്ടു മുന്പുവരെ ദേവസ്വം വകയായിരുന്നു. ഇപ്പോൾ സംസ്ഥാന ഗവണ്മെന്റ് വക മത്സ്യപ്രജനനകേന്ദ്രം പ്രവർത്തിക്കുന്ന പോളച്ചിറയ്ക്ക് പതിനാറ് ഏക്കറോളം വിസ്തീർണ്ണമുണ്ട്. വെളിച്ചെണ്ണച്ചിറ എന്നാണ് പഴയരേഖകളിൽ ഈ ജലാശയം അറിയപ്പെടുന്നത്.

ചരിത്രം

[തിരുത്തുക]

കേരളത്തിൽ വ്യവസ്ഥാപിത ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിന്റെ ആദ്യഘടത്തിൽത്തന്നെ നിർമ്മിക്കപ്പെട്ട ഒന്നായി കവിയൂർ മഹാദേവക്ഷേത്രത്തെ വിദേശികളും സ്വദേശികളുമായ അനവധി ഗവേഷകർ കണക്കാക്കുന്നു.[21] പരശുരാമൻ സ്ഥാപിച്ച 64 ബ്രാഹ്മണഗ്രാമങ്ങളിലൊന്നാണ് ( 32 തുളുഗ്രാമങ്ങളും 32 മലയാളഗ്രാമങ്ങളും)കവിയൂർ. കൊട്ടാരക്കര, കുഴിമതിക്കാട്, കലഞ്ഞൂർ, തൃക്കൊടിത്താനം, പായിപ്പാട് എന്നീ സ്ഥലങ്ങളിലെ നമ്പൂതിരിമാർ കവിയൂർ ഗ്രാമക്കാരാണ്. കവിയൂരിന്റെ ഗ്രാമക്ഷേത്രമാണ് തൃക്കവിയൂർ മഹാദേവക്ഷേത്രം. [22] കവിയൂർ ഗ്രാമത്തിലെ പത്തില്ലത്തിൽ പ്പോറ്റിമാരായിരുന്നു ഈ മഹാക്ഷേത്രത്തിന്റെ ഊരാളന്മാർ.[23] 18-ആം നൂറ്റാണ്ടിന്റെ അവസാനം വരെ പോറ്റിമാർക്കായിരുന്നു ക്ഷേത്രാധികാരം. കൊല്ലവർഷം 1076-ൽ( എ.ഡി. 1899-1900) ശ്രീമൂലം തിരുനാളിന്റെ കാലത്ത് ക്ഷേത്രം തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു. അളവറ്റസമ്പത്തും പ്രസിദ്ധിയും കണക്കിലെടുത്ത് ക്ഷേത്രത്തിന് ഫസ്റ്റ്ക്ലാസ്സ് പദവിയും നല്കി.[24]

കേരളക്കരയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന് എന്ന ഖ്യാതിയും കവിയൂർ ക്ഷേത്രത്തിനുണ്ട്. ക്രി.വർഷം 1899-1900 കാലഘട്ടത്തിൽ ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്റ് ഏറ്റെടുക്കുമ്പോൾ 9201 പറ നെല്ലും 23,334.75 വരുമാനം പണവും ക്ഷേത്രത്തിനുണ്ടായിരുന്നു.[25] ഇന്നത്തെ കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലെ കരഭൂമിയുടെ സിംഹഭാഗവും തൃക്കവിയൂർ ക്ഷേത്രം വകയായിരുന്നു. അപൂർവ്വവും അമൂല്യവുമായ അനേകം തിരുവാഭരണങ്ങൾ തൃക്കവിയൂരപ്പനുണ്ട്. സ്വർണ്ണപ്രഭാമണ്ഡലം, സ്വർണത്തിൽത്തീർത്ത ആനച്ചമയങ്ങൾ, സ്വർണ്ണക്കുടങ്ങൾ, രത്നമാലകൾ എന്നിവ ഇക്കുട്ടത്തിൽപ്പെടും. പ്രതിദിനം അനേകശതം വിശ്വാസികൾ ദർശനത്തിനെത്തുന്ന ഈ മഹാക്ഷേത്രം തിരുവിതാംകൂർദേവസ്വം ബോർഡിനുകീഴിലുള്ള പ്രധാന സ്പെഷ്യൽ ഗ്രേഡ് ദേവസ്വങ്ങളിലൊന്നാണ്.

