Jump to content

കാളികുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാളികുളങ്ങര ശ്രീ ഭദ്രകാളി

കേരളത്തിൽ എറണാകുളം  ജില്ലയിൽ വടക്കൻ പറവൂർ സ്ഥിതി ചെയുന്ന ഒരു ഭഗവതി ക്ഷേത്രമാണ്‌ കാളികുളങ്ങര ശ്രീ ഭദ്രകാളി ക്ഷേത്രം. കുളത്തിന്റെ കരയിൽ കാളി സാന്നിധ്യം ഉള്ളതിനാൽ ആണ് ഈ ദേശം കാളികുളങ്ങര എന്നായി അറിയപ്പെടുന്നത് . നന്ത്യാട്ടുകുന്നം ഗ്രാമത്തിന്റെ ഭാഗം ആണ് കാളികുളങ്ങര. ‘കാളികുളങ്ങര മുത്തി’ എന്ന പേരിൽ അറിയപ്പെടുന്ന ഇവിടുത്തെ മാതൃദൈവവും ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളി പ്രസിദ്ധയാണ്. കിഴക്ക് ദർശനമായി ആണ് ദേവി കുടികൊള്ളുന്നത്.

ആദ്യകാലങ്ങളിൽ സ്ത്രീകൾ ആയിരുന്നു പൂജകൾ ചെയ്തിരുന്നത് . കുലാചാര സങ്കല്പത്തിലുള്ള പൂജകളാണ് സ്ത്രീകൾ ചെയ്തിരുന്നത്. ഇന്ന് ദക്ഷിണ വൈദീക സങ്കൽപത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ് ഉണ്ടായത്. വൈദീക സങ്കൽപത്തിൽ ആയതിനു ശേഷം ശ്രീ പറവൂർ ശ്രീധരൻ താന്ത്രിക്കാണ്  പരമ്പരാഗതമായി താന്ത്രിക സ്ഥാനം.

ചരിത്രം

[തിരുത്തുക]
കാളികുളങ്ങര ക്ഷേത്രം

ഇന്ന് കാളികുളങ്ങര സ്ഥിതി ചെയ്യുന്ന നന്ത്യാട്ടുകുന്നം ദേശത്തിന് തെക്ക് മാറി ഒരു ദേശത്തിൽ വസിച്ചിരുന്ന ഒരു വ്യക്തിയുടെ സേവാ മൂർത്തി ആയിരുന്നു ഇന്ന് കാളികുളങ്ങരയിൽ കുടി കൊള്ളുന്ന ശ്രീ ഭദ്രകാളി.

ജന്മിത്വം അടക്കി വാണിടുന്ന നാളിൽ ജന്മിയുടെ  സ്വർഥതക്ക് വേണ്ടി ആ വ്യക്തിയുടെ ഗ്രഹം അഗ്നിക്ക് ഇരയാക്കപെട്ടു. തന്റെ സേവാ മൂർത്തിയോടുള്ള സാധനയുടെ സിദ്ധിയാൽ ഈ അപകടം മുൻകൂട്ടി തിരിച്ചറിഞ്ഞ ആ വ്യക്തി തന്റെ കുടുംബത്തെ ആദ്യം തന്നെ അവിടെ നിന്ന് ദൂരേക്ക് മാറ്റി താമസിച്ചിരുന്നു. ശേഷം തന്റെ സേവാ മൂർത്തിയുടെ സാന്നിധ്യം ഉള്ള ഗ്രഹത്തിൽ കുടിയിരുത്തിയിരുന്ന ശിലയും ആയി അദ്ദേഹവും പാലായനം ചെയ്തു.

നന്ത്യാട്ടുകുന്നം ദേശത്തിൽ എത്തിയ ആ വ്യക്തി ഇവിടെ കാവും കുളവും കാണുകയും കുളത്തിൽ വന്ന് ക്ഷീണം അകറ്റി പോകുവാനും തീരുമാനിച്ചു. അടുത്തു തിരി തെളിയിച്ച കാവ് കണ്ടപ്പോൾ അദ്ദേഹം തന്റെ പക്കലുണ്ടായ ശില കുളത്തിൻ കരയിൽ കുടിയിരുത്തി. കുളത്തിന് അടുത്തായി തെങ്ങിൽ കള്ള് ചെത്തുന്നുണ്ടായിരുന്ന വ്യക്തിയെ വിളിച്ചു അവിടെ നിത്യവും ചെയ്യേണ്ട കാര്യങ്ങളും മറ്റും പറഞ്ഞു കൊടുത്തു. അങ്ങനെ അദ്ദേഹത്തിന്റെ സേവാ മൂർത്തി ആയിരുന്ന ശ്രീ ഭദ്രകാളി നന്ത്യാട്ടുകുന്നത്തിന്റെ ദേശ ദേവതയായി ആ കുളത്തിൻ കരയിൽ വാണു. ആ കുളം ആണ് ഇന്ന് ക്ഷേത്രത്തിന് മുന്നിൽ രണ്ട് നേരവും വിളക്ക് വെക്കുന്ന കുളം.

ആ വ്യക്തി അന്ന് അവിടെ കാണുവാൻ ഇടയായ ചെത്തു കാരന് പറഞ്ഞു നൽകിയ മാതൃകയിൽ ആണ് വലിയവിളക്ക് ഇവിടെ പണ്ടുണ്ടായിരുന്ന വിശ്വകർമ്മ സമുദായത്തിന്റെ സഹായത്തോടെ നിർമിച്ചത്. അദ്ദേഹം പറഞ്ഞു നൽകിയ വിധാനത്തിൽ ആയിരുന്നു ആദ്യം ഈ ദേശത്തിലെ ജനത ദേവിയെ ആരാധിച്ചിരുന്നത്. ആദ്യമായി ഇവിടെ വലിയവിളക്ക് എഴുന്നള്ളിച്ചപ്പോൾ പറവൂർ തമ്പുരാന്റെ ഗൃഹം അഗ്നിക്ക് ഇരയായി എന്ന് ഐതീഹ്യം പറയുന്നു.

കാക്കനാട് തറവാട് , കുറുമുട്ടം തറവാട് , തച്ചേരിൽ തറവാട് ഈ കുടുംബങ്ങൾക്ക് ആയിരുന്നു അവകാശം . ഇതിൽ തച്ചേരി തറവാട്ടിലെ സ്ത്രീകൾ ആയിരുന്നു ആദ്യ കാലങ്ങളിൽ ദേവിയെ പൂജകൾ ചെയ്തിരുന്നത് . ആ രീതിയിൽ അവസാനമായി പൂജകൾ ചെയ്തിരുന്നത് തച്ചേരി തറവാട്ടിലെ തങ്ക ടീച്ചർ ആയിരുന്നു

നിർമ്മാണശൈലി

[തിരുത്തുക]

ആദ്യ കാലഘട്ടത്തിൽ ഒരു കാവായിരുന്നു ഇത് . ഇന്ന്  ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. കിഴക്ക് ദർശനമായി സ്ഥിതി ചെയുന്നു . ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്‌ കുലാചാര മാതൃകയിൽ കവുങ്ങിൻ മരത്തിൽ ആണ് ഉത്സവത്തിനു കൊടിയേറ്റം നടക്കുന്നത്. കാവുകളിൽ ധ്വജപ്രതിഷ്ഠക്ക് സ്ഥാനമില്ല എന്നതാണ് ഇതിന്റെ താന്ത്രിക വശം .  ഈ ക്ഷേത്രത്തിനു മുന്നിൽ  ആലുകളും , കാഞ്ഞിരത്തിന്റെ മരങ്ങളും  ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശ്രീ ഭദ്രകാളിക്കും ഘണ്ടാകർണനും  വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ഘണ്ടാകർണന്റെ ശ്രീ കോവിലിനു നേർക്കാണ് പടിഞ്ഞാർ ദിക്കിൽ   ദർശനം ആയി  ബ്രഹ്മരക്ഷസ്  സ്ഥിതി ചെയ്യുന്നത്.

