വൈക്കം മഹാദേവക്ഷേത്രം
വൈക്കം മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°15′11″N 76°31′46″E / 9.25306°N 76.52944°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | വൈക്കം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ, ശ്രീ പാർവ്വതി |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, വൈക്കത്തഷ്ടമി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് കരുതുന്നു[1]. പത്തേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ പരമേശ്വരൻ ശ്രീ പാർവതീയോടൊപ്പം ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ മഹാദേവന് "അന്നദാനപ്രഭു" എന്നൊരു പേരുമുണ്ട്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വേമ്പനാട്ട് കായൽ നീണ്ടുനിവർന്നുകിടക്കുന്നു. അവിടെ ഒരു ബോട്ട് ജെട്ടിയുമുണ്ട്. ദിവസവും അവിടെനിന്ന് ബോട്ട് സർവ്വീസുണ്ടാകും. ഗണപതി (മൂന്ന് പ്രതിഷ്ഠകൾ - രണ്ടെണ്ണം നാലമ്പലത്തിനകത്തും ഒന്ന് പുറത്തും), സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, പനച്ചിയ്ക്കൽ ഭഗവതി എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ നവമി ആറാട്ടായുള്ള ഉത്സവവും അതിനിടയിൽ വരുന്ന വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. കൂടാതെ ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി, കുംഭാഷ്ടമിച്ചിറപ്പ്, മണ്ഡലകാലം, വിഷു എന്നിവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]സ്ഥലനാമം
[തിരുത്തുക]ഒരിക്കൽ, ശിവലിംഗത്തിന്റെ അറ്റം കണ്ടെത്തിയതായി അസത്യം പറഞ്ഞ കുറ്റത്തിന് ഭഗവാൻ ശിവൻ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് വെട്ടിമാറ്റി. ഇതെത്തുടർന്ന് ഭഗവാനെ ബ്രഹ്മഹത്യാപാപം ബാധിച്ചു. ഇത് പരിഹരിയ്ക്കാനായി അദ്ദേഹം ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു. പലരും ഭഗവാന് ഭിക്ഷയായി പലതും കൊടുത്തു. എന്നാൽ, തലയോട്ടി നിറഞ്ഞാൽ അത് അപ്പോൾത്തന്നെ അദ്ദേഹം ഭസ്മമാക്കിക്കളഞ്ഞു. അങ്ങനെ, പന്ത്രണ്ടുവർഷം കഴിഞ്ഞു. ഭഗവാൻ ദേവിയോടൊപ്പം ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തി. അപ്പോഴും തലയോട്ടി നിറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ, പതിവിന് വിപരീതമായി ഭഗവാൻ, തലയോട്ടി വയ്ക്കാമെന്ന് പറഞ്ഞു. അങ്ങനെ, 'വയ്ക്കാം' എന്ന പ്രയോഗമാണ് വൈക്കം ആയതെന്ന് വിശ്വസിച്ചുവരുന്നു.
ക്ഷേത്രപ്രതിഷ്ഠയും നിർമ്മാണവും
[തിരുത്തുക]ഖരൻ എന്ന അസുരൻ മുത്തച്ഛനായ മാല്യവാനിൽ നിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്തുപോയി ശിവനെ പ്രീതിപ്പെടുത്താനായി തപസ്സാരംഭിച്ചു. ഭക്തന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ അവന് മൂന്ന് ശിവലിംഗങ്ങൾ സമ്മാനിച്ചു. തുടർന്ന്, ആകാശമാർഗ്ഗേണ യാത്ര ആരംഭിച്ച ഖരൻ ശിവലിംഗങ്ങളുടെ ഭാരം കാരണം അല്പനേരം വിശ്രമിയ്ക്കാനായി വൈക്കത്തെത്തി. തുടർന്ന്, തന്റെ വലതുകയ്യിലെ ശിവലിംഗം അവിടെ ഇറക്കിവച്ച് ഖരൻ വിശ്രമം ആരംഭിച്ചു. ഉണർന്നെഴുന്നേറ്റ് ശിവലിംഗം എടുക്കാൻ നോക്കിയപ്പോൾ അത് എടുക്കാൻ സാധിയ്ക്കുന്നില്ല. താൻ താമസിയ്ക്കാൻ ഏറ്റവും ആഗ്രഹിയ്ക്കുന്ന സ്ഥലമാണതെന്ന് തത്സമയം ശിവഭഗവാന്റെ അശരീരിയും മുഴങ്ങി. തുടർന്ന്, ശിവലിംഗം അവിടെ തപസ്സിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തിയടഞ്ഞു. തുടർന്ന് തന്റെ ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും വായ കൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. ഇന്നും മൂന്ന് ക്ഷേത്രങ്ങളിലും ഉച്ചപ്പൂജയ്ക്ക് മുമ്പ് ദർശനം നടത്തുന്നത് പുണ്യകരമായി വിശ്വസിച്ചുവരുന്നു.
വ്യാഘ്രപാദൻ ശിവലിംഗം പൂജിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു വൃശ്ചികമാസത്തിൽ കറുത്തപക്ഷത്തിലെ അഷ്ടമിദിനത്തിൽ ഏഴരവെളുപ്പിന് ശിവൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകി. ഈ ദിവസമാണ് വൈക്കത്തഷ്ടമിയായി ആചരിച്ചുവരുന്നത്. അഷ്ടമി നാളിൽ ഇവിടെ ദർശനം നടത്തുന്നത് ശിവപാർവതിമാരുടെ അനുഗ്രഹത്തിനും സർവ ഐശ്വര്യത്തിനും ഏറ്റവും ഗുണകരമാണ് എന്നാണ് വിശ്വാസം. ഈ ശിവലിംഗത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് സാക്ഷാൽ പരശുരാമനും തത്സമയം വൈക്കത്തെത്തി. ശിവലിംഗം കണ്ട പാടെ അദ്ദേഹം അതിനുമുന്നിൽ സാഷ്ടാംഗം നമസ്കരിച്ചു. തുടർന്ന്, ദേവശില്പിയായ വിശ്വകർമ്മാവിനെ വിളിച്ചുവരുത്തിയ പരശുരാമൻ ഉടനെത്തന്നെ അദ്ദേഹത്തെക്കൊണ്ട് ഒരു മഹാക്ഷേത്രം പണികഴിപ്പിച്ചു. ആ ക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.
ക്ഷേത്രതന്ത്രം
[തിരുത്തുക]മറ്റൊരു ഐതിഹ്യം ക്ഷേത്രതന്ത്രവുമായി ബന്ധപ്പെട്ടുള്ളത്. നിലവിൽ ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരാണുള്ളത് - ഭദ്രകാളി മറ്റപ്പിള്ളി നമ്പൂതിരിപ്പാടും മേയ്ക്കാട്ട് നമ്പൂതിരിപ്പാടും. ഇവർ യഥാക്രമം ക്ഷേത്രത്തിന് തെക്കും വടക്കുമായി താമസിയ്ക്കുന്നവരായതിനാൽ ഒരുവർഷം ഉത്സവത്തിന് കൊടിമരത്തിൽ തെക്കോട്ട് കൊടിയേറ്റുമ്പോൾ അടുത്തവർഷം വടക്കോട്ടാകും. ഇരുകുടുംബക്കാരും തന്ത്രാധികാരം പങ്കിട്ടെടുത്തതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:
ആദ്യം വൈക്കം ക്ഷേത്രത്തിൽ ഒരു തന്ത്രിയേ ഉണ്ടായിരുന്നുള്ളൂ. വൈക്കത്തിനടുത്തുള്ള മോനാട്ടില്ലത്തിനായിരുന്നു തന്ത്രാധികാരം. അക്കാലത്തൊരിയ്ക്കൽ ക്ഷേത്രത്തിൽ അതിഭയങ്കരമായ ഒരു അഗ്നിബാധയുണ്ടായി. വിവരമറിഞ്ഞ തന്ത്രി ഉടനെത്തന്നെ ഓടിയെത്തി ശ്രീകോവിലിനകത്ത് കയറി ശിവലിംഗം ഒരു തുണികൊണ്ട് മൂടി. താൻ മരിച്ചാലും കുഴപ്പമില്ല, വിഗ്രഹം രക്ഷപ്പെടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വരുണമന്ത്രം ജപിച്ച് തന്ത്രി ശ്രീകോവിലിൽ ശിവലിംഗത്തിനടുത്തുതന്നെ കഴിഞ്ഞു. നാട്ടുകാർ ഓടിയെത്തി തീയണച്ചപ്പോൾ തന്ത്രിയ്ക്ക് ബോധമില്ല. ഉടനെ മുഖത്ത് വെള്ളം തെളിച്ച് അദ്ദേഹത്തെ ഉണർത്തി. പിന്നീട് ശ്രീകോവിലിൽനിന്ന് പുറത്തിറങ്ങിയശേഷം അദ്ദേഹം ശിവലിംഗത്തിലേയ്ക്ക് നോക്കി താൻ തന്ത്രം ഒഴിയുന്നതായി പ്രഖ്യാപിച്ചു. എന്നാൽ അക്കാര്യം വൈക്കത്തപ്പന് ഇഷ്ടമായില്ലെന്നാണ് കഥ. തന്ത്രമൊഴിഞ്ഞതിന്റെ ഫലമായി ആ കുടുംബം അന്യം നിന്നുപോയി. പിന്നീട് തന്ത്രം മേക്കാട്ടില്ലക്കാർക്ക് കിട്ടി. അങ്ങനെയിരിയ്ക്കെ ക്ഷേത്രത്തിൽ കൊട്ടാൻ അവകാശമുള്ള മാരാർ കുടുംബത്തിൽ പുരുഷന്മാർ ആരുമില്ലാതായി. ഗർഭിണിയായ ഒരു മാരസ്യാർ മാത്രം അവശേഷിച്ചു. അവർ ബന്ധുക്കളോട് കാര്യം പറഞ്ഞപ്പോൾ കൊട്ട് തുടരാൻ അവർ പറഞ്ഞു. അങ്ങനെ അവർ ക്ഷേത്രത്തിൽ കടന്ന് തന്ത്രിയോട് അനുവാദം ചോദിച്ചു. തന്ത്രി മാരസ്യാർക്ക് കൊട്ടാനാകുമെന്ന വ്യവസ്ഥയോടെ അനുവാദം കൊടുത്തു. തുടർന്ന് തന്ത്രി ശ്രീഭൂതബലി തൂകാൻ തുടങ്ങി. മാരസ്യാർക്ക് സാക്ഷാൽ നടരാജമൂർത്തിയുടെ ആവേശമുണ്ടായി. അവർ തിമില മുറുക്കിക്കൊട്ടാൻ തുടങ്ങി. തന്ത്രിയ്ക്ക് കണക്കനുസരിച്ച് ബലി തൂകാൻ കഴിയാതെ വന്നു. ഭൂതഗണങ്ങൾ അദ്ദേഹത്തിനുനേരെ വായും പൊളിച്ച് പാഞ്ഞടുത്തു. അദ്ദേഹം നക്ഷത്രമെണ്ണിക്കിടപ്പായി. ആ സമയത്ത് തന്ത്രവിദ്യാകുലപതിയായ ഭദ്രകാളി മറ്റപ്പിള്ളി നമ്പൂതിരിപ്പാട് ക്ഷേത്രത്തിന് പടിഞ്ഞാറുള്ള വേമ്പനാട്ട് കായലിലൂടെ തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. കൊച്ചീരാജാവിനെ കണ്ട് സ്വദേശത്തേയ്ക്ക് മടങ്ങുകയായിരുന്ന അദ്ദേഹം ക്ഷേത്രത്തിൽ നടക്കുന്ന കോലാഹലങ്ങൾ കേട്ട് തോണി കരയ്ക്കടുപ്പിയ്ക്കാൻ തോണിക്കാരനോട് പറഞ്ഞു. തുടർന്ന് പടിഞ്ഞാറേ നടയിലൂടെ അകത്ത് കടന്ന അദ്ദേഹം ഉടനെ മേക്കാട്ട് തന്ത്രിയെ കണ്ടു. ശ്രീഭൂതബലിയുടെ ബുദ്ധിമുട്ടുകൾ മേക്കാടൻ മറ്റപ്പിള്ളിയെ പറഞ്ഞുകേൾപ്പിച്ചു. തന്ത്രം പകുതി തനിയ്ക്കും തരുമോ എന്ന് മറ്റപ്പള്ളി മേക്കാടനോട് ചോദിച്ചു. മേക്കാടൻ സമ്മതിച്ചു. ഉടനെത്തന്നെ മറ്റപ്പള്ളി ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് തറ്റുടുത്ത് വന്ന് മേക്കാടന്റെ കയ്യിൽനിന്ന് ഹവിസ്സ് വാങ്ങി ബലി തൂകാൻ തുടങ്ങുകയും മാരസ്യാരോട് അടച്ചുകൊട്ടാൻ പറയുകയും ചെയ്തു. തുടർന്ന് രണ്ട് തന്ത്രിമാരും കൂടി വിജയകരമായി ബലിതൂകൽ പൂർത്തിയാക്കി. കൂടാതെ മറ്റപ്പിള്ളി തന്റെ പെരുവിരൽ ഒരു പേനാക്കത്തി കൊണ്ട് മുറിച്ച് അതിൽനിന്നുള്ള ചോര ഭൂതഗണങ്ങൾക്ക് കൊടുത്തു. അങ്ങനെ ഒന്നിടവിട്ട വർഷങ്ങളിൽ തന്ത്രം ഭദ്രകാളി മറ്റപ്പിള്ളിയും മേക്കാടനും കൈകാര്യം ചെയ്യാൻ തുടങ്ങി. ഇതിന്റെ പ്രതീകമായി ഒരുവർഷം ഉത്സവത്തിന് കൊടിക്കൂറ തെക്കോട്ടാണ് (ഭദ്രകാളി മറ്റപ്പിള്ളി ഇല്ലത്തിന്റെ സ്ഥാനം) കെട്ടുന്നതെങ്കിൽ അടുത്ത വർഷം വടക്കോട്ടായിരിയ്ക്കും (മേക്കാട്ട് ഇല്ലത്തിന്റെ സ്ഥാനം).
ചരിത്രം
[തിരുത്തുക]വൈക്കം സത്യാഗ്രഹം
[തിരുത്തുക]കേരളീയ നവോത്ഥാനരംഗത്തെ തിളക്കമാർന്ന ഒരു ഏടാണ് 1924 മാർച്ച് 30-ന് തുടങ്ങി ഒരുവർഷത്തിലധികം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം. അവർണർ എന്നുപറഞ്ഞ് ഒതുക്കപ്പെട്ട ഒരു ജനവിഭാഗത്തിന് ക്ഷേത്രപരിസരത്തുകൂടി നടക്കുന്നതിനായി നടന്ന ഈ സമരം, പിന്നീടുവന്ന പല സത്യാഗ്രഹങ്ങൾക്കും മാതൃകയായി. മഹാത്മാഗാന്ധി, മന്നത്ത് പത്മനാഭൻ, ശ്രീനാരായണഗുരു തുടങ്ങി നിരവധി പ്രമുഖർ ഇതിന് പിന്തുണ നൽകുകയുണ്ടായി. അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധേയമായ ഈ സമരത്തിന്റെ പശ്ചാത്തലം ഇപ്രകാരമായിരുന്നു:
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കേരളീയസമൂഹം ഭാരതത്തിലെ മറ്റു സമൂഹങ്ങളിലെപ്പോലെ നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞതായിരുന്നു. തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, തിരണ്ടിക്കുളി തുടങ്ങി വലിയൊരു നിര തന്നെ അതിലുണ്ടായിരുന്നു. സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന അവർണവിഭാഗം ന്യൂനപക്ഷമായ സവർണരുടെ കീഴിൽ ഒതുക്കപ്പെട്ടു. എന്നാൽ, അവർക്കിടയിൽ തന്നെ പല വിഭാഗങ്ങളും തമ്മിൽ ഇത്തരത്തിലുള്ള വിലക്കുകൾ നടത്തിയിരുന്നു എന്നാണ് വിശ്വാസം. ബ്രാഹ്മണരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിൽ അവർണ്ണരായ താഴ്ന്ന ജാതികൾ ആയി കണക്കാക്കപ്പെട്ടിരുന്ന സമുദായങ്ങളിൽ പെട്ടവരെ പ്രവേശിപ്പിയ്ക്കുക പോയിട്ട്, അവയ്ക്കടുത്തുകൂടി നടക്കാൻ പോലും അധികാരമുണ്ടായിരുന്നില്ല. എന്നാൽ, അന്യമതസ്ഥർക്ക് ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുമില്ല. വൈക്കം ക്ഷേത്രത്തിലും ഇതായിരുന്നു അവസ്ഥ. ഈ പ്രതിഭാസത്തിനെതിരെയുള്ള ഒരു പ്രതിഷേധം എന്ന നിലയിലാണ് വൈക്കം സത്യാഗ്രഹം അരങ്ങേറിയത്.
ആദ്യഘട്ടത്തിൽ, വിഭിന്ന ജാതിക്കാരായ മൂന്നുപേരെ ഒരുമിച്ച് പൊതുവഴിയിലൂടെ നടത്തിക്കൊണ്ടുപോകാനാണ് സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ശ്രമിച്ചത്. അതനുസരിച്ച് പുലയനായ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിയ്ക്കരും ഒരുമിച്ച് നടന്നുപോയി. ക്ഷേത്രവഴിയ്ക്കടുത്ത് നിരോധനഫലകം വച്ചിരുന്ന സ്ഥലത്തുനിന്ന് അമ്പതടി ദൂരം വരെ അവർ മുന്നോട്ടുപോകുകയുണ്ടായി. സവർണ്ണനായിരുന്ന ഗോവിന്ദപ്പണിയ്ക്കരെ മുന്നോട്ട് നടന്നുപോകാൻ അനുവദിച്ചപ്പോൾ, കുഞ്ഞാപ്പിയ്ക്കും ബാഹുലേയന്നുമൊപ്പമല്ലാതെ താൻ വരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. തുടർന്നുവന്ന ദിവസങ്ങളിലും ഈ സംഭവങ്ങൾ ആവർത്തിച്ചു. ഇതിനുശേഷം, സവർണ്ണനേതൃത്വവുമായി ഒരു ഒത്തുതീർപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിൽ താത്കാലികമായി സത്യാഗ്രഹം നിർത്തിവയ്ക്കാൻ തീരുമാനിയ്ക്കുകയുണ്ടായെങ്കിലും ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് സത്യാഗ്രഹം പുനരാരംഭിയ്ക്കുകയുണ്ടായി. സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകനായിരുന്ന ടി.കെ. മാധവനും കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന കെ.പി. കേശവമേനോനും ഈയവസരത്തിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. പിന്നീട് ഇവരെ വിട്ടയച്ചു.
പതുക്കെ വൈക്കം സത്യാഗ്രഹം അഖിലേന്ത്യാശ്രദ്ധ പിടിച്ചുപറ്റിത്തുടങ്ങി. മദ്രാസ് പ്രവിശ്യയിൽ നിന്ന് പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കരും പഞ്ചാബിൽ നിന്ന് അകാലികളുമടക്കമുള്ള വലിയൊരു നിര ഈയവസരത്തിൽ സത്യാഗ്രഹവുമായി ചേർന്നുപ്രവർത്തിയ്ക്കാൻ തീരുമാനിച്ചു. പെരിയോർ ഇ.വി. രാമസ്വാമി നായ്ക്കർക്ക് ദേശീയതലത്തിൽ ഒരു താരപരിവേഷം ലഭിയ്ക്കുന്നത് വൈക്കം സത്യാഗ്രഹത്തിൽ നിന്നാണ്. തന്മൂലം, അദ്ദേഹത്തിന് വൈക്കം വീരൻ എന്നൊരു അപരനാമം തന്നെ ലഭിയ്ക്കുകയുണ്ടായി. ഉത്തരേന്ത്യൻ വിഭവമായ ചപ്പാത്തിയെ കേരളീയർക്ക് പരിചയപ്പെടുത്തുന്നത് അകാലികളാണ്. വൈക്കത്ത് അവർ നടത്തിയിരുന്ന സൗജന്യ ഭോജനശാലയിൽ നിന്നാണ്, ഒരുപക്ഷേ ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായി ചപ്പാത്തി വിതരണമുണ്ടാകുന്നത്. എന്നാൽ, ഗാന്ധിജിയടക്കമുള്ള കോൺഗ്രസ്സിലെ പ്രമുഖർ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കേരളത്തിലെ ഹിന്ദുക്കൾക്കിടയിലുള്ള പ്രശ്നങ്ങൾ അവർ തന്നെ പരിഹരിയ്ക്കണമെന്നും പുറത്തുനിന്നുള്ളവരുടെ പിന്തുണ അതിന് ആവശ്യമില്ലെന്നുമായിരുന്നു ഗാന്ധിജിയുടെ നിലപാട്. ഇത് വൻ വിമർശനത്തിനിടയാക്കി.
വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായി 1924 നവംബർ ഒന്നിന് മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാഥ നടക്കുകയുണ്ടായി. തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തുനിന്ന് വൈക്കം വരെ നടത്തിയ ഈ യാത്രയിൽ ആയിരത്തിലധികം യാത്രികർ പങ്കെടുത്തു. ഇടയിൽ ശിവഗിരിയിൽ നിർത്തി ശ്രീനാരായണഗുരുദേവന്റെ അനുഗ്രഹവും വാങ്ങിയാണ് അവർ യാത്ര തുടർന്നത്. അതേദിവസം തന്നെ ശുചീന്ദ്രത്തുനിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ ആയിരം പേരടങ്ങിയ അത്തരം മറ്റൊരു പദയാത്രയും തിരുവനന്തപുരത്തെത്തി. അവിടെ ഒരു പൊതുസമ്മേളനവും നടത്തി. ആ മാസം 13-ന് അപ്പോൾ നാടുവാണിരുന്ന റീജന്റ് റാണി പൂരാടം തിരുനാൾ സേതുലക്ഷ്മിഭായിയ്ക്ക് ഇവരെല്ലാവരും ഒപ്പിട്ട ഒരു പ്രമേയം സമർപ്പിയ്ക്കുകയുണ്ടായി. എൻ.എസ്.എസ്. പ്രസിഡന്റായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു മുഖ്യസംഘാടകൻ. എന്നാൽ, ഇതിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് റീജന്റ് റാണി വിട്ടുനിൽക്കുകയും പകരം ഇത് നിയമനിർമ്മാണസഭയിലേയ്ക്ക് വിടാൻ തീരുമാനിയ്ക്കുകയും ചെയ്തു. അതനുസരിച്ച് 1925 ഫെബ്രുവരി ഏഴിന് നിയമനിർമ്മാണസഭയിൽ പ്രമേയം അവതരിപ്പിച്ചു. 43 അംഗങ്ങൾ ഉൾപ്പെടുന്ന സഭയിൽ അവതരിപ്പിച്ച ബിൽ ഒരു വോട്ടിന് പരാജയപ്പെടുകയുണ്ടായി. അതിൽ നിർണ്ണായകമായ ഒരു വോട്ട് വന്നത് ഒരു പ്രജാസഭാംഗവും ഡോ. പല്പുവിന്റെ സഹോദരനുമായിരുന്ന പരമേശ്വരന്റെ വകയാണ്. രാജകുടുംബത്തിൽ നിന്ന് ചില ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചാണ് പരമേശ്വരൻ ഇങ്ങനെ വോട്ട് ചെയ്തതെന്ന് ചില വാദങ്ങൾ കേൾക്കുന്നു. എന്തായാലും ഈ സംഭവത്തോടെ അദ്ദേഹം പുരോഗമനവാദികൾക്ക് അനഭിമതനായി.
വൈക്കം സത്യാഗ്രഹത്തിൽ ഏറ്റവും ശ്രദ്ധേയമായത് ശ്രീനാരായണഗുരുവിന്റെ സജീവമായ പിന്തുണയാണ്. നിരവധി തവണ അദ്ദേഹം സത്യാഗ്രഹവേദി സന്ദർശിയ്ക്കുകയും സത്യാഗ്രഹികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. എന്നാൽ, ക്ഷേത്രത്തിനകത്തേയ്ക്ക് കടക്കാൻ തന്നെ വേണം സമരം എന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം.
ക്ഷേത്ര നിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]വൈക്കം പട്ടണത്തിന്റെ ഏതാണ്ട് ഒത്ത നടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈക്കം സ്വകാര്യ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ, സബ് ട്രഷറി, കോടതി, ഹോട്ടലുകൾ, ലോഡ്ജുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി ഒരു കിലോമീറ്റർ ചുറ്റളവിലാണ്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ മതിൽക്കകമാണ് ക്ഷേത്രത്തിനുള്ളത്. മതിൽക്കം മുഴുവൻ പുഴമണൽ കൊണ്ട് ഉറപ്പിച്ചിരിയ്ക്കുന്നു. ക്ഷേത്രത്തിനുചുറ്റും ഒരു കോട്ടപോലെ ആനപ്പള്ളമതിൽ പണിതിട്ടുണ്ട്. നാലുഭാഗത്തും ഗോപുരങ്ങൾ പണിതിട്ടുണ്ടെങ്കിലും അവ കാഴ്ചയിൽ ചെറുതും അനാകർഷകങ്ങളുമാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി വേമ്പനാട്ട് കായൽ പരന്നുകിടക്കുന്നു. സാമാന്യം വലുപ്പമുള്ള ഒരു ബോട്ട് ജെട്ടി ഇവിടെ പണിതിട്ടുണ്ട്. ദിവസവും രാവിലെ അഞ്ചുമണി മുതൽ രാത്രി പത്തുമണി വരെ ഇവിടെ ബോട്ട് സർവീസുണ്ടാകും. കായലിനപ്പുറം, ആലപ്പുഴ ജില്ലയിലെ ചേർത്തല പ്രദേശങ്ങളാണ്.
കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ആദ്യമെത്തുന്നത് ഒരു വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിന്റെ വടക്കുഭാഗത്ത് ഒരു അരയാൽമരമുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം ത്രിമൂർത്തിസാന്നിദ്ധ്യമുള്ള പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യമായി കണ്ടുവരുന്നു. ഇതുകൂടാതെ മറ്റൊരു പ്രത്യേകത കൂടി ഈ അരയാലിനുണ്ട്. വ്യാഘ്രപാദമഹർഷി തപസ്സനുഷ്ഠിച്ചതും ഭഗവാൻ പാർവ്വതീസമേതനായി അദ്ദേഹത്തിന് ദർശനം നൽകിയതും ഇവിടെവച്ചാണെന്നാണ് വിശ്വാസം. അതിനാൽ, ഇവിടെ തൊഴുതിട്ടാണ് ഭക്തർ ശിവനെ തൊഴാൻ ചെല്ലുന്നത്. അല്പദൂരം കൂടി നടന്നാൽ, താരതമ്യേന പുതിയ മറ്റൊരു ആനക്കൊട്ടിലിലെത്താം. ക്ഷേത്രത്തിലെ വിവാഹം, ചോറൂൺ, ഭജന, അടിമ കിടത്തൽ, തുലാഭാരം തുടങ്ങിയവയ്ക്ക് ഉപയോഗിയ്ക്കുന്നത് ഈ ആനക്കൊട്ടിലാണ്. ഉത്സവക്കാലത്ത് മേളം നടക്കുന്നതും ഇവിടെയാണ്. ഭീമാകാരമായ കരിങ്കൽത്തൂണുകൾ ഇവിടെ കാണാം. അവയിൽ നിരവധി ദേവരൂപങ്ങളുമുണ്ട്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഉത്തുംഗമായ ഈ കൊടിമരത്തിന് ഏകദേശം അറുന്നൂറടി ഉയരമുണ്ട്. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ദ്വാരപാലകരുമുണ്ട്. ഇവിടെയാണ് പത്തടിയിലധികം ഉയരം വരുന്ന ഭീമാകാരമായ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നത്. ഇതിനടുത്ത് ഒരു കെടാവിളക്കുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കാണാം. ബലിക്കൽപ്പുരയുടെ വടക്കുകിഴക്കുഭാഗത്ത് ഗണപതിപ്രതിഷ്ഠയുമുണ്ട്. 'സ്തംഭഗണപതി' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. സവിശേഷമായ പ്രാധാന്യമാണ് ഈ പ്രതിഷ്ഠയ്ക്കുള്ളത്. വൈക്കത്തപ്പന്റെ ഉപദേവതകളിൽ ഏറ്റവും പ്രാധാന്യമുള്ള ഈ ഗണപതിയെ തൊഴുതശേഷമാണ് ഭക്തർ ശിവദർശനത്തിന് ചെല്ലുന്നത്. ഇതേ തൂണിൽ തന്നെ പാർവ്വതീദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. എന്നാൽ, ഇവ കാണാൻ സാധിയ്ക്കില്ല.
ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ നിരവധി ആൽമരങ്ങൾ കൂടിനിൽക്കുന്ന കാഴ്ച കാണാം. ഇതിനപ്പുറത്ത് മറ്റൊരു ആൽമരത്തിനുകീഴിൽ പനച്ചിയ്ക്കൽ ഭഗവതിയുടെ പ്രതിഷ്ഠയുണ്ട്. മേൽക്കൂരയില്ലാത്ത ഈ തറയിൽ പ്രകൃതിയിൽ ലയിച്ചുവാഴുന്ന ഈ ദേവിയെ ഒരേ സമയം വനദുർഗ്ഗ, ഭദ്രകാളി, യക്ഷി എന്നീ മൂന്ന് രൂപങ്ങളിൽ ആരാധിച്ചുവരുന്നുണ്ട്. ഐതിഹ്യപ്രകാരം അഗസ്ത്യമുനിയുടെ ശാപം കിട്ടിയതുമൂലം യക്ഷിയായ ഒരു ഗന്ധർവ്വകന്യക ഗണപതിയുടെ ഭൂതഗണമായ ത്രിശൂലിയുടെ കുത്തേറ്റുമരിയ്ക്കുകയും തുടർന്ന് മോക്ഷം പ്രാപിച്ച് ഭഗവതിയിൽ ലയിക്കുകയായിരുന്നു. യക്ഷിത്തറയ്ക്കപ്പുറത്ത് മറ്റൊരു ആൽത്തറയിൽ നാഗദൈവങ്ങൾ സാന്നിദ്ധ്യമരുളുന്നു. നാഗരാജാവായി വാസുകിയും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമടങ്ങുന്നതാണ് ഈ കൂട്ടം. ഇവർക്ക് എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയുമുണ്ടാകും. തെക്കേ നടയിൽത്തന്നെയാണ് ക്ഷേത്രം വക ഓഡിറ്റോറിയവും. ഇവിടെ ദിവസവും കലാപരിപാടികളുണ്ടാകാറുണ്ട്. പടിഞ്ഞാറേ നടയിൽ ഒരു അടഞ്ഞ വാതിൽ കാണാം. ക്ഷേത്ര ഊരാണ്മക്കാരായിരുന്ന നമ്പൂതിരിമാരിൽ ഒരാൾ വെറ്റില ചവച്ച് തുപ്പിയപ്പോൾ അയാളെ ഒരു പാമ്പ് കടിയ്ക്കുകയും അയാൽ മരിച്ചുവീഴുകയും തുടർന്ന് വാതിൽ അടയുകയും ചെയ്തുവെന്നാണ് കഥ. വടക്കുപടിഞ്ഞാറുഭാഗത്ത് 'കാളയ്ക്കൽ ക്ഷേത്രം' എന്ന പേരിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. ഭഗവദ്വാഹനമായ നന്തിയാണ് ഇവിടെ പ്രതിഷ്ഠ. 'കാളയ്ക്കൽ വല്യച്ഛൻ' എന്നാണ് ഇവിടത്തെ പ്രതിഷ്ഠ അറിയപ്പെടുന്നത്. ഈഴവരാണ് ഇവിടെ പൂജ നടത്തുന്നത്. എല്ലാ വർഷവും മേടമാസത്തിൽ പത്താമുദയത്തിനാണ് ഇവിടെ ഉത്സവം. വൈക്കത്ത് നടയടച്ചാൽ പിന്നെ ക്ഷേത്രത്തെ കാക്കുന്നത് ഈ ഉഗ്രമൂർത്തിയാണെന്ന് വിശ്വസിച്ചുവരുന്നു.
ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്ക് കാഴ്ചയിൽ പ്രാധാന്യമൊന്നുമില്ലെങ്കിലും ഇവിടെയുള്ള ഗോപുരത്തിന് ഒരു ആനവാതിൽ കൂടുതലുള്ളതായി കാണാം. എല്ലാ വർഷവും വൃശ്ചികമാസത്തിൽ വൈക്കത്തഷ്ടമിനാളിൽ അടുത്തുള്ള ഉദയനാപുരം ക്ഷേത്രത്തിൽ നിന്ന് സുബ്രഹ്മണ്യസ്വാമി പിതാവായ മഹാദേവനെ കാണാൻ വൈക്കത്തെത്തുന്നത് ഇതുവഴിയാണ്. വടക്കേ ഗോപുരത്തിന് തൊട്ടടുത്ത് ഊട്ടുപുര സ്ഥിതിചെയ്യുന്നു. രണ്ടുനിലകളോടുകൂടിയ മനോഹരമായ ഊട്ടുപുരയുടെ ഇരുനിലകളിലും പണ്ടുകാലത്ത് ബ്രാഹ്മണർക്ക് ഊട്ട് നടന്നിരുന്നു. ഇന്ന് മുകളിലെ നിലയിൽ ക്ഷേത്രകലാപീഠം പ്രവർത്തിയ്ക്കുമ്പോൾ താഴത്തെ നിലയിൽ മാത്രം സദ്യ നടക്കുന്നു. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ പ്രധാന വഴിപാടും സദ്യയാണ്. 'പ്രാതൽ' എന്നാണ് ഇതിന്റെ പേര്. ഊട്ടുപുരയ്ക്കപ്പുറത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. രണ്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രക്കുളം, പക്ഷേ 2015 വരെ വൃത്തികേടായിക്കിടക്കുകയായിരുന്നു. പിന്നീട് ദേവസ്വം വൻ ചെലവിലാണ് അത് വൃത്തിയാക്കിയത്. ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ ദേവസ്വം ഓഫീസും വഴിപാട് കൗണ്ടറുകളുമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് വൈക്കം ദേവസ്വം. ദേവസ്വം ബോർഡിന്റെ വൈക്കം ഗ്രൂപ്പിന്റെ ആസ്ഥാനവും ഇവിടെത്തന്നെയാണ്.
ക്ഷേത്രത്തിന്റെ നാലുഭാഗവും ചില ഉപക്ഷേത്രങ്ങളുണ്ട്. വടക്കുംകൂർ മൂകാംബികാക്ഷേത്രം, വൈക്കം ശ്രീകൃഷ്ണ-നവഗ്രഹക്ഷേത്രം, മാടത്തിൽക്കാവ് ഭദ്രകാളിക്ഷേത്രം, വൈക്കം അയ്യപ്പസ്വാമിക്ഷേത്രം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതാണ്. ഇവയ്ക്കൊന്നും ശിവക്ഷേത്രത്തോളം പഴക്കമില്ല. കഷ്ടിച്ച് ഒന്നോ രണ്ടോ നൂറ്റാണ്ടുകളോ അതിലും ചെറിയ സമയമോ മാത്രമേ ആയിക്കാണൂ. എന്നാൽ ഇവിടങ്ങളിലെല്ലാം നിത്യപൂജകളും വഴിപാടുകളുമുണ്ട്.
ശ്രീകോവിൽ
[തിരുത്തുക]സാധാരണ ശ്രീകോവിലിന്റെ മൂന്നിരട്ടി വലിപ്പമുണ്ട് ഇവിടത്തെ വലിയ വട്ടശ്രീകോവിലിന്. കേരളത്തിൽ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണിത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ ശില്പി ഉളിയന്നൂർ പെരുന്തച്ചനാണെന്ന് വിശ്വസിച്ചുവരുന്നു. പിൽക്കാലത്ത്, വടക്കുംകൂർ രാജവംശത്തിന്റെ കാലത്ത് തഞ്ചാവൂരിൽ നിന്നുവന്ന വിശ്വകർമ്മജർ ഇത് പുനർനിർമ്മിയ്ക്കുകയുണ്ടായി. ഏകദേശം 200 അടി ചുറ്റളവുള്ള ഈ ശ്രീകോവിലിന് ഒരുനിലയേയുള്ളൂ. അത് ചെമ്പുമേഞ്ഞിരിയ്ക്കുന്നു. ശ്രീകോവിലിന് മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭയോടെ തലയുയർത്തിനിൽക്കുന്നു. ശ്രീകോവിലിന് രണ്ടുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ ആറാറുപടികളും. 'പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവശംഭോ' എന്ന വരികളിൽ നിന്ന് ഇത് മനസ്സിലാക്കാൻ കഴിയും. ശ്രീകോവിലിലെ രണ്ടാമത്തെ മുറിയായ ഗർഭഗൃഹത്തിൽ രണ്ടടിയോളം പൊക്കമുള്ള പീഠത്തിൽ ആറടിയിലധികം പൊക്കം വരുന്ന അതിഭീമാകാരമായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണിത്. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല തുടങ്ങിയവ കൊണ്ട് ഇതിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കുകയാകും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വൈക്കത്തപ്പൻ ശ്രീലകത്ത് മഹാശിവലിംഗമായി കുടികൊള്ളുന്നു.
ശ്രീകോവിൽ അതിമനോഹരമായ ചുവർച്ചിത്രങ്ങൾ കൊണ്ട് അലംകൃതമാണ്. നടരാജൻ, ദശാവതാരം, ശ്രീദേവീഭൂദേവീസമേതനായ മഹാവിഷ്ണു, അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകുന്ന ശിവൻ - അങ്ങനെ വിവിധതരം ചുവർച്ചിത്രങ്ങൾ ശ്രീകോവിൽച്ചുവരുകളെ അലംകൃതമാക്കിയിട്ടുണ്ട്. ഇവയിൽ ഈയിടെ പുതിയ ചായമിടുകയുണ്ടായി. ശ്രീകോവിലിന്റെ പടിഞ്ഞാറേ നടയിൽ അടഞ്ഞ ഒരു വാതിൽ കാണാം. അവിടെ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല. പകരം വിളക്കുവയ്പ് മാത്രമേയുള്ളൂ. വടക്കുവശത്ത് ഓവ്, വ്യാളീമുഖത്തോടെ മനോഹരമായി നിർമ്മിച്ചിരിയ്ക്കുന്നു. ഭഗവാന് അഭിഷേകം ചെയ്യുന്ന ദ്രവ്യങ്ങൾ ഇതിലൂടെ ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
നാലമ്പലം
[തിരുത്തുക]അതിവിശാലമായ നാലമ്പലമാണ് ഇവിടത്തേത്. ചെമ്പുമേഞ്ഞ് മനോഹരമാക്കിയ നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമായിരിയ്ക്കുന്നു. അകത്തുകടന്നാൽ ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഭക്തർ നാമജപത്തിനും വിശ്രമത്തിനും ഉപയോഗിയ്ക്കുന്ന സ്ഥലങ്ങളാണിവ. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളി പണിതീർത്തിരിയ്ക്കുന്നു. പ്രധാന ശ്രീകോവിലിനോടുചേർന്ന് തെക്കുഭാഗത്ത് ഒരു ചെറിയ ശ്രീകോവിലുണ്ട്. ഗണപതിയാണ് ഈ ശ്രീകോവിലിൽ. പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണ് ഈ ശ്രീകോവിലിലുള്ളത്. ഒന്ന് ബാലഗണപതിയും മറ്റേത് മഹാഗണപതിയുമായി കണക്കാക്കപ്പെടുന്നു. കിഴക്കോട്ടാണ് ദർശനം.
ശ്രീകോവിലിനുചുറ്റും അകത്തെ ബലിവട്ടം പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിര്യതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (ബ്രാഹ്മി/ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി, ചാമുണ്ഡി), വീരഭദ്രൻ, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ, ദുർഗ്ഗാദേവി, ബ്രഹ്മാവ്, അനന്തൻ, നിർമ്മാല്യധാരി (ഇവിടെ ചണ്ഡികേശ്വരൻ) തുടങ്ങിയവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകളിൽ ചവിട്ടുന്നതും തൊട്ട് തലയിൽ വയ്ക്കുന്നതും നിയമവിരുദ്ധമാണ്.
നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറേമൂലയിൽ ഒരു കൂവളമരമുണ്ട്. ശിവന് ഏറ്റവും പ്രിയപ്പെട്ട വൃക്ഷമാണ് കൂവളമെന്ന് വിശ്വസിച്ചുവരുന്നു. കൂവളത്തില കൊണ്ട് ശിവന് പുഷ്പാഞ്ജലി നടത്തുന്നത് വിശേഷമാണ്. ഈ കൂവളമരത്തിലെ ഇലകളാണ് ഭഗവാന് പുഷ്പാഞ്ജലിയ്ക്ക് ഉപയോഗിയ്ക്കാറുള്ളത്. രണ്ട് കൊമ്പുകളോടുകൂടിയ ഈ കൂവളമരം കാലങ്ങളായി ഇങ്ങനെത്തന്നെ നിൽക്കുന്നത് ഒരു അത്ഭുതമാണ്. വടക്കുകിഴക്കേമൂലയിലാണ് വലിയ അടുക്കള. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അന്നദാനത്തിനുള്ള ചേരുവകൾ ഇവിടെയാണ് ഉണ്ടാക്കുന്നത്. വലിയ അടുക്കളയിലെ ചാരമാണ് ഇവിടെ പ്രസാദം. ഇവിടെ ചന്ദനപ്രസാദമില്ല. ഈ ഭസ്മം അപസ്മാരം, ചൊറി, ചിരങ്ങ് തുടങ്ങിയവയ്ക്ക് ഉത്തമമായി കണക്കാക്കപ്പെടുന്നു. തൊട്ടടുത്ത് മാന്യസ്ഥാനം. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് കാണാതെ ഭഗവാനെ തിരക്കിയപ്പോൾ ക്ഷേത്രത്തിലെ സദ്യയ്ക്ക് ബ്രാഹ്മണവേഷത്തിൽ ഭഗവാനും പാർവ്വതീദേവിയുമിരുന്ന് ഭക്ഷണം കഴിയ്ക്കുന്നത് കണ്ടുവത്രേ! അതിനുശേഷമാണ് ഇതിന് ആ പേരുവന്നത്.
