Jump to content

തുറവൂർ മഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം പ്രവേശനകവാടം
തുറവൂർ മഹാക്ഷേത്രം പ്രവേശനകവാടം
തുറവൂർ മഹാക്ഷേത്രം is located in Kerala
തുറവൂർ മഹാക്ഷേത്രം
തുറവൂർ മഹാക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°46′4″N 76°19′1″E / 9.76778°N 76.31694°E / 9.76778; 76.31694
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചേർത്തല
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഉഗ്രനരസിംഹമൂർത്തി, സുദർശനമൂർത്തി
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ദീപാവലി, നരസിംഹ ജയന്തി
ക്ഷേത്രങ്ങൾ:2
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ ഗ്രാമത്തിൽ ദേശീയപാത 66-ന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. മഹാവിഷ്ണുവിന്റെ അവതാരങ്ങളായ ഉഗ്രനരസിംഹമൂർത്തിയും സുദർശനമൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠകൾ. ഇരുമൂർത്തികളും ഒരേ നാലമ്പലത്തിന്റെ രണ്ടുഭാഗങ്ങളിലായി തുല്യപ്രാധാന്യത്തോടെ വാഴുന്നു. തെക്കുഭാഗത്തെ ശ്രീകോവിലിൽ സുദർശനമൂർത്തിയും വടക്കുഭാഗത്തെ ശ്രീകോവിലിൽ നരസിംഹമൂർത്തിയും കുടികൊള്ളുന്നു. തന്മൂലം, ഇവരെ യഥാക്രമം തെക്കനപ്പൻ എന്നും വടക്കനപ്പൻ എന്നും വിളിച്ചുവരുന്നു. രണ്ടു കൊടിമരങ്ങളും രണ്ടു മേൽശാന്തിമാരുമുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ഭയം, ശത്രുദോഷം, രോഗപീഡ, ഉപദ്രവങ്ങൾ എന്നിവ ഇല്ലാതാകാൻ നരസിംഹമൂർത്തിയെയും സുദർശനമൂർത്തിയെയും ആരാധിയ്ക്കുന്നത് നല്ലതാണ് എന്ന് വിശ്വാസമുണ്ട്. ഉപദേവതകളായി ഗണപതി, ശിവൻ, ദുർഗ്ഗാദേവി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. തുലാമാസത്തിൽ ദീപാവലി നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ ഒമ്പതുദിവസത്തെ കൊടിയേറ്റുത്സവം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ വ്യാഴാഴ്ച ദിവസങ്ങൾ, ഏകാദശി തുടങ്ങിയ ദിവസങ്ങളും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിൽ ആദ്യം ഇവിടെ കുടികൊണ്ടിരുന്നത് തെക്കനപ്പൻ എന്നറിയപ്പെടുന്ന സുദർശനമൂർത്തിയാണ്. ചരിത്രമനുസരിച്ച് ഏകദേശം എ.ഡി. ആറാം നൂറ്റാണ്ടിൽ തന്നെ ഇവിടെ സുദർശനമൂർത്തിയ്ക്ക് പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. എന്നാൽ, ക്ഷേത്രം ഇന്ന് കൂടുതൽ അറിയപ്പെടുന്നത് വടക്കനപ്പൻ എന്നറിയപ്പെടുന്ന നരസിംഹമൂർത്തിയുടെ പേരിലാണ്. ഇവിടെ നരസിംഹപ്രതിഷ്ഠ ഉണ്ടായതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:

ഇവിടെ ഇപ്പോൾ പ്രതിഷ്ഠിയ്ക്കപ്പെട്ട നരസിംഹവിഗ്രഹം ആദ്യകാലത്ത് കാശിയിലായിരുന്നു. ശങ്കരാചാര്യരുടെ ശിഷ്യനായ പദ്മപാദർ പൂജിച്ചിരുന്ന വിഗ്രഹമാണിത്. പിൽക്കാലത്ത് ഈ വിഗ്രഹം കേരളത്തിലെത്തിയ്ക്കുകയും ഇവിടെയടുത്തുള്ള ഭൂതനിലം എന്ന സ്ഥലത്ത് കുഴിച്ചിടുകയും ചെയ്തു. അക്കാലത്തൊരിയ്ക്കൽ ചേരരാജവംശത്തിൽ കേരളേന്ദ്രൻ എന്നുപേരുള്ള ഒരു ചക്രവർത്തിയുണ്ടായിരുന്നു. മികച്ച രീതിയിൽ രാജ്യഭരണം നടത്തി എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ കേരളേന്ദ്രന്റെ ഗുരുനാഥൻ, മുരിങ്ങോത്ത് അടികൾ എന്നുപേരുള്ള ഒരു തുളു ബ്രാഹ്മണനായിരുന്നു. ഭരണകാര്യങ്ങളിൽ പലപ്പോഴും കേരളേന്ദ്രൻ സ്വീകരിച്ചിരുന്നത് മുരിങ്ങോത്ത് അടികളുടെ സഹായമാണ്. അങ്ങനെയിരിയ്ക്കേ അടികൾ വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് കിടപ്പിലായി. തന്റെ അവസാനകാലം അടുത്തെന്ന് മനസ്സിലാക്കിയ അദ്ദേഹം, എന്നാൽ തന്റെ അടുത്ത ജന്മം നായയായിട്ടാകുമെന്ന് അറിഞ്ഞതോടെ ദുഃഖിതനായി. ഇതറിഞ്ഞ അദ്ദേഹം ഉടനെ ചക്രവർത്തിയെ വിളിച്ചുവരുത്തുകയും നായയായി ജനിയ്ക്കുമ്പോൾ തന്നെ പാപകർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് രക്ഷിയ്ക്കണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. കേരളേന്ദ്രൻ ഇത് പൂർണ്ണമനസ്സോടെ സമ്മതിച്ചു. താമസിയാതെ അടികൾ മരിയ്ക്കുകയും അദ്ദേഹം നായയായി പുനർജനിയ്ക്കുകയും ചെയ്തു. ഈ നായയെ കേരളേന്ദ്രൻ നല്ലപോലെ നോക്കിവന്നെങ്കിലും ഒരുദിവസം അദ്ദേഹത്തിന് അതിനെ വധിയ്ക്കേണ്ടിവന്നു. ഇതോടെ കേരളേന്ദ്രന് തന്റെ വാക്ക് പാലിയ്ക്കാനായെങ്കിലും അദ്ദേഹത്തെ ഗുരുഹത്യാപാപം ബാധിച്ചു. ഇതിന് അദ്ദേഹത്തിന്റെ മറ്റ് ഗുരുക്കന്മാർ പരിഹാരമായി നിർദ്ദേശിച്ചത് ഒരു ശിവക്ഷേത്രം പണിയാനാണ്. അങ്ങനെയാണ് അങ്കമാലിയ്ക്കടുത്ത് നായത്തോട്ടുള്ള ശിവ-നാരായണക്ഷേത്രം നിലവിൽ വന്നത്. ഇതിനടുത്തുകൂടെ ഒഴുകുന്ന ഒരു തോടിനടുത്തുവച്ചാണ് കേരളേന്ദ്രൻ നായയെ വധിച്ചത്. അങ്ങനെയാണ് നായത്തോട് എന്ന പേര് സ്ഥലത്തിന് വന്നത്.