ശ്രീ ഭദ്രകാളിയുടെ വലതു വശത്തായി കിഴക്കോട്ട് ദർശനമായി വീര ഭദ്രനും സുന്ദരി യക്ഷിയും സ്ഥിതി ചെയുന്നു . ഇടതു വശത്തായി ഘണ്ടാകർണനും ബ്രഹ്മ രക്ഷസും നാഗയക്ഷിയും നാഗ രാജാവും സ്ഥിതി ചെയുന്നു. ശ്രീകോവിലിന്റെ‍ വലതു വശത്തായുള്ള മുറിയിൽ  ഉത്സവത്തിന് മാത്രം ദർശനത്തിനായി എഴുന്നള്ളിക്കുന്ന ശ്രീ ഭദ്രകാളിയുടെ ദാരു വിഗ്രഹം സ്ഥിതി ചെയുന്നു .

പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ദേവി കുടികൊള്ളുന്ന  ക്ഷേത്രക്കുളം ശ്രീകോവിലിലേക്ക് ദർശനമായി സ്ഥിതി ചെയുന്നു ശ്രീ ഭദ്രകാളിയെ സേവിച്ച വ്യക്തി അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ദേവി സാന്നിധ്യമുള്ള ശില ഈ  കുളത്തിൽ ആണ് കുടിയിരുത്തിയത് അത് ഇന്നും ഈ കുളത്തിൽ ഉണ്ട്.

പ്രതിഷ്ഠകൾ

[തിരുത്തുക]

ശ്രീ ഭദ്രകാളി

[തിരുത്തുക]

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആദിപരാശക്തിയുടെ ഭാവമായ ശ്രീ ഭദ്രകാളിയാണ്. കരിങ്കല്ലിൽ  നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം കിഴക്ക് ദിക്കിലോട്ട് ആണ്. അനുഗ്രഹ ഭാവത്തിൽ ദാരുകവധത്തിനു ശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു.

സനാതന ധർമത്തിൽ മുഖ്യമായി ആരാധന ചെയ്തു വരുന്ന മഹാശക്തിയിൽ പ്രമുഖ ശക്തി ആണ് ശ്രീ ഭദ്രകാളി, ഭാരതത്തിൽ ഇത്രയും അധികം ആരാധന ചെയ്തു വരുന്ന മറ്റൊരു ദേവീ ഭാവം ഇല്ല എന്നു തന്നെ പറയണം.

കാശ്മീർ തൊട്ട് കേരളം വരെ, അരുണാചലം തൊട്ട് ഗുജറാത്തു വരെ കാളീ ദേവി വിഭിന്ന രൂപ ഭാവത്തിലും ക്രമത്തിലും പൂജിക്കപ്പെടുന്നു. ദേവിയുടെ ആരാധന തന്ത്ര, വേദം, ശാബരം അഥവാ സംവരം മൂന്ന് വിധിയിലും വിശദമായി ഉണ്ട്.

തന്ത്രത്തിൽ ദേവി ദശ മഹാ വിദ്യയിലെ പ്രധാന ഭഗവതി ആണ്, ദേവിയുടെ ആരാധനാ  ക്രമത്തിന് തന്ത്രത്തിൽ കാളി കുലം എന്ന് പറയും. വേദത്തിൽ മൂല പ്രകൃതി സ്വരൂപിണി ആകുന്നു കാളി ഋഗ് വേദം പത്താം മണ്ഡലത്തിൽ സൂക്തം ഉണ്ട്, കാളീ സൂക്തം എന്ന പേരിൽ, പിന്നേയും ദേവിയെക്കുറിച്ച് പല ഇടങ്ങളിലും പരാമർശം ചെയ്തിട്ടുണ്ട് . ശാബരത്തിൽ ഭാരതത്തിൽ ദേശ ,സ്വഭാഷ അടിസ്ഥാനത്തിൽ അനവധി കാളി ഭാവം, മന്ത്രം, വിധാനം എന്നിവ ഉണ്ട്. ഇതിൽ കേരളത്തിൽ 72 തരം കാളി ഭാവ ആരാധന ഉണ്ടായിരുന്നു .ക്രമം, മന്ത്രം, ഭാവം കുറിച്ച് ഒന്ന് ചിന്തിച്ചാൽ കേരളത്തിൽ കാളി ആരാധന വൈദിക, താന്ത്രിക, ശാബര ഇങ്ങനെ മൂന്ന് ക്രമം ഉണ്ട്. ഭദ്രകാളി ആരാധനയിൽ ദേവിയുടെ തന്നെ നാല് ഭാവവും ക്രമവും  ഭാരത ത്തിൽ ഉണ്ട് -

1 മഹിഷ ജിത്

2 ദക്ഷ ജിത്

3 ദാരിക ജിത്

4 രുരു ജിത്.

ഇങ്ങനെ നാല് സന്ദർഭത്തിൽ ദേവി ശ്രീ ഭദ്രകാളി വിഭിന്ന ഭാവങ്ങളിൽ ആവിർഭവിച്ചു. ശ്രീ ഭദ്രകാളി ഭാവം ഈ നാല് ക്രമത്തിനും മന്ത്രം, പൂജ, ധ്യാനം, സാധന ക്രമം എന്നിവ വ്യത്യസ്ഥമാണ് ഇതിൽ കേരളത്തിൽ ദാരികജിത്, രുരുജിത്  എന്ന ഭാവമാണ് മുഖ്യത. കാളികുളങ്ങരയിൽ ദാരിക ജിത് വധത്തിനായി അവതരിച്ച രൗദ്ര ദേവി ഭാവമാണ് എങ്കിലും സ്ത്രീയുടെ സ്ഥായി ഭാവം മാതൃഭാവമായി കണ്ട് ആരാധിക്കുന്നു .

കേരളത്തിൽ ഒരു വളരെ ചുരുക്കം  ക്ഷേത്രത്തിൽ മാത്രം നില നിൽക്കുന്ന ഇരുപത്തെട്ടു ഉച്ചാൽ ഗുരുതിയും ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗുരുതിയും ഏഴു ദിവസത്തെ നദ അടപ്പ് കണക്കിൽ എടുത്താൽ താന്ത്രികമായി ഇത് രൗദ്ര ഭാവ സങ്കല്പമാണ് എന്ന് മനസിലാക്കാം.

കാളിയുടെ കുളം

[തിരുത്തുക]

ക്ഷേത്രത്തിനു തൊട്ട് മുന്നിലായി പടിഞ്ഞാറു ദർശനമായി ആണ് ദേവിയുടെ ചൈതന്യമുള്ള ക്ഷേത്രക്കുളം സ്ഥിതി ചെയുന്നത്. ഇതിനു മുന്നിലായി രണ്ടു നേരവും ദീപം തെളിയിക്കുന്നു . ശ്രീ ഭദ്രകാളിയെ സേവിച്ച വ്യക്തിയുടെ   പക്കലുണ്ടായിരുന്ന ദേവി സാന്നിധ്യമുള്ള ശില ഈ  കുളത്തിൽ ആണ് സ്ഥിതി ചെയുന്നത്. ഈ കുളത്തിലെ ജലമാണ് ക്ഷേത്രത്തിലെ നേദ്യങ്ങൾക്കും ഉത്സവത്തോട് അനുമബന്ധിച്ചു ജനങ്ങൾ തെണ്ട് ചുടുന്നതിനും പൊങ്കാല അർപ്പിക്കുന്നതിനും ഉപയോഗിക്കുന്നത്

ദാരു വിഗ്രഹം

[തിരുത്തുക]

ശ്രീ ഭദ്രകാളിയുടെ വരിക്ക പ്ലാവിൽ നിർമിച്ച വിഗ്രഹമാണ് ക്ഷേത്രത്തിലെ ദാരു വിഗ്രഹം. ഉത്സവത്തിന് മാത്രമാണ് ദർശനം ഉള്ളത്. വലിയവിളക്ക് എഴുന്നള്ളിക്കുന്നതിനു മുന്നോടി ആയി ശ്രീകോവിലിൽ നടക്കുന്ന താലത്തിനു ദാരു വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിക്കുകയും ശ്രീകോവിലിനു വലം വെക്കുകയും ചെയുന്നു. ഈ സമയത്തു മാത്രമേ ദാരു വിഗ്രഹ ദർശനമുള്ളു. വൈദീക ആചാരത്തിൽ ആവുന്നതിനു മുൻപ് ക്ഷേത്രത്തിൽ  പ്രധാന പ്രതിഷ്ഠയായി സ്ഥാപിച്ചിരുന്നത് വരിക്ക പ്ലാവിൽ കൊത്തിയെടുത്ത ശ്രീ ഭദ്രകാളി യുടെ ദാരു വിഗ്രഹമായിരുന്നു.