നമസ്കാരമണ്ഡപം
[തിരുത്തുക]ശ്രീകോവിലിന്റെ നേരെ മുന്നിലാണ് വലിയ നമസ്കാരമണ്ഡപം. ചെമ്പുമേഞ്ഞ ഈ മണ്ഡപത്തിന് പതിനാറ് കാലുകളുണ്ട്. അവയിൽ ഓരോന്നിലും അതിമനോഹരമായ ദാരുശില്പങ്ങൾ കാണാം. രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ കൃതികളിൽ നിന്നുള്ള രംഗങ്ങളാണ് അവയിലോരോന്നിലും. മണ്ഡപത്തിന്റെ മച്ചിൽ നവഗ്രഹങ്ങളുടെ രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഈ മണ്ഡപത്തിലിരുന്നാണ് വിശേഷദിവസങ്ങളിൽ ബ്രാഹ്മണർ ശ്രീരുദ്രമന്ത്രവും ശിവസഹസ്രനാമവും ജപിയ്ക്കാറുള്ളത്. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലിയ ഒരു നന്ദിപ്രതിമയുണ്ട്. നന്ദിയുടെ ചെവിയിൽ നമ്മുടെ ആഗ്രഹങ്ങൾ പറഞ്ഞാൽ അവ നന്ദി ഭഗവാന്റെയടുത്തുചെന്ന് ബോധിപ്പിയ്ക്കുമെന്നാണ് വിശ്വാസം. അതിനാൽ ധാരാളം ഭക്തർ നന്തിയുടെ ചെവിയിൽ ആഗ്രഹങ്ങൾ പറയാറുണ്ട്. നാലമ്പലത്തിനുപുറത്ത് ഓരോ മൂലയിലെ തറകളിലും നന്ദിപ്രതിമകളുണ്ട്. ഇവയെല്ലാം ഓടുമേഞ്ഞ് സ്വർണ്ണം പൂശിയാണ് നിൽക്കുന്നത്.
പഴമ
[തിരുത്തുക]എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്[2].
പ്രതിഷ്ഠാമൂർത്തി
[തിരുത്തുക]തിരുവൈക്കത്തപ്പൻ (ശിവൻ)
[തിരുത്തുക]വൈക്കം ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. സദാശിവസങ്കല്പത്തിലുള്ളതാണ് ഈ പ്രതിഷ്ഠ. ശാന്തഭാവം നിറഞ്ഞ ഭഗവാൻ ഇവിടെ ശിവലിംഗരൂപത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. അനാദികാലം മുതലുള്ള പൂജകൾ ഏറ്റുവാങ്ങി സംതൃപ്തനായ ഭഗവാൻ ഇവിടെ ഒരു ദിവസം മൂന്ന് ഭാവങ്ങളിൽ ദർശനം നൽകുന്നു - രാവിലെ സകലമുനിഗണങ്ങളാലും വന്ദിതനും പ്രപഞ്ചത്തിന്റെ ആദിഗുരുവുമായ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് അർജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകി ശാന്തനാക്കാൻ അവതരിച്ച കിരാതമൂർത്തിയായും വൈകീട്ട് കൈലാസത്തിലെ രത്നപീഠത്തിൽ വാമാംഗത്തിൽ പാർവ്വതീദേവിയെയും മടിയിൽ ഗണപതിയെയും സുബ്രഹ്മണ്യനെയും മടിയിലിരുത്തി ദർശനം നൽകുന്ന രാജരാജേശ്വരനായും. രാവിലത്തെ ദർശനം കൊണ്ട് വിദ്യാലാഭവും, ഉച്ചയ്ക്കത്തെ ദർശനം കൊണ്ട് ശത്രുനാശവും, വൈകീട്ടത്തെ ദർശനം കൊണ്ട് കുടുംബസൗഖ്യവും ലഭിയ്ക്കുമെന്നാണ് വിശ്വാസം. അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്. അഷ്ടമിപ്പിറ്റേന്ന് നടത്തുന്ന മുക്കുടി നിവേദ്യവും വിശേഷമാണ്. ക്ഷേത്രത്തിൽ നാമമാത്രമായ തോതിൽ വെടിവഴിപാടും നടത്തിവരുന്നുണ്ട്.
ഉപദേവതകൾ
[തിരുത്തുക]ഗണപതി
[തിരുത്തുക]ഭാരതത്തിലെ മിക്ക ക്ഷേത്രങ്ങളിലും മുഖ്യദേവനായോ ഉപദേവനായോ ഗണപതിയ്ക്ക് പ്രതിഷ്ഠകളുണ്ടാകും. ഏതൊരു ശുഭകർമ്മവും നിർവിഘ്നം പര്യവസാനിയ്ക്കാൻ ഗണപതിയെ പ്രീതിപ്പെടുത്തിക്കൊണ്ടാണ് തുടങ്ങുന്നത്. ശിവപാർവ്വതീപുത്രനായ ഗണപതിയ്ക്ക് വൈക്കം ക്ഷേത്രത്തിൽ മൂന്നിടങ്ങളിലായി നാല് പ്രതിഷ്ഠകളുണ്ട്. ഒന്ന് നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിനോട് ചേർന്നുള്ള പ്രത്യേകം ശ്രീകോവിലിൽ. അവിടെ പഞ്ചലോഹനിർമ്മിതമായ രണ്ട് വിഗ്രഹങ്ങളാണുള്ളത് - നാലടി ഉയരം വരുന്ന വലിയ വിഗ്രഹം മഹാഗണപതിയെയും രണ്ടടി ഉയരം വരുന്ന ചെറിയ വിഗ്രഹം ബാലഗണപതിയെയും പ്രതിനിധീകരിയ്ക്കുന്നു. കിഴക്കോട്ടാണ് രണ്ട് പ്രതിഷ്ഠകളുടെയും ദർശനം. ഇതാണ് ഏറ്റവും ആദ്യം വന്ന പ്രതിഷ്ഠകൾ.
അടുത്തത്, ബലിക്കൽപ്പുരയുടെ വടക്കുകിഴക്കുഭാഗത്തുള്ള സ്തംഭഗണപതിയാണ്. ബലിക്കൽപ്പുരയിൽ വടക്കുകിഴക്കായി ഗണപതിയുടെ ഒരു ശിലാവിഗ്രഹം പടിഞ്ഞാട്ട് ദർശനമായി കാണാം. നാലടി ഉയരം വരുന്ന ഈ വിഗ്രഹം സ്വയംഭൂവാണെന്നാണ് വിശ്വാസം. ഇതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്: ഒരിയ്ക്കൽ വൈക്കത്തെ ജനങ്ങൾ ഒരു യക്ഷിയുടെ ഉപദ്രവം കാരണം സഹികെട്ട് വ്യാഘ്രപാദമഹർഷിയെ സമീപിച്ചു. മഹർഷി ഉടനെത്തന്നെ ഗണപതിഭഗവാനെ മനസ്സിൽ ധ്യാനിച്ചു. ഉടനെ പ്രത്യക്ഷപ്പെട്ട ഗണപതി, തന്റെ ഭൂതഗണങ്ങളിലൊരാളായ ത്രിശൂലിയോട് യക്ഷിയെ കൊല്ലാൻ നിർദ്ദേശം നൽകി. തുടർന്ന് ത്രിശൂലി, പേരിനെ അന്വർത്ഥമാക്കും വിധത്തിൽ ആയുധമായ ത്രിശൂലവുമായി വന്ന് യക്ഷിയെ മൂന്ന് കഷ്ണങ്ങളാക്കി മൂന്നുഭാഗങ്ങളിലേയ്ക്കെറിഞ്ഞു. അതിൽ ഒരു ഭാഗം വെെക്കം ക്ഷേത്രത്തിലെ തെക്കേ നടയിലും മറ്റൊരു ഭാഗം വെെക്കം ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള അരിമ്പുകാവ് (തെക്കുംചേരി) എന്ന സ്ഥലത്തും , ഒരു ഭാഗം വെെക്കം ക്ഷേത്രത്തിനു വടക്കുഭാഗത്തുള്ള കൂട്ടുമ്മേൽ (വടക്കുംചേരി ) എന്ന സ്ഥലത്തും ചെന്നു വീണു. ഈ മൂന്നു സ്ഥലങ്ങളിലും ക്ഷേത്രങ്ങൾ ഉണ്ടായി. പനച്ചിക്കൽ ഭഗവതിക്ഷേത്രം, തെക്കുംചേരി അരിമ്പുകാവ് ഭഗവതിക്ഷേത്രം , വടക്കുംചേരി കൂട്ടുമ്മേൽ ഭഗവതി ക്ഷേത്രം എന്നിവയാണ് ആ മൂന്നു ക്ഷേത്രങ്ങൾ. വ്യാഘ്രപാദമഹർഷിയുടെ അഭ്യർത്ഥനപ്രകാരം ഗണപതി ബലിക്കൽപ്പുരയിൽ കുടിയിരുന്നു.
അടുത്തത് ക്ഷേത്രത്തിലെ ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിലാണ്. ശ്രീകൃഷ്ണപ്രതിഷ്ഠയ്ക്ക് സമീപം തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് ഈ ഗണപതി പ്രതിഷ്ഠ. ഈ ഉപക്ഷേത്രത്തോളം പഴക്കമേയുള്ളൂ ഈ പ്രതിഷ്ഠയ്ക്കും. വിഘ്നേശ്വരപ്രീതിയ്ക്കായി ദിവസവും ക്ഷേത്രത്തിൽ ഗണപതിഹോമം നടത്തിവരുന്നുണ്ട്. കൂടാതെ ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്.
പനച്ചിയ്ക്കൽ ഭഗവതി
[തിരുത്തുക]ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ശ്രീകോവിലില്ലാതെ ഒരു തറയിലാണ് പനച്ചിയ്ക്കൽ ഭഗവതിയുടെ പ്രതിഷ്ഠ. മേൽക്കൂരയില്ലാതെ കുടികൊള്ളുന്നതിനാൽ വനദുർഗ്ഗയാണെന്ന് പറയപ്പെടുന്നു. എന്നാൽ ശ്രീ ഭദ്രകാളി ഭാവവും ഭഗവതിയ്ക്കുണ്ട്. ഗണപതിയുടെ ഭൂതഗണങ്ങളിലൊരാളായ ത്രിശൂലി കൊലപ്പെടുത്തിയ യക്ഷിയുടെ അവശിഷ്ടങ്ങളിൽ തല വന്നുവീണ ഭാഗത്താണ് ഈ പ്രതിഷ്ഠയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഭഗവതിയ്ക്ക് ദിവസവും വിളക്കുവയ്പും നിവേദ്യവുമുണ്ട്.