നായത്തോട് ശിവപ്രതിഷ്ഠ കഴിച്ചശേഷം അവിടത്തെ തന്ത്രിയായ നമ്പൂതിരി കാശീദർശനത്തിന് പോകുകയുണ്ടായി. ഗംഗാസ്നാനം നടത്തി കാശീവിശ്വനാഥനെയും വിശാലാക്ഷിയെയും മറ്റുള്ള ദേവതകളെയും വണങ്ങിയശേഷം നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കേ അദ്ദേഹം അതിദിവ്യമായ ഒരു തേജസ്സ് ദർശിയ്ക്കാനിടയായി. അത് തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് പോകുന്നതായി മനസ്സിലാക്കിയ അദ്ദേഹം അതിനെ പിന്തുടർന്നുപോകാൻ തീരുമാനിച്ചു. കേരളദേശത്ത് ഒരു നരസിംഹക്ഷേത്രം ഉയർന്നുവരണമെന്നും അതിനുള്ള വിഗ്രഹം കാണുന്ന സ്ഥലത്തേയ്ക്കാണ് പ്രസ്തുത തേജസ്സ് പോകുന്നതെന്നും ഒരു അരുളപ്പാടുണ്ടായതാണ് നമ്പൂതിരി അതിന്റെ പിന്തുടരാൻ തീരുമാനിച്ചതിന് കാരണം. അതനുസരിച്ച് തേജസ്സിനെ പിന്തുടർന്ന അദ്ദേഹം എത്തിച്ചേർന്നത് ഭൂതനിലത്താണ്. അപ്പോൾത്തന്നെ തേജസ്സ് അപ്രത്യക്ഷമായെങ്കിലും വിഗ്രഹം എവിടെയാണെന്ന വിവരം നമ്പൂതിരിയ്ക്ക് മനസ്സിലായില്ല. അങ്ങനെ വിഷാദിച്ചിരിയ്ക്കുമ്പോൾ പെട്ടെന്ന് അവിടെ ഉഗ്രശബ്ദത്തോടുകൂടി ഒരു പൊട്ടിത്തെറിയുണ്ടാകുകയും അഞ്ജനശിലയിൽ തീർത്ത ഒരു മഹാവിഷ്ണുവിഗ്രഹം അവിടെ കാണാനിടയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ പ്രഥമശിഷ്യനായ പദ്മപാദർ പൂജിച്ചിരുന്ന വിഗ്രഹമാണതെന്ന് മനസ്സിലാക്കിയ അദ്ദേഹം, അതിൽ പദ്മപാദരുടെ ഉപാസനാമൂർത്തിയായ നരസിംഹമൂർത്തിയെ സങ്കല്പിയ്ക്കുകയും, സുദർശനമൂർത്തിക്ഷേത്രത്തിന്റെ വടക്കുവശത്ത് പ്രത്യേകം ശ്രീകോവിൽ പണിത് പ്രതിഷ്ഠ നടത്തുകയുമുണ്ടായി. അങ്ങനെയാണ് ഇവിടെ നരസിംഹമൂർത്തിയ്ക്ക് സാന്നിദ്ധ്യമുണ്ടായത്.

ഇന്ന് നരസിംഹപ്രതിഷ്ഠയിരിയ്ക്കുന്ന സ്ഥലത്ത് അന്ന് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയാണുണ്ടായിരുന്നത്. ശിലയിൽ തീർത്ത ചെറിയൊരു കണ്ണാടിബിംബത്തിൽ ആവാഹിച്ചുവച്ചിരുന്ന ദേവിയെ, ചില പ്രാശ്നികരുടെ അഭ്യർത്ഥന മാനിച്ച് പുറത്തേയ്ക്ക് മാറ്റിയശേഷമാണ് നരസിംഹക്ഷേത്രം പണിതതും പ്രതിഷ്ഠ കഴിച്ചതും. വിഗ്രഹം ലഭിച്ച സ്ഥലമായ ഭൂതനിലത്ത് ഇപ്പോൾ പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലോടുകൂടിയ ചെറിയൊരു ക്ഷേത്രമുണ്ട്. ഇവിടം വടക്കനപ്പന്റെ മൂലസ്ഥാനമായി കണക്കാക്കപ്പെടുന്നു. എല്ലാവർഷവും മേടമാസത്തിൽ പത്താമുദയം ദിവസം തെക്കനപ്പനെയും വടക്കനപ്പനെയും ആനപ്പുറത്ത് ഭൂതനിലത്തേയ്ക്ക് എഴുന്നള്ളിയ്ക്കുന്ന ചടങ്ങും നടത്തിവരാറുണ്ട്. ഇപ്പോൾ ക്ഷേത്രത്തിൽ പ്രധാന വഴിപാടായി നടത്തപ്പെടുന്ന വെടിവഴിപാട്, വിഗ്രഹം ലഭിച്ച സമയത്തുണ്ടായ പൊട്ടിത്തെറിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കോൺവെടി, ചുറ്റുവെടി, ഈടുവെടി തുടങ്ങി പലതരത്തിൽ വെടിവഴിപാട് ഇവിടെയുണ്ടാകാറുണ്ട്. കേരളത്തിലെ വൈഷ്ണവദേവാലയങ്ങളിൽ വെടിവഴിപാട് അത്യപൂർവ്വമാണ് എന്നത് ഈ വഴിപാടിന് മാറ്റുകൂട്ടുന്നു.[1] തുളു ബ്രാഹ്മണനായിരുന്ന മുരിങ്ങോത്ത് അടികളോടുള്ള ആദരസൂചകമായാകണം, ഇന്ന് ക്ഷേത്രത്തിലെ ശാന്തിപ്പണി ചെയ്യുന്നത് തുളു ബ്രാഹ്മണരാണ്. കാസർഗോഡ് ജില്ലയിലെ അക്കര ദേശികവിഭാഗത്തിൽ പെട്ട നല്ലൂർ (അടുക്കത്തായ), കശ (കുബാനുരായ), അടുക്കം (പടക്കനായ), കോണൂർ (ഖജനായ), പറക്കോട് (കണ്ടമനായ) എന്നീ അഞ്ച് വൈഷ്ണവബ്രാഹ്മണകുടുംബക്കാർക്കാണ് പൂജാവകാശം. ഇവർ പുറപ്പെടാശാന്തിമാരാണ്. തന്മൂലം പൂജാവസരത്തിൽ ക്ഷേത്രമതിലകം വിട്ടുപോകാൻ ഇവർക്കാകില്ല.