ഉത്സവങ്ങൾ

[തിരുത്തുക]

1937ൽ പ്രസിദ്ധീകരിച്ച പതിവനുസരിച്ച് കവിയൂർ മഹാദേവക്ഷേത്രത്തിൽ പതിനെട്ട് ആട്ടവിശേഷങ്ങളുണ്ട്. കാലാന്തരത്തിൽ ഇവയിൽ ചിലതൊക്കെ നിന്നുപോവുകയും പുതിയ ചില ഉത്സവങ്ങൾ നടപ്പിൽ വരികയും ചെയ്തു. ഇപ്പോൾ നിലവിലുള്ള പ്രധാന ഉത്സവങ്ങൾ:-

  • തിരുവുത്സവം : വർഷം തോറും ധനുമാസത്തിലെ (ഡിസംബർ-ജനുവരി) തിരുവാതിരനാളിൽ കൊടിയേറി പത്തുദിവസം നീളുന്ന ഉത്സവം കൊണ്ടാടുന്നു. രണ്ടുമുതൽ ആറുവരെ ഉത്സവദിനങ്ങളിൽ ക്ഷേത്രം വകദേശവഴികളിലേയ്ക്ക് ഊരുവലത്തെഴുന്നള്ളത്ത് നടന്നുവരുന്നു. ഏഴ്, എട്ട്, ഒന്പത് ഉത്സവദിനങ്ങളിൽ അനുഷ്ഠാന പരമായ വേലകളി, കാഴ്ചശ്രീബലി, സേവ എന്നിവ നടക്കുന്നു. കവിയൂരിലെ പള്ളിവേട പ്രസിദ്ധമാണ്. മധ്യതിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്നും അനേകായിരം ആളുകൾ പള്ളിവേട്ടദിനത്തിലെ എഴുന്നള്ളിപ്പുകൾക്ക് സാക്ഷ്യം വഹിക്കാൻ എത്താറുണ്ട്. തനിത്തങ്കത്തിൽത്തീർത്ത നെറ്റിപ്പട്ടങളും ചട്ടങ്ങളും ആണ് അന്ന് എഴുന്നള്ളത്തിനുപയോഗിക്കുക. പത്താം ദിവസം മണിമലയാറ്റിലെ പാറപ്പുഴക്കടവിൽ ആറാട്ടോടെ ഉത്സവം സമാപിക്കും.
  • ഹനുമദ്ജയന്തി : ധനുമാസത്തിലെ മൂലം ദിനത്തിൽ ഹനുമദ് ജയന്തി ആഘോഷിക്കുന്നു. ഏഴുദിവസത്തെ ചടങ്ങുകൾ ഉണ്ട്. ഏഴാം ദിവസം കളഭാഭിഷേകം, പുഷ്പഘോഷയാത്ര, പുഷ്പാഭിഷേകം എന്നീചടങ്ങുകൾ നടക്കും. ആയിരത്തിത്തൊള്ളായിരത്തി അന്പതുകളിലാണ് ഈ ഉത്സവത്തിനു തുടക്കം കുറിച്ചത്.