നാഗദൈവങ്ങൾ
[തിരുത്തുക]പനച്ചിയ്ക്കൽ ഭഗവതിയുടെ തറയ്ക്ക് തൊട്ടുപുറകിലാണ് നാഗത്തറ. ഇവിടെ നാഗരാജാവായി വാസുകിയും നാഗയക്ഷിയുമാണ് പ്രധാനം. കൂടാതെ വേറെയും ഒരുപാട് നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നാഗദൈവങ്ങൾക്ക് ദിവസവും നൂറും പാലും നേദിയ്ക്കാറുണ്ട്. കൂടാതെ സർപ്പം പാട്ട്, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും പ്രധാനമാണ്.
ക്ഷേത്രത്തിലെ പ്രത്യേകതകൾ
[തിരുത്തുക]ഘട്ടിയം ചൊല്ലൽ
[തിരുത്തുക]വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലിബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊൻപതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്.[അവലംബം ആവശ്യമാണ്]
അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ
[തിരുത്തുക]കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്.[3] [4] വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികൾക്ക് മാത്രമേ ഇത്തരമൊരു അപൂർവ രചന ചെയ്യാൻ കഴിയുകയുള്ളു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയിൽ വർത്തുളാകൃതിയിലും ആണ് പെരുന്തച്ചൻ പണിതിരിക്കുന്നത്. [അവലംബം ആവശ്യമാണ്]വൈക്കത്തെ ശിവൻ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.
നിത്യപൂജകൾ
[തിരുത്തുക]നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം. കാലത്ത് മൂന്നുമണിയോടെ നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനം. നിർമ്മാല്യം തൊഴുന്നത് അതിവിശിഷ്ടമായി കണക്കാക്കപ്പെടുന്നു. അതിനുശേഷം ശിവലിംഗത്തിലെ അലങ്കാരങ്ങളൊക്കെ മാറ്റുന്നു. തുടർന്ന് ശംഖാഭിഷേകം. ക്ഷേത്രക്കുളത്തിലെ ജലം വലമ്പിരി ശംഖിൽ നിറച്ച് മന്ത്രപുരസ്സരം അഭിഷേകം ചെയ്യുന്ന ചടങ്ങാണിത്. ശംഖാഭിഷേകത്തിനുശേഷം ശിവലിംഗം ഭസ്മം, രുദ്രാക്ഷമാല, കൂവളമാല, തുമ്പപ്പൂമാല, ചന്ദ്രക്കലകൾ, ത്രിനേത്രങ്ങൾ തുടങ്ങിയവകൊണ്ട് അലങ്കരിച്ച് മനോഹരമാക്കുന്നു. പിന്നെ മലർ നിവേദ്യം. അതിനുശേഷം നാലുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. സൂര്യോദയസമയത്ത് എതിരേറ്റുപൂജയും തുടർന്ന് ശിവന്റെ തിടമ്പ് എഴുന്നള്ളിച്ചുകൊണ്ട് എതിരേറ്റുശീവേലിയും നടത്തുന്നു. ശീവേലി കഴിഞ്ഞാൽ നവകാഭിഷേകവും പലതരം ധാരകളും നടത്തും. എട്ടുമണിയ്ക്ക് പന്തീരടിപൂജ. നിഴലിന് പന്ത്രണ്ടടി നീളമുള്ളപ്പോൾ നടത്തുന്ന പൂജയായതുകൊണ്ടാണ് ഈ പേരുവന്നത്. പിന്നീട് പതിനൊന്നുമണിയ്ക്ക് ഉച്ചപൂജ തുടങ്ങുന്നു. അതിനോടനുബന്ധിച്ച് ശതകലശമുണ്ട്. ഉച്ചപൂജയ്ക്കുശേഷം ഉച്ചശീവേലി. രാവിലത്തെ ശീവേലിയ്ക്കുള്ള അതേ ചടങ്ങുകളാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നട തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പണ്ട് ഇവിടത്തെ പരദേശബ്രാഹ്മണരുടെ വകയായി 'സന്ധ്യവേല' എന്നൊരു ചടങ്ങ് മുമ്പ് എല്ലാ ദിവസവും ദീപാരാധനാസമയത്ത് ഉണ്ടായിരുന്നു. ഇന്ന് അത് വിശേഷദിവസങ്ങളിൽ മാത്രമായി ഒതുങ്ങി. ദീപാരാധന കഴിഞ്ഞാൽ രാത്രി എട്ടുമണിയ്ക്ക് അത്താഴപൂജയും എട്ടരയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നടയടയ്ക്കുന്നു.
ക്ഷേത്രത്തിൽ സാധാരണദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ വിവരിച്ചവ. വിശേഷദിവസങ്ങളിൽ (ഉദാ: വൈക്കത്തഷ്ടമി മഹോത്സവം, ശിവരാത്രി, തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര (വിശേഷിച്ച് ധനുമാസത്തിൽ), ഉദയാസ്തമനപൂജ, സഹസ്രകലശം) പൂജകൾക്ക് മാറ്റം വരും. ഈ ദിവസങ്ങളിൽ ഋഷഭവാഹനത്തിലേറ്റിയാണ് അത്താഴശീവേലി നടത്തുന്നത്.
ക്ഷേത്രത്തിൽ ഭദ്രകാളി മറ്റപ്പിള്ളി, മേക്കാട്ട് എന്നീ കുടുംബങ്ങളിൽ നിന്നായി രണ്ട് തന്ത്രിമാരുണ്ട്. ആദ്യം വൈക്കത്തുതന്നെയുണ്ടായിരുന്ന മോനാട്ട് ഇല്ലത്തിനായിരുന്ന തന്ത്രാധികാരം, പിന്നീട് അവിടത്തെ ഒരു നമ്പൂതിരി ഒഴിഞ്ഞതിനെത്തുടർന്നുണ്ടായ ചില അനർത്ഥങ്ങൾ മൂലം ആ കുടുംബം തന്നെ അന്യം നിന്നുപോയപ്പോൾ മേക്കാട്ടിന് ലഭിയ്ക്കുകയും, പിന്നീട് രസകരമായ ഒരു സംഭവം വഴി ഭദ്രകാളി മറ്റപ്പിള്ളിയ്ക്ക് പകുതി തന്ത്രം കൊടുക്കുകയും ചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെ മേൽശാന്തി അവകാശം തരണി ഇല്ലത്തിനാണ്. വൈക്കം ക്ഷേത്രത്തിലെ ശാന്തിയ്ക്കായി കടത്തുനാട്ടുനിന്ന് കുടിയേറിവന്ന ഒരു ബ്രാഹ്മണകുടുംബമാണിത്. ആദ്യം ചോഴമംഗലത്തില്ലത്തുനിന്നായിരുന്നു മേൽശാന്തി. പിന്നീട് ആറങ്ങോട്ടില്ലത്തിനായി. ഈ രണ്ടില്ലങ്ങളും അന്യം നിന്നുപോയപ്പോഴാണ് തരണി ഇല്ലം മേൽശാന്തിമാരായത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് മേൽശാന്തിമഠം. തരണി ഇല്ലത്തിനൊപ്പം കടത്തനാട്ടുനിന്ന് കുടിയേറിവന്ന മറ്റ് പത്ത് ബ്രാഹ്മണകുടുംബങ്ങൾ കീഴ്ശാന്തിപ്പണി ചെയ്യുന്നു.
ആട്ടവിശേഷങ്ങൾ
[തിരുത്തുക]വൈക്കത്തഷ്ടമി മഹോത്സവം
[തിരുത്തുക]ക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമി മഹോത്സവമാണ്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിയേറ്റവും ആറാട്ടും നോക്കിയല്ല ഉത്സവം നടത്തുന്നത്. മൊത്തം പതിമൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ പന്ത്രണ്ടാം നാൾ അഷ്ടമി വരുന്ന വിധത്തിലാണ് ഉത്സവം. അതോടെ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നു. മുളയിടലും കലശാഭിഷേകവും വഴി തുടങ്ങുന്ന ഉത്സവം അങ്കുരാദിയാണ്. തുടർന്ന് സന്ധ്യയ്ക്ക് കൊടിയേറ്റം നടക്കുന്നു. കൊടിയേറിക്കഴിഞ്ഞാൽ പതിമൂന്ന് ദിവസം ഗംഭീരൻ ആഘോഷപരിപാടികളുണ്ട്. രോഹിണിദിവസം സന്ധ്യയ്ക്കാണ് അതിവിശേഷമായ കൂടിപ്പൂജ. വൈക്കത്തപ്പന്റെ പുത്രനായ ഉദയനാപുരത്തപ്പൻ (സുബ്രഹ്മണ്യൻ), ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന കുളത്തിൽ ആറാട്ടുകഴിഞ്ഞ് തിരിച്ച് ക്ഷേത്രത്തിലേയ്ക്കുപോകുന്ന വഴിയ്ക്കുവച്ച് പിതാവിനെ കാണാൻ വൈക്കത്തെത്തും. തുടർന്ന് ഇരുവരുടെയും ബിംബങ്ങൾ അടുത്തുവച്ച് ശ്രീകോവിൽ നടയടച്ച് പൂജ തുടങ്ങുന്നു. ആ സമയത്ത് ശിവൻ, പാർവ്വതീഗണപതീസുബ്രഹ്മണ്യസമേതനായി കൈലാസത്തിൽ അമരുന്നു എന്നാണ് വിശ്വാസം. കൂടിപ്പൂജയുടെ മന്ത്രങ്ങൾ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മാത്രമേ അറിയൂ.