ചരിത്രം

[തിരുത്തുക]

തുറവൂർ ക്ഷേത്രത്തിന് അറിയപ്പെടുന്ന രേഖകൾ പ്രകാരം ഏകദേശം 1500 വർഷം പഴക്കമുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ അതിലുമധികം പഴക്കം കാണണമെന്നാണ് സൂചനകൾ. സുദർശനമൂർത്തിയുടെ പ്രതിഷ്ഠയുടെ കാലപ്പഴക്കം കൂടി കണക്കിലെടുത്താണ് ഈ സൂചനകൾ. അതിപ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം അടക്കമുള്ള കേരളത്തിലെ ഒരുപാട് വൈഷ്ണവദേവാലയങ്ങളിൽ കാണാൻ സാധിയ്ക്കുന്ന ദേവീസാന്നിദ്ധ്യത്തിന്റെ കഥ ഇവിടെയും വരുന്നതിനാൽ ആദ്യം ഇതൊരു ദേവീക്ഷേത്രമായിരുന്നിരിയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ, ക്ഷേത്രത്തിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് നരസിംഹപ്രതിഷ്ഠയ്ക്കുശേഷം തന്നെയാണ്.

പ്രശസ്ത ചരിത്രകാരനായിരുന്ന വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ, ഇന്നത്തെ തുറവൂർ ഉൾപ്പെടുന്ന ചേർത്തല താലൂക്ക് പ്രദേശം പൂർണ്ണമായും സമുദ്രതീരമായിരുന്നു. സംഘകാലചരിത്രം പരാമർശിയ്ക്കുന്ന കൃതികളിൽ, തുറ എന്ന വാക്കിന് തുറമുഖം, പുഴക്കടവ്, മുക്കുവർ താമസിയ്ക്കുന്ന സ്ഥലം എന്നെല്ലാം അർത്ഥം വരുന്നുണ്ട്. അങ്ങനെ തുറയൂർ എന്നറിയപ്പെട്ട സ്ഥലം, പിന്നീട് ലോപിച്ച് തുറവൂരായി എന്നാണ് അദ്ദേഹത്തിന്റെ നിഗമനം. തുറവൂർ ഭാഗത്ത് മൂന്നുമീറ്ററോളം കുഴിച്ചുനോക്കിയാൽ കക്കയുടെയും ശംഖിന്റെയും പുറംതോടുകളും സമുദ്രജീവികളുടെ ഫോസിലുകളും കാണാൻ സാധിയ്ക്കുമെന്നത് ഇതിന്റെ തെളിവായി പറയുന്നു. നിരവധി സ്ഥലങ്ങളിൽ ഇവ കാണാൻ സാധിച്ചിട്ടുണ്ട്.

ചേരസാമ്രാജ്യത്തിന്റെ കാലശേഷം ക്ഷേത്രം കരപ്പുറം രാജ്യത്തിന്റെ കീഴിലായി. ഇവരും ഈ ക്ഷേത്രം നന്നായി നിലനിർത്തിപ്പോരുകയുണ്ടായി. പിന്നീട് സ്ഥലം കൊച്ചി രാജ്യത്തിന്റെ ഭാഗമായപ്പോൾ ക്ഷേത്രം പതിന്മടങ്ങ് പ്രസിദ്ധമായി. കേരളത്തിന്റെ നാനാഭാഗത്തുനിന്നുള്ളവർ ഇവിടെ ദർശനത്തിനെത്താൻ തുടങ്ങിയത് ഇക്കാലത്താണ്. നരസിംഹമൂർത്തിയുടെ ശ്രീകോവിലിന്റെ തെക്കുഭാഗത്ത് കാണാൻ കഴിയുന്ന ശ്രീപൂർണ്ണത്രയീശന്റെ ചിത്രം, ക്ഷേത്രം കൊച്ചിയുടെ കീഴിലായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. എന്നാൽ, 1750-ൽ കരപ്പുറം ഭാഗങ്ങൾ തിരുവിതാംകൂർ പിടിച്ചെടുക്കുകയുണ്ടായി. ഇത് തുറവൂർ ക്ഷേത്രത്തിന് വലിയൊരു തിരിച്ചടി സമ്മാനിച്ചു. കരപ്പുറം പിടിച്ചെടുത്തെങ്കിലും രാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ഇതിനെ ഒരു പുറമ്പോക്കുഭൂമിയായി നിലനിർത്തിയതാണ് പ്രശ്നമായത്. അങ്ങനെ ഇരുരാജ്യങ്ങൾക്കും ഉത്തരവാദിത്തങ്ങളില്ലാത്ത ഭാഗമായി ഇവിടങ്ങൾ മാറി. ഏതെങ്കിലും തിരുവിതാംകൂർ രാജാവോ അദ്ദേഹത്തിന്റെ പരിവാരങ്ങളോ തുറവൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയാൽ ക്ഷേത്രം കൊച്ചിയ്ക്ക് വിട്ടുകൊടുക്കണം എന്നൊരു നിബന്ധനയും ഇവിടെയുണ്ടായിരുന്നു. തന്മൂലം 1949 വരെ ഒരു തിരുവിതാംകൂർ രാജാവും ഇവിടെ ദർശനത്തിനെത്തിയില്ല. 1951-ൽ, തിരുവിതാംകൂറിലെ അവസാന ഭരണാധികാരിയായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ഇവിടെ ദർശനത്തിനെത്തി ആ പതിവ് ലംഘിച്ചു. അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്വാതന്ത്ര്യവും തിരു-കൊച്ചി സംയോഗവും കഴിഞ്ഞിരുന്നതിനാൽ മേൽപ്പറഞ്ഞ നിബന്ധനയ്ക്ക് പ്രസക്തിയുണ്ടായിരുന്നില്ലെങ്കിലും ക്ഷേത്രഭരണാധികാരികൾ മഹാരാജാവിന്റെ പാദസ്പർശമേൽക്കാതിരിയ്ക്കാൻ ക്ഷേത്രം മുഴുവൻ പരവതാനി വിരിച്ച സംഭവവുമുണ്ടായി.