വീരഭദ്രൻ

[തിരുത്തുക]

കാളികുളങ്ങരയിൽ ശ്രീ ഭദ്രകാളിക്ക് വലതു ഭാഗത്തായി കിഴക്കോട്ട് ദർശനം ആയി വീരഭദ്രൻ കുടി കൊള്ളുന്നു.  ഭഗവാൻ ശിവന്റെ 64 അവതാരങ്ങളിൽ ഒന്ന് ആയ ദക്ഷ അന്തക മൂർത്തി ആയിട്ടാണ്  അത്യുഗ്ര  വീര ഭദ്രൻ കാളികുളങ്ങര സ്ഥിതി ചെയ്യുന്നത്.

പശുവിൻ പാലിൻ്റെ വർണ്ണത്തോട് ദേഹ പ്രഭ കൂടിയവനും കൈയിൽ പരശു, ഡമരു, ഖഡ്ഗം, ഘേടം, കപാലം, ത്രിശൂലം, അഭയം, വരദം എന്നിവ അഷ്ട ഭുജങ്ങളിൽ ധരിച്ച് തൃക്കണ്ണോടു കൂടി പുലിത്തോൽ അണിഞ്ഞ് വേതാളത്തിൽ ആരൂഢനായി ഊർദ്ധ്വ ജടയോടെ ചന്ദ്രക്കല അണിഞ്ഞ് സർവ്വാഭരണ വിഭൂഷിതനായി തീക്ഷ്ണതയോടെയാണ് രൂപമാണ് വീരഭദ്രൻ്റെതു

പുരാണങ്ങൾ പറയുന്നതു ഭഗവാൻ വീര ഭദ്രൻ ശ്രീ മഹാദേവന്റെ ജടയിൽ നിന്നും സതീ ദേഹ ത്യാഗത്തിന് ശേഷം ദക്ഷ യജ്ഞ നാശനം ചെയ്യാനായി ശ്രീ ദക്ഷ ജിത് ഭദ്രകാളി ദേവി സഹിതം ഉത്ഭവിച്ചു . ശേഷം ദക്ഷ യാഗ ധ്വംസനം ചെയ്‌ത് സകല ശിവ ഗണങ്ങളുടേയും നാഥനായി ഭവിച്ചു എന്നാണ്

വീര ഭദ്രൻ ദക്ഷിണ ആമ്നായ വിദ്യ ആകുന്നു.ശക്തി ആയി ശ്രീ ഭദ്രകാളി ദേവിയെ ആകുന്നു എടുക്കുന്നത് . വീര ഭദ്രൻ വാമം ദക്ഷിണം എന്നീ രണ്ട് മാർഗ്ഗത്താലും പൂജിതമാകുന്നു.ശിവൻ്റെ അംഗവിദ്യ ആയും ശ്രീ ഭദ്രകാളിയുടെ അംഗ വിദ്യയായും വീര ഭദ്രന്റെ ഉപാസന ഉണ്ട്. ദശ മഹാ വിദ്യയിൽ ഭഗവതി മാതംഗിയുടെ മുഖ്യ അംഗ വിദ്യ ആയി വീര ഭദ്രനെ എടുക്കുന്നു.

വീര ഭദ്രൻ എന്ന വാക്കിൻ്റെ അർത്ഥം പോലെ സമ്പൂർണ്ണ വീര ഭാവത്തോടു കൂടി സാധകന്റെ രക്ഷ ചെയ്യുന്ന ശക്തി ആകുന്നു വീരഭദ്രൻ ഒരു ഉപാസകൻ്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വീരത ഉണർത്തി അവനെ ഒരു വീര സാധകൻ ആക്കാൻ വീര ഭദ്ര ഉപാസന കൊണ്ട് കഴിയും, ചിത് കുണ്ഡലിനിയുടെ ഈ സ്വരൂപം സമസ്ത സംസാര പാശങ്ങളെ ഭസ്മമാക്കി പശു വികാരങ്ങളെ ഇല്ലാതാക്കി യഥാർത്ഥ ബ്രഹ്മ ബോധമാകുന്ന ശിവ തത്ത്വത്തിൽ ഒരു സാധകനെ ഈ തത്ത്വം നയിക്കും

കേരളം ഭദ്രകാളിയുടെ തട്ടകമാണ് ശ്രീ ഭദ്രകാളി ഉള്ളപ്പോൾ തീർച്ചയായും വീര ഭദ്രനും ഉണ്ട്, ഭദ്രകാളിയുടെ ഉപാസനാ അംഗമായി വീരഭദ്ര പൂജ അനിവാര്യമാണ്, ഭദ്രകാളിയുടെ പുരുഷ സ്വരൂപമായാണ് വീരഭദ്രനെ പറയുന്നത് ഭദ്രകാളിയുടെ ഭൈരവനായി വീരഭദ്രനെ ആണ് എടുക്കുന്നത്, കാളികുളങ്ങരയിലെ ശ്രീ ഭദ്രകാളി വീരഭദ്രനോട് കൂടി ഉള്ള രൗദ്ര ഭാവം ഉള്ള ദേവി ആയാണ് താന്ത്രികത്തിൽ കാണുന്നത്.

സുന്ദരി യക്ഷി

[തിരുത്തുക]

എവരും കേട്ടു പഴകിയതും എപ്പൊഴും ഭയപ്പാടിൽ മാത്രം കേൽക്കുന്നതായ ഒരു വാക്കാണു യക്ഷി, ഒരെ സമയം ഭയവും അതേ സമയം ഉള്ളിൽ ഒരു കാമവും ഉളവാക്കുന്ന കഥകൾ പലതും മുത്തശ്ശിമാരിൽ നിന്നും പലരും പറഞ്ഞാവർത്തിച്ച കഥകളിൽ കൂടിയും അറിഞ്ഞതാണ്.

കാളികുളങ്ങരയിൽ ശ്രീ ഭദ്രകാളിക്ക് വലത് ഭാഗത്തായി വീര ഭദ്രന്റെ തറയോട് അടുത്തായി കിഴക്കോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന മൂർത്തിയാണ് സുന്ദരിയക്ഷി.

ഇവിടെ ഉപ ദേവത അല്ലെങ്കിൽ അർദ്ധ ദേവത സങ്കല്പം ആകുന്നു സുന്ദരയക്ഷി. യക്ഷകുലം ബ്രഹ്മ ദേവനിൽ നിന്നും തന്നെ സൃഷ്ടിയുടെ ആരംഭത്തിൽ ഉണ്ടായതാണ് .കുബേര ദേവൻ തൊട്ട് ആകുന്നു യക്ഷകുലത്തിന് കീർത്തി ഇത്രയും വ്യാപിച്ചത് കുബേര ദേവൻ ഋഷി വിശ്രവസ്സ് മഹർഷിയുടെ പുത്രൻ ആകുന്നു. അദ്ധേഹം, ശിവ, ബ്രഹ്മ, ദേവി സാധനാ ശക്തിയാൽ യക്ഷരാജ പദം കരസ്ഥ മാക്കി,ശേഷം യക്ഷ ശക്തി വൃദ്ധി ഉണ്ടാകുകയും, യക്ഷ സാമ്രാജ്യം വ്യാപകമായി വ്യാപിപിച്ചു. കുബേരൻ തന്റെ തപോ ബലത്താൽ ദിക്പാലൻ, നിധീശ്വരൻ എന്ന സംജ്ഞ നേടി എടുത്തു,കുബേരൻ യക്ഷ കുലത്തിലെ രാജാവാകുന്നു. കുബേര ആജ്ഞാനുസൃതമാണ് യക്ഷിണിമാർ