ഉത്സവത്തിന്റെ പന്ത്രണ്ടാം ദിവസമാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്ന് പതിവിലും ഒരുമണിക്കൂർ നേരത്തേ നട തുറക്കും. അഷ്ടമിനാളിലെ മഹാനിർമ്മാല്യ ദർശനത്തിന് വൻ ഭക്തജനത്തിരക്കായിരിയ്ക്കും. പുലർച്ചെ 4.30 മുതൽ തന്നെ ദർശനം ആരംഭിയ്ക്കും. അഷ്ടമി ദിവസം ദർശനം നടത്തിയാൽ ദുഃഖങ്ങൾ അകന്ന് അഭീഷ്ടസിദ്ധിയും വിജയവും ലഭിക്കും എന്നാണ് വിശ്വാസം. വൈക്കം മഹാദേവന്റെ മാത്രമല്ല സുബ്രഹ്മണ്യ പ്രീതിയും അഷ്ടമി ദർശനത്തിലൂടെ ലഭിക്കുന്നു എന്ന് സങ്കല്പം. അന്ന് ക്ഷേത്രത്തിൽ നിവേദ്യങ്ങളില്ല. പുത്രനായ സുബ്രഹ്മണ്യന്റെ വിജയത്തിനായി ഭഗവാൻ ശിവൻ ഉപവാസമനുഷ്ഠിയ്ക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ ഭക്തജനങ്ങൾക്ക് ഗംഭീര സദ്യയുണ്ടായിരിയ്ക്കും. താനൊഴികെ മറ്റാരും അന്ന് പട്ടിണി കിടക്കരുത് എന്ന് ഭഗവാന് നിർബന്ധമാണത്രേ. ക്ഷേത്രത്തിലെ വടക്കേ ഗോപുരം അന്നുമാത്രമേ തുറക്കൂ. അതിലൂടെ വൈകീട്ട് ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തുമുണ്ട്. ഭീകരന്മാരായ താരകാസുരനെയും സിംഹമുഖനെയും ശൂരപത്മനെയും കൊലപ്പെടുത്തിയശേഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തുന്ന സുബ്രഹ്മണ്യനെ മഹാദേവൻ കിഴക്കേ ആനക്കൊട്ടിലിലേയ്ക്ക് കൊണ്ടുപോകുന്നു. തുടർന്ന് വലിയ കാണിയ്ക്ക. ആദ്യം വരുന്നത് കറുകയിൽ കൈമളാണ്. തുടർന്ന് ഭക്തരും ദേവസ്വം അധികൃതരുമെല്ലാം കാണിയ്ക്കയിടുന്നു. വൈക്കത്തിനടുത്ത് താമസിയ്ക്കുന്ന ഭക്തർ, അഷ്ടമിദിവസം ക്ഷേത്രത്തിൽ വന്ന് തൊഴുതില്ലെങ്കിൽ അത് അപകടകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കാണിക്കയിട്ടു കഴിഞ്ഞാൽ വെടിക്കെട്ടാണ്. ആകാശത്ത് വിരിയുന്ന വർണ്ണവിസ്മയം ആയിരങ്ങളെ അത്ഭുതത്തിലാഴ്ത്തും. പിന്നീട് വേദനാജനകമായ 'കൂടിപ്പിരിയൽ' എന്ന ചടങ്ങാണ്. ശിവന്റെയും സുബ്രഹ്മണ്യന്റെയും തിടമ്പുകളേന്തിയ ആനകൾ വേദനാജനകമായ പല ശബ്ദങ്ങളുമുയർത്തും. വാദ്യോപകരണങ്ങളെല്ലാം നിർത്തി, വിളക്കണച്ച് തികച്ചും മൗനത്തോടെ സുബ്രഹ്മണ്യൻ ഉദയനാപുരത്തേയ്ക്കും ശിവൻ ശ്രീകോവിലിലേയ്ക്കും തിരിച്ചുപോകുന്നു. ജഗദീശ്വരനായിട്ടും, സ്വന്തം പുത്രന്റെ വേർപാടോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. ആ സമയം, ദുഃഖകണ്ഠാരം എന്നൊരു രാഗം നാദസ്വരത്തിൽ വായിയ്ക്കുന്നുണ്ടാകും. ഇത് വളരെ വലിയൊരു പ്രത്യേകതയാണ്. പിറ്റേ ദിവസമാണ് ക്ഷേത്രത്തിൽ ആറാട്ട്. അതിന് വലിയ പ്രാധാന്യമൊന്നുമില്ല. ഉദയനാപുരം ക്ഷേത്രക്കുളത്തിലാണ് ആറാട്ട്. ആറാട്ടിനുശേഷം ഉദയനാപുരത്തപ്പന്റെ ശ്രീകോവിലിൽ വച്ചും കൂടിപ്പൂജയുണ്ടാകും. കഴിഞ്ഞുവരുന്ന ശ്രീ പരമേശ്വരന്റെ ക്ഷീണം മാറ്റാനായി വെള്ളാട്ട് മൂസ്സിന്റെ വക മുക്കുടി നിവേദ്യവും അന്നുണ്ടാകും.
മലയാളസിനിമാസംഗീതകുലപതിയും വൈക്കത്തപ്പന്റെ പരമഭക്തനുമായിരുന്ന വി. ദക്ഷിണാമൂർത്തി സ്വാമിയുടെ ഓർമ്മയ്ക്കായി 2013-ൽ ആരംഭിച്ച 'ദക്ഷിണാമൂർത്തി സംഗീതോത്സവം' ചുരുങ്ങിയകാലം കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വൈക്കത്തഷ്ടമി മഹോത്സവത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയിലാണ് ഇതും നടത്തുന്നത്. 13 ദിവസമാണ് മൊത്തം സംഗീതോത്സവവും.
വടക്കുപുറത്തു പാട്ട്
[തിരുത്തുക]ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന വിശേഷാൽ ചടങ്ങാണിത്. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠകളില്ലെങ്കിലും (പനച്ചിയ്ക്കൽ ഭഗവതിയൊഴികെ) ഭദ്രകാളിപ്രീതിയ്ക്കായി നടത്തിവരുന്ന ഒരു ആചാരമാണിത്. ആദിപരാശക്തിയുടെ അഭാവത്തിൽ ശിവൻ പ്രവർത്തന രഹിതനാകാതിരിയ്ക്കാനാണ് ഈ ചടങ്ങെന്നാണ് വിശ്വാസം, അതായത് ശിവശക്തിസംയോഗം. കൊടുങ്ങല്ലൂരമ്മയെ സങ്കല്പിച്ചാണ് കളം. വൈക്കം ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്ന് ഭഗവതി വൈക്കത്ത് വരുന്നു എന്നാണ് വിശ്വാസം. പന്ത്രണ്ട് ദിവസം കളമെഴുത്തിപ്പാട്ടും പതിമൂന്നാം ദിവസം ഗുരുസിയും നടത്തുന്നു. ദാരികവധം പാട്ടാണ് ഈ സമയത്ത് പാടുന്നത്. ദാരികന്റെ ജനനം, ശിവനേത്രത്തിൽ നിന്നുള്ള ശ്രീ ഭദ്രകാളിയുടെ അവതാരത്തിൽ തുടങ്ങി ദാരികവധം വരെ ഇതിൽ ഉൾക്കൊള്ളുന്നു. ആദ്യത്തെ നാലുദിവസം എട്ടുകൈകളുള്ള ഭഗവതിയുടെ കളമാണ് വരയ്ക്കുക. പിന്നീട് അത് പതിനാറും, മുപ്പത്തിരണ്ടും ഒടുവിൽ അറുപത്തിനാലുമായി മാറും. അതിഭയങ്കരമായ ഭദ്രകാളിയുടെ ഈ വിശ്വരൂപത്തെ ദർശിച്ചാണ് വാഹനസൗകര്യമില്ലാതിരുന്ന പണ്ടുകാലത്ത് വൈക്കത്തെ ഭക്തർ കൊടുങ്ങല്ലൂരമ്മയെ തൊഴുത ഫലം അനുഭവിച്ചിരുന്നത്. ഏറ്റവും അവസാനമായി വടക്കുപുറത്തുപാട്ട് നടത്തിയത് 2013-ലാണ്. പണ്ട് ഇതുപോലെ തെക്കുപുറത്ത് പാട്ടുമുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ അത് നിന്നുപോയി. വടക്കുംകൂർ രാജ്യത്തിന്റെ നാശത്തിനുവേണ്ടി ചെയ്തതാണത്രേ ഇത്.
ശിവരാത്രി
[തിരുത്തുക]കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രധാന ഉത്സവമാണിത്. കാളകൂടം കുടിച്ച് അപകടാവസ്ഥയിലായ ശിവനുവേണ്ടി ദേവകൾ ഉണർന്നിരുന്ന ദിവസമായും 'ആരാടാ വലിയവൻ?' എന്നുചോദിച്ച് വഴക്കിടുന്ന ബ്രഹ്മാവിനും വിഷ്ണുവിനും മുമ്പിൽ ശിവൻ ലിംഗരൂപത്തിൽ പ്രത്യക്ഷപ്പെട്ട ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ശിവരാത്രിദിവസം വൈക്കം ക്ഷേത്രനട ഒരുമണിക്കൂർ നേരത്തെ തുറന്ന് നിർമ്മാല്യം നടത്തും. അന്ന് ക്ഷേത്രത്തിൽ മുടങ്ങാതെ അഭിഷേകം നടത്തും. അഭിഷേകദ്രവ്യങ്ങൾ കാവടികളിൽ കൊണ്ടുവന്നാണ് ശിവരാത്രിനാളിലെ അഭിഷേകം. കൂടാതെ അന്ന് ഭക്തർക്ക് വിശേഷാൽ അന്നദാനവുമുണ്ടാകും (വ്രതമനുഷ്ഠിയ്ക്കാത്ത ഭക്തർക്ക് മാത്രം). ശിവരാത്രിയോടനുബന്ധിച്ച് വിശേഷാൽ കലാപരിപാടികൾ, ത്രിവേദലക്ഷാർച്ചന, വെടിക്കെട്ട് തുടങ്ങിയവയുമുണ്ട്. അന്ന് രാത്രി നടയടയ്ക്കില്ല. മറിച്ച് രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ പൂജയും കലശാഭിഷേകവുമുണ്ടാകും. ഇത് കണ്ടുതൊഴാൻ ഭക്തർ ഉറക്കമൊഴിച്ച് ക്ഷേത്രത്തിൽ തങ്ങാറുണ്ട്. പതിനെട്ട് പൂജകളാണ് ശിവരാത്രിനാളിൽ വൈക്കത്ത് മൊത്തമുള്ളത്.
തിരുവാതിര
[തിരുത്തുക]ധനുമാസത്തിലെ തിരുവാതിര, ശിവന്റെ പിറന്നാളായി കണക്കാക്കപ്പെടുന്നു. ശിവന്റെയും പാർവ്വതിയുടെയും വിവാഹദിവസമാണെന്നും ഐതിഹ്യമുണ്ട്. ശിവക്ഷേത്രങ്ങളിലെ മറ്റൊരു വിശേഷദിവസമാണിത്. പണ്ടുകാലത്ത് രേവതി മുതൽ തിരുവാതിര വരെ നീണ്ടുനിന്നിരുന്ന ഈ ആഘോഷം കേരളത്തിലെ സ്ത്രീകൾ ഗംഭീരമായി ആഘോഷിച്ചിരുന്നു. വൈക്കം ക്ഷേത്രത്തിൽ തിരുവാതിര ദിവസം വിശേഷാൽ പൂജകളുണ്ടാകും. ശിവന് അന്ന് ഭസ്മാഭിഷേകമാണ് പ്രധാനം. പഴയ ചിട്ടയിലല്ലെങ്കിലും തിരുവാതിരവ്രതം അനുഷ്ഠിയ്ക്കുന്ന ഭക്തർ ഇന്നുമുണ്ട്. അവർ ഈ ദിവസം ക്ഷേത്രദർശനം നടത്തുന്നു. അന്ന് സ്ത്രീകളുടെ തിരുവാതിരക്കളിയുമുണ്ടാകും.