ക്ഷേത്ര രൂപകല്പന

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

തുറവൂർ ഗ്രാമത്തിന്റെ ഒത്തനടുക്ക്, ദേശീയപാതയുടെ പടിഞ്ഞാറ് തുറവൂർ ജങ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, ക്ഷേത്രത്തിന് നേരെമുന്നിൽ കുളമാണ്. അതിനാൽ, അതുവഴി പ്രവേശനമില്ല. വടക്കേ നടയിലൂടെയാണ് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം. ക്ഷേത്രനടയോടുചേർന്ന് വലിയൊരു അരയാൽമരം സ്ഥിതിചെയ്യുന്നു. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന് മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു. അതായത്, അരയാൽ ത്രിമൂർത്തീസ്വരൂപമായി കണക്കാക്കപ്പെടുന്നു. നിത്യവും രാവിലെ അരയാലിനെ വലംവയ്ക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു. തന്മൂലം, നിരവധി ഭക്തർ ഇവിടെ അരയാലിനെ പ്രദക്ഷിണം വയ്ക്കാറുണ്ട്. ഇതുകടന്ന് അല്പം കൂടി മുന്നോട്ടുനടന്നാൽ ക്ഷേത്രം വക വെടിപ്പുര കാണാം. വെടിവഴിപാട് ഇവിടെ ഭഗവാന് പ്രധാനമാണ്. സാധാരണയായി വൈഷ്ണവദേവാലയങ്ങളിൽ വെടിവഴിപാട് നടത്താറില്ല. കൂടുതലും ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലുമാണ് വെടിവഴിപാട് നടത്താറുള്ളത്. തുറവൂർ കൂടാതെ ഒരു വൈഷ്ണവദേവാലയത്തിൽ വെടിവഴിപാടിന് പ്രാധാന്യം നൽകുന്നത് തൃശ്ശൂർ ജില്ലയിൽ തൃപ്രയാറിലുള്ള പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രത്തിൽ മാത്രമാണ്. വെടിപ്പുര പിന്നിട്ടാൽ ക്ഷേത്രം വക ആനക്കൊട്ടിലിലെത്താം. കേരളത്തിലെ ഏറ്റവും വലിയ ആനക്കൊട്ടിലുകളിലൊന്നാണ് ഇവിടെയുള്ളത്. നരസിംഹമൂർത്തിയ്ക്കും സുദർശനമൂർത്തിയ്ക്കും ഒരുമിച്ചാണ് ഇവിടെ ആനക്കൊട്ടിൽ പണിതിരിയ്ക്കുന്നത്. പത്താനകളെ വരെ വച്ചെഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനിപ്പുറം ഇരുനിലകളോടുകൂടിയ ഒരു കുളപ്പുര പണിതിട്ടുണ്ട്. ഇവിടെയാണ് ക്ഷേത്രത്തിലെ പ്രധാന കുളക്കടവ് സ്ഥിതിചെയ്യുന്നത്. ഉഗ്രമൂർത്തികളായ നരസിംഹമൂർത്തിയുടെയും സുദർശനമൂർത്തിയുടെയും കോപം ശമിപ്പിയ്ക്കാനാണ് ക്ഷേത്രത്തിന് മുന്നിൽ കുളം പണിതതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിവിശാലമായ ക്ഷേത്രക്കുളം കിഴക്കുഭാഗം മുഴുവൻ നിറഞ്ഞുനിൽക്കുന്നു. 2014-ൽ ഈ കുളം സൗന്ദര്യവത്കരണം നടത്തി വൃത്തിയാക്കിയിരുന്നു. ഈ കുളപ്പുരയുടെ മുകളിലാണ് മേൽശാന്തിമാർക്ക് താമസിയ്ക്കാനുള്ള മുറികൾ. ഗുരുവായൂർ, ശബരിമല, വൈക്കം, തൃശ്ശൂർ വടക്കുംനാഥൻ തുടങ്ങിയ ക്ഷേത്രങ്ങളിലെപ്പോലെ പുറപ്പെടാശാന്തി എന്ന പദവി വഹിയ്ക്കുന്ന മേൽശാന്തിയാണ് ഇവിടെയുമുള്ളത്. കാസർഗോഡ് ജില്ലയിൽ നീലേശ്വരം സ്വദേശികളായ പത്തില്ലത്തിൽ പോറ്റിമാരുടെ കുടുംബത്തിൽ നിന്നാണ് ഇവിടെയുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത്. ഒരു വിഷു മുതൽ അടുത്ത വിഷു വരെയാണ് ഇവരുടെ കാലാവധി. പുറപ്പെടാശാന്തിമാരായതിനാൽ അതിവിശേഷമായ ക്രിയകളോടെയാണ് ഇവരെ അവരോധിയ്ക്കുക. കർശനമായ ബ്രഹ്മചര്യനിഷ്ഠയോടെ വേണം പൂജകൾ നടത്താൻ എന്നാണ് ചിട്ട.

ആനക്കൊട്ടിലിനപ്പുറം ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ രണ്ട് സ്വർണ്ണക്കൊടിമരങ്ങൾ കാണാം. രണ്ട് കൊടിമരങ്ങളുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. അതിലും വലിയ പ്രത്യേകത, രണ്ടിലും ഒരേ രൂപത്തെയാണ് വാഹനമാക്കി പ്രതിഷ്ഠിച്ചിരിയ്ക്കുന്നതെന്നാണ്. പ്രധാനപ്രതിഷ്ഠകൾ രണ്ടും വൈഷ്ണവരൂപങ്ങളായതുകൊണ്ടാണിത്. കേരളത്തിൽ ഈ പ്രത്യേകതയുള്ള മൂന്ന് ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രവും എറണാകുളം ജില്ലയിൽ കാലടിയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി-നരസിംഹസ്വാമിക്ഷേത്രവുമാണ് മറ്റുള്ളവ. സുദർശനമൂർത്തിയുടെ നടയിലുള്ളതിനാണ് ഉയരം കൂടുതൽ. ഈ കൊടിമരങ്ങൾക്കപ്പുറം ബലിക്കൽപ്പുരകൾ പണിതിരിയ്ക്കുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ലുകൾ ഇവിടെയാണ് കാണപ്പെടുന്നത്. പ്രധാനപ്രതിഷ്ഠകൾ രണ്ടായതിനാൽ ബലിക്കല്ലുകളും രണ്ടാണ്. സുദർശനമൂർത്തിയുടെ നടയിലെ ബലിക്കല്ലിന് ഉയരം വളരെ കുറവാണ്. പണ്ട് നല്ല ഉയരമുണ്ടായിരുന്നുവെന്നും പിന്നീട് താഴ്ത്തിയതാണെന്നുമാണ് കഥ. നരസിംഹമൂർത്തിയുടെ നടയിലെ ബലിക്കല്ലിന് സാമാന്യം വലുപ്പമുണ്ട്. എങ്കിലും, പുറത്തുനിന്ന് നോക്കിയാലും വിഗ്രഹരൂപം കാണാം. രണ്ടിടത്തും മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. തെക്കുകിഴക്കേമൂലയിൽ ദേവസ്വം ഓഫീസ് പണിതിരിയ്ക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു 'എ' ഗ്രേഡ് ദേവസ്വമാണ് തുറവൂർ ദേവസ്വം. ദേവസ്വം ബോർഡിന്റെ വൈക്കം ഗ്രൂപ്പിലാണ് ഈ ദേവസ്വം വരുന്നത്.

ദേവസ്വം ഓഫീസ് വിട്ട് പ്രദക്ഷിണമായി വരുമ്പോൾ തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ കാണാം. ശബരിമലയിലെ അതേ രൂപത്തിലുള്ള വിഗ്രഹമാണ് ഇവിടെയുള്ളത്. ഏകദേശം രണ്ടടി ഉയരം വരും. ഈ നടയിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. ഇതിനും പടിഞ്ഞാറായി ആൽമരച്ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി അനന്തൻ വാഴുന്ന പ്രതിഷ്ഠയാണിത്. കൂടാതെ, സമീപത്ത് നാഗയക്ഷിയും നാഗചാമുണ്ഡിയും ചിത്രകൂടവുമുണ്ട്. എല്ലാ മാസവും ആയില്യം നക്ഷത്രത്തിൽ ഇവിടെ വിശേഷാൽ പൂജകൾ നടക്കാറുണ്ട്; കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും. നാഗദൈവങ്ങളുടെ വടക്കുള്ള പീഠത്തിൽ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ കാണാം. സാധാരണ പോലെ ചെറിയൊരു ശിവലിംഗം തന്നെയാണ് ഇവിടെയും ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്.