യക്ഷിണിയും, യക്ഷനും ഉപ ദേവത വർഗ്ഗത്തിൽപ്പെടുന്ന മഹാ ശക്തി സ്വരൂപങ്ങൾ ആകുന്നു ,ഇവർ കുബേര ദേവന്റെ സേവകരാണു പുരുഷ രൂപത്തെ  യക്ഷനെന്നും, സ്ത്രീ രൂപത്തെ യക്ഷിണിയും എന്നറിയപ്പെടും ഭഗവാൻ ശിവന്റേയും ദേവി പരാശക്തിയുടെയും പ്രീയ സേവകർ  കൂടിയാണിവർ

ധനത്തിന്റെ രക്ഷകർ ആയി  യക്ഷിണി യക്ഷൻമാർ അറിയപ്പെടുന്നു. തന്ത്ര വിദ്യയുടെ മഹാരഥികൾ ആണിവർ. ഓരോ മഹാ വിദ്യക്കും സേവിക ആയി യക്ഷിണിമാർ ഉണ്ട്. 64 യോഗിനികളിൽ ഇവർ ഒന്നാകുന്നു ,ഈ യക്ഷിണി ആകുന്നു സാധകരുടെ അഭീഷ്ട സിദ്ധി ഫലത്തിൽ വരുത്തുക ഈ യക്ഷിണികൾ അല്ലാതെ മുപ്പത്തി ആറ് മുഖ്യ യക്ഷിണിമാരെ കുറിച്ച് തന്ത്ര ശാസ്ത്രം പറയുന്നു. ഇവ കൂടാതെ കേരളത്തിൽ തനതായ യക്ഷിണീ സങ്കല്പങ്ങൾ ഉണ്ട് അതിൽ ഉൾപ്പെടുന്ന ഒരു യക്ഷിണി മൂർത്തി ആയാണ് കാളികുളങ്ങരയിലെ സുന്ദരി യക്ഷി കൈയിൽ കണ്ണാടിയും, വെറ്റിലയും എടുത്ത് നിൽക്കുന്ന സങ്കല്പമാണ് സുന്ദരി യക്ഷി മൂർത്തിക്ക് ഉള്ളത് . ദാമ്പത്യം , കല , ധനം  എന്നിവയുമായി ബന്ധപ്പെട്ട ഒരു ദേവത  ആയിട്ടാണ് കാളികുളങ്ങരയിൽ സുന്ദര യക്ഷി സ്ഥിതി ചെയുന്നത്

നാഗ യക്ഷിയും നാഗ രാജാവും

[തിരുത്തുക]

നാഗങ്ങൾ ഇതര യോനിയിൽപ്പെട്ട ഒരു മഹാശക്തിയാണ്.ഇവരുടെ ഉൽപ്പത്തി കശ്യപമഹർഷിയും അദ്ദേഹത്തിന്റെ പത്നി  കദ്രുവിലും വിനതയിലും നിന്നും ആണെന്നാണ് പറയുന്നു. വരദാനവും, നിഗ്രഹവും നാഗ വിദ്യകൾ കൊണ്ട്  കഴിയും .നാഗങ്ങൾ യോഗതന്ത്രത്തിൽ കുണ്ഡലിനീപ്രതീകമാണ്. നാഗങ്ങളിൽ പുരുഷ,സ്ത്രീ,നപുംസക ഇങ്ങനെ മൂന്ന് ലിംഗം ഉണ്ട്. പുരുഷനാഗത്തെ നാഗരാജൻ എന്നും സ്ത്രീയെ നാഗയക്ഷി,നാഗിനി,നാഗറാണി എന്നുമെല്ലാം വിളിക്കും.ശൈവ,വൈഷ്ണവമായിട്ടാണ് മുഖ്യമായും നാഗപൂജാ കർമ്മം.

കാളികുളങ്ങരയിൽ ശ്രീ ഭദ്രകാളിക്ക് ഇടതു വശത്തായി കിഴക്ക് ദർശനമായി നാഗ യക്ഷിയും നാഗ രാജാവും സ്ഥിതി ചെയുന്നു . എല്ലാ മലയാള മാസവും ആയില്യം പൂജ നടത്തുന്നു.

ഘണ്ടാകർണൻ

[തിരുത്തുക]

കാളികുളങ്ങര ശ്രീ ഭദ്രകാളിയുടെ ഇടതു ഭാഗത്തായിട്ട് കിഴക്ക് ദർശനമായി ആണ് ഘണ്ടാകർണൻ സ്ഥിതി ചെയുന്നത്. ശിവ കലയായിട്ടുള്ള  ഒരു മൂർത്തിയാണ് ഘണ്ടാകർണൻ, ഐതീഹ്യത്തിൽ ശിവപുത്രിയായ ഭദ്രകാളിയുടെ വസൂരി  ഇല്ലായ്മ ചെയ്യാൻ മഹേശ്വരന്റെ കണ്ഠത്തിൽ രൂപമെടുത്ത് കര്ണരത്തിലൂടെ പുറത്തുവന്ന മൂര്ത്തി യാണ് ഇത് . പൂർണമായും ദക്ഷിണ വൈദീക സംബ്രദായത്തിൽ ആകുന്നതിന് മുൻപ് വരെ ദ്രാവിഡ കുലാചാര സങ്കല്പത്തിൽ ഘണ്ടാകർണന് കള്ളും  കലശവും നടത്തിയിരുന്നു . പിന്നീട് ഇത് നിർത്തലാക്കി. കാളികുളങ്ങരയിലെ പ്രത്യേക വഴിപാടായ തെണ്ടു നിവേദ്യം എവിടെ ഘണ്ടാകർണൻ മൂർത്തിക്കായി ആണ് നേദിക്കുന്നത്

ആദിനാഥനെ  ആരാധിക്കുന്ന ജൈന മത വിഭാഗത്തിൽ  52 വീരൻ മാരിൽ ഒരു വീരനായി  ഘണ്ഡകർണ വീരനെ ആരാധിക്കുന്നു  ഇതിനു പ്രേത്യേക ഗ്രന്ഥം ഉണ്ട് ഇവർക്ക് ഇടയിൽ

ബ്രഹ്മരക്ഷസ്

[തിരുത്തുക]

ക്ഷേത്ര ഭൂമിയുടെ പൂർവികർ ആയ ഉടമസ്ഥർ ആയിട്ടുള്ള ഉപാസകൻ മാരും , ബ്രഹ്മജ്ഞാനി കളും ആയ ഗുരു കരണവന്മാരുടെയും  (ജാതി അല്ല) ആത്മാംശം ഭൂമിയിൽ സാനിദ്യം ഉണ്ടാവുന്നു  പിൽക്കാലത്ത് ആ ഭൂമിയിൽ അല്ലെങ്കിൽ ആ കുടുംബത്തിൽ  വസിക്കുന്ന ചിലർക്ക് എങ്കിലും ആ സാന്നിധ്യം അനുഭവപ്പെടുന്നു . ബ്രഹ്മത്തിൽ ലയിക്കാതെ പകുതിയിൽ ദുർമരണം  സംഭവിച്ചത്, ബ്രഹ്‌മതത്തെ അറിയാനുള്ള യോഗ്യത സിദ്ധിച്ചവൻ ഉപാസകൻ, എന്നർത്ഥം, ബ്രഹ്മണൻ എന്നാൽ ബ്രഹ്മണ ജാതി അല്ല എവിടെ അർദ്ധം വരുന്നത് . ശിവാംശം ആയും പ്രേതാംശം ആയും കാണാറുണ്ട് . കാളികുളങ്ങരയിൽ ഇത് വൈഷ്ണവ കലയായി കാളികുളങ്ങര ശ്രീ ഭദ്രകാളിയെ  ഈ ഗ്രാമത്തിൽ കുടിയിരുത്തിയ ഉപാസക സങ്കല്പത്തിൽ ആരാധിക്കുന്നു .