കുംഭാഷ്ടമി ചിറപ്പ്
[തിരുത്തുക]കുംഭമാസത്തിലെ കറുത്ത അഷ്ടമിയും വൈക്കത്ത് ആഘോഷിയ്ക്കുന്നുണ്ട്. അന്നത്തെയും പ്രധാന ആഘോഷം ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്താണ്. വൈകീട്ട് നാലുമണിയോടുകൂടി ക്ഷേത്രത്തിലെത്തുന്ന ഉദയനാപുരത്തപ്പൻ, പിതാവായ വൈക്കത്തപ്പനൊപ്പം പാട്ടം പിരിയ്ക്കാൻ പോകുന്നു എന്നാണ് സങ്കല്പം. കിഴക്കേ ഗോപുരത്തിലൂടെ ഇറങ്ങിപ്പോകുന്ന ശിവനും സുബ്രഹ്മണ്യനും തുടർന്ന് ക്ഷേത്രത്തിന് കിഴക്കുള്ള കള്ളാട്ടുശേരി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് എഴുന്നള്ളുന്നു. പിറ്റേന്ന് പുലർച്ചെയും കൂടിപ്പിരിയലുണ്ട്. ഇങ്ങനെ പല കാര്യങ്ങളിലും സാമ്യമുണ്ടെങ്കിലും, വൃശ്ചികാഷ്ടമിയ്ക്കുള്ള കോലാഹലങ്ങളൊന്നും തന്നെ കുംഭാഷ്ടമിയ്ക്കില്ല.
വിനായക ചതുർത്ഥി
[തിരുത്തുക]ചിങ്ങമാസത്തിലെ വെളുത്ത ചതുർത്ഥിദിവസമാണ് വിനായക ചതുർത്ഥി ആഘോഷിയ്ക്കുന്നത്. ഗണപതിപ്രീതികരമായ ഒരു ആഘോഷമാണിത്. വൈക്കത്തെ ഗണപതിപ്രതിഷ്ഠകൾക്ക് അന്ന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ഇതിനോടനുബന്ധിച്ച് 1008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗജപൂജയും ആനയൂട്ടും നടത്തുന്നു. വിനായക ചതുർത്ഥിയോടനുബന്ധിച്ച് വൈക്കത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗണപതിപൂജയുണ്ടാകും. വിനായക ചതുർത്ഥിയ്ക്ക് ഒരാഴ്ച മുമ്പുതന്നെ ഗണപതി വിഗ്രഹങ്ങൾ പൂജിയ്ക്കാൻ തുടങ്ങുന്നു. വിനായക ചതുർത്ഥിനാളിൽ വിഗ്രഹങ്ങൾ പൂജയ്ക്കുശേഷം ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുന്നു. അന്ന് ചന്ദ്രദർശനം പാടില്ല.
ഓണാഘോഷങ്ങൾ
[തിരുത്തുക]ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങി തിരുവോണം നാൾ വരെ നീണ്ടുനിൽക്കുന്ന പത്ത് ദിവസങ്ങളിലാണ് ഓണം ആഘോഷിയ്ക്കുന്നത്. കേരളത്തിലെ വിളവെടുപ്പ് ഉത്സവമായിരുന്നു ഒരുകാലത്ത് ഓണം. ഇപ്പോൾ കൃഷിയൊക്കെ പോയെങ്കിലും ഓണത്തിന്റെ പ്രൗഢിയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. വൈക്കം ക്ഷേത്രത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പത്ത് ദിവസവും ഓണപ്പൂക്കളമിടുന്നു. ഉത്രാടത്തിനും തിരുവോണത്തിനും ഭക്തർക്ക് വിശേഷാൽ ഓണസദ്യ നൽകുന്നു. ഓണത്തിനും വലിയ കലാപരിപാടികളുണ്ടാകും.
വിഷു
[തിരുത്തുക]മേടമാസത്തിലെ ആദ്യദിവസമാണ് വിഷു ആഘോഷിയ്ക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ വിളവിറക്കൽ ഉത്സവമായിരുന്നു വിഷു. ഇപ്പോൾ കൃഷിയൊക്കെ പോയെങ്കിലും വിഷുവിന്റെ പ്രൗഢിയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. വൈക്കത്ത് വിഷുദിവസം രാവിലെ ഒരുമണിക്കൂർ നേരത്തെ നടതുറക്കും. താലത്തിൽ അഷ്ടമംഗല്യം, കണിക്കൊന്ന തുടങ്ങിയവ അലങ്കരിച്ച് മണ്ഡപത്തിൽ വച്ചശേഷം ആദ്യം ഭഗവാനെ കണികാണിയ്ക്കുന്നു. തുടർന്ന് കണ്ണുപൊത്തി കടന്നുവരുന്ന ഭക്തർ ശിവലിംഗം കണികണ്ട് നിർവൃതി നേടുന്നു. ആദ്യം ക്ഷേത്രദർശനം കഴിഞ്ഞുവരുന്ന ഭക്തർക്ക് മേൽശാന്തി വിഷുക്കൈനീട്ടം നൽകുന്നു. വിഷുവിനോടനുബന്ധിച്ചും വിശേഷാൽ സദ്യയും കലാപരിപാടികളുമുണ്ടാകും.
മണ്ഡലകാലം
[തിരുത്തുക]വൃശ്ചികം 1 മുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന 41 ദിവസത്തെ ആഘോഷമാണ് മണ്ഡലകാലം. കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഈ സമയത്ത് വൻ ഭക്തജനത്തിരക്കുണ്ടാകും. ശബരിമലയ്ക്കുപോകുന്ന തീർത്ഥാടകരാണ് ഭക്തരിൽ പ്രധാനികൾ. ശബരിമലയ്ക്കുപോകുന്ന ധാരാളം ഭക്തർ മണ്ഡലകാലത്ത് വൈക്കത്തെത്താറുണ്ട്. ശബരിമല ഇടത്താവളങ്ങളിലൊന്നായി വൈക്കം ക്ഷേത്രത്തെ മാറ്റിയിട്ടുണ്ട്. ഭക്തർക്ക് എല്ലാവിധത്തിലും സൗകര്യങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് ശ്രദ്ധിയ്ക്കാറുണ്ട്. മണ്ഡലകാലത്തിനിടയ്ക്കുതന്നെയാണ് ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവവും വരുന്നത്.
നവരാത്രി
[തിരുത്തുക]കന്നിമാസത്തിലെ വെളുത്ത പ്രഥമ മുതലുള്ള ഒമ്പത് ദിവസമാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. പാർവതി സാന്നിധ്യമുള്ള ക്ഷേത്രം ആയതിനാൽ നവരാത്രി പ്രധാനമാണ്. ഭാരതത്തിൽ മുഴുവൻ നടത്തപ്പെടുന്ന ഈ ആഘോഷത്തിലെ അവസാനത്തെ മൂന്ന് ദിവസമാണ് കേരളത്തിൽ പ്രധാനം. ദുർഗ്ഗാഷ്ടമി ദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ആയുധങ്ങൾ, പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ മുതലായവ പൂജയ്ക്ക് വയ്ക്കുന്നു. മഹാനവമി ദിവസം അടച്ചുപൂജയാണ്. വിജയദശമിദിവസം രാവിലെ പൂജകഴിഞ്ഞ് വസ്തുക്കൾ ഉടമസ്ഥർക്ക് തിരിച്ചുകൊടുക്കുന്നു. അന്ന് ആയിരത്തിലധികം കുട്ടികൾ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിയ്ക്കുന്നു. അന്ന് വിശേഷാൽ കലാപരിപാടികളുമുണ്ടാകും.
രാമായണമാസം, ഗണപതിഹോമം, ഇല്ലം നിറ, തൃപ്പുത്തരി
[തിരുത്തുക]കർക്കടകമാസം ദുർഘടമാസമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈയൊരു ബുദ്ധിമുട്ടിനെ ഒഴിവാക്കാൻ ഭക്തർ രാമായണം പോലുള്ള വിശേഷ ഗ്രന്ഥങ്ങൾ വായിച്ചുവന്നു. ഇന്നും കർക്കടകം രാമായണമാസമായി കണക്കാക്കപ്പെട്ടുവരുന്നു. മധ്യകേരളത്തിൽ പലയിടങ്ങളിലായി ഇക്കാലത്ത് നാലമ്പല ദർശനം എന്നപേരിൽ ഒരു ചടങ്ങുണ്ട്. ദശരഥപുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം ഉച്ചയ്ക്കുമുമ്പായി തൊഴുതുതീർക്കുന്നതാണ് ഈ ചടങ്ങ്. വൈക്കത്ത് കർക്കടകമാസത്തിൽ എല്ലാ ദിവസവും രാമായണപാരായണമുണ്ട്. കൂടാതെ ആദ്യവാരത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമവും പ്രധാനമാണ്. കർക്കടകവാവ് കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച ഇല്ലം നിറയും അതുകഴിഞ്ഞൊരു ദിവസം തൃപ്പുത്തരിയും നടത്തുന്നു.
വഴിപാടുകൾ
[തിരുത്തുക]ഉദയാസ്തമയ പൂജ, പ്രദോഷ പൂജ, ഉമാമഹേശ്വരപൂജ, സ്വയംവര പുഷ്‌പാഞ്‌ജലി, മൃത്യുഞ്ജയ ഹോമം, മൃത്യുഞ്ജയ അർച്ചന, ആയുർസൂക്ത പുഷ്പാഞ്ജലി, രുദ്രസൂക്ത പുഷ്പാഞ്ജലി, കൂവളഹാര സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിൽ നടക്കുന്ന പ്രധാന വഴിപാടുകൾ.
ദർശന സമയം
[തിരുത്തുക]*അതിരാവിലെ 4 am മുതൽ ഉച്ചക്ക് 12 pm വരെ.
*വൈകുന്നേരം 4 pm മുതൽ രാത്രി 9 pm വരെ.
ചിത്രശാല
[തിരുത്തുക]-
സന്ധ്യാസമയത്തെ കാഴ്ച
-
ശ്രീകോവിലിലെ ചുവർചിത്രങ്ങൾ
-
ലക്ഷദീപം
-
ഋഷഭവാഹനം അലങ്കരിക്കുന്നതിനു മുമ്പ്
-
ഋഷഭവാഹനം അലങ്കരിച്ചതിനു ശേഷം
-
വ്യാഘ്രപാദ മഹർഷിക്ക് ദർശനം ലഭിച്ച സ്ഥലം
-
ക്ഷേത്രക്കുളം
-
ദീപസ്തംഭം
-
ക്ഷേത്രമുറ്റത്തെ അരയാൽ
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-11-26.
- ↑ "HINDU TEMPLES in KERALA | Wooden Architecture in India, ch. 6". Retrieved 2021-07-11.
- ↑ Jayashanker, S (1997). Temples of Kerala. Directorate of Census Operations, Kerala. p. 54.