തുടർന്ന് പ്രദക്ഷിണം വച്ചുവരുമ്പോൾ പടിഞ്ഞാറുഭാഗത്തായി പ്രത്യേകം ശ്രീകോവിലിൽ ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠ കാണാം. വ്യക്തരൂപമില്ലാത്ത ഒരു ശിലാഖണ്ഡത്തിലാണ് ദേവിയെ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്. ആദ്യകാലത്ത് ഇപ്പോഴത്തെ വടക്കനപ്പന്റെ ശ്രീകോവിലിന്റെ സ്ഥാനത്ത് കുടികൊണ്ടിരുന്ന ദേവിയെ, നരസിംഹപ്രതിഷ്ഠ വന്നപ്പോഴാണ് ഇങ്ങോട്ട് മാറ്റിയതെന്ന് ഐതിഹ്യമുണ്ട്. എന്നാൽ, ചരിത്രപരമായി നോക്കുമ്പോൾ ആദ്യകാലത്തുണ്ടായിരുന്ന ദേവിയുടെ സമീപം വൈഷ്ണവസാന്നിദ്ധ്യം വന്നതാകാനാണ് സാധ്യത. കാരണം, ആദിദ്രാവിഡർ ദേവിയെയും ശാസ്താവിനെയും മറ്റുമാണല്ലോ ആരാധിച്ചിരുന്നത് ഏകദേശം അരയടി ഉയരം വരുന്ന വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ദേവിയ്ക്ക് നവരാത്രിയും തൃക്കാർത്തികയും അതിവിശേഷമാണ്. ഈ ദിവസങ്ങളിൽ ധാരാളം പൂജകൾ ദേവിയ്ക്ക് നടത്താറുണ്ട്.

വടക്കേ നടയിലെത്തുമ്പോൾ അതിവിശേഷമായ ഒരു ശ്രീകോവിൽ കാണാം. ഇവിടെ യക്ഷിയമ്മയാണ് പ്രതിഷ്ഠ. മരം കൊണ്ടുള്ള അഴിക്കൂടോടുകൂടിയ ശ്രീകോവിലാണ് ഇവിടെ പണിതിരിയ്ക്കുന്നത് എന്നതിനാൽ അത്യുഗ്രദേവതയായ യക്ഷിയാണ് ഇവിടെ പ്രതിഷ്ഠ എന്ന് ഊഹിച്ചെടുക്കാം. കിഴക്കോട്ട് ദർശനം നൽകുന്ന യക്ഷിയമ്മയെ, ഏകദേശം അരയടി ഉയരം വരുന്ന ചെറിയൊരു വിഗ്രഹത്തിലാണ് ആവാഹിച്ചിരിയ്ക്കുന്നത്. ഈ വിഗ്രഹത്തിന് വിശേഷാൽ രൂപമൊന്നുമില്ല. വറപൊടിയാണ് യക്ഷിയ്ക്കുള്ള പ്രധാന വഴിപാട്.

ശ്രീകോവിലുകൾ

[തിരുത്തുക]

ലക്ഷണമൊത്ത വൃത്താകൃതിയിലും ചതുരാകൃതിയിലും തീർത്ത രണ്ട് മഹാസൗധങ്ങളാണ് ഇവിടെയുള്ള ശ്രീകോവിലുകൾ. കേരളത്തിൽ തുല്യപ്രാധാന്യത്തോടുകൂടിയുള്ള രണ്ട് ശ്രീകോവിലുകളുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലുകളുടെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടങ്ങളും കാണാം. ഇരു ശ്രീകോവിലുകളിലും മൂന്നുമുറികൾ വീതമുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹങ്ങൾ. ഏകദേശം ആറടി ഉയരം വരുന്ന ചതുർബാഹു വിഷ്ണുവിഗ്രഹങ്ങൾ കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. യഥാർത്ഥത്തിൽ രണ്ടിടത്തെയും വിഗ്രഹങ്ങൾ മഹാവിഷ്ണുവിന്റേതാണെങ്കിലും, ഇവയിൽ തെക്കുഭാഗത്തെ ശ്രീകോവിലിലെ മൂർത്തിയെ സുദർശനമൂർത്തിയായും, വടക്കുഭാഗത്തെ ശ്രീകോവിലിലെ മൂർത്തിയെ ഉഗ്രനരസിംഹമൂർത്തിയായും കണ്ടുവരുന്നു. തന്മൂലം ഇവരെ യഥാക്രമം തെക്കനപ്പൻ എന്നും വടക്കനപ്പൻ എന്നും വിളിച്ചുവരുന്നു. ഇരുവിഗ്രഹങ്ങളുടെയും പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും മുന്നിലെ ഇടതുകയ്യിൽ കൗമോദകി എന്ന ഗദയും മുന്നിലെ വലതുകയ്യിൽ താമരപ്പൂവും കാണാം. അലങ്കാരസമയത്ത് ചെത്തി, മന്ദാരം, തുളസി, താമര തുടങ്ങിയ പൂക്കളുപയോഗിച്ചുള്ള മാലകളും ചന്ദനവും വിഗ്രഹത്തിൽ ചാർത്തിക്കാണാറുണ്ട്. അങ്ങനെ വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീസുദർശനമൂർത്തിയും നരസിംഹമൂർത്തിയും, തുറവൂരിൽ കുടികൊള്ളുന്നു.