ശ്രീ ഭദ്രകാളിയെ സേവിച്ചിരുന്ന ആ വ്യക്തിയെ ഗുരുവായി സങ്കല്പിച്ചുകൊണ്ടു പൂജകൾ നടത്തിയ ശേഷമാണു ക്ഷേത്രത്തിലെ പ്രധാന പൂജ കർമ്മങ്ങൾ പൂർവികമായി നടത്തി വരുന്നത്

പണ്ട് സ്ത്രീകൾ ആയിരുന്നു പൂജാദി കർമ്മങ്ങൾ ചെയ്തിരുന്നത് എന്ന പ്രത്യേകത കാളികുളങ്ങര ക്ഷേത്രത്തിനുണ്ട് . കുലാചാര രീതിയിൽ ചെയ്തിരുന്ന പൂജകൾ ആയിരുന്നു പണ്ട് ചെയ്തിരുന്നത്. അവസാനമായി ഈ രീതിയിൽ പൂജകൾ ചെയ്തിരുന്നത് തച്ചേരി തറവാട്ടിലെ തങ്കമ്മ ടീച്ചർ ആയിരുന്നു .  പിന്നീട് ദക്ഷിണ വൈദീക സമ്പ്രദായത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു . ഇന്ന് ദക്ഷിണ വൈദീക രീതിയിൽ ആണ് പൂജകൾ . താന്ത്രിക സ്ഥാനം ശ്രീ പറവൂർ ശ്രീധരൻ താന്ത്രിക്ക് ആണ്. ഇപ്പോൾ അദ്ദേഹത്തിന്റെ കാല ശേഷം മകൻ ശ്രീ പറവൂർ രാകേഷ് തന്ത്രി സ്ഥാനം നിർവഹിക്കുന്നു

ഗുരുതി

[തിരുത്തുക]

ദക്ഷിണഭാരതത്തിൽ ആര്യന്മാരുടെ ആഗമനത്തിനു ശേഷം വന്ന  ദക്ഷിണ വൈദീക സമ്പ്രദായം ജനിക്കുന്നതിനു മുൻപ് തന്നെ ഗുരുതി കർമ്മങ്ങൾ കാവുകളിലും മാന്ത്രിക താന്ത്രിക കർമ്മങ്ങളിലും നടത്തിയിരുന്നു. ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഇന്നും ദക്ഷിണ വൈദീക സമ്പ്രദായത്തിന്റെ ഭാഗമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ശാക്തേയ , കുലാചാര ഭാഗമായി നടന്നിരുന്ന കോഴി ബലി (കുരുതി)യുടെ മറ്റൊരു രൂപമാണ് ഇന്നത്തെ ദക്ഷിണ വൈദീക സമ്പ്രദായത്തിലെ ഗുരുതി.

കാളികുളങ്ങര ക്ഷേത്രത്തിൽ ഗുരുതിക്ക് വളരെ പ്രാധാന്യമുണ്ട് . ശ്രീ ഭദ്രകാളിക്ക് ഇടതു വശത്തായി വടക്ക് ഭാഗത്താണ് ഗുരുതിക്ക് വേണ്ടിയുള്ള ഗുരുതി കളം ഒരുക്കുന്നത് . വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ പന്തം തെളിയിച്ചു വെക്കുന്നു . പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കു സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ ഗുരുതി  നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതികർമ്മം നടത്തുക . ഇതിൽ  8, 16, 64 എന്നീകണക്കുകളാണ് പന്തത്തിന്റെ എണ്ണം   ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു.അതിനു ശേഷം മാവും വാഴയും വെട്ടുന്നു ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.

സാധാരണ ഗുരുതി മൂന്ന് തരത്തിലുണ്ട് അവ വെൺഗുരുതി, ചെങ്കുരുതി, കടുംഗുരുതി എന്നിവയാകുന്നു. ഗുരുതിക്ക് കുരുസി എന്നും പാഠഭേദമുണ്ട്. അരിമാവ് കലക്കി ഉണ്ടാക്കുന്നതാണ് വെൺഗുരുതി. ചെങ്കുരുതിയിൽ മഞ്ഞൾപൊടിയും ചുണ്ണാമ്പും ഒരു പ്രത്യേക അനുപാതത്തിൽ ചേർക്കുന്നു. അല്പം ശർക്കരകൂടി ചേർത്ത് രൂക്ഷത കുറച്ചും ഗുരുതി നടത്താറുണ്ട്. കടുംഗുരുതിയിൽ മഞ്ഞൾപൊടിയും, ചുണ്ണാമ്പും പുറമേ ചിരട്ടകരിയും നിണ സങ്കല്പത്തിൽ നരികുമ്പളങ്ങയും ചേർത്ത് കാണാറുണ്ട്. ഭദ്രകാളിയുടെ ഭൂതഗണങ്ങൾക്ക് രക്തം കൊടുക്കുക എന്ന സങ്കൽപത്തിലാണ് ഗുരുതിതർപ്പണം. ഭദ്രകാളി  സങ്കല്പത്തിലാണ് ഭദ്രകാളിക്ക് ഗുരുതി തർപ്പിക്കുക.

അഞ്ച് യാമങ്ങളിൽ ഒരു യാമം എന്നു വച്ചാൽ മൂന്നേമുക്കാൽ നാഴികയെന്നും, എഴരനാഴികയെന്നും, പത്തുനാഴികയെന്നും പാഠഭേദമുണ്ട്.. ഇതിൽമൂന്നാമത്തെ പാഠം സ്വീകരിച്ചാൽ നട്ടുച്ചയ്ക്ക് നടത്തുന്ന വലിയഗുരുതി ജ്യേഷ്ഠായാമത്തിൽവരും, ജ്യോതിശാസ്ത്രപരമായി പറഞ്ഞാൽഇത് അഭിജിത്ത് മുഹൂർത്തം ആണ്. ലോകത്തുള്ള സമസ്ത ദോഷങ്ങളെയും മഹാവിഷ്ണു തൻറെ സുദർശന ചക്രം കൊണ്ട് മറച്ചു പിടിക്കുന്ന സമയം. ഈ സമയത്താണ് വലിയഗുരുതി തർപ്പണം ചെയ്യപ്പെടുന്നത്.

കാളികുളങ്ങരയിൽ മറ്റ് ക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായി മകരമാസത്തിലെ 28 ന് ഉച്ചക്ക് ക്ഷേത്രത്തിന്റെ അകത്തായി നടക്കുന്ന ഗുരുതി ഉണ്ട് . ഉച്ചക്ക് ഗുരുതി നടത്തുന്ന അപൂർവ്വക്ഷേത്രം കൂടിയാണ് ഇത്.  ഇരുപത്തിയെട്ടുച്ചാൽ  ഗുരുതി എന്നാണ് ഈ ഗുരുതി ഇവിടെ അറിയപെടുന്നത് . മഞ്ഞൾപൊടിയും ചുണ്ണാമ്പും ചേർത്ത് നിണ സങ്കല്പത്തിൽ ചെങ്കുരുതിയാണ് ഇവിടെ പതിവ്

വലിയവിളക്ക്

[തിരുത്തുക]
കാളികുളങ്ങര വലിയ വിളക്ക്

ദേശ ദേവതയായ ശ്രീ ഭദ്രകാളിയോടുള്ള വിശ്വകർമ്മ സമുദായത്തിന്റെ ആരാധനയുടെ പ്രതീകമാണ് വലിയവിളക്ക് . പക്കോഡ ആകൃതിയിൽ തേക്കിന്റെ തടി കൊണ്ടുണ്ടാക്കിയ വിളക്കിൽ ഉത്സവത്തിന് കവുങ്ങിൻ മരം കൊണ്ടും വാഴ പോളകൾ കൊണ്ടും തട്ടുകൾ ഉണ്ടാകുന്നു . ഇത്തരത്തിൽ 7 നിലയുള്ള തടുക്കൾ കൊണ്ടുന വലിയൊരു വിളക്കാണ് വലിയവിളക്ക് എന്ന് അറിയപ്പെടുന്നത് . ആദ്യകാലങ്ങളിൽ 12 നിലയുണ്ടായിരുന്ന വിളക്കായിരുന്നു ഇത് . ഇന്ന് 12 തട്ടുകളിൽ ആണ് നിർമ്മാണം. വിശ്വകർമ്മ സമുദായത്തിൽ പെട്ടവരുടെ കരവിരുതിന്റെ പ്രതീകം കൂടിയാണ് ഈ വിളക്ക് .  വളരെ വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന രണ്ട് ജ്യേഷ്ഠനുജന്മാർ ആയിരുന്ന തച്ചൻ മാരായിരുന്നു ദേവിയോടുള്ള ആദര സൂചകമായി ഈ വിളക്ക് നിർമിച്ചത് .