  • ഉത്രട്ടാതി തിരുന്നാൾ : കൊല്ലവർഷം 1068ൽ ( 1893) പടിഞ്ഞാറേനടയിൽ ശ്രീമൂലരാജേശ്വരിയുടെ പ്രതിഷ്ഠനടന്നതിന്റെ ഓർമ്മയ്ക്കു നടത്തുന്ന ഉത്സവം. ദേവിയുടെ തിരുനാളോടനുബന്ധിച്ച് വിശേഷാൽ പൂജകളും ആനപ്പുറത്തെഴുന്നള്ളത്തും നടക്കും.
  • ശിവരാത്രി : ശിവരാത്രി വളരെ വിപുലമായ അനുഷ്ഠാനങ്ങളോടെ ഇവിടെ ആചരിക്കുന്നു. അർദ്ധയാമപൂജയ്കുശേഷം നടക്കുന്ന വിളക്കിനെഴുന്നള്ളിപ്പിന് ക്ഷേത്രത്തിന്റെ അധീനതയിലുള്ള എട്ടുകരകളുടെ പ്രതിനിധികൾ ചേർന്ന് ദീപക്കാഴ്ചയൊരുക്കും.
  • സഹസ്രകലശം : വർഷംതോറും ഇടവമാസത്തിലെ( മെയ്‌- ജൂൺ) വെളുത്തപക്ഷദ്വാദശിമുതൽ പതിനൊന്നുദിവസം നീളുന്ന ഉത്സവമാണിത്. പത്തുദിവസം കലശാഭിഷേകവും പതിനൊന്നാമത്തെ ദിവസം കളഭാഭിഷേകവും നടക്കുന്നു. ദിവസേനയുള്ള അഭിഷേകങ്ങൾക്കായി ജലം തൊണ്ണൂറ് ചെമ്പുകുടത്തിലും പത്തുവെള്ളിക്കുടത്തിലും ഒരു സ്വർണ്ണക്കുടത്തിലുമായി പൂജിക്കുന്നു. പതിനൊന്നാമത്തെ ദിവസം ഉദയാസ്തമനപൂജയും ആനപ്പുറത്തു ശ്രീബലികളും ഉണ്ട്. കൊല്ലവർഷം 1082- ൽ( 1905) ക്ഷേത്രം വക ഭൂമികളിലെ ആഞ്ഞിലിത്തടികൾ വെട്ടി വിറ്റവകയിൽ ലഭിച്ച 10744 രൂപ ട്രഷറിയിൽ നിക്ഷേപിച്ചതിന്റെ പലിശകൊണ്ട് നടത്തത്തക്ക രീതിയിലാണ് ഈ ഉത്സവം ആരംഭിച്ചത്
  • പന്ത്രണ്ടുകളഭം : ഹനുമാൻസ്വാമിനടയിലെ പന്ത്രണ്ടുകളഭം നടക്കുന്നത് എല്ലാവർഷവും ചിങ്ങമാസം ഒന്നുമുതൽ പന്ത്രണ്ടുവരെ തീയതികളിലാണ്. ഹനുമാൻ സ്വാമി നട പുനരുദ്ധരിച്ചതിന്റെ ഭാഗമായാണ് ഈ ഉത്സവം കൊല്ലവർഷം 1107ൽ ആരംഭിച്ചത്.