അതിമനോഹരമായ നിരവധി ചുവർച്ചിത്രങ്ങളും ദാരുശില്പങ്ങളും കൊണ്ട് അലംകൃതമാണ് ഇവിടെയുള്ള ശ്രീകോവിലുകൾ. സുദർശനമൂർത്തിയുടെ ശ്രീകോവിലിൽ ചുവർച്ചിത്രങ്ങൾക്കാണ് മുൻതൂക്കമെങ്കിൽ നരസിംഹമൂർത്തിയുടെ ശ്രീകോവിലിൽ ദാരുശില്പങ്ങൾക്കാണ് മുൻതൂക്കം. സുദർശനമൂർത്തിയുടെ ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വരച്ചിട്ടുള്ള ഒരു ചിത്രം വളരെ ശ്രദ്ധേയമാണ്. പാർവ്വതീദേവിയുടെ മുലകുടിയ്ക്കുന്ന ഗണപതിയുടെ ചിത്രമാണിത്. അധികം സ്ഥലങ്ങളിൽ കാണാൻ സാധിയ്ക്കാത്ത ഈ ചിത്രം, ക്ഷേത്രത്തിലെ ഒരു പ്രധാന ആകർഷണമാണ്. കൂടാതെ, പലരൂപങ്ങളിലുള്ള ഗണപതിരൂപങ്ങൾ, ദശാവതാരങ്ങൾ, ദക്ഷിണാമൂർത്തി, കിരാതമൂർത്തി തുടങ്ങിയ ശിവരൂപങ്ങൾ എന്നിവയും ഇവിടെ കാണാവുന്നതാണ്. നരസിംഹമൂർത്തിയുടെ ശ്രീകോവിലിന്റെ തെക്കുഭാഗത്തുള്ള ഒരു ത്വരത്തിൽ ചെറിയൊരു ശിവലിംഗവും കാണാവുന്നതാണ്. നേരെ നടയിൽ നിന്നുനോക്കിയാൽ ഇത് കാണാൻ സാധിയ്ക്കില്ല. പകരം, തെക്കുഭാഗത്തെ ഒരു വാതിലിലൂടെ നോക്കേണ്ടതുണ്ട്. ശിവന്റെ നടയിൽ നിത്യേന ധാരയടക്കമുള്ള അഭിഷേകങ്ങൾ നടക്കാറുണ്ട്. ഈ ശ്രീകോവിലിന്റെ പുറംഭിത്തികളിലെ ഓരോ തൂണിലും നിരവധി ആനകളുടെ രൂപങ്ങൾ കാണാവുന്നതാണ്. ഇവയിൽ ഈരണ്ടെണ്ണം തുമ്പിക്കൈ ഉയർത്തിനിൽക്കുമ്പോൾ ഈരണ്ടെണ്ണം അവ താഴ്ത്തിനിൽക്കുന്നു എന്നൊരു പ്രത്യേകതയുണ്ട്. കൂടാതെ, നരസിംഹമൂർത്തിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങൾ, കുതിരപ്പുറത്ത് വാളേന്തിവരുന്ന കൽക്കിഭഗവാൻ, രാമായണത്തിലെ പ്രസക്തഭാഗങ്ങൾ തുടങ്ങി നിരവധി ശില്പങ്ങൾ ഇവിടെ കാണാവുന്നതാണ്. എന്നാൽ, ഏറ്റവും ശ്രദ്ധേയമായ ഒരു ശില്പം, അനന്തഫണത്തിനുകീഴിൽ ഇരിയ്ക്കുന്ന രൂപത്തിലുള്ള മഹാവിഷ്ണുവിന്റേതാണ്. തൃപ്പൂണിത്തുറയിലെ പ്രസിദ്ധമായ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ പ്രതിഷ്ഠാരൂപമാണിത്. 1750-ൽ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ പിടിച്ചടക്കി തിരുവിതാംകൂറിൽ ചേർക്കും വരെ തുറവൂരും പരിസരപ്രദേശങ്ങളും കൊച്ചിരാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്ത് പണിത ശില്പമാണ് ഇവിടെയുള്ളത്. ഇങ്ങനെ നിരവധി പ്രത്യേകതകളുള്ള ഈ ശ്രീകോവിലുകളുടെ വടക്കുവശത്ത് പതിവുപോലെ ഓവ് പണിതിട്ടുണ്ട്. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു.[2][3]

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലുകളെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. ഇത് രണ്ടാക്കിത്തിരിച്ചിട്ടുണ്ട്. എന്നാൽ, ഇരുഭാഗങ്ങൾ തമ്മിൽ ബന്ധപ്പെടാനായി ഇവയ്ക്കിടയിലൊരു വാതിലും പണിതിട്ടുണ്ട്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ഏകദേശം പത്തുനിലകളുള്ള ഈ വിളക്കുമാടത്തിൽ ആയിരത്തിലധികം ദീപങ്ങൾ കാണാം. സന്ധ്യാസമയത്ത് ഇവയെല്ലാം കത്തിച്ചുവയ്ക്കുന്ന കാഴ്ച അതിമനോഹരമാണ്. അകത്തേയ്ക്ക് കടക്കുമ്പോൾ ഇരുഭാഗങ്ങളിലും വാതിൽമാടങ്ങളും കാണാം. ഇവയിൽ തെക്കേ വാതിൽമാടം വിശേഷാൽ പൂജകൾക്കും ഹോമങ്ങൾക്കും ഉപയോഗിയ്ക്കുമ്പോൾ വടക്കേ വാതിൽമാടം വാദ്യമേളങ്ങൾക്കും നാമജപത്തിനുമാണ് ഉപയോഗിയ്ക്കുന്നത്. സുദർശനമൂർത്തിയുടെ ശ്രീകോവിലിന്റെ തെക്കുകിഴക്കുഭാഗത്താണ് തിടപ്പള്ളി പണിതിരിയ്ക്കുന്നത്. ഇത് ഈ പ്രതിഷ്ഠയുടെ കാലപ്പഴക്കം കൂടുതൽ വ്യക്തമാക്കുന്നു. വടക്കുകിഴക്കുഭാഗത്ത് കിണറും പണിതിട്ടുണ്ട്. നരസിംഹമൂർത്തിയുടെ ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ഒരു മുറിയിൽ കിഴക്കോട്ട് ദർശനമായി ഗണപതിപ്രതിഷ്ഠ കാണാം. ഏകദേശം മൂന്നടി ഉയരം വരുന്ന ഈ വിഗ്രഹം, വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന സിദ്ധിവിനായകന്റേതാണ്. ചതുർബാഹുവായ ഗണപതിയുടെ പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ്. ഗണപതിഹോമവും നാളികേരമുടയ്ക്കലുമാണ് ഇവിടെ പ്രധാന വഴിപാടുകൾ.

പ്രധാന ലേഖനം: ബലിക്കല്ല്

പ്രധാന ശ്രീകോവിലുകൾ രണ്ടായതിനാൽ ഇവിടെ അകത്തെ ബലിവട്ടവും രണ്ടാക്കി പണിതിട്ടുണ്ട്. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗം), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗം), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ വിഷ്വക്സേനൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവിടങ്ങളിൽ ബലിതൂകുന്നു. വൈഷ്ണവക്ഷേത്രമായതിനാൽ ഇവരെക്കൂടാതെ ഉത്തരമാതൃക്കൾ എന്നൊരു സങ്കല്പവും ഇവിടെയുണ്ട്. സപ്തമാതൃക്കളുടെ സ്ഥാനത്തിന്റെ എതിർവശത്ത്, അതായത് വടക്കുഭാഗത്താണ് ഇവരുടെ സ്ഥാനം. തന്മൂലമാണ് ഇവർ ഉത്തരമാതൃക്കൾ എന്നറിയപ്പെടുന്നത്. ഭാഗീശ്വരി, ക്രിയ, കീർത്തി, ലക്ഷ്മി, സൃഷ്ടി, വിദ്യ, ശാന്തി എന്നീ ഏഴുദേവതമാരാണ് ഉത്തരമാതൃക്കൾ. സപ്തമാതൃക്കൾക്കൊപ്പം അംഗരക്ഷകരായി ഗണപതിയും വീരഭദ്രനുമുള്ളപോലെ ഉത്തരമാതൃക്കൾക്കൊപ്പം ശ്രീധരൻ, അശ്വമുഖൻ എന്നീ ദേവന്മാർക്കും സ്ഥാനമുണ്ട്. ഇവരെ ബലിക്കല്ലുകളുടെ രൂപത്തിൽ കാണാറില്ലെങ്കിലും ശീവേലിസമയത്ത് ഇവരെ സങ്കല്പിച്ചും ബലിതൂകും. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

നിത്യ അന്നദാനം

[തിരുത്തുക]

ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും 2010 നവംബർ 17 മുതൽ അന്നദാനം പ്രസാദമായി നൽകുന്നു. തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഴുവൻ രോഗികൾക്കും നിത്യ അന്നദാനം നൽകിയതിനു ശേഷമാണ് പ്രസാദമൂട്ട് നടത്തുന്നത്. വ്യാഴം, ഞായർ ദിവസങ്ങളിൽ 1000 പേർക്കും അല്ലാത്ത ദിവസങ്ങളിൽ ഏകദേശം 500 പേർക്കും അന്നദാനം നടക്കുന്നു. ആണ്ടുപിറപ്പായ ചിങ്ങമാസം ഒന്നാം തീയതി രാവിലെ മുതൽ മലർ, കദളിപ്പഴം പ്രസാദവും പന്തീരടി പൂജക്ക് ശേഷം പാല്പായസവും ഊട്ടിനുമുന്നോടിയായി നൽകുന്നു.