ബ്രഹ്മ മുഹൂർത്തത്തിൽ തിരി തെളിയിപിച്ചുകൊണ്ട് ദേശത്തിലെ ജനങ്ങൾ ഈ വിളക്ക് ക്ഷേത്രത്തിനെ വലം വെപ്പിക്കുന്നു . 7 മുതൽ 12 വലത്തു വരെ വെക്കാറുണ്ട് അത് തീരുമാനിക്കുന്നത് വിളക്ക് എടുക്കുന്ന ജനങ്ങളാണ്

വലിയ വിളക്ക് എഴുന്നള്ളിപ്പ്

വലിയവിളക്കിൽ തെളിയിക്കുവാൻ ഉപയോഗിക്കുന്ന തിരിക്കും ഒരു പ്രത്യേകതയുണ്ട് . 41 ദിവസം മുൻപ് ഉത്സവത്തിന് കൊടികയറുന്നതു മുതൽ ആരംഭിക്കുന്നതാണ് ഈ തിരിയുടെ നിർമ്മാണം . എള്ള് എണ്ണയിൽ മുക്കി ഇടുന്ന തിരി തുണികൾ രാവിലെ വെയിലിൽ വെച്ചുണക്കുന്നു പിന്നീട് ശുദ്ധമായ എള്ള് എണ്ണയിൽ ഇടുന്നു ഇത്തരത്തിൽ ഓരോ ദിവസവും ഈ പ്രക്രിയ തുടരുന്നു . 1001 തിരികൾ ആണ് ഇത്തരത്തിൽ ഉണ്ടാക്കുന്നത് ഒരെണ്ണം ഏറ്റവും മുകളിൽ കാണുന്ന "തല പന്തം " എന്നറിപെടുന്ന വലിയ തിരയാണ് . വളരെയധികം കായിക ക്ഷമത വേണ്ടിവരുന്ന ഒന്നാണ് വലിയ വിളക്ക് എഴുന്നള്ളിക്കുന്നത്

ജനങ്ങൾ വലത്തു വെച്ച് കഴിയുന്ന വിളക്കിന്റെ ചെറു തിരികൾ ജനങ്ങൾ ശേഖരിച്ചുകൊണ്ടു പോകുന്നു . വലിയ തിരി മാത്രം ബാക്കി വെക്കുന്നു . ഈ തിരി ദിവസങ്ങളോളം തെളിഞ്ഞു നിൽക്കാറുണ്ട്. കുംഭം 12 തീയതി ആണ് വലിയവിളക്ക് എഴുന്നള്ളിപ്പ് നടക്കുന്നത്  

വീര ഭദ്രന്റെ എഴുന്നള്ളിപ്പ്

[തിരുത്തുക]

കാളികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിലായി സ്ഥിതി ചെയുന്ന  കുടുംബി വിഭാഗത്തിന്റെ ആരാധനാ ക്ഷേത്രമാണ് കുടുംബി ശ്രീ ഭദ്രകാളി - വീര ഭദ്രൻ ക്ഷേത്രം . നിത്യ പൂജയില്ലാത്ത മാസത്തിൽ മാത്രം കുലാചാര രീതിയിൽ തന്നെ  പൂജയുള്ള ക്ഷേത്രമായിരുന്നു ഇത് . ഇന്ന് ദക്ഷിണ വൈദീക സംബ്രദായത്തിൽ ആരാധിക്കുന്നു . ശിലാ പ്രതിഷ്ഠ ഇല്ലാ തെ പീഠം വെച്ചുള്ള ആരാധനാ ക്രമം ആണ് ഇന്നും ഇവിടെ ഉള്ളത് .

കാളികുളങ്ങര ക്ഷേത്രത്തിന്റെ അവസാന ദിവസത്തിൽ ഈ ക്ഷേത്രത്തിൽ നിന്നും വീര ഭദ്രന്റെ തടിയിൽ പണിത ഒരു വലിയ  വിഗ്രഹം കാളികുളങ്ങര ക്ഷേത്രത്തിലേക്ക് ആഘോഷത്തോടെ എഴുന്നള്ളിക്കും ശേഷം ക്ഷേത്രത്തിനു മുന്നിൽ ഈ ആഘോഷം അവസാനിപ്പിക്കുന്നു .  ദേശ ദേവതയായ ശ്രീ ഭദ്രകളിക്കുള്ള കുടുംബി സമുദായത്തിന്റെ ആദരവാണ് ഈ ചടങ്ങിലൂടെ ഉത്സവത്തിന് അരങ്ങേറുന്നത്.

താലം എഴുന്നള്ളിപ്പ്

നാരിയിൽ ദേവി ഭാവം എന്ന സങ്കല്പത്തിൽ വിവിധ ദേശങ്ങളിൽ നിന്നുമായി കാളികുളങ്ങര ശ്രീ ഭദ്രകാളിക്കുള്ള സ്ത്രീകളുടെ സമർപ്പണമാണ് താലം . ദേവി ഭാവത്തിൽ അണിഞ്ഞൊരുങ്ങി കയ്യിലെ തട്ടത്തിൽ ദേവിക്ക് സമർപ്പിക്കുവാനുള്ള അരി , ഫലങ്ങൾ, എണ്ണ  തുടങ്ങിയ ഒരുക്കി നടന്നു കൊണ്ടുവരുന്ന ചടങ്ങാണ് ഇത് . പ്രധാന ഉത്സവം ആരംഭിക്കുന്ന അന്ന് മുതൽ ഓരോ ദിവസവും സമീപ ദേശങ്ങളിൽ നിന്നുമായി ഇത് കൊണ്ടുവരുന്നു . ഇത് കൂടാതെ പ്രത്യേകമായി  നടത്തുന്ന താലം ഉത്സവ സമാപന ദിനം ദാരു വിഗ്രഹം എഴുന്നള്ളിക്കുമ്പോൾ ക്ഷേത്രത്തിന് അകത്തായി നടക്കുന്ന താലം ആണ് " അകത്തെ താലം " എന്നറിയപ്പെടുന്ന താലം

വഴിപാടുകൾ

[തിരുത്തുക]

പ്രധാനവഴിപാട് തെണ്ട് നിവേദ്യവും പൊങ്കാലയും  ചൂൽ വഴിപാടും ആണ് .

തെണ്ട്

കവുങ്ങിൻ പാള വെള്ളത്തിൽ കുതിർത്തി വൃത്തിയാക്കി അതിൽ അരിപൊടി , ഉരുക്കിയ ശർക്കര, മഞ്ഞൾ , തേങ്ങ കൊത്തുകൾ ചുക്ക് എന്നിവ പ്രത്യക  അനുപാതത്തിൽ ക്ഷേത്രത്തിലെ ദേവി സാന്നിദ്യം ഉള്ള കുളത്തിലെ ജലം  ചേർത്ത് കുഴച് പാളയിൽ പ്രത്യേക രീതിയിൽ കെട്ടി ക്ഷേത്ര മുറ്റത്തായി മണ്ണ് കൂട്ടി അതിനടിയിൽ വെച്ചുകൊണ്ട് മുകളിൽ തീ ഇടുന്നു . മണിക്കൂർ നേരം വേണ്ട പ്രക്രിയ ആണ് തെണ്ടു നിവേദ്യം ഉണ്ടാക്കുന്നത് . ശേഷം ഇത് ദേവിക്ക് വലം വെച്ചുകൊണ്ട് ഘണ്ടാകർണൻ മൂർത്തിയുടെ നടയിൽ സമർപ്പിക്കുന്നു.