വഴിപാടുകൾ

[തിരുത്തുക]

ധാര, മുഴുക്കാപ്പ്, പായസം, അടിമകിടത്തൽ എന്നിവയാണ് ശിവക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. ഹനുമാൻ സ്വാമിയ്ക്ക് അവൽപന്തിരുനാഴിയും വടമാലയുമാണ് മുഖ്യവഴിപാടുകൾ. വടമാലയും അവൽപന്തിരുനാഴിയും മുൻകൂട്ടി ബുക്കുചെയ്യണം.

പ്രധാന ദിവസങ്ങൾ

[തിരുത്തുക]

ശിവന് പ്രധാന ദിവസം - ഞായറാഴ്ച, തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം

ഹനുമാന് - ശനിയാഴ്ച പ്രധാന ദിവസം.

സ്രോതസ്സുകൾ

[തിരുത്തുക]
  1. തൃക്കവിയൂർ. പി.ഉണ്ണികൃഷ്ണൻ നായർ
  2. തിരുവല്ലാ ഗ്രന്ഥവരി.പി.ഉണ്ണികൃഷ്ണൻ നായർ- മഹാത്മാഗാന്ധി സർവകലാശാല
  3. http://www.keralahistory.ac.in/templetradtion.htm Archived 2016-03-05 at the Wayback Machine.
  4. http://www.namboothiri.com/
  5. Devaswoms in Travancore-1949
  6. The Temples of Kerala- S. Jayashankar- Controller of Publications, 1999, Directorate of Census Operations,Kerala
  7. Temple arts of Kerala: a South Indian tradition-Ronald M. Bernier-S. Chand, 1982
  8. An Architectural Survey of Temples of Kerala- H. Sarkar- Archaeological Survey of India,1978
  9. മഹാക്ഷേത്രങ്ങളുടെ മുൻപിൽ - നാലാങ്കൽ കൃഷ്ണപിള്ള - ഡി സി ബുക്സ് , 1997
  10. Living Wood: Sculptural Traditions of Southern India- George Michell (Editor)- South Asia Books/Marg Publications; 1st Ed. edition (December 1992)ISBN-13: 978-8185026176
  11. ക്ഷേത്ര വിജ്ഞാന കോശം- പി. ജി. രാജേന്ദ്രൻ- ഡി സി ബുക്സ് ,2001, ISBN 81-264-0254-7
  12. Rudrakshamala- Aswathi Thirunal Gaouri Lakshmi Bayi-Poorna Publications- ISBN 978-81-300-1547-7
  13. തൃക്കവിയൂർ മഹാക്ഷേത്ര മാഹാത്മ്യം- കെ. അജിത്കുമാർ
  14. തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനുള്ള പുതുക്കിയ പതിവ് പുസ്തകം- തിരുവിതാംകൂർ സർക്കാർ- 1930

അവലംബം

[തിരുത്തുക]
  1. http://travancoredevaswomboard.org/wp-content/uploads/2012/07/Roc.1169.15.Est_.1-dt.-09.02.2015-Grade-Revising-of-Temples-4.pdf[പ്രവർത്തിക്കാത്ത കണ്ണി]
  2. The Temples of Kerala- S. Jayashankar- Controller of Publications, 1999, Directorate of Census Operations,Kerala, Page313-314
  3. Mahakshethrangalude Munnil- Nalankal Krishnapillai- DC Books (December 22, 1997)-ASIN: B007E4WVMA
  4. An Architectural Survey of Temples of Kerala- H. Sarkar- Archaeological Survey of India,1978, pp 166,166
  5. TRAVANCORE ARCHAEOLOGICAL SERIES VOL PART I ,A.S. RAMANATHA AYYAR, GOVERNMENT PRESS, TRIVANDRUM,2010 p.6, 7.
  6. Thiruvalla Grnthavari- P. Unnikrishnan Nair-School of Social Sciences, Mahatma Gandhi University, 1998 Page 48
  7. തൃക്കവിയൂർ- പി. ഉണ്ണികൃഷ്ണൻ നായർ, 2005
  8. തൃക്കവിയൂർ- പി. ഉണ്ണികൃഷ്ണൻ നായർ, 2005
  9. തൃക്കവിയൂർമഹാക്ഷേത്രമാഹാത്മ്യം- കെ. അജിത്കുമാർ 2002
  10. http://www.thehindu.com/todays-paper/tp-features/tp-metroplus/gods-own-architecture/article3196134.ece
  11. .ramukatakam.com/PAGES/WRITING/Architecture in Kerala_Reviews/writing_glimpsesofarchkerala_reviews_06a.html
  12. Living Wood: Sculptural Traditions of Southern India- George Michell (Editor)- South Asia Books/Marg Publications; 1st Ed. edition (December 1992)ISBN 978-8185026176
  13. Temple arts of Kerala: a South Indian tradition-Ronald M. Bernier-S. Chand, 1982
  14. http://www.thehindu.com/todays-paper/tp-features/tp-metroplus/gods-own-architecture/article3196134.ece
  15. .ramukatakam.com/PAGES/WRITING/Architecture in Kerala_Reviews/writing_glimpsesofarchkerala_reviews_06a.html
  16. "Living Wood 1992">Living Wood: Sculptural Traditions of Southern India- George Michell (Editor)- South Asia Books/Marg Publications; 1st Ed. edition (December 1992)ISBN 978-8185026176
  17. Temple arts of Kerala: a South Indian tradition-Ronald M. Bernier-S. Chand, 1982
  18. http://www.frontline.in/static/html/fl2319/stories/20061006000506500.htm
  19. Monumental efforts- interview with George Michell-The Week Vol.13, No.35, 20 August 1995, page 57
  20. An Architectural Survey of Temples of Kerala- H. Sarkar- Archaeological Survey of India,1978, pp 166,166
  21. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-02-20.
  22. http://www.namboothiri.com/
  23. http://www.namboothiri.com
  24. Devaswoms in Travancore-1949
  25. Devaswoms in Travancore-1949