ഭക്തജനസമിതി

[തിരുത്തുക]

തുറവൂർ മഹാക്ഷേത്ര ഭക്തജനസമിതി എന്ന ഭക്തജനങ്ങളുടെ സമിതിയാണ് നിത്യ അന്നദാനത്തിനെ ചുമതല വഹിക്കുന്നത്. കേരള ഹൈക്കോടതിയുടെ വിധി ഉത്തരവ് പ്രകാരം ക്ഷേത്രത്തിൽ പ്രവർത്തിച്ചിരുന്ന "തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയെ " ക്ഷേത്രത്തിലെ പ്രവർത്തനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും, ക്ഷേത്ര കാര്യങ്ങളിൽ ദേവസ്വം ബോർഡിനെ സഹായിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമാവലി പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ട ഭക്തജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെട്ട പുതിയ "ക്ഷേത്ര ഉപദേശക സമിതി" 2018 ഒക്ടോബർ മാസം 7 ന് രൂപീകരിക്കപ്പെടുകയും ചെയ്തു.

ക്ഷേത്രത്തിലെ നിത്യ അന്നദാനമുൾപ്പടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കുന്നതും,ക്ഷേത്രത്തിലെ തിരുവുത്സവവും,മറ്റ് വിശേഷ ചടങ്ങുകളിലും ബോർഡിനെ സഹായിക്കുന്നതും പുതുതായി രൂപീകരിച്ച ക്ഷേത്ര ഉപദേശക സമിതിയാണ്.

പൂജാവിധികളും, വിശേഷങ്ങളും

[തിരുത്തുക]
ക്ഷേത്രം - വിശാല വീക്ഷണം

നിത്യപൂജകൾ

[തിരുത്തുക]

നിത്യേന അഞ്ചു പൂജകളും മൂന്ന് ശീവേലികളുമുള്ള മഹാക്ഷേത്രമാണ് തുറവൂർ മഹാക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് നിയമവെടിയോടുകൂടിയും പിന്നീട് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം, കുഴിത്താളം, ശ്രുതിപ്പെട്ടി എന്നിവയോടുകൂടി പള്ളിയുണർത്തിയശേഷം നാലുമണിയ്ക്ക് നട തുറക്കുന്നു. നിർമ്മാല്യ ദർശനമാണ് ആദ്യത്തെ ചടങ്ങ്. തലേന്ന് ചാർത്തിയ അലങ്കാരങ്ങളോടുകൂടി കാണപ്പെടുന്ന വിഗ്രഹങ്ങൾ ദർശിച്ച് ഭക്തർ മുക്തിയടയുന്നു. ഇരുനടകളിലെയും നിർമ്മാല്യദർശനം കഴിഞ്ഞാൽ അഭിഷേകച്ചടങ്ങുകൾ തുടങ്ങുകയായി. ആദ്യം എള്ളെണ്ണ കൊണ്ടും പിന്നീട് ക്രമത്തിൽ ശംഖതീർത്ഥം, ഇഞ്ച, കലശതീർത്ഥം എന്നിവ കൊണ്ടും അഭിഷേകച്ചടങ്ങുകൾ നടത്തിയശേഷം പുതിയ ചന്ദനക്കാപ്പും പൂമാലകളും ആടയാഭരണങ്ങളും ചാർത്തി വിഗ്രഹങ്ങൾ അലങ്കരിച്ചശേഷം ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയായിട്ടുണ്ടാകും. ഈ സമയത്ത് നടയടച്ച് ഉഷഃപൂജ നടത്തുന്നു. ആദ്യം തെക്കേടത്താണ് പൂജ നടൿ ത്തുക. പിന്നീടാണ് വടക്കേടത്ത് പൂജ നടത്തുക. സൂര്യോദയസമയത്ത് എതിരേറ്റുപൂജ നടത്തുന്നു. സൂര്യകിരണങ്ങളെ എതിരേറ്റുകൊണ്ടുള്ള പൂജ എന്ന സങ്കല്പത്തിൽ നടത്തുന്ന പൂജയായതുകൊണ്ടാണ് ഇതിനെ എതിരേറ്റുപൂജ എന്നുവിളിയ്ക്കുന്നത്. ഈ സമയത്തുതന്നെയാണ് ക്ഷേത്രത്തിലെ ഉപദേവതകൾക്കുള്ള പൂജകളും ഗണപതിഹോമവും നടക്കുന്നതും. എതിരേറ്റുപൂജ കഴിഞ്ഞാൽ രാവിലെ ഏഴുമണിയോടെ ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാന്മാർ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണ് ശീവേലി. നാലമ്പലത്തിനകത്ത് ഒന്നും പുറത്ത് മൂന്നും എന്ന ക്രമത്തിൽ, എല്ലാ ബലിക്കല്ലുകളിലും ബലിതൂകിവന്ന് അവസാനം വലിയ ബലിക്കല്ലുകളിലും ബലിതൂകിയാണ് ശീവേലി അവസാനിയ്ക്കുക. ശീവേലി കഴിഞ്ഞ് ഏഴരയോടെ പന്തീരടി പൂജ തുടങ്ങും. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തുള്ള പൂജ എന്നാണ് പന്തീരടി പൂജയുടെ അർത്ഥം. ഇതും ആദ്യം തെക്കേടത്താണ് നടത്തുക. ഇതിനുശേഷം പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയോടെ ഉഷഃശീവേലിയുടെ അതേ ചടങ്ങുകളോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് ക്ഷേത്രനട അടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഭഗവാന്മാർക്ക് കർപ്പൂരം കത്തിച്ച് ആരാധന നടത്തുന്ന സമയമാണിത്. ഈ സമയത്തുതന്നെ, ശ്രീകോവിലിനകത്തും പുറത്തുമുള്ള ദീപങ്ങൾ മുഴുവൻ കൊളുത്തിവയ്ക്കുന്നു. രാത്രിസമയത്തെ വരവേൽക്കുന്ന സങ്കല്പത്തിലാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ദീപാരാധന കഴിഞ്ഞാൽ ഏഴരയോടെ അത്താഴപ്പൂജയും ഏഴേമുക്കാലിന് ഉഷഃശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകളോടെ അത്താഴശീവേലിയും നടത്തി രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: കൊടിയേറ്റുത്സവം, നരസിംഹജയന്തി, അഷ്ടമിരോഹിണി, ഏകാദശി, ദ്വാദശി) ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. ഉത്സവത്തിന്റെ സമയത്ത് വിശേഷാൽ താന്ത്രികക്രിയകളുള്ളതിനാൽ അവയനുസരിച്ചുള്ള മാറ്റമുണ്ടാകാറുണ്ട്. ഉത്സവനാളുകളിലും നരസിംഹജയന്തിയ്ക്കും അഷ്ടമിരോഹിണിയ്ക്കും വിശേഷാൽ കാഴ്ചശീവേലികളും എല്ലാമാസവും വരുന്ന ഏകാദശി, ദ്വാദശി നാളുകൾ സന്ധ്യയ്ക്ക് സന്ധ്യവേല എന്ന ചടങ്ങും നടത്തിവരുന്നു. ഉദയാസ്തമനപൂജയുള്ള ദിവസങ്ങളിൽ പതിനെട്ട് പൂജകളാണുണ്ടാകുക. അന്ന് രാത്രി ചുറ്റുവിളക്ക് കഴിഞ്ഞ് നടയടയ്ക്കുമ്പോൾ രാത്രി പത്തുമണിയാകും. ഗ്രഹണദിവസങ്ങളിൽ ഗ്രഹണം തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പേ അടയ്ക്കുന്ന നട, അതുകഴിഞ്ഞ് എല്ലാ ക്രിയകളും നടത്തിയശേഷമേ തുറക്കൂ.