പൊങ്കാല

അരി, ശർക്കര, പഴം , ചുക്ക് എന്നിവ ചേർത്ത് ക്ഷേത്ര കുളത്തിലെ ജലത്തിൽ പാകം ചെയ്‌തെടുക്കുന്ന പായസം നിവേദ്യമാണ് പൊങ്കാല . പാകം ചെയ്യുന്നതിന് മുൻപ് അരി ദേവിയുടെ നടയിൽ കൊണ്ടുപോയി വീത് വെക്കുന്നു

ചൂൽ വഴിപാട്

സ്ത്രീകൾ സ്വയം നിർമിച്ചെടുക്കുന്ന ചൂൽ ക്ഷേത്ര നടയിൽ സമർപ്പിക്കുന്ന ഒരു വഴിപാട് ആണ് ചൂൽ വഴിപാട്. സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള ഒരു വഴിപാട് ആണിത് . ദ്രാവിഡ ആചാരത്തിന്റെ ഭാഗമായി കാണുന്ന വഴിപാടുകളിൽ ഒന്നാണ് ഇത് . കാളികുളങ്ങര കൂടാതെ  എറണാകുളം ജില്ലയിൽ പുരാതന കാലത്തായി ഹൈന്ദവ വിശ്വാസ പ്രകാരം  ദേവി സങ്കല്പത്തിൽ ആരാധനാ ഉണ്ടായിരുന്നതും ഇന്ന് ക്രിസ്തീയ ആരാധനാ കേന്ദ്രവുമായ ഒരു സ്ഥലത്തു കൂടി ഈ വഴിപാട് ഇന്നും നില നിൽക്കുന്നുണ്ട്

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

കൊടിയേറ്റം

41 ദിവസത്തെ നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ആരംഭം കുറിക്കുന്ന ചടങ്ങാണ് കൊടിയേറ്റ്. ധനു മാസത്തിലെ അവസാന ദിവസം സംക്രമണ ദിവസമായി എടുത്തു രാത്രിയിൽ ആണ് കൊടിയേറ്റം നടക്കുന്നത് . ധ്വജ പ്രതിഷ്ഠ ഇല്ലാത്ത പ്രത്യേകത ഉള്ളതിനാൽ പൂർവ്വാചാര പ്രകാരം കൗവിങ്ങിന്റെ മരം വിശ്വകർമ്മ സമുദായത്തിൽ പെടുന്ന തച്ചന്മാർ പ്രത്യേക അളവിൽ തയ്യാറാക്കി അതിൽ കൊടി കൂറ കെട്ടി സ്ഥാപിക്കുകയാണ് ചെയുന്നത്. ഉത്സവത്തിന് ശേഷം ഇത് മാറ്റുകയും ചെയുന്നു. ക്ഷേത്രത്തിൽ കൊടിയേറി കഴിഞ്ഞാൽ ഉത്സവം കഴിയുന്ന വരെ ഉച്ച പൂജക്ക് ശേഷം നട അടക്കില്ല

നന്ത്യാട്ടുകുന്നം ദേശത്തിലെ ഏതെങ്കിലും കുടുംബത്തിൽ നിന്നുമാണ് കൊടി കൂറ കെട്ടുന്നതിനു വേണ്ടിയുള്ള കൗവിങ്ങിന്റെ മരം കൊണ്ടുവരുന്നത്. ആഘോഷമായി ദേശത്തിലെ ജനങ്ങൾ ആണ് ഇത് കൊണ്ടുവരുന്നത്. ഗുരുതി കഴിഞ്ഞു കൊടിയിറങ്ങി കഴിഞ്ഞാൽ പിന്നീട് 7  ദിവസം നട അടച്ചിടുന്നു . രൗദ്രഭാവമുള്ള ദേവത സങ്കല്പമുള്ള ക്ഷേത്രമാണ് ഇതെന്ന് ഈ നടയടപ്പ് ചടങ്ങിൽ കൂടി വ്യക്തമാക്കുന്നു

വലിയവിളക്ക് മഹോത്സവം

കാളികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം വലിയവിളക്ക് മഹോത്സവം  എന്നാണറിയപ്പെടുന്നത്. ദേശ ദേവിതയെ കണ്ടാരാധിക്കാൻ വേണ്ടി വിവിധ  ഗ്രാമത്തിലെ  ജനങ്ങളുടെ കൂടിച്ചേരലും അധ്വാനവുമാണ്  ആണ് ഈ ഉത്സവം.

ദക്ഷിണ ഭാഗത്തായി ഒരു മണ്ഡലം എന്നത് 41 ദിവസമായി ആണ് കണക്കാക്കുന്നത് 41 ദിവസമാണ് ഈ ക്ഷേത്രത്തിലെ ഉത്സവം വലിയവിളക്ക് മഹോത്സവം അവസാന 10 ദിവസങ്ങളിലും ആയി അറിയപ്പെടുന്നു . എന്നാൽ ഇന്ന് അത് ചുരുങ്ങി 6 ദിവസമായി ആണ് ആഘോഷിക്കുന്നത് .കുംഭം 6 മുതൽ കുംഭം 12 വരെ ആയി പ്രധാന മഹോത്സവം ആഘോഷിക്കുന്നു

ഓരോ ദിവസവും ഓരോ പ്രേത്യേക ആചാരങ്ങളാൽ ആണ് ആരംഭിക്കുന്നത് . ഇതിൽ പ്രധാനം പ്രധാന ഉത്സവത്തോട് അനുബന്ധിച്ചു നിത്യവും ഉള്ള താലം ആണ് . സമീപ ദേശങ്ങളിലെ ജനങ്ങളുടെ ദേവിയോടുള്ള സമർപ്പണം ആയി ദേവിക്ക് താലം ആയി വരുന്നു

ഈ ഉത്സവത്തിനു കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ധാരാളം ആളുകൾ എത്തിച്ചേരുന്നു .

പ്രത്യേക ആചാരങ്ങൾ

[തിരുത്തുക]

മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തി വരാറുണ്ട്. ദേവിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകൾ വലിയവിളക്ക് മഹോത്സവത്തിന് കാണാൻ കഴിയും. വിളങ്ങാനാട്ട് പറ , ധ്വജപ്രതിഷ്ട  ഇല്ലാത്ത കുലാചാര രീതിയിൽ ഉള്ള കൊടിയേറ്റം, തെണ്ടു നിവേദ്യം , പൊങ്കാല , വെളിച്ചപ്പാട് വലിയവിളക്ക് വഴി തെളിയിക്കുന്ന ചടങ്  , വലിയവിളക്ക് , ഗുരുതി  എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്.

വിളങ്ങാനാട്ട് പറ

കാളികുളങ്ങര ദേശത്തിന് പടിഞ്ഞാർ ദിക്കിൽ സ്ഥിതി ചെയുന്ന ഒരു ദേശത്തിലെ പുരാതന തറവാടാണ് വിളങ്ങാനാട്ട് തറവാട് . ഈ തറവാടും ആയി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു ആചാരമാണ് വിളങ്ങാനാട്ട് പറ എന്നും ആക്ഷേപ പറ എന്നും അറിയപ്പെടുന്നത് .

വർഷങ്ങൾക്ക് മുൻപ് ഉത്സവത്തോട് അനുബന്ധിച്ചു ജനങ്ങൾ പൊങ്കാല വെക്കുവാൻ ഈ തറവാടിന് മുന്നിലൂടെ ജനങ്ങൾ പോകുന്നത് കാണുവാൻ ഇടയായ ഈ തറവാട്ടിലെ ഒരു സ്ത്രീ അവരെ ആക്ഷേപിച്ചതിനെ തുടർന്ന് പൊങ്കാല അർപ്പിക്കുവാൻ പോകുന്നവർ അതിൽ പ്രകോപിതരായി ആ തറവാട്ട് മുറ്റത്തായി പൊങ്കാല ഇടുവാൻ ആരംഭിച്ചു. തിരിച്ചറിവുണ്ടായ ആ കുടുംബത്തിലെ കാരണവർ കാളികുളങ്ങര ക്ഷേത്രത്തിൽ എത്തി പ്രായശ്ചിത്തം ആയി ഉത്സവത്തോട് അനുബന്ധിച്ചു ആ കുടുംബത്തിന്റെ ഭാഗമായിരുന്ന നെൽ പാടത്തിലെ ഒരു നിശ്ചിത അളവ് നെല്ല് ക്ഷേത്രത്തിനായി നൽകി കൊള്ളാം എന്നും പറഞ്ഞു മാപ് പറയുകയുണ്ടായി . തുടർന്ന് ക്ഷേത്രത്തിലെ കോമരം പുറപ്പാടായി ആ തറവാട്ടിൽ എത്തി പറ സ്വീകരിച്ചു കൊണ്ട് അവിടെ പൊങ്കാല ഇടുന്നവരെ ക്ഷേത്രത്തിലേക്ക് കൂട്ടി കൊണ്ടുവന്നു .