തന്ത്രാധികാരം, ശാന്തിക്കാർ

[തിരുത്തുക]

തുറവൂർ ക്ഷേത്രത്തിലെ തന്ത്രാധികാരം, അമ്പലപ്പുഴ പുതുമന ഇല്ലത്തേയ്ക്കാണ് നൽകിയിരിയ്ക്കുന്നത്. ആദ്യകാലത്ത് ഇവിടെ തന്ത്രിമാരായിരുന്നത് കേരളത്തിലെ ആദ്യ തന്ത്രികുടുംബമെന്ന് വിശ്വസിയ്ക്കപ്പെടുന്ന തരണനെല്ലൂർ മനക്കാർക്കാണ്. തിരുവനന്തപുരത്തെ പദ്മനാഭസ്വാമിക്ഷേത്രം അടക്കം നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിമാരായിരുന്ന ഇവർ, 1936-ലുണ്ടായ ക്ഷേത്രപ്രവേശന വിളംബരത്തിൽ അതൃപ്തരായി ഇവിടത്തെ തന്ത്രമൊഴിഞ്ഞപ്പോഴാണ് പുതുമന ഇല്ലക്കാർക്ക് തന്ത്രം ലഭിച്ചത്. പുതുമന ദാമോദരൻ നമ്പൂതിരിയായിരുന്നു ഈ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ തന്ത്രി. ഇപ്പോൾ അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ് ക്ഷേത്രത്തിൽ താന്ത്രികച്ചുമതലകൾ വഹിച്ചുവരുന്നത്.

കേരളത്തിൽ പുറപ്പെടാശാന്തി സമ്പ്രദായം നിലനിൽക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് തുറവൂർ മഹാക്ഷേത്രം. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുപോകാത്ത ശാന്തിക്കാരെയാണ് പുറപ്പെടാശാന്തി എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഇവിടെ ഇരുഭഗവാന്മാർക്കും പ്രത്യേകം മേൽശാന്തിമാരുണ്ട്. ഇരുവരും പുറപ്പെടാശാന്തിമാരാണ്. കാസർഗോഡ് ജില്ലയിലെ നീലേശ്വരം ഗ്രാമക്കാരായ പത്തില്ലത്തിൽ പോറ്റിമാരിൽ പെട്ടവരാണ് ഇവിടെ മേൽശാന്തിമാരാകുക. ഒരു വിഷു മുതൽ അടുത്ത വിഷു വരെയാണ് ഇവരുടെ കാലാവധി. രണ്ടാഴ്ച ഭജനമിരുന്ന്, ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളെല്ലാം മനസ്സിലാക്കിയശേഷമാണ് മേൽശാന്തിമാർ സ്ഥാനമേൽക്കുക. തന്ത്രിയുടെ കയ്യിൽ നിന്ന് മൂലമന്ത്രം സ്വീകരിച്ചശേഷം, വിശേഷാൽ ക്രിയകളോടുകൂടിയാകും മേൽശാന്തിമാരെ അവരോധിയ്ക്കുക. മേൽശാന്തിമാർക്ക് താമസിയ്ക്കാനായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ കുളപ്പുരയിൽ പ്രത്യേകം മുറികൾ ഏർപ്പാടാക്കിയിട്ടുണ്ട്.

വിശേഷദിവസങ്ങൾ

[തിരുത്തുക]

കൊടിയേറ്റുത്സവം

[തിരുത്തുക]

നരസിംഹജയന്തി

[തിരുത്തുക]

അഷ്ടമിരോഹിണി

[തിരുത്തുക]

പത്താമുദയം

[തിരുത്തുക]

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

[തിരുത്തുക]

ദേശീയപാത എറണാകുളം–ആലപ്പുഴ റൂട്ടിൽ തുറവൂർ ജംൿഷനിൽത്തന്നെയാണ് ക്ഷേത്രം. റോഡിൽനിന്നു നോക്കിയാൽ ക്ഷേത്രം മുഴുവൻ കാണാൻ കഴിയും.

അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തുറവൂർ

അടുത്തുള്ള മറ്റ് പ്രധാന റെയിൽവേ സ്റ്റേഷൻ - ചേർത്തല, എറണാകുളം

വഴിപാടുകൾ

[തിരുത്തുക]

സാധാരണ ശിവക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കണ്ടുവരുന്ന വെടി വഴിപാടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ഇവിടെയും തൃപ്രയാറുമാണ് വെടി വഴിപാട് പ്രധാനമായ കേരളത്തിലെ വൈഷ്ണവക്ഷേത്രങ്ങൾ. കോൺവെടി, ചുറ്റുവെടി എന്നിവയും ഇവിടുത്തെ സവിശേഷതയാണ്. കൂടാതെ പാനകം, പാൽപായസം, ഇടിച്ചുപിഴിഞ്ഞു പായസം,ചതുശ്ശതം,സുദർശനഹോമം തുടങ്ങിയ വഴിപാടുകളുമുണ്ട്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.thuravoortemple.in/mahasudarshanamoorthy.html
  2. https://www.thuravoortemple.in/mahasudarshanamoorthy.html
  3. https://www.thuravoortemple.in/narasimhamoorthy.html
"https://ml.wikipedia.org/w/index.php?title=തുറവൂർ_മഹാക്ഷേത്രം&oldid=4424408" എന്ന താളിൽനിന്ന് ശേഖരിച്ചത്