ഈ പറ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ക്ഷേത്രത്തിൽ പറ അളക്കുന്ന ഒരു ചടങ്ങുണ്ട് ഇതിന് ഒരു പ്രത്യേക രീതിയുണ്ട്. ദേവിക്ക് ഇടതു വശത്തുള്ള തറയിൽ ആണ് ഈ പറ അളക്കുക . ഇതിന്റെ പറ അളവ് ഇപ്രകാരമാണ് " നിറച്ചു നാല് , മൂട് നാല് , അര അര വീതം നാല് " ഈ അളവിൽ നാല് ദിക്കിലും ആയി ഇരുന്ന് അളക്കുന്നു . പറയെ ആക്ഷേപിച്ചു കൊണ്ടുള്ള ഒരു ചടങ്ങാണ് ഇത് .  ശേഷം ഒന്നര ഇടങ്ങഴി നെല്ല് തച്ചേരിൽ തറവാട്ടിലെ തങ്ക ടീച്ചർ കാരണവർ സ്ഥാനം സ്വീകരിച്ചു കൊണ്ട് ക്ഷേത്രത്തിൽ എഴുന്നള്ളിക്കും. ഈ പറ എഴുന്നള്ളിച്ചതിനു ശേഷം മറ്റ് പറ വഴിപാടുകൾ ക്ഷേത്രത്തിൽ നടത്തുന്ന പതിവില്ല

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]

·       ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ  ആലുവ 16 കിലോമീറ്റർ, എറണാകുളം നോർത്ത്  - 26  കിലോമീറ്റർ, എറണാകുളം സൗത്ത് 27 കിലോമീറ്റർ അകലെ.

·       ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - ആലുവ 16 കിലോമീറ്റർ, എറണാകുളം നോർത്ത്  - 26  കിലോമീറ്റർഅകലെ.

·       ഏറ്റവും അടുത്തുള്ള പട്ടണം - വടക്കൻ പറവൂർ

·       ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 21  കിലോമീറ്റർ അകലെ.

·       ഇടപ്പള്ളി പനവേൽ ഹൈവേ പാതക്കരികിലാണ് ഈ ക്ഷേത്രം. ( സൗത്ത് നാലുവഴി 900 മീറ്റർ അകലെ )

ശ്രീനാരായണ ഗുരുവിന്റെ കാളികുളങ്ങര ക്ഷേത്ര സന്ദർശനം

[തിരുത്തുക]

ശ്രീനാരായണ ഗുരുവിന്റെ ഗ്രഹസ്ഥനായ ശിഷ്യനായിരുന്നു കാക്കനാട് കുടുംബത്തിലെ കാരണവർ ആയിരുന്ന ശ്രീ അച്ചംബാവ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ശ്രീനാരായണ ഗുരുദേവൻ കാളികുളങ്ങര ക്ഷേത്രത്തിൽ എത്തി. കാൽ നടയായി എത്തിയ അദ്ദേഹം ക്ഷീണിതനായി ഈ ക്ഷേത്രത്തിന്റെ വടക്ക് കിഴക്ക് ദിക്കിൽ ഉണ്ടായിരുന്ന വഴിയമ്പലത്തിൽ കിടന്നുറങ്ങി . യാചകൻ എന്ന് ധരിച്ച ജനങ്ങൾ അദ്ദേഹത്തെ ഇവിടെ നിന്നും പറഞ്ഞു വിട്ടു. ഇതറിഞ്ഞ കാക്കനാട് അച്ചംബാവ വരികയും ഗുരുദേവനെ തിരികെ കൂട്ടികൊണ്ടുവരികയും ചെയ്തു ക്ഷമ പറഞ്ഞു  അന്ന് ക്ഷേത്രത്തിൽ കുലചാര പ്രകാരം ഉള്ള കോഴി ബലി ഉണ്ടായിരുന്നു .

ഗുരുദേവ ദർശനം പിന്തുടരുന്ന തന്റെ ശിഷ്യന്റെ കുടുംബ ക്ഷേത്രത്തിൽ നടക്കുന്ന ബലിയോട് ശ്രീനാരായണ ഗുരുദേവൻ വിയോജിപ്പ് പ്രകടിപ്പിക്കുകയും അത് നിർത്തലക്കുവൻ ശ്രീ അച്ചംബാവയോട് പറഞ്ഞതിൽ പ്രകാരം ക്ഷേത്രത്തിൽ ബലി നിർത്തലാക്കി. അന്ന് ഉണ്ടായ ചില തർക്കങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കൂടി ആയിരുന്നു ശ്രീനാരായണ ഗുരു എത്തിയത്. ആ വിഷയവും ആയി ബന്ധപ്പെട്ട് അന്നു നാലു കേസുകൾ ആണ് പറവൂർ കോടതിയിൽ രേഖപ്പെടുത്തിയത് . രണ്ടു ക്രിമിനൽ കേസും രണ്ടു സിവിൽകേസും. ഒരു കേസിൽ ശ്രീനാരായണ ഗുരു പതിനേഴാം പ്രതിയായിരുന്നു .   പറവൂർN കോടതിയിലെ 427/1099 (കൊല്ല വർഷം ) നമ്പർ കേസ് ആണ് .

കാളികുളങ്ങര ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു പ്രതിഷ്ഠകൾ ഒന്നും നടത്തിയിട്ടില്ല ,താന്ത്രിക മാറ്റങ്ങൾ വരുത്തിയിട്ടില്ല.  ബലി നിരോധനവും ജാതി വേർതിരിവ് അരുത് എന്നും മാത്രമാണ് ആവശ്യപ്പെട്ടത്. ബലി നിരോധനത്തിന് ഗുരുവിന്റേതായ സമ്പ്രദായ  കാരണം ഉണ്ടായിരിക്കും . ഋഷി പ്രോക്തമായ ഗ്രന്ഥങ്ങൾ സനാതന ധർമ്മത്തിൽ നില നിൽക്കുന്നതിനാൽ സനാതന ധർമ്മത്തിൽ ബലി ഇല്ല എന്നു പറയുവാൻ സാധിക്കില്ലല്ലോ.

ശ്രീ നാരായണ ഗുരുദേവൻ സന്ദർശിച്ച ശേഷവും പൂർവാചരത്തിൽ സ്ത്രീകൾ പൂജാദി കർമ്മങ്ങൾ തുടർന്ന് പോന്നിരുന്നു . കള്ള് കൊണ്ടുള്ള പൂർവചാരത്തിൽ നില നിന്നിരുന്ന കലശം ഇപ്പോൾ ഇല്ല എങ്കിലും കുറച്ചു വർഷം മുൻപ്  വരെ കാളികുളങ്ങര ക്ഷേത്രത്തിൽ  ദ്രാവിഡ ആചാര ക്രമത്തിൽ ഘണ്ഡകാർണൻ  മൂർത്തിക്ക് കള്ള് നേദിച്ചിരുന്നു .

കാക്കനാട് കുടുംബത്തിലെ കാരണവർ ആയിരുന്ന ശ്രീ അച്ചംബാവ അദ്ദേഹത്തിനെ ഭാഗമായിരുന്ന ക്ഷേത്രത്തിന്റെ ഭൂവുടമ അവകാശം ശ്രീനാരായണ ഗുരുവിന് സമർപ്പിച്ചു. ഇന്ന് ശിവഗിരിയുടെ ഉടമസ്ഥതയിൽ ആണ് കാളികുളങ്ങര ക്ഷേത്രം .

അവലംബം

[തിരുത്തുക]

https://innovate.mygov.in/ebr/nikhil/